Friday, May 6, 2011

ഋ തു പ്പ ക ര്‍ ച്ച ക ള്‍


ശരദ്

പ്രണയത്തെ വിദൂരങ്ങളിലും തൊടാവുന്ന മൊബൈല്‍ ഫോണ്‍ സമ്മാനമായി കിട്ടിയതോടെ ശിവനെ ചുറ്റിയുള്ള ഊര്‍മിള എന്ന പെണ്‍കുട്ടിയുടെ സ്വകാര്യവും കുതൂഹലവുമായ പരിക്രമണം സംഭവ്യശീലമനുസരിച്ച്‌ അതിന്റെ പതിവ്‌ ഭ്രമണാക്ഷത്തില്‍ നിന്നും ഒരല്‍പം ചെരിയുകയും അങ്ങിനെയവള്‍ ഹൃദയമിടിപ്പോടെ ശരദ്കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മഹിഷപുരത്തെ ആ ദസറ നാളില്‍ ആര്‍ട്ട് ഗാലറിക്കഭിമുഖമായ ഒരു നരച്ച കെട്ടിടത്തിലെ കുടുസ്സുമുറിയില്‍ അവള്‍ ഒരു കുറുഞ്ഞിപ്പൂച്ചയായി പതുത്ത മെത്തയില്‍ ശിവനെ ചേര്‍ന്ന് കിടന്നു. തങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന അഴികളില്ലാത്തതും കാഴ്ചയില്‍ പ്രാകൃത കാലത്തെന്നപോലെ പൂപ്പല്‍ പിടിച്ചു പച്ചനിറം പടര്‍ന്നതുമായ ചില്ലു ജനല്പാളികളികളിലൂടെ അരിച്ചിറങ്ങുന്ന നേര്‍ത്ത സൂര്യ വെളിച്ചം കാമാതുരമായി തന്റെ നഗ്നദേഹത്തെ തൊട്ടുഴിയുമ്പോള്‍ അസത്യമായ ഈ വെളിപ്പെടല്‍ ഭയാശങ്കകളില്ലാതെ അവള്‍ കണ്ണടച്ചാസ്വദിച്ചു. കാരണം ഹോസ്റ്റല്‍ റിക്കോര്‍ഡുകളില്‍ ഊര്‍മിള പ്രകൃതി രമണീയമായ എയ്യൂര്‍ ഗ്രാമത്തിലെ കൃഷ്ണ ഭവനിലേക്ക്‌ പരീക്ഷക്ക്‌ മുമ്പുള്ള അവധിക്കാലവുമായി യാത്രപോയിരിക്കുന്നു. കൃഷ്ണ ഭവനിലെ കേരകര്‍ഷകനായ ദാമോദരനും അധ്യാപികയായ സതീദേവിക്കുമാകട്ടെ മകള്‍ അവധിക്കാലം പോലും ത്യജിച്ച് അങ്ങകലെ നഗരത്തിലുള്ള ഹോസ്റ്റലില്‍ പരീക്ഷക്കായി തയ്യാറെടുക്കുകയുമാണ്. രണ്ടിടങ്ങളിലുമായുള്ള ഈ വിശ്വാസ സാന്നിദ്ധ്യങ്ങളെ കുതറി അടഞ്ഞ വാതിലിനിപ്പുറം താല്‍ക്കാലികമായ മൂന്നാമതൊരിടത്തു അവതാരം കൊള്ളാന്‍ അനേക നാളത്തെ ശ്രമ ഫലമായി ശിവന്‍ അവളെ പ്രാപ്തമാക്കിയതാണ്. ഒരു ദിവസത്തെ രണ്ടു വിലാസങ്ങളോടുമുള്ള അനുസരണക്കേട്‌ അടുത്തൊരു ദിവസംകൊണ്ട് തിരുത്തി നേരയാക്കാമെന്നും ശിവന്‍ സമ്മാനങ്ങള്‍ നല്‍കി അവളെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ശിവനെ അവള്‍ ഹോസ്റ്റലിനേക്കാളും കൃഷ്ണ ഭവനെക്കാളും സ്നേഹിക്കുകയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

