ഒരിക്കല്‍ നവോത്ഥാന കാലഘട്ടത്തിലെ പ്രശസ്തമായ പെയിന്റിങ്ങുകളെ കുറിച്ച് സംസാരിക്കവേ ഹെസ്തിയ ചോദിച്ചു..
”ദൈവം ഇടത്തെ കരവലയത്തില്‍ ഹവ്വയെ അടക്കിപ്പിടിച്ച് ആദമിന് നേരെ നീട്ടിയ വലതു കൈ ചൂണ്ടാണി വിരല്‍തുമ്പില്‍ കരുതിവെച്ചത് ജീവിതവും ആത്മാവുമാണെന്നു പറയുന്നു. അല്ലെ? ..... ആദം ചിത്രത്തിലെ കന്യാനിമിഷത്തിനപ്പുറം ആ വിരല്‍ബിന്ദു തൊടുകയും ചെയ്തിട്ടുണ്ട്. പിന്നെന്തിനാണ് ഈ ചിത്രകാരന്‍ ‘ആഞ്ജൂ’ പരസ്പരമുള്ള ആ വിരല്‍ സ്പര്‍ശത്തിന്റെ മിന്നലൊളി വരക്കാതെ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി രണ്ടു ബിന്ദുക്കള്‍ക്കിടയില്‍ ഒരു ശൂന്യത സൃഷ്ടിച്ചു വെച്ചത്?”
ഹെസ്തിയയുടെ ചോദ്യങ്ങള്‍ പലപ്പോഴും ഇങ്ങനെയാണ്. അവ ചിന്തകളെ തീര്‍ത്തും അനാഥമാക്കി മനസ്സില്‍ നിഴല്‍ സ്തൂപങ്ങളായി നീണ്ടു കിടക്കും.എത്തിപ്പിടിക്കാനാവാതെ.. ചോദ്യത്തിനിടയില്‍ സന്നിവേശിപ്പിച്ച ഈ ചുരുക്കെഴുത്തു അവളുടെ ഒരു തമാശയാണ്. ‘മൈക്കല്‍ ആഞ്ജലോ അവള്‍ക്കപ്പോള്‍ ആഞ്ജൂ ആണ്. ഇങ്ങനെ അവളുടെതുമാത്രമായ അനേകം ചുരുക്കെഴുത്തിന്റെ ഒരു പദാവലി തന്നെ അവള്‍ക്കുണ്ട്. ചോദ്യത്തിന്റെ ഉത്തരത്തിനായവള്‍ കാതോര്‍ക്കെ ഞാന്‍ പതിവുപോലെ തപ്പിത്തടഞ്ഞു ഉത്തരം പറയാന്‍ ശ്രമിച്ചു. .
“അതു ചിലപ്പോള്‍ കലാസൃഷ്ടികളിലെ നിത്യമായ അപൂര്‍ണ്ണതയെയും അര്‍ദ്ധോക്തികളേയുംസൂചിപ്പിക്കുന്നതാവാം... തന്റെ അസംതൃപ്തമായ ജീവിതത്തെയോര്‍ത്ത് ആ ആദിമ സ്പര്‍ശം നിരാകരിച്ചിരുന്നുവെന്കില്‍ എന്ന് പ്രത്യാശപ്പെട്ടതാവാം... അതല്ലെങ്കില്‍ നിശ്ചെതനമായ ആ വിരല്‍ വിടവിലെ പ്രപഞ്ച സൃഷ്ടിയുടെ നിമിഷത്തെ ഓര്‍മിപ്പിക്കുകയാവാം..” അങ്ങനെയൊക്കെ ആയിക്കൂടെ?
