Friday, February 28, 2014

മൃഗയാമകം

വളരെ പെട്ടെന്നുളളതും വളരെ എളുപ്പം ഗ്രഹിക്കാവുന്നതും, വളരെ എളുപ്പം വേര്‍തിരിച്ചറിയാവുന്നതുമായ വികല ലൈംഗിക തൃഷ്ണയുടെ  ശക്തമായ ആക്രമണത്തിന്റെ കാരണം കുടികൊളളുന്നത് ഒരു ബാഹ്യഘടകത്തിലാണ്. ഇതിനെ നമ്മള്‍ പൊതുവെ പറയുന്നത് മോഹഭംഗം എന്നാണ്.”     - സിഗ്മണ്ട് ഫ്രോയ്ഡ് പ്രാചീന യുദ്ധത്തിന്റെയും നായാട്ടിന്റെയും രസതന്ത്ര സമസ്യകള്‍ എന്തുതന്നെയായിരുന്നാലും അവയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വ്യാപരിക്കുന്ന വീര്യത്തിന്റെ ആവിഷ്കാര ലഹരി   ഒരു ഭ്രമമായി തന്നില്‍ ആവേശിപ്പിച്ചിരിക്കുന്നതിനാല്‍ ശിവരാമന്റെ  കിടപ്പറയ്ക്കെന്നും ഒരേ ഭാവമായിരുന്നു. പ്രതിരോധ കരുതലുകളില്ലാത്ത ഒരന്യരാജ്യ സമ്പന്നതയോ  വിജനവൃത്തത്തിലകപ്പെട്ട ഹരിണനിസ്സഹായതയോ ആണ് അപ്പോഴൊക്കെ ഭാര്യ  രേണുക.  അശ്വാരൂഢനായി ദിക്കുകള്‍ മുറിച്ചെറിഞ്ഞു മുന്നേറുന്ന അയാള്‍ രേണുകയുടെ യാമങ്ങളെ വീറോടെ മെതിക്കുമായിരുന്നു. വാള്‍ത്തലയുടെ സീല്‍ക്കാരങ്ങള്‍ക്കൊടുവില്‍ കബന്ധങ്ങള്ക്കിടയിലെ യോദ്ധാവായി കരുണയില്ലാത്ത കണ്ണുകളോടെ അയാള്‍ രേണുകയെ നോക്കി  പൊട്ടിച്ചിരിക്കുമായിരുന്നു. എന്നന്നേക്കുമായി കൊണ്ടാടുന്ന  ഒരു പകയുടെ ഈ മെയ്യുരുക്കം അയാള്‍  നന്നായി ആസ്വദിച്ചിരുന്നു.  എന്നാല്‍ ഈയ്യിടെയായി മനസ്സില്‍ ആസക്തമാകുന്ന യുദ്ധ വേട്ടകളുടെ ആത്മവീര്യം പ്രതിപ്രവര്‍ത്തനമില്ലാത്ത രാസമൂലകമായി  അയാളുടെ  ശരീരത്തെ അവഗണിച്ചു നില്‍ക്കുന്നു. മദ്യ ലഹരിയില്‍  വലിഞ്ഞു മുറുകി പിന്നെ അയഞ്ഞു തുടങ്ങുന്ന ഏതൊരു തൃഷ്ണയില്‍ പോലും  ആവാഹിച്ചെടുക്കാന്‍ കഴിഞ്ഞിരുന്ന ചുഴലിയൊട്ടുമേ ഇപ്പോള്‍  ശരീരത്തില്‍ ഉയിരെടുക്കുന്നില്ല. എടുക്കുമ്പോള് ഒന്നും തൊടുക്കുമ്പോള് നൂറും, കൊള്ളുമ്പോള് ആയിരവുമാകുന്ന ശരവേഗങ്ങള്‍  വിസ്മയജന്യമായ ഭൂതകാലമായി പരിണാമം കൊണ്ടതുപോലെ.. അതിനാല്‍ തന്നില്‍ നിന്നും എന്തോ ഒന്ന് വേര്‍പ്പെട്ടു നില്‍ക്കുന്നുവെന്നു മാത്രം പല രാത്രി  അയാള്‍  അസ്വസ്ഥനായി. 
ഇന്ന് കട്ടിലിനു താഴെ ഒറ്റപ്പായയില്‍ പുതപ്പിനുള്ളില്‍ എല്ലാ ദിക്കുകളെയും നിര്‍വ്യാജമായി കവച്ചു മറച്ചുറങ്ങുന്ന രേണുകയില്‍ അയാളുടെ കാഴ്ച പലവുരു പോക്കുവരവ് നടത്തുകയും  ഒടുക്കം അവളില്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു . പിന്നെ തന്റെ അയഞ്ഞ ബോധത്തെ ഏറെ പണിപ്പെട്ട് ഒരേ ദിശയില്‍ നിര്‍ത്തി പതുക്കെ.. വളരെ പതുക്കെ.. അവളുടെ നീണ്ട മുടിച്ചുരുളുകളെ കൈവെള്ളയില്‍ ചുറ്റി പെട്ടെന്ന് ശക്തിയോടെ മുകളിലേക്കുയര്‍ത്തി. അത്രയൊന്നും ഗാഡമല്ലാത്ത ഉറക്കത്തിന്റെ  അടരില്‍  നിന്നും വേദനയോടെ ശിരസ്സും പൊത്തിപ്പിടിച്ച് രേണുക ഒട്ടും ഭയ ചകിതയാകാതെ  ഉണര്‍ന്ന് കണ്ണുതുറന്നു. ഇതൊരു ശീലമാണ്. ശീലങ്ങള്‍ക്ക് ഭയമോ ഭയരാഹിത്യമോ ഇല്ല . അത് നിര്‍വികാരതയുടെ ഒറ്റയായി  ഒരേ ആവേഗത്തില്‍ എന്നന്നേക്കുമായി സഞ്ചരിക്കുന്നു. രേണുക, തന്റെ നീണ്ട ചെവിയില്‍ പിടിവീണ ഒരു പെണ്‍മുയലിനെ പോലെ മുഖമുയര്‍ത്താതെ കുന്തിച്ചിരുന്നു.  പിന്നെ മുടിക്കെട്ടിലെ പിടിയഴഞ്ഞപ്പോള്‍ ശേഷം പ്രതിക്രിയകള്‍  ദേഹമാസകലം ഏറ്റുവാങ്ങാന്‍ പതിവുപോലെയവള്‍  അയാള്‍ക്കായി അനുസരണയോടെ മച്ചില്‍ മിഴി നട്ടു കിടന്നു.   ലഹരിക്ക് വശംവദമായ മദരാഗത്തിന്റെ ചൂടും ചൂരുമില്ലാത്ത  ഇഴച്ചിലുകള്‍  ഉടലില്‍  ഒരു പരാജയമായി തുടങ്ങിയവസാനിക്കുമ്പോഴേക്കും  അവള്‍  തിരിച്ചെടുക്കാത്ത  ദൃഷ്ടിയോടെ   തനിക്കിഷ്ടപ്പെട്ട  ഒരു പ്രണയ കവിതയെ അന്നൊരിക്കല്‍ കൂടി ഓര്‍മിച്ചു. 
രു പകല്ത്തുടക്കം രേണുകയെ എന്നും തന്റേതു മാത്രമായ ഒരു ലോകത്തിലേക്ക് പ്രവേശിപ്പിക്കുന്നു. പതിവുപോലെ  പ്രാതല്‍ ഒരുക്കിവെച്ചശേഷമുള്ള  തണുത്ത കുളിയാല്‍   ഓരോ രാവിന്റെയും  മാലിന്യങ്ങളടിഞ്ഞ മനസ്സിനെ ദേഹത്തോടൊപ്പം നിര്‍ത്തി അവള്‍ കഴുകി വെടുപ്പാക്കുന്നു. ആശുപത്രിയിലെത്തെണ്ടതായ സമയനിഷ്ടയില്‍ പ്രഭാതചര്യകളില്‍ മുഴുകുമ്പോഴും പുതിയ ഒരാളായി മടുപ്പ് തീണ്ടാതെ രേണുകയ്ക്ക്  മൂളിപ്പാട്ട് പാടാനാകുന്നു. സ്ത്രീജന്മത്തിന്റെ അവസ്ഥാന്തര കാലങ്ങളിലൊന്നില്‍  അവള്‍ തനിക്ക് കല്പ്പിക്കപെട്ട  പകല്‍കോയ്മയുടെ ഉദാരസ്വാതന്ത്ര്യം ശ്വസിക്കുകയും രാത്രിപെണ്മയുടെ   യാമയാതനകള്‍  കുടിച്ചു വറ്റിക്കുകയും ചെയ്യുന്നു.  വിവാഹ നാള്‍ തൊട്ടു ഒരനുഷ്ടാന വിചാരം പോലെ മനസ്സ് പാകപ്പെടുത്തിയതാണത്. ആദ്യ നാളുകളിലെ അനുഭവങ്ങള്‍ അവളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒരു ചോദ്യചിന്ഹമോ പൂര്‍ണ്ണ വിരാമമോ നല്‍കിയിരുന്നു. നിത്യേനയെന്നോണമുള്ള ശകാരങ്ങള്‍ക്കുമൊടുവില്‍ ക്രൂര പീഡനങ്ങള്‍ നല്‍കി അയാളുടെ  ലോകത്തേക്കുള്ള വാതില്‍  കൊട്ടിയടച്ചതിനാല്‍  വ്യതിരിക്തമായ ഒരു വൃത്തത്തില്‍ ചുരുങ്ങി  അവള്‍ തന്നില്‍ നിന്നുമാത്രമായി വേര്‍പെട്ടു മുറിഞ്ഞു. മറ്റൊരു മറുചിന്തകള്‍ക്കും  ഇടം നല്‍കാതെ സ്നേഹം നിറഞ്ഞ അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖം മാത്രം മനസ്സില്‍ ചിത്രപ്പെടുത്തി ഇനിയും അവര്‍ക്കുള്ള നോവോ സങ്കടമോ ആവാതെ ജീവിതം ആവര്‍ത്തിച്ചു.  ഇന്നത്തെ പകല്‍ മറ്റേതൊരു പകല്‍ പോലെയും അവള്‍ക്കു പ്രവചിതമാണ്. ആശുപത്രിയിലായിരിക്കുമ്പോള്‍ അയാളുടെ രണ്ടോ മൂന്നോ ഫോണ്‍ വിളികള്‍  അവളെ തേടിയെത്തും.  നീ എവിടെയാണിപ്പോള്‍  .... എന്ത് ചെയ്യുന്നു ... എന്ന ആദ്യ ചോദ്യത്തിനപ്പുറം അവളൊന്നും കേള്‍ക്കാറില്ല. അല്ലെങ്കില്‍ കേള്‍ക്കേണ്ടതായ ഒരു കാര്യവും അതില്‍ ഉണ്ടാവുകയുമില്ല. തന്റെ ചലനങ്ങളെയും സ്ഥിതിവിശേഷങ്ങളെയും അടയാളപ്പെടുത്തി ശമിപ്പിക്കുന്ന  സന്ദേഹങ്ങളുടെ നിലവിളിയാണതെന്ന് അവള്‍ക്കറിയാം. കൂടെ ജോലി ചെയ്യുന്നവരെല്ലാം അത് കുറേശ്ശ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.  ബസ്സ് കിട്ടാതെ നേരം ഒരല്‍പം ഇരുളുമ്പോള്‍..  അവിചാരിതമായി ഓവര്‍ടൈം ചെയ്യേണ്ടി വരുമ്പോള്‍ തന്നിലെ വെപ്രാളങ്ങള്‍ ചിലതെല്ലാം അവരോടു പറയാതെ പറയുന്നുമുണ്ട്.  “ഇങ്ങിനെ കൂടെ ജീവിക്കുന്നതിലും ഭേദം വേണ്ടെന്നു വെക്കുന്നതാ മോളെ നല്ലത”’. ഒരിക്കല്‍ റീത്താമ്മ സഹികെട്ടു സഹതാപത്തോടെ അവളോട്‌ പറയുകയുമുണ്ടായി. പക്ഷെ പിന്തുടര്‍ന്നു വേട്ടയാടുന്ന  ഭൂതകാലത്തിന്റെ, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഒരിരയാണ് താനെന്നത് റീത്താമ്മക്കറിയില്ല. പരിണാമഗുപ്തിയിലെത്തിക്കാതെ   ഒരു കഥയെ സ്വയം നടത്തിക്കൊണ്ടുപോകുന്ന ദൌത്യം  പ്രായാധിക്യത്തിന്റെ ദീന സങ്കടങ്ങളുമായി ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ദുഃഖം തീണ്ടാത്ത രാപ്പകലുകള്‍  നിലനിര്‍ത്തുന്നുണ്ട്. അത്രയും മതി. അതിനാല്‍ തന്റെ വികാരങ്ങളെ അതിന്റെ എല്ലാ ഉടല്‍ഭംഗികളോടെയും അവള്‍ പരിത്യാഗപ്പെടാന്‍ ഉഴിഞ്ഞു വെച്ചതാണ്. എന്നിട്ടും ഈയ്യിടെയായി ഓരോ രാവുകളും  തന്റെ ജീവിത സഞ്ചാരങ്ങളെല്ലാം  അപഥങ്ങളായി     സമര്‍ത്ഥിച്ച് ഓരോ കുരുതികള്‍ കാത്തു വെക്കുന്നു. അത് ചിലപ്പോള്‍ തപാല്‍ വഴിയുള്ള ഊമക്കത്തായും അജ്ഞാത ഫോണ്‍ വിളികളായും മുന്നില്‍ നിരത്തി അയാള്‍ വിചാരണ തുടരുന്നു.  അപ്പോഴെല്ലാം സ്വയം സൃഷ്ടിച്ചെടുക്കുന്ന ഇമ്മട്ടിലെ  ഉത്തരമില്ലാത്ത ചോദ്യങ്ങളെ അവള്‍ മൌനം കൊണ്ട് സധൈര്യം നേരിടുന്നു.  അയാളാകട്ടെ  അവയില്‍ വിളയിച്ചെടുത്ത ആത്മഹര്‍ഷത്തോടെ തീര്‍ത്തും അക്ഷോഭ്യനായി  കിടപ്പറയില്‍  വീറോടെ പടനയിച്ചു   തളര്‍ന്നു കിടന്നുറങ്ങുകയും ചെയ്യുന്നു. 
നിദ്രാവിഹീനമായ രാത്രികള്‍  ഒരു ദുശ്ശീലമായി തന്നെ ഗ്രസിക്കുമ്പോഴെല്ലാം അവള്‍ നകുലനെ കുറിച്ചോര്ക്കുന്നു. പൂര്‍വകാണ്ഠത്തില്‍ നഷ്ടപ്പെട്ട കാമുകന്‍.  അവന്‍  അരൂപിയായി അവളോടൊപ്പം കൂട്ടിരിക്കുന്ന ഓര്‍മകളുടെ  യാമമെന്നും ആ  പരിചിത ഗന്ധം കൊണ്ട്  അവളെ മൂടുന്നു. അവള്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദ വീചികള്‍ കൊണ്ട് ആകെ പൊതിയുന്നു. അവന്റെ സംസാര രീതി അവള്‍ക്കിഷ്ട മായിരുന്നു.. അത്  കാണാന്‍ ഭംഗിയുള്ളതും കേള്‍ക്കാന്‍ ഇമ്പമാര്‍ന്നതും  ഏറെ മോഹിപ്പിക്കുന്നതും... എത്ര നേരമെങ്കിലും കേട്ടിരിക്കാന്‍ സുഖമുള്ളത്. ഇങ്ങിനെ ഉന്മത്തമായ ഒരു രാത്രിയുടെ പുനരാവിഷ്കാരത്തില്‍ ലയിച്ചു  അവള്‍  ഒരിക്കല്‍ കൂടി നകുലനായ്‌ കാതോര്‍ക്കുന്നു.  “ രേണു.. ...നമ്മള്‍ അതിജയിച്ച പ്രണയമെന്നാല്‍ ....രണ്ടു വ്യത്യസ്ത ലോകങ്ങളുടെ ചുറ്റിലും പാകപ്പെട്ട നിര്‍ണ്ണയ രേഖകള്‍ സ്വയമേവ മാഞ്ഞുപോയി  യഥാതഥമായി  ഉയിര്‍കൊണ്ട  ഒന്ന്... അവിടെ നീയും ഞാനുമില്ല. ഞാനായി നീയും നീയായി ഞാനും രണ്ടു ഹൃദയത്തെ അലിയിച്ചെടുത്ത് നാം  നമ്മെ  തന്നെയും ജീവിതത്തെയും  പുനര്നിര്മിക്കുന്നു . അപ്പോള്‍ മാത്രം  ശരീരങ്ങള്‍ ഒരു കേവലവസ്തു വില്‍ നിന്നും  ഉയര്‍ന്നു ജീവന്റെ അനുഗ്രഹീത പദാര്‍ത്ഥമാകും. നമ്മളൊറ്റയില്‍ കൂട് കൂട്ടപ്പെടും. നമുക്ക് കുഞ്ഞുങ്ങള്‍ ജനിക്കും. ഇതൊരു നിയോഗമാണ്.. അത് നമ്മള്‍ അനുസരിക്കുന്നു. അതിനാല്‍ പ്രണയ തരളിതമായ ഈ രാത്രിയില്‍ ഞാന്‍ നിന്റെ ശരീരത്തിന്റെ അതിരുകള്‍ എന്നന്നേക്കുമായി മായ്ച്ചുകളയുന്നു. നിന്നിലേക്ക്‌ തുറക്കുന്ന വാതിലില്‍ ഞാന്‍ ഒരു കാറ്റായി വീശുകയും കടലായി ആര്‍ത്തലക്കുകയും ചെയ്യുന്നു”. ഒരു മഴപോലെ ഉതിര്‍ന്ന  അവന്‍  പിന്നെ എപ്പഴോ പതിയെ വിരലുകളുടെ അന്വേഷണാത്മകമായ ചലനത്തില്‍ തുടങ്ങി പരസ്പര ചുംബനങ്ങളുടെ നേര്പകുതിയിലെക്ക്  അവളെ ആനയിച്ചു.  ഒടുക്കം ഒരു മഴക്കുളിരില്‍ ഒരിണയുടെ കര്‍മം ഉദരത്തില്‍ ആചരിച്ച്  ആലസ്യത്തിലേക്കുറക്കുകയും ചെയ്തു. ജീവിതത്തെ ഒരുമിച്ചു  പങ്കിടാന്‍ തിയതി തീരുമാനിക്കപ്പെട്ട ആ  രാത്രി താല്‍ക്കാലികമായ  ഒരു വേര്‍പിരിയലിന്റെ രാത്രി കൂടിയായിരുന്നു. മറ്റൊരു കാത്തിരിപ്പ്‌   രേണുകയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാത്രി. പിറ്റേന്നാണ് നകുലന്‍ ദില്ലിയിലേക്ക് തിരികെ യാത്രയാവുന്നത്. മൂന്നു  മാസത്തെ ഇടവേള.   പ്രേമികളുടെ ജീവിതമെപ്പോഴും ഇങ്ങിനെ ഇടവേളകള്‍ നിറഞ്ഞതാകുന്നു. എണ്ണമറ്റതും  നോവുകള്‍ പുരണ്ടതും. അവ ശൂന്യം ബാധിച്ച്‌ കാത്തിരിപ്പിനോടുള്ള  കലഹം പുലര്‍ത്തി പതുക്കെ മാത്രം തേഞ്ഞു തീരുന്നു.   വരാനിരിക്കുന്ന ദിനങ്ങള്‍  കാഠിന്യമേറിയതാവുമെന്നു   രേണുകയ്ക്കറിയാമായിരുന്നെന്കിലും ഒരു മാസം പിന്നിട്ടപ്പോഴേക്കും അത് ശരീരത്തെ കൂടി   ബാധിച്ചതായി അവള്‍ അറിഞ്ഞു.  ഇനിയെന്ത്  എന്ന ചോദ്യത്തിനു അവള്‍ക്കപ്പോഴും  ഉത്തരമുണ്ടായിരുന്നു. പക്ഷെ മറ്റൊന്നായിരുന്നു വിധി കാത്തു വെച്ചത്. നകുലന്‍ ഒരിക്കലും തിരികെ വന്നില്ല. ഒരപകടത്തില്‍പെട്ട അവന്‍  കാത്തിരിപ്പിന്റെ ഇടവേളകള്‍ നല്‍കാത്ത ലോകത്തേക്ക്‌ രേണുകയെ ഉപേക്ഷിച്ചു കടന്നു പോയി. പകരമായി പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം  തന്റെ ജീവിതം  സ്വീകരിച്ച മറ്റൊരാള്‍. ഒന്നാം രാവില്‍  തന്നെ ദാമ്പത്യ നാട്യ ശാസ്ത്ര പ്രകാരം രേണുക തന്നിലെ നകുല ചരിതം  കഥ സത്യസന്ധമായി കെട്ടിയാടി ലഘൂകരിച്ച മനസ്സിനെയും  ഒപ്പം  ജീവിതത്തെയും അയാള്‍ക്ക്‌ മുന്നില്‍ തുറന്നിട്ടു. പ്രതീക്ഷിച്ചതുപോലെ തന്നെ സാത്വികാഭിനയത്തിന്റെ ഭാരമില്ലാതെ അയാള്‍ വെറുപ്പിന്റെ ഭാവരസങ്ങളെല്ലാം  പ്രകടമാക്കി ചുവന്ന കണ്ണുകളുമായി തനിച്ചു കിടന്നുറങ്ങുകയാണ് ചെയ്തത്.  തന്റെ കവന നൈപുണിയില്‍ പോകെ പോകെ  പുതിയ പുതിയ കല്പനകള്‍ അയാള്‍ ചിന്തകളില്‍ നിറക്കുവാന്‍ തുടങ്ങിയതങ്ങിനെയായിരുന്നു. ഓരോ കെട്ടുകഥകളിലും സ്ഫുടം ചെയ്തെടുത്ത വിജിഗീഷുവായി  യുദ്ധവേട്ടകള്‍ തുടങ്ങി  അയാള്‍ ആകാശത്തോളം വളര്‍ന്നു. മനസ്സിന്റെ ഉത്തേജകമായ പരിപോഷിപ്പിച്ച കല്പനലീലകളില്‍ അപരനെ പ്രതിഷ്ടിച്ച് രേണുകയെ അയാള്‍  നിര്‍ദാക്ഷിണ്യം ഉലച്ചുകൊണ്ടെയിരുന്നു. പക്ഷെ ഈ പതിവുകളുടെ നിവര്‍ത്തനങ്ങളാണ്  ഈയ്യിടെയായി ലക്‌ഷ്യം ഭേദിക്കാത്ത തമോരാത്രികളായി മാറി അയാളെ അലോസരപ്പെടുത്തുന്നത്.   

