Tuesday, December 30, 2008

പ്രണയകാലത്തിലെ കറുത്തപക്ഷം

രു നനുത്ത സായാഹ്നത്തിന്റെ അരികുപറ്റി വിസ്തൃതിയാര്‍ന്ന മൈതാനത്തിന്റെ ഹരിതവര്‍ണ്ണത്തിലൂടെ ഹര്‍ഷോന്മാദിതനായി ഞാന്‍ എനിക്കു പോലുമറിയാത്ത ഏതോ ഭാവത്തില്‍ നടന്നു പോകുന്നുണ്ട്. പിറകെ വരിയൊപ്പിച്ച് കടും വര്‍ണ്ണങ്ങളിലുള്ള പുത്തനുടുപ്പുകളും ചാര്‍ത്തി ഒയ്യാരം കണക്കെ കുറേ കുട്ടികളും. ഇനിയും ജന്മം കിട്ടാത്ത ഈ പിഞ്ചുകുട്ടികളേയും കൊണ്ട് എവിടേക്കാണ് ഞാന്‍ യാത്ര പോവുന്നതെന്ന് എനിക്കറിയില്ല. എന്നെപോലെത്തന്നെ കുട്ടികളും ആഹ്ലാദഭരിതരാണ്. ധൃതിവെച്ച് നടക്കുമ്പോഴും അവരില്‍നിന്ന് ആര്‍‍പ്പുവിളികള്‍ ഉയരുന്നുണ്ട്. പിന്നെ ഇഷ്ടപ്പെട്ട പുത്തനുടുപ്പുകളണിഞ്ഞതിന്റെ കൊച്ചു ഗര്‍വുകളും. ഒരു മൈതാനം നിറയെ കളിപ്പാട്ടങ്ങള്‍ കിട്ടിയതിലുള്ള സന്തോഷപ്രകടനങ്ങളും അവരില്‍ തെളിഞ്ഞു കാണാം. അതെ..ഞാനും കുട്ടികളും ഇങ്ങിനെ... നടന്നുപോവുകയാണ്. എവിടേക്കോ... തീരുന്ന മൈതാനങ്ങള്‍ക്കനുസൃതമായി പിന്നേയും പിന്നേയും മൈതാനങ്ങള്‍ നെടുനീളത്തില്‍ മുന്നില്‍ അനന്തമാക്കപ്പെട്ടുകൊണ്ടിരുന്നു. നടന്നും തിരിഞ്ഞും മൈതാനക്കാഴ്ചകളില്‍ മനമലച്ചും പോയ്ക്കൊണ്ടിരിക്കെ, പൊടുന്നനെയാണ് ഞങ്ങളില്‍ ക്ഷീണം ബാധിച്ചു തുടങ്ങിയത്. പിറകിലെ പിഞ്ചുപാദങ്ങള്‍ തളര്‍ന്ന് കുഴഞ്ഞു പോവുന്നത് ഞാനറിഞ്ഞു. അവരിലോരോരുത്തരിലും കൊടിയ ദാഹം കുടിപാര്‍ക്കുന്നതും ഞാന്‍ കണ്ടു. എന്നിട്ടും ദുഷ്ടനായി ഞാന്‍ ഏതോ നിയോഗം പോലെ അവരെ നടക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഈ നേരം എന്റെയീ ഉത്സാഹവും ആവേശവും കാണുമ്പോള്‍ എവിടേക്കാണ് ഞാനീ കുഞ്ഞുങ്ങളെ പ്രലോഭിപ്പിച്ചുകൊണ്ടുപോവുന്നതെന്ന് കുറെശ്ശെ എനിക്കു മനസ്സിലാവുന്നുണ്ട്. എണ്ണമില്ലാത്തതും പേരുകളില്ലാത്തതുമായ ഈ കുഞ്ഞുങ്ങളെയാകെ എന്റെ സൂസന്നക്ക് ചുറ്റും കൊണ്ടുപോയി നിറുത്താന്‍ .. ഇതിത്രയും നിന്റെ മക്കളാണല്ലോയെന്ന് അവളെ തോല്പ്പിക്കും മട്ടില്‍ വിളിച്ചു പറയാന്‍ ... എന്നിട്ട് നൂറായിരം പിഞ്ചുമ്മകള്‍കൊണ്ട് അവളെ വീര്‍പ്പുമുട്ടിക്കാന്‍... ഇത്രയുമാവണം എന്റെ ലക് ഷ്യം ... അല്ലെങ്കില്‍ ഞാനിങ്ങിനെ ഉത്സാഹപ്പെടില്ല... ഞാനിത്രയും