ഹേമന്തം

അന്നും പതിവുപോലെ ഹോസ്റ്റല്‍ മുറിയിലെ, ഞരക്കങ്ങള്‍ പുറപ്പെടുവിക്കുന്ന ഇരുമ്പ് കട്ടിലില്‍ സ്വപ്നലിപ്തമായ കണ്ണുകളോടെ ഊര്‍മിള ഉണര്‍ന്നു. മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയ സൂസനെന്ന ആവര്‍ത്തന വിരസമായ ഒരേ അനുഷ്ടാനകാഴ്ചയിലേക്കാണ് എന്നുമവളുടെ കണ്ണുകള്‍ ചെന്നു നില്‍ക്കുന്നതെങ്കിലും അന്നെന്തുകൊണ്ടോ പതിവു കാഴ്ചയെ കവച്ചു വെച്ച് ചുവരില്‍ പതിച്ച ചിത്രത്തിലെ ഉണ്ണിയേശുവില്‍ അത് തറഞ്ഞു നിന്നു.. ആ തിരുചിത്രത്തിലവള്‍ ഒരല്‍പ്പ നേരം അറിയാതെ ആഴ്ന്നിറങ്ങി.. പിന്നെ പിന്തുടര്‍ന്നെത്തിയ ബോധത്തില്‍ ഒരിമയനക്കത്തിലൂടെ തന്റെ പരിസരത്തിലേക്ക് തന്നെ മടങ്ങിയെത്തിയെങ്കിലും അപ്പോഴേക്കും പതിയിരുന്ന ഹേമന്തം ഒരു തണുത്ത ആശ്ലേഷത്തോടെ അവളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

ആ കുളിരുന്ന പ്രഭാതത്തില്‍ സൂസന്റെ ചുമലില്‍ തലചായ്ച്ച് കോളേജിലേക്കുള്ള ബസ്‌ യാത്രയില്‍ പെട്ടെന്നാണ് തന്റെ ശരീരം ഒരു തൂവല്‍ പോലെ ഭാരമില്ലാതാവുന്നതായും ഉള്ളില്‍ അനേകം തിരമാലകള്‍ അലയടിച്ചുയരുന്നതായും ഊര്‍മിളയ്ക്ക് അനുഭവപ്പെട്ടത്‌. കൈത്തലത്താല്‍ വായ പൊത്തിപ്പിടിച്ചു തള്ളിച്ചകളെ അടക്കി വിമ്മിഷ്ടത്തോടെ ഒന്നുരണ്ടാവര്‍ത്തി മുന്നോട്ടായുമ്പോള്‍ തന്നിലെ ചാക്രികമായ കലണ്ടറില്‍ നിന്നും കഴിഞ്ഞ ഒന്നു രണ്ടു മാസത്തെ രജസ്വലകളായ ഒരു പറ്റം തിയതികള്‍ അപ്രത്യക്ഷമായിരിക്കുന്നതായി ഒരു നടുക്കത്തോടെ അവള്‍ മനസ്സില്‍ കണ്ടു. തന്നില്‍ ഇളകി മറിയുന്ന കടല്‍ സൂസനില്‍ നിന്നും സമര്‍ത്ഥമായി ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ സീറ്റിലൊന്നു ഇളകിയിരുന്നു അവളെ ശ്രദ്ധിച്ചു. പിന്നെ കൈ വട്ടം പിടിച്ചു ചെവിയില്‍ സ്വകാര്യമായി ചോദിച്ചു... “എന്താടി നിനക്കൊരു ഏനക്കേട്? അന്നാമ്മയുടെ ഉപ്പുമാവ് കുത്തുന്നുണ്ടോ?” ആദ്യ ചോദ്യം കേട്ട മാത്രയില്‍ ഉള്ളില്‍ പടര്‍ന്നാളിയ തീ ഞൊടിയിടയില്‍ കുശിനിക്കാരി അന്നാമ്മ വന്നണച്ചതിനാല്‍ അവളുടെ വെന്തു പോയ മുഖം സൂസന്‍ കണ്ടില്ല. . അവള്‍ അതെയെന്ന അര്‍ത്ഥത്തില്‍ ദയനീയമായി ഒരു പതര്‍ച്ചയോടെ തലയാട്ടി.

