Saturday, January 24, 2009
റാഹേലിന്റെ പെണ്‍കുട്ടി
(ചെറുകഥ)
ഈ പെണ്‍കുട്ടി ഞങ്ങളെ വല്ലാതെ കുഴക്കുകയാണ്. കുറേ നേരമായി ഞങ്ങളെ വിഷമവൃത്തത്തില്‍ കുടുക്കി ഒരേ ചോദ്യം തന്നെ അവള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അത്രയും നേരം തന്നെയായി ഞങ്ങളവള്‍ക്ക് നേരായ മറുപടിയും കൊടുക്കുന്നു. പക്ഷേ ഞങ്ങളെ വിശ്വസിക്കാന്‍ അവള്‍ കൂട്ടാക്കുന്നില്ല.കള്ളം പറയാന്‍ മാത്രമുള്ള ഒരു കാര്യം പോലുമല്ല അവള്‍ ചോദിക്കുന്നത്. എന്നിട്ടുമവള്‍ ഞങ്ങളുടെ സത്യസന്ധതയും ക്ഷമയും നാവിലെടുത്തിട്ട് കളിക്കുന്നു.അതും ഏറ്റവും മൃദുലമായി ഒരു കൊച്ചുകുട്ടിയുടെ കൊഞ്ചലുപോലെ. ഈ കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാതെ ഞങ്ങള്‍ മറ്റു ചിന്തകളിലേക്ക് കാടു കയറി തുടങ്ങുകയാണ്.
" റാഹേലെവിടെ ...? എനിക്കിപ്പൊ റാഹേലിനെ കാണണം..."പെണ്‍കുട്ടിയിപ്പോഴും ശാഠ്യത്തില്‍ തന്നെ നില്ക്കുന്നു. ഈ കുട്ടിയന്വേഷിക്കുന്ന റാഹേല്‍ ഞങ്ങളുടെ സമാന്തര വിദ്യാലയത്തിലെ മലയാളം അധ്യാപികയാണ്. ഞങ്ങള്‍ക്കുള്ള ഒരേയൊരു ഫീമെയ്ല്‍ ടീച്ചര്‍. കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മക്ക് സുഖമില്ലാത്തതിനാല്‍ അവധിയിലാണ്. ഞങ്ങളീകാര്യം ഒരു നൂറുവട്ടമെങ്കിലും പറഞ്ഞുകാണും. പക്ഷേ അവള്‍ ഞങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടിയിലും കയറിനിന്ന് വാശിപിടിച്ച് കെഞ്ചുകയാണ്.
" ദേ റാഹേലിനെ നിങ്ങള്‍ വിളിക്കുന്നുണ്ടോ...എനിക്കറിയാം റാഹേലിവിടെയുണ്ടെന്ന്.. എന്നെ കളിപ്പിക്കാന്‍നോക്കണ്ട. ഞാന്‍ റാഹേലിനെ കാണാതെ പോവില്ല"
'സത്യമായും കുട്ടീ.. റാഹേലിവിടെയില്ല ....കുട്ടിക്ക് വേണേങ്കി.. ദാ..ക്ലാസുമുറികളൊക്കെ നോക്കാം. ക്ഷമയുടെ ഏഴതിരുകളും ചാടിക്കടക്കാന്‍ കഴിവുള്ള സുനിമാഷ് അനുനയ സ്വരം വീണ്ടും വീണ്ടും കുട്ടിയില്‍ പരീക്ഷിക്കയാണ്.
'അതൊന്നും വേണ്ട.. നോക്കാനൊന്നും എനിക്ക് വയ്യ ... ഒന്നു വിളിച്ചു തന്നേക്കൂ.. പ്ലീസ്..