ന്നും തന്റെ പുതുക്കിയ ശ്രമങ്ങളെല്ലാം ഒന്നൊന്നായി തകരുന്നതായി അയാള്‍ അറിഞ്ഞു. മനസ്സിന്റെ ആജ്ഞാപഥത്തില്‍ നിന്നും ദേഹവിധേയത്വം അകന്നു പോയിരിക്കുന്നു.  മനസ്സില്‍ നിന്നും   സ്വന്തം ശരീരത്തിന്റെ  എന്നന്നേക്കുമായ  വിടവാങ്ങല്‍. ഉയിര്‍ത്തെഴുനെല്‍ക്കാനാവാത്ത വിധം മരണം വരിച്ച ചേതനകള്‍....തന്നിലെ പകയുടെ നിര്‍ദ്ധാരണത്തിന്റെ തിരസ്കാരമായി അത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നയാള്‍ക്ക് ബോധ്യമായി . അവളുടെ പുറം കാലുകൊണ്ടുള്ള ഒരു  തൊഴിയില്‍ ഇല്ലാതാവുന്ന  അധീശത്വം മാത്രമേ തന്നിലിനി പുരുഷത്വമായി അവശേഷിക്കുന്നുള്ളൂ . എന്നിട്ടും ഓരോ രാത്രിയും പേറുന്ന ഭീഷണമായ മൃഗയാ വിനോദത്തില്‍  അവള്‍  തന്റെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന  അധീശത്വം ആത്മസമര്‍പ്പണത്തോടെ സ്വീകരിക്കുന്നതില്‍ അയാള്‍  അന്നാദ്യമായി അത്ഭുതം കൂറി. പ്രതിരോധത്തിന്റെ പൊരുതലുകള്‍ ഒരിക്കലും പ്രദര്‍ശിപ്പിക്കാതെ പോലും  ഭീരുത്വത്തിന്റെ ചങ്ങലകളാല്‍ അവള്‍ തന്നെ എന്നന്നേക്കുമായി ബന്ധിച്ചിരിക്കുന്നു. തന്നില്‍ നിന്നും നിഷ്കരുണം ഇറങ്ങിപ്പോയതെന്തോ അത് അവളില്‍ കുടിയേറി മുമ്പൊരിക്കലും കാണാതിരുന്ന ആത്മവിശുദ്ധിയെ അനാവരണപ്പെടുത്തുന്നു. പീഡിതമായ ആത്മാവിന്റെ  കണ്ണീരും നോവും കൊണ്ട് വിരചിച്ച സഹനത്തിന്റെ പൊരുള്‍ അങ്ങിനെ വായിച്ചറിയുന്നു.   പതിവിനു വിപരീതമായി അയാള്‍ അവളുടെ ശരീരതാപത്തില്‍  നിന്നുമിറങ്ങി ജനലിലൂടെ അരിച്ചെത്തുന്ന  നിലാവില്‍  ശാന്തതയോടെ മിഴിനട്ടു.  കെട്ടുകഥകളുടെ രൌദ്രമില്ലാത്ത ആ രാത്രി തന്നെ നിര്മലീകരിക്കുമെന്ന തോന്നലില്‍  ഒരു ഉള്‍ വിളിയോടെ  തന്നിലേക്ക്..  തന്റെ പൂര്‍വ നാളുകളുടെ  ഇരുട്ടിലേക്ക്‌  വെളിച്ചം തേടി.  രാത്രി നീളെ  ചിന്തകളില്‍ അലഞ്ഞു. ഒടുക്കം അവശേഷിക്കുന്ന ഏതൊക്കെയോ ശരികളുടെ  പ്രത്യാശയില്‍ അയാള്‍ കട്ടില്‍ വിട്ടെഴുനേറ്റ്‌   ഒരു സ്വപ്നാടകനെ പോലെ കിണറ്റിന്‍ കരയിലേക്ക്‌ നടന്നു. തണുത്ത ജലധാരയില്‍ അയാള്‍ ഏറെ നേരം  സ്നാനം ചെയ്തു. പിന്നെ  തെളിഞ്ഞ മനസ്സോടെ തിരികെ വന്ന് കട്ടിലിനു താഴെ ഒറ്റപ്പായയില്‍  ഉറങ്ങുന്ന രേണുകയുടെ കാല്‍ച്ചുവട്ടില്‍  ഒരു യുദ്ധത്തടവുകാരന്റെ പരാജിത മനസ്സോടെ ചുരുണ്ടുകൂടി കിടന്നു. 

http://www.malayalanatu.com/component/k2/item/1171-2014-02-01-07-57-58
ചിത്രം courtesy - ജോസ്ലെറ്റ് ജോസഫ് 

Friday, May 6, 2011

ഋ തു പ്പ ക ര്‍ ച്ച ക ള്‍


ശരദ്

പ്രണയത്തെ വിദൂരങ്ങളിലും തൊടാവുന്ന മൊബൈല്‍ ഫോണ്‍ സമ്മാനമായി കിട്ടിയതോടെ ശിവനെ ചുറ്റിയുള്ള ഊര്‍മിള എന്ന പെണ്‍കുട്ടിയുടെ സ്വകാര്യവും കുതൂഹലവുമായ പരിക്രമണം സംഭവ്യശീലമനുസരിച്ച്‌ അതിന്റെ പതിവ്‌ ഭ്രമണാക്ഷത്തില്‍ നിന്നും ഒരല്‍പം ചെരിയുകയും അങ്ങിനെയവള്‍ ഹൃദയമിടിപ്പോടെ ശരദ്കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മഹിഷപുരത്തെ ആ ദസറ നാളില്‍ ആര്‍ട്ട് ഗാലറിക്കഭിമുഖമായ ഒരു നരച്ച കെട്ടിടത്തിലെ കുടുസ്സുമുറിയില്‍ അവള്‍ ഒരു കുറുഞ്ഞിപ്പൂച്ചയായി പതുത്ത മെത്തയില്‍ ശിവനെ ചേര്‍ന്ന് കിടന്നു. തങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന അഴികളില്ലാത്തതും കാഴ്ചയില്‍ പ്രാകൃത കാലത്തെന്നപോലെ പൂപ്പല്‍ പിടിച്ചു പച്ചനിറം പടര്‍ന്നതുമായ ചില്ലു ജനല്പാളികളികളിലൂടെ അരിച്ചിറങ്ങുന്ന നേര്‍ത്ത സൂര്യ വെളിച്ചം കാമാതുരമായി തന്റെ നഗ്നദേഹത്തെ തൊട്ടുഴിയുമ്പോള്‍ അസത്യമായ ഈ വെളിപ്പെടല്‍ ഭയാശങ്കകളില്ലാതെ അവള്‍ കണ്ണടച്ചാസ്വദിച്ചു. കാരണം ഹോസ്റ്റല്‍ റിക്കോര്‍ഡുകളില്‍ ഊര്‍മിള പ്രകൃതി രമണീയമായ എയ്യൂര്‍ ഗ്രാമത്തിലെ കൃഷ്ണ ഭവനിലേക്ക്‌ പരീക്ഷക്ക്‌ മുമ്പുള്ള അവധിക്കാലവുമായി യാത്രപോയിരിക്കുന്നു. കൃഷ്ണ ഭവനിലെ കേരകര്‍ഷകനായ ദാമോദരനും അധ്യാപികയായ സതീദേവിക്കുമാകട്ടെ മകള്‍ അവധിക്കാലം പോലും ത്യജിച്ച് അങ്ങകലെ നഗരത്തിലുള്ള ഹോസ്റ്റലില്‍ പരീക്ഷക്കായി തയ്യാറെടുക്കുകയുമാണ്. രണ്ടിടങ്ങളിലുമായുള്ള ഈ വിശ്വാസ സാന്നിദ്ധ്യങ്ങളെ കുതറി അടഞ്ഞ വാതിലിനിപ്പുറം താല്‍ക്കാലികമായ മൂന്നാമതൊരിടത്തു അവതാരം കൊള്ളാന്‍ അനേക നാളത്തെ ശ്രമ ഫലമായി ശിവന്‍ അവളെ പ്രാപ്തമാക്കിയതാണ്. ഒരു ദിവസത്തെ രണ്ടു വിലാസങ്ങളോടുമുള്ള അനുസരണക്കേട്‌ അടുത്തൊരു ദിവസംകൊണ്ട് തിരുത്തി നേരയാക്കാമെന്നും ശിവന്‍ സമ്മാനങ്ങള്‍ നല്‍കി അവളെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ശിവനെ അവള്‍ ഹോസ്റ്റലിനേക്കാളും കൃഷ്ണ ഭവനെക്കാളും സ്നേഹിക്കുകയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

ഹേമന്തം

അന്നും പതിവുപോലെ ഹോസ്റ്റല്‍ മുറിയിലെ, ഞരക്കങ്ങള്‍ പുറപ്പെടുവിക്കുന്ന ഇരുമ്പ് കട്ടിലില്‍ സ്വപ്നലിപ്തമായ കണ്ണുകളോടെ ഊര്‍മിള ഉണര്‍ന്നു. മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയ സൂസനെന്ന ആവര്‍ത്തന വിരസമായ ഒരേ അനുഷ്ടാനകാഴ്ചയിലേക്കാണ് എന്നുമവളുടെ കണ്ണുകള്‍ ചെന്നു നില്‍ക്കുന്നതെങ്കിലും അന്നെന്തുകൊണ്ടോ പതിവു കാഴ്ചയെ കവച്ചു വെച്ച് ചുവരില്‍ പതിച്ച ചിത്രത്തിലെ ഉണ്ണിയേശുവില്‍ അത് തറഞ്ഞു നിന്നു.. ആ തിരുചിത്രത്തിലവള്‍ ഒരല്‍പ്പ നേരം അറിയാതെ ആഴ്ന്നിറങ്ങി.. പിന്നെ പിന്തുടര്‍ന്നെത്തിയ ബോധത്തില്‍ ഒരിമയനക്കത്തിലൂടെ തന്റെ പരിസരത്തിലേക്ക് തന്നെ മടങ്ങിയെത്തിയെങ്കിലും അപ്പോഴേക്കും പതിയിരുന്ന ഹേമന്തം ഒരു തണുത്ത ആശ്ലേഷത്തോടെ അവളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

ആ കുളിരുന്ന പ്രഭാതത്തില്‍ സൂസന്റെ ചുമലില്‍ തലചായ്ച്ച് കോളേജിലേക്കുള്ള ബസ്‌ യാത്രയില്‍ പെട്ടെന്നാണ് തന്റെ ശരീരം ഒരു തൂവല്‍ പോലെ ഭാരമില്ലാതാവുന്നതായും ഉള്ളില്‍ അനേകം തിരമാലകള്‍ അലയടിച്ചുയരുന്നതായും ഊര്‍മിളയ്ക്ക് അനുഭവപ്പെട്ടത്‌. കൈത്തലത്താല്‍ വായ പൊത്തിപ്പിടിച്ചു തള്ളിച്ചകളെ അടക്കി വിമ്മിഷ്ടത്തോടെ ഒന്നുരണ്ടാവര്‍ത്തി മുന്നോട്ടായുമ്പോള്‍ തന്നിലെ ചാക്രികമായ കലണ്ടറില്‍ നിന്നും കഴിഞ്ഞ ഒന്നു രണ്ടു മാസത്തെ രജസ്വലകളായ ഒരു പറ്റം തിയതികള്‍ അപ്രത്യക്ഷമായിരിക്കുന്നതായി ഒരു നടുക്കത്തോടെ അവള്‍ മനസ്സില്‍ കണ്ടു. തന്നില്‍ ഇളകി മറിയുന്ന കടല്‍ സൂസനില്‍ നിന്നും സമര്‍ത്ഥമായി ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ സീറ്റിലൊന്നു ഇളകിയിരുന്നു അവളെ ശ്രദ്ധിച്ചു. പിന്നെ കൈ വട്ടം പിടിച്ചു ചെവിയില്‍ സ്വകാര്യമായി ചോദിച്ചു... “എന്താടി നിനക്കൊരു ഏനക്കേട്? അന്നാമ്മയുടെ ഉപ്പുമാവ് കുത്തുന്നുണ്ടോ?” ആദ്യ ചോദ്യം കേട്ട മാത്രയില്‍ ഉള്ളില്‍ പടര്‍ന്നാളിയ തീ ഞൊടിയിടയില്‍ കുശിനിക്കാരി അന്നാമ്മ വന്നണച്ചതിനാല്‍ അവളുടെ വെന്തു പോയ മുഖം സൂസന്‍ കണ്ടില്ല. . അവള്‍ അതെയെന്ന അര്‍ത്ഥത്തില്‍ ദയനീയമായി ഒരു പതര്‍ച്ചയോടെ തലയാട്ടി.

അന്ന് പതിവുപോലെ തന്നെ തിരക്കി കാതില്‍ ഇക്കിളിപ്പെടുത്താന്‍ വന്ന ശിവന്റെ സ്നേഹശൃംഗാരമാര്‍ന്ന ഫോണ്‍ ശബ്ദത്തോട് ഊര്‍മിള പതിവുതെറ്റി കെറുവിച്ചു. പിന്നെ തന്റെ സകല പരിഭ്രമവും വേവലാതിയും ഒരു കരച്ചിലില്‍ ചേര്‍ത്ത്‌ ഇടറിയ ശബ്ദത്തില്‍ തന്റെ പ്രധാന തീയതികളെല്ലാം കലണ്ടറില്‍ നിന്നും എങ്ങോ ഇറങ്ങിപ്പോയിരിക്കുന്നതായി അറിയിച്ചു. എന്നാല്‍ ഇടറാത്ത ശിവന്‍ ഏറെ ഗഹനമായ ഒരു പൊട്ടിച്ചിരിയുടെ കടല്‍ മറുപടിയായി അവള്‍ക്കു നല്‍കി തിരക്കായതിനാല്‍ പിന്നെ വിളിക്കാമെന്ന തുഴയെറിഞ്ഞു ആഴങ്ങളിലേക്ക്‌ മറയുകയാണ് ചെയ്തത്. .

പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ നേരവും അവള്‍ ശിവനെ ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നെങ്കിലും അവയെല്ലാം ഉത്തരമില്ലാതെ മടങ്ങി.

ശിശിരം

അന്ന് കൃഷ്ണ ഭവനിലെ ദീപം തെളിയാതിരുന്ന ഉമ്മറത്ത് സന്ധ്യ വന്നു കനത്തു നിന്നു. അപരിചിതത്വം തീണ്ടിയ മൂന്നു ദ്വീപുകള്‍ പോലെ അച്ഛനും അമ്മയും മകളും മൂന്നു മുറികളിലായി മുറിഞ്ഞു കിടന്നു. വഴക്കോ ശകാരമോ നിലവിളികളോ ഇല്ലാതെ നിശബ്ദമാക്കപ്പെട്ട വീട്ടിലപ്പോള്‍ ശിശിരം മഞ്ഞായുറഞ്ഞു.

പിറ്റേന്ന് തന്നെ പുലര്‍ച്ചയുടെ അരണ്ട വെളിച്ചത്തില്‍ അച്ഛന്‍ മകളുടെ ഭാവി ജീവിതത്തെ തിരഞ്ഞു മഹിഷപുരം നഗരത്തിലേക്ക് യാത്ര പുറപ്പെട്ടു. കണ്ണുകളില്‍ മാത്രം വാര്‍ധക്യത്തെ അറിഞ്ഞിരുന്ന അയാള്‍ ഒരൊറ്റ രാത്രികൊണ്ട് താന്‍ അതിലേറെ വൃദ്ധനും അവശനുമായതായി അറിഞ്ഞു. ക്ലേശകരമായ യാത്രക്കൊടുവില്‍ നഗരത്തില്‍ ബസ്സിറങ്ങുമ്പോള്‍ ബാഗില്‍ കരുതിയ ഒരു തുണ്ട് കടലാസില്‍ ദിക്കറിയാത്ത മറ്റൊരു യാത്രയുടെ കാഠിന്യം കാത്തിരിക്കുന്നുവെന്നു അയാള്‍ ഓര്‍ത്തു. മകള്‍ സ്നേഹം നിവര്‍ത്തിച്ച് സ്വയം നഷ്ടമായ ഒരപരിചിതനിലേക്കുള്ള ദൂരം എത്രയെന്നോ എങ്ങിനെയെന്നോ അറിയാതെ അയാള്‍ നഗര തിരക്കിന്റെ മുഖമില്ലായ്മയിലേക്ക്‌ പിന്നെ നടത്തമാരംഭിച്ചു. എല്ലാ കാല്‍ വെപ്പുകളുടേയും രീതി ശാസ്ത്രം വ്യത്യസ്തമായ സാംഗത്യമുള്ളവയാണ്. അവ എന്തിനെയോ തേടുകയും തിരയുകയും ചെയ്യുന്നു. പരിക്ഷീണനെങ്കിലും ഈ അച്ഛന്റെ കാല്‍ വെപ്പുകള്‍ ഏതോ ഉള്‍ പ്രേരണയാല്‍ കരുത്താവാഹിച്ചു കൊണ്ടിരുന്നു. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പല മുഖങ്ങളും അയാളെ നയിച്ചു കൊണ്ട് പോയി. ഒരു കാര്‍ വര്‍ക്ക്‌ ഷോപ്പില്‍ അവസാനിക്കുന്ന വിലാസത്തിന്റെ കണിശതയില്‍ നിന്നും താന്‍ തേടുന്നയാല്‍ തെന്നിത്തെറിച്ചു പോയതറിഞ്ഞിട്ടും തളരാതെ തുടര്‍ന്ന ദൌത്യം തുണ്ടു കടലാസിലെ അപരിചിതനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പരിചിതനാക്കി മാറ്റിയിരുന്നു. ഒടുക്കം നന്നേ ഇടുങ്ങിയ വൃത്തിഹീനമായ ഒരു തെരുവില്‍ നിര നിരയായി നിലകൊണ്ട പഴക്കം ചെന്ന വീടുകള്‍ക്ക് മുന്നില്‍ ദയാവായ്പ്പുള്ള ഒരു മുഖം അയാളെ അനുഗമിച്ചെത്തിച്ചു. റോഡുവക്കത്ത് വാട്ടര്‍ ടാപിനരികെ രണ്ടു കുട്ടികളെ കുളിപ്പിക്കുകയായിരുന്ന മുഷിഞ്ഞ സാരി ചുറ്റിയ ഒരു സ്ത്രീയെ ചൂണ്ടി പരിചയപ്പെടുത്തുമ്പോള്‍ അയാളുടെ അന്വേഷണ യാത്ര അവസാനിക്കുകയും അവിടമാകെ ഇരുട്ട് പരന്നു തുടങ്ങുകയും ചെയ്തു. പിന്‍വാങ്ങുന്ന പകലിന്റെ പുക മഞ്ഞിനോടൊപ്പം വിറങ്ങലിച്ച മനസ്സോടെ അയാള്‍ പിന്തിരിഞ്ഞു നടന്നു.

അടുത്ത ദിവസം, ഉറങ്ങാതെ യാമങ്ങള്‍ കഴിച്ചുകൂട്ടിയ സതി ടീച്ചറുടെ വഴിക്കണ്ണുകളിലേക്ക് തൊടിക്കപ്പുറത്തെ പുളിമര കൊമ്പില്‍ ശേഷ ജീവിതം നിലം തൊടാതെ കയറില്‍ തൂക്കിയിട്ടുകൊണ്ട് ഊര്‍മിളയുടെ തോറ്റുപോയ അച്ഛന്‍ തിരിച്ചെത്തി.