അന്ന് പതിവുപോലെ തന്നെ തിരക്കി കാതില്‍ ഇക്കിളിപ്പെടുത്താന്‍ വന്ന ശിവന്റെ സ്നേഹശൃംഗാരമാര്‍ന്ന ഫോണ്‍ ശബ്ദത്തോട് ഊര്‍മിള പതിവുതെറ്റി കെറുവിച്ചു. പിന്നെ തന്റെ സകല പരിഭ്രമവും വേവലാതിയും ഒരു കരച്ചിലില്‍ ചേര്‍ത്ത്‌ ഇടറിയ ശബ്ദത്തില്‍ തന്റെ പ്രധാന തീയതികളെല്ലാം കലണ്ടറില്‍ നിന്നും എങ്ങോ ഇറങ്ങിപ്പോയിരിക്കുന്നതായി അറിയിച്ചു. എന്നാല്‍ ഇടറാത്ത ശിവന്‍ ഏറെ ഗഹനമായ ഒരു പൊട്ടിച്ചിരിയുടെ കടല്‍ മറുപടിയായി അവള്‍ക്കു നല്‍കി തിരക്കായതിനാല്‍ പിന്നെ വിളിക്കാമെന്ന തുഴയെറിഞ്ഞു ആഴങ്ങളിലേക്ക്‌ മറയുകയാണ് ചെയ്തത്. .

പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ നേരവും അവള്‍ ശിവനെ ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നെങ്കിലും അവയെല്ലാം ഉത്തരമില്ലാതെ മടങ്ങി.

ശിശിരം

അന്ന് കൃഷ്ണ ഭവനിലെ ദീപം തെളിയാതിരുന്ന ഉമ്മറത്ത് സന്ധ്യ വന്നു കനത്തു നിന്നു. അപരിചിതത്വം തീണ്ടിയ മൂന്നു ദ്വീപുകള്‍ പോലെ അച്ഛനും അമ്മയും മകളും മൂന്നു മുറികളിലായി മുറിഞ്ഞു കിടന്നു. വഴക്കോ ശകാരമോ നിലവിളികളോ ഇല്ലാതെ നിശബ്ദമാക്കപ്പെട്ട വീട്ടിലപ്പോള്‍ ശിശിരം മഞ്ഞായുറഞ്ഞു.

പിറ്റേന്ന് തന്നെ പുലര്‍ച്ചയുടെ അരണ്ട വെളിച്ചത്തില്‍ അച്ഛന്‍ മകളുടെ ഭാവി ജീവിതത്തെ തിരഞ്ഞു മഹിഷപുരം നഗരത്തിലേക്ക് യാത്ര പുറപ്പെട്ടു. കണ്ണുകളില്‍ മാത്രം വാര്‍ധക്യത്തെ അറിഞ്ഞിരുന്ന അയാള്‍ ഒരൊറ്റ രാത്രികൊണ്ട് താന്‍ അതിലേറെ വൃദ്ധനും അവശനുമായതായി അറിഞ്ഞു. ക്ലേശകരമായ യാത്രക്കൊടുവില്‍ നഗരത്തില്‍ ബസ്സിറങ്ങുമ്പോള്‍ ബാഗില്‍ കരുതിയ ഒരു തുണ്ട് കടലാസില്‍ ദിക്കറിയാത്ത മറ്റൊരു യാത്രയുടെ കാഠിന്യം കാത്തിരിക്കുന്നുവെന്നു അയാള്‍ ഓര്‍ത്തു. മകള്‍ സ്നേഹം നിവര്‍ത്തിച്ച് സ്വയം നഷ്ടമായ ഒരപരിചിതനിലേക്കുള്ള ദൂരം എത്രയെന്നോ എങ്ങിനെയെന്നോ അറിയാതെ അയാള്‍ നഗര തിരക്കിന്റെ മുഖമില്ലായ്മയിലേക്ക്‌ പിന്നെ നടത്തമാരംഭിച്ചു. എല്ലാ കാല്‍ വെപ്പുകളുടേയും രീതി ശാസ്ത്രം വ്യത്യസ്തമായ സാംഗത്യമുള്ളവയാണ്. അവ എന്തിനെയോ തേടുകയും തിരയുകയും ചെയ്യുന്നു. പരിക്ഷീണനെങ്കിലും ഈ അച്ഛന്റെ കാല്‍ വെപ്പുകള്‍ ഏതോ ഉള്‍ പ്രേരണയാല്‍ കരുത്താവാഹിച്ചു കൊണ്ടിരുന്നു. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പല മുഖങ്ങളും അയാളെ നയിച്ചു കൊണ്ട് പോയി. ഒരു കാര്‍ വര്‍ക്ക്‌ ഷോപ്പില്‍ അവസാനിക്കുന്ന വിലാസത്തിന്റെ കണിശതയില്‍ നിന്നും താന്‍ തേടുന്നയാല്‍ തെന്നിത്തെറിച്ചു പോയതറിഞ്ഞിട്ടും തളരാതെ തുടര്‍ന്ന ദൌത്യം തുണ്ടു കടലാസിലെ അപരിചിതനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പരിചിതനാക്കി മാറ്റിയിരുന്നു. ഒടുക്കം നന്നേ ഇടുങ്ങിയ വൃത്തിഹീനമായ ഒരു തെരുവില്‍ നിര നിരയായി നിലകൊണ്ട പഴക്കം ചെന്ന വീടുകള്‍ക്ക് മുന്നില്‍ ദയാവായ്പ്പുള്ള ഒരു മുഖം അയാളെ അനുഗമിച്ചെത്തിച്ചു. റോഡുവക്കത്ത് വാട്ടര്‍ ടാപിനരികെ രണ്ടു കുട്ടികളെ കുളിപ്പിക്കുകയായിരുന്ന മുഷിഞ്ഞ സാരി ചുറ്റിയ ഒരു സ്ത്രീയെ ചൂണ്ടി പരിചയപ്പെടുത്തുമ്പോള്‍ അയാളുടെ അന്വേഷണ യാത്ര അവസാനിക്കുകയും അവിടമാകെ ഇരുട്ട് പരന്നു തുടങ്ങുകയും ചെയ്തു. പിന്‍വാങ്ങുന്ന പകലിന്റെ പുക മഞ്ഞിനോടൊപ്പം വിറങ്ങലിച്ച മനസ്സോടെ അയാള്‍ പിന്തിരിഞ്ഞു നടന്നു.