“അല്ല.മാഷെ......അല്ല....അതിനപ്പുറം എനിക്കും നിനക്കുമറിയാത്ത..... ആ മഹാനായ ആഞ്ജൂ നുമാത്രമറിയുന്ന ഒരു കാരണമുണ്ട്. എത്ര വ്യാഖ്യാനങ്ങള്‍ പിറന്നാലും കണ്ടെത്താനാവാത്ത ഒന്ന്. ഇപ്പൊ തന്നെ നമുക്കിടയിലെ ഒരിക്കലും മായാത്ത ഒരു ശൂന്യതയില്ലേ..... അതുപോലൊന്ന്.” ഹെസ്തിയ പിന്നെ പൊട്ടിച്ചിരിച്ചു.
അപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ മുഖം മരിച്ചുപോയ ഹിന്ദി ചലച്ചിത്ര നടി സ്മിതാ പാട്ടീലായി എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. ഇതങ്ങനെയാണ്... നിയതമല്ലാത്ത നിഗൂഡമായ കുറെ മുഖങ്ങളും ഭാവങ്ങളുമാണെനിക്ക് ഹെസ്തിയ. ഓരോ സന്ദര്‍ഭത്തിലും മാറുന്ന ഭാവങ്ങള്‍ക്കനുസരിച്ച് ഞാനവള്‍ക്ക് എനിക്കിഷ്ടപ്പെട്ട മുഖങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്നു.എപ്പോഴും ഇടമുറിയാതെ സംസാരിച്ചുകൊണ്ടിരിക്കാനായിരുന്നു അവള്‍ക്കിഷ്ടം. മൌനത്തിന്റെ ഓരോ വിള്ളലുകളിലും അവള്‍ അക്ഷമ പ്രകടിപ്പിക്കുമായിരുന്നു . ഇങ്ങനെ വന്ധ്യമാക്കപ്പെടുന്ന ദീര്‍ഘമായ നിമിഷങ്ങളെ കുറിച്ച് അവള്‍ പറയുന്നത് അതൊരു കൊടുംശിക്ഷയാണെന്നാണ്.. രണ്ടു മനസ്സുകളുടെ വാക്മയ രേഖീയതയില്‍ നിന്നും തെന്നിമാറി അപരന് നല്‍കാവുന്ന ഒരു അസഹ്യതയുടെ ശിക്ഷ. അതിനാല്‍ പുറന്തള്ളാനുള്ള വാക്കുകള്‍ ഉള്ളില്‍ വഴിമാറി നടക്കുമ്പോള്‍ അവ എത്തിപ്പിടിക്കാനാവാതെ ഒരു മൂളല്‍ കൊണ്ടെങ്കിലും ഞാനെന്റെ മൌനത്തിന്റെ വിള്ളലുകള്‍ പൂരിപ്പിച്ചു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങളവള്‍ ഉതിര്‍ത്തുകൊണ്ടിരിക്കും. എന്റെ ഉത്തരങ്ങള്‍ക്ക് നേരെ പൊട്ടിച്ചിരിക്കും. തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യും. എങ്കിലുമവള്‍ വിശ്വസിച്ചുപോന്ന ശരികളെ എന്റെ തിരുത്തലുകളുമായി ഐക്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നു..
ഇങ്ങനെ കണ്ടുമുട്ടുന്ന ദിവസങ്ങളില്‍ ഒരു വര്‍ത്തമാനാവൃതി പൂര്‍ത്തിയാവുന്നതിനു മുമ്പ് എന്നുമവള്‍ മറക്കാതെയും നിര്‍ബന്ധമായും ചെയ്യുന്നൊരു കാര്യമുണ്ട്. സ്നേഹ ഋതുക്കള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന അവളുടെ കൊച്ചുവീടും അതിലൂടെ കടന്നു പോയൊരു ദിവസവും വര്‍ദ്ധിച്ച ഉത്സാഹത്തോടെ എനിക്ക് മുന്നില്‍ തുറന്നു വെക്കും..