വസന്തം

പുറമെയും അകമെയും ഒരു നേര്‍ത്ത തേങ്ങലോ നെടുവീര്‍പ്പ് പോലുമോ ഇല്ലാതെ വേര്‍പാടിന്റെ നാളുകളെ എതിരിട്ട സതി ടീച്ചറില്‍ പതുക്കെ പതുക്കെയാണ് പ്രകൃതിയിലെ പുതുമുകുളങ്ങളെന്ന പോലെ അയഥാര്‍ത്ഥങ്ങളായ ശബ്ദ കാഴ്ചകളുടെ വിചിത്ര വസന്തം നാമ്പിട്ടു തുടങ്ങിയത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ നിര്‍ലോഭം ശബ്ദായമാനമായി. കാഴ്ചകള്‍ നിരന്തരം കൂറുമാറി കബളിപ്പിച്ചു. അപ്പോഴൊക്കെ മുറിയിലെ ശൂന്യതയില്‍ കുട്ടികള്‍ അനുസരണയോടെ നിറഞ്ഞതായി കണ്ടു ടീച്ചര്‍ ഉച്ചത്തില്‍ പാഠങ്ങള്‍ പറഞ്ഞു. മറ്റു ചിലപ്പോള്‍ യുവത്വം ഇനിയും മാഞ്ഞുപോകാത്ത ടീച്ചര്‍ വാര്‍ദ്ധക്യത്തിന്റെ കോണി കയറുകയും ശൈശവത്തിലേക്കുള്ള പടികളിറങ്ങുകയും ചെയ്തു. ഊര്‍മിളയാകട്ടെ ചപലതയുടെ മായിക ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിന്റെ ദാക്ഷിണ്യമില്ലായ്മയില്‍ ആഴത്തില്‍ പതിച്ച് നുറുങ്ങിത്തളര്‍ന്ന കിടപ്പ് തുടര്‍ന്നു. ഒരിടയ്ക്ക് അച്ഛന്റെ വഴിയെ മരണത്തിന്റെ ഏതെങ്കിലും ഒരനായാസ വാതിലിനു വേണ്ടി ദുര്‍ബലമായ മനസ്സുകൊണ്ട് തിരയുക പോലും ചെയ്തു.

ചലനാത്മകമായ ആപേക്ഷികതയ്ക്ക് ഭംഗമുണ്ടാവുമ്പോള്‍ ബന്ധങ്ങളുടെ ഇരുഭാവങ്ങളിലും മാറ്റമുണ്ടാകുന്നു. ആരോരുമില്ലാതെ ആലംബമറ്റവരുടെ വേനല്‍ തളര്ച്ചയിലേക്ക് ഒരു ചോലമരമെങ്കിലും ഉണ്ടായേ തീരൂ. ആരോടും സ്നേഹമായി പെരുമാറാത്ത അപ്പുറത്തെ വീട്ടിലെ ദച്ചുവമ്മയുടെ സ്നേഹ കാരുണ്യം ഒരു തണലായി നീണ്ടത് അങ്ങനെയാണ്. അവര്‍ ഒരു ചുഴലിയില്‍ ചിതറിപ്പോയത് വാര്‍ദ്ധക്യത്തിന്റെ സങ്കടങ്ങളിലും ഇടയ്ക്കിടെയെത്തി പെറുക്കിക്കൂട്ടി വെക്കുന്നു. സതി ടീച്ചറുടെ മനസ്സിന്റെ വിചിത്ര സഞ്ചാരത്തിനു കുറുകെ കയറി നിന്നും ഊര്‍മിളയുടെ വയറ്റിലെ അനക്കങ്ങള്‍ തിട്ടപ്പെടുത്തിയും പരിചരണങ്ങള്‍ നല്‍കി അവരെ കൃഷ്ണ ഭവന്റെ പൂര്‍വകാല ഗൃഹരാശിയുടെ നിഴലിലെങ്കിലും എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതിനാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഊര്‍മിള കട്ടില്‍ വിട്ടെഴുനേറ്റു ഇറയത്തെ ആകാശം കണ്ടു. കണ്ണാടിയില്‍ നോക്കി അപരിചിതമായ തന്റെ ശരീരത്തിലെ മുഴുത്ത ഏച്ചുകെട്ടലുകളെ കണ്ടു. തന്നിലെ അപക്വമായ ദേഹത്തേയും മനസ്സിനെയും മുതിര്‍ന്നൊരു സ്ത്രീ പകരം വെച്ചിരിക്കുന്നതായി അറിയുകയും ചെയ്തു.


ഗ്രീഷ്മം

ഇലയനക്കം പോലുമില്ലാത്ത ഒരു നട്ടുച്ചയുടെ അസ്വാസ്ഥ്യത്തില്‍ ഊര്‍മിളയില്‍ ഗ്രീഷ്മം ഉരുകിയൊലിച്ചിറങ്ങി. ദച്ചുവമ്മയുടെ കൈത്തഴക്കത്തില്‍ ഊര്‍മിള വയറൊഴിഞ്ഞു കിടന്നു മയക്കം പൂണ്ടു . ഉണര്ച്ചയില്‍ തന്നെ ചേര്‍ത്തു കിടത്തിയിരിക്കുന്ന ചോരക്കുഞ്ഞിനെ വെറുപ്പിന്റെയും സങ്കടത്തിന്റെയും ഈറന്‍ പടര്‍ന്ന ചെരിഞ്ഞൊരു ദൃഷ്ടിയോടെ നോക്കുമ്പോള്‍ മാതൃത്വത്തിന്റെ വേഷപ്പകര്‍ച്ചയുമായി തന്നിലെ മുതിര്‍ന്നൊരു സ്ത്രീ തന്റെ ജീവിതത്തെ എത്ര പെട്ടെന്നാണ് ഏറ്റെടുത്തിരിക്കുന്നതെന്നു അവള്‍ അത്ഭുതം കൂറി. ചുറ്റിലും ചോര്‍ന്നു വീണ തന്റെ കാഴ്ചകളെല്ലാം ഏറെ പുതുക്കപ്പെട്ടിരിക്കുന്നതായി അവള്‍ക്കു തോന്നി. നനഞ്ഞ മിഴികളില്‍ പതിയെ പ്രകാശം നിറഞ്ഞു.

ദച്ചുവമ്മയുടെ പരിശ്രമത്താല്‍ ചേര്‍ത്തു വെച്ചു കിട്ടിയ ജീവിതം മെല്ലെ മെല്ലെ ആവര്‍ത്തിച്ചു തുടങ്ങി. അതിപ്പോള്‍ അജ്ഞാതമായ ഒരു പക്ഷിയായി വന്യമായ തന്റെ ഇരുണ്ട ചിറകുകള്‍ അഴിച്ചു വെച്ച് ഇണങ്ങിയിരിക്കുന്നു. പക്ഷെ ജീവിതത്തിന്റെ ഈ ഇണക്കത്തിലും വീടിനു ചുറ്റുമുള്ള പരിസരങ്ങള്‍ ചിലപ്പോഴെല്ലാം ഇതുവരെയില്ലാത്തവിധം അവളില്‍ തെല്ല് ഭീതി നിറച്ചു. അച്ഛനുള്ളപ്പോള്‍ ചുറ്റിലും ഉണ്ടായിരുന്നിട്ടും അറിയാതിരുന്നവയൊക്കെ അവള്‍ കാണാനും അറിയാനും തുടങ്ങി. സന്ധ്യയാകുമ്പോള്‍ ശബ്ദം കനക്കുന്ന വീടിനു മുന്നിലെ ഇരുവശത്തും പൊന്തകള്‍ പടര്‍ന്ന ഇടവഴി... അരയാലിനപ്പുറമുള്ള പായല്‍ നിറഞ്ഞ പൊട്ടക്കുളം.. പുഴക്കരികെയുള്ള കള്ളുഷാപ്പ്‌.. തൊട്ടടുത്ത പറമ്പിലെ ആള്‍പ്പാര്‍പ്പില്ലാത്ത ജീര്‍ണിച്ച കെട്ടിടം.. തുടങ്ങിയവയെല്ലാം വീട്ടില്‍ അച്ഛന്റെ സാന്നിദ്ധ്യമെന്ന മതില്‍ക്കെട്ടാല്‍ മറഞ്ഞു നിന്നവയായിരുന്നു.അവയെല്ലാം ഇപ്പോള്‍ രാത്രിയില്‍ അനക്കം വെച്ചടുത്തുവരുന്നതുപോലെ. പതുങ്ങി നിന്ന് അവ വാതിലില്‍ തട്ടി വിളിക്കുന്നതുപോലെ.... ബോധാബോധങ്ങളുടെ ഘര്‍ഷണത്തില്‍ രാവും പകലും തിരിച്ചറിയാത്ത....പരിസരങ്ങളെ എന്നോ ഉപേക്ഷിച്ചിരിക്കുന്ന അമ്മയുടെ ചലനങ്ങള്‍ സമയത്തിനും ചിട്ടകള്‍ക്കും ശീലങ്ങള്‍ക്കും പുറത്താണെന്നത് അവളുടെ ഭയം ഇരട്ടിപ്പിച്ചു. . പലപ്പോഴും രാത്രിയുടെ അപ ശബ്ദങ്ങള്‍ കേട്ടുണരുമ്പോള്‍ ആദ്യം നോക്കുക അമ്മയെയാണ്. എന്നിട്ടും അന്നത് സംഭവിച്ചു.. ഒരു പുലര്‍ച്ച‍യില്‍ ഞെട്ടലോടെ അവളതു കണ്ടു. മലര്‍ക്കെ തുറന്നിട്ട വാതില്‍ .. ഉമ്മറത്ത്‌ അഴഞ്ഞുലഞ്ഞ് വസ്ത്രം സ്ഥാനം തെറ്റി അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയും.

 
വര്‍ഷം

സ്ഥിത പ്രജ്ഞയുടെ വിഭിന്നഅവസ്ഥാന്തരത്തിന്റെ രണ്ടു തലമുറകള്‍ ജന്മം തന്ന അമ്മയും പിറന്ന മകളുമായി ചിന്തകളെ ഉറക്കാതിരുന്ന ആ രാത്രിയില്‍ ഊര്‍മിള പഴയ പെണ്‍കുട്ടിയിലേക്ക് തിരിച്ചു പോയി. വര്‍ഷാരംഭത്തിലെ വ്യഗ്രത പൂണ്ടിരമ്പുന്ന കാറ്റില്‍ ഉലയുന്ന ഒറ്റമരമായി നിന്ന ഊര്‍മിളയെ ഉറങ്ങാത്ത ചിന്തകള്‍ വശം കെടുത്തി. അവ ദയയില്ലാതെ അവളെ ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവള്‍ ഖിന്നതയുടെ കണ്ണീരില്‍ കുതിരുമ്പോള്‍ വര്‍ഷം അതിന്റെ ആരവങ്ങളുമായി പുറത്തു പെയ്തു കനത്തു. ആ പെരുമഴയില്‍ സ്നാനപ്പെട്ട് മരണത്തെ ചെന്നു തൊടാന്‍ പൊടുന്നനെ അവള്‍ വെമ്പല്‍ കൊണ്ടു. പിന്നെ കുഞ്ഞിനെ വാരിയെടുത്ത് അമ്മയെ ഉണര്‍ത്തി വാതില്‍ തുറന്ന് മഴയില്‍ നിറയുന്ന പുഴയെ ലക്ഷ്യമാക്കി നടന്നു. നനയുന്ന ഇലച്ചാര്‍ത്തുകളില്‍ മഴയ്ക്കൊപ്പം കാറ്റ് പടര്‍ന്നു കലര്‍ന്ന ചിലമ്പിച്ച ശബ്ദത്തിന്റെ ദീനത. ആളൊഴിഞ്ഞു ഇരുള്‍ മാത്രമായ ഭൂമിയില്‍ അവസാനം ശേഷിച്ചവരെ പോലെ അവര്‍ ചലിച്ചു. ഒരു മിന്നല്‍ക്കൊടിയുടെ വെള്ളി വെളിച്ചത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴയെ അവള്‍ കണ്ടു. അമ്മയെ പോലെ തന്റെ പ്രിയപ്പെട്ട പുഴ. തന്റെ ബാല്യത്തോടൊപ്പം ഒഴുകിയ അതിപ്പോള്‍ എല്ലാ രൌദ്ര ഭാവങ്ങളും ആവാഹിച്ചു കരയില്‍ പടര്‍ന്നു കയറുന്നു. തന്നിലേക്കത് ശാസിച്ചു ഒഴുകിയടുക്കുന്നതുപോലെ. ഈ ജന്മത്തിന്റെ ഒഴുകി നിറഞ്ഞ കാതങ്ങളത്രയും കണ്ടു നിന്ന പുഴ മുന്നോട്ടുള്ള അവളുടെ ചലനങ്ങളെ തടഞ്ഞു. പിന്നെയുമൊരു മിന്നല്‍ക്കൊടിയുടെ വെളിച്ചം ഇരുള്‍ മൂടിയ ചിന്തകളില്‍ വീണു ചിതറിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന അമ്മയെ അവള്‍ നോക്കി. ചുമലില്‍ തണുത്തു വിറച്ച കുഞ്ഞില്‍ നിന്നിറ്റു വീണേക്കാവുന്ന പ്രാണനില്‍ അവളുടെ മാതൃത്വ മനസ്സുടക്കി. മഴയും കാറ്റും മിന്നല്‍ക്കൊടിയും പുഴയും അവളോട്‌ സംവദിച്ചു. പതുക്കെ അവളുടെ ചിന്തകളില്‍ ജീവിതത്തിന്റെ പ്രകൃതി വാശിയോടെ നിറഞ്ഞു. അവിടെ ദുരന്ത വിധിയുടെ മറു പകുതിയില്‍ സഹനത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും കനലുകളെരിഞ്ഞു. അവള്‍ അമ്മയുടെ കൈ മുറുകെ പിടിച്ചു വീട്ടിലേക്ക്‌ തിരികെ നടന്നു. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ അടുക്കളയില്‍ കയറി മൂര്‍ച്ചയുള്ള ഒരു കറിക്കത്തിയുമായി വന്ന് ഭ്രാന്തമായ ഒരുണര്‍ച്ചയില്‍ വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അവള്‍ ഇരുട്ടിന്റെ ഭീതിതമായ പരിസരങ്ങളിലേക്കും മഴയിലേക്കുമായി തുറന്നിട്ടു. പിന്നെ ഒരേ കട്ടിലില്‍ അമ്മയ്ക്കും മകള്‍ക്കും നടുവില്‍ ത്രികാലത്തില്‍ ജ്വലിക്കുന്ന വര്‍ത്തമാനമായി അവള്‍ ഉറങ്ങാന്‍ കിടന്നു

Tuesday, June 15, 2010

ഹെസ്തിയ

രിക്കല്‍ നവോത്ഥാന കാലഘട്ടത്തിലെ പ്രശസ്തമായ പെയിന്റിങ്ങുകളെ കുറിച്ച് സംസാരിക്കവേ ഹെസ്തിയ ചോദിച്ചു..

”ദൈവം ഇടത്തെ കരവലയത്തില്‍ ഹവ്വയെ അടക്കിപ്പിടിച്ച് ആദമിന് നേരെ നീട്ടിയ വലതു കൈ ചൂണ്ടാണി വിരല്‍തുമ്പില്‍ കരുതിവെച്ചത് ജീവിതവും ആത്മാവുമാണെന്നു പറയുന്നു. അല്ലെ? ..... ആദം ചിത്രത്തിലെ കന്യാനിമിഷത്തിനപ്പുറം ആ വിരല്‍ബിന്ദു തൊടുകയും ചെയ്തിട്ടുണ്ട്. പിന്നെന്തിനാണ് ഈ ചിത്രകാരന്‍ ‘ആഞ്ജൂ’ പരസ്പരമുള്ള ആ വിരല്‍ സ്പര്‍ശത്തിന്റെ മിന്നലൊളി വരക്കാതെ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരു ശൂന്യത സൃഷ്ടിച്ചു വെച്ചത്?”

ഹെസ്തിയയുടെ ചോദ്യങ്ങള്‍ പലപ്പോഴും ഇങ്ങനെയാണ്. അവ ചിന്തകളെ തീര്‍ത്തും അനാഥമാക്കി മനസ്സില്‍ നിഴല്‍ സ്തൂപങ്ങളായി നീണ്ടു കിടക്കും.എത്തിപ്പിടിക്കാനാവാതെ.. ചോദ്യത്തിനിടയില്‍ സന്നിവേശിപ്പിച്ച ഈ ചുരുക്കെഴുത്തു അവളുടെ ഒരു തമാശയാണ്. ‘മൈക്കല്‍ ആഞ്ജലോ അവള്‍ക്കപ്പോള്‍ ആഞ്ജൂ ആണ്. ഇങ്ങനെ അവളുടെതുമാത്രമായ അനേകം ചുരുക്കെഴുത്തിന്റെ ഒരു പദാവലി തന്നെ അവള്‍ക്കുണ്ട്. ചോദ്യത്തിന്റെ ഉത്തരത്തിനായവള്‍ കാതോര്‍ക്കെ ഞാന്‍ പതിവുപോലെ തപ്പിത്തടഞ്ഞു ഉത്തരം പറയാന്‍ ശ്രമിച്ചു. .

“അതു ചിലപ്പോള്‍ കലാസൃഷ്ടികളിലെ നിത്യമായ അപൂര്‍ണ്ണതയെയും അര്‍ദ്ധോക്തികളേയുംസൂചിപ്പിക്കുന്നതാവാം... തന്റെ അസംതൃപ്തമായ ജീവിതത്തെയോര്‍ത്ത് ആ ആദിമ സ്പര്‍ശം നിരാകരിച്ചിരുന്നുവെന്കില്‍ എന്ന് പ്രത്യാശപ്പെട്ടതാവാം...  അതല്ലെങ്കില്‍ നിശ്ചെതനമായ ആ വിരല്‍ വിടവിലെ പ്രപഞ്ച സൃഷ്ടിയുടെ നിമിഷത്തെ ഓര്‍മിപ്പിക്കുകയാവാം..” അങ്ങനെയൊക്കെ ആയിക്കൂടെ?

“അല്ല.മാഷെ......അല്ല....അതിനപ്പുറം എനിക്കും നിനക്കുമറിയാത്ത..... ആ മഹാനായ ആഞ്ജൂ നുമാത്രമറിയുന്ന ഒരു കാരണമുണ്ട്. എത്ര വ്യാഖ്യാനങ്ങള്‍ പിറന്നാലും കണ്ടെത്താനാവാത്ത ഒന്ന്. ഇപ്പൊ തന്നെ നമുക്കിടയിലെ ഒരിക്കലും മായാത്ത ഒരു ശൂന്യതയില്ലേ..... അതുപോലൊന്ന്.” ഹെസ്തിയ പിന്നെ പൊട്ടിച്ചിരിച്ചു.

അപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ മുഖം മരിച്ചുപോയ ഹിന്ദി ചലച്ചിത്ര നടി സ്മിതാ പാട്ടീലായി എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. ഇതങ്ങനെയാണ്... നിയതമല്ലാത്ത നിഗൂഡമായ കുറെ മുഖങ്ങളും ഭാവങ്ങളുമാണെനിക്ക് ഹെസ്തിയ. ഓരോ സന്ദര്‍ഭത്തിലും മാറുന്ന ഭാവങ്ങള്‍ക്കനുസരിച്ച് ഞാനവള്‍ക്ക് എനിക്കിഷ്ടപ്പെട്ട മുഖങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്നു.എപ്പോഴും ഇടമുറിയാതെ സംസാരിച്ചുകൊണ്ടിരിക്കാനായിരുന്നു അവള്‍ക്കിഷ്ടം. മൌനത്തിന്റെ ഓരോ വിള്ളലുകളിലും അവള്‍ അക്ഷമ പ്രകടിപ്പിക്കുമായിരുന്നു . ഇങ്ങനെ വന്ധ്യമാക്കപ്പെടുന്ന ദീര്‍ഘമായ നിമിഷങ്ങളെ കുറിച്ച് അവള്‍ പറയുന്നത് അതൊരു കൊടുംശിക്ഷയാണെന്നാണ്.. രണ്ടു മനസ്സുകളുടെ വാക്മയ രേഖീയതയില്‍ നിന്നും തെന്നിമാറി അപരന് നല്‍കാവുന്ന ഒരു അസഹ്യതയുടെ ശിക്ഷ. അതിനാല്‍ പുറന്തള്ളാനുള്ള വാക്കുകള്‍ ഉള്ളില്‍ വഴിമാറി നടക്കുമ്പോള്‍ അവ എത്തിപ്പിടിക്കാനാവാതെ ഒരു മൂളല്‍ കൊണ്ടെങ്കിലും ഞാനെന്റെ മൌനത്തിന്റെ വിള്ളലുകള്‍ പൂരിപ്പിച്ചു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങളവള്‍ ഉതിര്‍ത്തുകൊണ്ടിരിക്കും. എന്റെ ഉത്തരങ്ങള്‍ക്ക് നേരെ പൊട്ടിച്ചിരിക്കും. തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യും. എങ്കിലുമവള്‍ വിശ്വസിച്ചുപോന്ന ശരികളെ എന്റെ തിരുത്തലുകളുമായി ഐക്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നു..

ഇങ്ങനെ കണ്ടുമുട്ടുന്ന ദിവസങ്ങളില്‍ ഒരു വര്‍ത്തമാനാവൃതി പൂര്‍ത്തിയാവുന്നതിനു മുമ്പ് എന്നുമവള്‍ മറക്കാതെയും നിര്‍ബന്ധമായും ചെയ്യുന്നൊരു കാര്യമുണ്ട്. സ്നേഹ ഋതുക്കള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന അവളുടെ കൊച്ചുവീടും അതിലൂടെ കടന്നു പോയൊരു ദിവസവും വര്‍ദ്ധിച്ച ഉത്സാഹത്തോടെ എനിക്ക് മുന്നില്‍ തുറന്നു വെക്കും..

