Wednesday, January 28, 2009

ഒരു സ്വപ്നക്കുരുക്ക്

(ചെറുകഥ) സൂനഗിരിയാണ് സാവിത്രിയുടെ പെറ്റനാട്. സാവിത്രിമാരുടെ നാടാണ് സുനഗിരിയെന്നുകൂടി ഇവിടെ പറഞ്ഞുവെക്കേണ്ടതായിട്ടുണ്ട്. എങ്ങിനെയാണ് സൂനഗിരി സാവിത്രിമാരുടെ മാത്രം നാടായതെന്ന് എനിക്കറിയില്ല. പെണ്ണായി പിറക്കുന്നവരെയെല്ലാം ആ ഗ്രാമീണര്‍ പേരിട്ട് വിളിക്കുന്നത് സാവിത്രിയെന്നാണ്. തിരിച്ചറിയപ്പെടലുകള്‍ക്കായി ഗണിതാക്ഷരങ്ങളെ അവര്‍ മുറയ്ക്ക് ആശ്രയിച്ചു. സാവിത്രി ഒന്ന്... സാവിത്രി രണ്ട്.... എന്നിങ്ങനെ അക്കങ്ങളുടെ അനന്തതയായി നീളുന്ന സാവിത്രിമാര്‍. തലമുറയായി പകര്‍ന്നു കിട്ടിയ എന്റെയൊരു അറിവാണത്. കഥകള്‍ പറഞ്ഞുതരാന്‍ എനിക്ക് മുത്തശ്ശിമാരില്ലാത്തതിനാല്‍ മുത്തച്ഛന്മാരിലൂടെയായിരുന്നു എന്നിലെ ഇത്തരം അറിവുകളുടെ ജനനം. അറിഞ്ഞത് സാവിത്രിമാരെ കുറിച്ചായതുകൊണ്ടും പറഞ്ഞുതന്നത് മുത്തച്ഛന്മാരായതുകൊണ്ടും ഞാനാകഥകളെ അപ്പടി വിശ്വസിച്ചു പോന്നിരുന്നു. മുതിര്‍ന്നവരുടെ സംസാരങ്ങളില്‍ സൂനഗിരി എല്ലായ്പോഴും ഒരു വിഷയമാണ്. അനുസരണക്കേട് കാട്ടുന്ന വല്യേച്ചിയെ ശകാരിക്കുമ്പോള്‍,ബാലേട്ടന്റെ വിവാഹക്കാര്യം ചര്‍ച്ചയാവുമ്പോള്‍ എന്നു തുടങ്ങി ഒട്ടെല്ലാ സ്ത്രീസംബന്ധിയായ കാര്യങ്ങളിലും മുത്തച്ഛനിലൂടെ, അച്ഛനിലൂടെ സൂനഗിരി സാവിത്രിമാര്‍ എനിക്കുമുന്നിലെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അമ്മയോ മറ്റുമുതിര്‍ന്ന സ്ത്രീകളോ അവരെ ഉദാഹരിക്കുന്നത് കേള്‍ക്കുകയുണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ഇന്നുമെനിക്കറിയില്ല. മനഃപൂര്‍വമാകാമെന്നാണ് മുതിര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചുപോന്നത്. സൂനഗിരി സാവിത്രിമാരുടെ സൗമ്യത, സൗശീല്യം,സൗകുമാര്യം എന്നിങ്ങനെ നാനാവിധത്തിലുള്ള മാഹാത്മ്യങ്ങള്‍ കേട്ടുവളര്‍ന്ന എനിക്കീ ഇരുപത്തെട്ടാം വയസ്സിലാണ് ഒടുക്കം ഒരു സൂനഗിരി സാവിത്രിയുണ്ടാവുന്നത്. ജീവിതത്തിലെ ഏറ്റവും സൂക്ഷ്മത വേണ്ട മുഹൂര്‍ത്തത്തില്‍ സന്ദിഗ്ദ്ധതയുടെ അലോസരപ്പെടുത്തലൊന്നുമില്ലാതെയാണ് ഞാന്‍ സാവിത്രിയെ ആദ്യമായി കണ്ടത്. അനേകം ഞൊറികളുള്ള ഇളം നീല വസ്ത്രങ്ങളണിഞ്ഞ് എന്നിലൊരുള്‍തുടിപ്പുപോലെ നടന്നെത്തിയ സാവിത്രി കൃത്യം മുപ്പതാം നാള്‍ എന്റെയൊരു ഭാഗമായി മാറുകയായി. നിറപറയും നിലവിളക്കും കടന്ന്..തോരണങ്ങളുടെ മര്‍മരങ്ങളിലൂടെ അഗ്നികുണ്ടം വലംവെച്ച് സാവിത്രിയുടെ ഹൃദയവിശുദ്ധി കൈവിരല്‍ത്തുമ്പുകളിലേറ്റുവാങ്ങി... ഒടുക്കം.. സുഗന്ധങ്ങള്‍ പുളയ്ക്കുന്ന നാലുചുറ്റുചുമരുകള്‍ക്കുള്ളില്‍ ഞാനും സാവിത്രിയും തനിച്ചായി. ഞങ്ങളുടെ ആദ്യരാവ്!.. സാവിത്രിയെ കേള്‍ക്കാന്‍ ഞാന്‍ ആയിരം കാതുകള്‍ തുറന്നുവെക്കുകയും അവളെന്നില്‍ നിന്നൊരായിരം നാവുകള്‍ പ്രതീക്ഷിക്കുകയും ചെയ്തു. ഒരൊറ്റ രാത്രികൊണ്ട് ഒരു ജന്മം മുഴുവന്‍ ഞങ്ങള്‍ അനുഭവിച്ചു തീര്‍ന്നു. പിന്നേയും ജീവിച്ചുതീര്‍ക്കാന്‍ കുറേ ജന്മങ്ങളുടെ പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ മൂടിപ്പുതച്ചുകിടന്നു. സാവിത്രിയുടെ സ്നേഹതാപം പകര്‍ന്നുകിടക്കെ ഞാനെന്റെ പിതാമഹന്മാരെ മനസ്സാ സ്തുതിച്ചു. സൗഭാഗ്യഹേതുക്കളായ മുതുമുത്തച്ഛന്മാരില്ലായിരുന്നെങ്കില്‍ ഈ സാവിത്രി എനിക്കരികിലിങ്ങനെ വന്നുകിടക്കുമായിരുന്നില്ല. കിടന്ന കിടപ്പില്‍ മോഹങ്ങളാല്‍ മനോഹരങ്ങളായ കുറേ വലകള്‍ ഞാന്‍ നെയ്തുകൂട്ടി. മോഹം സാവിത്രിയിലൂടെ വെള്ളിനൂലുകളുമായി തലങ്ങും വിലങ്ങും ഓടിനടന്നുകൊണ്ടിരുന്നു ഉറക്കമുണ്ടാവുന്നതു വരെ. മ്മയുടെ അനുഗ്രഹം വാങ്ങി അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് സാവിത്രി പടിയിറങ്ങിവന്നു. ഞങ്ങള്‍ സൂനഗിരിയും എന്റെ പേരില്ലാഗ്രാമവും പിന്നിട്ട് പെരും പേരുള്ള എന്റെ പട്ടണത്തിലെത്തി. എന്റെ ജോലിസ്ഥലം ഇവിടെയാണ്. ഇവിടെയാണ് ഞാനുല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറി. ഇവിടെയാണ് എനിക്കും സാവിത്രിക്കും മാത്രമായി താമസിക്കാന്‍ ഒരു വീട്. സാവിത്രിയില്‍ അത്ഭുതവും കൗതുകവുമുണ്ടാക്കാനുള്ള നഗരസവിശേഷതകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചുവെച്ചിട്ടുണ്ട്. അവള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. കാരണം അവള്‍ നിഷ്കളങ്കയായ ഒരു ഗ്രാ​മപുത്രിയാണ്. വിടര്‍ന്ന കണ്ണുകളുമായി സാവിത്രി കോണ്‍ക്രീറ്റ് മിനുസത്തിലൂടെ എനിക്കൊപ്പം എന്റെ പാര്‍പ്പിടത്തിലേക്ക് നടന്നുകയറി.ഞാനെന്റെ പാര്‍പ്പിടഭാഗങ്ങളെ അവള്‍ക്ക് വിസ്തരിച്ചുകൊടുത്തു. തൊട്ടടുത്ത വീട്ടിലെ ടെറസില്‍ കണ്ട വലിയ സാറ്റലൈറ്റ് കുട അവള്‍ക്കൊരു കൗതുകവസ്തുവായി. അപ്പുറത്തെ അര്‍പ്പിതയുടെ വേഷം കണ്ട് അവള്‍ അത്ഭുതപ്പെട്ടു. അല്ലെങ്കില്‍ അണിഞ്ഞിരുന്ന ഗ്രാമ്യവേഷം അവള്‍ സ്വയമൊന്ന് പരിശോധിക്കുമായിരുന്നില്ല. ഗേറ്റിനുപുറത്ത്, വീടിനുചുറ്റും അവള്‍ കണ്ണുകള്‍ തുറന്നു. തീരാത്ത അത്ഭുതങ്ങളുടെ നാട്ടില്‍ വന്നെത്തിയതല്ലേയുള്ളു എല്ലാം ഒറ്റനില്‍പില്‍ കണ്ടു തീര്‍ക്കേണ്ടെന്നു കരുതി ഞാനവളെ അകത്തേക്ക് വിളിച്ചു. എനിക്ക് വിശക്കുന്നൂവെന്നും വിശപ്പാണ് പ്രധാനമെന്നും ഞാനവളോട് പറഞ്ഞു. ചുണ്ടുകളില്‍ മൂളിപ്പാട്ടുമായി അഞ്ചുമിനുട്ട് കൊണ്ട് എനിക്കവള്‍ പൊടിയരിക്കഞ്ഞിയുണ്ടാക്കിത്തന്നു. എന്റെ വിശപ്പില്‍ പൊടിയരിക്കഞ്ഞി നിറഞ്ഞപ്പോള്‍ എനിക്കുറങ്ങണമെന്നാണ് തോന്നിയത്. ഞാന്‍ ക്ഷീണത്തോടെ സാവിത്രി കാണാതെ... സാവിത്രിയറിയാതെ.. കട്ടിലില്‍ കണ്ണുകളടച്ചു. നേരെമേറെചെന്ന്.... ബോധം കൈവിരലുകളുടെ തണുത്ത മൃദുലത തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. മുന്നില്‍ സാവിത്രി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഉറക്കത്തില്‍ ഞാന്‍ വല്ലാത്ത ഒരസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഓര്‍മിച്ചു. അവളങ്ങിനെ നില്‍ക്കെ തന്നെ നിദ്രയില്‍ കണ്ട ഒരനിഷ്ടമായ സ്വപ്നത്തിന്റെ അത്യന്തം നേര്‍ത്ത ഇഴകളെ ഞാന്‍ വെറുതെയൊന്നു കൂട്ടിയിണക്കാന്‍ ശ്രമം നടത്തി. ഭീതിദവും അനിഷ്ടങ്ങളുമായ സ്വപ്നങ്ങളെ അബോധത്തിലെ ആ നിമിഷത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് എല്ലായ്പോഴും ഞാന്‍ ചെയ്യാറുള്ളത്. പക്ഷെ സ്വപ്നത്തില്‍ എന്നെ അലോസരപ്പെടുത്തിയ മുഖവും സാവിത്രിയുടെ മുഖവും ഒന്നായിരുന്നല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് മറഞ്ഞ സ്വപ്നദൃശ്യതക്ക് പിറകെ ഓര്‍മയെ പറഞ്ഞുവിട്ടത്. മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് നിയതമായ ഒരടുക്കും ചിട്ടയുമില്ലാതിരുന്നതിനാല്‍ സാവിത്രിക്കത് പറഞ്ഞുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലുമതൊരു നല്ല സ്വപ്നമായിരുന്നില്ലെന്ന് തീര്‍ച്ച. എന്റെ ഭാവപ്പകര്‍ച്ച കണ്ട അവളുടെ ഉദ്വേഗത്തിനുമുന്നില്‍ ഞാന്‍ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. സ്വപ്നങ്ങള്‍ പലപ്പോഴുമിങ്ങിനെയാണ്. ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവ ദൂരെയെങ്ങോ വിസ്മൃതിയുടെ അനന്തതയില്‍ തെന്നിത്തെന്നിപ്പോവും ഒട്ടും പിടിനല്‍കാതെ. ഏതായാലും ഈ സ്വപ്നം ബോധമണ്ടലത്തില്‍ അസ്വാസ്ഥ്യത്തിന്റെ ബീജം സ്രവിപ്പിച്ചാണ് കടന്നു പോയതെന്ന് ഞാന്‍ മനസ്സില്‍ കുറച്ചിട്ടു. സാവിത്രി ഒരുക്കിത്തന്ന തണുത്ത വെള്ളത്തില്‍ ഞാന്‍ കുളികഴിച്ചു. അപ്പോഴേക്കും സന്ധ്യയായിരുന്നു. ഒരു നല്ല സായാഹ്നം നഷ്ടപ്പെടുത്തിയതില്‍ നിരാശതോന്നി. ഉറങ്ങേണ്ടിയിരുന്നില്ല. ഒരു വല്ലായ്മയുടെ സമ്പാദ്യമാണ് ഉറക്കാത്താലുണ്ടായത്. സാ​‍വിത്രിയേയും കൂട്ടി ഈ നഗരത്തില്‍ ചുറ്റിനടക്കണമെന്ന് കരുതിയിരുന്നതാണ്. അവളിലെ കൗതുകത്തെ തടംകെട്ടിനിര്‍ത്തുമ്പോള്‍ ഈയൊരു സായാഹ്നമായിരുന്നു മനസ്സില്‍. ഞാന്‍ സാവിത്രിയെ വിളിച്ച് അടുത്തിരുത്തി. നഷ്ടപ്പെട്ട സായാഹ്നത്തെ മറക്കാന്‍, അബോധത്തിലുറഞ്ഞ ഒരു വല്ലായ്മയൊതുക്കാന്‍ അവള്‍ക്ക് തനിക്കുള്ളതും കേട്ടറിഞ്ഞതുമായ നഗരകഥകള്‍ പറഞ്ഞുകൊടുത്തു. ഒരഞ്ചുവയസ്സുകാരിയെപോലെ അവളെല്ലാം കേട്ടിരുന്നു. കഥകേട്ടുകേട്ടുറങ്ങിപ്പോയ സാവിത്രിക്കരികിലിരുന്ന് പകുതി പറഞ്ഞുനിര്‍ത്തിയ കഥയുമായി പതിയെ ഞാനും കണ്ണുകളടച്ചു. അടഞ്ഞ ഇമകള്‍ തുറന്ന് ബോധത്തിലെത്തി ശാന്തത വീണ്ടെടുക്കണമെന്ന് ഉല്‍ക്കടമായി ആഗ്രഹിച്ചുപോകാവുന്ന ഒരു സ്വപ്നക്കുരുക്കിലകപ്പെടുകയായിരുന്നു ഞാന്‍. പഴയതിന്റെ തുടര്‍ച്ചയോ പുതിയതിന്റെ തുടക്കമോയെന്ന് വേര്‍തിരിച്ചറിയാനാവാത്ത സന്ദിഗ്ദ്ധതയില്‍ ഞാന്‍ നടുങ്ങി. കാലമെന്തെന്നോ സ്ഥലമേതെന്നോ എനിക്ക് നിശ്ചയമില്ല. അതൊരാശുപത്രികെട്ടിടത്തിന്റെ ഇടനാഴിയോ ഒരു ദേവാലയത്തിന്റെ ഇടുങ്ങിയ അള്‍ത്താരയോ ആവാം. അതൊരു കോടതി വരാന്തയാണോയെന്നുപോലും എനിക്ക് സംശയമുണ്ട്. സാവിത്രി തേങ്ങലുമായി നില്‍ക്കുന്നു. തൊട്ടരികെ മൂങ്ങയുടെ മുഖസാദൃശ്യമുള്ള ഒരാള്‍. അയാള്‍ അവളെ തലോടുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുകയാണ്. സാവിത്രി വല്ലാതെ കരഞ്ഞുതുടങ്ങുകയാണ്. അവള്‍ കരയുന്നത് ഞാനാദ്യമായി കണ്ടു. അരൂപിയായി എല്ലാം കണ്ടു നില്‍ക്കുന്ന എന്റെ നെഞ്ചിടിപ്പേറിവന്നു. എന്തൊക്കെയോ പറയാനാഞ്ഞ എനിക്ക് നാവില്ലെന്നു മനസ്സിലായി. അവള്‍ അയാളുടെ കൈചേര്‍ത്തുപിടിക്കുകയും പതുക്കെ സംസാരിക്കുകയും ചെയ്തു. ശേഷം അവര്‍ നടന്നുതുടങ്ങി. കെട്ടിടത്തിനു പുറത്ത് ഇവരെ പ്രതീക്ഷിച്ചെന്നപോലെ ഒരു കുതിരവണ്ടി കാത്തുകിടന്നിരുന്നു. അവര്‍ അതില്‍ കയറുകയും എങ്ങോ യാത്രയാകുകയും ചെയ്തു. അകന്നകന്ന് പോകുന്ന സാവിത്രിയെ സര്‍വ ശക്തിയുമെടുത്ത് ഞാന്‍ വിളിച്ചുനോക്കി. പക്ഷേ ഒരു വീര്‍പ്പിന്റെ ശബ്ദം പോലും എന്നില്‍ നിന്നുയര്‍ന്നില്ല.എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.വളരെ ആയാസപ്പെട്ട് ഞാന്‍ ശ്വസിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന ഞാന്‍ ഇരുട്ടില്‍ കണ്ണുതുറന്നു കുറേനേരം കിടന്നു. പിറ്റേന്നാണ് എനിക്കതനുഭവപ്പെട്ടത്. പ്രഭാതത്തില്‍ കാപ്പിയുമായി വന്നുവിളിച്ച സാവിത്രിക്ക് മുഖമില്ല. ഞാന്‍ കണ്ണുകള്‍ തിരുമ്മി വീണ്‍ടും വീണ്ടും നോക്കി. ഇല്ല.... സാവിത്രിയുടെ മുഖം മാത്രം എനിക്ക് കാണാനാവുന്നില്ല. തൊട്ടുമുന്നില്‍ കാപ്പി നീട്ടിപ്പിടിച്ച കറുത്ത കുപ്പിവളകളണിഞ്ഞ സാവിത്രിയുടെ വലതുകൈയ്യെനിക്ക് കാണാം. സാരിത്തുമ്പില്‍ ചേര്‍ത്തുപിടിച്ച നനഞ്ഞ ഇടതുകൈയ്യും ഞാന്‍ കാണുന്നുണ്ട്. അതെ... മുഖമൊഴിച്ച് മറ്റെല്ലാം എനിക്ക് നന്നായി കാണാം. അവളുടെ ശബ്ദംപോലും ഞാന്‍ കേള്‍ക്കുന്നുണ്ട്. പരിഭ്രാന്തിയാല്‍ ചാടിയെണീറ്റ ഞാന്‍ അവളുടെ കഴുത്തിനുമുകളില്‍ കൈയെത്തിച്ചു. ഞാനവളുടെ മുഖം തൊട്ടു.അവളുടെ ചുണ്ടില്‍, മൂക്കിന്‍ത്തുമ്പില്‍, നെറ്റിയില്‍, മുടിയിഴകളില്‍പോലും ഞാന്‍ കൈവിരലുകളോടിച്ചു. സാവിത്രിക്ക് മുഖമുണ്ട്. എന്റെ കണ്ണുകള്‍ക്ക് അവളുടെ മുഖം കാണാനാവുന്നില്ല. സാവിത്രി ഒന്നുമറിയാതെ എന്റെ കുസൃതിയെന്നു കരുതി ലാസ്യമായി കുതറുകയാണ് ചെയ്തത്. അവളോട് എന്റെയീ ഭാഗികമായ അന്ധത പറയാനൊരുങ്ങവെ, പെട്ടെന്ന് മനസ്സ് വിലക്കി. അല്ലെങ്കിലും എങ്ങിനെയാണ് "നിന്റെ മുഖമെനിക്ക് കാണാനാവുന്നില്ലെന്ന്" ഒന്നിച്ചു പൊറുക്കുന്ന ഭാര്യയോടു പറയുക?