“കേള്‍ക്കണ്ടേ നിനക്ക്.. ഇന്നലെ എന്റെ കൊച്ചു കാന്താരിയും മൈനക്കുട്ടനും അവര്‍ടെ സ്കൂളില്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ....ഒരമ്മയുടെ അളവറ്റ ആത്മഹര്‍ഷത്തോടെ മകളുടെയും മകന്റെയും കുറുമ്പുകളും കുസൃതികളും ഒരല്‍പം ഗര്‍വില്‍ ചാലിച്ച് അവളത് പറഞ്ഞു തുടങ്ങും. പിന്നെ സ്നേഹ സുന്ദരനായ ഭര്‍ത്താവുമായുണ്ടായ നുറുങ്ങു കലഹങ്ങള്‍ വരെ... ഒരു പാമ്പും ഏണിയും കളിപോലെ കയറ്റിറക്കങ്ങളുടെ രേഖയിലൂടെ തുടക്കം മുതല്‍ ഒടുക്കം വരെയുമുള്ള ലാവണ്യ നിമിഷങ്ങള്‍ പറഞ്ഞവള്‍ ചിരിക്കും .... ആ ചിരിയുടെ ഓളങ്ങള്‍ക്കിടെ എനിക്കുള്ള ഉപദേശങ്ങളും വന്നു ചേരും .... “ നീയും ഇങ്ങനൊക്കെ നിന്റെ സരിതയോട് കലഹിച്ച് സ്നേഹം കാണിക്കണം.. കണ്ണും മിഴിച്ചു നില്‍ക്കാതെ ഇതൊക്കെ ഞങ്ങളെ കണ്ടു പഠിച്ചോ “ ഉള്ളിലുണരുന്ന സന്തോഷത്തിന്റെ ചിരിയമര്‍ത്തി എല്ലാം കേട്ടിരിക്കുമ്പോള്‍ അവളിലെ നൈസര്‍ഗികമായ തമാശയുടെ സൌന്ദര്യവും തന്റെടവും ഞാന്‍ തൊട്ടറിഞ്ഞിരുന്നു. ഇങ്ങനെയൊക്കെയെങ്കിലും ഹെസ്തിയ ആരാണ് എന്താണ് എന്നതിനൊന്നും എനിക്ക് ഉത്തരം നല്കാനവള്‍ കൂട്ടാക്കിയിരുന്നില്ല. കാലങ്ങളെ ചുറ്റി നില്‍ക്കുന്ന നിഗൂഡമായൊരു നക്ഷത്രമായി മനസ്സിന്റെ കാഴ്ചയ്ക്കുമപ്പുറം അവളെന്നില്‍ എപ്പോഴും പിടിതരാതെ നിന്നു.
അര്‍ബുദത്തിന്റെ നൂതന ചികിത്സയുടെ പഠന ഭാഗമായുള്ള ഒരു സൈബര്‍ പ്രയാണത്തില്‍ ഒരിക്കല്‍ ഞാനെത്തി നിന്നത് ജര്‍മനിയിലെ ഒരു സായിപ്പ് ഡോക്ടറുടെ ഗവേഷണ പ്രബന്ധത്തിലായിരുന്നു. വായനക്കൊടുവില്‍ കവിയും തത്വ ചിന്തകനുമായ ഡോക്ടറുടെ താളുകള്‍ അരിച്ചു പെറുക്കവെയാണ് അദ്ദേഹത്തിന്‍റെ സൌഹൃദ വലയത്തില്‍ ഒരിന്ത്യക്കാരിയെ കാണാനിടയായത്. അതായിരുന്നു മലയാളിയായ ഹെസ്തിയ. ഒരച്ഛനോടെന്നപോലെ ബഹുമാനം പുലര്‍ത്തി ഹോളിസ്റ്റിക് വീക്ഷണങ്ങളില്‍ ഡോക്ടറെ ഖണ്ഡിച്ചെഴുതിയ അവളുടെ ആഴമേറിയ കുറിപ്പുകള്‍ ആദരവും കൌതുകവുമുണര്‍ത്തുന്നതായിരുന്നു. ആ തര്‍ക്കത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് ഞാനെഴുതിയ ഒരു ചെറു കുറിപ്പിനെ പിന്തുടര്ന്നു പിന്നീടൊരിക്കല്‍ ഹെസ്തിയയുടെ ഒരു കത്ത് സൌഹൃദവുമായി എന്നെ തേടിയെത്തി . ചിരകാലമായി പരിചയമുള്ള സുഹൃത്തെന്ന