അതുവരെ ഒന്നും മിണ്ടാതെ നിരീക്ഷകനായി നിന്ന രാജീവന്‍ മാഷ് ഞങ്ങളെ കണ്ണിറുക്കി അകത്തേക്ക് വിളിച്ചു.ഇത്തരമൊരവസ്ഥയില്‍ രാജീവന്റെ കൂര്മബുദ്ധി നന്നായി പ്രവര്‍ത്തിക്കുമെന്നറിയാവുന്ന ഞങ്ങള്‍ പെണ്‍കുട്ടിയെ വിട്ട് അകത്തെ മുറിയിലേക്ക് പോയി. ഈ ചോദ്യോത്തരങ്ങള്‍ക്കിടയില്‍ രാജീവന്‍ ആ കുട്ടിയെ ആകെയൊന്ന് അരിച്ചുപെറുക്കുന്നത് ഞാന്‍ കണ്ടിരുന്നു. ആ ക്രിയയില്‍ രാജീവനെന്തെങ്കിലും തടഞ്ഞിരിക്കാതെ വയ്യ. ഞങ്ങള്‍ ഉദ്വേഗപൂര്‍വം രാജീവന് ചെവികൊടുത്തു.
'മാഷേ.. ഇത് സംഗതി മറ്റേതാ..'
'മറ്റേതോ..?' ഞങ്ങളൊരുമിച്ച് രാജീവന്റെ കൂര്മബുദ്ധിക്ക് വഴിമാറിക്കൊടുത്തു.
"അതെ .. അതേന്ന്.. രാവിലെ തന്നെ അതും പൂശിക്കൊണ്ടാ വരവ്..നമുക്ക് പോലീസിനെ വിളിച്ച് ഈ ബാധയൊഴിപ്പിക്കാം..." അംഗവിക്ഷേപങ്ങളോടെ വളരെ പതുക്കെയാണ് രാജീവന്‍ ഞങ്ങളോടിത് പറഞ്ഞത്.
രാജീവന്റെ ഗവേഷണ നിഗമനങ്ങളെ അങ്ങിനെയങ്ങ് തള്ളിക്കളയാന്‍ വയ്യ.ആ പെണ്‍കുട്ടിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരസാധാരണത്വമുണ്ടെന്ന് ഞങ്ങള്‍ക്കും തോന്നിയിരുന്നു. ഏറ്റവും പുതിയ ഫാഷനിലെ വിലകൂടിയ വസ്ത്രങ്ങളും കാല്‍ നഖങ്ങള് മുതല് വഴിഞ്ഞൊഴുകും മട്ടിലിരിക്കുന്ന തലമുടിവരെയുള്ള ആധുനിക പരിഷ്കാരങ്ങളും രാജീവന്റെ നിഗമനങ്ങള്ക്ക് പച്ചക്കൊടി കാട്ടുന്നു. ഒരുയര്ന്ന കുടുംബത്തിലെ വഴിതെറ്റിയ സന്തതിയെന്നുവരെ ഞങ്ങള്‍ക്കിപ്പോളവളെ വിശേഷിപ്പിക്കാം.
പക്ഷെ ഈ അസാധാരണമായ പെരുമാറ്റത്തിലും മൊഴികള്ക്കിടയിലുമായി മറഞ്ഞിരിക്കുന്ന എന്തോ ഒരു വേവലാതി രാജീവന്റേത് പോലുള്ള കടന്ന ചിന്തകളെ ഞങ്ങളില്‍ വരിഞ്ഞുകെട്ടുകയാണ്. അതിനുമപ്പുറം ആ പെണ്കുട്ടിയുടെ ശൈശവത്വമാര്ന്ന മുഖവും.
'വേണ്ട.. പോലീസും പട്ടാളവുമൊന്നും വേണ്ട'.. ഞാന് പെട്ടെന്ന് പറഞ്ഞു. നമുക്ക് വേറെന്തെങ്കിലും വഴി നോക്കാം"
ഇപ്പൊ ഒരൊറ്റ മാര്ഗ്ഗമേയുള്ളു... റാഹേലിനെ എങ്ങിനെയെങ്കിലും തപ്പിയെടുത്ത് ഈ കുട്ടിയുടെ മുന്നില്‍ ഹാജരാക്കുക. സുനിമാഷ് ഗഹനമായ ചിന്തകള്ക്കു ശേഷം ഏറ്റവുമൊടുവിലെ നിര്ദ്ദേശം മുന്നോട്ട് വെച്ചു. ഈയൊരവസ്ഥയില്‍ തികച്ചും പ്രായോഗികവും സ്വീകാര്യവുമായ പോവഴി അതു മാത്രമായിരുന്നു.
ഒടുക്കം ഞങ്ങള്‍ പ്യൂണ്‍ രാഘവേട്ടനെ റാഹേലിന്റെ വീട്ടിലേക്ക് പറഞ്ഞയക്കുകതന്നെ ചെയ്തു.