“കേള്‍ക്കണ്ടേ നിനക്ക്.. ഇന്നലെ എന്റെ കൊച്ചു കാന്താരിയും മൈനക്കുട്ടനും അവര്‍ടെ സ്കൂളില്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ....ഒരമ്മയുടെ അളവറ്റ ആത്മഹര്‍ഷത്തോടെ മകളുടെയും മകന്റെയും കുറുമ്പുകളും കുസൃതികളും ഒരല്‍പം ഗര്‍വില്‍ ചാലിച്ച് അവളത് പറഞ്ഞു തുടങ്ങും. പിന്നെ സ്നേഹ സുന്ദരനായ  ഭര്‍ത്താവുമായുണ്ടായ നുറുങ്ങു കലഹങ്ങള്‍ വരെ... ഒരു പാമ്പും ഏണിയും കളിപോലെ കയറ്റിറക്കങ്ങളുടെ രേഖയിലൂടെ തുടക്കം മുതല്‍ ഒടുക്കം വരെയുമുള്ള ലാവണ്യ നിമിഷങ്ങള്‍ പറഞ്ഞവള്‍ ചിരിക്കും .... ആ ചിരിയുടെ ഓളങ്ങള്‍ക്കിടെ എനിക്കുള്ള ഉപദേശങ്ങളും വന്നു ചേരും .... “ നീയും ഇങ്ങനൊക്കെ നിന്റെ സരിതയോട് കലഹിച്ച് സ്നേഹം കാണിക്കണം.. കണ്ണും മിഴിച്ചു നില്‍ക്കാതെ ഇതൊക്കെ ഞങ്ങളെ കണ്ടു പഠിച്ചോ “ ഉള്ളിലുണരുന്ന സന്തോഷത്തിന്റെ ചിരിയമര്‍ത്തി എല്ലാം കേട്ടിരിക്കുമ്പോള്‍ അവളിലെ നൈസര്‍ഗികമായ തമാശയുടെ സൌന്ദര്യവും തന്റെടവും ഞാന്‍ തൊട്ടറിഞ്ഞിരുന്നു. ഇങ്ങനെയൊക്കെയെങ്കിലും ഹെസ്തിയ ആരാണ് എന്താണ് എന്നതിനൊന്നും എനിക്ക് ഉത്തരം നല്കാനവള്‍ കൂട്ടാക്കിയിരുന്നില്ല. കാലങ്ങളെ ചുറ്റി നില്‍ക്കുന്ന നിഗൂഡമായൊരു നക്ഷത്രമായി മനസ്സിന്റെ കാഴ്ചയ്ക്കുമപ്പുറം അവളെന്നില്‍ എപ്പോഴും പിടിതരാതെ നിന്നു.

ര്‍ബുദത്തിന്റെ നൂതന ചികിത്സയുടെ പഠന ഭാഗമായുള്ള ഒരു സൈബര്‍ പ്രയാണത്തില്‍ ഒരിക്കല്‍ ഞാനെത്തി നിന്നത് ജര്‍മനിയിലെ ഒരു സായിപ്പ് ഡോക്ടറുടെ ഗവേഷണ പ്രബന്ധത്തിലായിരുന്നു. വായനക്കൊടുവില്‍ കവിയും തത്വ ചിന്തകനുമായ ഡോക്ടറുടെ താളുകള്‍ അരിച്ചു പെറുക്കവെയാണ് അദ്ദേഹത്തിന്‍റെ സൌഹൃദ വലയത്തില്‍ ഒരിന്ത്യക്കാരിയെ കാണാനിടയായത്. അതായിരുന്നു മലയാളിയായ ഹെസ്തിയ. ഒരച്ഛനോടെന്നപോലെ ബഹുമാനം പുലര്‍ത്തി ഹോളിസ്റ്റിക് വീക്ഷണങ്ങളില്‍ ഡോക്ടറെ ഖണ്ഡിച്ചെഴുതിയ അവളുടെ ആഴമേറിയ കുറിപ്പുകള്‍ ആദരവും കൌതുകവുമുണര്‍ത്തുന്നതായിരുന്നു. ആ തര്‍ക്കത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് ഞാനെഴുതിയ ഒരു ചെറു കുറിപ്പിനെ പിന്തുടര്ന്നു പിന്നീടൊരിക്കല്‍ ഹെസ്തിയയുടെ ഒരു കത്ത് സൌഹൃടവുമായി എന്നെ തേടിയെത്തി . ചിരകാലമായി പരിചയമുള്ള സുഹൃത്തെന്ന പോലെ അവള്‍ സംസാരിച്ചു തുടങ്ങി. അവളിലെ വ്യതിരിക്തമായ ചിന്തകളുടെയും അറിവിന്റെയും ചക്രവാളങ്ങളില്‍ അത്ഭുതം കൂറി നില്‍ക്കെ വളരെ പെട്ടെന്നായിരുന്നു ഞങ്ങളുടെ സൗഹൃദം വളര്‍ന്നു വികസിച്ചത്‌. കണ്ടുമുട്ടുന്ന ഇടവേളകളില്‍ സൂര്യന് താഴെയുള്ള എന്തും വിഷയമായി വാതോരാതെ അവള്‍ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഓരോന്നിലും തന്റെത്‌ മാത്രമായ തീഷ്ണവും പഴുതുകളില്ലാത്തതുമായ ചിന്താമുദ്രണം എന്നത് അവളുടെ സവിശേഷതയായി ഞാന്‍ കണ്ടു. പക്ഷെ അന്തമില്ലാതെ പടരുന്ന വാക് വിനിമയങ്ങള്‍ക്കിടയില്‍ എന്തിനോടും ഏതിനോടുമുള്ള അവളുടെ വിചിത്രമായ സമരസപ്പെടലുകളും ഒത്തുതീര്‍പ്പുകളും എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതേചൊല്ലി ചിലപ്പോഴെല്ലാം വളരെ പരുഷമായി എനിക്ക് പെരുമാറേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ സങ്കടത്തോടെ ഒന്നും മിണ്ടാതെ അവള്‍ പിന്‍വാങ്ങി. മറ്റൊരിക്കല്‍ പ്രത്യക്ഷമാവുമ്പോള്‍ വ്യാപരിച്ചേക്കാവുന്ന ഖിന്നപ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്ന എനിക്ക് പലപ്പോഴും തെറ്റിപ്പോയിരുന്നു. മുമ്പത്തേക്കാള്‍ പ്രസന്നതയോടെ ഉലഞ്ഞ പഴയ നിമിഷങ്ങളെ വെട്ടി മാറ്റി സൌഹൃദ സാന്ദ്രമായ പുതിയ നിമിഷങ്ങളിലേക്ക് ചടുലമായവള്‍ ഉയിര്‍ത്തെഴുനേറ്റു വന്നു കുറ്റബോധ വിവശനായി തെല്ലു നേരമെങ്കിലും തപ്പിത്തടഞ്ഞു നിന്നിരുന്നത് ഞാനായിരുന്നു. എങ്കിലും തന്നെ ചൂഴ്ന്നു വരുന്ന ചോദ്യങ്ങള്‍ക്ക് നേരെ അവളെന്നും സംശയാലുവായി തന്നെ നിന്നു. . യാദൃശ്ചികമായിപോലും പുറത്തു വന്നുപോവരുതാത്ത സ്വത്വ ഭൂമികയെ സൂക്ഷിച്ചു നിര്‍ത്തി അവള്‍ ശ്രദ്ധയോടെ പെരുമാറി. എന്നിലെ ജിജ്ഞാസയെ നിര്‍ദാക്ഷിണ്യം വാക്കുകളില്‍ മുക്കിക്കൊന്നു. എന്നെ മിക്കപ്പോഴും അലട്ടിയിരുന്നത് ഈ കണ്‍മറയലിന്റെ അജ്ഞാതമായ കാരണങ്ങളായിരുന്നു. എന്നിട്ടും പിന്നീടെപ്പോഴോ പതിയെ പതിയെ അവള്‍ ആര് എന്തെന്നതിനപ്പുറം ഉറ്റവരുടെ ജന്മാന്തര പരമ്പരക്കണ്ണികളില്‍ ഏതോ ഒരു കാലത്ത്‌ ജീവിച്ചു മരിച്ചു പോയവളോ അല്ലെങ്കില്‍ ഇനി എന്നെങ്കിലും ഭാവിയില്‍ ജനിച്ചു വരാനിരിക്കുന്നവളോ ആയി എന്നോടൊപ്പമവള്‍ മനസ്സില്‍ സഞ്ചരിച്ചു തുടങ്ങി.

വനകഥയില്‍ ഗൃഹ ദേവതയാണ് ഹെസ്തിയ. ക്രോനസിന്റെയും റിയയുടെയും മൂന്നു പുത്രിമാരില്‍ ഒരാള്‍. ഒരേ സമയം മൂത്തവളും ഇളയവളുമെന്നു ജന്മബന്ധത്തിന്റെ അടയാളം നേടിയവള്‍. പരിണയ നിരാസത്തിലൂടെ പരിത്യാഗ ദീപമായ ദേവകന്യക കുടുംബത്തില്‍ പാചകത്തിന്റെയും അന്നത്തിന്റെയുമൊക്കെ ചുമതലക്കാരിയെന്നും ഗ്രീക്ക്‌ ഐതിഹ്യം പറയുന്നു. ഹെസ്തിയയുമായി സംവദിക്കുമ്പോഴൊക്കെ ഈ മിഥോളജി ഞാനോര്‍ക്കുമായിരുന്നു. ഈ പേരെങ്ങനെ നിനക്ക് കിട്ടിയെന്ന എന്റെ ചോദ്യത്തിന് “ എന്റെ ഗ്രേറ്റ്‌ പപ്പക്കുട്ടന്‍ തന്നതെന്ന് അവള്‍ ഉത്തരം നല്‍കി. അന്നവള്‍ അച്ഛനെ കുറിച്ച് വാതോരാതെ സംസാരിച്ചു അപ്പോഴും അച്ഛനിലെത്താനിടയുള്ള വഴികള്‍ അവള്‍ സമര്‍ത്ഥമായടച്ചിരുന്നു. അവളെ ചുറ്റി എന്തു പറയുമ്പോഴും അവള്‍ ചെയ്തിരുന്നത് ഒരു കഥ പുലര്‍ത്തേണ്ടതായ പ്രാഥമിക ധര്‍മത്തിനപ്പുറം സ്ഥിതി വിവരങ്ങളെ സ്പര്‍ശിക്കാതിരിക്കുക എന്നതായിരുന്നു. തന്റെ തത്തക്കുട്ടിയെന്ന മകളെ കുറിച്ചോ മൈനക്കുട്ടനെന്ന മകനെ കുറിച്ചോ പറയുമ്പോള്‍ അവര്‍ക്ക് ഒരിക്കലും പേരുണ്ടാവില്ല. അവര്‍ പഠിക്കുന്നത് പേരില്ലാത്ത വിദ്യാലയത്തിലാവും. ഭര്‍ത്താവ് എഞ്ചിനീയറാവുമ്പോള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിനു പേരോ അത് സ്ഥിതി ചെയ്യുന്ന സ്ഥലനാമമോ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ എല്ലാം പറയുമ്പോഴും ഒന്നും പറയാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. ഇതിങ്ങനെ തുടരവേ പലപ്പോഴും ഈര്‍ഷ്യയെക്കാളേറെ വാശിയാണു അതെന്നില്‍ ഉണ്ടാക്കിയത്. അതിനാല്‍ അവളിലേക്ക് തുറക്കുന്ന ഒരു കുറുക്കു വഴി എന്നെന്കിലുമുണ്ടാവുമെന്നു തന്നെ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അതിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നു.

യാത്രകള്‍ ഇഷ്ടമായിരുന്ന ഹെസ്തിയ ദേശാന്തരികളായവരുടെ കഥകള്‍ പങ്കുവെക്കുന്നതിനിടെ അന്ന് കുടുംബ സമേതമുള്ള ഒരു അവധിക്കാല യാത്രയെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. യാത്രക്കിടെ ജര്‍മനിയിലെ തന്റെ സുഹൃത്തായ ഡോക്ടറെ കാണുക ഒരു ദൌത്യമെന്നും അവള്‍ പറഞ്ഞു. അത് കേട്ട് എന്നിലെ ഷെര്‍ലോക്ക് ഹോംസ് പെട്ടെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഉണര്‍ന്നു.. ഇത്രയും നാള്‍ എന്നിലെ അന്വേഷകനില്‍ നിന്നും ഡോക്ടര്‍ മറഞ്ഞു നില്‍ക്കയായിരുന്നല്ലോ എന്ന് ഞാനോര്‍ത്തു. ഈ ജര്‍മന്‍ വൈദ്യനില്‍ നിന്നും കേരളത്തിലെ ഒരു ഗ്രാമത്തിലൂടെ ഹെസ്തിയയുടെ വേരുകളിലേക്കുള്ള ഒരു വഴി പുറപ്പെടുന്നുണ്ടാവാമെന്ന തിരിച്ചറിവ് പുറത്തു കാണിക്കാതെ ഞാന്‍ മറ്റൊരു വിഷയത്തിലേക്ക് അവളുടെ ശ്രദ്ധയെ മാറ്റി. അതിനു ശേഷം കുറെ ദിവസത്തേക്ക് അവളെ കാണുകയുണ്ടായില്ല. അതങ്ങനെയായിരുന്നു. അവള്‍ വരുന്നതും പോകുന്നതും ഒരു ഈറന്‍ കാറ്റ് പോലെയാണ്. മനസ്സിലെ വേനല്‍ തളര്‍ച്ചയില്‍ എവിടെ നിന്നെന്നില്ലാതെ കടന്നു വന്നു ശീതളമായവള്‍ വീശി നില്‍ക്കും. മഴയുടെ ആരവം മനസ്സിനെ മൂടുന്നതിനു മുന്‍പേ അവള്‍ പടിയിറങ്ങിയിരിക്കും. ഏതോ ഒരു ദൌത്യം നിര്‍വഹിക്കുന്നത് പോലെ എല്ലാറ്റിനും നിശ്ചിത സമയം അവള്‍ അളന്നു വെക്കുമായിരുന്നു.

ഇങ്ങനെ ഹെസ്തിയയെ കാണാതിരുന്ന ദിവസങ്ങളിലൊന്നിലാണ് ഞാനവളെകുറിച്ച് ചിന്തിക്കുകയും ഉദാസീനമായൊരു എഴുത്തിലൂടെ ഡോക്ടറെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തത്. സ്വയം പുതുക്കിയ പരിചയത്തിന്റെ മുഖവുരക്ക്‌ ശേഷം ഞാനെഴുതി... ‘താങ്കളുടെ സുഹൃത്തായ ഹെസ്തിയയെ നേരില്‍ കണ്ടു സംസാരിക്കേണ്ടതായ ഒരാവശ്യം വന്നിരിക്കുന്നു. വിലാസവും വിശദ വിവരങ്ങളും അയച്ചു തന്നാല്‍ ഉപകാരമായിരുന്നു.” ഒരാഴച്യ്ക്ക് ശേഷം മെയില്‍ ബോക്സില്‍ ജര്‍മനിയിലെ ആ ഡോക്ടര്‍ എന്റെ ഹൃദയത്തെ ത്രസിപ്പിച്ചുകൊണ്ട്‌ വന്നു നിന്നു.. കുറെ ദിവസം ഞാനാ മെയില്‍ തുറക്കാതെ ജിഞാസയുടെ നിമിഷങ്ങളെ ദീര്‍ഘിപ്പിച്ചു. എന്റെ മനസ്സിലെ ഹെസ്തിയ പുനര്നിര്മിക്കപ്പെടുന്നതെന്തിനെന്ന ചോദ്യം ഒരിടയ്ക്കെന്നില്‍ കടന്നു വന്നതായിരുന്നു കാരണം. അവ്യക്തതയാല്‍ അപൂര്‍ണ്ണമായ എന്നിലെ ചിത്ര ചതുരത്തില്‍ ഹെസ്തിയയുടെ സൌന്ദര്യമുള്ളൊരു ജീവിതം ഞാന്‍ എന്റേതായി വരച്ചു വെച്ചിട്ടുണ്ട്. ആരെന്നും എന്തെന്നും അറിയുന്നതിലൂടെ അത് പുതുക്കപ്പെട്ട് ഹെസ്തിയ എന്റെ ഉറ്റവരുടെ ജന്മാന്തര പരമ്പരക്കണ്ണികളില്‍ നിന്നും വേര്‍പെട്ടു എനിക്കന്യയായി മാറുകയോ എന്നില്‍ നിന്നും എന്നന്നേക്കുമായി തിരോഭവിച്ചു പോവുകയോ ചെയ്യുമെന്ന് ഞാന്‍ തെല്ലിട ഭയപ്പെട്ടു. എന്നിട്ടും നീണ്ടു പോവുന്ന അവളുടെ പിന്മടക്കത്തിന്റെ ഉല്‍ക്കണ്ഠയെ മറികടക്കാനാവാതെ ഒടുക്കം ഞാന്‍ ഡോക്ടറെ തുറന്നു വായിക്കുക തന്നെ ചെയ്തു. ദീര്‍ഘമായ എഴുത്തിന്റെ ഇങ്ങേയറ്റത്തു ഹെസ്തിയയെ ഞാന്‍ ഹൃദയമിടിപ്പോടെ കണ്ടു.

പ്രശസ്തവും പുരാതനവുമായ കൃസ്തീയ കുടുംബത്തിലെ മൂന്നു പുത്രിമാരില്‍ മൂത്തവളാണ് ഹെസ്തിയ. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവള്‍. കുടുംബത്തിലുണ്ടായ ദൈവ വിളിയില്‍ കര്‍ത്താവിന്റെ തിരുവധുവായി തിരഞ്ഞെടുക്കപ്പെട്ടവള്‍. മൂന്നു വര്‍ഷത്തെ ശ്രേഷ്ഠ പഠനം പൂര്‍ത്തിയാക്കി സഭയുടെ തിരുവസ്ത്രം സ്വീകരിക്കാനൊരുങ്ങുകയാണവള്‍. .....ഉള്‍ക്കിടിലത്തോടെ ഇത്രയും സംഗ്രഹിച്ചു ഞാന്‍ ഡോക്ടറെ വായിച്ചു. എന്റെ അമ്പരപ്പുകളില്‍ അനേകം ചോദ്യങ്ങളുടെ കടന്നല്‍ കൂടിളകി. ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ ഞാന്‍ ഉള്ളിലാളുന്ന വിങ്ങലോടെ കണ്ണുകള്‍ ഇറുകെയടച്ചു. എന്റെ മുന്നിലുണ്ടായിരുന്ന തത്തക്കുട്ടിയും മൈന കുട്ടനും വികൃതികളുമായി എന്നെ വലം വെച്ച ശേഷം കണ്ണെത്താ ദൂരത്തേക്ക് ഓടിപ്പോയി.. അവളുടെ സ്നേഹ സുന്ദരന്‍ ചതുരകള്ളിയില്‍ നിന്നും നീളമേറിയ മിനുസത്തിലൂടെ വളഞ്ഞു പുളഞ്ഞു താഴേക്കു ഊര്‍ന്നപ്രത്യക്ഷമായി. ഹെസ്തിയ ഒരു ചെറു പുഞ്ചിരിയോടെ ചതുരക്കള്ളികള്‍ പിന്നിട്ട് ലംബമായ രേഖീയതയുടെ ഏണിപ്പടികള്‍ ഓരോന്നായി ചവിട്ടിക്കയറി മുകളിലേക്ക് പോയി. ഞാന്‍ എന്തിനെന്നില്ലാതെ അസ്വസ്ഥനായി. ഓരോ സന്ദര്‍ഭങ്ങളിലായി ഞാനവള്‍ക്കു  നിര്‍മിച്ചുകൊടുത്ത മുഖങ്ങളൊന്നും അവള്‍ക്കു ചേരാതായി.. മുഖമില്ലാത്ത ഹെസ്തിയ എന്നില്‍ ഒരു പരിഭ്രമമായി മാറി. .

പിന്നീടെപ്പോഴോ പതിയെ എന്റെ ചിന്തകളുടെ ഘടന ലളിത രൂപം കൈവരിച്ചു. എന്നില്‍ തുറന്നു വെച്ചു കടന്നു പോയ അവളുടെ മോഹങ്ങളുടെ അദ്ധ്യായങ്ങള്‍ക്ക് പൊരുളുകള്‍ ഞാന്‍ കണ്ടെത്തി..ഹെസ്തിയയുടെ മുന്‍ പിറവികളുടെ അങ്ങേയറ്റത്ത് നിന്നാവാം അവള്‍ എന്നോട് സംസാരിച്ചു തുടങ്ങിയത്. പേരിനപ്പുറമൊരു സ്വന്തം മുഖമോ തന്നിലേക്ക് നീളുന്ന ഒരു പാഴ് പഴുതു പോലുമോ മനസ്സുകൊണ്ട് തരാതെ തന്നിലുറയുന്ന ജീവിത സ്വപ്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് ഒരു ഏകാങ്ക കാണിയായി എന്നെ പ്രതിഷ്ടിച്ചതാവം.. മുന്നിലെത്തുമ്പോഴെല്ലാം ഈ വിശുദ്ധമായ പിന്‍പിറവിയുടെ വാതിലവള്‍ കുറച്ചു നേരത്തെക്കെങ്കിലും കൊട്ടിയടച്ചതാവാം. അല്ലെങ്കില്‍ ഒരു നിറ സൌഹൃദത്തിന്റെ രൂപ ഭംഗി ചോരാതെ സൂക്ഷിക്കാന്‍ മനസ്സിലുടക്കിയ ഏതോ ഒരു ജീവിത കഥ സ്വയം അനുഷ്ഠിക്കുന്നതായി ഭാവിച്ചതാവാം. അങ്ങനെയൊക്കെ ആവാനേ തരമുള്ളൂ.