അടുത്ത ദിവസം, ഉറങ്ങാതെ യാമങ്ങള്‍ കഴിച്ചുകൂട്ടിയ സതി ടീച്ചറുടെ വഴിക്കണ്ണുകളിലേക്ക് തൊടിക്കപ്പുറത്തെ പുളിമര കൊമ്പില്‍ ശേഷ ജീവിതം നിലം തൊടാതെ കയറില്‍ തൂക്കിയിട്ടുകൊണ്ട് ഊര്‍മിളയുടെ തോറ്റുപോയ അച്ഛന്‍ തിരിച്ചെത്തി.


വസന്തം

പുറമെയും അകമെയും ഒരു നേര്‍ത്ത തേങ്ങലോ നെടുവീര്‍പ്പ് പോലുമോ ഇല്ലാതെ വേര്‍പാടിന്റെ നാളുകളെ എതിരിട്ട സതി ടീച്ചറില്‍ പതുക്കെ പതുക്കെയാണ് പ്രകൃതിയിലെ പുതുമുകുളങ്ങളെന്ന പോലെ അയഥാര്‍ത്ഥങ്ങളായ ശബ്ദ കാഴ്ചകളുടെ വിചിത്ര വസന്തം നാമ്പിട്ടു തുടങ്ങിയത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ നിര്‍ലോഭം ശബ്ദായമാനമായി. കാഴ്ചകള്‍ നിരന്തരം കൂറുമാറി കബളിപ്പിച്ചു. അപ്പോഴൊക്കെ മുറിയിലെ ശൂന്യതയില്‍ കുട്ടികള്‍ അനുസരണയോടെ നിറഞ്ഞതായി കണ്ടു ടീച്ചര്‍ ഉച്ചത്തില്‍ പാഠങ്ങള്‍ പറഞ്ഞു. മറ്റു ചിലപ്പോള്‍ യുവത്വം ഇനിയും മാഞ്ഞുപോകാത്ത ടീച്ചര്‍ വാര്‍ദ്ധക്യത്തിന്റെ കോണി കയറുകയും ശൈശവത്തിലേക്കുള്ള പടികളിറങ്ങുകയും ചെയ്തു. ഊര്‍മിളയാകട്ടെ ചപലതയുടെ മായിക ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിന്റെ ദാക്ഷിണ്യമില്ലായ്മയില്‍ ആഴത്തില്‍ പതിച്ച് നുറുങ്ങിത്തളര്‍ന്ന കിടപ്പ് തുടര്‍ന്നു. ഒരിടയ്ക്ക് അച്ഛന്റെ വഴിയെ മരണത്തിന്റെ ഏതെങ്കിലും ഒരനായാസ വാതിലിനു വേണ്ടി ദുര്‍ബലമായ മനസ്സുകൊണ്ട് തിരയുക പോലും ചെയ്തു.

