Thursday, May 20, 2010

മൂന്നു പെണ്ണുങ്ങള്‍

(1)

മിഴിപൂട്ടി നീ ജീവിതത്തിന്റെ ദുരിതവും ദൂരവും കണ്ടിരിക്കുമ്പോള്‍
ദിവാസ്വപ്നത്തിലെ ഉടല്‍ ശാസ്ത്രമേതെന്നവള്‍ ചോദിക്കും
ലോലഭാവങ്ങള്‍ പിന്‍കഴുത്തിന്‍ കൊളുത്തുകളില്‍ കുറുകുമ്പോള്‍
നിലവിലെ ഇലപൊഴിക്കും ജീവിതത്തെ അവളോര്‍മിപ്പിക്കും
വിപണിയിലെ പന്തയ പാതയിലൊടുവിലെത്തി കിതപ്പണയ്ക്കുമ്പോള്‍
ഉള്ളിലെവിടെയോ ചത്തുപോയ കുതിരയെയവള്‍ ചൂണ്ടി കുറ്റപ്പെടുത്തും

അപ്പോഴാവും നിന്നിലെ കാമുകന്‍ മോഹത്തിന്റെ ഷഡ്പദ ഹൃദയമണിഞ്ഞു
ഏതോ ഒരു കാമിനിയിലേക്ക് പറന്നണയുക .

(2)

പ്രണയത്തിലെ അടച്ചിട്ട ഒറ്റമുറിയില്‍ നീ ഭാവിയെ കോര്‍ത്തിരിക്കുമ്പോള്‍
സ്നേഹത്തിന്റെ ഉഷ്ണമാപിനി ശ്രദ്ധയോടെയവള്‍ നോക്കിയിരിക്കും
കാല്പനികതയുടെ കടല്‍ യാത്രകളില്‍ കാഴ്ചകള്‍ മങ്ങിത്തുടങ്ങുമ്പോള്‍
സ്വപ്നത്തിന്റെ മറുകരയ്ക്കിത്രയും ദൂരമോയെന്നവള്‍ വിലപിക്കും
വിഹിത ബന്ധങ്ങളിലുടക്കി നീളുന്ന കാലത്തില്‍ നിസ്സഹായനാവുമ്പോള്‍
കത്തുന്ന പ്രണയം മറ്റൊരു തിരിയിലേക്ക് പകരാനവള്‍ വിചാരം ചെയ്യും

അപ്പോഴാണ്‌ നിന്നിലെ സുഹൃത്ത് ആത്മനിന്ദയുടെ മുയല്‍ ഹൃദയവുമായി
ഏതോ ഒരു സ്നേഹിതയെ മണല്‍കാട്ടിലേക്ക് തിരഞ്ഞു പോവുക

(3)

സൌഹൃദത്തിലെ തുറന്നിട്ട ജനാലകള്‍ക്കരികെ നീ ഭൂതക്കണ്ണാടിയാവുമ്പോള്‍
അനുരാഗത്തിന്റെ വിപരീത പ്രസ്താവനകള്‍ അവളുരുവിട്ടു ചിരിക്കും
എവിടെയൊ ഉരഞ്ഞു തേഞ്ഞ സ്വത്വത്തിനായൊരു പ്രതിബിംബം തിരയുമ്പോള്‍
അനുതാപത്തിന്റെ മൂടുപടം പൊടുന്നനെയണിഞ്ഞവള്‍ കണ്ണാടിയല്ലാതായ്‌ മാറും
ശരീരമഴിച്ചു വെച്ച് ആത്മായന പാളങ്ങളിലൊന്നാവാന്‍ പരിണമിക്കുമ്പോള്‍
എന്റെ വണ്ടി തെക്കോട്ടേക്കല്ല വടക്കോട്ടെന്നറിയിച്ചവള്‍ അപരിചിതയാവും,

അപ്പോള്‍ മാത്രമാണ് നിന്നിലെ പാതകള്‍ക്കറുതിയാവുന്നതും ഒന്നിനും –
പതുങ്ങിവന്നു കയറാന്‍ പോലും വാതിലില്ലാത്തവനായി സുരക്ഷിതമാവുന്നതും