പെണ്കുട്ടിയിപ്പോള്‍ ഞങ്ങളുടെ കൊച്ചു ലൈബ്രറിയില്‍ അടുക്കിവെച്ച പുസ്തകങ്ങള്ക്കിടയിലാണ്.അപ്പോളവള്‍ റാഹേലിനേയും ഞങ്ങളെതന്നെയും മറന്നതുപോലെ.ഈ വാതില്പാളികള്ക്കിടയിലൂടെ ഞങ്ങള്‍ക്കവളുടെ ഓരോ ചലനങ്ങളും കാണാം. അവള്‍ അലക് ഷ്യമായി പുസ്തകങ്ങള്‍ മറിച്ചുനോക്കുകയും പൂര്‍വ സ്ഥാനത്തു തന്നെ അടുക്കിവെക്കുകയും ചെയ്യുന്നു. ഇടയ്ക്ക് ഏതോ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഏറെ നേരം മിഴിചേര്ത്തുനിലക്കുന്നത് കണ്ടു.ചിലപ്പോഴെല്ലാം വരികള്ക്കിടയില്‍ എന്തോ തേടുന്നതും തിരയുന്നതും പോലെ.
ഇതിനിടയിലാണ് മേശപ്പുറത്തിരുന്ന അവളുടെ ഹാന്‍ഡ്ബാഗ് രാജീവന്‍ സൂത്രത്തില്‍ കൈക്കലാക്കി ഞങ്ങള്ക്കരികില്‍ കൊണ്ടുവന്നത്.'ചിലപ്പോള്‍ ഈ ബാഗ് നമ്മുടെ സംശയങ്ങള്‍ ശരിവെക്കും' ഒരു ഡിറ്റക്ടീവിന്റെ മട്ടില്‍ രാജീവന്‍ പറഞ്ഞു.
ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നു ചെല്ലുന്ന ഈ പ്രവൃത്തിയില്‍ കുറ്റബോധത്തൊടെയാണെങ്കിലും ഞങ്ങള്ക്കും പങ്കുകൊള്ളാതിരിക്കാനായില്ല.
ബേഗില്‍ ഒരു കൊച്ചുഡയറിയും കുറെ പ്ലാസ്റ്റിക്ക് വളകളും ഒരു തൂവാലയും പിന്നെ കുറേ നോട്ടുകളും മാത്രമേയുണ്ടായിരുന്നുള്ളു. രാജീവന്‍ പ്രതീക്ഷിച്ചത് ഇതൊന്നുമായിരുന്നില്ല. ഒരു സിറിഞ്ച്, അതുമല്ലെങ്കില്‍ ഒരു കടലാസു പൊതി. പക്ഷെ അവന്റെ നിഗമനങ്ങള്ക്ക് കാത്തുനില്ക്കാതെ കറുത്ത നിറമുള്ള മനോഹരമായ ആ ബേഗ് അതിന്റെ ശൂന്യമായ ഉള്ളറകളൊന്നാകെ ഞങ്ങള്ക്കു മുന്നില് ഉദാരപൂര്‍വം തുറന്നുകാട്ടിത്തന്നു. നിരാശതയോടെയും അതിലുപരി ജാള്യത്തോടെയും രാജീവന്‍ പിന്നേയും ആ കുട്ടിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്നു. ഞങ്ങള്ക്കു മുന്നിലൂടെ ഡയറിയുടെ താളുകള്‍ മറിഞ്ഞുവീണു. ചില താളുകളില്‍ തെളിഞ്ഞ മനോഹരമായ കൈപ്പടയിലെഴുതിയ അക്ഷരങ്ങളില്‍ ഞങ്ങളുടെ ദൃഷ്ടിപതിച്ചു. കുറേ കവിതാ ശകലങ്ങളും രേഖാചിത്രങ്ങളും മാത്രമായിരുന്നു അത്. കുഴഞ്ഞു മറിഞ്ഞ് തലകീഴായ ഒരു വ്യക്തിത്വത്തിന്റെ ശ്ലഥബിംബങ്ങള്‍ പോലെ അവയെല്ലാം. ഈ കുട്ടി അത്ര ചില്ലറക്കാരിയല്ല എന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങുകയായിരുന്നു അപ്പോള്‍.