പള്ളിയങ്കണത്തില്‍ നിറങ്ങളില്‍ നെയ്ത തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തി കുര്‍ബാന കൊള്ളുന്ന അനേകം യുവതികള്‍ക്കിടയില്‍ എനിക്കിപ്പോള്‍ ഹെസ്തിയയെ കാണാം. . എനിക്കവളെ തിരിച്ചറിയാനാവുന്നു. നിറമുള്ള ഉടയാടകളും ആഭരണങ്ങളുമിപ്പോള്‍ അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം അഴിച്ചു വെക്കപ്പെടും. ഒറ്റനിറമുള്ള തിരുവസ്ത്രത്തിലേക്കവള്‍ ജീവിതത്തെ മാറ്റിപ്പാര്‍പ്പിക്കും. എന്റെ മനസ്സിലുണ്ടാവുന്ന വേനല്‍ തളര്‍ച്ചയിലേക്ക് ഇനിയെന്നെങ്കിലുമൊരിക്കല്‍ ഒരീറന്‍ കാറ്റുപോലെയവള്‍ പിന്നെയും കടന്നു വന്നേക്കാമെന്ന് വെറുതെ ഞാന്‍ പ്രത്യാശിക്കുന്നു. അപ്പോളവള്‍ പുതിയ ജീവിത പരിസരത്തെ സ്വപ്നങ്ങള്‍ പുരട്ടാതെ സത്യമായി എനിക്ക് മുന്നില്‍ തുറന്നു വെക്കുമെന്നും വെറുതെ ഞാന്‍ വിചാരിക്കുന്നു . .Thursday, May 20, 2010

മൂന്നു പെണ്ണുങ്ങള്‍

(1)

മിഴിപൂട്ടി നീ ജീവിതത്തിന്റെ ദുരിതവും ദൂരവും കണ്ടിരിക്കുമ്പോള്‍
ദിവാസ്വപ്നത്തിലെ ഉടല്‍ ശാസ്ത്രമേതെന്നവള്‍ ചോദിക്കും
ലോലഭാവങ്ങള്‍ പിന്‍കഴുത്തിന്‍ കൊളുത്തുകളില്‍ കുറുകുമ്പോള്‍
നിലവിലെ ഇലപൊഴിക്കും ജീവിതത്തെ അവളോര്‍മിപ്പിക്കും
വിപണിയിലെ പന്തയ പാതയിലൊടുവിലെത്തി കിതപ്പണയ്ക്കുമ്പോള്‍
ഉള്ളിലെവിടെയോ ചത്തുപോയ കുതിരയെയവള്‍ ചൂണ്ടി കുറ്റപ്പെടുത്തും

അപ്പോഴാവും നിന്നിലെ കാമുകന്‍ മോഹത്തിന്റെ ഷഡ്പദ ഹൃദയമണിഞ്ഞു
ഏതോ ഒരു കാമിനിയിലേക്ക് പറന്നണയുക .

(2)

പ്രണയത്തിലെ അടച്ചിട്ട ഒറ്റമുറിയില്‍ നീ ഭാവിയെ കോര്‍ത്തിരിക്കുമ്പോള്‍
സ്നേഹത്തിന്റെ ഉഷ്ണമാപിനി ശ്രദ്ധയോടെയവള്‍ നോക്കിയിരിക്കും
കാല്പനികതയുടെ കടല്‍ യാത്രകളില്‍ കാഴ്ചകള്‍ മങ്ങിത്തുടങ്ങുമ്പോള്‍
സ്വപ്നത്തിന്റെ മറുകരയ്ക്കിത്രയും ദൂരമോയെന്നവള്‍ വിലപിക്കും
വിഹിത ബന്ധങ്ങളിലുടക്കി നീളുന്ന കാലത്തില്‍ നിസ്സഹായനാവുമ്പോള്‍
കത്തുന്ന പ്രണയം മറ്റൊരു തിരിയിലേക്ക് പകരാനവള്‍ വിചാരം ചെയ്യും

അപ്പോഴാണ്‌ നിന്നിലെ സുഹൃത്ത് ആത്മനിന്ദയുടെ മുയല്‍ ഹൃദയവുമായി
ഏതോ ഒരു സ്നേഹിതയെ മണല്‍കാട്ടിലേക്ക് തിരഞ്ഞു പോവുക

(3)

സൌഹൃടത്തിലെ തുറന്നിട്ട ജനാലകള്‍ക്കരികെ നീ ഭൂതക്കണ്ണാടിയാവുമ്പോള്‍
അനുരാഗത്തിന്റെ വിപരീത പ്രസ്താവനകള്‍ അവളുരുവിട്ടു ചിരിക്കും
എവിടെയൊ ഉരഞ്ഞു തേഞ്ഞ സ്വത്വത്തിനായൊരു പ്രതിബിംബം തിരയുമ്പോള്‍
അനുതാപത്തിന്റെ മൂടുപടം പൊടുന്നനെയണിഞ്ഞവള്‍ കണ്ണാടിയല്ലാതായ്‌ മാറും
ശരീരമഴിച്ചു വെച്ച് ആത്മായന പാളങ്ങളിലൊന്നാവാന്‍ പരിണമിക്കുമ്പോള്‍
എന്റെ വണ്ടി തെക്കോട്ടേക്കല്ല വടക്കോട്ടെന്നറിയിച്ചവള്‍ അപരിചിതയാവും,

അപ്പോള്‍ മാത്രമാണ് നിന്നിലെ പാതകള്‍ക്കറുതിയാവുന്നതും ഒന്നിനും –
പതുങ്ങിവന്നു കയറാന്‍ പോലും വാതിലില്ലാത്തവനായി സുരക്ഷിതമാവുന്നതും

Friday, March 12, 2010

അവശേഷിപ്പുകള്‍

ക്ഷീണിച്ചു തളര്‍ന്നു ചുറ്റിലുമുള്ള ലോകത്തിന്റെ ഔപചാരിതകളെയെല്ലാം കവച്ചു വെച്ച് കിടന്നുറങ്ങുന്ന ജമാലിനെ മിക്കപ്പോഴും ഈ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയിരുന്നത് ചെരിഞ്ഞു പറക്കുന്ന ഒരു വിമാനചിത്രം പതിച്ച ഇളംനീല എയര്‍മെയിലായിരുന്നു. ഗ്രീഷ്മകാല നട്ടുച്ചയുടെ ചുട്ടുപൊള്ളുന്ന വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങിത്തളര്‍ന്ന ശരീരം പതിവുപോലെ പിന്നെയും പിന്നെയും അബോധത്തിലേക്ക്‌ നൂണ്ടു പോവാന്‍ നിര്‍ബ്ബ‍ന്ധിച്ചിട്ടും അതനുസരിക്കാതെ വന്നുമൂടുന്ന നിദ്രയെ തല കുടഞ്ഞെറിഞ്ഞ് അന്നും അയാള്‍ പെട്ടെന്ന് തന്നെ കട്ടിലില്‍ എഴുനേറ്റിരുന്നു. തലേന്ന് രാത്രി നേരമേറെ വൈകി തന്റെ തൂവിപ്പോയ ദൈന്യങ്ങള്‍ അരിച്ചെടുത്തും സ്നേഹമിടിപ്പുകളുടെ ശ്വാസവായു ഊതി നിറച്ചും എഴുതിയുണ്ടാക്കിയ നാലര പേജുള്ള ഒരു മനസ്സ് ആമിനയുടെ കൈകളിലേക്ക്‌ യാത്രയാവാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന ചിന്ത എന്നെത്തെയുംപോലെ ജമാലിനെ പെട്ടെന്ന് ഉന്മേഷവാനാക്കി. തെല്ലിട, ഒരുങ്ങിവന്ന ഒരു കോട്ടുവായുടെ പൂര്‍ണ്ണ സാക്ഷാത്കാരത്തിനു പഴുതനുവദീച്ച് കട്ടിലിലുണ്ടായിരുന്ന തോര്‍ത്തുമുന്ടെടുത്ത് തലയില്‍ ചുറ്റി അയാള്‍ കുളിക്കാനൊരുങ്ങി. പുലര്‍കാലത്തെ തണുത്ത വെള്ളത്തിലെ കുളി മാലിന്യങ്ങളുടെ വിയര്‍ക്കുന്ന നട്ടുച്ചയിലേക്കാണ് ഒരു ദിവസത്തെ തുറന്നു കൊടുക്കുന്നതെങ്കില്‍ വൈകുന്നേരത്തെ ചൂടുവെള്ളത്തിലെ കുളി വെടിപ്പായതും കുളിരുന്നതുമായ ഒരു രാത്രിയിലേക്കായിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞു പുറപ്പെട്ടാല്‍ അഞ്ചു മണിയാവുമ്പോഴേക്കും ബനിമാലിക്കിലെ തപാലാപ്പീസിലെത്താം. അതിനുവേണ്ടി ധൃതിയില്‍ ചലിച്ചു തുടങ്ങുന്ന ദിനചര്യകളുടെ രണ്ടാം ഭാഗം പുതിയൊരു ജമാലിനെയാ ണ്‌ എന്നും നിര്‍മിച്ചു പുറത്തു വിടുന്നത്.. അഴുക്ക് പുരളാത്ത തൂവെള്ള കുപ്പായത്തിലെ മുല്ലപ്പൂ സുഗന്ധവും പേറി കയ്യിലൊരു ഇളംനീലക്കവറും ഒതുക്കിപ്പിടിച്ച പുതിയൊരാളായി അയാള്‍ മാറുന്നു. തപാലാപ്പീസും ജമാലും തമ്മിലെ ദൂരം അര മണിക്കൂര്‍ കൊണ്ടാണ് അവസാനിക്കുന്നതെന്കിലും ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്യാനോ കാലുകള്‍ക്ക് വിശ്രമം നല്‍കാനോ ജമാല്‍ തുനിഞ്ഞിരുന്നില്ല. എല്ലാ പ്രവാസികളെയും പോലെ അയാളും പെരുക്കങ്ങളുടെ മല ചുമക്കുന്നവനാണ്. രണ്ടു റിയാലിന്റെ ബസ്‌ യാത്ര ഉപേക്ഷിക്കുമ്പോള്‍ തന്റെ നാട്ടിലെ ഇരുപത്തിരണ്ടോളം ഉറുപ്പിക കീശയില്‍ വന്നു ചേരുന്നതായി അനുഭവിച്ചു ജമാല്‍ സന്തോഷം കൊള്ളുന്നു. മാത്രമല്ല ആമിന അനുസ്യൂതമായ്‌ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ തപാലാപ്പീസിലെക്കുള്ള ഈ കാല്‍നടയാത്ര അതിന്റെ ആവര്‍ത്തനം കൊണ്ട് ക്ലേശരഹിതമായിത്തീരുകയും ചെയ്തിരുന്നു.

ശബ്ദമൊഴിഞ്ഞ ആമിന എഴുതുന്ന കത്തുകള്‍ അയാളെ സംബന്ധിച്ചിടത്തോളം ഒരിക്കലുമൊരു മറുകരയുടെ വിതുമ്പലോ അല്ലലിന്റെ വര്‍ത്തമാനങ്ങളോ ആയിരുന്നില്ല. പുതുമഴയുടെ ഗന്ധത്തിലും നിഷ്കളങ്കമായ ചിരിയിലുമലിയിച്ച ആര്‍ദ്രമായ സ്നേഹത്തിന്റെ ശോണമുദ്രകളിലൂടെയുള്ള ഒരു സുഖദമായ കാവ്യസഞ്ചാരം. നാവിന് ശബ്ദമുണ്ടായിരുന്നെന്കില്‍ പറഞ്ഞിരിക്കാവുന്നതും പറയേണ്ടതുമായ എല്ലാവിധ സ്നേഹവ്യാകരണങ്ങളുമാണതെന്നു അയാള്‍ക്കറിയാം. എല്ലാം പറഞ്ഞു നിര്‍ത്തുന്നിടം മാത്രം പേരിനും ചുവടെയായി അവളെന്നുമൊരു കുഞ്ഞുമുഖം രേഖാ ചിത്രമായി വരച്ചു വെച്ചുകൊണ്ടിരുന്നു. ഒരു ഗൂഡസ്മിതം പൊഴിക്കുന്ന ആമിന അപ്പോളയാളില്‍ മിന്നിമറയുക പതിവാണ്. പിന്നെ കടലാസിലെ ഓമനത്തമുള്ള കുഞ്ഞു മുഖം ഒരു കുഞ്ഞാമിയായി ഏറെ നേരം അയാളോട് സംസാരിക്കുമായിരുന്നു. ആ നേരങ്ങളില്‍ ജമാലിന്റെ വിരഹക്കടല്‍ വല്ലാതെ പ്രക്ഷുബ്ധമായി അലയടിച്ചുകൊണ്ടിരിക്കും. അതുവഴി വിവാഹ ജീവിതത്തിന്റെ മുപ്പതു നാളുകളെ മന:പാഠമായി കിട്ടുമ്പോള്‍ മണലാരണ്യത്തില്‍ നഷ്ടപ്പെടുന്ന ജീവിതത്തെ കുറിച്ചോര്‍ത്ത് അയാളെന്നും സങ്കടം കൊണ്ടു. ആമിനയുടെ സ്നേഹപച്ചപ്പുകളില്‍ നിന്നും നെടുവീര്‍പ്പിന്റെയും കണ്ണീരിന്റെയും മഞ്ചലില്‍ മരുഭൂമിയിലെക്കൊരു യാത്ര പൊടുന്നനേ സംഭവിച്ചതാണ്. എങ്കിലുമപ്പോള്‍ മനസ്സില്‍ ഒരായിരം സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞിരുന്നു. അറുതിയാവുന്ന കഷ്ടപ്പാടുകള്‍, തങ്ങളുടെയും ചുറ്റിലുമുള്ളവരുടെയും ജീവിതത്തില്‍ തെളിയിച്ചു വെക്കാവുന്ന വെളിച്ചം ഈ പാലായനത്തിലൂടെ സാധ്യമാവുമെന്ന് അയാള്‍ വിചാരിച്ചു. പക്ഷെ കഴിഞ്ഞ നാലുവര്‍ഷക്കാലമായി നഗര മാലിന്യങ്ങള്‍ നീക്കം ചെയ്തു പോന്നിട്ടും സ്വന്തം ജീവിതത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന ദാരിദ്ര്യവും കഷ്ടപ്പാടും മാത്രം പൂര്‍ണ്ണമായി നീക്കം ചെയ്യാനാവാത്ത ഒരു പാഴ്വസ്തുവായി തുടര്‍ന്നു.


നഗരവീഥികളെ വൃത്തിയാക്കുന്ന വലിയ കനത്ത ഇരുമ്പുപാളികളാല്‍ നിര്‍മിതമായ ആനവണ്ടിയെന്നു തോന്നിച്ച കൂറ്റന്‍ ശുചീകരണ ട്രക്ക്‌ ആദ്യം കാണുമ്പോള്‍ കൌതുകമുണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു ജമാലിന് . തെരുവിലെ മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞ വലിയ പ്ലാസ്റ്റിക് പെട്ടികളുടെ രണ്ടറ്റവും ലോഹച്ചരടുകളില്‍ കോര്‍ത്ത്‌ അതിന്റെ തുറന്ന വായില്‍ വെച്ച് കൊടുക്കുമ്പോള്‍ അത് സ്വയം കമഴ്ത്തി ഒരു ഭീമാകാരമുള്ള ജന്തുവിനെപോലെ ഞെരിച്ചമര്‍ത്തിയും ചതച്ചരച്ചും കിട്ടിയതെല്ലാം ആഹാരമായത് ഭക്ഷിക്കുന്നു. മാര്‍ഗമദ്ധ്യെ കാണുന്ന തടസ്സങ്ങള്‍ എടുത്തുമാറ്റുന്നതുപോലുള്ള പുണ്യ പ്രവര്‍ത്തിയായി വിചാരിക്കുമ്പോഴും കത്തുന്ന വെയിലില്‍ അതിനെ ഊട്ടിയും ഉറക്കിയുമുള്ള നഗരം വൃത്തിയാക്കലാണ്‌ തന്റെ ജോലിയെന്നത് ആമിനയില്‍ നിന്നും അയാള്‍ എന്തുകൊണ്ടോ മറച്ചു വെച്ചു. അല്ലെങ്കില്‍ ആമിനയങ്ങനെയൊരു ചോദ്യത്തിലെത്താന്‍ മറന്നു പോയിരുന്നു. തന്റെ ദൈന്യതയിലും കഷ്ടപ്പാടുകളിലും ഇനിയുമവളുടെ കണ്‍നിഴല്‍ വീണു ഖിന്നയാവരുതെന്നു അയാള്‍ എപ്പോഴു ആഗ്രഹിച്ചു.അവളിലെ തന്റെ തെളിച്ചമുള്ള രൂപം മരുഭൂമിയിലെ പൊടിക്കാറ്റിലും മാലിന്യങ്ങളിലും മുങ്ങിയ വെറുമൊരു കോലമാവുന്നത് ജമാലിനിഷ്ടവുമായിരുന്നില്ല.

വൈകുന്നേരങ്ങളില്‍ തപാലാപ്പീസിലെ എഴുത്തുകുത്തുകളുടെ ജോലിയെല്ലാം പൂര്‍ത്തിയാക്കി വീട്ടിലേക്കുള്ള മടക്കത്തിലാണ് ജമാല്‍ ലോകത്തിന്റെ നടപ്പു ഗതികള്‍ അറിഞ്ഞിരുന്നത്. നാട്ടുകാരനായ ബഷീറിന്റെ താമസ സ്ഥലം അയാളെ സംബന്ധിച്ച് പുറം വാതില്‍ കാഴ്ചയിലെക്കുള്ള ദൂരദര്‍ശിനിയായിരുന്നു. ജോലികഴിഞ്ഞൊത്തുകൂടുന്ന ചങ്ങാതിമാരാല്‍ എപ്പോഴും ഇളകിമറിയുന്ന അവിടുത്തെ ചടുലമായ ഒരന്തരീക്ഷത്തില്‍ നിന്നും അയാള്‍ക്ക്‌ വര്‍ത്തമാന ലോകത്തെ മുറയ്ക്ക് പകര്‍ന്നു കിട്ടി. ഇറാക്ക് യുദ്ധവും, അമേരിക്കന്‍ ഭടന്‍ തന്റെ ആരാധ്യ പുരുഷനായ സദ്ദാമിന്റെ വായ തുറന്നു ടോര്‍ച് ലൈറ്റ് മിന്നിച്ചുകൊണ്ട് അണപ്പല്ലുകള്‍ ‍ പരിശോധിക്കുന്നതും പിന്നീടൊരിക്കല്‍ കയര്‍ കഴുത്തില്‍ കുരുക്കി കൊല്ലുന്നതും ഒരു പഴയ കാല സിനിമയിലെന്നപോലെ നേര്‍ത്ത വെളിച്ചത്തില്‍ കണ്ടത്‌ അവിടെ വെച്ചാണ്. മരണത്തിനു മുന്നിലും പഞ്ചേന്ദ്രിയങ്ങള്‍  തെല്ലും അയഞ്ഞുലയാതെ ഒരാള്‍ക്ക്‌ തന്റെ നിറം മങ്ങിയ പരിസരങ്ങളുമായി സംവദിച്ചു നില്‍ക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്നാദ്യമായി ജമാലറിയുകയായിരുന്നു. ഏതൊരു മരണത്തിന്റെയും ഇത്തരം ഓര്‍മ്മകള്‍ ഒരു നീണ്ട നടത്തത്തിന്റെ ആയാസങ്ങളെ ശരീരത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു നിര്‍ത്താന്‍ ജമാലിനെ സഹായിച്ചു. ഒന്നിന് പിറകെ ഒന്നായി കേട്ടറിഞ്ഞ മരണങ്ങളെല്ലാം ഒരു ഘോഷയാത്രയായി അപ്പോള്‍ മനസ്സിലെത്തുക പതിവാണ്. ഓരോ വാര്‍ത്തയിലും മരണത്തിന്റെ ആസന്നനിമിഷങ്ങള്‍ക്കരികെ അറിയാതെ ഒരു വിഹ്വല സാക്ഷിയായി നിന്നുപോവുകയോ താദാത്മ്യപ്പെടുകയോ ചെയ്യുന്നൊരു ശീലവും ജമാലിനുണ്ടായിരുന്നു. ഓരോന്നിലും അയാള്‍ സ്വയം മരണത്തെ നോക്കിനില്‍ക്കുകയോ മനസ്സില്‍ അനുഭവിക്കുകയോ ചെയ്തു പോന്നു. അപ്പോഴൊക്കെ എന്നും പതിവുപോലെ അറ്റം കാണാത്ത മണല്‍ക്കാട്ടില്‍ ഒരു യാത്രിക കുടുംബത്തോടൊപ്പം ജമാലിനും വഴിതെറ്റിപ്പോവാറുണ്ട്. ഓര്‍മകളില്‍ വിഹ്വലതയുണര്‍ത്തുന്ന കഥയില്‍ ദിക്കറിയാതെ.. കത്തുന്ന സൂര്യന്റെ കൊടും താപത്തില്‍ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അപരിചിതരായ രണ്ടു കുട്ടികളും ബാപ്പയും ഉമ്മയുമടങ്ങുന്ന ഒരു കുടുംബത്തോടൊപ്പം ജമാലും ദാഹിച്ചു വിണ്ടുകീറുന്നു. മരുഭൂമിയുടെ വിജനതയില്‍ വെന്തുരുകുന്ന നിസ്സഹായത അതുപോലെ അനുഭവിക്കുന്നു. ഒരു തുള്ളി ദാഹജലത്തിനായി പിടഞ്ഞു ചലനം നിലക്കുന്ന കുരുന്നുകളില്‍ നിന്നും ശബ്ദമില്ലാതെ ഓരോന്നായി പറന്നു പോവുന്ന പ്രാണന്റെ പക്ഷികളെ അയാള്‍ മൂകമായി നോക്കി നില്‍ക്കുന്നു. വാര്‍ത്തകളിലെ ഇത്തരം മരണങ്ങളില്‍ ഏറെ അനുഭവിക്കുന്ന ഒരു കഥയായി അതെന്നും തുടര്‍ന്നു പോന്നു