ദുഷ്ടനാവില്ല. ലക് ഷ്യത്തോടടുക്കുമ്പോഴുള്ള ആനന്ദമൂര്‍ച്ഛയിലാണ് ഞാനിപ്പോള്‍‍. ഇടറിപ്പോവുന്ന കുഞ്ഞുപാദങ്ങള്‍ക്ക് ശക്തി പകരാന്‍ പ്രാകൃതമായ ഏതോ താളത്തില്‍ ഞാന്‍ പാട്ടു പാടുന്നുണ്ട്. മതിഭ്രമം ബാധിച്ച മട്ടില്‍ ഒരു മത്സരം ജയിപ്പക്കേണ്ട പരിശീലകനെ പോലെ ഞാന്‍ ഉറഞ്ഞുതുള്ളുന്നുണ്ട്. നടത്തത്തില്‍ ഇനിയുമെനിക്ക് വേഗം കൂട്ടണം. ഒരു സൂര്യനെപ്പോലെ ജ്വലിച്ചുനില്‍ക്കുന്ന സൂസന്ന മാത്രമാണ് മനഃക്കണ്ണുകളിലാകെ. ഈ കുഞ്ഞുങ്ങളില്‍നിന്നാണവള്‍ മോഹം പഠിക്കുക. ജന്മം കിട്ടാത്ത ഈ കുഞ്ഞുങ്ങളില്‍ അവളുടെ മനമലിയും . അവള്‍ എനിക്കുമുന്നില്‍ നിര്‍വൃതിയോടെ തോല്‍വി സമ്മതിക്കും.. ഒടുക്കം അവളില്‍ നിന്നും ഒരു ജീവന്‍ എനിക്കായി പൊട്ടിവിരിയും അങ്ങിനെ ഞാനുമൊരു അച്ഛനായി മാറും. .. ഇവിടെ ഇങ്ങിനെയെല്ലാം ചിന്തയില്‍ നിറഞ്ഞിരിക്കുന്ന ഞാനും ഒരു കാഴ്ചയുടെ പരിസമാപ്തിയറിയാന്‍ ഉഴറിനില്‍ക്കുന്ന ഞാനും അപൂര്‍ണ്ണതയുടെ ഈ മുഹൂര്‍ത്തത്തില്‍ വേര്‍പിരിയുന്നു. താളത്തിന്റെ നൂലിഴകള്‍ക്കൊപ്പം ദൃഷ്യങ്ങളും തുണ്‍ടു തുണ്ടായി മുറിഞ്ഞുവീണു. ഇപ്പോള്‍ ഹരിത വര്‍ണ്ണമാര്‍ന്ന മൈതാനമോ കുട്ടികളോ ഞാനോ എന്റെ മുന്നിലില്ല. നെറ്റിയില്‍ പടര്‍ന്ന ഒരു തണുത്ത മൃദുലതയില്‍ എന്റെ ബോധം കുരുങ്ങുകയാണ്. കണ്ണുകള്‍ തുറക്കാതെ എനിക്കെല്ലാം കാണാം. ഇപ്പോള്‍ നേരം വെളുത്തിരിക്കുന്നു. അതികാലത്ത് ഉറക്കമെണീറ്റ് അടുക്കളജോലികള്‍ പൂര്‍‍ത്തിയാക്കി എന്നെ പ്രഭാതത്തിലേക്ക് കണ്ണുകള്‍ തുറപ്പിക്കേണ്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കയാണു സൂസന്ന. എന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് എന്നെ ഉണര്‍‍ത്തേണ്ട ജോലി അവള്‍ തുടങ്ങിവെക്കുന്നു. പുലര്‍കാല കുളിരേറ്റുവാങ്ങിയ അവളുടെ കൈവിരലുകളിനി കഴുത്തിലൂടെ ഇഴഞ്ഞുനീങ്ങി മുടിയിഴകള്‍ തലോടും. എന്റെ ചെവികള്‍ തിരുമ്മും.. കുപ്പിവളകളണിഞ്ഞ കൈത്തണ്ടകള്‍ തമ്മിലിടിച്ച് ഒച്ചയുണ്ടാക്കും. എന്നിട്ടും ഞാന്‍ കണ്ണുകള്‍ തുറന്നില്ലെങ്കില്‍ മുഖത്ത് വെള്ളം ധാരയായി ഒഴിക്കും. ഇന്ന് ഒന്നിനും നേരം നല്‍കാതെ കണ്ണുകളടച്ചുകിടന്നുകൊണ്ട് ഞാനവളുടെ മുടിയിഴകളിലിഴയുന്ന കൈവിരലുകള്‍ പതുക്കെ ഗ്രഹിക്കുകയാണ് ചെയ്തത്. 