Sunday, January 25, 2009

ആത്മഹത്യ

മരണം ഒരു തണുപ്പുപോലെയാണ് എന്നിലേക്കിഴഞ്ഞുവന്നത്.ഇലകള്‍ വകഞ്ഞുമാറ്റി ഒരീറന്‍ കാറ്റിലേറി ആയിരം കൈകളുമായി അവനെന്നില്‍ അരിച്ചിറങ്ങി. ഒരു രാത്രി മുഴുവന്‍ ഞാനവന്റെ പദവിന്യാസത്തിനായി കാതോര്‍ത്തു കിടക്കുകയായിരുന്നു. ക്ഷണിച്ചിട്ടും വരാതിരിക്കുമോ എന്ന ആധിയില്‍ എന്റെ മരണശേഷകിനാക്കളെല്ലാം വെറും കിനാവായിപ്പോകുമോ എന്ന ആകുലതയില്‍ ഞാനാകെ നീറിക്കിടന്നു. ഒരിടയ്ക്ക് ഞാന്‍ കഴിച്ച ഗുളികകള്‍ മാറിപ്പോയോ എന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. നിത്യനിദ്രയുടെ ഗുളികകള്‍ തന്നെയാണവയെന്ന് ഞാന്‍ പിന്നെ പലവുരു തിട്ടപ്പെടുത്തുകയായിരുന്നു. എന്റെ മരണത്തെ കുറിച്ച് എനിക്ക് എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളാണുണ്ടായിരുന്നത്. എനിക്ക് മുമ്പേ ആത്മഹത്യ ചെയത പെണ്‍കുട്ടികളെപോലെ എന്റെ ആത്മഹത്യയും ഒരു കണ്ണീര്‍കഥയാവണം, കദനത്തിലാഴ്ത്തുന്ന സചിത്രലേഖനമാവണം, നടുക്കമുണര്‍ത്തുന്ന ഒരു കടങ്കവിതയോ ചരമഗീതമോ ആവണം. വാരികകളിലും ചാനലിലുമെല്ലാം മിസ് ക്ലാരാജോസഫിന്റെ ആത്മഹത്യ കുറേ ദിവസം നിറഞ്ഞുനില്‍ക്കണം. ഇങ്ങിനെ പോകുന്നവയാണ് എന്റെ സ്വപ്നങ്ങളേറെയും. ഒടുക്കം രാത്രിയുടെ ഏതോ യാമത്തില്‍ ഈ വക സ്വപ്നങ്ങളുടെ ഏതോ ഒരിടയ്ക്കാണ് പൊടുന്നനെ എന്റെ ഹൃദയസ്പന്ദനം നിലച്ചത്. പിറ്റേന്ന് കാപ്പിയുമായി വന്നുവിളിച്ച ആയമ്മ എന്റെ കിടപ്പുകണ്ട് ഒരല്‍പം പകച്ചുനില്‍ക്കുകയും പിന്നെ കാപ്പിപ്പാത്രം താഴെയിട്ട് നിലവിളിയേടെ മുറിവിട്ടോടുകയും ചെയ്തു.എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എന്റെ മരണം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞുതുടങ്ങാന്‍ പോകുന്നു.വിചാരിച്ചതുപോലെതന്നെ എന്റെ മുറിയിലേക്ക് പപ്പയും മമ്മയും വളരെ പെട്ടെന്നുതന്നെ ഓടിയെത്തി. എന്റെ മോളേയെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചുകൊണ്ട് എന്നരികിലേക്ക് വീണു.അപ്പോഴേക്കും ആരൊക്കെയോ ഓടിക്കിതച്ചെത്തിയിരുന്നു.അവര്‍ താങ്ങിയെടുക്കുമ്പോള്‍ പപ്പയും മമ്മയും എന്നരികിലേക്ക് വീണ്ടും വീണ്ടും കുതറുകയും പിന്നെ ബോധമറ്റ് വീഴുകയും ചെയ്തു. ഒരു ഗൂഢസ്മിതം അപ്പോഴെന്നില്‍ എങ്ങിനെയോ വിരിഞ്ഞു.ഒട്ടും വൈകാതെ വീടും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞുവന്നു. ഒരൊറ്റ നോക്കില്‍ തന്നെ എല്ലാവരും കണ്ണുനിറക്കുന്നത് കണ്ട് എന്റെ മനസ്സ് കുളിര്‍ന്നു. എന്നെ സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പപ്പയും മമ്മയും മുംബൈയില്‍നിന്നു വരാനിരിക്കുന്ന ഡേവിഡിച്ചായനും ഇനിയുമിനിയും കരഞ്ഞു കുതിരുമല്ലോയെന്നോര്‍ത്തപ്പോള്‍ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് എനിക്കു തോന്നി. നേരം കടന്നു പോകവെ എനിക്ക് വല്ലാതെ തണുത്തുവന്നു. നിലവിളികള്‍ കുഴഞ്ഞുവീണു വെറും തേങ്ങലായി മാറിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും എന്നെ ആശുപത്രിയിലേക്കെടുക്കാന്‍ ആരൊക്കെയോ തയാറെടുത്തു. വീട്ടുമുറ്റത്ത് ആംബുലന്‍സ് വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു. കോളേജില്‍ നിന്നും സഹപാഠികളും അദ്ധ്യാപകരും കറുത്ത ബാഡ്ജുകളുമണിഞ്ഞ് പുഷ്പചക്രങ്ങളുമായി എപ്പോഴാണെത്തുകയെന്ന വേവലാതിയായിരുന്നു എനിക്കപ്പോള്‍. എന്റെ കൂട്ടുകാരികള്‍ എന്തുമാത്രം സങ്കടപ്പെടുമെന്ന് ഞാനോര്‍ത്തു. ക്ലാസില്‍ പലപ്പോഴും സ്നേഹപൂര്‍വം ഒളിക്കണ്ണിട്ടു നോക്കുന്ന മാത്യു സാറും എനിക്ക് പിന്നാലെ എന്നും ചുറ്റുന്ന പ്രകാശനും ഇനി വല്ലാതെ പൊട്ടിക്കരയുമെന്നോര്‍ക്കവേ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് വീണ്ടും വീണ്ടും എനിക്ക് തോന്നുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം മുറിയിലെ മാര്‍ബിള്‍മേശമേല്‍ ഏറെ നേരം ഞാന്‍ കിടന്നു. മുറിക്കുപുറത്തെ പന്തലിച്ചു നില്‍ക്കുന്ന വെയിലില്‍നിന്നും ഇടയ്ക്കാരോ കയറിവന്നു. അയാള്‍ ആശുപത്രിയിലെ ശവം സൂക്ഷിപ്പുകാരനോ മറ്റോ ആവണം. ഖേദത്തിന്റെ പരിതാപത്തിന്റെ ഒരു നേരിയ പാട അയാളുടെ കണ്ണുകളിലും ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അയാളുടെ കണ്ണുകളില്‍ പ്രത്യേകിച്ചൊരു ഭാവവും കാണാനുണ്ടായിരുന്നില്ല. എന്നെ പൊതിഞ്ഞിരുന്ന വെളുത്ത തുണി അയാള്‍ വളരെ അലസമായെടുത്തുമാറ്റുകയും എന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി സാവധാനം ഊരിയെടുക്കുകയും ചെയ്തു. അപ്പോള്‍ പുറത്തേക്ക് തുളുമ്പിവന്ന അയാളുടെ കണ്ണുകള്‍ എന്റെ നഗ്നശരീരത്തിലെവിടെയോ വീഴുന്നുണ്ടായിരുന്നു. അയാളെന്നെ ഡോക്ടറുടെ ക്രിയകള്‍ക്കായി പൂര്‍ണ്ണമായൊരുക്കിവെച്ചു. പിന്നേയും വീഴുന്ന കണ്ണുകളുമായി ഏറെനേരമയാള്‍ എനിക്കരികില്‍ തന്നെ നിന്നു. പിന്നെ ചുണ്ടില്‍ അശ്ലീലച്ചുവയുള്ള ഒരു മൂളിപ്പാട്ടുയര്‍ന്നു. എന്റെ മരണത്തില്‍ എനിക്കെന്തെന്നില്ലാത്ത ലജ്ജ തോന്നിച്ചത് അപ്പോള്‍ മാത്രമാണ്. എന്റെ തുറന്നുവെച്ച ശരീരം ഇനിയും തുറക്കാനായി ആരൊക്കെയോ വരാനിരിക്കുന്നതേയുള്ളു. ഈ മുറിയില്‍ കടന്നുവരേണ്ട ജീര്‍ണ്ണിച്ച കണ്ണുകള്‍ക്ക് ശവം സൂക്ഷിപ്പുകാരനില്‍നിന്നും വ്യത്യസ്ഥമായി മറ്റൊരു നിറവുമില്ലെന്ന് എനിക്ക് മനസ്സിലായി. മരണം ഈ മുറിയില്‍ വെറുമൊരു മരണം മാത്രമായിത്തീരുന്നല്ലോയെന്നറിയവെ മരിച്ചത് വെറുതെയായെന്നും ഒരിക്കലും മരിക്കേണ്ടിയിരുന്നില്ലെന്നും എനിക്കാദ്യമായി തോന്നിത്തുടങ്ങി.

