ഉല്‍സവപ്പറമ്പിലെ ആല്‍മരച്ചുവട്ടില്‍ മുളങ്കമ്പുകളും പഴകിയ ശീലകള്‍കൊണ്ടും കെട്ടിയുയര്‍ത്തിയ കളിത്തറയിലായിരുന്നു പ്രണയബദ്ധരായ രണ്ടുപാവകള്‍ തങ്ങളുടെ യജമാനന്റെ വിരല്‍ചലനങ്ങളില്‍ വിരിയുന്ന ഒരു പ്രേമകഥ അരങ്ങേറിയിരുന്നത്. ആവര്‍ത്തന വിരസവും ദു:ഖപര്യവസായിയുമായ കഥയായിരുന്നിട്ടും കാണികള്‍ തടിച്ചുകൂടി ശ്രദ്ധയോടെ കഥയില്‍ മുഴുകിയിരുന്നു കാണുകയും മനം നൊന്ത് കണ്ണീര്‍വാര്‍ത്ത് മടങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പ്രണയകഥയിലെ ഈ തനിയാവര്‍ത്തനത്തിലെല്ലാം വല്ലാതെ തോറ്റുപോവുന്നത് ഒരുമിക്കാനാവാത്ത സ്വന്തം ജീവിതങ്ങള്‍ മാത്രമാണല്ലോ എന്നത് പാവകളില്‍ അതിയായ ദു:ഖമുണ്ടാക്കി. ക്ലേശങ്ങളായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയിട്ടും കഥയിലൊരിടത്തും പരസ്പരമൊന്നാലിംഗനം ചെയ്യാന്‍ പോലും ഇടം നല്‍കാതെ ചരടുകള്‍ വലിച്ചു മുറുക്കി തങ്ങള്‍ക്കിടയില്‍ എപ്പോഴുമൊരകലം സൃഷ്ടിക്കുന്ന യജമാനനെ അവര്‍ രണ്ടുപേരും ഒരുപോലെ വെറുത്തു. കഥാന്ത്യത്തില്‍ തന്റെ പ്രേയസിയെ നഷ്ടപ്പെടുത്തുകയും അതില്‍ മനം നൊന്ത് ആത്മഹത്യചെയ്യുകയും ചെയ്യുന്ന നായക പാത്രസൃഷ്ടിയില്‍ അയാള്‍ ഒരുക്കിവെച്ച ആകര്‍ഷണ തന്ത്രം എങ്ങിനെ തകര്‍ക്കുമെന്ന ചിന്ത ആണ്‍പാവയെ നിരന്തരം പിന്തുടര്‍ന്നുകൊണ്ടിരുന്നു. പിറക്കപ്പെട്ടുപോയ കഥയിലൊരിക്കലും തിരുത്തലുകള്‍ക്കിടമില്ലെന്ന സത്യം വിസ്മരിക്കുകയും കഥാനുബന്ധങ്ങള്‍കൊണ്ടൊരു പൊളിച്ചെഴുത്തിനായി അവന്‍ ഗാഢമായി ചിന്തിച്ചുതുടങ്ങുകയും ചെയ്തു. തുടിക്കുന്ന സ്വപ്നങ്ങളിലെല്ലാം ചേര്‍ത്തുവെച്ചിരുന്ന തന്റെ പ്രിയപ്പെട്ടവളെ ഇനിയും നഷ്ടപ്പെടുത്താനാവില്ലെന്ന നിശ്ചയത്തില്‍ അവന്‍ പതിയെ തന്റെ മനസ്സില്‍ പദ്ധതികള്‍ തയാറാക്കിത്തുടങ്ങി. ദൂരെയൊരിടത്ത് ഒരമമയുടെ തലോടല്‍ പോലെ ഒഴുകുന്ന പുഴയും അതിനരികെ കിളിക്കൂടുപോലുള്ളൊരു കൊച്ചുവീടും ജീവിതവും അവനെ തന്റെ ചിന്തകളിലെ അയുക്തികളെയെല്ലാം മറികടന്നു പോവാന്‍ പ്രേരിപ്പിച്ചു. അവളാകട്ടെ വിധിയെ പഴിച്ച് കണ്ണീര്‍പൊഴിക്കുകയും ഹൃദയത്തിന്റെ ഒരു കോണില്‍ തന്റെ പ്രിയനോടൊത്തുള്ള സ്നേഹസ്വപ്നങ്ങള്‍ ഇഴചേര്‍ത്തൊരു ജീവിതം ആരുമറിയാതെ കാത്തുവെക്കുകയും ചെയ്തു.