(2)വേവലാതിയുടെ കിതപ്പുമായി റാഹേല്‍ വന്നു. പുസ്തകങ്ങള്ക്കിടയിലായിരുന്ന പെണ്കുട്ടി ഓടിയടുത്ത് റാഹേലിന്റെ കരം കവര്ന്നു. ഏതോ തേടിയ നിധി കിട്ടിയ ഭാവമായിരുന്നു അവള്ക്ക്. റാഹേലിന്റെ മുഖത്തുനട്ട ആ മിഴികള്‍ പെട്ടെന്ന് നിറഞ്ഞൊഴുകുന്നത് ഞങ്ങള്‍ കണ്ടു. വല്ലാതെ പരിഭ്രമിച്ചമട്ടില്തന്നെയായിരുന്നു റാഹേലും.
'എന്തേ ആബി...എന്തുപറ്റി നിനക്ക്?.."
റാഹേലിന്റെ ആധിനിറഞ്ഞ ചോദ്യത്തില്‍ കുട്ടി വിതുമ്പുകമാത്രം ചെയ്തു. പിന്നെ നനഞ്ഞു ചുവന്ന മുഖമുയര്ത്തി അവള്‍ പുറത്ത് പോകാന്‍ തിടുക്കംകാട്ടി.
കണ്ണുകള് തുടച്ചുകൊണ്ട് അവള്‍ പടിയിറങ്ങി നിന്നു. ഞങ്ങളോട് യാത്രപറഞ്ഞ് റാഹേലും ധൃതിയില് അവള്ക്കൊപ്പം പടിയിറങ്ങി. ഞങ്ങളുടെ മുഖത്തുറഞ്ഞ ചോദ്യഭാവങ്ങള്ക്ക് റാഹേലിന് മറുപടി തരാനായില്ല. ഇതുവരെ അടക്കിനിര്ത്തിയ മഴക്കാറുകള്‍ റാഹേലിനു മുന്നില് ചിന്നിച്ചിതറിപെയ്തത് ഉത്തരം കിട്ടാത്ത ചോദ്യമായി ഞങ്ങളില് തങ്ങി നിന്നു.പിന്നെയത് വളര്ന്ന് വലുതാവുകയായിരുന്നു. റാഹേലും പെണ്കുട്ടിയും പടിയിറങ്ങി നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്ക്കിടയില് ആരുമറിയാത്ത നിശ്ശബ്ദത പെരുത്തുവന്നത് അതുകൊണ്ടുകൂടിയാവണം.ഞങ്ങള്ക്കു മുന്നിലൂടെ കടന്നുപോയ ആ കുട്ടിയുടെ നിമിഷങ്ങള്‍ ഞങ്ങളോരോരുത്തരും ശ്രദ്ധയോടെ കൊരുത്തുവെച്ചു. പിന്നെ ഏറെ നേരങ്ങള്ക്കുശേഷം ഞങ്ങള്‍ ഞങ്ങളിലേക്കുതന്നെ മടങ്ങിവന്നു. രാജീവന്‍ തന്നെയാണ് ആദ്യം തുടങ്ങിയത്.
'ഇതൊരു കുഴഞ്ഞ കേസാണെന്നു തോന്നുന്നു. കുട്ടിയെവിടെയോ സ്ലിപ്പായതു പോലെ'.. അവന്‍ സ്വന്തം ഉദരത്തിനുമേലെ ശൂന്യതയിലൊരു അര്ദ്ധ വൃത്തം വരച്ചുകൊണ്ട് തുടര്ന്നു.
'റാഹേലിനു മുന്നിലെ കരച്ചിലിനു ഇങ്ങിനേയും ഒരര്ത്ഥമില്ലേ?' രാജീവനെപോലെ അത്രയും ക്രൂരമായി ആ പെണ്കുട്ടിയിലിറങ്ങിച്ചെല്ലാനാവാത്തതുകൊണ്ട് ഞാന് പതിയെ ഒന്നു മൂളുകം മാത്രം ചെയ്തു.ഏതൊരു ജീവിതത്തെയും പിഴച്ച നോട്ടങ്ങള്കൊണ്ടളന്നുവെക്കുന്നത് എനിക്ക് പരിചിതമല്ലായിരുന്നു. അതുകൊണ്ട്തന്നെ രാജീവനോട് എനിക്ക് ചെറുതായൊരു അമര്ഷമോ ദേഷ്യമോ ഒക്കെ തോന്നുകയും ചെയ്തു.