Saturday, January 24, 2009

ചാക്രികായനങ്ങളിലൊന്നില്‍

(ചെറുകഥ) ഋതുപ്പകര്‍ച്ചയുടെ നിയത കല്‍പനകളെ കൂസാതെ മഞ്ഞുമലകള്‍ ഹിമപാതം തുടര്‍ന്നു. സമതലങ്ങള്‍ പുഴയാവുകയും പുഴകള്‍ നിത്യവ്രണിതയുടെ കണ്ണീര്‍ച്ചാലുപോലെ മരുപ്പറമ്പ് തേടി ഇഴയുകയും ചെയ്തു. വിഭ്രാന്ത സൂര്യന്റെ കൊടുംതാപത്താല്‍ വിണ്ടുപോയ കായ്കനികളേയും കരിഞ്ഞ ഇലത്തളിരുകളേയും മാറത്തടുക്കി ഹരിത ഭൂമികള്‍ വിലാപം കൊള്ളുകയായി. തേര്‍വീഥികളില്‍ രഥചക്രങ്ങള്‍ വിറളിപൂണ്ടുരുണ്ടപ്പോള്‍ ചരിത്രത്തിന്റെ താളിയോലകളില്‍ എഴുത്താ​‍ണികള്‍ പതിവു തെറ്റി ആഴത്തില്‍ ചലിച്ചു.താളിയോലകളില്‍ ജനിക്കുന്ന വടുക്കളില്‍ ചാക്രികായനത്തിന്റെ തുടക്കം. ശയ്യവലംബയായ കാലം അമൂര്‍ത്തതയുടെ പച്ചമരുന്നുകള്‍ക്കുവേണ്ടി പിന്നേയും പിന്നേയും കേണു. ഇപ്പോള്‍.. ഒരുഷ്ണഭൂമിയില്‍, ഒരിടത്താവളത്തിലെ തണുപ്പിച്ച മുറികളിലൊന്നില്‍ ‍ കല്യാണിയെന്ന ഭാര്യ തന്റെ കാമുകന്റെ മാറില്‍ സുരതാലസ്യത്തിന്റെ പാതികൂമ്പിയ മിഴികളുമായി അരുമയോടെ കിടക്കുകയാണ്. അവളുടെ മനസ്സാകട്ടെ ഇന്നലെകളുടെ വര്‍ണ്ണതലങ്ങളിലേറി സ്മൃതിയുടെ മുനമ്പുകളില്‍ നിന്നു മുനമ്പുകളിലേക്ക് പാറിപ്പറന്ന് യാത്ര ചെയ്യുകയുമാണ്. യാത്രയിലെ ഒരിടയ്ക്ക് ഏതോ കിനാവള്ളികളില്‍ തടഞ്ഞു നിന്ന് അവള്‍ മൃദുവായി ചിരിച്ചു. പിന്നെ വര്‍ദ്ധിച്ച ഹര്‍ഷത്തോടെ അയാളുടെ മാറില്‍ മുഖമുരുമ്മി പൂണ്ടടക്കം പിടിച്ചു. അവളുടെ ചേഷ്ടകളില്‍ അര്‍ദ്ധനിദ്രയുണര്‍ന്ന അയാള്‍ അവളുടെ വിരുത്തിയ മുടിയിഴകളിലേക്ക് കണ്ണുകള്‍ തുറന്നു.പിന്നെ ചോദിച്ചു. "നീയെന്താ കാട്ടണേ.... നിനക്ക് പോകണ്‍ടെ?"ഒരു മറുപടിക്കുമുമ്പ് ഗോപുരമണി പലപാട് തവണ ചിലച്ചു. അയാളുടെ മാറില്‍ മുഖമാഴ്ത്തിക്കൊണ്ട് അസ്വസ്ഥയായി ഗോപുരമണിക്കെതിരെ അവളപ്പോള്‍ ചെവിപൊത്തിക്കിടന്നു. "നശിച്ച ഈ ഘടികാരം" അവള്‍ പിറുപുറുത്തു.നഗരത്തിലെ എല്ലാ ഭാര്യമാരും ഇതുപോലൊരാലസ്യ നിമിഷങ്ങളില്‍ കിടന്നുകൊണ്ട് കല്യാണിയെപോലെ പിറുപിറുക്കയായിരുന്നു. സമയനിഷ്ടകളില്‍ ചോര്‍ന്നു പോവുന്ന ഭാര്യാജീവിതങ്ങള്‍ക്കറുതിയായി സമയ നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിക്കൊണ്ടുള്ള നഗരാധിപന്റെ ഏറ്റവും നൂതനമായ ഒരു പരിഷ്കാരം പ്രാബല്യത്തില്‍ വന്നൂവെങ്കിലും നഗരഹൃദയത്തിലെ ഗോപുരമണി അപ്പോഴും മുറതെറ്റാതെ ഒരപായമുന്നറിയിപ്പെന്ന പോലെ അവരുടെ വിനോദ സന്ദര്‍ഭങ്ങള്‍ക്കുമേല്‍ വന്നു വീണുകൊണ്ടേയിരുന്നു. ഈ പരിഷ്കാരമുണ്ടാവുന്നതിനുമുമ്പു തന്നെ സമയസൂചികള്‍ ഉപേക്ഷിച്ചു തുടങ്ങിയവരായിരുന്നു പരിഷ്കാരപ്രിയരായ നഗരഭാര്യമാര്‍. 'സമയനിഷ്ടകളില്‍ തലതല്ലി മരിക്കാന്‍ ഞങ്ങളില്ല ..സമയ നിര്‍മാണശാലകള്‍ അടച്ചുപൂട്ടുക.' നഗരാധിപന്റെ മേശപ്പുറം അവരുടെ കത്തുകള്‍കൊണ്ട് കനത്തുപോയ ഒരു ദിവസമായിരുന്നു ഔദ്യോഗികമായ ഈ പരിഷ്കാര പ്രഖ്യാപനമുണ്ടായത്. പക്ഷെ അപ്പോഴും നഗരത്തിലെ ഗോപുരമണിയെ തന്റെ ഹൃദയസ്പന്ദനം പോലെ നഗരാധിപന്‍ കാത്തു. സ്പന്ദിക്കുന്ന ഗോപുരമണി സ്പന്ദിക്കുന്ന തന്റെ ഹൃദയമാണെന്നും ഗോപുരമണിയെ നിശ്ചലപ്പെടുത്തുന്നത് തന്റെ ഹൃദയസ്പന്ദനത്തെ നിശ്ചലപ്പെടുത്തുന്നതിനു തുല്യമാണെന്നുമാണ് ഏറ്റവുമൊടുവില്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഹൃദ്രോഗിയായ നഗരാധിപന്‍ വെളിപ്പെടുത്തിയത്. അതുകൊണ്ട് കൃത്യനിഷ്ടയുള്ള ഗോപുരമണി നഗരഭാര്യമാരുടെ മനസ്സില്‍ സുഖാലസ്യം കെടുത്തുകയും സമയബോധമുണര്‍ത്തുകയും ചെയ്യുന്ന ഒരു ഭയപ്പാടായിത്തീര്‍ന്നു. നുറുങ്ങിയ ആലസ്യനിമിഷങ്ങളുമായി കിടന്ന അവളുടെ കാതില്‍ നുരയിടുന്ന കാമുകന്റെ ഹൃദയതാളത്തിനൊപ്പം ഒരിടയ്ക്ക് കാളവണ്ടിയുടെ പതിഞ്ഞ കുളമ്പടി ശബ്ദവും കുടമണിയൊച്ചയും പടര്‍ന്നു. കെട്ടിടത്തിനു താഴെ അത് ചിലമ്പിച്ച് തീര്‍ന്നപ്പോള്‍ അവള്‍ മെല്ലെ എഴുനേറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ശിരസ്സ് മുതല്‍ കാല്‍പാദം വരെ മൂടുന്ന ഒരു വേഷമായിരുന്നു അത്.കൈകാല്‍ വിരലുകളും മുഖവുമൊഴിച്ച് മറ്റെല്ലാ ശരീരഭാഗങ്ങളും ഒളിഞ്ഞു നില്‍ക്കുന്ന നഗരഭാര്യമാരുടെ ഒരു പതിവു വേഷം.അവള്‍ ഉടുത്തൊരുങ്ങി നിലക്കണ്ണാടിക്കുമുന്നില്‍ നിന്നപ്പോഴേക്കും മുറിക്കു പുറത്ത് കാല്‍പെരുമാറ്റം കേട്ടു.ഉറങ്ങിപ്പോയ കാമുകന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി അവള്‍ വാതില്‍ക്കലേക്ക് നടന്നു.ഭര്‍ത്താവിന്റെ വരവാണ്. അനുവദിക്കപ്പെട്ട വിനോദസമയം കഴിഞ്ഞിരിക്കുന്നു.അടഞ്ഞ വാതിലില്‍ മുട്ടുയരാന്‍ കാത്തുനില്‍ക്കാതെ അവള്‍ വാതില്‍തുറന്ന് അയാളോടൊപ്പം നടന്നു. അയാളുടെ കണ്‍പോളകള്‍ വീര്‍ത്തു ചുവന്നിരുന്നു. നടക്കാന്‍ ആയാസപ്പെട്ട അയാള്‍ തന്റെ ഭാര്യയുടെ ചുമലില്‍ മെല്ലെ വലതുകൈ താങ്ങി. "നിങ്ങളിന്ന് പതിവിലും ഏറെ കുടിച്ചിട്ടുണ്ടല്ലേ?""എന്തേ നീയിന്നു കുടിച്ചില്ലേ?" അവളുടെ ചോദ്യത്തിനു ഒരു മറുചോദ്യമായിരുന്നു ഭര്‍ത്താവിന്റെ ഉത്തരം. 'ഇല്ല..ഇന്ന് കുടിക്കാനുള്ള മൂഡുണ്ടായിരുന്നില്ല. " ആട്ടെ.. ഇന്നന്തേ കൗസല്യയെ നിങ്ങള്‍ നേരത്തെ വിട്ടോ? അതോ വന്നില്ലേ? ചോദ്യം കേട്ട് അയാളൊന്നു കുലുങ്ങിചിരിച്ചു. 