പോലെ അവള്‍ സംസാരിച്ചു തുടങ്ങി. അവളിലെ വ്യതിരിക്തമായ ചിന്തകളുടെയും അറിവിന്റെയും ചക്രവാളങ്ങളില്‍ അത്ഭുതം കൂറി നില്‍ക്കെ വളരെ പെട്ടെന്നായിരുന്നു ഞങ്ങളുടെ സൗഹൃദം വളര്‍ന്നു വികസിച്ചത്. കണ്ടുമുട്ടുന്ന ഇടവേളകളില്‍ സൂര്യന് താഴെയുള്ള എന്തും വിഷയമായി വാതോരാതെ അവള്‍ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഓരോന്നിലും തന്റെത് മാത്രമായ തീഷ്ണവും പഴുതുകളില്ലാത്തതുമായ ചിന്താമുദ്രണം എന്നത് അവളുടെ സവിശേഷതയായി ഞാന്‍ കണ്ടു. പക്ഷെ അന്തമില്ലാതെ പടരുന്ന വാക് വിനിമയങ്ങള്‍ക്കിടയില്‍ എന്തിനോടും ഏതിനോടുമുള്ള അവളുടെ വിചിത്രമായ സമരസപ്പെടലുകളും ഒത്തുതീര്‍പ്പുകളും എന്നെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതേചൊല്ലി ചിലപ്പോഴെല്ലാം വളരെ പരുഷമായി എനിക്ക് പെരുമാറേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ സങ്കടത്തോടെ ഒന്നും മിണ്ടാതെ അവള്‍ പിന്‍വാങ്ങി. മറ്റൊരിക്കല്‍ പ്രത്യക്ഷമാവുമ്പോള്‍ വ്യാപരിച്ചേക്കാവുന്ന ഖിന്നപ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്ന എനിക്ക് പലപ്പോഴും തെറ്റിപ്പോയിരുന്നു. മുമ്പത്തേക്കാള്‍ പ്രസന്നതയോടെ ഉലഞ്ഞ പഴയ നിമിഷങ്ങളെ വെട്ടി മാറ്റി സൌഹൃദ സാന്ദ്രമായ പുതിയ നിമിഷങ്ങളിലേക്ക് ചടുലമായവള്‍ ഉയിര്‍ത്തെഴുനേറ്റു വന്നു കുറ്റബോധ വിവശനായി തെല്ലു നേരമെങ്കിലും തപ്പിത്തടഞ്ഞു നിന്നിരുന്നത് ഞാനായിരുന്നു. എങ്കിലും തന്നെ ചൂഴ്ന്നു വരുന്ന ചോദ്യങ്ങള്‍ക്ക് നേരെ അവളെന്നും സംശയാലുവായി തന്നെ നിന്നു. . യാദൃശ്ചികമായിപോലും പുറത്തു വന്നുപോവരുതാത്ത സ്വത്വ ഭൂമികയെ സൂക്ഷിച്ചു നിര്‍ത്തി അവള്‍ ശ്രദ്ധയോടെ പെരുമാറി. എന്നിലെ ജിജ്ഞാസയെ നിര്‍ദാക്ഷിണ്യം വാക്കുകളില്‍ മുക്കിക്കൊന്നു. എന്നെ മിക്കപ്പോഴും അലട്ടിയിരുന്നത് ഈ കണ്‍മറയലിന്റെ അജ്ഞാതമായ കാരണങ്ങളായിരുന്നു. എന്നിട്ടും പിന്നീടെപ്പോഴോ പതിയെ പതിയെ അവള്‍ ആര് എന്തെന്നതിനപ്പുറം ഉറ്റവരുടെ ജന്മാന്തര പരമ്പരക്കണ്ണികളില്‍ ഏതോ ഒരു കാലത്ത് ജീവിച്ചു മരിച്ചു പോയവളോ അല്ലെങ്കില്‍ ഇനി എന്നെങ്കിലും ഭാവിയില്‍ ജനിച്ചു വരാനിരിക്കുന്നവളോ ആയി എന്നോടൊപ്പമവള്‍ മനസ്സില്‍ സഞ്ചരിച്ചു തുടങ്ങി.