ചലനാത്മകമായ ആപേക്ഷികതയ്ക്ക് ഭംഗമുണ്ടാവുമ്പോള്‍ ബന്ധങ്ങളുടെ ഇരുഭാവങ്ങളിലും മാറ്റമുണ്ടാകുന്നു. ആരോരുമില്ലാതെ ആലംബമറ്റവരുടെ വേനല്‍ തളര്ച്ചയിലേക്ക് ഒരു ചോലമരമെങ്കിലും ഉണ്ടായേ തീരൂ. ആരോടും സ്നേഹമായി പെരുമാറാത്ത അപ്പുറത്തെ വീട്ടിലെ ദച്ചുവമ്മയുടെ സ്നേഹ കാരുണ്യം ഒരു തണലായി നീണ്ടത് അങ്ങനെയാണ്. അവര്‍ ഒരു ചുഴലിയില്‍ ചിതറിപ്പോയത് വാര്‍ദ്ധക്യത്തിന്റെ സങ്കടങ്ങളിലും ഇടയ്ക്കിടെയെത്തി പെറുക്കിക്കൂട്ടി വെക്കുന്നു. സതി ടീച്ചറുടെ മനസ്സിന്റെ വിചിത്ര സഞ്ചാരത്തിനു കുറുകെ കയറി നിന്നും ഊര്‍മിളയുടെ വയറ്റിലെ അനക്കങ്ങള്‍ തിട്ടപ്പെടുത്തിയും പരിചരണങ്ങള്‍ നല്‍കി അവരെ കൃഷ്ണ ഭവന്റെ പൂര്‍വകാല ഗൃഹരാശിയുടെ നിഴലിലെങ്കിലും എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതിനാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഊര്‍മിള കട്ടില്‍ വിട്ടെഴുനേറ്റു ഇറയത്തെ ആകാശം കണ്ടു. കണ്ണാടിയില്‍ നോക്കി അപരിചിതമായ തന്റെ ശരീരത്തിലെ മുഴുത്ത ഏച്ചുകെട്ടലുകളെ കണ്ടു. തന്നിലെ അപക്വമായ ദേഹത്തേയും മനസ്സിനെയും മുതിര്‍ന്നൊരു സ്ത്രീ പകരം വെച്ചിരിക്കുന്നതായി അറിയുകയും ചെയ്തു.


ഗ്രീഷ്മം

ഇലയനക്കം പോലുമില്ലാത്ത ഒരു നട്ടുച്ചയുടെ അസ്വാസ്ഥ്യത്തില്‍ ഊര്‍മിളയില്‍ ഗ്രീഷ്മം ഉരുകിയൊലിച്ചിറങ്ങി. ദച്ചുവമ്മയുടെ കൈത്തഴക്കത്തില്‍ ഊര്‍മിള വയറൊഴിഞ്ഞു കിടന്നു മയക്കം പൂണ്ടു . ഉണര്ച്ചയില്‍ തന്നെ ചേര്‍ത്തു കിടത്തിയിരിക്കുന്ന ചോരക്കുഞ്ഞിനെ വെറുപ്പിന്റെയും സങ്കടത്തിന്റെയും ഈറന്‍ പടര്‍ന്ന ചെരിഞ്ഞൊരു ദൃഷ്ടിയോടെ നോക്കുമ്പോള്‍ മാതൃത്വത്തിന്റെ വേഷപ്പകര്‍ച്ചയുമായി തന്നിലെ മുതിര്‍ന്നൊരു സ്ത്രീ തന്റെ ജീവിതത്തെ എത്ര പെട്ടെന്നാണ് ഏറ്റെടുത്തിരിക്കുന്നതെന്നു അവള്‍ അത്ഭുതം കൂറി. ചുറ്റിലും ചോര്‍ന്നു വീണ തന്റെ കാഴ്ചകളെല്ലാം ഏറെ പുതുക്കപ്പെട്ടിരിക്കുന്നതായി അവള്‍ക്കു തോന്നി. നനഞ്ഞ മിഴികളില്‍ പതിയെ പ്രകാശം നിറഞ്ഞു.