'ഏതായാലും റാഹേല്‍ നാളെ വരില്ലേ.... കാര്യങ്ങള്‍ അപ്പോളറിയാം.' എഴുനേല്ക്കുന്നതിനിടയില്‍ സുനിമാഷ് വിമ്മിട്ടത്തോടെ അത്രയും പറഞ്ഞു.
അപ്പോഴേക്കും ഞങ്ങള്‍ ഞങ്ങളുടെ നേരങ്ങളിലേക്കുണര്ന്നിരുന്നു. ഒപ്പം കുട്ടികളുടെ മുന്നിലവശേഷിക്കുന്ന അഭിനയ പരാധീനതകളിലേക്കും.
പിറ്റേന്ന് റാഹേല്‍ വരുന്നതുവരെയും ആ പെണ്കുട്ടിയെക്കുറിച്ച് ഞാന് ചിന്തിച്ചതേയില്ല.ക്ലാസിലെ കുട്ടികളെ നേരിടേണ്ടിവരുമ്പോള് ആവശ്യമായ യുദ്ധമുറകള് വശത്താക്കുന്നതിനിടയില് പെണ്കുട്ടിയും തലേദിവസത്തെ അസാധാരണാനുഭവങ്ങളും മനസ്സിന്റെ പിന്നാമ്പുറത്തെവിടെയോ അറിയാതെ നീക്കപ്പെട്ടുപോയിരുന്നു. റാഹേല്‍ വന്നപ്പോഴാണ്, പെണ്കുട്ടി എന്റെയുള്ളില് ഏറെ നേരമായി കണ്ണീരൊലിപ്പിച്ചുകൊണ്ട് നില്ക്കുകയാണല്ലോയെന്ന് ഓര്മ വന്നത്. എന്നിട്ടും റാഹേലിനെ കേള്ക്കാന് ഞങ്ങള്ക്കു ഉച്ചയൂണിന്റെ നേരം വരെ കാത്തുനില്ക്കേണ്ടിവന്നു.തികച്ചും വൈകാരികവും അത്യധികം നേര്മയേറിയ സ്വരത്തിലുമാണ് റാഹേല് ആ പെണ്കുട്ടിയെകുറിച്ച് പറഞ്ഞുതുടങ്ങിയത്. ഞങ്ങളുടെ പിഴച്ച നിഗമനങ്ങള്ക്ക് എന്തുമാത്രം ക്രൂരതയായിരുന്നൂവെന്ന് തോന്നിത്തുടങ്ങാന് ഏറെ നേരമൊന്നും വേണ്ടിവന്നില്ല. റാഹേലിനെ കേട്ടിരിക്കെ ഞങ്ങള്ക്കുള്ളിലെ പെണ്കുട്ടി കൂടുതല് കൂടുതല് തെളിഞ്ഞുവന്നു. ഇന്നലെ മാത്രം കണ് ആ മുഖം ഒരു നോവായി അസ്വാസ്ഥ്യമായി നിറഞ്ഞു. അരുതാത്ത നിഗമനങ്ങളില് ചെന്നുവീണ രാജീവനാണ് അയ്യൊ.. കഷ്ടം .. എന്നൊക്കെ റാഹേലിന്റെ വാക്കുകളെ പൂരിപ്പിച്ചുകൊണ്ട് ഏറെ സഹതപിച്ചത്.
റാഹേലിനെ കേട്ടിരിക്കുന്ന ഞങ്ങളുടെ കണ്ണുകള്ക്കു മുന്നിലിപ്പോള്‍ വ്യത്യസ്ഥമായൊരു ലോകമുണ്ട്.മാതാപിതാക്കള്‍ആബിദയെന്ന് പേരിടുകയും ആബിയെന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്ന ഒരു പെണ്കുട്ടിയുടെ ലോകം.