അങ്ങനെയൊരുനാള്‍.. കണ്ണാടിയിലെന്ന പോലെ പരസ്പരം കണ്ടുമുട്ടുന്ന വേളകളിലൊന്നില്‍ അവന്‍ തന്റെ മനസ്സിലെ നിശ്ചയങ്ങള്‍ അവളെ വിവരിച്ചു. തുടരുന്ന ഈ കഥാന്ത്യം നമുക്കൊരിക്കലുമൊരു ജീവിതം തരുമെന്ന പ്രത്യാശ വേണ്ടെന്നും ഇനിയും ഒന്നിനുമല്ലാതെയിങ്ങനെ ജീവന്‍ വെടിഞ്ഞുകൊണ്‍ടിരിക്കാന്‍ താനൊരുക്കമല്ലെന്നും അവന്‍ തീര്‍ത്തു പറഞ്ഞു. അടുത്ത കൂത്തുവേളയില്‍ മരണത്തിലേക്ക് തന്നെ നടത്തിക്കൊണ്‍ടുപോവുന്ന യജമാന വിരലിലെ ചരടുകള്‍ താന്‍ അറുത്തെറിയുമെന്നും നീയും നിന്റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞോടി വന്നാല്‍ ഈ കഥയെ ശുഭപര്യവസായിയാക്കിമാറ്റി പുതിയൊരു ജീവിതം നേടാമെന്നും അവനവളെ അറിയിച്ചു. ഈ പുതിയ കഥാന്ത്യത്തോട് പ്രേക്ഷകര്‍ എങ്ങിനെ പ്രതികരിക്കും എന്ന വേവലാതിയായിരുന്നു അവള്‍ക്ക്. എന്നിട്ടും തന്റെ ഹൃദയത്തിലെ സ്വപ്ന സന്നിഭമായ ജീവിതത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ അവളും മനസ്സുകൊണ്ട് തയാറെടുക്കാന്‍ തീരുമാനിച്ചു.
അന്ന്... മനസ്സില്‍ ശീതക്കാറ്റുവീശിത്തുടങ്ങിയ ഒരു രാത്രിയില്‍ നിറഞ്ഞ സദസ്സിനുമുന്നില്‍ കൂത്തു തുടരവെ മരണത്തിലേക്ക് നടന്നു പോകേണ്ട അവന്‍ പെട്ടെന്ന് കുതറുകയും ചരടുകളെല്ലാം പൊട്ടിച്ചെറിഞ്ഞു അവളുടെ കൈപിടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടുകയും ചെയ്തു. കഥയിലെ പൊടുന്നനെയുണ്ടായ ഈ മാറ്റം പ്രേക്ഷകരെ സ്തബ്ദരാക്കി. തങ്ങളുടെ കണ്ണുകള്‍ പരിചയിച്ച സാധാരണ ശീലങ്ങളില്‍ നിന്നും കഥാപാത്രങ്ങള്‍ വ്യത്യസ്ഥമായി പെരുമാറുന്നത് അവരാദ്യമായികാണുകയാണ്. അതവരെ അരിശം കൊള്ളിച്ചു. കൂക്കിവിളികളും അസഭ്യവര്‍ഷങ്ങളും കൊണ്ടവര്‍ രംഗം പ്രക്ഷുബ്ദമാക്കി. വിരലിലെ അയഞ്ഞ ചരടറ്റങ്ങളില്‍ നിന്നും കഥാപാത്രങ്ങള്‍ ഊര്‍ന്നു പോയിരിക്കുന്നു എന്ന തിരിച്ചറിവില്‍ യജമാനന്‍ തെല്ലിട പകച്ചെങ്കിലും ഉള്ളിലുറഞ്ഞ പുഞ്ചിരിയോടെ ഓടിപ്പോവുന്ന കമിതാക്കളെ അയാള്‍ സാകൂതം നോക്കിനില്‍ക്കുക മാത്രം ചെയ്തു. അരങ്ങിലെ കനത്ത മതില്‍ക്കവാടത്തിനരികെ മാത്രമെ അവരുടെ തുടിക്കുന്ന പ്രത്യാശയ്ക്ക് ഓടിയെത്താനാവൂ എന്നയാള്‍ക്കറിയാമായിരുന്നു.