യവനകഥയില്‍ ഗൃഹ ദേവതയാണ് ഹെസ്തിയ. ക്രോനസിന്റെയും റിയയുടെയും മൂന്നു പുത്രിമാരില്‍ ഒരാള്‍. ഒരേ സമയം മൂത്തവളും ഇളയവളുമെന്നു ജന്മബന്ധത്തിന്റെ അടയാളം നേടിയവള്‍. പരിണയ നിരാസത്തിലൂടെ പരിത്യാഗ ദീപമായ ദേവകന്യക കുടുംബത്തില്‍ പാചകത്തിന്റെയും അന്നത്തിന്റെയുമൊക്കെ ചുമതലക്കാരിയെന്നും ഗ്രീക്ക് ഐതിഹ്യം പറയുന്നു. ഹെസ്തിയയുമായി സംവദിക്കുമ്പോഴൊക്കെ ഈ മിഥോളജി ഞാനോര്‍ക്കുമായിരുന്നു. ഈ പേരെങ്ങനെ നിനക്ക് കിട്ടിയെന്ന എന്റെ ചോദ്യത്തിന് “ എന്റെ ഗ്രേറ്റ് പപ്പക്കുട്ടന്‍ തന്നതെന്ന് അവള്‍ ഉത്തരം നല്‍കി. അന്നവള്‍ അച്ഛനെ കുറിച്ച് വാതോരാതെ സംസാരിച്ചു അപ്പോഴും അച്ഛനിലെത്താനിടയുള്ള വഴികള്‍ അവള്‍ സമര്‍ത്ഥമായടച്ചിരുന്നു. അവളെ ചുറ്റി എന്തു പറയുമ്പോഴും അവള്‍ ചെയ്തിരുന്നത് ഒരു കഥ പുലര്‍ത്തേണ്ടതായ പ്രാഥമിക ധര്‍മത്തിനപ്പുറം സ്ഥിതി വിവരങ്ങളെ സ്പര്‍ശിക്കാതിരിക്കുക എന്നതായിരുന്നു. തന്റെ തത്തക്കുട്ടിയെന്ന മകളെ കുറിച്ചോ മൈനക്കുട്ടനെന്ന മകനെ കുറിച്ചോ പറയുമ്പോള്‍ അവര്‍ക്ക് ഒരിക്കലും പേരുണ്ടാവില്ല. അവര്‍ പഠിക്കുന്നത് പേരില്ലാത്ത വിദ്യാലയത്തിലാവും. ഭര്‍ത്താവ് എഞ്ചിനീയറാവുമ്പോള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിനു പേരോ അത് സ്ഥിതി ചെയ്യുന്ന സ്ഥലനാമമോ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ എല്ലാം പറയുമ്പോഴും ഒന്നും പറയാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. ഇതിങ്ങനെ തുടരവേ പലപ്പോഴും ഈര്‍ഷ്യയെക്കാളേറെ വാശിയാണു അതെന്നില്‍ ഉണ്ടാക്കിയത്. അതിനാല്‍ അവളിലേക്ക് തുറക്കുന്ന ഒരു കുറുക്കു വഴി എന്നെന്കിലുമുണ്ടാവുമെന്നു തന്നെ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അതിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നു.