ബഷീറിന്റെ താമസ സ്ഥലത്തെത്തിയപ്പോഴേക്കും ജമാലിന്റെ ഗാഡമായ വിചാരങ്ങളില്‍ നിന്നും മരണങ്ങളെല്ലാം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി. അവിടെ കളി തമാശകളുടെയും പൊട്ടിച്ചിരികളുടെയും ലോകം ഇരമ്പിയാര്‍ത്തു. കുന്നോത്ത് തെരുവിലെ റെഡ്‌ സ്റാര്‍ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ ഒരു പകര്‍പ്പ് അവിടെ പുനര്നിര്‍മ്മിക്കപ്പെടുകയാണ്. മുരളിയും ബാവയും ചെസ്സില്‍ തല പൂഴ്ത്തിയിരിക്കുന്ന പതിവ് കാഴ്ച. കാരംസില്‍ ഒരു പങ്കാളിയെ കാത്തു ചീട്ടു കളിയില്‍ കമ്പമില്ലാത്ത മുജീബ്‌ ചതുര കോണങ്ങളുടെ ഒരറ്റത്തിരിക്കുന്നു. ബാബുവും മൊയ്തീനുമടങ്ങുന്ന ആറംഗ സംഘം ചീട്ടുകളിയുടെ ലഹരിയിലും അശ്ലീല ഫലിതങ്ങളുടെ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍ നിറയ്ക്കുന്നു. ബഷീര്‍ ഇനിയും ജോലി കഴിഞ്ഞെത്തിയിട്ടില്ല. അടുക്കളയില്‍ കയറിയ ഉടന്‍ ഒരു ചായയിടാനുള്ള ഒരുക്കത്തില്‍ ജമാല്‍ മുഴുകി. ഈ പതിവ്ചായ എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. ഓര്‍ത്തിരിക്കാതെ ഒരു ചായ മുന്നിലെത്തുമ്പോള്‍ എല്ലാവരും സന്തോഷപൂര്‍വ്വം തന്നെ പുകഴ്ത്തി സംസാരിക്കുന്നത് കേള്‍ക്കാന്‍ ജമാലിനിഷ്ടമാണ്. കാരണം പ്രവാസത്തിലെ ചായ പലര്‍ക്കും ഒരു കൈപ്പുണ്യമല്ല.

ഏലക്കാ മണമുള്ള ചായ എല്ലാവരിലുമെത്തുന്നത്തിനിടയില് ബഷീര്‍ ടൈയില്‍ നിന്നും കഴുത്തിനെ മോചിപ്പിച്ചുകൊണ്ട്‌ അസ്വസ്ഥനായി കടന്നു വന്നു. ഒരു വല്ലായ്മയുടെ ഓളങ്ങള്‍ ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ഡേയ്.. ഈ മാന്ദ്യം നമ്മളെ തെണ്ടിക്കുമെന്നാ തോന്നുന്നത്.. ഇങ്ങനെ പോയാല്‍ കെട്ടുകെട്ടെണ്ടിവരും” എല്ലാവരും കേള്‍ക്കെ .മുരളിയോടായി ബഷീര്‍ പറഞ്ഞു.

മുരളി ചെസ്സില്‍ നിന്നും തലയുയര്‍ത്തി ബഷീറിലേക്ക് മെല്ലെ വിടുതലായി.
“നീയറിഞ്ഞോ ..കമ്പനി ആളെ കുറക്കാന്‍ തലയെണ്ണി തുടങ്ങി”. ആയിരം റിയാല്‍ തികച്ചു കിട്ടാത്ത സാദാ തൊഴിലാളികളാണ് ആദ്യ ഇരകള്‍ .....

പതിയെ ഓരോ കമ്പനികളിലെയും കേട്ടറിഞ്ഞ ആശങ്കകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.

“അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എണ്‍പത്‌ ലക്ഷം... . ദൌ ജോണ്‍സും നസ്ടാക്കും ഇടിഞ്ഞു. ബേങ്ക് കള്‍ പൊളിഞ്ഞു തുടങ്ങി.. സ്റ്റീല്‍ വിലയാണെങ്കില്‍ ഇപ്പൊ പകുതി...”
സഖാവ് ബാലന്‍ ചീട്ടുപെക്ഷിച്ചു പാര്‍ട്ടി സ്റ്റഡിക്ലാസ്സിലെന്ന പോലെ ഗൌരവം പൂണ്ടു.

മാന്ദ്യത്തിന്റെ കാറ്റ്‌ പതുക്കെ പതുക്കെ ചീട്ടുകളി മേശയിലേക്ക് പൂര്‍ണ്ണമായി പടര്‍ന്നു. ചീട്ടുകളെല്ലാം ഒരു വിശ്രമത്തിലെന്നപോലെ കമഴ്ന്നടിച്ചു കിടന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റും ജപ്പാനിലെ നിക്കിയും ലണ്ടനിലെ എഫ് ടി എസ് ഇ യും ഇന്ത്യയിലെ സെന്സെക്സും കടന്ന് ജനറല്‍ മോട്ടോര്‍സ്, വാള്‍മാര്‍ട്ട്, ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍, വേറിസണ് തുടങ്ങിയ കമ്പനികളിലേക്കും ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ് എന്നീ നഗരസഭകളുടെ ലേ ഓഫിലെക്കും ചര്‍ച്ചകളായി മാന്ദ്യ കാറ്റിനെ ബാലന്‍ മുന്നോട്ട് നീക്കി.

“ഈ കൊടുങ്കാറ്റില്‍ ഒരു പരിധിവരെ പിടിച്ചു നില്‍ക്കുക ചൈനയും ഇന്ത്യയുമാവും.. മുജീബ്‌ ചതുര കോണങ്ങളെ ഉപേക്ഷിച്ചുകൊണ്ട് പെട്ടെന്ന് പ്രവാചകനായി..”

ചര്‍ച്ചകള്‍ കത്തിക്കയറുമ്പോഴും കാര്യമായി ഒന്നും മനസ്സിലാവാതെ ജമാല്‍ വിഷണനായി എല്ലാം കേട്ടിരുന്നു. ഏതോ ഒരു ദുരന്തം വരാനിരിക്കുന്നുവെന്നു മാത്രം അയാള്‍ക്ക്‌ മനസ്സിലായി. ആഴ്ച്ചയറുതിയുടെ ആവേശങ്ങള്‍ പിന്നെയും പല വിഷയങ്ങളുമായി നീണ്ടു. എല്ലാം കെട്ടടങ്ങാന്‍ ഇനിയും മണിക്കൂറുകല്‍ ശേഷിക്കുന്നു. ബഷീറിനെ തനിച്ചു കണ്ടു കയ്യിലുണ്ടായിരുന്ന കുറച്ചു റിയാലുകള്‍ ആമിനക്കയച്ചു കൊടുക്കാന്‍ ഏല്‍പ്പിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ തിരിച്ചറിയാനാവാത്ത ഒരസ്വാസ്ഥ്യം മുളപൊട്ടുന്നതായി ജമാലറിഞ്ഞു.

റൂമില്‍ മടങ്ങിയെത്തിയിട്ടും ഒരു വല്ലായ്മ പൊതിഞ്ഞു നിന്നു. അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നപ്പോള്‍ ആമിനയെ കാണണമെന്ന ചിന്ത പൊടുന്നനെ അയാളെ അലട്ടി. ഇനിയും ആറു മാസങ്ങളുടെ ദൂരം നടന്നു തീര്‍ക്കാന്‍ ബാക്കികിടക്കുന്നു. തന്നെപോലൊരു താഴെക്കിട ജോലിക്കാരനെ സംബന്ധിച്ച് പ്രവാസമെന്നത് മരുഭൂമിയിലെ ഒരു തുറന്ന ജയില്‍ വാസം തന്നെയാണ്. ഇളവുകളോ എളുപ്പ വഴികളൊ ഇല്ലാതെ പൂര്‍ത്തിയാക്കേണ്ടുന്ന എഴുതപ്പെട്ട കാലാവധി. കുബ്ബൂസ് പോലെ രണ്ടായോ നാലായോ മുറിച്ചെടുക്കാനാവാത്ത ഒരു പരുത്ത നിര്‍വികാരതയാണത് . മറ്റൊന്നുമാലോചിക്കാതെ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു പെട്ടെന്ന് തന്നെ ആമിനയുടെ അടുത്തെത്തി. കടുംച്ചുവപ്പിന്റെ മൈലാഞ്ചിക്കൈവിരല്‍ പ്രേമപൂര്‍വം ഗ്രഹിച്ച് കണ്‍നിറയെ അവളെ കണ്ടു. പിന്നെ മുല്ലപ്പൂക്കള്‍ വിതറിയ പട്ടുമെത്തയിലെ ആദ്യരാവിന്റെ ഊഷ്മളതയിലൂടെ പതിയെ നിദ്രയിലേക്ക്‌ യാത്രയായി.. ഉറക്കത്തിലും ജമാല്‍ സ്വപ്നങ്ങളുടെ പുഴകള്‍ ഓരോന്നായി താണ്ടി എന്നും ആമിനയുടെ പറയാത്ത മോഹത്തിന്നരികേയെത്തി. അവള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മനസ്സില്‍ നിറങ്ങള്‍ നല്‍കി പ്രഭാതങ്ങളെ തന്റെതെന്ന പോലെ എന്നും സ്വന്തമാക്കുകയും ചെയ്തു.

ന്ന് ... ഹാജര്‍ നല്‍കി ജോലിക്ക് പുറപ്പെടുമ്പോള്‍ പാകിസ്ഥാനിയായ സൂപ്പര്‍വൈസര്‍ ജമാലിനോട് പതിവില്ലാത്തവിധം സൌഹൃദത്തോടെ പെരുമാറി. കുശലാന്വേഷണങ്ങള്‍ ചോദിച്ച ശേഷം കമ്പനി വന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ഒരു മുഖവുരയെന്നപോലെ വിവരിക്കുമ്പോള്‍ അയാളുടെ കണ്ണുകളില്‍ അന്നാദ്യമായി അധികാരത്തിന്റെ ചുവപ്പ് രാശി മാഞ്ഞു പോയതായി ജമാല്‍ കണ്ടു. പിന്നെ അയാള്‍ സ്നേഹപൂര്‍വ്വം ജമാലിന്റെ തോളില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു..
“ജമാല്‍ കമ്പനി ഒടുക്കം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്ട്രാക്ട്കള്‍ ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ട് തീരുമ്പോള്‍ ഞാനും നീയുമെല്ലാം നാട്ടിലേക്ക്‌ മടങ്ങേണ്ടി വരും.. പടച്ചവന്‍ തുണയാവാന്‍ പ്രാര്‍ത്ഥിക്കുക.” എല്ലാം കേട്ട ജമാലിന്റെ അമ്പരപ്പുകളിലേക്ക് അയാളുടെ നിസ്സംഗതയും സങ്കടവും ഒരിറ്റു നനവോടെ വന്നു വീണു. ജമാല്‍ സ്തബ്ധനായി ഒന്നുമുരിയാടാതെ നിന്ന് അയാളുടെ കൈ പിടിച്ചു കുലുക്കുക മാത്രം ചെയ്തു.

ആ രാത്രിയില്‍ പതിവുപോലെ ജമാല്‍ ആമിനയുടെ പുതിയ കത്ത് ഒരാവര്‍ത്തികൂടി വായിച്ച് മറുപടി എഴുതാനിരുന്നു. പക്ഷെ ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കടല്‍ക്കരയില്‍ അനാഥമാക്കപ്പെട്ട് നാലുദിക്കും തുറന്നു വെച്ച ഒരു ജീര്‍ണിച്ച സത്രം പോലെ താന്‍ ശൂന്യമായിരിക്കുന്നുവെന്നു ജമാല്‍ സ്വയമറിഞ്ഞു. സാധാരണ എഴുതാനിരിക്കുമ്പോള്‍ വന്നു നിറയുന്ന തന്നിലെ വികാര വിചാരങ്ങളുടെ ഉറവ ഇന്ന് തന്റെ മുന്നിലെ വെളുത്ത കടലാസിലേക്ക് ഒരക്ഷരം പോലും കൊണ്ടു വന്നു വെക്കില്ലെന്നുറപ്പായപ്പോള്‍ ജമാല്‍ എഴുത്തുപേക്ഷിച്ചു മെല്ലെ മെത്തയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു ആമിനയെ തേടി. ജലരാശിയിലെന്ന പോലെ ഇളകിയാടുന്ന ഒരു രൂപത്തിനപ്പുറം ആമിന മന:ക്കണ്ണുകളില്‍ തെളിഞ്ഞു വന്നില്ല. ജമാല്‍ പരിഭ്രാന്തനായി മെത്തയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരമേറെ ചെന്നിട്ടും ഉണര്‍ച്ചയുടേയോ ഉറക്കത്തിന്റെയോ ഇടയിലേക്ക് ആമിന വന്നതേയില്ല. പകരം നാട്ടുകാരനായ ബഷീര്‍ സ്ഥലകാലം തെറ്റി പെയ്ത അപൂര്‍വമായൊരു പെരുമഴയോടെ ഒരു മരണ ദൂതനായി ജമാലിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്ന ജമാല്‍ അസമയത്തെ ബഷീറിനെ കണ്ടു പകച്ചു. ബഷീറാകട്ടെ പതിയെ വിങ്ങിപ്പൊട്ടാറായ സങ്കടത്തോടെ കൈത്തലം അമര്‍ത്തിപ്പിടിച്ച് ചേതനയറ്റു നീലിച്ച ആമിനയെ ഉറക്കം പുരണ്ട ജമാലിന്റെ അര്‍ദ്ധ ബോധത്തിലേക്ക് അനേകം അയുക്തികളുടെ മുഖവുരയില്‍ പൊതിഞ്ഞു മെല്ലെ കൊണ്ടുവന്നു കിടത്തി. ജമാല്‍ കണ്ണുകള്‍ കുടഞ്ഞ് തൊണ്ട പൊട്ടുമാറുച്ചത്തില്‍ പടച്ച റബ്ബിനെ വിളിച്ചു…പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലുമില്ലാതെ നിശ്ചലനായി കട്ടിലിലേക്ക് കൊഴിഞ്ഞു വീണു. ജമാലിനരികെ ഉറക്കച്ചടവോടെ ആളുകള്‍ പെരുകി. അപ്പോഴേക്കും ജമാല്‍ ഇടമുറിയാത്തൊരാവര്‍ത്തനമായി ഒരു കാഴ്ചയിലേക്ക് ചുരുങ്ങിപ്പോയിരുന്നു. വിറകു പുരയും ആമിനയും അവളുടെ കൈത്തണ്ടയിലെ രണ്ടു ചുവന്ന പൊട്ടുകളും വളഞ്ഞു പുളഞ്ഞു പോകുന്ന മരണ വേഗവും. ജമാല്‍ തൊട്ടരികെ അതെല്ലാം കനത്ത നെഞ്ചിടിപ്പോടെ കണ്ടു നിന്നു.നിമിഷങ്ങളുടെ വലിഞ്ഞു മുറുകി തെറിച്ചു വീഴുന്ന വൃത്ത ശീലങ്ങളും ആഴ്ച്ചയുടെയോ മാസത്തിന്റെയോ അക്കങ്ങളുടെ കണിശ ദുശാഠ്യവും ജമാലിനെ സ്പര്‍ശിക്കാതെ കടന്നു പോവാന്‍ തുടങ്ങിയത് അനിവാര്യമായിരുന്ന ഒരു യാത്ര ഉപേക്ഷിച്ചതിനു ശേഷമായിരുന്നു. കണ്ണ് തുറക്കാത്ത.. ചിരിക്കുകയും കരയുകയും ചെയ്യാത്ത നിശ്ചെതനയെ പുല്‍കിയ ആമിനയെ ഒരു കാഴ്ചയിലുമിനി പ്രതിഷ്ഠിക്കാന്‍ ജമാല്‍ ഒരുക്കമായിരുന്നില്ല. അതിനാല്‍ പല രാത്രികളിലും ഉറക്കമിളച്ചിരുന്നു ആമിനയുടെ കത്തുകള്‍ വായിക്കുകയും വീണ്ടും വീണ്ടും മറുപടി എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു. തന്റെ അയക്കാത്ത കത്തുകള്‍ എവിടെയോ ഒരിടത്തിരുന്ന് ആമിന വായിക്കുന്നുണ്ടെന്നു ജമാല്‍ വിശ്വസിച്ചു.


കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടതായുള്ള അറിയിപ്പ് കൈപ്പറ്റിയ ദിവസം ജമാലിന് പഴയ ഉത്സാഹം തിരിച്ചുകിട്ടിയതായി അനുഭവപ്പെട്ടു. മനസ്സില്‍ തികട്ടി വന്ന പൂര്‍ണ വിരാമത്തിലൂടെ ശുചീകരണ വണ്ടിയുടെ ഒരു കോണില്‍ തൂങ്ങി തെരുവിലേക്കുള്ള യാത്രയില്‍ അന്നെന്തുകൊണ്ടോ ജമാല്‍ കാണുന്ന നഗരം പുതിയൊരു ഭാവം കൈവരിച്ചു. വിജനത ഭീതിയുടെ തണുത്തുറയുന്ന ശ്വാസവായു സൃഷ്ടിക്കുന്നതുപോലെ കടന്നു പോകുന്ന ആള്‍ക്കൂട്ടങ്ങളെല്ലാം പരിഭ്രാന്തിയുടെ തിടുക്കപ്പെട്ട മരണപാച്ചിലായി മാറി. നഗരം മുഴുവന്‍ ചവറുകൂനകളാല്‍ മൂടപ്പെട്ടുകണ്ടു. മരണം വലിയ കാഹളം മുഴക്കി കര്‍ണ്ണ കഠോരമായി നടന്നു നീങ്ങുന്നതായി ജമാല്‍ കേട്ടു.