സമ്പന്നതയുടെ കളിത്തൊട്ടിലിലാണ് ആബിദ പിറന്നുവീഴുന്നത്. അനേകം ബിസിനസ്സുകളുള്ള ബാപ്പയുടേയും അതിലേറെ സ്വത്തുക്കളുള്ള ഉമ്മയുടെയും സീമന്തപുത്രി. ആ ഉമ്മയുടെ കൈകളിലൂടെ ഒന്നുമറിയാതെ കടന്നുപോയ ശൈശവത്തിനുമാത്രമായിരുന്നു നിറവും മണവും. അവരുടെ കൈകളില്‍ നിന്നിറങ്ങി ഭൂമിയുടെ സ്പന്ദങ്ങള്‍ശ്രവിക്കെ, എല്ലാം വിവേചിച്ചറിയവെ, ചുറ്റിലുമുള്ള ലോകത്തില്‍ കുട്ടി വിരണ്ടുപോയിരുന്നു. സ്നേഹ വാത്സല്യാര്ത്ഥങ്ങള്‍ കളിക്കോപ്പുകളുടെ വൈപുല്യത്തിലൊതുക്കാന് മാത്രം തിരക്കുള്ള ബാപ്പക്കും ജീവിതത്തെ നമസ്കാരപ്പായയില്‍ പിടിച്ചുനിര്ത്തിയ ഉമ്മക്കുമിടയിലെ ദൂരം പലപ്പോഴും കുട്ടി കണ്ടു. ഈ ദൂരത്തിലാണ് ആബിയുടെ ബാല്യം നടുങ്ങി നിന്നത്. ഉച്ചത്തിലുള്ള ശകാരവാക്കുകളും പരസ്പരമുള്ള പഴിചാരലും കരച്ചിലും നിലവിളികളും കുട്ടി പേടിയോടെ കേട്ടു. മണിക്കൂറുകളോളം തന്നേയും കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്ന ഉമ്മ.ഓര്‍മകള്‍മനസ്സില്‍ പച്ചകുത്തുന്ന ബാല്യം ഈ ദൃശ്യങ്ങളില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു. ശിതീകരിച്ച മുറികളില്‍..കാറുകളില്‍...വിലപിടിച്ച സൗകര്യങ്ങളില്‍ .. വിലയേറിയ അക്ഷരജ്ഞാനത്തില്‍ കുട്ടി വളര്‍ന്നുകൊണ്ടിരുന്നു. കുട്ടിയെ ഓത്ത് പഠിപ്പിക്കാന് ഉസ്താദുമാര് നിയമിതരായി. വീട്ടില് ബാപ്പയ്ക്ക് പ്രിയപ്പെട്ടവരായ മുസല്യാക്കള്‍ എന്നും കയറിയിറങ്ങി.രാത്രിയില്‍ പലപ്പോഴും പേക്കിനാവ് കണ്ട് നിലവിളിക്കുക പതിവായ കുട്ടിയുടെ അരയില്‍അവര് കറുത്ത ചരടുകള് വരിഞ്ഞുകെട്ടി. വലിയൊരു ലോകത്തില്‍ കുട്ടിക്ക് മാത്രമായി ഒരു ലോകമുണ്ടായി. സ്വന്തമായൊരു ലോകത്തില്‍ കളിക്കോപ്പുകള്‍ക്കും വിലപിടിച്ച വിനോദങ്ങള്‍ക്കും പകരം അവള്‍ പുസ്തകങ്ങളേയും പൂവുകളേയും സ്നേഹിച്ചു.ക്ലാസുകളില്‍ എന്നും ഒന്നാമതായി.അങ്ങിനെയങ്ങിനെയവള്‍ ആബിയെന്ന വളര്‍ന്ന പെണ്‍കുട്ടിയുമായി. കവിത കുറിക്കുന്ന ചിത്രമെഴുതുന്ന വെളുത്ത ഒരു പെണ്‍കുട്ടി.