ദച്ചുവമ്മയുടെ പരിശ്രമത്താല്‍ ചേര്‍ത്തു വെച്ചു കിട്ടിയ ജീവിതം മെല്ലെ മെല്ലെ ആവര്‍ത്തിച്ചു തുടങ്ങി. അതിപ്പോള്‍ അജ്ഞാതമായ ഒരു പക്ഷിയായി വന്യമായ തന്റെ ഇരുണ്ട ചിറകുകള്‍ അഴിച്ചു വെച്ച് ഇണങ്ങിയിരിക്കുന്നു. പക്ഷെ ജീവിതത്തിന്റെ ഈ ഇണക്കത്തിലും വീടിനു ചുറ്റുമുള്ള പരിസരങ്ങള്‍ ചിലപ്പോഴെല്ലാം ഇതുവരെയില്ലാത്തവിധം അവളില്‍ തെല്ല് ഭീതി നിറച്ചു. അച്ഛനുള്ളപ്പോള്‍ ചുറ്റിലും ഉണ്ടായിരുന്നിട്ടും അറിയാതിരുന്നവയൊക്കെ അവള്‍ കാണാനും അറിയാനും തുടങ്ങി. സന്ധ്യയാകുമ്പോള്‍ ശബ്ദം കനക്കുന്ന വീടിനു മുന്നിലെ ഇരുവശത്തും പൊന്തകള്‍ പടര്‍ന്ന ഇടവഴി... അരയാലിനപ്പുറമുള്ള പായല്‍ നിറഞ്ഞ പൊട്ടക്കുളം.. പുഴക്കരികെയുള്ള കള്ളുഷാപ്പ്‌.. തൊട്ടടുത്ത പറമ്പിലെ ആള്‍പ്പാര്‍പ്പില്ലാത്ത ജീര്‍ണിച്ച കെട്ടിടം.. തുടങ്ങിയവയെല്ലാം വീട്ടില്‍ അച്ഛന്റെ സാന്നിദ്ധ്യമെന്ന മതില്‍ക്കെട്ടാല്‍ മറഞ്ഞു നിന്നവയായിരുന്നു.അവയെല്ലാം ഇപ്പോള്‍ രാത്രിയില്‍ അനക്കം വെച്ചടുത്തുവരുന്നതുപോലെ. പതുങ്ങി നിന്ന് അവ വാതിലില്‍ തട്ടി വിളിക്കുന്നതുപോലെ.... ബോധാബോധങ്ങളുടെ ഘര്‍ഷണത്തില്‍ രാവും പകലും തിരിച്ചറിയാത്ത....പരിസരങ്ങളെ എന്നോ ഉപേക്ഷിച്ചിരിക്കുന്ന അമ്മയുടെ ചലനങ്ങള്‍ സമയത്തിനും ചിട്ടകള്‍ക്കും ശീലങ്ങള്‍ക്കും പുറത്താണെന്നത് അവളുടെ ഭയം ഇരട്ടിപ്പിച്ചു. . പലപ്പോഴും രാത്രിയുടെ അപ ശബ്ദങ്ങള്‍ കേട്ടുണരുമ്പോള്‍ ആദ്യം നോക്കുക അമ്മയെയാണ്. എന്നിട്ടും അന്നത് സംഭവിച്ചു.. ഒരു പുലര്‍ച്ച‍യില്‍ ഞെട്ടലോടെ അവളതു കണ്ടു. മലര്‍ക്കെ തുറന്നിട്ട വാതില്‍ .. ഉമ്മറത്ത്‌ അഴഞ്ഞുലഞ്ഞ് വസ്ത്രം സ്ഥാനം തെറ്റി അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയും.