പരസ്പരം കോര്‍ത്ത കൈവിരലുകളില്‍ തങ്ങളുടെ ജീവിതസ്വപ്നങ്ങളെ മുഴുവനുമാവാഹിച്ച് തളരാതെ രണ്ടുപേരും മുന്നോട്ട് കുതിക്കവെ അണയ്ക്കുന്ന കിതപ്പുകള്‍ക്കുമീതെ ഒരു വലിയ ജീവിത സത്യം പോലെ അവരത് കണ്ടു .ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മതില്‍ക്കവാടം. തങ്ങളുടെ ജീവിതത്തെ ചുറ്റി ഇങ്ങിനെയൊരു മതില്‍ അവരാദ്യമായി കാണുകയായിരുന്നു. തങ്ങളുടെ ചിന്തകളിലെ അയുക്തികളെല്ലാം ഘനീഭവിച്ചു നിന്ന ചുറ്റുമതിലില്‍ ഒരു ജീവിതത്തിന്റെ പഴുതുകള്‍ക്കായി അവരുടെ കണ്ണുകള്‍ ഉഴറി സഞ്ചരിച്ചു. ഒടുക്കം കാഴ്ചയിലെ ചുറ്റുമതില്‍ അവര്‍ക്കുമുന്നില്‍ ഒരു വൃത്തമായി കറങ്ങാന്‍ തുടങ്ങിയപ്പോള്‍ അസ്തമിച്ച പ്രതീക്ഷകളും നുറുങ്ങിയ മോഹങ്ങളുമായി പരസ്പരം ചുമലുകളില്‍ തലചായ്ച് ആലിംഗനബദ്ധരായി അവര്‍ തളര്‍ന്നു നിന്നു. കൈനീട്ടി തൊടാമെന്നു കരുതിയ ജീവിതം മതിലിനപ്പുറം അകന്നകന്നു പോവുന്നത് അവരറിഞ്ഞു. പിന്നെ കഥയെ ഭേദിച്ച് പുറത്ത് പോവാനൊരുമ്പെടുന്നവര്‍ക്കുള്ള ശിക്ഷ മരണമാണെന്ന തിരിച്ചറിവില്‍ അവര്‍ തികഞ്ഞ ശാന്തതയോടെ യജമാനന്റെ കാലൊച്ചകള്‍ക്കായി ചെവിയോര്‍ത്തു നിന്നു.
രണ്ടു പാവകള്‍ എന്ന ഈ കഥ എങ്ങിനെ അവസാനിക്കുന്നു എന്നെനിക്കറിയില്ല. മരണത്തിന്റെ കാലൊച്ച കാത്തുനില്‍ക്കുന്ന ഈ പാവകളുടെ യജമാനന്‍ ഒരു ക്രൂരനാണെന്നും കനത്ത കാലടികളും ചുവന്ന കണ്ണുകളുമായി നടന്നെത്തി ആകാശം മുട്ടെ വളര്‍ന്നു പൊങ്ങി ഇവര്‍ക്കു മരണശിക്ഷ വിധിച്ചേക്കുമെന്ന് കരുതാം. എന്നാല്‍ പതിഞ്ഞ ശബ്ദത്തിലെ കാല്‍വെപ്പുകളോടെ ചുണ്ടില്‍ പുഞ്ചിരിയുമായി അവര്‍ക്കു മുന്നില്‍ തികഞ്ഞ അവധാനതയോടെ നടന്നെത്തുന്ന ഒരു കരുണാമയനാണ് ഈ യജമാനനെന്ന് ഞാന്‍ കരുതുന്നു. അയാള്‍ അവര്‍ക്കുമുന്നിലെ കൂറ്റന്‍ മതില്‍ കവാടം ഒരു പുതിയ ജീവിത ലോകത്തിലേക്ക് മലര്‍ക്കെ തള്ളിത്തുറന്നുവെക്കുമെന്നും സ്നേഹം വഴിയുന്ന കണ്ണുകള്‍ പതിയെ തുറന്നടച്ച് ദയാവായ്പോടെ അനുഗ്രഹത്തിന്റെ കൈയ്യുയര്‍ത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.