'വരാതിരിക്ക്യേ.. നല്ല കഥ. നമ്മുടെ പിതാമഹന്മാര്‍ ചോരയും നീരും നല്‍കി നൂറ്റാണ്ടുകളായ് കെട്ടിപ്പടുത്ത ഒരു മഹാസംസ്കൃതിയുടെ ലംഘനമാവില്ലേ... അവള്‍ വന്നു .. നേരത്തെ പോയി. ഇന്നവള്‍ക്ക് നഗരാധിപന്റെ കൊട്ടാരത്തില്‍ നടക്കുന്ന തേങ്ങിക്കരച്ചില്‍ മത്സരത്തില്‍ ഭര്‍ത്താവിനോടൊപ്പം പങ്കെടുക്കണമത്രെ. വേറെന്തോ പറഞ്ഞുതുടങ്ങുമ്പോഴേക്കും അയാള്‍ വല്ലാതെ ഉലഞ്ഞുതുടങ്ങിയിരുന്നു.ഭാര്യയുടെ ചുമലില്‍ താങ്ങി വരാന്തയിലെ ഒതുക്കുകല്ലുകളില്‍ വഴുതിയിറങ്ങിയ അയാള്‍ കാളവണ്ടിയുടെ മുന്നിലെ ഇരിപ്പിടത്തിലേക്ക് കയറാനൊരുങ്ങവെ അവള്‍ തടഞ്ഞുകൊണ്ടു പറഞ്ഞു. "വേണ്ട .. ഇന്ന് ഞാന്‍ തെളിക്കാം" ഭര്‍ത്താവിനെ കാളവണ്ടിയുടെ കുടുസ്സായ ഇരിപ്പിടത്തില്‍ കയറ്റിയിരുത്തിയ ശേഷം അവള്‍ മുന്നിലിരുന്ന് കാളകള്‍ക്ക് മേല്‍ ചാട്ടവാര്‍ വീശി. ഇടവഴി താണ്ടി കുണ്ടും കുഴിയും നിറഞ്ഞ പൊതുനിരത്തിലേക്ക് കടന്നപ്പോഴേക്കും നഗരത്തിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ പേരുകള്‍ പതിച്ച അനേകം കാളവണ്ടികള്‍ മുന്നില്‍ പ്രത്യക്ഷമായി. എല്ലാവരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങുകയാണ്. നിരത്തിലെ ചിതറിയിട്ട കല്ലുകളിലും വലിയ കുഴികളിലും കാളകള്‍ നന്നേ വിഷമിച്ചു. ഈ പൊതുനിരത്ത് ഒരിക്കല്‍ വിസ്തൃതിയാര്‍ന്ന ഒരു കോണ്‍ക്രീറ്റ് റോഡായിരുന്നെന്ന് അവള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.മുതു മുത്തച്ഛന്മാരിലൂടെ പകര്‍ന്നുകിട്ടിയ അറിവ്.അന്നീ മിനുസ്സമായ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളാണത്രെ ഓടിയിരുന്നത്.അവയുടെ ബഹുവര്‍ണ്ണച്ചിത്രങ്ങള്‍ പഠിക്കുന്ന കാലത്തെന്നോ ചരിത്രപുസ്തകങ്ങളില്‍ കണ്ടിട്ടുള്ള ഓര്‍മയാണ് അവള്‍ക്ക്.ആ ചിത്രങ്ങളിലൂടെ വേഗതയുടെ മൂര്‍ദ്ധന്യം അനുഭവിച്ച പാവം മനുഷ്യരെകുറിച്ച് അവള്‍ ചിന്തിച്ചിരുന്നു.വേഗത്തില്‍ ലക് ഷ്യം പ്രാപിച്ച പാവങ്ങള്‍. ചീറിപ്പായുന്ന വാഹനങ്ങളില്‍നിന്ന് കാളവണ്ടിയിലെത്തിനില്‍ക്കുന്ന മുന്നേറ്റത്തിന്റെ ദൂരം എന്തുമാത്രമാണെന്ന് തെല്ലിട അവള്‍ വിസ്മയപ്പെട്ടു. വിളക്കുകള്‍ പ്രകാശിച്ചുനില്‍ക്കുന്ന മരുന്നുകട ദൂരെ പ്രത്യക്ഷമായപ്പോള്‍ അവള്‍ ഭര്‍ത്താവിനെ തട്ടിവിളിച്ചു. 'മക്കള്‍ക്കെന്തെങ്കിലും വാങ്ങണ്ടെ?' അയാള്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഒന്നമര്‍ത്തി മൂളി. മരുന്നുകടയുടെ ഒരരികില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന കാളവണ്ടികള്‍ക്ക് പിറകിലായി മെല്ലെ അവള്‍ കാളകളെ തെളിച്ചു നിര്‍ത്തി. മരുന്നുകടയില്‍ പതിവുപോലെ നല്ല തിരക്കുണ്ടായിരുന്നു. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി തിരക്കൊഴിയുന്നതും കാത്തുനിന്നു. ഏറെ നേരെമായിട്ടും തിരക്കൊഴിയുന്നില്ലെന്നായപ്പോള്‍ ആള്‍കൂട്ടത്തിലേക്ക് പതുക്കെയവള്‍ നുഴഞ്ഞു. തത്രപ്പെട്ട് മകന് ഒരു പൊതി കഞ്ചാവും മകള്‍ക്ക് ഫലവത്തായ കോണ്ട്രാസെപ്റ്റീവ് ഗുളികകളും വാങ്ങി പതുക്കെ പുറത്തേക്ക് ഊര്‍ന്നിറങ്ങിയപ്പോഴേക്കും അവള്‍ വല്ലാതെ വിയര്‍ത്തുപോയിരുന്നു. നേരെ കാളവണ്‍ടിയില്‍ ചെന്നിരുന്ന് ഒരല്‍പനേരം സാരിത്തലപ്പുകൊണ്ട് വീശി വിയര്‍പ്പാറ്റി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ യാത്ര തുടര്‍ന്നു. നിരത്തിലപ്പോള്‍ വരിയൊപ്പിച്ച് ഒരു മഹായാനത്തിലെന്ന പോലെ ഏതൊ ലക് ഷ്യത്തിലേക്ക് ഒച്ചിലിഴയുന്ന അറ്റം കാണാത്ത കാളവണ്ടികള്‍ . മുന്നിലും പിന്നിലുമായി നീങ്ങുന്ന അവയുടെ കുടമണിയൊച്ചകള്‍ ഒന്നായി കൂടിക്കലര്‍ന്നു ഒരു താളമായി മാറിയിരുന്നു. ആ താളത്തില്‍ കിടന്ന് 'അവളു'ടെ ഭര്‍ത്താവ് സുഖമായി കൂര്‍ക്കം വലിച്ചുറങ്ങി. അപ്പോള്‍ ആചരിക്കുന്ന സംസ്കൃതിയുടെ സൗഭാഗ്യങ്ങളില്‍ പൊടുന്നനെ മനസ്സുണര്‍ത്തി വര്‍ദ്ധിച്ച ആവേശത്തോടെ ചാട്ടവാര്‍ ചുഴറ്റുകയായിരുന്നു കല്യാണിയെന്ന ഭാര്യ.

റാഹേലിന്റെ പെണ്‍കുട്ടി

(ചെറുകഥ) പെണ്‍കുട്ടി ഞങ്ങളെ വല്ലാതെ കുഴക്കുകയാണ്. കുറേ നേരമായി ഞങ്ങളെ വിഷമവൃത്തത്തില്‍ കുടുക്കി ഒരേ ചോദ്യം തന്നെ അവള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അത്രയും നേരം തന്നെയായി ഞങ്ങളവള്‍ക്ക് നേരായ മറുപടിയും കൊടുക്കുന്നു. പക്ഷേ ഞങ്ങളെ വിശ്വസിക്കാന്‍ അവള്‍ കൂട്ടാക്കുന്നില്ല.കള്ളം പറയാന്‍ മാത്രമുള്ള ഒരു കാര്യം പോലുമല്ല അവള്‍ ചോദിക്കുന്നത്. എന്നിട്ടുമവള്‍ ഞങ്ങളുടെ സത്യസന്ധതയും ക്ഷമയും നാവിലെടുത്തിട്ട് കളിക്കുന്നു.അതും ഏറ്റവും മൃദുലമായി ഒരു കൊച്ചുകുട്ടിയുടെ കൊഞ്ചലുപോലെ. ഈ കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാതെ ഞങ്ങള്‍ മറ്റു ചിന്തകളിലേക്ക് കാടു കയറി തുടങ്ങുകയാണ്. " റാഹേലെവിടെ ...? എനിക്കിപ്പൊ റാഹേലിനെ കാണണം..."പെണ്‍കുട്ടിയിപ്പോഴും ശാഠ്യത്തില്‍ തന്നെ നില്ക്കുന്നു. ഈ കുട്ടിയന്വേഷിക്കുന്ന റാഹേല്‍ ഞങ്ങളുടെ സമാന്തര വിദ്യാലയത്തിലെ മലയാളം അധ്യാപികയാണ്. ഞങ്ങള്‍ക്കു‍ള്ള ഒരേയൊരു ഫീമെയ്ല്‍ ടീച്ചര്‍. കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മക്ക് സുഖമില്ലാത്തതിനാല്‍ അവധിയിലാണ്. ഞങ്ങളീകാര്യം ഒരു നൂറുവട്ടമെങ്കിലും പറഞ്ഞുകാണും. പക്ഷേ അവള്‍ ഞങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടിയിലും കയറിനിന്ന് വാശിപിടിച്ച് കെഞ്ചുകയാണ്. " ദേ റാഹേലിനെ നിങ്ങള്‍ വിളിക്കുന്നുണ്ടോ...എനിക്കറിയാം റാഹേലിവിടെയുണ്ടെന്ന്.. എന്നെ കളിപ്പിക്കാന്‍നോക്കണ്ട. ഞാന്‍ റാഹേലിനെ കാണാതെ പോവില്ല" 'സത്യമായും കുട്ടീ.. റാഹേലിവിടെയില്ല ....കുട്ടിക്ക് വേണേങ്കി.. ദാ..ക്ലാസുമുറികളൊക്കെ നോക്കാം. ക്ഷമയുടെ ഏഴതിരുകളും ചാടിക്കടക്കാന്‍ കഴിവുള്ള സുനിമാഷ് അനുനയ സ്വരം വീണ്ടും വീണ്ടും കുട്ടിയില്‍ പരീക്ഷിക്കയാണ്. 'അതൊന്നും വേണ്ട.. നോക്കാനൊന്നും എനിക്ക് വയ്യ ... ഒന്നു വിളിച്ചു തന്നേക്കൂ.. പ്ലീസ്.. അതുവരെ ഒന്നും മിണ്ടാതെ നിരീക്ഷകനായി നിന്ന രാജീവന്‍ മാഷ് ഞങ്ങളെ കണ്ണിറുക്കി അകത്തേക്ക് വിളിച്ചു.ഇത്തരമൊരവസ്ഥയില്‍ രാജീവന്റെ കൂര്മബുദ്ധി നന്നായി പ്രവര്‍ത്തിക്കുമെന്നറിയാവുന്ന ഞങ്ങള്‍ പെണ്‍കുട്ടിയെ വിട്ട് അകത്തെ മുറിയിലേക്ക് പോയി. ഈ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ രാജീവന്‍ ആ കുട്ടിയെ ആകെയൊന്ന് അരിച്ചുപെറുക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആ ക്രിയയില്‍ രാജീവനെന്തെങ്കിലും തടഞ്ഞിരിക്കാതെ വയ്യ. ഞങ്ങള്‍ ഉദ്വേഗപൂര്‍വം രാജീവന് ചെവികൊടുത്തു. 'മാഷേ.. ഇത് സംഗതി മറ്റേതാ..' 'മറ്റേതോ..?' ഞങ്ങളൊരുമിച്ച് രാജീവന്റെ കൂര്മബുദ്ധിക്ക് വഴിമാറിക്കൊടുത്തു. "അതെ .. അതേന്ന്.. രാവിലെ തന്നെ അതും പൂശിക്കൊണ്ടാ വരവ്..നമുക്ക് പോലീസിനെ വിളിച്ച് ഈ ബാധയൊഴിപ്പിക്കാം..." അംഗവിക്ഷേപങ്ങളോടെ വളരെ പതുക്കെയാണ് രാജീവന്‍ ഞങ്ങളോടിത് പറഞ്ഞത്. രാജീവന്റെ ഗവേഷണ നിഗമനങ്ങളെ അങ്ങിനെയങ്ങ് തള്ളിക്കളയാന്‍ വയ്യ.ആ പെണ്‍കുട്ടിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരസാധാരണത്വമുണ്ടെന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു. ഏറ്റവും പുതിയ ഫാഷനിലെ വിലകൂടിയ വസ്ത്രങ്ങളും കാല്‍ നഖങ്ങള് മുതല് വഴിഞ്ഞൊഴുകും മട്ടിലിരിക്കുന്ന തലമുടിവരെയുള്ള ആധുനിക പരിഷ്കാരങ്ങളും രാജീവന്റെ നിഗമനങ്ങള്ക്ക് പച്ചക്കൊടി കാട്ടുന്നു. ഒരുയര്ന്ന കുടുംബത്തിലെ വഴിതെറ്റിയ സന്തതിയെന്നുവരെ ഞങ്ങള്‍ക്കിപ്പോളവളെ വിശേഷിപ്പിക്കാം. പക്ഷെ ഈ അസാധാരണമായ പെരുമാറ്റത്തിലും മൊഴികള്ക്കിടയിലുമായി മറഞ്ഞിരിക്കുന്ന എന്തോ ഒരു വേവലാതി രാജീവന്റേത് പോലുള്ള കടന്ന ചിന്തകളെ ഞങ്ങളില്‍ വരിഞ്ഞുകെട്ടുകയാണ്. അതിനുമപ്പുറം ആ പെണ്കുട്ടിയുടെ ശൈശവത്വമാര്ന്ന മുഖവും. 'വേണ്ട.. പോലീസും പട്ടാളവുമൊന്നും വേണ്ട'.. ഞാന് പെട്ടെന്ന് പറഞ്ഞു. നമുക്ക് വേറെന്തെങ്കിലും വഴി നോക്കാം" ഇപ്പൊ ഒരൊറ്റ മാര്ഗ്ഗമേയുള്ളു... റാഹേലിനെ എങ്ങിനെയെങ്കിലും തപ്പിയെടുത്ത് ഈ കുട്ടിയുടെ മുന്നില്‍ ഹാജരാക്കുക. സുനിമാഷ് ഗഹനമായ ചിന്തകള്ക്കു ശേഷം ഏറ്റവുമൊടുവിലെ നിര്ദ്ദേശം മുന്നോട്ട് വെച്ചു. ഈയൊരവസ്ഥയില്‍ തികച്ചും പ്രായോഗികവും സ്വീകാര്യവുമായ പോവഴി അതു മാത്രമായിരുന്നു. ഒടുക്കം ഞങ്ങള്‍ പ്യൂണ്‍ രാഘവേട്ടനെ റാഹേലിന്റെ വീട്ടിലേക്ക് പറഞ്ഞയക്കുകതന്നെ ചെയ്തു. പെണ്കുട്ടിയിപ്പോള്‍ ഞങ്ങളുടെ കൊച്ചു ലൈബ്രറിയില്‍ അടുക്കിവെച്ച പുസ്തകങ്ങള്ക്കിടയിലാണ്.അപ്പോളവള്‍ റാഹേലിനേയും ഞങ്ങളെതന്നെയും മറന്നതുപോലെ.ഈ വാതില്പാളികള്ക്കിടയിലൂടെ ഞങ്ങള്‍ക്കവളുടെ ഓരോ ചലനങ്ങളും കാണാം. അവള്‍ അലക് ഷ്യമായി പുസ്തകങ്ങള്‍ മറിച്ചുനോക്കുകയും പൂര്‍വ സ്ഥാനത്തു തന്നെ അടുക്കിവെക്കുകയും ചെയ്യുന്നു. ഇടയ്ക്ക് ഏതോ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഏറെ നേരം മിഴിചേര്ത്തുനിലക്കുന്നത് കണ്ടു.ചിലപ്പോഴെല്ലാം വരികള്ക്കിടയില്‍ എന്തോ തേടുന്നതും തിരയുന്നതും പോലെ. ഇതിനിടയിലാണ് മേശപ്പുറത്തിരുന്ന അവളുടെ ഹാന്‍ഡ്ബാഗ് രാജീവന്‍ സൂത്രത്തില്‍ കൈക്കലാക്കി ഞങ്ങള്ക്കരികില്‍ കൊണ്ടുവന്നത്.'ചിലപ്പോള്‍ ഈ ബാഗ് നമ്മുടെ സംശയങ്ങള്‍ ശരിവെക്കും' ഒരു ഡിറ്റക്ടീവിന്റെ മട്ടില്‍ രാജീവന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നു ചെല്ലുന്ന ഈ പ്രവൃത്തിയില്‍ കുറ്റബോധത്തൊടെയാണെങ്കിലും ഞങ്ങള്ക്കും പങ്കുകൊള്ളാതിരിക്കാനായില്ല. ബേഗില്‍ ഒരു കൊച്ചുഡയറിയും കുറെ പ്ലാസ്റ്റിക്ക് വളകളും ഒരു തൂവാലയും പിന്നെ കുറേ നോട്ടുകളും മാത്രമേയുണ്ടായിരുന്നുള്ളു. രാജീവന്‍ പ്രതീക്ഷിച്ചത് ഇതൊന്നുമായിരുന്നില്ല. ഒരു സിറിഞ്ച്, അതുമല്ലെങ്കില്‍ ഒരു കടലാസു പൊതി. പക്ഷെ അവന്റെ നിഗമനങ്ങള്ക്ക് കാത്തുനില്ക്കാതെ കറുത്ത നിറമുള്ള മനോഹരമായ ആ ബേഗ് അതിന്റെ ശൂന്യമായ ഉള്ളറകളൊന്നാകെ ഞങ്ങള്ക്കു മുന്നില് ഉദാരപൂര്‍വം തുറന്നുകാട്ടിത്തന്നു. നിരാശതയോടെയും അതിലുപരി ജാള്യത്തോടെയും രാജീവന്‍ പിന്നേയും ആ കുട്ടിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നു. ഞങ്ങള്ക്കു മുന്നിലൂടെ ഡയറിയുടെ താളുകള്‍ മറിഞ്ഞുവീണു. ചില താളുകളില്‍ തെളിഞ്ഞ മനോഹരമായ കൈപ്പടയിലെഴുതിയ അക്ഷരങ്ങളില്‍ ഞങ്ങളുടെ ദൃഷ്ടിപതിച്ചു. കുറേ കവിതാ ശകലങ്ങളും രേഖാചിത്രങ്ങളും മാത്രമായിരുന്നു അത്. കുഴഞ്ഞു മറിഞ്ഞ് തലകീഴായ ഒരു വ്യക്തിത്വത്തിന്റെ ശ്ലഥബിംബങ്ങള്‍ പോലെ അവയെല്ലാം. ഈ കുട്ടി അത്ര ചില്ലറക്കാരിയല്ല എന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങുകയായിരുന്നു അപ്പോള്‍. (2)വേവലാതിയുടെ കിതപ്പുമായി റാഹേല്‍ വന്നു. പുസ്തകങ്ങള്ക്കിടയിലായിരുന്ന പെണ്കുട്ടി ഓടിയടുത്ത് റാഹേലിന്റെ കരം കവര്ന്നു. ഏതോ തേടിയ നിധി കിട്ടിയ ഭാവമായിരുന്നു അവള്ക്ക്. റാഹേലിന്റെ മുഖത്തുനട്ട ആ മിഴികള്‍ പെട്ടെന്ന് നിറഞ്ഞൊഴുകുന്നത് ഞങ്ങള്‍ കണ്ടു. വല്ലാതെ പരിഭ്രമിച്ചമട്ടില്തന്നെയായിരുന്നു റാഹേലും. 