യാത്രകള്‍ ഇഷ്ടമായിരുന്ന ഹെസ്തിയ ദേശാന്തരികളായവരുടെ കഥകള്‍ പങ്കുവെക്കുന്നതിനിടെ അന്ന് കുടുംബ സമേതമുള്ള ഒരു അവധിക്കാല യാത്രയെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. യാത്രക്കിടെ ജര്‍മനിയിലെ തന്റെ സുഹൃത്തായ ഡോക്ടറെ കാണുക ഒരു ദൌത്യമെന്നും അവള്‍ പറഞ്ഞു. അത് കേട്ട് എന്നിലെ ഷെര്‍ലോക്ക് ഹോംസ് പെട്ടെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഉണര്‍ന്നു.. ഇത്രയും നാള്‍ എന്നിലെ അന്വേഷകനില്‍ നിന്നും ഡോക്ടര്‍ മറഞ്ഞു നില്‍ക്കയായിരുന്നല്ലോ എന്ന് ഞാനോര്‍ത്തു. ഈ ജര്‍മന്‍ വൈദ്യനില്‍ നിന്നും കേരളത്തിലെ ഒരു ഗ്രാമത്തിലൂടെ ഹെസ്തിയയുടെ വേരുകളിലേക്കുള്ള ഒരു വഴി പുറപ്പെടുന്നുണ്ടാവാമെന്ന തിരിച്ചറിവ് പുറത്തു കാണിക്കാതെ ഞാന്‍ മറ്റൊരു വിഷയത്തിലേക്ക് അവളുടെ ശ്രദ്ധയെ മാറ്റി. അതിനു ശേഷം കുറെ ദിവസത്തേക്ക് അവളെ കാണുകയുണ്ടായില്ല. അതങ്ങനെയായിരുന്നു. അവള്‍ വരുന്നതും പോകുന്നതും ഒരു ഈറന്‍ കാറ്റ് പോലെയാണ്. മനസ്സിലെ വേനല്‍ തളര്‍ച്ചയില്‍ എവിടെ നിന്നെന്നില്ലാതെ കടന്നു വന്നു ശീതളമായവള്‍ വീശി നില്‍ക്കും. മഴയുടെ ആരവം മനസ്സിനെ മൂടുന്നതിനു മുന്‍പേ അവള്‍ പടിയിറങ്ങിയിരിക്കും. ഏതോ ഒരു ദൌത്യം നിര്‍വഹിക്കുന്നത് പോലെ എല്ലാറ്റിനും നിശ്ചിത സമയം അവള്‍ അളന്നു വെക്കുമായിരുന്നു.
ഇങ്ങനെ ഹെസ്തിയയെ കാണാതിരുന്ന ദിവസങ്ങളിലൊന്നിലാണ് ഞാനവളെകുറിച്ച് ചിന്തിക്കുകയും ഉദാസീനമായൊരു എഴുത്തിലൂടെ ഡോക്ടറെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തത്. സ്വയം പുതുക്കിയ പരിചയത്തിന്റെ മുഖവുരക്ക് ശേഷം ഞാനെഴുതി... ‘താങ്കളുടെ സുഹൃത്തായ ഹെസ്തിയയെ നേരില്‍ കണ്ടു സംസാരിക്കേണ്ടതായ ഒരാവശ്യം വന്നിരിക്കുന്നു. വിലാസവും വിശദ വിവരങ്ങളും അയച്ചു തന്നാല്‍ ഉപകാരമായിരുന്നു.” ഒരാഴച്യ്ക്ക് ശേഷം മെയില്‍ ബോക്സില്‍ ജര്‍മനിയിലെ ആ ഡോക്ടര്‍ എന്റെ ഹൃദയത്തെ ത്രസിപ്പിച്ചുകൊണ്ട് വന്നു നിന്നു.. കുറെ ദിവസം ഞാനാ മെയില്‍ തുറക്കാതെ ജിഞാസയുടെ നിമിഷങ്ങളെ ദീര്‍ഘിപ്പിച്ചു. എന്റെ മനസ്സിലെ ഹെസ്തിയ പുനര്നിര്മിക്കപ്പെടുന്നതെന്തിനെന്ന ചോദ്യം ഒരിടയ്ക്കെന്നില്‍ കടന്നു വന്നതായിരുന്നു കാരണം. അവ്യക്തതയാല്‍ അപൂര്‍ണ്ണമായ എന്നിലെ ചിത്ര ചതുരത്തില്‍ ഹെസ്തിയയുടെ സൌന്ദര്യമുള്ളൊരു ജീവിതം ഞാന്‍ എന്റേതായി വരച്ചു വെച്ചിട്ടുണ്ട്. ആരെന്നും എന്തെന്നും അറിയുന്നതിലൂടെ അത് പുതുക്കപ്പെട്ട് ഹെസ്തിയ എന്റെ ഉറ്റവരുടെ ജന്മാന്തര പരമ്പരക്കണ്ണികളില്‍ നിന്നും വേര്‍പെട്ടു എനിക്കന്യയായി മാറുകയോ എന്നില്‍ നിന്നും എന്നന്നേക്കുമായി തിരോഭവിച്ചു പോവുകയോ ചെയ്യുമെന്ന് ഞാന്‍ തെല്ലിട ഭയപ്പെട്ടു. എന്നിട്ടും നീണ്ടു പോവുന്ന അവളുടെ പിന്മടക്കത്തിന്റെ ഉല്‍ക്കണ്ഠയെ മറികടക്കാനാവാതെ ഒടുക്കം ഞാന്‍ ഡോക്ടറെ തുറന്നു വായിക്കുക തന്നെ ചെയ്തു. ദീര്‍ഘമായ എഴുത്തിന്റെ ഇങ്ങേയറ്റത്തു ഹെസ്തിയയെ ഞാന്‍ ഹൃദയമിടിപ്പോടെ കണ്ടു.
പ്രശസ്തവും പുരാതനവുമായ കൃസ്തീയ കുടുംബത്തിലെ മൂന്നു പുത്രിമാരില്‍ മൂത്തവളാണ് ഹെസ്തിയ. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവള്‍. കുടുംബത്തിലുണ്ടായ ദൈവ വിളിയില്‍ കര്‍ത്താവിന്റെ തിരുവധുവായി തിരഞ്ഞെടുക്കപ്പെട്ടവള്‍. മൂന്നു വര്‍ഷത്തെ ശ്രേഷ്ഠ പഠനം പൂര്‍ത്തിയാക്കി സഭയുടെ തിരുവസ്ത്രം സ്വീകരിക്കാനൊരുങ്ങുകയാണവള്‍. .....ഉള്‍ക്കിടിലത്തോടെ ഇത്രയും സംഗ്രഹിച്ചു ഞാന്‍ ഡോക്ടറെ വായിച്ചു. എന്റെ അമ്പരപ്പുകളില്‍ അനേകം ചോദ്യങ്ങളുടെ കടന്നല്‍ കൂടിളകി. ഒന്നിനും ഉത്തരം കണ്ടെത്താനാവാതെ ഞാന്‍ ഉള്ളിലാളുന്ന വിങ്ങലോടെ കണ്ണുകള്‍ ഇറുകെയടച്ചു. എന്റെ മുന്നിലുണ്ടായിരുന്ന തത്തക്കുട്ടിയും മൈന കുട്ടനും വികൃതികളുമായി എന്നെ വലം വെച്ച ശേഷം കണ്ണെത്താ ദൂരത്തേക്ക് ഓടിപ്പോയി.. അവളുടെ സ്നേഹ സുന്ദരന്‍ ചതുരകള്ളിയില്‍ നിന്നും നീളമേറിയ മിനുസത്തിലൂടെ വളഞ്ഞു പുളഞ്ഞു താഴേക്കു ഊര്‍ന്നപ്രത്യക്ഷമായി. ഹെസ്തിയ ഒരു ചെറു പുഞ്ചിരിയോടെ ചതുരക്കള്ളികള്‍ പിന്നിട്ട് ലംബമായ രേഖീയതയുടെ ഏണിപ്പടികള്‍ ഓരോന്നായി ചവിട്ടിക്കയറി മുകളിലേക്ക് പോയി. ഞാന്‍ എന്തിനെന്നില്ലാതെ അസ്വസ്ഥനായി. ഓരോ സന്ദര്‍ഭങ്ങളിലായി ഞാനവള്‍ക്കു നിര്‍മിച്ചുകൊടുത്ത മുഖങ്ങളൊന്നും അവള്‍ക്കു ചേരാതായി.. മുഖമില്ലാത്ത ഹെസ്തിയ എന്നില്‍ ഒരു പരിഭ്രമമായി മാറി. .