'എന്തേ.... ഇന്നിത്ര പെട്ടെന്ന്.....' കട്ടിലില്‍നിന്നെഴുനേല്‍ക്കെ അവള്‍‍ അത്ഭുതപ്പെട്ടു. ഒടുക്കമെന്തെന്നറിയാത്ത ഒരു സ്വപ്നത്തെ ഇത്രയും നേരം കണ്ടുനില്‍ക്കയായിരുന്നു ഞാനെന്നും അതില്‍ നിറയെ നിന്റെ കുഞ്ഞുങ്ങളായിരുന്നെന്നും അവളോട് പറയണമെന്നെനിക്ക് തോന്നി. പക്ഷേ അടുത്ത നിമിഷം തന്നെ നുറുങ്ങാവുന്ന ഒരു പ്രഭാതത്തെ ഞാന്‍ മുന്നില്‍കണ്ടു. വേണ്ട.... ഒന്നും നീയറിയേണ്ട.... നീയുമായി പകുക്കേണ്ട സ്വപ്നമല്ലിത്.... രുനാള്‍.......പ്രണയകാലത്തിലെ പൊള്ളുന്ന വെയില്‍ പേറി ഒരുപാടുദൂരം നടന്നുതളര്‍ന്ന് തേഞ്ഞുപോയ മനസ്സിലേക്ക് നോക്കിയിരിക്കെ ഞാന്‍ സൂസന്നയോട് ചോദിച്ചു. 'സൂസന്‍ നമ്മെളെന്നാണ് വിവാഹിതരാവുക?' ഋതുക്കളെത്രയോ പിന്നിട്ടുവന്ന ആര്‍ദ്രമായൊരു ചോദ്യത്തിനുനേരെ ഓര്‍ത്തിരിക്കതെ അവള്‍ പൊട്ടിച്ചിരിച്ചു. എന്റെ ശ്വാസഗതിയുടെ വിള്ളലില്‍ മൗനം വല്ലാതെ കനത്തുനില്‍ക്കെ, പിന്നീടാണവള്‍ ചോദ്യത്തിന്റെ അകക്കാമ്പ് കണ്ടത്. പകച്ചു പോയ എന്റെ മുഖവും. പതിയെ അവളുടെ കണ്ണുകളുടെ ആഴങ്ങളില്‍ തിരയിളക്കമുണ്ടായി. അവള്‍ എനിക്കരികെ കൂടുതല്‍ ചേര്‍ന്നിരുന്ന് എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ചു . എന്തൊക്കെയോ പറയാന്‍ അവള്‍ വീര്‍‍പ്പുമുട്ടി. അവളിലെ ഭാവപ്പകര്‍ച്ച അമ്പരപ്പോടെ നോക്കിനിന്ന എന്റെ നെഞ്ചില്‍ മുഖമാഴ്ത്തി പൊടുന്നനെ കരയുകയാണ് പിന്നെ അവള്‍ ചെയ്തത്. അവളുടെ കണ്ണുനീരിന്റെ താപത്തില്‍ എന്റെ നെഞ്ചകം വിണ്ടടര്‍ന്നു. എത്ര നേരം അങ്ങിനെ ഇരുന്നെന്നറിയില്ല. ഏതൊക്കെയോ ദൂരങ്ങളില്‍ ഞാന്‍ തെന്നിത്തെറിച്ചു സഞ്ചരിച്ചുകൊണ്ടിരുന്നു. ദിക്കറിയാതെ.... ദിശയറിയാതെ.... നേരെമേറെച്ചെന്ന് സൂസന്ന എന്നെ നുള്ളിയുണര്‍ത്തി. പെരുമഴപെയ്തൊഴിഞ്ഞ മിഴികളുയത്തി അവളെന്നെ നോക്കുമ്പോള്‍ ഒരു കടലിരമ്പം ഉള്ളില്‍ പേറി ഏതോ നിഗൂഢതചികയുകയായിരുന്നു ഞാന്‍. സൂസന്നയുടെ ഈ ഭാവപ്പകര്‍ച്ച എനിക്കപരിചിതമാണ്. വിവാഹമെന്ന ഒരു സ്വഭാവികക്രിയ അവളെ എന്തിനു കരയിക്കുന്നു എന്നെനിക്കറിയേണ്ടിയിരുന്നു. തൊട്ടും തലോടിയും കലഹിച്ചും രാഗദ്വേഷങ്ങള്‍ ഞാന്‍ ഒന്നൊന്നായി എയ്തുതീര്‍ത്തതും അതിനുവേണ്ടിയായിരുന്നു. പതിയേ അവള്‍ എനിക്കു മുന്നില്‍ അമ്പരപ്പും കൗതുകവും ജനിപ്പിക്കും മട്ടില്‍ വെളിവായി.. അവള്‍ ഞാനറിയാത്ത പുതിയൊരു സൂസന്നയായി. "നോക്കൂ...