(3)ആബിയെന്ന ഈ കോളേജ് വിദ്യാര്‍ഥിനി ഒരു നട്ടുച്ചയിലെ ക്ലാസുമുറിയിലിപ്പോള്‍ ബോധമറ്റു വീണുകിടക്കുകയാണ്. ഈയിടെയായി ക്ലാസുമുറികളിലും ലൈബ്രറിയിലും വരാന്തയിലുമൊക്കെയായി അവള്‍തലചുറ്റിവീഴുന്നു. ചുറ്റിലും കൂടിയ സഹപാടികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ പുസ്തകത്താളുകൊണ്ട് പതുക്കെ വീശി ആബിയുടെ വിയര്‍പ്പാറ്റുന്ന റാഹേല്. കൂട്ടുകാരികള്‍ ഏറെയില്ലാത്ത ആബിയുടെ പ്രിയപ്പെട്ട കൂട്ടുകാരി. അതിലപ്പുറം ഒരേട്ടത്തിയെപോലെ ആബിയെ നയിച്ചുകൊണ്‍ടിരിക്കുന്നവള്‍. ഇതുപോലൊരു അബോധത്തിലാണ് ആബിക്ക് റാഹേലെന്ന കൂട്ടുകാരിയെ കിട്ടിയത്.അന്ന് ബോധമുണരുവോളം അടുത്തുണ്ടായിരുന്നതും ശുശ്രൂഷിച്ചതും റാഹേല്‍ മാത്രമായിരുന്നു. തളര്‍ന്നുണര്‍ന്ന ആബിയുടെ മുഖം കഴുകി സ്വന്തം സാരിത്തലപ്പുകൊണ്ട് തുടച്ച് സ്വന്തം ഒരമ്മയെപോലെ പെരുമാറിയ റാഹേല്‍ ആബിയുടെ മനസ്സിന്റെ അടിത്തട്ടില് സ്ഥാനം പിടിച്ചു. എം എ ആദ്യവര്‍ഷവും പ്രീഡിഗ്രി ആദ്യ വര്‍ഷവും തമ്മിലെ അകലമില്ലാതെ അവര് ഏട്ടത്തിയുമനിയത്തിയുമായി,
ആബിയുടെ നുറുങ്കവിതകളെയും രേഖാചിത്രങ്ങളേയും റാഹേല്‍ അതിശയപൂര്‍വം പരിചയപ്പെട്ടു. ആബിയുടെ മനസ്സിലെ അത്യന്തം ദയാവായ്പിരക്കുന്ന ചിത്രങ്ങളില് റാഹേല്‍ സാന്ത്വനമായ് നിറഞ്ഞു.അങ്ങിനെ സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും നുറുങ്ങുകള്‍ പോലുമില്ലാത്ത ഇന്നലെകളുടെ കഥകള്‍ റാഹേലിനുമാത്രം ഹൃദിസ്ഥമായി.
അത്തരം കഥകളിലൊന്ന് കോളേജിലെ ചരിത്രാധ്യാപകനായ സൈനുദ്ദീന്‍സാറിനെകുറിച്ചുമായിരുന്നു. ചടുലമായ നോട്ടങ്ങള്‍ ആബിയുടെ കണ്ണുകളിലേക്കെറിഞ്ഞുമൊണ്ടു തുടങ്ങുകയും അതവളുടെ ഉള്ളില്‍ ദിവ്യസ്നേഹമായി വളര്‍ത്തുകയും ഏറ്റവുമൊടുവില്‍ ഒരു ചുംബനശ്രമത്തിലൊടുക്കുകയും ചെയ്ത സ്നേഹശൂന്യമായ കഥ.സ്നേഹാര്‍ഥനകള്‍ക്കിടയില്‍ വന്നുപെട്ട ഈയൊരു മുറിപ്പാടിനും ആഴമുണ്‍ടായിരുന്നു. ഈ മുറിപ്പാടുകളിലാണ് സ്നേഹത്തിന്റെ തെളിനീരായി കാലവും റാഹേലും ഇറ്റുവീണത്.
അവസാന വര്ഷ പരീക്ഷ കഴിഞ്ഞതോടെ റാഹേലിനു പോകാന് നേരമായി. ഇങ്ങിനെയൊരു മുഹൂര്‍ത്തത്തെ ആബി പ്രതീക്ഷിച്ചിരുന്നില്ല. പാരവശ്യവും പരിഭ്രമവും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. ഒടുവില്‍ ഇടക്കെല്ലാം വന്നു കാണുകയും എഴുത്തയക്കുകയും ചെയ്യാമെന്ന വ്യവസ്ഥയില്‍ റാഹേല്‍ പിരിഞ്ഞു. ഈ വ്യവസ്ഥയും സ്നേഹവും റാഹേല്‍ പാലിച്ചുപോന്നു.