പിന്നീടെപ്പോഴോ പതിയെ എന്റെ ചിന്തകളുടെ ഘടന ലളിത രൂപം കൈവരിച്ചു. എന്നില്‍ തുറന്നു വെച്ചു കടന്നു പോയ അവളുടെ മോഹങ്ങളുടെ അദ്ധ്യായങ്ങള്‍ക്ക് പൊരുളുകള്‍ ഞാന്‍ കണ്ടെത്തി..ഹെസ്തിയയുടെ മുന്‍ പിറവികളുടെ അങ്ങേയറ്റത്ത് നിന്നാവാം അവള്‍ എന്നോട് സംസാരിച്ചു തുടങ്ങിയത്. പേരിനപ്പുറമൊരു സ്വന്തം മുഖമോ തന്നിലേക്ക് നീളുന്ന ഒരു പാഴ് പഴുതു പോലുമോ മനസ്സുകൊണ്ട് തരാതെ തന്നിലുറയുന്ന ജീവിത സ്വപ്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് ഒരു ഏകാങ്ക കാണിയായി എന്നെ പ്രതിഷ്ടിച്ചതാവം.. മുന്നിലെത്തുമ്പോഴെല്ലാം ഈ വിശുദ്ധമായ പിന്‍പിറവിയുടെ വാതിലവള്‍ കുറച്ചു നേരത്തെക്കെങ്കിലും കൊട്ടിയടച്ചതാവാം. അല്ലെങ്കില്‍ ഒരു നിറ സൌഹൃദത്തിന്റെ രൂപ ഭംഗി ചോരാതെ സൂക്ഷിക്കാന്‍ മനസ്സിലുടക്കിയ ഏതോ ഒരു ജീവിത കഥ സ്വയം അനുഷ്ഠിക്കുന്നതായി ഭാവിച്ചതാവാം. അങ്ങനെയൊക്കെ ആവാനേ തരമുള്ളൂ.
പള്ളിയങ്കണത്തില്‍ നിറങ്ങളില്‍ നെയ്ത തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തി കുര്‍ബാന കൊള്ളുന്ന അനേകം യുവതികള്‍ക്കിടയില്‍ എനിക്കിപ്പോള്‍ ഹെസ്തിയയെ കാണാം. . എനിക്കവളെ തിരിച്ചറിയാനാവുന്നു. നിറമുള്ള ഉടയാടകളും ആഭരണങ്ങളുമിപ്പോള്‍ അവളുടെ സ്വപ്നങ്ങള്‍ക്കൊപ്പം അഴിച്ചു വെക്കപ്പെടും. ഒറ്റനിറമുള്ള തിരുവസ്ത്രത്തിലേക്കവള്‍ ജീവിതത്തെ മാറ്റിപ്പാര്‍പ്പിക്കും. എന്റെ മനസ്സിലുണ്ടാവുന്ന വേനല്‍ തളര്‍ച്ചയിലേക്ക് ഇനിയെന്നെങ്കിലുമൊരിക്കല്‍ ഒരീറന്‍ കാറ്റുപോലെയവള്‍ പിന്നെയും കടന്നു വന്നേക്കാമെന്ന് വെറുതെ ഞാന്‍ പ്രത്യാശിക്കുന്നു. അപ്പോളവള്‍ പുതിയ ജീവിത പരിസരത്തെ സ്വപ്നങ്ങള്‍ പുരട്ടാതെ സത്യമായി എനിക്ക് മുന്നില്‍ തുറന്നു വെക്കുമെന്നും വെറുതെ ഞാന്‍ വിചാരിക്കുന്നു . .