നമുക്കെന്നു വേണമെങ്കിലും വിവാഹിതരാവാം.... പക്ഷേ... ഒരിക്കലും ഞാന്‍ നിനക്ക് കുഞ്ഞുങ്ങളെ പെറ്റുതരില്ല" സൂസന്നയുടെ വാക്കുകളില്‍ ഒരിക്കലും കാണാത്ത നിശ്ചയദാര്‍ഢ്യം . പൊട്ടിച്ചിരിക്കേണ്ട ഞാനപ്പോള്‍ ഭീതിപൂണ്ടു നിന്നു. ഇത് സൂസന്നയുടെ നിസ്സഹായതയാവുമെന്നാണ് ഞാനാദ്യം കരുതിവെച്ചത്. പക്ഷേ പിന്നീടവളേന്റെ ചോദ്യങ്ങളുടെ വലിയൊരു കൂട്ടില്‍ അകപ്പെട്ടു അകപ്പെട്ടു നില്‍ക്കവെ അതൊരു വലിയ വ്യവസ്ഥയാണെന്ന് എനിക്ക് ബോധ്യമായി. പ്രണയമറ്റുപോകാവുന്ന ഒരു ശാഠ്യത്തിന്റെ തിരിച്ചറിവിലാണവള്‍ കരഞ്ഞുതുടങ്ങിയതെങ്കിലും പിന്നീടവള്‍ എന്റെ ചോദ്യക്കൂടുകള്‍ എളുപ്പം തല്ലിത്തകര്‍ത്തു. പ്രസവിക്കാന്‍ മനസ്സില്ലാത്ത സൂസന്ന കുറെ ആധുനിക ന്യായങ്ങളുമായി എനിക്കു മുന്നില്‍ വളര്‍ന്നു. ഞാനൊരു യാഥാസ്ഥിതികനെന്നും മാറുന്ന ലോകമെനിക്കറിയില്ലെന്നും എന്റെ വാദങ്ങളെ ഖണ്ടിച്ചുകൊണ്ട് അവള്‍ തീര്‍ത്തുപറഞ്ഞു. ഞാനെന്തൊക്കെയാണെന്ന് അപ്പോഴാണ് ഞാനറിയുന്നത്.. ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വച്ഛജീവിത്തിന് കുഞ്ഞുങ്ങള്‍ ഒരു ഭാരമാണെന്നറിയാത്തവനാണു ഞാന്‍...! അവരെ പെറ്റുവളര്‍ത്തുന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് ബോധമില്ലാത്തവനാണ് ഞാന്‍.....! ഭൂമിയിലെ ദുരിതങ്ങള്‍ക്ക് കണ്ണുകൊടുക്കാത്തവന്‍ ഞാന്‍...! കുഞ്ഞുങ്ങളെ മോഹിക്കുന്ന ഞാനൊരു ക്രൂരന്‍ ....! ഞാനൊരു വട്ടപ്പൂജ്യം... "ഇരുപത്തൊന്നാം നൂറ്റാണ്‍ടിലേക്ക് ഇയാളെന്നാണാവോ പടികയറിയെത്തുക? സൂസന്ന പരിഹസിച്ചുകൊണ്ട് എന്നോട് ചോദിക്കുന്നു. ട്ടും യുക്തിഭദ്രമല്ലാത്ത എന്റെ ജീവിതത്തിലേക്ക് സൂസന്ന അന്വയിക്കപ്പെടുന്നത് സ്നേഹമെന്ന കെട്ടുപാടിന്റെ ഊറ്റം കൊണ്ടായിരുന്നു. അവളെ മിന്നുകെട്ടുമ്പോള്‍ എന്റെ കൈകള്‍ വിറച്ചിരുന്നില്ല. നാലഞ്ചുവര്‍ഷങ്ങളില്‍ സമ്പാദിച്ചുകൂട്ടിയ പ്രണയപ്പെരുമകളൊന്നാകെ ഒരു മിന്നുചരടില്‍ ആവാഹിച്ചിരിക്കെ ഞാന്‍ അവളുടെ വ്യവസ്ഥകള്‍ മറന്നിരുന്നു. ആദ്യരാവില്‍തന്നെ അവള്‍ ഓര്‍മ്മപ്പെടുത്തിയത് അവളുടെ വിചിത്രമായ ശാഠ്യമാണ്. മരുന്നും മന്ത്രവുംപോലും അവള്‍ പഠിച്ചു വെച്ചിരുന്നു. ഒരു കൗരവപ്പടയെ ഞാന്‍ നിന്നില്‍ ജനിപ്പിച്ചെടുക്കുമെന്ന എന്റെ ഫലിതം അവള്‍ക്കുള്‍ക്കൊള്ളാനാവുമായിരുന്നില്ല. രാവില്‍ ചേര്‍ന്നുകിടക്കെ എപ്പോഴുമവളെന്നില്‍ സംശയാലുവായി. ഒന്നിനും ധൃതിവെക്കാതെ എല്ലാം ഞാന്‍ കാലത്തിനു വിട്ടുകൊടുത്തു. കാലം അവളില്‍ അവളുടെ ധര്‍മ്മത്തെ അങ്കുരിപ്പിക്കും എന്ന് ഞാന്‍ വിശ്വസിച്ചു പോന്നു. അവളിലെ ശാഠ്യം ക്രൂരമായി വളരുന്നുണ്ടെന്നറിയവെ ഒരു ദിവസം നിര്‍ബന്ധമായും ഞാനവളെ വൈദ്യശാസ്ത്രത്തിനുമുന്നില്‍ തുറന്നുവെച്ചു. വിശാലമായ വൈദ്യശാസ്ത്രത്തിനുമുന്നിലും.. അന്ന് കഷണ്‍ടിക്കരനായ ഡോക്ടറും കുറ്റിത്താടിക്കാരനായ മനഃശാസ്ത്രജ്ഞനും നിസ്സഹായതയോടെ, ഖേദപൂര്‍വ്വം പറഞ്ഞതിത്രയുമാണ്.. "നോക്കൂ... മിസ്റ്റര്‍....ഞങ്ങളിപ്പോള്‍ ആധുനികതയെ തൊട്ടു വേദനപ്പെടുത്താറില്ല. ഞാനും സൂസന്നയും വിവാഹിതരായിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷം തികയുന്നു. കുഞ്ഞുങ്ങളെന്നുമെന്റെ സ്വപ്നങ്ങളില്‍ വന്നു നിറയാറുണ്ട്. കഴിഞ്ഞ മൂന്നു വിവാഹവാര്‍ഷികത്തിനും ഞാന്‍ ഓര്‍ത്തുവാങ്ങി ചില്ലലമാരയില്‍ സൂക്ഷിച്ചത് ആണും പെണ്ണുമായ മരപ്പാവകളെയാണ്. ചായങ്ങളുമായിരിക്കുമ്പോഴെല്ലാം ഞാന്‍ വരക്കുന്നത് കുഞ്ഞുങ്ങളുടെ പടവും. ചിലപ്പോഴെല്ലാം ഞാനറിയാതെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന സ്കൂള്‍മുറ്റങ്ങളില്‍ ചെന്നുനില്‍ക്കാറുണ്ട്. വെറുതെയിരിക്കുന്ന വൈകുന്നേരങ്ങളില്‍ സായാഹ്നവെയിലിന്റെ ചിതാരശ്മികള്‍ നീന്തിക്കയറി എനിക്കു മുന്നില്‍ കുഞ്ഞുങ്ങളെത്തുന്നു. ഞാന്‍ അവരൊത്തു കളിക്കുന്നു. സൂസന്നയിപ്പോള്‍ കളിയായി പറയുന്നത് എന്നെ ചികിത്സിച്ചാലെന്തെന്നാണ്. ഏതെങ്കിലും ഒരനാഥാലയമേധാവിക്ക് അപേക്ഷ അയക്കരുതോയെന്ന് എന്റെ നല്ല സുഹൃത്തുക്കള്‍ സഹതപിച്ച് ചോദിക്കുന്നുണ്ട്. എന്റെ മാനസപുത്രി വളരുന്നത് ഇവരാരുമറിയുന്നില്ല. വളര്‍ന്ന് വളര്‍ന്ന് അവളൊരു വലിയ സൂസന്നയാവുന്നതും.........

1 comment:

lekshmi. lachu said...

nalla kadha...aashamsakal..