ആദ്യത്തെ തെരുവിലെത്തിയ ജമാല്‍ ശാന്തനായി ഇറങ്ങി ജോലി ആരംഭിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ പ്ലാസ്റ്റിക് പെട്ടിയില്‍ ലോഹച്ഛരടുകള്‍ ശ്രദ്ധയോടെ കൊരുത്ത്‌ തന്റെ വളര്‍ത്തു മൃഗത്തിനു പ്രഭാത ഭക്ഷണം നല്‍കി. ശൂന്യമായ പെട്ടിയില്‍ പിന്നെയും അവശേഷിപ്പുകള്‍ നിറച്ച് ലോഹച്ചരടുകളില്‍ പൂട്ടുമ്പോള്‍ ആകാശത്തോളമുയര്ന്നും ഭൂമിയിലേക്ക്‌ തിരിച്ചെത്തിയും വലിയ വൃത്തത്തില്‍ കറങ്ങുന്ന കളിത്തൊട്ടിലുകളെ ജമാല്‍ ഓര്‍ത്തു. ആളൊഴിഞ്ഞ കൂടുകള്‍ മനസ്സില്‍ കറങ്ങി. അനാഥമായ ഒരു ബാല്യം നേര്‍ത്ത മഞ്ഞുമറ നീക്കി മുന്നില്‍ തെളിഞ്ഞു വന്നു. പിന്നെ തിരശ്ശീലയിലെന്ന പോലെ ജീവിതത്തിന്റെ നെടുകെയും കുറുകെയുമുള്ള ഓരോ ചിത്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവന്റെ നോവുകളുമായി വെറും പാഴ്വസ്തുവായിപ്പോയ ഓരോ ജമാല്‍ മിന്നി മറഞ്ഞു. . ഏറ്റവുമൊടുവില്‍ തന്നെയും സ്വപ്നങ്ങളെയും ഉപേക്ഷിച്ചു പോയ പ്രിയപ്പെട്ടവള്‍ ഒരു പാഴ്വസ്തുവിന്റെ ജന്മാവൃതി പൂര്‍ത്തിയാക്കിയതോര്‍ത്തു. ജമാലിന്റെ ഓര്‍മയുടെ നക്ഷത്രങ്ങള്‍ പിന്നെ ഓരോന്നായി കെട്ടു. ലോഹച്ചരടുകള്‍ വലിഞ്ഞു മുറുകുന്ന യന്ത്രവിലാപം കേള്‍ക്കെ തനിക്ക് മുന്നിലെ പ്ലാസ്റ്റിക്‌ തൊട്ടിലില്‍ അവധാനതയോടെ കയറി മാലിന്യങ്ങളില്‍ ജമാല്‍ കണ്ണുകള്‍ ഇറുകെയടച്ചു ആമിനയെ നെഞ്ചോട്‌ ചേര്‍ത്തു കിടന്നു.
Thursday, December 31, 2009

മണ്ണാങ്കട്ടയും കരിയിലയും

അവന്‍ പറഞ്ഞു :

ഈ അനുയാത്രയില്‍
നീ അലിവോടെ തരേണ്ടത്
കടല്‍‍ മഞ്ഞു പേറുന്നൊരു
തണുത്ത കാറ്റ്.
വേനല്‍ മരം പെയ്യുന്നൊരു
നിഴലടയാളം.
പെരുമഴയിലുലയുന്നൊരു
കുടക്കീഴിന്നഭയം .
അതില്‍ നനയാതെ
ചേര്‍ത്തു പിടിക്കുന്നോരമ്മതന്‍കനിവ്.
ജീവിതത്തിന്നെഴുത്തു പലകയില്‍
കൂട്ടിപ്പിടിച്ചക്ഷരങ്ങളെ പിന്തുടരാനൊരു
അറിവിന്റെ കൈ.
ഉറങ്ങാനൊരു മുത്തശ്ശി കഥ
ഉണരാനൊരു പാട്ടിന്റെ ഈണം

അവള്‍ പറഞ്ഞത്:

നീയൊരു അലിഞ്ഞുപോകും മണ്ണാങ്കട്ട
ഞാനൊരു പറന്നുപോം കരിയിലയും
ഇതൊരു പാതയില്ലാ
തീര്‍ത്ഥ സഞ്ചാരം.
വിധിയുടെയിടമെത്തുമ്പോള്‍
വിട ചൊല്ലലിന്‍ ബാധ്യതയില്ലാതെ
പറന്നെങ്ങോ പോകേണ്ടവള്‍
നിനക്ക് തരാനെനിക്ക്
വെയിലില്‍ നരച്ചൊരു കടലാസ് പൂവ്.
ക്ഷണമാത്രയുടെ ചിതറിയൊരു മഴവില്ല്.
നിന്‍മനസ്സിന്‍ നാവിനു പകരമായ്
എന്‍ഹൃദയമടച്ച കേള്‍വിയില്ലാത്തൊരു ചെവി.
ഉത്തരമില്ലാത്തൊരു കടങ്കഥ
ഉര്‍വരതയറ്റൊരു കനവ്‌

എന്നിട്ടുമവര്‍ മനസ്സില്‍ പറഞ്ഞത് :

നീ വന്നണഞ്ഞപ്പോള്‍
നീയില്ലായിരുന്നെന്നറിഞ്ഞ ഞാന്‍
നീ പോയണയുമ്പോള്‍
നീയുണ്ടായിരുന്നെന്നറിയും

Wednesday, December 9, 2009

കുഞ്ഞാമി


നിക്കും സവിതക്കുമിടയിലെ അടക്കിപ്പിടിച്ച വിങ്ങലുകളുടെ ലോകം ഒരുല്‍സവമെന്നപോലെ ആരവങ്ങള്‍ നിറഞ്ഞതും നിറപ്പകിട്ടുള്ളതുമായി മാറിയത് കുഞ്ഞാമിയിലൂടെയായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ സൂക്ഷ്മതയോടെ മാറ്റിവെച്ച കുഞ്ഞുമുഖമുള്ള ഒരു വാക്കായിരുന്നു ഒരിക്കലത്. പ്രണയ പര്‍വ്വത്തില്‍ മുടങ്ങാതെ ഉച്ചരിച്ചുപോയതിനാല്‍ വിപ്ലവകരമായ മിശ്രവിവാഹവും കഴിഞ്ഞു ആറ് വര്‍ഷങ്ങളിലെ നീണ്ട കാത്തിരിപ്പിന്റെ ശൂന്യത ഉള്ളുലച്ചു കനത്തുനില്‍ക്കെ കുഞ്ഞാമി മാത്രം നാവിന്‍തുമ്പില്‍ വരാതിരിക്കാന്‍ ഞങ്ങള്‍ പരസ്പരം ശ്രദ്ധിച്ചു. ഒരു മൂകമായ തേങ്ങല്‍ തമ്മിലറിയാതെ ഞങ്ങള്‍ കൈമാറിയിരുന്നു. രാത്രി പകലിനെയും പകല്‍ രാത്രിയേയും പിന്നിട്ടുള്ള നൈരന്തര്യത്തില്‍ ഞങ്ങള്‍ ആവര്‍ത്തന വിരസമായ അദ്ധ്യായങ്ങളായി. അവളുടെ നീണ്ട പകലുകളും ഏകാന്തതയും വായിക്കപ്പെടാതെ പോവും വിധം ഞാന്‍ ജോലി കഴിഞ്ഞു വൈകിയും ക്ഷീണിച്ചും വീട്ടിലെത്തുക പതിവായി. പറയാനുള്ളതും കേള്‍ക്കാനുള്ളതുമായ വാക്കുകളിങ്ങനെ ചുരുങ്ങി മുറിഞ്ഞപ്പോഴാണ് ഞങ്ങളുടെ ഒറ്റപ്പെട്ട ചെറിയ ലോകത്തില്‍ വരാനിരിക്കുന്ന കുഞ്ഞാമി‍ക്കുള്ള പ്രിയതരമായൊരിടം സവിത ഒരുക്കിത്തുടങ്ങിയത്.
ഒഴിവുനേരങ്ങള്‍ ഒന്നായി ചേര്‍ത്ത് തുന്നിക്കൂട്ടി അവള്‍ ഒരു നിയോഗം പോലെ കര്‍മനിരതയായി. പഴയ തലയിണയുടെ പരുത്തികൊണ്ട് അവള്‍ മൃദുലമായൊരു കുഞ്ഞു മെത്തയുണ്ടാക്കിയാദ്യം. പിന്നെ വ്യത്യസ്ത ഇളം നിറങ്ങളിലെ കുഞ്ഞുടുപ്പുകള്‍.. തൂവെള്ള കാലുറകള്‍. തിളങ്ങുന്നൊരു ചുവന്നപൂവ് വെച്ചുപിടിപ്പിച്ച കുഞ്ഞുതൊപ്പി. കണ്ണെഴുതിയ പാവകള്‍..തൊങ്ങലുകളുള്ള ഒരു കളിത്തൊട്ടില്‍... ഇങ്ങനെ ഓരോ ദിവസവും ഓരോന്നായി മുറിയില്‍ പലയിടങ്ങളിലായി സ്ഥാനം പിടിച്ചു. ഇടയ്ക്ക് അവയെല്ലാം കണ്ടു നില്‍ക്കുമ്പോള്‍ ജനലിലൂടെ അരിച്ചെത്തി അവയെ തൊട്ടു തലോടി പ്പോവുന്ന ഇളം കാറ്റിനു മുലപ്പാലിന്റെ ഗന്ധമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നി. ജോലികഴിഞ്ഞ് തിരിച്ചെത്തുന്ന വൈകുന്നേരങ്ങളില്‍ കുഞ്ഞാമിക്കായി തുന്നിത്തീര്‍ത്ത പുതിയ ഒരുടുപ്പ്‌ തിളങ്ങുന്ന കണ്ണുകളുമായി നിത്യവും അരുമയോടെയവള്‍ എന്റെ കയ്യില്‍വെച്ചു തന്നു. അപ്പോഴെല്ലാം ഒരു കുഞ്ഞിന്റെ അനിര്‍വചനീയമായ സ്നിഗ്ദതയും പാല്‍ മണവും ഞാന്‍ മനസ്സിലറിഞ്ഞു. അതിന്റെ നനുത്ത കവിളില്‍ മുഖം ചേര്‍ത്തുമ്മവെക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. സവിതയുടെ മാറിടങ്ങള്‍ അവളുടെ കോട്ടന്‍ ബ്ലൌസില്‍ നനവിന്റെ വൃത്തങ്ങള്‍ വരക്കുന്നത് ഞാന്‍ മനകണ്ണുകളില്‍ അറിയാതെ നിറച്ചു.
ന്നിപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഞങ്ങളുടെ കുഞ്ഞാമിയാണ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹക്കലഹങ്ങള്‍ പതിവാക്കിത്തരുന്നത് അവളാണ് . ഞങ്ങളുടെ മനസ്സില്‍ സുഖമുള്ള നോവുകള്‍ പടര്‍ത്താന്‍ എന്നും അവള്‍ കാരണമായി നിന്നു. വിവാഹപൂര്‍വ പ്രണയ കാലത്തെ സവിതയെ അപ്പോഴൊക്കെയും കുഞ്ഞാമി എനിക്കായി തിരിച്ചു തന്നു . പ്രിയവും ആശ്വാസവുമായിരുന്നു എനിക്കത്. അത്തരം കലഹങ്ങളില്‍ സവിത ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരമ്മയായി മാറുന്നത് ഞാന്‍ കണ്ടു. കുഞ്ഞാമിയെ ഞാന്‍ ശ്രദ്ധിക്കുന്നതെയില്ലെന്നതാണ് അവളുടെ പ്രധാന പരിഭവവും പരാതിയും. ഒരച്ഛന്റെ ശ്രദ്ധയുടെയും ലാളനയുടെയും നീണ്ട പാതകള്‍ അവള്‍ എനിക്ക് മുന്നില്‍ തുറന്നു വെച്ചു. "സച്ചൂ ഇതൊന്നും കാണുന്നില്ലേ?" അടുക്കളയില്‍ നിന്നും സവിത എപ്പോഴുമെന്റെ വായനയേയോ എഴുത്തിനെയോ മുറിച്ചു കൊണ്ടിരുന്നു. മുട്ടിലിഴഞ്ഞു കണ്ണില്‍ കണ്ടതെല്ലാം പെറുക്കി വായിലേക്ക് കൊണ്ടുപോവുന്ന കുഞ്ഞാമിയെ ഞാന്‍ കാണുന്നില്ല.. അവള്‍ ഉണക്കിയിട്ട വസ്ത്രങ്ങള്‍ വാരിവലിച്ച് ഒന്നൊന്നായി തറയിലിടുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. അടുക്കളയില്‍ ഇഴഞ്ഞെത്തി പാത്രങ്ങള്‍ ഉടക്കുന്നത്.. അവളുടെ സാരിത്തുമ്പില്‍ പിടിച്ചു നിന്നു ജോലി തടസ്സപ്പെടുത്തുന്നത് .. ഒന്നും ഞാനറിയുന്നില്ല... ജോലിക്കിടയിലും അവളെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതൃത്വത്തിന് ഒരു ആറാമിന്ദ്രിയമുണ്ടെന്നും അത് സ്വന്തം കുഞ്ഞിനു ചുറ്റും ശ്രദ്ധ തെറ്റാത്തൊരു കാവല്‍ കണ്ണായി സഞ്ചരിക്കുന്നുവെന്നും പലപ്പോഴും എനിക്ക് ബോധ്യപ്പെട്ടു. അരിശത്തോടെ എന്നെ ശകാരിക്കുമ്പോള്‍ തെറ്റ്ചെയ്ത ഒരു കുട്ടിയെപോലെ അവളെ ദയനീയമായി നോക്കി നില്‍ക്കുക മാത്രം ഒരു പതിവായി . "ഇങ്ങനെയൊരു ശ്രദ്ധയില്ലാത്ത സാധനം.. പറഞ്ഞിട്ടെന്തു കാര്യം " എന്ന് പിറുപിറുത്ത് അവള്‍ മുഖം വെട്ടിച്ച് കടന്നു പോവുകയും.
ഒരിക്കല്‍ ഈ ദയനീയത മറികടക്കാനും കുഞ്ഞാമിയെ ശ്രദ്ധിക്കുന്നുണ്ടെന്ന് വരുത്താനും ഞാനുരുപായം കണ്ടുപിടിച്ചു. ഇടയ്ക്കിടെ സവിതയെ നീട്ടിവിളിച്ച് " സവീ നീ മോള്‍ക്ക് പാല് കൊടുത്തോ ... ഉടുപ്പ് മാറ്റിക്കൊടുത്തോ എന്നൊക്കെ ഞാന്‍ വെറുതെ ചോദിക്കാന്‍ തുടങ്ങി. " ഓ എന്തൊരു നല്ല പപ്പ.. അതിനെ ഓര്‍മയുണ്ടല്ലോ .. സമാധാനം" ഒന്നാമുദ്യമത്തില്‍ തന്നെ സവിതയിലെ അമ്മ നിഷ്കരുണം എന്റെ ഉപായത്തിന്റെ മുനയൊടിച്ചു കളഞ്ഞു .
ജോലിയുടെ ഔദ്യോഗിക കെട്ടിയിരിപ്പുകളില്‍ ചിലപ്പോഴെല്ലാം സവിതയെയും കുഞ്ഞാമിയെയും ദിവസങ്ങളോളം എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. വിഹ്വലതയുടെ ഫോണ്‍ വിളികള്‍ അപ്പോഴൊക്കെയും എന്നെ തേടിവന്നു. ഒരിക്കല്‍ ഫോണ്‍ വിളിയുടെ അങ്ങേതലയ്ക്കല്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിറുത്താതെ വിതുമ്പുന്ന സവിതയെ കണ്ടു ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. കുഞ്ഞാമിക്ക് കലശലായ പനി. നനച്ചിട്ട തുണിയിലും പനിചൂട് ഇറങ്ങിപ്പോവാതെ നില്‍ക്കുന്നു. അറിയാവുന്ന പീഡിയാട്രിക് മെഡിസിനുകള്‍ ഞാന്‍ ഫോണിലൂടെ പറഞ്ഞു കൊടുത്തു. ഇത്തരം അവസ്ഥകളിലെല്ലാം ഒരു നഗരത്തില്‍ തനിച്ചാവുന്ന സവിതയും കുഞ്ഞാമിയും എന്നെ വല്ലാതെ പരിഭ്രമപ്പെടുത്തുകയും ജോലി മുഴുമിപ്പിക്കാനാവാതെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു ഭര്‍ത്താവിനു ഭാര്യയോടുള്ള സ്നേഹത്തെക്കാള്‍ ഒരച്ഛന് മകളോടുള്ള സ്നേഹം കണ്ടെടുത്ത് അപ്പോഴൊക്കെ സവിതയെനിക്ക് ഈറനണിഞ്ഞ ഒരു ചുംബനം നല്‍കുമായിരുന്നു. അവളേക്കാള്‍ കുഞ്ഞാമിയെ സ്നേഹിക്കാനും പരിചരിക്കാനും എനിക്ക് കഴിയണമെന്ന ശാഠ്യം അവള്‍ വെച്ച് പുലര്‍ത്തി. അതിനായുള്ള സന്ദര്‍ഭങ്ങളില്‍ അവള്‍ സന്തോഷിക്കുകയും ചുണ്ടില്‍ ഒരു ഗൂഡസ്മിതം തെളിച്ചു വെക്കുകയും ചെയ്തു പോന്നു. സുഖമില്ലാതെ ഒരിക്കല്‍ ആദ്യമായി അവള്‍ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ദിവസം അതിലൊന്നായിരുന്നു. കുഞ്ഞാമിക്ക് പനിപകരുമെന്നു പറഞ്ഞു കൂട്ടുനില്‍ക്കാന്‍ സമ്മതിക്കാതെ വീട്ടിലേക്ക് തള്ളിവിടുമ്പോള്‍ അവിടെ ചെയ്യേണ്ടുന്ന ഒരു നൂറു കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു വെച്ചു. "സുഖിക്ക്യായിരുന്നില്ലേ ... ഒരു ദിവസം മോളെ പരിചരിച്ച് പഠിക്കൂ "' എന്ന് അവളെന്നോട് പറയാതെ പറഞ്ഞു.
ഇങ്ങനെയെല്ലാം കെടുതികളില്ലാത്ത ഞങ്ങളുടെ സ്നേഹക്കലഹങ്ങള്‍ക്ക് നടുവില്‍ കുഞ്ഞാമി വളര്‍ന്നു. അവളെ ഞങ്ങള്‍ കുറച്ചകലെയുള്ള നഴ്സറി സ്കൂളില്‍ ചേര്‍ത്തു. നീലയില്‍ വെള്ളച്ചതുരങ്ങളുള്ള ഫ്രോക്കും വെള്ളകാലുറകളും ഷൂസുമണിഞ്ഞു ഭംഗിയുള്ള ഒരു കൊച്ചുബാഗും പാല്‍ നിറച്ച ഫ്ലാസ്ക്കുമായി അവള്‍ സ്കൂളില്‍ പോയി തുടങ്ങി. കുഞ്ഞാമി കൂടെയില്ലാത്ത നേരങ്ങളില്‍ സവിത വീണ്ടും പഴയതുപോലെ വല്ലാതെ തനിച്ചാവുന്നെന്നും വിരസമായ നേരങ്ങള്‍ അക്ഷമയോടെയാണ് കഴിച്ചു കൂട്ടുന്നതെന്നും ഓഫീസിലെത്തുന്ന ഇടക്കിടെയുള്ള ഫോണ്‍ വിളികളിലൂടെ ഞാനറിഞ്ഞു. എന്തിനെന്നില്ലാത്ത ഒരു വിഹ്വലതയോളം അത് വളരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്ന അപരിചിതരെ.. ഭിക്ഷാടകരെ.. നാടോടി സംഘങ്ങളെ.. എല്ലാം ഭയപ്പാടോടെയവള്‍ കണ്ടു തുടങ്ങി. അപ്പോഴൊക്കെയും ഫോണ്‍ വിളികള്‍ എന്നെത്തേടിയെത്തി. ഒരിക്കല്‍ സഹികെട്ട് ഞാന്‍ ദേഷ്യപ്പെട്ടു " നീയിനി മോളെ സ്കൂളിലയക്കണ്ട .... അവള്‍ പഠിക്കണ്ട.. കൊഞ്ചിച്ചിരുന്നോ.." സവിത ഒന്നും മിണ്ടാതെ വലിയ ശബ്ദത്തോടെ ഫോണ്‍ താഴെ വെച്ചു. എന്റെ ദേഷ്യത്തിന് നേരെ‍ നിശബ്ദമായി ശബ്ദമുണ്ടാക്കുക മാത്രമാണ് അവളുടെ പ്രതികരണ രീതി. അത്തരം സന്ദര്‍ഭങ്ങളില്‍ അടുക്കളയിലെ പാത്രങ്ങള്‍ തലതല്ലി കരയും ... .മേശമേല്‍ ചായക്കോപ്പ നിലവിളിച്ചു വന്നു തുളുമ്പി നില്‍ക്കും . അലക്കിയ വസ്ത്രങ്ങള്‍ ഇടിവെട്ടെന്നപോലെ മടങ്ങി നിവരും .. ഇപ്പോള്‍ ഫോണ്‍ മുഖം കുത്തി അതിന്റെ ഇരിപ്പിടത്തിലേക്ക് വീണതാണ് ഞാന്‍ കേട്ടത്.
"കുഞ്ഞാമി പഠിക്കുന്ന സ്കൂളില്‍ നൂറോളം കുട്ടികളുണ്ട്..ഏതാണ്ട് എല്ലാവരും അവളുടെ സമ പ്രായക്കാര്‍ തന്നെ. അവര്‍ക്കും നിന്നെ പോലെ അമ്മമാരുണ്ട് .. അവരൊക്കെ ഇങ്ങനെ വേവലാതിപ്പെട്ടിരിക്കയാണോ? " ഉറങ്ങാന്‍ കിടക്കെ അവളെ ചേര്‍ത്തുപിടിച്ചു ഞാന്‍ സൌമ്യമായി സമാധാനിപ്പിച്ചു. കുഞ്ഞാമിയുടെ ഗൃഹപാഠങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന സ്ഥിരമായ പരാതിയും പരിഭവവും ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീടുള്ള ദിനങ്ങള്‍ ശാന്തമായി കടന്നുപോയി.