'എന്തേ ആബി...എന്തുപറ്റി നിനക്ക്?.." റാഹേലിന്റെ ആധിനിറഞ്ഞ ചോദ്യത്തില്‍ കുട്ടി വിതുമ്പുകമാത്രം ചെയ്തു. പിന്നെ നനഞ്ഞു ചുവന്ന മുഖമുയര്ത്തി അവള്‍ പുറത്ത് പോകാന്‍ തിടുക്കംകാട്ടി. കണ്ണുകള് തുടച്ചുകൊണ്ട് അവള്‍ പടിയിറങ്ങി നിന്നു. ഞങ്ങളോട് യാത്രപറഞ്ഞ് റാഹേലും ധൃതിയില് അവള്ക്കൊപ്പം പടിയിറങ്ങി. ഞങ്ങളുടെ മുഖത്തുറഞ്ഞ ചോദ്യഭാവങ്ങള്ക്ക് റാഹേലിന് മറുപടി തരാനായില്ല. ഇതുവരെ അടക്കിനിര്ത്തിയ മഴക്കാറുകള്‍ റാഹേലിനു മുന്നില് ചിന്നിച്ചിതറിപെയ്തത് ഉത്തരം കിട്ടാത്ത ചോദ്യമായി ഞങ്ങളില് തങ്ങി നിന്നു.പിന്നെയത് വളര്ന്ന് വലുതാവുകയായിരുന്നു. റാഹേലും പെണ്കുട്ടിയും പടിയിറങ്ങി നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്ക്കിടയില് ആരുമറിയാത്ത നിശ്ശബ്ദത പെരുത്തുവന്നത് അതുകൊണ്ടുകൂടിയാവണം.ഞങ്ങള്ക്കു മുന്നിലൂടെ കടന്നുപോയ ആ കുട്ടിയുടെ നിമിഷങ്ങള്‍ ഞങ്ങളോരോരുത്തരും ശ്രദ്ധയോടെ കൊരുത്തുവെച്ചു. പിന്നെ ഏറെ നേരങ്ങള്ക്കുശേഷം ഞങ്ങള്‍ ഞങ്ങളിലേക്കുതന്നെ മടങ്ങിവന്നു. രാജീവന്‍ തന്നെയാണ് ആദ്യം തുടങ്ങിയത്. 'ഇതൊരു കുഴഞ്ഞ കേസാണെന്നു തോന്നുന്നു. കുട്ടിയെവിടെയോ സ്ലിപ്പായതു പോലെ'.. അവന്‍ സ്വന്തം ഉദരത്തിനുമേലെ ശൂന്യതയിലൊരു അര്ദ്ധ വൃത്തം വരച്ചുകൊണ്ട് തുടര്ന്നു. 'റാഹേലിനു മുന്നിലെ കരച്ചിലിനു ഇങ്ങിനേയും ഒരര്ത്ഥമില്ലേ?' രാജീവനെപോലെ അത്രയും ക്രൂരമായി ആ പെണ്കുട്ടിയിലിറങ്ങിച്ചെല്ലാനാവാത്തതുകൊണ്ട് ഞാന് പതിയെ ഒന്നു മൂളുകം മാത്രം ചെയ്തു.ഏതൊരു ജീവിതത്തെയും പിഴച്ച നോട്ടങ്ങള്കൊണ്ടളന്നുവെക്കുന്നത് എനിക്ക് പരിചിതമല്ലായിരുന്നു. അതുകൊണ്ട്തന്നെ രാജീവനോട് എനിക്ക് ചെറുതായൊരു അമര്ഷമോ ദേഷ്യമോ ഒക്കെ തോന്നുകയും ചെയ്തു. 'ഏതായാലും റാഹേല്‍ നാളെ വരില്ലേ.... കാര്യങ്ങള്‍ അപ്പോളറിയാം.' എഴുനേല്ക്കുന്നതിനിടയില്‍ സുനിമാഷ് വിമ്മിട്ടത്തോടെ അത്രയും പറഞ്ഞു. അപ്പോഴേക്കും ഞങ്ങള്‍ ഞങ്ങളുടെ നേരങ്ങളിലേക്കുണര്ന്നിരുന്നു. ഒപ്പം കുട്ടികളുടെ മുന്നിലവശേഷിക്കുന്ന അഭിനയ പരാധീനതകളിലേക്കും. പിറ്റേന്ന് റാഹേല്‍ വരുന്നതുവരെയും ആ പെണ്കുട്ടിയെക്കുറിച്ച് ഞാന് ചിന്തിച്ചതേയില്ല.ക്ലാസിലെ കുട്ടികളെ നേരിടേണ്ടിവരുമ്പോള് ആവശ്യമായ യുദ്ധമുറകള് വശത്താക്കുന്നതിനിടയില് പെണ്കുട്ടിയും തലേദിവസത്തെ അസാധാരണാനുഭവങ്ങളും മനസ്സിന്റെ പിന്നാമ്പുറത്തെവിടെയോ അറിയാതെ നീക്കപ്പെട്ടുപോയിരുന്നു. റാഹേല്‍ വന്നപ്പോഴാണ്, പെണ്കുട്ടി എന്റെയുള്ളില് ഏറെ നേരമായി കണ്ണീരൊലിപ്പിച്ചുകൊണ്ട് നില്ക്കുകയാണല്ലോയെന്ന് ഓര്മ വന്നത്. എന്നിട്ടും റാഹേലിനെ കേള്ക്കാന് ഞങ്ങള്ക്കു ഉച്ചയൂണിന്റെ നേരം വരെ കാത്തുനില്ക്കേണ്ടിവന്നു.തികച്ചും വൈകാരികവും അത്യധികം നേര്മയേറിയ സ്വരത്തിലുമാണ് റാഹേല് ആ പെണ്കുട്ടിയെകുറിച്ച് പറഞ്ഞുതുടങ്ങിയത്. ഞങ്ങളുടെ പിഴച്ച നിഗമനങ്ങള്ക്ക് എന്തുമാത്രം ക്രൂരതയായിരുന്നൂവെന്ന് തോന്നിത്തുടങ്ങാന് ഏറെ നേരമൊന്നും വേണ്ടിവന്നില്ല. റാഹേലിനെ കേട്ടിരിക്കെ ഞങ്ങള്ക്കുള്ളിലെ പെണ്കുട്ടി കൂടുതല് കൂടുതല് തെളിഞ്ഞുവന്നു. ഇന്നലെ മാത്രം കണ് ആ മുഖം ഒരു നോവായി അസ്വാസ്ഥ്യമായി നിറഞ്ഞു. അരുതാത്ത നിഗമനങ്ങളില് ചെന്നുവീണ രാജീവനാണ് അയ്യൊ.. കഷ്ടം .. എന്നൊക്കെ റാഹേലിന്റെ വാക്കുകളെ പൂരിപ്പിച്ചുകൊണ്ട് ഏറെ സഹതപിച്ചത്. റാഹേലിനെ കേട്ടിരിക്കുന്ന ഞങ്ങളുടെ കണ്ണുകള്ക്കു മുന്നിലിപ്പോള്‍ വ്യത്യസ്ഥമായൊരു ലോകമുണ്ട്.മാതാപിതാക്കള്‍ആബിദയെന്ന് പേരിടുകയും ആബിയെന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്ന ഒരു പെണ്കുട്ടിയുടെ ലോകം. സമ്പന്നതയുടെ കളിത്തൊട്ടിലിലാണ് ആബിദ പിറന്നുവീഴുന്നത്. അനേകം ബിസിനസ്സുകളുള്ള ബാപ്പയുടേയും അതിലേറെ സ്വത്തുക്കളുള്ള ഉമ്മയുടെയും സീമന്തപുത്രി. ആ ഉമ്മയുടെ കൈകളിലൂടെ ഒന്നുമറിയാതെ കടന്നുപോയ ശൈശവത്തിനുമാത്രമായിരുന്നു നിറവും മണവും. അവരുടെ കൈകളില്‍ നിന്നിറങ്ങി ഭൂമിയുടെ സ്പന്ദങ്ങള്‍ശ്രവിക്കെ, എല്ലാം വിവേചിച്ചറിയവെ, ചുറ്റിലുമുള്ള ലോകത്തില്‍ കുട്ടി വിരണ്ടുപോയിരുന്നു. സ്നേഹ വാത്സല്യാര്ത്ഥങ്ങള്‍ കളിക്കോപ്പുകളുടെ വൈപുല്യത്തിലൊതുക്കാന് മാത്രം തിരക്കുള്ള ബാപ്പക്കും ജീവിതത്തെ നമസ്കാരപ്പായയില്‍ പിടിച്ചുനിര്ത്തിയ ഉമ്മക്കുമിടയിലെ ദൂരം പലപ്പോഴും കുട്ടി കണ്ടു. ഈ ദൂരത്തിലാണ് ആബിയുടെ ബാല്യം നടുങ്ങി നിന്നത്. ഉച്ചത്തിലുള്ള ശകാരവാക്കുകളും പരസ്പരമുള്ള പഴിചാരലും കരച്ചിലും നിലവിളികളും കുട്ടി പേടിയോടെ കേട്ടു. മണിക്കൂറുകളോളം തന്നേയും കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്ന ഉമ്മ.ഓര്‍മകള്‍മനസ്സില്‍ പച്ചകുത്തുന്ന ബാല്യം ഈ ദൃശ്യങ്ങളില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു. ശിതീകരിച്ച മുറികളില്‍..കാറുകളില്‍...വിലപിടിച്ച സൗകര്യങ്ങളില്‍ .. വിലയേറിയ അക്ഷരജ്ഞാനത്തില്‍ കുട്ടി വളര്‍ന്നുകൊണ്ടിരുന്നു. കുട്ടിയെ ഓത്ത് പഠിപ്പിക്കാന് ഉസ്താദുമാര് നിയമിതരായി. വീട്ടില് ബാപ്പയ്ക്ക് പ്രിയപ്പെട്ടവരായ മുസല്യാക്കള്‍ എന്നും കയറിയിറങ്ങി.