 
വര്‍ഷം

സ്ഥിത പ്രജ്ഞയുടെ വിഭിന്നഅവസ്ഥാന്തരത്തിന്റെ രണ്ടു തലമുറകള്‍ ജന്മം തന്ന അമ്മയും പിറന്ന മകളുമായി ചിന്തകളെ ഉറക്കാതിരുന്ന ആ രാത്രിയില്‍ ഊര്‍മിള പഴയ പെണ്‍കുട്ടിയിലേക്ക് തിരിച്ചു പോയി. വര്‍ഷാരംഭത്തിലെ വ്യഗ്രത പൂണ്ടിരമ്പുന്ന കാറ്റില്‍ ഉലയുന്ന ഒറ്റമരമായി നിന്ന ഊര്‍മിളയെ ഉറങ്ങാത്ത ചിന്തകള്‍ വശം കെടുത്തി. അവ ദയയില്ലാതെ അവളെ ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവള്‍ ഖിന്നതയുടെ കണ്ണീരില്‍ കുതിരുമ്പോള്‍ വര്‍ഷം അതിന്റെ ആരവങ്ങളുമായി പുറത്തു പെയ്തു കനത്തു. ആ പെരുമഴയില്‍ സ്നാനപ്പെട്ട് മരണത്തെ ചെന്നു തൊടാന്‍ പൊടുന്നനെ അവള്‍ വെമ്പല്‍ കൊണ്ടു. പിന്നെ കുഞ്ഞിനെ വാരിയെടുത്ത് അമ്മയെ ഉണര്‍ത്തി വാതില്‍ തുറന്ന് മഴയില്‍ നിറയുന്ന പുഴയെ ലക്ഷ്യമാക്കി നടന്നു. നനയുന്ന ഇലച്ചാര്‍ത്തുകളില്‍ മഴയ്ക്കൊപ്പം കാറ്റ് പടര്‍ന്നു കലര്‍ന്ന ചിലമ്പിച്ച ശബ്ദത്തിന്റെ ദീനത. ആളൊഴിഞ്ഞു ഇരുള്‍ മാത്രമായ ഭൂമിയില്‍ അവസാനം ശേഷിച്ചവരെ പോലെ അവര്‍ ചലിച്ചു. ഒരു മിന്നല്‍ക്കൊടിയുടെ വെള്ളി വെളിച്ചത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴയെ അവള്‍ കണ്ടു. അമ്മയെ പോലെ തന്റെ പ്രിയപ്പെട്ട പുഴ. തന്റെ ബാല്യത്തോടൊപ്പം ഒഴുകിയ അതിപ്പോള്‍ എല്ലാ രൌദ്ര ഭാവങ്ങളും ആവാഹിച്ചു കരയില്‍ പടര്‍ന്നു കയറുന്നു. തന്നിലേക്കത് ശാസിച്ചു ഒഴുകിയടുക്കുന്നതുപോലെ. ഈ ജന്മത്തിന്റെ ഒഴുകി നിറഞ്ഞ കാതങ്ങളത്രയും കണ്ടു നിന്ന പുഴ മുന്നോട്ടുള്ള അവളുടെ ചലനങ്ങളെ തടഞ്ഞു. പിന്നെയുമൊരു മിന്നല്‍ക്കൊടിയുടെ വെളിച്ചം ഇരുള്‍ മൂടിയ ചിന്തകളില്‍ വീണു ചിതറിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന അമ്മയെ അവള്‍ നോക്കി. ചുമലില്‍ തണുത്തു വിറച്ച കുഞ്ഞില്‍ നിന്നിറ്റു വീണേക്കാവുന്ന പ്രാണനില്‍ അവളുടെ മാതൃത്വ മനസ്സുടക്കി. മഴയും കാറ്റും മിന്നല്‍ക്കൊടിയും പുഴയും അവളോട്‌ സംവദിച്ചു. പതുക്കെ അവളുടെ ചിന്തകളില്‍ ജീവിതത്തിന്റെ പ്രകൃതി വാശിയോടെ നിറഞ്ഞു. അവിടെ ദുരന്ത വിധിയുടെ മറു പകുതിയില്‍ സഹനത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും കനലുകളെരിഞ്ഞു. അവള്‍ അമ്മയുടെ കൈ മുറുകെ പിടിച്ചു വീട്ടിലേക്ക്‌ തിരികെ നടന്നു. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ അടുക്കളയില്‍ കയറി മൂര്‍ച്ചയുള്ള ഒരു കറിക്കത്തിയുമായി വന്ന് ഭ്രാന്തമായ ഒരുണര്‍ച്ചയില്‍ വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അവള്‍ ഇരുട്ടിന്റെ ഭീതിതമായ പരിസരങ്ങളിലേക്കും മഴയിലേക്കുമായി തുറന്നിട്ടു. പിന്നെ ഒരേ കട്ടിലില്‍ അമ്മയ്ക്കും മകള്‍ക്കും നടുവില്‍ ത്രികാലത്തില്‍ ജ്വലിക്കുന്ന വര്‍ത്തമാനമായി അവള്‍ ഉറങ്ങാന്‍ കിടന്നു