ഫീസിലെ തിരക്കുള്ള ഒരു പ്രഭാതത്തെ മെരുക്കി വൈകിപ്പോയ ഉച്ചഭക്ഷണത്തിനൊരുങ്ങു മ്പോഴാണ്‌ സവിതയുടെ ഫോണ്‍ വന്നത്. "സച്ചൂ മോളിതുവരെ സ്കൂള്‍വിട്ടെത്തീല്ല.. അരമണിക്കൂര്‍ അധികമായി " സവിത വല്ലാതെ കിതക്കുന്നതുപോലെ തോന്നി. അവളുടെ പരിഭ്രമത്തെ തടകെട്ടി നിര്‍ത്തിയില്ലെങ്കില്‍ അവള്‍ കരയാന്‍ തുടങ്ങുമെന്നതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഞാന്‍ ശാന്തനായി പറഞ്ഞു
"സ്കൂളില്‍ എന്തെങ്കിലും പ്രത്യേക ക്ലാസ്സുകളോ പരിപാടികളോ കാണും .. അവളിപ്പോള്‍ എത്തും .. നീ പേടിക്കാതെ.."
ഓരോ പത്തുമിനുട്ട് ഇടവിട്ടും പിന്നെ തുടരെ തുടരെയും അവളുടെ ഫോണ്‍ വിളികള്‍ പാഞ്ഞുവന്നപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ആധി പെരുകി. 'കുഞ്ഞാമി എവിടെപോയി? അവള്‍ക്കെന്തു പറ്റി?' ഞാന്‍ വൈകാതെ ഓഫീസില്‍ നിന്നിറങ്ങി നേരെ സ്കൂളിലേക്ക് കാറോടിച്ചു. അവിടം വിജനവും ഗെയിറ്റ്അടഞ്ഞും കിടക്കുന്നു. പുറത്തെങ്ങും ആരെയും കാണാനില്ല. അല്‍പ സമയത്തിനു ശേഷം ഞാന്‍ കാര്‍ വീട്ടിലേക്ക് തിരിച്ചു വിട്ടു. സവിത പുറത്തെ വരാന്തയില്‍ പരിഭ്രമിച്ചു തളര്‍ന്നു നില്‍ക്കുന്നത് ദൂരെനിന്നുതന്നെ ഞാന്‍ കണ്ടു. എന്തുപറയും എന്നാലോചിക്കുമ്പോഴേക്കും അവള്‍ കാറിനരികെ ഓടിയെത്തി. "സച്ചൂ നമ്മുടെ മോള്‍" തിരിച്ചൊന്നും മിണ്ടാതെ ഞാന്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു.. അവളെയും കൂട്ടി തിരിച്ചു വിടുമ്പോള്‍ ഉള്ളിലുള്ള പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകംശ്രദ്ധിച്ചു. എന്നിട്ടും അവളുടെ മനസ്സിലെ പ്രക്ഷുബ്ധമായൊരു കടല്‍ എന്നെ വന്നു മൂടി. എന്തെങ്കിലുമൊക്കെ സംസാരിച്ചേ മതിയാകൂ എന്നോര്‍ത്ത് വാക്കുകള്‍ക്കായി ഞാന്‍ ഉഴറി. ഒരു കിന്റര്‍ ഗാര്‍ട്ടന്‍ കുട്ടി വീട്ടിലെത്താന്‍ വൈകുന്നതിന്റെ കാരണങ്ങള്‍ പരിമിതമാണ്. ഏതെങ്കിലും കാരണത്താല്‍ സ്കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് വൈകി പുറപ്പെടാം... വാഹനം കേടായി അതിന്റെ ഹൃദയം പ്രവര്‍ത്തിക്കാതെ വഴിയില്‍ അനക്കമറ്റു നിന്ന് പോവാം..‍ ഒരു കുട്ടിക്ക് പെട്ടെന്ന് അസുഖം വന്നപ്പോള്‍ നല്ലവനായ ഡ്രൈവര്‍ക്ക് കാത്തിരിപ്പിന്റെ വീടുകള്‍ ഉപേക്ഷിച്ച്‌ നേരെ ആശുപത്രിയിലേക്ക് പോകാം.... അതുമല്ലെങ്കില്‍ മദ്യപനായ ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാവാം....ഇങ്ങനെയെല്ലാം ചിന്തകളില്‍ വന്നു നിറഞ്ഞു. ഈ കാരണങ്ങളിലെല്ലാം കേന്ദ്ര കഥാപാത്രമായി വരുന്നത് ഡ്രൈവറാണെന്നും അയാള്‍ക്ക്‌ മാത്രമേ ഞങ്ങളുടെ നെഞ്ചിടിപ്പുകള്‍ മാറ്റി ഒരുത്തരം നല്‍കാന്‍ കഴിയൂവെന്നും പെട്ടെന്നെനിക്ക് തോന്നി. അയാളുടെ വീട് കണ്ടുപിടിക്കുകയെ നിര്‍വാഹമുള്ളു. ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവെന്ന നിലയില്‍ അയാളുടെതോ അധ്യാപികയുടെതോ ഫോണ്‍ നമ്പരുകള്‍ വാങ്ങി വെക്കാത്തതില്‍ ഞാന്‍ സ്വയം പഴിച്ചു.
സന്ധ്യയിലേക്ക്‌ പകല്‍ മൂകമായി നടന്നടുക്കുന്നു. സീറ്റില്‍ ഒന്നും മിണ്ടാതെ തളര്‍ന്നു കിടക്കുകയാണ് സവിത. പലരോടും അന്വേഷിച്ചു ഒടുക്കം ഡ്രൈവറുടെ വീട് ഞാന്‍ കണ്ടെത്തി. പടികടന്നു വരുന്ന ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ ഉമ്മറത്ത് നിന്നുമിറങ്ങി വന്നു. ഞാനെന്നെ അയാള്‍ക്ക്‌ പരിചയപ്പെടുത്തി കുഞ്ഞാമിയെ അന്വേഷിച്ചു. എല്ലാ കുട്ടികളെയും കൃത്യ സമയത്ത് തന്നെ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിച്ച് ഏകദേശം രണ്ടു മണിക്കൂര്‍ എങ്കിലും ആയെന്നു ഒറ്റശ്വാസത്തില്‍ അയാള്‍ മറുപടി പറഞ്ഞപ്പോള്‍ സവിത എന്റെ ചുമലില്‍ ശക്തിയായി താങ്ങി.
"കുട്ടീടെ പേരെന്താന്നാ പറഞ്ഞെ?" ഡ്രൈവര്‍ ചോദിച്ചു
"കുഞ്ഞാമി"
"കുഞ്ഞാമി" അയാളുടെ നെറ്റി ചുളിഞ്ഞു .." അങ്ങനെയൊരു പേരുള്ള കുട്ടി എന്റെ വാഹനത്തില്‍ വരാറില്ലല്ലോ.. " അയാള്‍ തെല്ലു സംശയത്തോടെ ഓര്‍മകളില്‍ പരതി. പിന്നെ താന്‍ പറയുന്നതില്‍ ഓര്‍മ പിശകില്ലെന്നു സ്വയം ബോധ്യപ്പെടുത്താനെന്നവണ്ണം അയാള്‍ ചോദിച്ചു.
"നിങ്ങളുടെ വീട്?"
"മൂന്നാം മൈലിലെ സ്പിന്നിംഗ് മില്ലിനടുത്ത്. റോഡരികില്‍ തന്നെയുള്ള.. ടെറസിട്ട..." പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അയാളുടെ ഉത്തരം വന്നു.
" ആ സ്റ്റോപ്പില്‍ എനിക്ക് രണ്ടു കുട്ടികളെയുള്ളൂ..പക്ഷെ പേര് കുഞ്ഞാമി എന്നല്ല. ശ്വേത രാമന്‍ പിന്നെ ..അയാള്‍ ഞങ്ങളുടെ ഉദ്വേഗത്തെ ഉച്ചസ്ഥായില്‍ നിറുത്തി തെല്ലിട അയാള്‍ ഓര്‍മയില്‍ കയ്യെത്തിച്ചു...
"അതെ..മറ്റേ കുട്ടി നസിയ റഹ് മാന്‍.. എനിക്ക് സംശയമൊന്നുമില്ല നിങ്ങള്‍ക്ക് എവിടെയോ തെറ്റ് പറ്റിയെന്നു തോന്നുന്നു."

എല്ലാം കേട്ടുനിന്ന സവിത പെട്ടെന്ന് മുന്നിലേക്ക് കയറി നിന്ന് ക്രുദ്ധയായി..
"നിങ്ങള്‍ക്കെന്റെ മോളെ അറിയില്ലെന്നാണോ പറയുന്നത്?.. എന്നെയും നിങ്ങള്‍ കണ്ടിട്ടില്ലേ? എല്ലാ ദിവസവും ഞാനല്ലേ നിങ്ങളുടെ വാഹനത്തില്‍ എന്റെ കുട്ടിയെ കയറ്റി വിടുന്നത്.." സവിത നിന്നു കിതച്ചു.
ഡ്രൈവര്‍ ഒരല്‍പം പിറകോട്ടു മാറി ആശ്ചര്യത്തോടെ എന്ത് പറയണമെന്നറിയാതെ നിന്നു. പിന്നെ സവിതയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
"പെങ്ങളെ.. ഞാന്‍ നിങ്ങളെയെല്ലാം കാണുന്നത് തന്നെ ആദ്യമായിട്ടാണ്.. നിങ്ങള്‍ക്ക് ആള് തെറ്റിയതാ " അയാള്‍ തറപ്പിച്ചു പറഞ്ഞു.
"അല്ല എനിക്ക് ആള് തെറ്റിയിട്ടോന്നുമില്ല .. ഞാന്‍ നിങ്ങളെ ദിവസവും കാണുന്നതല്ലേ.. കഴിഞ്ഞൊരു ദിവസം ഒരല്‍പം വൈകിപ്പോയ ഞാന്‍ മോളെയും കൊണ്ട് ഓടി വന്നപ്പോള്‍ കല്ല് തട്ടി വീഴാന്‍ പോയത് കണ്ടു " പെങ്ങളെ സൂക്ഷിച്ചു .. ധൃതി വെക്കണ്ട" എന്ന് പറഞ്ഞത് നിങ്ങളല്ലേ ? നിങ്ങളത് മറന്നോ?
അയാള്‍ അസ്വസ്ഥനായി തലയൊന്നു കുടഞ്ഞു... " അതെ .. അത് ശരിയാണ് .. അങ്ങനെയൊരു സംഭവം ഞാനോര്‍ക്കുന്നു.. പക്ഷെ .. ഞാനത് നിങ്ങളോടല്ലല്ലോ പറഞ്ഞത്.. ശ്വേത മോളുടെ അമ്മ.. ബേങ്കില്‍ ജോലിചെയ്യുന്ന ആ മേഡത്തിനോടല്ലേ ‍ പറഞ്ഞത്.. " അയാള്‍ തന്റെ പ്രജ്ഞയെ ഒന്നുകൂടി ശരിയാക്കും വിധം തല തടവി അത്ഭുതത്തോടെ ഞങ്ങളെ മാറി മാറി നോക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ.. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിശ്ചലനായി. ഇപ്പോള്‍ നിന്ന നില്‍പ്പില്‍ ഞങ്ങളെ പാടെ തിരസ്കരിക്കുകയാണ് ഒരാള്‍ .. അയാളുടെ ഓര്‍മകളിലോ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ എവിടെയുമോ ഞങ്ങളെന്ന മൂന്നു വ്യക്തികളില്ല. പൊടുന്നനെ പരിചിതനായ ഒരാള്‍ക്ക്‌ മുന്നില്‍ ഒരന്യഗ്രഹജീവികളായി ഞങ്ങള്‍ പരിണമിക്കുകയാണെന്നു തോന്നി. ഞാന്‍ നിസ്സഹായതയോടെ സവിതയുടെ കരം കവര്‍ന്നുകൊണ്ട് പറഞ്ഞു.. "നമുക്കിനി പോലിസ് സ്റ്റേഷനില്‍ പോകാം"

സന്ധ്യയിലേക്ക്‌ പകല്‍ ശാന്തമായി നടന്നടുത്തു കഴിഞ്ഞു .. വഴിയില്‍ ചെറുതായി ഇരുട്ട് പരന്നു തുടങ്ങി. നഗരം പതുക്കെ തണുക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. പോലിസ് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്പെക്ടറെ കാണാന്‍ ഒരല്പ നേരത്തെ കാത്തിരുപ്പിനു ശേഷം ഞങ്ങള്‍ക്കനുവാദം കിട്ടി.
"ഇരിക്കൂ ..." മുന്നിലെ കസേരകളില്‍ ഞങ്ങളിരുന്നു .
മിസ്സിംഗ്‌ കേസാണല്ലേ?... ചെറുപ്പക്കാരനായ ഇന്‍സ്പെക്ടര്‍ ഞങ്ങളുടെ വിഷമം പകുത്തെടുക്കുന്ന മുഖഭാവത്തോടെ ചോദിച്ചു.. കാര്യങ്ങള്‍ പോലീസുകാരന്‍ അയാളെ ധരിപ്പിച്ചിട്ടുണ്ടെന്ന് അപ്പോള്‍ എനിക്ക് തോന്നി. കൂടുതല്‍ വിസ്തരിച്ചു പറയേണ്ടല്ലോ എന്ന ആശ്വാസവും..
"അതെ" ഞാന്‍ പറഞ്ഞു
"വിഷമിക്കണ്ട ഞങ്ങള്‍ അന്വേഷിക്കാം .. കുട്ടിയുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ടോ ?..
ഞങ്ങള്‍ പെട്ടെന്ന് പരുങ്ങി …പറയേണ്ടുന്ന ഉത്തരമറിയാതെ ഞങ്ങള്‍ പരസ്പരം നോക്കി.. കുഞ്ഞാമിയുടെ ഫോട്ടോ എന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയൊരു പദമാണ്. അറിയാത്ത ഒന്ന് .. ഒരിക്കല്‍ പോലും ഞങ്ങള്‍ അതെക്കുറിച്ച് ചിന്തിക്കുകയുണ്ടായിട്ടില്ല. അല്ലെങ്കില്‍ ചിന്തിക്കേണ്ടി വന്നിട്ടില്ല.
"ഇല്ല......ഫോട്ടോ ഇല്ല .." ദയനീയമായി ഞാന്‍ ഉത്തരം നല്‍കി ..
വീട്ടിലും ഫോട്ടോ ഇല്ലെന്നാണോ? ..അയാള്‍ അസ്വഭാവികമായാതെന്തോ കേള്‍ക്കുന്നതുപോലെ ഞങ്ങളെ സൂക്ഷിച്ചു നോക്കി.
"ആട്ടെ .. നിങ്ങള്‍ കുട്ടിയുടെ അധ്യാപികയെ ബന്ധപ്പെട്ടോ?"
"ഇല്ല .. ഞങ്ങള്‍ പരിഭ്രമിച്ച് സ്കൂള്‍ വാന്‍ ഡ്രൈവറെ വീട്ടില്‍ പോയി നേരില്‍ കണ്ടതാണ്.. പക്ഷെ ഞങ്ങളുടെ കുഞ്ഞാമിയെ അയാള്‍ക്ക് അറിയില്ലെന്ന് പറയുന്നു:.. .
ഇന്‍സ്പെക്ടര്‍ ഒരല്‍പം നിവര്‍ന്നിരുന്നു. കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നെന്ന തോന്നലോ എന്തോ അയാള്‍ ഒരു പോലീസുകാരനെ വിളിച്ച് സ്കൂളിന്റെ പ്രധാനാധ്യാപികയുടെ ഫോണ്‍ നമ്പര്‍ തരപ്പെടുത്താന്‍ പറഞ്ഞു.. ‍
“നിങ്ങള്‍ പുറത്തു പോയിരിക്കൂ.. ഞാന്‍ വിളിക്കാം.. .”.
പുറത്തെ തണുത്ത ബെഞ്ചില്‍ അതിലും തണുത്ത് മൃതപ്രായരായി ഞങ്ങളിരുന്നു. സവിത കണ്ണീരിന്റെ നനവ് പടര്‍ത്തി എന്റെ ചുമലില്‍ തലചായ്ച്ചു. അവളെ ആശ്വസിപ്പിക്കുവാന്‍ അശക്തനായി ഞാന്‍ നിമിഷങ്ങളെണ്ണി കാത്തിരുന്നു. അകത്ത് ഫോണ്‍ വിളിയില്‍ മുഴുകിയ ഇന്‍സ്പെക്ടര്‍ ഏറെ നേരത്തിനു ശേഷം വീണ്ടും ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു.

നിങ്ങളുടെ കുട്ടി ഏത് സ്കൂളിലെന്നാണ് പറഞ്ഞത്? സംശയ നിവൃത്തി വരുത്താനെന്ന വണ്ണം അയാള്‍ ചോദിച്ചു.
ഞാന്‍ ഒരിക്കല്‍ കൂടി സ്കൂളിന്റെ പേര് പറഞ്ഞു കൊടുത്തു.
"കുട്ടിയുടെ യഥാര്‍ത്ഥ പേര് കുഞ്ഞാമിയെന്നു തന്നെയല്ലേ?"
'അതെ'
"ഞാന്‍ ചോദിച്ചത് കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കൊടുത്ത പേര് ഇത് തന്നെയാണോ എന്നാണു?
"അതെ" എന്ന് ഞാന്‍ വീണ്ടും തലയാട്ടി.
"അങ്ങനെയൊരു പേരുള്ള കുട്ടി ആ സ്കൂളില്‍ പഠിക്കുന്നില്ലെന്നാണല്ലോ അവര്‍ പറയുന്നത്.."
അയാള്‍ പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു.
"ഡ്രൈവര്‍ക്ക് കുട്ടിയെ അറിയില്ല... കണ്ടിട്ടുമില്ല .. സ്കൂളിലും അങ്ങനെയൊരു കുട്ടി പഠിക്കുന്നില്ല .. ഇങ്ങനെ ആര്‍ക്കുമറിയാത്ത... ഇല്ലാത്തൊരു കുട്ടിയെ ഞങ്ങളെവിടെയാണ് അന്വേഷിക്കുക?...... വേറെ ആര്‍ക്കെങ്കിലും കുട്ടിയെ അറിയുമോ? " അയാളുടെ സൌമ്യ ഭാവം പതുക്കെ അപ്രത്യക്ഷമാവുന്നതുപോലെ തോന്നി.
ഞങ്ങളുടെ കുഞ്ഞാമിയെ വേറെ ആര്‍ക്കെങ്കിലും അറിയുമോ എന്നത് വലിയൊരു ചോദ്യമാണ്. സ്കൂളിലേക്ക് കൊണ്ടുപോവുന്ന ഡ്രൈവര്‍ക്ക് കുഞ്ഞാമിയെ അറിയേണ്ടതല്ലേ?.. പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ടീച്ചര്‍ക്ക് ..കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് …. അവര്‍ക്കാര്‍ക്കും അറിയില്ലെങ്കില്‍ ചൂണ്ടിപ്പറയാന്‍ ആരെയാണ് കണ്ടെത്തുക? ഞങ്ങള്‍ കണ്‍മിഴിച്ച് ഒന്നും മിണ്ടാതെ പകച്ചു നിന്നു.

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ പ്രതീക്ഷ കൈവെടിയാതെ ചോദിച്ചു. .... "ഞങ്ങളുടെ കുഞ്ഞാമി..."

"ഒരു കാര്യം ചെയ്യു ..മതിയായ തെളിവുകളോടെ നാളെ വരൂ.. ഞങ്ങള്‍ അന്വേഷിക്കാം...."
അയാള്‍ ഞങ്ങളെ പാടെ കൈയ്യൊഴിഞ്ഞ പോലെ പറഞ്ഞു.

ശൂന്യമായ മനസ്സുമായി പുറത്തിറങ്ങുമ്പോള്‍ വരാന്തയില്‍ നിന്ന പോലീസുകാര്‍ സ്നേഹമില്ലാത്ത കണ്ണുകളോടെ ഞങ്ങളെ നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ പൂര്‍ണ്ണമായും തിരസ്കരിക്കപ്പെട്ട രണ്ടു മനുഷ്യാത്മാക്കളായി ഞങ്ങള്‍ മാറി.

തിരിച്ചു വീടിനു മുന്നിലെത്തി കാര്‍ നിര്‍ത്തുമ്പോഴും സവിതയുടെ നേര്‍ത്ത തേങ്ങല്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവള്‍ മെല്ലെ കാറില്‍ നിന്നിറങ്ങി വേച്ചു വേച്ച് വീട്ടിലേക്കു നടന്നു കയറി. ആരും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഇരുണ്ട ഒരു നിബിഡ വനത്തില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നതുപോലെ ഞാന്‍ കാറിനരികെ തന്നെ നിന്നു. പെട്ടെന്ന് സവിതയുടെ ഉച്ചത്തിലുള്ള വിളികേട്ടു ഞാന്‍ ഞെട്ടിത്തരിച്ചു... "സച്ചൂ ഇത് കണ്ടോ? ..." വാതില്‍ക്കല്‍ നിന്നു സ്വീകരണ മുറിയിലെ കുഞ്ഞാമിയുടെ സോഫയിലേക്ക് കൈചൂണ്ടി ഒരുന്മാദിനിയെപോലെ, ഓടിച്ചെന്ന എന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ടവള്‍ പറഞ്ഞു.. "കണ്ടോ സച്ചൂ.. എന്റെ കുഞ്ഞാമി...."

ഞാന്‍ കണ്ടു ...നിറവെളിച്ചത്തില്‍ ഞങ്ങളുടെ കുഞ്ഞാമി സോഫയില്‍ ചമ്രം പടിഞ്ഞിരുന്നു ഏതോ ചിത്ര പുസ്തകം ഒന്നൊന്നായി ധൃതിയില്‍ മറിച്ചു നോക്കുന്നു. അവളുടെ എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയിഴകള്‍ ജനലിലൂടെ അരിച്ചെത്തിയ കാറ്റില്‍ ചെറുതായി പാറിപ്പറന്നുകൊണ്ടിരുന്നു. നോക്കി നില്‍ക്കെ ഞങ്ങളുടെ കത്തിയമര്‍ന്ന മനസ്സിലേക്ക് അവള്‍ വീണ്ടുമൊരു തണുത്ത കുഞ്ഞുമഴയായി പെയ്തിറങ്ങി.