രാത്രിയില്‍ പലപ്പോഴും പേക്കിനാവ് കണ്ട് നിലവിളിക്കുക പതിവായ കുട്ടിയുടെ അരയില്‍അവര് കറുത്ത ചരടുകള് വരിഞ്ഞുകെട്ടി. വലിയൊരു ലോകത്തില്‍ കുട്ടിക്ക് മാത്രമായി ഒരു ലോകമുണ്ടായി. സ്വന്തമായൊരു ലോകത്തില്‍ കളിക്കോപ്പുകള്‍ക്കും വിലപിടിച്ച വിനോദങ്ങള്‍ക്കും പകരം അവള്‍ പുസ്തകങ്ങളേയും പൂവുകളേയും സ്നേഹിച്ചു.ക്ലാസുകളില്‍ എന്നും ഒന്നാമതായി.അങ്ങിനെയങ്ങിനെയവള്‍ ആബിയെന്ന വളര്‍ന്ന പെണ്‍കുട്ടിയുമായി. കവിത കുറിക്കുന്ന ചിത്രമെഴുതുന്ന വെളുത്ത ഒരു പെണ്‍കുട്ടി. (3)ബിയെന്ന ഈ കോളേജ് വിദ്യാര്‍ഥിനി ഒരു നട്ടുച്ചയിലെ ക്ലാസുമുറിയിലിപ്പോള്‍ ബോധമറ്റു വീണുകിടക്കുകയാണ്. ഈയിടെയായി ക്ലാസുമുറികളിലും ലൈബ്രറിയിലും വരാന്തയിലുമൊക്കെയായി അവള്‍തലചുറ്റിവീഴുന്നു. ചുറ്റിലും കൂടിയ സഹപാടികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പുസ്തകത്താ‍ളുകൊണ്ട് പതുക്കെ വീശി ആബിയുടെ വിയര്‍പ്പാറ്റുന്ന റാഹേല്. കൂട്ടുകാരികള്‍ ഏറെയില്ലാത്ത ആബിയുടെ പ്രിയപ്പെട്ട കൂട്ടുകാരി. അതിലപ്പുറം ഒരേട്ടത്തിയെപോലെ ആബിയെ നയിച്ചുകൊണ്‍ടിരിക്കുന്നവള്‍. ഇതുപോലൊരു അബോധത്തിലാണ് ആബിക്ക് റാഹേലെന്ന കൂട്ടുകാരിയെ കിട്ടിയത്.അന്ന് ബോധമുണരുവോളം അടുത്തുണ്ടായിരുന്നതും ശുശ്രൂഷിച്ചതും റാഹേല്‍ മാത്രമായിരുന്നു. തളര്‍ന്നുണര്‍ന്ന ആബിയുടെ മുഖം കഴുകി സ്വന്തം സാരിത്തലപ്പുകൊണ്ട് തുടച്ച് സ്വന്തം ഒരമ്മയെപോലെ പെരുമാറിയ റാഹേല്‍ ആബിയുടെ മനസ്സിന്റെ അടിത്തട്ടില് സ്ഥാനം പിടിച്ചു. എം എ ആദ്യവര്‍ഷവും പ്രീഡിഗ്രി ആദ്യ വര്‍ഷവും തമ്മിലെ അകലമില്ലാതെ അവര് ഏട്ടത്തിയുമനിയത്തിയുമായി, ആബിയുടെ നുറുങ്കവിതകളെയും രേഖാചിത്രങ്ങളേയും റാഹേല്‍ അതിശയപൂര്‍വം പരിചയപ്പെട്ടു. ആബിയുടെ മനസ്സിലെ അത്യന്തം ദയാവായ്പിരക്കുന്ന ചിത്രങ്ങളില് റാഹേല്‍ സാന്ത്വനമായ് നിറഞ്ഞു.അങ്ങിനെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും നുറുങ്ങുകള്‍ പോലുമില്ലാത്ത ഇന്നലെകളുടെ കഥകള്‍ റാഹേലിനുമാത്രം ഹൃദിസ്ഥമായി. അത്തരം കഥകളിലൊന്ന് കോളേജിലെ ചരിത്രാധ്യാപകനായ സൈനുദ്ദീന്‍സാറിനെകുറിച്ചുമായിരുന്നു. ചടുലമായ നോട്ടങ്ങള്‍ ആബിയുടെ കണ്ണുകളിലേക്കെറിഞ്ഞുമൊണ്ടു തുടങ്ങുകയും അതവളുടെ ഉള്ളില്‍ ദിവ്യസ്നേഹമായി വളര്‍ത്തുകയും ഏറ്റവുമൊടുവില്‍ ഒരു ചുംബനശ്രമത്തിലൊടുക്കുകയും ചെയ്ത സ്നേഹശൂന്യമായ കഥ.സ്നേഹാര്‍ഥനകള്‍ക്കിടയില്‍ വന്നുപെട്ട ഈയൊരു മുറിപ്പാടിനും ആഴമുണ്‍ടായിരുന്നു. ഈ മുറിപ്പാടുകളിലാണ് സ്നേഹത്തിന്റെ തെളിനീരായി കാലവും റാഹേലും ഇറ്റുവീണത്. അവസാന വര്ഷ പരീക്ഷ കഴിഞ്ഞതോടെ റാഹേലിനു പോകാന് നേരമായി. ഇങ്ങിനെയൊരു മുഹൂര്‍ത്തത്തെ ആബി പ്രതീക്ഷിച്ചിരുന്നില്ല. പാരവശ്യവും പരിഭ്രമവും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ഒടുവില്‍ ഇടക്കെല്ലാം വന്നു കാണുകയും എഴുത്തയക്കുകയും ചെയ്യാമെന്ന വ്യവസ്ഥയില്‍ റാഹേല്‍ പിരിഞ്ഞു. ഈ വ്യവസ്ഥയും സ്നേഹവും റാഹേല്‍ പാലിച്ചുപോന്നു. പിന്നീട് നടന്നതെല്ലാം റാഹേലിന്റെ കണ്ണെത്താപ്പുറമായിരുന്നു. ഒരു ദിവസം ആബിയുടെ ദുര്‍ബലമായ മനസ്സിനു നെറുകെ, രണ്‍ടാം ഭാര്യയെന്ന പെണ്ണും പെരുമ്പറയുമായി ബാപ്പ കയറിവന്നു. അകമ്പടിയും അലങ്കാരങ്ങളുമെന്നോണം ബാപ്പയ്ക്ക് പ്രിയപ്പെട്ടവരായ മുസല്യാക്കളുമുണ്ടായിരുന്നു. വിശാലമായ വീട്ടില്‍ പീഡിതരായ ഉമ്മക്കും മകള്‍ക്കുമിടയില്‍ പുതുപെണ്ണും ബാപ്പയും പാര്‍പ്പു തുടങ്ങി. ഒരു മരണവീടിന്റെ മൂകതയും ഗന്ധവും ആ വീട് ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു. അന്നു രാത്രി ആബിയുടെ മുറിയില്‍ നേരെമേറെ ചെന്നിട്ടും വെളിച്ചം കെട്ടില്ല. വലിഞ്ഞുമുറുകി പൊട്ടാന് തുടങ്ങുന്ന മനസ്സിന്റെ ആഴങ്ങളിലോടിയ രക്തധമനികളെ പിടിച്ചു നിര്‍ത്താനാവാതെ അവള്‍മതിവരുവോളം പൊട്ടിക്കരഞ്ഞു. പിന്നെ ഏറെ നേരം വികൃതമായി ചിരിച്ചു. പുലരുവോളം കണ്ണടക്കാതെ അവള്‍ചുവരുകളോട് സംസാരിച്ചു. അവള്‍ ബോധാബോധങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ മാറിമാറി സഞ്ചരിച്ചു.നേരം പുലര്‍ന്നിട്ടും അവള്‍ ബോധത്തിന്റെ നൂല്‍പ്പാലം കടക്കാനാവാതെ റാഹേലിനെ വിളിച്ചു കരഞ്ഞു. പിന്നെ തിളക്കുന്ന പകലിലേക്ക് റാഹേലിനേയും തേടി ഒരു യാത്ര. ഈ യാത്രയുടെ ഇങ്ങേയറ്റമാണ് കാഴ്ചക്കാരായ ഞങ്ങള്‍ക്കു മുന്നിലിപ്പോഴുള്ളത്. വേവലാതിക്കണ്ണുകളും ഉലഞ്ഞ പെണ്‍കുട്ടിയും മാത്രം. റാഹേല്‍ ഞങ്ങള്‍ക്കുമുന്നിലിരുന്ന് കണ്ണീര്‍പൊഴിക്കുന്നു. ഇനിയുമൊരധ്യായവും തുടരന് ദൃശ്യങ്ങളും ഞങ്ങള്‍ക്കു വേണ്ടെന്നു റാഹേലിനോട് പറഞ്ഞൂവെങ്കിലും രണ്ടു നാള്‍ക്കകം ഞങ്ങള്‍ക്കു മുന്നില്‍ ശേഷം കാഴ്ചകളെ റാഹേല്‍ ക്രൂരമായി നിരത്തിവെച്ചു. അവിടെ ഒരഞ്ചുവയസ്സുകാരിയുടെ മനസ്സിന്റെ പടവുകളിലേക്കിറങ്ങിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി അക്രമാസക്തയാവുന്നു. അവള്‍ സ്വന്തം വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടുന്നു.പുതപ്പിക്കാനെത്തുന്നവര്‍ക്കുനേരെ അവളുടെ രോഷം നഗ്നതയായി ചിരിക്കുകയും കരയുകയും ചെയ്യുന്നു. ഒടുക്കം പച്ചവിരികളിട്ട മുറിയില്‍ സമ്പന്ന ചികിത്സകന്റെ ശക്തിയേറിയ മരുന്നുകള്‍ നിര്‍ജീവമാക്കിയ നാഡീവ്യൂഹവുമായി നിശ്ചലയായി കിടന്ന് പെണ്‍കുട്ടി ഞങ്ങളെ തുറിച്ചു നോക്കുന്നു.