പിന്നീട് നടന്നതെല്ലാം റാഹേലിന്റെ കണ്ണെത്താപ്പുറമായിരുന്നു. ഒരു ദിവസം ആബിയുടെ ദുര്‍ബലമായ മനസ്സിനു നെറുകെ, രണ്‍ടാം ഭാര്യയെന്ന പെണ്ണും പെരുമ്പറയുമായി ബാപ്പ കയറിവന്നു. അകമ്പടിയും അലങ്കാരങ്ങളുമെന്നോണം ബാപ്പയ്ക്ക് പ്രിയപ്പെട്ടവരായ മുസല്യാക്കളുമുണ്ടായിരുന്നു. വിശാലമായ വീട്ടില്‍ പീഡിതരായ ഉമ്മക്കും മകള്‍ക്കുമിടയില്‍ പുതുപെണ്ണും ബാപ്പയും പാര്‍പ്പു തുടങ്ങി. ഒരു മരണവീടിന്റെ മൂകതയും ഗന്ധവും ആ വീട് ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു. അന്നു രാത്രി ആബിയുടെ മുറിയില്‍ നേരെമേറെ ചെന്നിട്ടും വെളിച്ചം കെട്ടില്ല.
വലിഞ്ഞുമുറുകി പൊട്ടാന് തുടങ്ങുന്ന മനസ്സിന്റെ ആഴങ്ങളിലോടിയ രക്തധമനികളെ പിടിച്ചു നിര്‍ത്താനാവാതെ അവള്‍മതിവരുവോളം പൊട്ടിക്കരഞ്ഞു. പിന്നെ ഏറെ നേരം വികൃതമായി ചിരിച്ചു. പുലരുവോളം കണ്ണടക്കാതെ അവള്‍ചുവരുകളോട് സംസാരിച്ചു. അവള്‍ ബോധാബോധങ്ങളിലെ ഇടുങ്ങിയ വഴികളിലൂടെ മാറിമാറി സഞ്ചരിച്ചു.നേരം പുലര്‍ന്നിട്ടും അവള്‍ ബോധത്തിന്റെ നൂല്‍പ്പാലം കടക്കാനാവാതെ റാഹേലിനെ വിളിച്ചു കരഞ്ഞു. പിന്നെ തിളക്കുന്ന പകലിലേക്ക് റാഹേലിനേയും തേടി ഒരു യാത്ര.
ഈ യാത്രയുടെ ഇങ്ങേയറ്റമാണ് കാഴ്ചക്കാരായ ഞങ്ങള്‍ക്കു മുന്നിലിപ്പോഴുള്ളത്. വേവലാതിക്കണ്ണുകളും ഉലഞ്ഞ പെണ്‍കുട്ടിയും മാത്രം. റാഹേല്‍ ഞങ്ങള്‍ക്കുമുന്നിലിരുന്ന് കണ്ണീര്‍പൊഴിക്കുന്നു. ഇനിയുമൊരധ്യായവും തുടരന് ദൃശ്യങ്ങളും ഞങ്ങള്‍ക്കു വേണ്ടെന്നു റാഹേലിനോട് പറഞ്ഞൂവെങ്കിലും രണ്ടു നാള്‍ക്കകം ഞങ്ങള്‍ക്കു മുന്നില്‍ ശേഷം കാഴ്ചകളെ റാഹേല്‍ ക്രൂരമായി നിരത്തിവെച്ചു.
അവിടെ ഒരഞ്ചുവയസ്സുകാരിയുടെ മനസ്സിന്റെ പടവുകളിലേക്കിറങ്ങിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി അക്രമാസക്തയാവുന്നു. അവള്‍ സ്വന്തം വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയോടുന്നു.പുതപ്പിക്കാനെത്തുന്നവര്‍ക്കുനേരെ അവളുടെ രോഷം നഗ്നതയായി ചിരിക്കുകയും കരയുകയും ചെയ്യുന്നു. ഒടുക്കം പച്ചവിരികളിട്ട മുറിയില്‍ സമ്പന്ന ചികിത്സകന്റെ ശക്തിയേറിയ മരുന്നുകള്‍ നിര്‍ജീവമാക്കിയ നാഡീവ്യൂഹവുമായി നിശ്ചലയായി കിടന്ന് പെണ്‍കുട്ടി ഞങ്ങളെ തുറിച്ചു നോക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment