Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, November 27, 2020

കറുത്ത വിധവയും പൌര്‍ണ്ണമിയും


(1)
പുറത്തെ നിശ്ശബ്ദമായ പൌര്‍ണ്ണമി യാമം അഴക് വിരിച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നത് ബാല്‍ക്കണിയിലെ ജനലഴികളില്‍ മുഖം ചേര്‍ത്ത്‌ പൂര്‍ണ്ണിമ നിര്‍ന്നിമേഷയായി നോക്കി നിന്നു. വെണ്മയുടെ സൗന്ദര്യം ഗ്രസിച്ച ഇത്തരം രാത്രികളെ തളംകെട്ടി കിടക്കുന്ന മൂകതയിലിങ്ങനെ കണ്ടു നില്‍ക്കുന്നത്‌ അവളിലെന്നും സ്വാസ്ഥ്യം നിറച്ചിരുന്നു. ഓര്‍മകളുടെ തെളിഞ്ഞ ആകാശത്തില്‍ മുമ്പെന്നോ തരളമുഖരിതമായി പൊലിഞ്ഞുപോയ അലയുന്ന വാക്മയചിത്രങ്ങളെ അപ്പോളവള്‍ക്ക് തൊടാം. എന്നാല്‍ ഈ രാത്രി ഒറ്റപ്പെട്ടവരുടെ വിഭിന്നമായ രാവുപോലെ അവള്‍ക്കനുഭവപ്പെട്ടു. 

അകത്തെ കിടപ്പുമുറിയിലെ കട്ടിലില്‍ മേലാപ്പായി വലിച്ചു കെട്ടിയ അനേകം തിളങ്ങുന്ന തിരമാലകള്‍പോലെ തോന്നിച്ച പട്ടുവിതാനത്തിനു കീഴെ ജോണിയെന്നു വിളിക്കുന്ന ജോണ്‍ സക്കറിയ ശ്വാസഗതിയുടെ കയറ്റിറക്കങ്ങളില്‍ നിന്നെല്ലാം മുക്തനായി കിടന്നു തണുക്കുന്നുണ്ടെന്ന് അവള്‍ക്കറിയാം. ഇനിയെന്ത് എന്നത് ഒട്ടുമേ അവളെ അലോസരപ്പെടുത്തിയില്ല. ഒരു മഞ്ഞുകാറ്റ് അവളെ തലോടി ഉള്ളിലേക്ക് കടന്നു വന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ സാവധാനം ജനലഴികളുടെ തണുപ്പില്‍ നിന്നുമടര്‍ന്നു കിടപ്പുമുറിയുടെ അരണ്ട വെളിച്ചത്തിലേക്കും ജോണിയുടെ ഏകാന്തതയിലേക്കുമായി മെല്ലെയവള്‍ പ്രവേശിച്ചു. പിന്നെ കട്ടിലിനഭിമുഖമായി കിടന്ന കസേരയില്‍ കാലുകള്‍ കയറ്റിവെച്ചു കാല്‍മുട്ടുകളെ കൈകളില്‍ പൂട്ടി ചുരുണ്ടിരുന്ന് ജോണിയെ അവള്‍ സാകൂതം വീക്ഷിച്ചു. മുഖത്ത് കറുപ്പും വെളുപ്പുമായ താടി രോമങ്ങള്‍ ഭംഗിയില്ലാതെ വളര്‍ന്നിട്ടുണ്ട്. കറുത്ത തലമുടിയില്‍ അങ്ങിങ്ങായി നിലാനുറുങ്ങുകള്‍ പോലെ വെളുത്ത ചാലുകള്‍.. തുടച്ചു കഴിഞ്ഞിട്ടും ചുണ്ടിനരികുകളില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന വലുതും ചെറുതുമായ ചുവപ്പ് ഒലിച്ചിറങ്ങി ഉണങ്ങിപ്പോയ കറുത്ത പൊട്ടുകള്‍...ഛെ... അശ്രീകരം...അവള്‍ അനിഷ്ടത്തോടെ തല വെട്ടിച്ചു. 

(2)

എന്നും ജോണിയുടെ ഔദ്യോഗികവും അല്ലാത്തതുമായ വേഷഭംഗികളെ ഏതുതരം പൊതുകാഴ്ചയ്ക്കുമുതകുന്ന വിധത്തില്‍ സൂക്ഷിച്ചും പരിലാളിച്ചും കാത്തുവെച്ചിരുന്നത് പൂര്‍ണ്ണിമയുടെ മാത്രം അഭിരുചികളായിരുന്നു. ഓരോ ദിവസത്തെയും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് മുതല്‍ ആഹാരത്തിലെ രുചികള്‍, ഓഫീസിലെ ഫര്‍ണിച്ചറുകള്‍, നിറങ്ങള്‍, എന്നുവേണ്ട ഗരിമയുടെ ചുവരലങ്കാരങ്ങളിലേക്കും വരെ അത് നീണ്ടു നീണ്ടു പോയിരുന്നു. ഒഴിവു ദിനങ്ങളൊഴികെ മറ്റെല്ലാ പ്രഭാതങ്ങളുടെയും തിരക്കുള്ള നേരങ്ങളില്‍ ഭര്‍ത്താവായ ജോണി അവള്‍ക്കൊരു സ്കൂള്‍കുട്ടിമാത്രമാണ്. സശ്രദ്ധം ഒരുക്കിവിടേണ്ട അനുസരണയുള്ള ഒരു വിദ്യാര്‍ഥി. ഇറങ്ങാന്‍ നേരം കാലില്‍ സോക്സ് പോലും അവളുടെ കൈകളെ അവഗണിച്ച് അയാള്‍ക്ക്‌ ധരിക്കാനാവുമായിരുന്നില്ല. പൂര്‍ണ്ണിമയുടെ ഈ ഉന്മാദംപൂണ്ട സ്നേഹം കൈവശാവകാശത്തിന്റെ ആധിപെരുത്ത അധികാരം കൂടി പേറുന്നുവെന്നത് പ്രണയ കാലം തൊട്ടു തന്നെ ജോണിക്കറിയാവുന്നതാണ്. അത് മാറ്റിയെടുക്കാന്‍ മാത്രം മാര്‍ഗങ്ങള്‍ അയാള്‍ക്കറിവില്ലായിരുന്നു. പിന്നെയത് അനസ്യൂതം തുടര്‍ന്നുകൊണ്ടുമിരുന്നു.

അന്നൊരിക്കല്‍ ആദ്യമായി അതുവരെ രണ്ടുപേര്‍ക്കുമിടയില്‍ മാത്രം ഒതുങ്ങി നിവര്‍ത്തിച്ചു വന്ന ഈ സ്നേഹോന്മാദത്തിന്റെ വിനിമയം ഒത്തുതീര്‍പ്പുകള്‍ ലംഘിച്ചു പുറത്തെ ലോകത്തേക്കവള്‍ പറത്തിവിട്ടു. കമ്പനി ജീവനക്കാരുടെ വാര്‍ഷിക ഒത്തുചേരല്‍ ചടങ്ങില്‍ ‘കാത്തു’വെന്നു വിളിക്കുന്ന കത്രീനയെ ഒരു ശത്രുവായി അന്നാണവള്‍ കണ്ടെത്തിയത്. ആള്‍കൂട്ടത്തില്‍ ജോണി കാത്തുവിന്റെ ചുമലില്‍ കൈവെച്ചു കുറച്ചധികനേരം സംസാരിച്ചതും ഒരുമിച്ചു മദ്യം നുകര്‍ന്നതും ഇടയ്ക്കവളുടെ നാസികത്തുമ്പില്‍ സ്പര്ശിച്ചതും പിന്നെ ഒരുമിച്ചു ചിരിച്ചതും ഇടയ്ക്ക് പരസ്പരം ആലിംഗനം ചെയ്തതും അങ്ങനയങ്ങനെ ദൂരെ നിന്നും ഒപ്പിയെടുത്ത അനേകം പൂര്‍വ്വ നിര്‍വചിതമായ അരുതായ്കകളുടെ ചിത്രങ്ങള്‍ ഓരോന്നായെടുത്ത് അവള്‍ അയാള്‍ക്കെതിരെ മനസ്സില്‍ കുറ്റപത്രമൊരുക്കി.. അന്നവള്‍ ആരോടും യാത്ര പറയാതെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തനിച്ചാണ് വീട്ടിലേക്ക്‌ മടങ്ങിയത്‌. പിന്നീടുള്ള ദിവസങ്ങളില്‍ ജോണിയുടെ സമയസംഹിതയാകെ പകയോടെയവള്‍ പരിഷ്കരിച്ചു. എല്ലാം ഇഴമുറിച്ചു കീറിയെറിഞ്ഞ് അവളുടെതായ സമയക്രമവും നിയമങ്ങളും പ്രതിഷ്ഠിച്ചു. ദിനങ്ങള്‍ പ്രക്ഷുബ്ധമാവാതെ കൊണ്ടുനടക്കാനുള്ള അവധാനതയ്ക്ക് വേണ്ടിയായിരുന്നു എല്ലാ തിരുത്തുകളും. എന്നിട്ടും.... ഇടക്കിടെ തനിച്ചാക്കിയുള്ള ബിസിനസ്‌ യാത്രകള്‍...മീറ്റിങ്ങുകള്‍....തിരക്കുകള്‍ .. ചുരുക്കുന്ന എല്ലാ ഒറ്റകാഴ്ചയിലും കത്രീന.... അസ്വസ്ഥതകള്‍ അവളെ വരിഞ്ഞു മുറുക്കുന്നു..

 (3)

നോക്കിയിരിക്കെ അവളുടെ കാഴ്ചയില്‍ നാളത്തെ നടക്കാനിരിക്കുന്ന വലിയ ആള്‍ബാഹുല്യമുള്ള ചടങ്ങുകളിലേക്കായി ഒട്ടും പാകമല്ലാത്തതായിരുന്നു ജോണിയുടെ മുഖവും വേഷവും. എല്ലാം എപ്പഴുമെന്നപോലെ അവള്‍ തന്നെ നന്നായി ഒരുക്കി വെക്കണമെന്ന ശാഠ്യത്തില്‍ കസേര വിട്ടെഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു. കണ്ണാടിയില്‍ സ്വയം പരിശോധിച്ച ശേഷം അടുക്കി വെച്ച വെള്ളതുണിക്കെട്ടുകളിലൊന്നെടുത്തു മേല്‍വസ്ത്രമായി മാറിടം മറച്ചുകെട്ടി. പിന്നെ ആവശ്യമായതെല്ലാം ഒരു താലത്തില്‍ പെറുക്കിയെടുത്തു കൊണ്ടുവന്നു ജോണിയുടെയരികിലിരുന്നു. ആദ്യം പ്രേമ പുരസ്സരം അയാളുടെ തലമുടികളില്‍ പതിയെ വിരലോടിച്ചു സൂക്ഷ്മതയോടെ ഇരു വശങ്ങളിലേക്കുമായവ ഭംഗിയായൊതുക്കി വെച്ചു. മുഖത്തു വളര്‍ന്നു നിന്ന കറുപ്പും വെളുപ്പുമായ കുറ്റിരോമങ്ങളെ ഈര്‍ഷ്യയോടെ സോപ്പുപതയില്‍ മുക്കി. മൂളിച്ചയുള്ള യന്ത്രകത്തിയുടെ മൂര്‍ച്ചയെ മുഖത്തെ നിമ്നോന്നതങ്ങളില്‍ ശ്രദ്ധയോടെ ചലിപ്പിച്ചുകൊണ്ട് എല്ലാം അപ്രത്യക്ഷമായെന്നുറപ്പാക്കി. പിന്നെ ഒരാവര്‍ത്തികൂടി ടവ്വല്‍ നനച്ചു മുഖം കഴുകിതോര്‍ത്തി മുഖം പ്രകാശമാനമാക്കി. ശേഷം പഴയ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റി പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് എല്ലാം തൃപ്തി വരുത്തി. 

തിരിച്ചു വന്നു കസേരയില്‍ പൂര്‍വസ്ഥിതിയില്‍ ചുരുണ്ടുകൂടി ജോണിയെ പിന്നെയുമവള്‍ വീക്ഷിക്കുമ്പോഴാണ് തൊട്ടടുത്ത സോഫയില്‍ ഒരു സ്ത്രീരൂപം ഒരിട ഞെട്ടലോടെയവള്‍ കണ്ടത്‌. അവര്‍ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവള്‍ ഉദ്വേഗത്തോടെ അവരില്‍ നിന്നും കണ്ണെടുക്കാതെ നിന്നു. എങ്ങോ കണ്ടു മറന്ന പരിചിതമായ മുഖം.. അര്‍ദ്ധവൃത്തത്തില്‍ കമാനാകൃതി പൂണ്ട ബോഗന്‍വില്ലയുടെ പൂക്കുലകള്‍ പോലെ അടുക്കിവെച്ച തോളറ്റമെത്താത്ത കട്ടിയുള്ള കറുത്ത ചുരുളന്‍ മുടി.. അവ അരിച്ചെത്തുന്ന നിലാവെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. കുലീനവും അത്യാഡംബരവുമായ വേഷം.. അവരുടെ ഒരു പ്രത്യേക സുഗന്ധം മുറിയിലാകെ നിറഞ്ഞു നിന്നു. 

 “എന്നെ അറിയുമോ ?” പൂര്‍ണ്ണിമയുടെ നോട്ടത്തിലെ ജിജ്ഞാസയെ മുറിച്ച് അവര്‍ ചോദിച്ചു. 

പോയകാലങ്ങളിലെ മുഖങ്ങള്‍ അവള്‍ ഒന്നാകെ പരതി. മേശമേലിരുന്ന വായിച്ചു തീരാത്ത റോബിൻ മക്ഡൊണാൾഡിന്റെ ‘കറുത്ത വിധവ’യെന്ന തടിച്ച പുസ്തകത്തില്‍ കണ്ണെത്തിച്ചു കൊണ്ടവള്‍ ആശ്ച്ചര്യ പൂര്‍വം ചോദിച്ചു.

 “മേരി ഹില്ലി !?” ഓര്‍മകളിലെ തിരച്ചിലിലവള്‍ ജേതാവായി.

 “ അതെ...” അവര്‍ തലയാട്ടി പിന്നെ പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു...

.”കറുത്ത വിധവയെന്നു നിങ്ങള്‍ വിളിക്കുന്ന മേരി ഫ്രേസിയര്‍ അഥവാ മേരി ഹില്ലി തന്നെ”. 

ഒരന്ധാളിപ്പോടെയിരുന്ന പൂര്‍ണ്ണിമയപ്പോള്‍ എന്തുകൊണ്ടോ പെട്ടെന്നോര്‍ത്തത്‌ അവരുടെ ആദ്യഭര്‍ത്താവ് ഫ്രാങ്ക് ഹില്ലിയെ കുറിച്ചായിരുന്നു. 

“നിനക്കറിയാം ....ഒരിക്കല്‍ ഫ്ലോറിഡയില്‍ റൊബ്ബി ഹൊമനായും മറ്റൊരിക്കല്‍ ടെക്സാസില്‍ ടെറി മാര്‍ട്ടിനായും ഞാന്‍ ജീവിച്ചിട്ടുണ്ട് . ഒരൊറ്റ ജീവിതത്തിന്റെ സ്വയം പകുത്തണിഞ്ഞ മൂന്നു മുറിജീവിതങ്ങള്‍ ”

അവര്‍ ഒരല്പം കുസൃതിയോടെ പുസ്തകത്തെ ചൂണ്ടി കുലുങ്ങി ചിരിച്ചു. പൂര്‍ണ്ണിമ എന്തുപറയണമെന്നറിതെ കേട്ടിരുന്നു. 

 “നീ ചെയ്യുന്നതൊക്കെ ഇത്രയും നേരം ഞാന്‍ കണ്ടു നില്‍ക്കയായിരുന്നു. ഈ തണുത്ത രാത്രിയിലും നീ വല്ലാതെ വിയര്‍ക്കുന്നല്ലോ..പേടിയുണ്ടോ?”

 “ഇല്ല ഒട്ടും തന്നെ പേടിയില്ല.. നഷ്ടപ്പെടാനാവാത്തതെല്ലാം ഞാന്‍ ഇല്ലായ്മ ചെയ്യും.” 
വാക്കുകളില്‍ ശപഥം നിറച്ച കുട്ടിയെ പോലെ പെട്ടെന്നവള്‍ പറഞ്ഞു. 

അതുകേട്ട് മേരി ഹില്ലി ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ കയ്യിലെ പരന്ന മഞ്ഞലോഹക്കൂടില്‍ നിന്നും ഒരു സിഗരെറ്റെടുത്തു കത്തിച്ചു പുകയൂതി..

 “എല്ലാം നേടാന്‍ വേണ്ടിയായിരുന്നു ഞാന്‍ ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നത്. എന്നാല്‍ നീയോ?.. നിനക്കെല്ലാമുണ്ട്...എന്താണ് നിനക്കില്ലാത്തത്? ” അവര്‍ ഉറക്കെയുള്ള ചിരി ആവര്‍ത്തിച്ചു.

 “നിങ്ങളെ പോലെ ആഡംബര സുഖങ്ങളോ പണമോ സമ്പത്തോ ഞാനാഗ്രഹിച്ചിട്ടില്ല ഇന്നോളം... അപ്പോള്‍ നിങ്ങളുടെ അസഹ്യമായ ഈ അഹന്തമുറ്റിയ പരിഹാസചിരി വൃഥാവിലാണ്... ഞാന്‍ നിങ്ങളല്ല. നിങ്ങളാകുന്നുമില്ല.” 

അവളുടെ മറുപടിയില്‍ നീരസം കലര്‍ന്നു.

 “പക്ഷെ എനിക്കങ്ങിനെയല്ല തോന്നുന്നത്... നീ ഞാനായി കഴിഞ്ഞിരിക്കുന്നു. നിര്‍വഹിച്ച കര്‍മ്മങ്ങളുടെ പൊരുളുകളൊന്നും നിനക്ക് മാറ്റാനാവില്ല. ഞാന്‍ ചെയ്തുകൂട്ടിയതൊക്കെ ഒരുപാട് സമയമെടുത്തായിരുന്നു.. മാസങ്ങളോളം... അൽപ്പാൽപ്പവും .... മാനസാന്തരത്തില്‍ പിൻവലിയാനുള്ള സമയത്തിന്റെ പഴുതുകളായിരുന്നു എനിക്കത്...എന്നാല്‍ നീയോ?”

 “എനിക്ക് നിങ്ങളുടേയത്ര ക്ഷമയില്ല” 
 അടുക്കിവെച്ച വാക്കുകളുടെ മുനകളേറ്റ്‌ അവള്‍ തെല്ലൊന്നുലഞ്ഞിരുന്നു. പിന്നെ ഒന്നും മിണ്ടിയില്ല. 

 “നീ പറഞ്ഞതില്‍ ഒന്ന് ശരിയാണ്.. എന്നെ ഭ്രമിപ്പിച്ചിരുന്നത് അതുമാത്രമായിരുന്നു .. ആഡംബര ജീവിതം, പണം... അവയിലൂടെ കൈവരുന്ന എല്ലാവിധ സുഖങ്ങളും . അതിന്റെ ഉന്മത്തതയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ എനിക്കാകുമായിരുന്നില്ല. പിൻവലിയാന്‍ സൃഷ്ടിച്ചു വെച്ചിരുന്ന പഴുതുകളെല്ലാം പാഴായിപ്പോവാന്‍ മാത്രം അത് ശക്തമായിരുന്നു.” 

അവര്‍ ചിരി ഉപേക്ഷിച്ചു പതിഞ്ഞ ശബ്ദത്തില്‍ തുടരുമ്പോള്‍ അതില്‍ ആദ്യമായി കുറ്റബോധത്തിന്റെ വിഷാദം പുരളാന്‍ തുടങ്ങിയെന്നു പൂര്‍ണ്ണിമ തിരിച്ചറിഞ്ഞു. 

 “പുതുജീവിതത്തിനായുള്ള എന്റെയെല്ലാ ഒളിച്ചോട്ട ജീവിതങ്ങളും വലിയ തോല്‍വികളായിരുന്നു. ഞാന്‍ ആദ്യമേ തോറ്റിരുന്നുവെന്നു പിന്നീടാണെനിക്ക് മനസ്സിലായത്‌. ” 

 “ഏറ്റവുമൊടുവില്‍ ഒന്നും നേടാനാവാതെ.. ആരോരുമില്ലാതെ അനാഥമായി ....... മരം കോച്ചുന്ന തണുപ്പില്‍ മരവിച്ച്... ഒരിറ്റു ശ്വാസവായുവിനുവേണ്ടി പിടഞ്ഞ്...” 

നേര്‍ത്തു നേര്‍ത്ത് വരുന്ന വാക്കുകള്‍ മുറിഞ്ഞൊടുവില്‍ അവര്‍ വിതുമ്പുകയാണോ എന്നു ശങ്കിച്ച് മൌനിയായി അവളിരുന്നു. 

മേരി ഹില്ലിയുടെ ആകാശത്തില്‍ അവസാനമായി പെയ്ത കനത്ത മഞ്ഞില്‍ പൂര്‍ണ്ണിമ പുതഞ്ഞു. താന്‍ പതിയെ തണുത്തു മരവിക്കുന്നുണ്ടെന്ന് അവള്‍ക്കു ഭയം തോന്നി. പെട്ടെന്ന് എവിടെ നിന്നോ അവളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു തുടങ്ങി. പകച്ചുകൊണ്ടവള്‍ ചുറ്റും നോക്കി. തേഞ്ഞു തീരാറായ പൌര്‍ണ്ണമിയെ മാത്രം അവള്‍ ദൂരെ കണ്ടു. ഉച്ചസ്ഥായിയില്‍ വളരുന്ന ശബ്ദവീചികള്‍ ഒരു കടല്‍ ചുഴലി പോലെ ഭ്രമണം ചെയ്യവേ അബോധലോകത്തെ എല്ലാ പൊയ്ക്കാഴ്ചകളേയും ശക്തിയോടെ വകഞ്ഞു മാറ്റി ധൃതിയോടെയവള്‍ ഫോണ്‍ തപ്പിയെടുത്തു ചെവിയോടു ചേര്‍ത്തു.

 ഹലോ.?!. ഹലോ.. ഫോണിന്റെ അങ്ങേത്തലക്കല്‍ ജോണി സംസാരിച്ചു തുടങ്ങി.

Friday, February 28, 2014

മൃഗയാമകം

വളരെ പെട്ടെന്നുളളതും വളരെ എളുപ്പം ഗ്രഹിക്കാവുന്നതും, വളരെ എളുപ്പം വേര്‍തിരിച്ചറിയാവുന്നതുമായ വികല ലൈംഗിക തൃഷ്ണയുടെ  ശക്തമായ ആക്രമണത്തിന്റെ കാരണം കുടികൊളളുന്നത് ഒരു ബാഹ്യഘടകത്തിലാണ്. ഇതിനെ നമ്മള്‍ പൊതുവെ പറയുന്നത് മോഹഭംഗം എന്നാണ്.”     - സിഗ്മണ്ട് ഫ്രോയ്ഡ്



 പ്രാചീന യുദ്ധത്തിന്റെയും നായാട്ടിന്റെയും രസതന്ത്ര സമസ്യകള്‍ എന്തുതന്നെയായിരുന്നാലും അവയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വ്യാപരിക്കുന്ന വീര്യത്തിന്റെ ആവിഷ്കാര ലഹരി   ഒരു ഭ്രമമായി തന്നില്‍ ആവേശിപ്പിച്ചിരിക്കുന്നതിനാല്‍ ശിവരാമന്റെ  കിടപ്പറയ്ക്കെന്നും ഒരേ ഭാവമായിരുന്നു. പ്രതിരോധ കരുതലുകളില്ലാത്ത ഒരന്യരാജ്യ സമ്പന്നതയോ  വിജനവൃത്തത്തിലകപ്പെട്ട ഹരിണനിസ്സഹായതയോ ആണ് അപ്പോഴൊക്കെ ഭാര്യ  രേണുക.  അശ്വാരൂഢനായി ദിക്കുകള്‍ മുറിച്ചെറിഞ്ഞു മുന്നേറുന്ന അയാള്‍ രേണുകയുടെ യാമങ്ങളെ വീറോടെ മെതിക്കുമായിരുന്നു. വാള്‍ത്തലയുടെ സീല്‍ക്കാരങ്ങള്‍ക്കൊടുവില്‍ കബന്ധങ്ങള്ക്കിടയിലെ യോദ്ധാവായി കരുണയില്ലാത്ത കണ്ണുകളോടെ അയാള്‍ രേണുകയെ നോക്കി  പൊട്ടിച്ചിരിക്കുമായിരുന്നു. എന്നന്നേക്കുമായി കൊണ്ടാടുന്ന  ഒരു പകയുടെ ഈ മെയ്യുരുക്കം അയാള്‍  നന്നായി ആസ്വദിച്ചിരുന്നു.  എന്നാല്‍ ഈയ്യിടെയായി മനസ്സില്‍ ആസക്തമാകുന്ന യുദ്ധ വേട്ടകളുടെ ആത്മവീര്യം പ്രതിപ്രവര്‍ത്തനമില്ലാത്ത രാസമൂലകമായി  അയാളുടെ  ശരീരത്തെ അവഗണിച്ചു നില്‍ക്കുന്നു. മദ്യ ലഹരിയില്‍  വലിഞ്ഞു മുറുകി പിന്നെ അയഞ്ഞു തുടങ്ങുന്ന ഏതൊരു തൃഷ്ണയില്‍ പോലും  ആവാഹിച്ചെടുക്കാന്‍ കഴിഞ്ഞിരുന്ന ചുഴലിയൊട്ടുമേ ഇപ്പോള്‍  ശരീരത്തില്‍ ഉയിരെടുക്കുന്നില്ല. എടുക്കുമ്പോള് ഒന്നും തൊടുക്കുമ്പോള് നൂറും, കൊള്ളുമ്പോള് ആയിരവുമാകുന്ന ശരവേഗങ്ങള്‍  വിസ്മയജന്യമായ ഭൂതകാലമായി പരിണാമം കൊണ്ടതുപോലെ.. അതിനാല്‍ തന്നില്‍ നിന്നും എന്തോ ഒന്ന് വേര്‍പ്പെട്ടു നില്‍ക്കുന്നുവെന്നു മാത്രം പല രാത്രി  അയാള്‍  അസ്വസ്ഥനായി. 
ഇന്ന് കട്ടിലിനു താഴെ ഒറ്റപ്പായയില്‍ പുതപ്പിനുള്ളില്‍ എല്ലാ ദിക്കുകളെയും നിര്‍വ്യാജമായി കവച്ചു മറച്ചുറങ്ങുന്ന രേണുകയില്‍ അയാളുടെ കാഴ്ച പലവുരു പോക്കുവരവ് നടത്തുകയും  ഒടുക്കം അവളില്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു . പിന്നെ തന്റെ അയഞ്ഞ ബോധത്തെ ഏറെ പണിപ്പെട്ട് ഒരേ ദിശയില്‍ നിര്‍ത്തി പതുക്കെ.. വളരെ പതുക്കെ.. അവളുടെ നീണ്ട മുടിച്ചുരുളുകളെ കൈവെള്ളയില്‍ ചുറ്റി പെട്ടെന്ന് ശക്തിയോടെ മുകളിലേക്കുയര്‍ത്തി. അത്രയൊന്നും ഗാഡമല്ലാത്ത ഉറക്കത്തിന്റെ  അടരില്‍  നിന്നും വേദനയോടെ ശിരസ്സും പൊത്തിപ്പിടിച്ച് രേണുക ഒട്ടും ഭയ ചകിതയാകാതെ  ഉണര്‍ന്ന് കണ്ണുതുറന്നു. ഇതൊരു ശീലമാണ്. ശീലങ്ങള്‍ക്ക് ഭയമോ ഭയരാഹിത്യമോ ഇല്ല . അത് നിര്‍വികാരതയുടെ ഒറ്റയായി  ഒരേ ആവേഗത്തില്‍ എന്നന്നേക്കുമായി സഞ്ചരിക്കുന്നു. രേണുക, തന്റെ നീണ്ട ചെവിയില്‍ പിടിവീണ ഒരു പെണ്‍മുയലിനെ പോലെ മുഖമുയര്‍ത്താതെ കുന്തിച്ചിരുന്നു.  പിന്നെ മുടിക്കെട്ടിലെ പിടിയഴഞ്ഞപ്പോള്‍ ശേഷം പ്രതിക്രിയകള്‍  ദേഹമാസകലം ഏറ്റുവാങ്ങാന്‍ പതിവുപോലെയവള്‍  അയാള്‍ക്കായി അനുസരണയോടെ മച്ചില്‍ മിഴി നട്ടു കിടന്നു.   ലഹരിക്ക് വശംവദമായ മദരാഗത്തിന്റെ ചൂടും ചൂരുമില്ലാത്ത  ഇഴച്ചിലുകള്‍  ഉടലില്‍  ഒരു പരാജയമായി തുടങ്ങിയവസാനിക്കുമ്പോഴേക്കും  അവള്‍  തിരിച്ചെടുക്കാത്ത  ദൃഷ്ടിയോടെ   തനിക്കിഷ്ടപ്പെട്ട  ഒരു പ്രണയ കവിതയെ അന്നൊരിക്കല്‍ കൂടി ഓര്‍മിച്ചു. 
ഒരു പകല്ത്തുടക്കം രേണുകയെ എന്നും തന്റേതു മാത്രമായ ഒരു ലോകത്തിലേക്ക് പ്രവേശിപ്പിക്കുന്നു. പതിവുപോലെ  പ്രാതല്‍ ഒരുക്കിവെച്ചശേഷമുള്ള  തണുത്ത കുളിയാല്‍   ഓരോ രാവിന്റെയും  മാലിന്യങ്ങളടിഞ്ഞ മനസ്സിനെ ദേഹത്തോടൊപ്പം നിര്‍ത്തി അവള്‍ കഴുകി വെടുപ്പാക്കുന്നു. ആശുപത്രിയിലെത്തെണ്ടതായ സമയനിഷ്ടയില്‍ പ്രഭാതചര്യകളില്‍ മുഴുകുമ്പോഴും പുതിയ ഒരാളായി മടുപ്പ് തീണ്ടാതെ രേണുകയ്ക്ക്  മൂളിപ്പാട്ട് പാടാനാകുന്നു. സ്ത്രീജന്മത്തിന്റെ അവസ്ഥാന്തര കാലങ്ങളിലൊന്നില്‍  അവള്‍ തനിക്ക് കല്പ്പിക്കപെട്ട  പകല്‍കോയ്മയുടെ ഉദാരസ്വാതന്ത്ര്യം ശ്വസിക്കുകയും രാത്രിപെണ്മയുടെ   യാമയാതനകള്‍  കുടിച്ചു വറ്റിക്കുകയും ചെയ്യുന്നു.  വിവാഹ നാള്‍ തൊട്ടു ഒരനുഷ്ടാന വിചാരം പോലെ മനസ്സ് പാകപ്പെടുത്തിയതാണത്. ആദ്യ നാളുകളിലെ അനുഭവങ്ങള്‍ അവളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒരു ചോദ്യചിന്ഹമോ പൂര്‍ണ്ണ വിരാമമോ നല്‍കിയിരുന്നു. നിത്യേനയെന്നോണമുള്ള ശകാരങ്ങള്‍ക്കുമൊടുവില്‍ ക്രൂര പീഡനങ്ങള്‍ നല്‍കി അയാളുടെ  ലോകത്തേക്കുള്ള വാതില്‍  കൊട്ടിയടച്ചതിനാല്‍  വ്യതിരിക്തമായ ഒരു വൃത്തത്തില്‍ ചുരുങ്ങി  അവള്‍ തന്നില്‍ നിന്നുമാത്രമായി വേര്‍പെട്ടു മുറിഞ്ഞു. മറ്റൊരു മറുചിന്തകള്‍ക്കും  ഇടം നല്‍കാതെ സ്നേഹം നിറഞ്ഞ അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖം മാത്രം മനസ്സില്‍ ചിത്രപ്പെടുത്തി ഇനിയും അവര്‍ക്കുള്ള നോവോ സങ്കടമോ ആവാതെ ജീവിതം ആവര്‍ത്തിച്ചു.  ഇന്നത്തെ പകല്‍ മറ്റേതൊരു പകല്‍ പോലെയും അവള്‍ക്കു പ്രവചിതമാണ്. ആശുപത്രിയിലായിരിക്കുമ്പോള്‍ അയാളുടെ രണ്ടോ മൂന്നോ ഫോണ്‍ വിളികള്‍  അവളെ തേടിയെത്തും.  നീ എവിടെയാണിപ്പോള്‍  .... എന്ത് ചെയ്യുന്നു ... എന്ന ആദ്യ ചോദ്യത്തിനപ്പുറം അവളൊന്നും കേള്‍ക്കാറില്ല. അല്ലെങ്കില്‍ കേള്‍ക്കേണ്ടതായ ഒരു കാര്യവും അതില്‍ ഉണ്ടാവുകയുമില്ല. തന്റെ ചലനങ്ങളെയും സ്ഥിതിവിശേഷങ്ങളെയും അടയാളപ്പെടുത്തി ശമിപ്പിക്കുന്ന  സന്ദേഹങ്ങളുടെ നിലവിളിയാണതെന്ന് അവള്‍ക്കറിയാം. കൂടെ ജോലി ചെയ്യുന്നവരെല്ലാം അത് കുറേശ്ശ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.  ബസ്സ് കിട്ടാതെ നേരം ഒരല്‍പം ഇരുളുമ്പോള്‍..  അവിചാരിതമായി ഓവര്‍ടൈം ചെയ്യേണ്ടി വരുമ്പോള്‍ തന്നിലെ വെപ്രാളങ്ങള്‍ ചിലതെല്ലാം അവരോടു പറയാതെ പറയുന്നുമുണ്ട്.  “ഇങ്ങിനെ കൂടെ ജീവിക്കുന്നതിലും ഭേദം വേണ്ടെന്നു വെക്കുന്നതാ മോളെ നല്ലത”’. ഒരിക്കല്‍ റീത്താമ്മ സഹികെട്ടു സഹതാപത്തോടെ അവളോട്‌ പറയുകയുമുണ്ടായി. പക്ഷെ പിന്തുടര്‍ന്നു വേട്ടയാടുന്ന  ഭൂതകാലത്തിന്റെ, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഒരിരയാണ് താനെന്നത് റീത്താമ്മക്കറിയില്ല. പരിണാമഗുപ്തിയിലെത്തിക്കാതെ   ഒരു കഥയെ സ്വയം നടത്തിക്കൊണ്ടുപോകുന്ന ദൌത്യം  പ്രായാധിക്യത്തിന്റെ ദീന സങ്കടങ്ങളുമായി ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ദുഃഖം തീണ്ടാത്ത രാപ്പകലുകള്‍  നിലനിര്‍ത്തുന്നുണ്ട്. അത്രയും മതി. അതിനാല്‍ തന്റെ വികാരങ്ങളെ അതിന്റെ എല്ലാ ഉടല്‍ഭംഗികളോടെയും അവള്‍ പരിത്യാഗപ്പെടാന്‍ ഉഴിഞ്ഞു വെച്ചതാണ്. എന്നിട്ടും ഈയ്യിടെയായി ഓരോ രാവുകളും  തന്റെ ജീവിത സഞ്ചാരങ്ങളെല്ലാം  അപഥങ്ങളായി     സമര്‍ത്ഥിച്ച് ഓരോ കുരുതികള്‍ കാത്തു വെക്കുന്നു. അത് ചിലപ്പോള്‍ തപാല്‍ വഴിയുള്ള ഊമക്കത്തായും അജ്ഞാത ഫോണ്‍ വിളികളായും മുന്നില്‍ നിരത്തി അയാള്‍ വിചാരണ തുടരുന്നു.  അപ്പോഴെല്ലാം സ്വയം സൃഷ്ടിച്ചെടുക്കുന്ന ഇമ്മട്ടിലെ  ഉത്തരമില്ലാത്ത ചോദ്യങ്ങളെ അവള്‍ മൌനം കൊണ്ട് സധൈര്യം നേരിടുന്നു.  അയാളാകട്ടെ  അവയില്‍ വിളയിച്ചെടുത്ത ആത്മഹര്‍ഷത്തോടെ തീര്‍ത്തും അക്ഷോഭ്യനായി  കിടപ്പറയില്‍  വീറോടെ പടനയിച്ചു   തളര്‍ന്നു കിടന്നുറങ്ങുകയും ചെയ്യുന്നു. 
നിദ്രാവിഹീനമായ രാത്രികള്‍  ഒരു ദുശ്ശീലമായി തന്നെ ഗ്രസിക്കുമ്പോഴെല്ലാം അവള്‍ നകുലനെ കുറിച്ചോര്ക്കുന്നു. പൂര്‍വകാണ്ഠത്തില്‍ നഷ്ടപ്പെട്ട കാമുകന്‍.  അവന്‍  അരൂപിയായി അവളോടൊപ്പം കൂട്ടിരിക്കുന്ന ഓര്‍മകളുടെ  യാമമെന്നും ആ  പരിചിത ഗന്ധം കൊണ്ട്  അവളെ മൂടുന്നു. അവള്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദ വീചികള്‍ കൊണ്ട് ആകെ പൊതിയുന്നു. അവന്റെ സംസാര രീതി അവള്‍ക്കിഷ്ട മായിരുന്നു.. അത്  കാണാന്‍ ഭംഗിയുള്ളതും കേള്‍ക്കാന്‍ ഇമ്പമാര്‍ന്നതും  ഏറെ മോഹിപ്പിക്കുന്നതും... എത്ര നേരമെങ്കിലും കേട്ടിരിക്കാന്‍ സുഖമുള്ളത്. ഇങ്ങിനെ ഉന്മത്തമായ ഒരു രാത്രിയുടെ പുനരാവിഷ്കാരത്തില്‍ ലയിച്ചു  അവള്‍  ഒരിക്കല്‍ കൂടി നകുലനായ്‌ കാതോര്‍ക്കുന്നു.  “ രേണു.. ...നമ്മള്‍ അതിജയിച്ച പ്രണയമെന്നാല്‍ ....രണ്ടു വ്യത്യസ്ത ലോകങ്ങളുടെ ചുറ്റിലും പാകപ്പെട്ട നിര്‍ണ്ണയ രേഖകള്‍ സ്വയമേവ മാഞ്ഞുപോയി  യഥാതഥമായി  ഉയിര്‍കൊണ്ട  ഒന്ന്... അവിടെ നീയും ഞാനുമില്ല. ഞാനായി നീയും നീയായി ഞാനും രണ്ടു ഹൃദയത്തെ അലിയിച്ചെടുത്ത് നാം  നമ്മെ  തന്നെയും ജീവിതത്തെയും  പുനര്നിര്മിക്കുന്നു . അപ്പോള്‍ മാത്രം  ശരീരങ്ങള്‍ ഒരു കേവലവസ്തു വില്‍ നിന്നും  ഉയര്‍ന്നു ജീവന്റെ അനുഗ്രഹീത പദാര്‍ത്ഥമാകും. നമ്മളൊറ്റയില്‍ കൂട് കൂട്ടപ്പെടും. നമുക്ക് കുഞ്ഞുങ്ങള്‍ ജനിക്കും. ഇതൊരു നിയോഗമാണ്.. അത് നമ്മള്‍ അനുസരിക്കുന്നു. അതിനാല്‍ പ്രണയ തരളിതമായ ഈ രാത്രിയില്‍ ഞാന്‍ നിന്റെ ശരീരത്തിന്റെ അതിരുകള്‍ എന്നന്നേക്കുമായി മായ്ച്ചുകളയുന്നു. നിന്നിലേക്ക്‌ തുറക്കുന്ന വാതിലില്‍ ഞാന്‍ ഒരു കാറ്റായി വീശുകയും കടലായി ആര്‍ത്തലക്കുകയും ചെയ്യുന്നു”. ഒരു മഴപോലെ ഉതിര്‍ന്ന  അവന്‍  പിന്നെ എപ്പഴോ പതിയെ വിരലുകളുടെ അന്വേഷണാത്മകമായ ചലനത്തില്‍ തുടങ്ങി പരസ്പര ചുംബനങ്ങളുടെ നേര്പകുതിയിലെക്ക്  അവളെ ആനയിച്ചു.  ഒടുക്കം ഒരു മഴക്കുളിരില്‍ ഒരിണയുടെ കര്‍മം ഉദരത്തില്‍ ആചരിച്ച്  ആലസ്യത്തിലേക്കുറക്കുകയും ചെയ്തു. ജീവിതത്തെ ഒരുമിച്ചു  പങ്കിടാന്‍ തിയതി തീരുമാനിക്കപ്പെട്ട ആ  രാത്രി താല്‍ക്കാലികമായ  ഒരു വേര്‍പിരിയലിന്റെ രാത്രി കൂടിയായിരുന്നു. മറ്റൊരു കാത്തിരിപ്പ്‌   രേണുകയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാത്രി. പിറ്റേന്നാണ് നകുലന്‍ ദില്ലിയിലേക്ക് തിരികെ യാത്രയാവുന്നത്. മൂന്നു  മാസത്തെ ഇടവേള.   പ്രേമികളുടെ ജീവിതമെപ്പോഴും ഇങ്ങിനെ ഇടവേളകള്‍ നിറഞ്ഞതാകുന്നു. എണ്ണമറ്റതും  നോവുകള്‍ പുരണ്ടതും. അവ ശൂന്യം ബാധിച്ച്‌ കാത്തിരിപ്പിനോടുള്ള  കലഹം പുലര്‍ത്തി പതുക്കെ മാത്രം തേഞ്ഞു തീരുന്നു.   വരാനിരിക്കുന്ന ദിനങ്ങള്‍  കാഠിന്യമേറിയതാവുമെന്നു   രേണുകയ്ക്കറിയാമായിരുന്നെന്കിലും ഒരു മാസം പിന്നിട്ടപ്പോഴേക്കും അത് ശരീരത്തെ കൂടി   ബാധിച്ചതായി അവള്‍ അറിഞ്ഞു.  ഇനിയെന്ത്  എന്ന ചോദ്യത്തിനു അവള്‍ക്കപ്പോഴും  ഉത്തരമുണ്ടായിരുന്നു. പക്ഷെ മറ്റൊന്നായിരുന്നു വിധി കാത്തു വെച്ചത്. നകുലന്‍ ഒരിക്കലും തിരികെ വന്നില്ല. ഒരപകടത്തില്‍പെട്ട അവന്‍  കാത്തിരിപ്പിന്റെ ഇടവേളകള്‍ നല്‍കാത്ത ലോകത്തേക്ക്‌ രേണുകയെ ഉപേക്ഷിച്ചു കടന്നു പോയി. പകരമായി പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം  തന്റെ ജീവിതം  സ്വീകരിച്ച മറ്റൊരാള്‍. ഒന്നാം രാവില്‍  തന്നെ ദാമ്പത്യ നാട്യ ശാസ്ത്ര പ്രകാരം രേണുക തന്നിലെ നകുല ചരിതം  കഥ സത്യസന്ധമായി കെട്ടിയാടി ലഘൂകരിച്ച മനസ്സിനെയും  ഒപ്പം  ജീവിതത്തെയും അയാള്‍ക്ക്‌ മുന്നില്‍ തുറന്നിട്ടു. പ്രതീക്ഷിച്ചതുപോലെ തന്നെ സാത്വികാഭിനയത്തിന്റെ ഭാരമില്ലാതെ അയാള്‍ വെറുപ്പിന്റെ ഭാവരസങ്ങളെല്ലാം  പ്രകടമാക്കി ചുവന്ന കണ്ണുകളുമായി തനിച്ചു കിടന്നുറങ്ങുകയാണ് ചെയ്തത്.  തന്റെ കവന നൈപുണിയില്‍ പോകെ പോകെ  പുതിയ പുതിയ കല്പനകള്‍ അയാള്‍ ചിന്തകളില്‍ നിറക്കുവാന്‍ തുടങ്ങിയതങ്ങിനെയായിരുന്നു. ഓരോ കെട്ടുകഥകളിലും സ്ഫുടം ചെയ്തെടുത്ത വിജിഗീഷുവായി  യുദ്ധവേട്ടകള്‍ തുടങ്ങി  അയാള്‍ ആകാശത്തോളം വളര്‍ന്നു. മനസ്സിന്റെ ഉത്തേജകമായ പരിപോഷിപ്പിച്ച കല്പനലീലകളില്‍ അപരനെ പ്രതിഷ്ടിച്ച് രേണുകയെ അയാള്‍  നിര്‍ദാക്ഷിണ്യം ഉലച്ചുകൊണ്ടെയിരുന്നു. പക്ഷെ ഈ പതിവുകളുടെ നിവര്‍ത്തനങ്ങളാണ്  ഈയ്യിടെയായി ലക്‌ഷ്യം ഭേദിക്കാത്ത തമോരാത്രികളായി മാറി അയാളെ അലോസരപ്പെടുത്തുന്നത്.   

അന്നും തന്റെ പുതുക്കിയ ശ്രമങ്ങളെല്ലാം ഒന്നൊന്നായി തകരുന്നതായി അയാള്‍ അറിഞ്ഞു. മനസ്സിന്റെ ആജ്ഞാപഥത്തില്‍ നിന്നും ദേഹവിധേയത്വം അകന്നു പോയിരിക്കുന്നു.  മനസ്സില്‍ നിന്നും   സ്വന്തം ശരീരത്തിന്റെ  എന്നന്നേക്കുമായ  വിടവാങ്ങല്‍. ഉയിര്‍ത്തെഴുനെല്‍ക്കാനാവാത്ത വിധം മരണം വരിച്ച ചേതനകള്‍....തന്നിലെ പകയുടെ നിര്‍ദ്ധാരണത്തിന്റെ തിരസ്കാരമായി അത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നയാള്‍ക്ക് ബോധ്യമായി . അവളുടെ പുറം കാലുകൊണ്ടുള്ള ഒരു  തൊഴിയില്‍ ഇല്ലാതാവുന്ന  അധീശത്വം മാത്രമേ തന്നിലിനി പുരുഷത്വമായി അവശേഷിക്കുന്നുള്ളൂ . എന്നിട്ടും ഓരോ രാത്രിയും പേറുന്ന ഭീഷണമായ മൃഗയാ വിനോദത്തില്‍  അവള്‍  തന്റെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന  അധീശത്വം ആത്മസമര്‍പ്പണത്തോടെ സ്വീകരിക്കുന്നതില്‍ അയാള്‍  അന്നാദ്യമായി അത്ഭുതം കൂറി. പ്രതിരോധത്തിന്റെ പൊരുതലുകള്‍ ഒരിക്കലും പ്രദര്‍ശിപ്പിക്കാതെ പോലും  ഭീരുത്വത്തിന്റെ ചങ്ങലകളാല്‍ അവള്‍ തന്നെ എന്നന്നേക്കുമായി ബന്ധിച്ചിരിക്കുന്നു. തന്നില്‍ നിന്നും നിഷ്കരുണം ഇറങ്ങിപ്പോയതെന്തോ അത് അവളില്‍ കുടിയേറി മുമ്പൊരിക്കലും കാണാതിരുന്ന ആത്മവിശുദ്ധിയെ അനാവരണപ്പെടുത്തുന്നു. പീഡിതമായ ആത്മാവിന്റെ  കണ്ണീരും നോവും കൊണ്ട് വിരചിച്ച സഹനത്തിന്റെ പൊരുള്‍ അങ്ങിനെ വായിച്ചറിയുന്നു.   പതിവിനു വിപരീതമായി അയാള്‍ അവളുടെ ശരീരതാപത്തില്‍  നിന്നുമിറങ്ങി ജനലിലൂടെ അരിച്ചെത്തുന്ന  നിലാവില്‍  ശാന്തതയോടെ മിഴിനട്ടു.  കെട്ടുകഥകളുടെ രൌദ്രമില്ലാത്ത ആ രാത്രി തന്നെ നിര്മലീകരിക്കുമെന്ന തോന്നലില്‍  ഒരു ഉള്‍ വിളിയോടെ  തന്നിലേക്ക്..  തന്റെ പൂര്‍വ നാളുകളുടെ  ഇരുട്ടിലേക്ക്‌  വെളിച്ചം തേടി.  രാത്രി നീളെ  ചിന്തകളില്‍ അലഞ്ഞു. ഒടുക്കം അവശേഷിക്കുന്ന ഏതൊക്കെയോ ശരികളുടെ  പ്രത്യാശയില്‍ അയാള്‍ കട്ടില്‍ വിട്ടെഴുനേറ്റ്‌   ഒരു സ്വപ്നാടകനെ പോലെ കിണറ്റിന്‍ കരയിലേക്ക്‌ നടന്നു. തണുത്ത ജലധാരയില്‍ അയാള്‍ ഏറെ നേരം  സ്നാനം ചെയ്തു. പിന്നെ  തെളിഞ്ഞ മനസ്സോടെ തിരികെ വന്ന് കട്ടിലിനു താഴെ ഒറ്റപ്പായയില്‍  ഉറങ്ങുന്ന രേണുകയുടെ കാല്‍ച്ചുവട്ടില്‍  ഒരു യുദ്ധത്തടവുകാരന്റെ പരാജിത മനസ്സോടെ ചുരുണ്ടുകൂടി കിടന്നു. 

http://www.malayalanatu.com/component/k2/item/1171-2014-02-01-07-57-58
ചിത്രം courtesy - ജോസ്ലെറ്റ് ജോസഫ് 

Friday, May 6, 2011

ഋ തു പ്പ ക ര്‍ ച്ച ക ള്‍


ശരദ്

പ്രണയത്തെ വിദൂരങ്ങളിലും തൊടാവുന്ന മൊബൈല്‍ ഫോണ്‍ സമ്മാനമായി കിട്ടിയതോടെ ശിവനെ ചുറ്റിയുള്ള ഊര്‍മിള എന്ന പെണ്‍കുട്ടിയുടെ സ്വകാര്യവും കുതൂഹലവുമായ പരിക്രമണം സംഭവ്യശീലമനുസരിച്ച്‌ അതിന്റെ പതിവ്‌ ഭ്രമണാക്ഷത്തില്‍ നിന്നും ഒരല്‍പം ചെരിയുകയും അങ്ങിനെയവള്‍ ഹൃദയമിടിപ്പോടെ ശരദ്കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മഹിഷപുരത്തെ ആ ദസറ നാളില്‍ ആര്‍ട്ട് ഗാലറിക്കഭിമുഖമായ ഒരു നരച്ച കെട്ടിടത്തിലെ കുടുസ്സുമുറിയില്‍ അവള്‍ ഒരു കുറുഞ്ഞിപ്പൂച്ചയായി പതുത്ത മെത്തയില്‍ ശിവനെ ചേര്‍ന്ന് കിടന്നു. തങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന അഴികളില്ലാത്തതും കാഴ്ചയില്‍ പ്രാകൃത കാലത്തെന്നപോലെ പൂപ്പല്‍ പിടിച്ചു പച്ചനിറം പടര്‍ന്നതുമായ ചില്ലു ജനല്പാളികളികളിലൂടെ അരിച്ചിറങ്ങുന്ന നേര്‍ത്ത സൂര്യ വെളിച്ചം കാമാതുരമായി തന്റെ നഗ്നദേഹത്തെ തൊട്ടുഴിയുമ്പോള്‍ അസത്യമായ ഈ വെളിപ്പെടല്‍ ഭയാശങ്കകളില്ലാതെ അവള്‍ കണ്ണടച്ചാസ്വദിച്ചു. കാരണം ഹോസ്റ്റല്‍ റിക്കോര്‍ഡുകളില്‍ ഊര്‍മിള പ്രകൃതി രമണീയമായ എയ്യൂര്‍ ഗ്രാമത്തിലെ കൃഷ്ണ ഭവനിലേക്ക്‌ പരീക്ഷക്ക്‌ മുമ്പുള്ള അവധിക്കാലവുമായി യാത്രപോയിരിക്കുന്നു. കൃഷ്ണ ഭവനിലെ കേരകര്‍ഷകനായ ദാമോദരനും അധ്യാപികയായ സതീദേവിക്കുമാകട്ടെ മകള്‍ അവധിക്കാലം പോലും ത്യജിച്ച് അങ്ങകലെ നഗരത്തിലുള്ള ഹോസ്റ്റലില്‍ പരീക്ഷക്കായി തയ്യാറെടുക്കുകയുമാണ്. രണ്ടിടങ്ങളിലുമായുള്ള ഈ വിശ്വാസ സാന്നിദ്ധ്യങ്ങളെ കുതറി അടഞ്ഞ വാതിലിനിപ്പുറം താല്‍ക്കാലികമായ മൂന്നാമതൊരിടത്തു അവതാരം കൊള്ളാന്‍ അനേക നാളത്തെ ശ്രമ ഫലമായി ശിവന്‍ അവളെ പ്രാപ്തമാക്കിയതാണ്. ഒരു ദിവസത്തെ രണ്ടു വിലാസങ്ങളോടുമുള്ള അനുസരണക്കേട്‌ അടുത്തൊരു ദിവസംകൊണ്ട് തിരുത്തി നേരയാക്കാമെന്നും ശിവന്‍ സമ്മാനങ്ങള്‍ നല്‍കി അവളെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ശിവനെ അവള്‍ ഹോസ്റ്റലിനേക്കാളും കൃഷ്ണ ഭവനെക്കാളും സ്നേഹിക്കുകയും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.

ഹേമന്തം

അന്നും പതിവുപോലെ ഹോസ്റ്റല്‍ മുറിയിലെ, ഞരക്കങ്ങള്‍ പുറപ്പെടുവിക്കുന്ന ഇരുമ്പ് കട്ടിലില്‍ സ്വപ്നലിപ്തമായ കണ്ണുകളോടെ ഊര്‍മിള ഉണര്‍ന്നു. മുട്ടുകുത്തി പ്രാര്‍ത്ഥനയില്‍ മുഴുകിയ സൂസനെന്ന ആവര്‍ത്തന വിരസമായ ഒരേ അനുഷ്ടാനകാഴ്ചയിലേക്കാണ് എന്നുമവളുടെ കണ്ണുകള്‍ ചെന്നു നില്‍ക്കുന്നതെങ്കിലും അന്നെന്തുകൊണ്ടോ പതിവു കാഴ്ചയെ കവച്ചു വെച്ച് ചുവരില്‍ പതിച്ച ചിത്രത്തിലെ ഉണ്ണിയേശുവില്‍ അത് തറഞ്ഞു നിന്നു.. ആ തിരുചിത്രത്തിലവള്‍ ഒരല്‍പ്പ നേരം അറിയാതെ ആഴ്ന്നിറങ്ങി.. പിന്നെ പിന്തുടര്‍ന്നെത്തിയ ബോധത്തില്‍ ഒരിമയനക്കത്തിലൂടെ തന്റെ പരിസരത്തിലേക്ക് തന്നെ മടങ്ങിയെത്തിയെങ്കിലും അപ്പോഴേക്കും പതിയിരുന്ന ഹേമന്തം ഒരു തണുത്ത ആശ്ലേഷത്തോടെ അവളില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

ആ കുളിരുന്ന പ്രഭാതത്തില്‍ സൂസന്റെ ചുമലില്‍ തലചായ്ച്ച് കോളേജിലേക്കുള്ള ബസ്‌ യാത്രയില്‍ പെട്ടെന്നാണ് തന്റെ ശരീരം ഒരു തൂവല്‍ പോലെ ഭാരമില്ലാതാവുന്നതായും ഉള്ളില്‍ അനേകം തിരമാലകള്‍ അലയടിച്ചുയരുന്നതായും ഊര്‍മിളയ്ക്ക് അനുഭവപ്പെട്ടത്‌. കൈത്തലത്താല്‍ വായ പൊത്തിപ്പിടിച്ചു തള്ളിച്ചകളെ അടക്കി വിമ്മിഷ്ടത്തോടെ ഒന്നുരണ്ടാവര്‍ത്തി മുന്നോട്ടായുമ്പോള്‍ തന്നിലെ ചാക്രികമായ കലണ്ടറില്‍ നിന്നും കഴിഞ്ഞ ഒന്നു രണ്ടു മാസത്തെ രജസ്വലകളായ ഒരു പറ്റം തിയതികള്‍ അപ്രത്യക്ഷമായിരിക്കുന്നതായി ഒരു നടുക്കത്തോടെ അവള്‍ മനസ്സില്‍ കണ്ടു. തന്നില്‍ ഇളകി മറിയുന്ന കടല്‍ സൂസനില്‍ നിന്നും സമര്‍ത്ഥമായി ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സൂസന്‍ സീറ്റിലൊന്നു ഇളകിയിരുന്നു അവളെ ശ്രദ്ധിച്ചു. പിന്നെ കൈ വട്ടം പിടിച്ചു ചെവിയില്‍ സ്വകാര്യമായി ചോദിച്ചു... “എന്താടി നിനക്കൊരു ഏനക്കേട്? അന്നാമ്മയുടെ ഉപ്പുമാവ് കുത്തുന്നുണ്ടോ?” ആദ്യ ചോദ്യം കേട്ട മാത്രയില്‍ ഉള്ളില്‍ പടര്‍ന്നാളിയ തീ ഞൊടിയിടയില്‍ കുശിനിക്കാരി അന്നാമ്മ വന്നണച്ചതിനാല്‍ അവളുടെ വെന്തു പോയ മുഖം സൂസന്‍ കണ്ടില്ല. . അവള്‍ അതെയെന്ന അര്‍ത്ഥത്തില്‍ ദയനീയമായി ഒരു പതര്‍ച്ചയോടെ തലയാട്ടി.

അന്ന് പതിവുപോലെ തന്നെ തിരക്കി കാതില്‍ ഇക്കിളിപ്പെടുത്താന്‍ വന്ന ശിവന്റെ സ്നേഹശൃംഗാരമാര്‍ന്ന ഫോണ്‍ ശബ്ദത്തോട് ഊര്‍മിള പതിവുതെറ്റി കെറുവിച്ചു. പിന്നെ തന്റെ സകല പരിഭ്രമവും വേവലാതിയും ഒരു കരച്ചിലില്‍ ചേര്‍ത്ത്‌ ഇടറിയ ശബ്ദത്തില്‍ തന്റെ പ്രധാന തീയതികളെല്ലാം കലണ്ടറില്‍ നിന്നും എങ്ങോ ഇറങ്ങിപ്പോയിരിക്കുന്നതായി അറിയിച്ചു. എന്നാല്‍ ഇടറാത്ത ശിവന്‍ ഏറെ ഗഹനമായ ഒരു പൊട്ടിച്ചിരിയുടെ കടല്‍ മറുപടിയായി അവള്‍ക്കു നല്‍കി തിരക്കായതിനാല്‍ പിന്നെ വിളിക്കാമെന്ന തുഴയെറിഞ്ഞു ആഴങ്ങളിലേക്ക്‌ മറയുകയാണ് ചെയ്തത്. .

പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ നേരവും അവള്‍ ശിവനെ ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നെങ്കിലും അവയെല്ലാം ഉത്തരമില്ലാതെ മടങ്ങി.

ശിശിരം

അന്ന് കൃഷ്ണ ഭവനിലെ ദീപം തെളിയാതിരുന്ന ഉമ്മറത്ത് സന്ധ്യ വന്നു കനത്തു നിന്നു. അപരിചിതത്വം തീണ്ടിയ മൂന്നു ദ്വീപുകള്‍ പോലെ അച്ഛനും അമ്മയും മകളും മൂന്നു മുറികളിലായി മുറിഞ്ഞു കിടന്നു. വഴക്കോ ശകാരമോ നിലവിളികളോ ഇല്ലാതെ നിശബ്ദമാക്കപ്പെട്ട വീട്ടിലപ്പോള്‍ ശിശിരം മഞ്ഞായുറഞ്ഞു.

പിറ്റേന്ന് തന്നെ പുലര്‍ച്ചയുടെ അരണ്ട വെളിച്ചത്തില്‍ അച്ഛന്‍ മകളുടെ ഭാവി ജീവിതത്തെ തിരഞ്ഞു മഹിഷപുരം നഗരത്തിലേക്ക് യാത്ര പുറപ്പെട്ടു. കണ്ണുകളില്‍ മാത്രം വാര്‍ധക്യത്തെ അറിഞ്ഞിരുന്ന അയാള്‍ ഒരൊറ്റ രാത്രികൊണ്ട് താന്‍ അതിലേറെ വൃദ്ധനും അവശനുമായതായി അറിഞ്ഞു. ക്ലേശകരമായ യാത്രക്കൊടുവില്‍ നഗരത്തില്‍ ബസ്സിറങ്ങുമ്പോള്‍ ബാഗില്‍ കരുതിയ ഒരു തുണ്ട് കടലാസില്‍ ദിക്കറിയാത്ത മറ്റൊരു യാത്രയുടെ കാഠിന്യം കാത്തിരിക്കുന്നുവെന്നു അയാള്‍ ഓര്‍ത്തു. മകള്‍ സ്നേഹം നിവര്‍ത്തിച്ച് സ്വയം നഷ്ടമായ ഒരപരിചിതനിലേക്കുള്ള ദൂരം എത്രയെന്നോ എങ്ങിനെയെന്നോ അറിയാതെ അയാള്‍ നഗര തിരക്കിന്റെ മുഖമില്ലായ്മയിലേക്ക്‌ പിന്നെ നടത്തമാരംഭിച്ചു. എല്ലാ കാല്‍ വെപ്പുകളുടേയും രീതി ശാസ്ത്രം വ്യത്യസ്തമായ സാംഗത്യമുള്ളവയാണ്. അവ എന്തിനെയോ തേടുകയും തിരയുകയും ചെയ്യുന്നു. പരിക്ഷീണനെങ്കിലും ഈ അച്ഛന്റെ കാല്‍ വെപ്പുകള്‍ ഏതോ ഉള്‍ പ്രേരണയാല്‍ കരുത്താവാഹിച്ചു കൊണ്ടിരുന്നു. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പല മുഖങ്ങളും അയാളെ നയിച്ചു കൊണ്ട് പോയി. ഒരു കാര്‍ വര്‍ക്ക്‌ ഷോപ്പില്‍ അവസാനിക്കുന്ന വിലാസത്തിന്റെ കണിശതയില്‍ നിന്നും താന്‍ തേടുന്നയാല്‍ തെന്നിത്തെറിച്ചു പോയതറിഞ്ഞിട്ടും തളരാതെ തുടര്‍ന്ന ദൌത്യം തുണ്ടു കടലാസിലെ അപരിചിതനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പരിചിതനാക്കി മാറ്റിയിരുന്നു. ഒടുക്കം നന്നേ ഇടുങ്ങിയ വൃത്തിഹീനമായ ഒരു തെരുവില്‍ നിര നിരയായി നിലകൊണ്ട പഴക്കം ചെന്ന വീടുകള്‍ക്ക് മുന്നില്‍ ദയാവായ്പ്പുള്ള ഒരു മുഖം അയാളെ അനുഗമിച്ചെത്തിച്ചു. റോഡുവക്കത്ത് വാട്ടര്‍ ടാപിനരികെ രണ്ടു കുട്ടികളെ കുളിപ്പിക്കുകയായിരുന്ന മുഷിഞ്ഞ സാരി ചുറ്റിയ ഒരു സ്ത്രീയെ ചൂണ്ടി പരിചയപ്പെടുത്തുമ്പോള്‍ അയാളുടെ അന്വേഷണ യാത്ര അവസാനിക്കുകയും അവിടമാകെ ഇരുട്ട് പരന്നു തുടങ്ങുകയും ചെയ്തു. പിന്‍വാങ്ങുന്ന പകലിന്റെ പുക മഞ്ഞിനോടൊപ്പം വിറങ്ങലിച്ച മനസ്സോടെ അയാള്‍ പിന്തിരിഞ്ഞു നടന്നു.

അടുത്ത ദിവസം, ഉറങ്ങാതെ യാമങ്ങള്‍ കഴിച്ചുകൂട്ടിയ സതി ടീച്ചറുടെ വഴിക്കണ്ണുകളിലേക്ക് തൊടിക്കപ്പുറത്തെ പുളിമര കൊമ്പില്‍ ശേഷ ജീവിതം നിലം തൊടാതെ കയറില്‍ തൂക്കിയിട്ടുകൊണ്ട് ഊര്‍മിളയുടെ തോറ്റുപോയ അച്ഛന്‍ തിരിച്ചെത്തി.


വസന്തം

പുറമെയും അകമെയും ഒരു നേര്‍ത്ത തേങ്ങലോ നെടുവീര്‍പ്പ് പോലുമോ ഇല്ലാതെ വേര്‍പാടിന്റെ നാളുകളെ എതിരിട്ട സതി ടീച്ചറില്‍ പതുക്കെ പതുക്കെയാണ് പ്രകൃതിയിലെ പുതുമുകുളങ്ങളെന്ന പോലെ അയഥാര്‍ത്ഥങ്ങളായ ശബ്ദ കാഴ്ചകളുടെ വിചിത്ര വസന്തം നാമ്പിട്ടു തുടങ്ങിയത്. ചിലപ്പോഴെല്ലാം ഓര്‍മ്മകള്‍ നിര്‍ലോഭം ശബ്ദായമാനമായി. കാഴ്ചകള്‍ നിരന്തരം കൂറുമാറി കബളിപ്പിച്ചു. അപ്പോഴൊക്കെ മുറിയിലെ ശൂന്യതയില്‍ കുട്ടികള്‍ അനുസരണയോടെ നിറഞ്ഞതായി കണ്ടു ടീച്ചര്‍ ഉച്ചത്തില്‍ പാഠങ്ങള്‍ പറഞ്ഞു. മറ്റു ചിലപ്പോള്‍ യുവത്വം ഇനിയും മാഞ്ഞുപോകാത്ത ടീച്ചര്‍ വാര്‍ദ്ധക്യത്തിന്റെ കോണി കയറുകയും ശൈശവത്തിലേക്കുള്ള പടികളിറങ്ങുകയും ചെയ്തു. ഊര്‍മിളയാകട്ടെ ചപലതയുടെ മായിക ലോകത്ത് നിന്നും യാഥാര്‍ത്ഥ്യത്തിന്റെ ദാക്ഷിണ്യമില്ലായ്മയില്‍ ആഴത്തില്‍ പതിച്ച് നുറുങ്ങിത്തളര്‍ന്ന കിടപ്പ് തുടര്‍ന്നു. ഒരിടയ്ക്ക് അച്ഛന്റെ വഴിയെ മരണത്തിന്റെ ഏതെങ്കിലും ഒരനായാസ വാതിലിനു വേണ്ടി ദുര്‍ബലമായ മനസ്സുകൊണ്ട് തിരയുക പോലും ചെയ്തു.

ചലനാത്മകമായ ആപേക്ഷികതയ്ക്ക് ഭംഗമുണ്ടാവുമ്പോള്‍ ബന്ധങ്ങളുടെ ഇരുഭാവങ്ങളിലും മാറ്റമുണ്ടാകുന്നു. ആരോരുമില്ലാതെ ആലംബമറ്റവരുടെ വേനല്‍ തളര്ച്ചയിലേക്ക് ഒരു ചോലമരമെങ്കിലും ഉണ്ടായേ തീരൂ. ആരോടും സ്നേഹമായി പെരുമാറാത്ത അപ്പുറത്തെ വീട്ടിലെ ദച്ചുവമ്മയുടെ സ്നേഹ കാരുണ്യം ഒരു തണലായി നീണ്ടത് അങ്ങനെയാണ്. അവര്‍ ഒരു ചുഴലിയില്‍ ചിതറിപ്പോയത് വാര്‍ദ്ധക്യത്തിന്റെ സങ്കടങ്ങളിലും ഇടയ്ക്കിടെയെത്തി പെറുക്കിക്കൂട്ടി വെക്കുന്നു. സതി ടീച്ചറുടെ മനസ്സിന്റെ വിചിത്ര സഞ്ചാരത്തിനു കുറുകെ കയറി നിന്നും ഊര്‍മിളയുടെ വയറ്റിലെ അനക്കങ്ങള്‍ തിട്ടപ്പെടുത്തിയും പരിചരണങ്ങള്‍ നല്‍കി അവരെ കൃഷ്ണ ഭവന്റെ പൂര്‍വകാല ഗൃഹരാശിയുടെ നിഴലിലെങ്കിലും എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതിനാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഊര്‍മിള കട്ടില്‍ വിട്ടെഴുനേറ്റു ഇറയത്തെ ആകാശം കണ്ടു. കണ്ണാടിയില്‍ നോക്കി അപരിചിതമായ തന്റെ ശരീരത്തിലെ മുഴുത്ത ഏച്ചുകെട്ടലുകളെ കണ്ടു. തന്നിലെ അപക്വമായ ദേഹത്തേയും മനസ്സിനെയും മുതിര്‍ന്നൊരു സ്ത്രീ പകരം വെച്ചിരിക്കുന്നതായി അറിയുകയും ചെയ്തു.


ഗ്രീഷ്മം

ഇലയനക്കം പോലുമില്ലാത്ത ഒരു നട്ടുച്ചയുടെ അസ്വാസ്ഥ്യത്തില്‍ ഊര്‍മിളയില്‍ ഗ്രീഷ്മം ഉരുകിയൊലിച്ചിറങ്ങി. ദച്ചുവമ്മയുടെ കൈത്തഴക്കത്തില്‍ ഊര്‍മിള വയറൊഴിഞ്ഞു കിടന്നു മയക്കം പൂണ്ടു . ഉണര്ച്ചയില്‍ തന്നെ ചേര്‍ത്തു കിടത്തിയിരിക്കുന്ന ചോരക്കുഞ്ഞിനെ വെറുപ്പിന്റെയും സങ്കടത്തിന്റെയും ഈറന്‍ പടര്‍ന്ന ചെരിഞ്ഞൊരു ദൃഷ്ടിയോടെ നോക്കുമ്പോള്‍ മാതൃത്വത്തിന്റെ വേഷപ്പകര്‍ച്ചയുമായി തന്നിലെ മുതിര്‍ന്നൊരു സ്ത്രീ തന്റെ ജീവിതത്തെ എത്ര പെട്ടെന്നാണ് ഏറ്റെടുത്തിരിക്കുന്നതെന്നു അവള്‍ അത്ഭുതം കൂറി. ചുറ്റിലും ചോര്‍ന്നു വീണ തന്റെ കാഴ്ചകളെല്ലാം ഏറെ പുതുക്കപ്പെട്ടിരിക്കുന്നതായി അവള്‍ക്കു തോന്നി. നനഞ്ഞ മിഴികളില്‍ പതിയെ പ്രകാശം നിറഞ്ഞു.

ദച്ചുവമ്മയുടെ പരിശ്രമത്താല്‍ ചേര്‍ത്തു വെച്ചു കിട്ടിയ ജീവിതം മെല്ലെ മെല്ലെ ആവര്‍ത്തിച്ചു തുടങ്ങി. അതിപ്പോള്‍ അജ്ഞാതമായ ഒരു പക്ഷിയായി വന്യമായ തന്റെ ഇരുണ്ട ചിറകുകള്‍ അഴിച്ചു വെച്ച് ഇണങ്ങിയിരിക്കുന്നു. പക്ഷെ ജീവിതത്തിന്റെ ഈ ഇണക്കത്തിലും വീടിനു ചുറ്റുമുള്ള പരിസരങ്ങള്‍ ചിലപ്പോഴെല്ലാം ഇതുവരെയില്ലാത്തവിധം അവളില്‍ തെല്ല് ഭീതി നിറച്ചു. അച്ഛനുള്ളപ്പോള്‍ ചുറ്റിലും ഉണ്ടായിരുന്നിട്ടും അറിയാതിരുന്നവയൊക്കെ അവള്‍ കാണാനും അറിയാനും തുടങ്ങി. സന്ധ്യയാകുമ്പോള്‍ ശബ്ദം കനക്കുന്ന വീടിനു മുന്നിലെ ഇരുവശത്തും പൊന്തകള്‍ പടര്‍ന്ന ഇടവഴി... അരയാലിനപ്പുറമുള്ള പായല്‍ നിറഞ്ഞ പൊട്ടക്കുളം.. പുഴക്കരികെയുള്ള കള്ളുഷാപ്പ്‌.. തൊട്ടടുത്ത പറമ്പിലെ ആള്‍പ്പാര്‍പ്പില്ലാത്ത ജീര്‍ണിച്ച കെട്ടിടം.. തുടങ്ങിയവയെല്ലാം വീട്ടില്‍ അച്ഛന്റെ സാന്നിദ്ധ്യമെന്ന മതില്‍ക്കെട്ടാല്‍ മറഞ്ഞു നിന്നവയായിരുന്നു.അവയെല്ലാം ഇപ്പോള്‍ രാത്രിയില്‍ അനക്കം വെച്ചടുത്തുവരുന്നതുപോലെ. പതുങ്ങി നിന്ന് അവ വാതിലില്‍ തട്ടി വിളിക്കുന്നതുപോലെ.... ബോധാബോധങ്ങളുടെ ഘര്‍ഷണത്തില്‍ രാവും പകലും തിരിച്ചറിയാത്ത....പരിസരങ്ങളെ എന്നോ ഉപേക്ഷിച്ചിരിക്കുന്ന അമ്മയുടെ ചലനങ്ങള്‍ സമയത്തിനും ചിട്ടകള്‍ക്കും ശീലങ്ങള്‍ക്കും പുറത്താണെന്നത് അവളുടെ ഭയം ഇരട്ടിപ്പിച്ചു. . പലപ്പോഴും രാത്രിയുടെ അപ ശബ്ദങ്ങള്‍ കേട്ടുണരുമ്പോള്‍ ആദ്യം നോക്കുക അമ്മയെയാണ്. എന്നിട്ടും അന്നത് സംഭവിച്ചു.. ഒരു പുലര്‍ച്ച‍യില്‍ ഞെട്ടലോടെ അവളതു കണ്ടു. മലര്‍ക്കെ തുറന്നിട്ട വാതില്‍ .. ഉമ്മറത്ത്‌ അഴഞ്ഞുലഞ്ഞ് വസ്ത്രം സ്ഥാനം തെറ്റി അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയും.

 
വര്‍ഷം

സ്ഥിത പ്രജ്ഞയുടെ വിഭിന്നഅവസ്ഥാന്തരത്തിന്റെ രണ്ടു തലമുറകള്‍ ജന്മം തന്ന അമ്മയും പിറന്ന മകളുമായി ചിന്തകളെ ഉറക്കാതിരുന്ന ആ രാത്രിയില്‍ ഊര്‍മിള പഴയ പെണ്‍കുട്ടിയിലേക്ക് തിരിച്ചു പോയി. വര്‍ഷാരംഭത്തിലെ വ്യഗ്രത പൂണ്ടിരമ്പുന്ന കാറ്റില്‍ ഉലയുന്ന ഒറ്റമരമായി നിന്ന ഊര്‍മിളയെ ഉറങ്ങാത്ത ചിന്തകള്‍ വശം കെടുത്തി. അവ ദയയില്ലാതെ അവളെ ചോദ്യം ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്തു. അവള്‍ ഖിന്നതയുടെ കണ്ണീരില്‍ കുതിരുമ്പോള്‍ വര്‍ഷം അതിന്റെ ആരവങ്ങളുമായി പുറത്തു പെയ്തു കനത്തു. ആ പെരുമഴയില്‍ സ്നാനപ്പെട്ട് മരണത്തെ ചെന്നു തൊടാന്‍ പൊടുന്നനെ അവള്‍ വെമ്പല്‍ കൊണ്ടു. പിന്നെ കുഞ്ഞിനെ വാരിയെടുത്ത് അമ്മയെ ഉണര്‍ത്തി വാതില്‍ തുറന്ന് മഴയില്‍ നിറയുന്ന പുഴയെ ലക്ഷ്യമാക്കി നടന്നു. നനയുന്ന ഇലച്ചാര്‍ത്തുകളില്‍ മഴയ്ക്കൊപ്പം കാറ്റ് പടര്‍ന്നു കലര്‍ന്ന ചിലമ്പിച്ച ശബ്ദത്തിന്റെ ദീനത. ആളൊഴിഞ്ഞു ഇരുള്‍ മാത്രമായ ഭൂമിയില്‍ അവസാനം ശേഷിച്ചവരെ പോലെ അവര്‍ ചലിച്ചു. ഒരു മിന്നല്‍ക്കൊടിയുടെ വെള്ളി വെളിച്ചത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴയെ അവള്‍ കണ്ടു. അമ്മയെ പോലെ തന്റെ പ്രിയപ്പെട്ട പുഴ. തന്റെ ബാല്യത്തോടൊപ്പം ഒഴുകിയ അതിപ്പോള്‍ എല്ലാ രൌദ്ര ഭാവങ്ങളും ആവാഹിച്ചു കരയില്‍ പടര്‍ന്നു കയറുന്നു. തന്നിലേക്കത് ശാസിച്ചു ഒഴുകിയടുക്കുന്നതുപോലെ. ഈ ജന്മത്തിന്റെ ഒഴുകി നിറഞ്ഞ കാതങ്ങളത്രയും കണ്ടു നിന്ന പുഴ മുന്നോട്ടുള്ള അവളുടെ ചലനങ്ങളെ തടഞ്ഞു. പിന്നെയുമൊരു മിന്നല്‍ക്കൊടിയുടെ വെളിച്ചം ഇരുള്‍ മൂടിയ ചിന്തകളില്‍ വീണു ചിതറിയപ്പോള്‍ നനഞ്ഞു കുതിര്‍ന്ന അമ്മയെ അവള്‍ നോക്കി. ചുമലില്‍ തണുത്തു വിറച്ച കുഞ്ഞില്‍ നിന്നിറ്റു വീണേക്കാവുന്ന പ്രാണനില്‍ അവളുടെ മാതൃത്വ മനസ്സുടക്കി. മഴയും കാറ്റും മിന്നല്‍ക്കൊടിയും പുഴയും അവളോട്‌ സംവദിച്ചു. പതുക്കെ അവളുടെ ചിന്തകളില്‍ ജീവിതത്തിന്റെ പ്രകൃതി വാശിയോടെ നിറഞ്ഞു. അവിടെ ദുരന്ത വിധിയുടെ മറു പകുതിയില്‍ സഹനത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും കനലുകളെരിഞ്ഞു. അവള്‍ അമ്മയുടെ കൈ മുറുകെ പിടിച്ചു വീട്ടിലേക്ക്‌ തിരികെ നടന്നു. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ അടുക്കളയില്‍ കയറി മൂര്‍ച്ചയുള്ള ഒരു കറിക്കത്തിയുമായി വന്ന് ഭ്രാന്തമായ ഒരുണര്‍ച്ചയില്‍ വീടിന്റെ എല്ലാ ജനലുകളും വാതിലുകളും അവള്‍ ഇരുട്ടിന്റെ ഭീതിതമായ പരിസരങ്ങളിലേക്കും മഴയിലേക്കുമായി തുറന്നിട്ടു. പിന്നെ ഒരേ കട്ടിലില്‍ അമ്മയ്ക്കും മകള്‍ക്കും നടുവില്‍ ത്രികാലത്തില്‍ ജ്വലിക്കുന്ന വര്‍ത്തമാനമായി അവള്‍ ഉറങ്ങാന്‍ കിടന്നു

Wednesday, December 9, 2009

കുഞ്ഞാമി


എനിക്കും സവിതക്കുമിടയിലെ അടക്കിപ്പിടിച്ച വിങ്ങലുകളുടെ ലോകം ഒരുല്‍സവമെന്നപോലെ ആരവങ്ങള്‍ നിറഞ്ഞതും നിറപ്പകിട്ടുള്ളതുമായി മാറിയത് കുഞ്ഞാമിയിലൂടെയായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ സൂക്ഷ്മതയോടെ മാറ്റിവെച്ച കുഞ്ഞുമുഖമുള്ള ഒരു വാക്കായിരുന്നു ഒരിക്കലത്. പ്രണയ പര്‍വ്വത്തില്‍ മുടങ്ങാതെ ഉച്ചരിച്ചുപോയതിനാല്‍ വിപ്ലവകരമായ മിശ്രവിവാഹവും കഴിഞ്ഞു ആറ് വര്‍ഷങ്ങളിലെ നീണ്ട കാത്തിരിപ്പിന്റെ ശൂന്യത ഉള്ളുലച്ചു കനത്തുനില്‍ക്കെ കുഞ്ഞാമി മാത്രം നാവിന്‍തുമ്പില്‍ വരാതിരിക്കാന്‍ ഞങ്ങള്‍ പരസ്പരം ശ്രദ്ധിച്ചു. ഒരു മൂകമായ തേങ്ങല്‍ തമ്മിലറിയാതെ ഞങ്ങള്‍ കൈമാറിയിരുന്നു. രാത്രി പകലിനെയും പകല്‍ രാത്രിയേയും പിന്നിട്ടുള്ള നൈരന്തര്യത്തില്‍ ഞങ്ങള്‍ ആവര്‍ത്തന വിരസമായ അദ്ധ്യായങ്ങളായി. അവളുടെ നീണ്ട പകലുകളും ഏകാന്തതയും വായിക്കപ്പെടാതെ പോവും വിധം ഞാന്‍ ജോലി കഴിഞ്ഞു വൈകിയും ക്ഷീണിച്ചും വീട്ടിലെത്തുക പതിവായി. പറയാനുള്ളതും കേള്‍ക്കാനുള്ളതുമായ വാക്കുകളിങ്ങനെ ചുരുങ്ങി മുറിഞ്ഞപ്പോഴാണ് ഞങ്ങളുടെ ഒറ്റപ്പെട്ട ചെറിയ ലോകത്തില്‍ വരാനിരിക്കുന്ന കുഞ്ഞാമി‍ക്കുള്ള പ്രിയതരമായൊരിടം സവിത ഒരുക്കിത്തുടങ്ങിയത്.
ഒഴിവുനേരങ്ങള്‍ ഒന്നായി ചേര്‍ത്ത് തുന്നിക്കൂട്ടി അവള്‍ ഒരു നിയോഗം പോലെ കര്‍മനിരതയായി. പഴയ തലയിണയുടെ പരുത്തികൊണ്ട് അവള്‍ മൃദുലമായൊരു കുഞ്ഞു മെത്തയുണ്ടാക്കിയാദ്യം. പിന്നെ വ്യത്യസ്ത ഇളം നിറങ്ങളിലെ കുഞ്ഞുടുപ്പുകള്‍.. തൂവെള്ള കാലുറകള്‍. തിളങ്ങുന്നൊരു ചുവന്നപൂവ് വെച്ചുപിടിപ്പിച്ച കുഞ്ഞുതൊപ്പി. കണ്ണെഴുതിയ പാവകള്‍..തൊങ്ങലുകളുള്ള ഒരു കളിത്തൊട്ടില്‍... ഇങ്ങനെ ഓരോ ദിവസവും ഓരോന്നായി മുറിയില്‍ പലയിടങ്ങളിലായി സ്ഥാനം പിടിച്ചു. ഇടയ്ക്ക് അവയെല്ലാം കണ്ടു നില്‍ക്കുമ്പോള്‍ ജനലിലൂടെ അരിച്ചെത്തി അവയെ തൊട്ടു തലോടി പ്പോവുന്ന ഇളം കാറ്റിനു മുലപ്പാലിന്റെ ഗന്ധമുണ്ടെന്നു പലപ്പോഴും എനിക്ക് തോന്നി. ജോലികഴിഞ്ഞ് തിരിച്ചെത്തുന്ന വൈകുന്നേരങ്ങളില്‍ കുഞ്ഞാമിക്കായി തുന്നിത്തീര്‍ത്ത പുതിയ ഒരുടുപ്പ്‌ തിളങ്ങുന്ന കണ്ണുകളുമായി നിത്യവും അരുമയോടെയവള്‍ എന്റെ കയ്യില്‍വെച്ചു തന്നു. അപ്പോഴെല്ലാം ഒരു കുഞ്ഞിന്റെ അനിര്‍വചനീയമായ സ്നിഗ്ദതയും പാല്‍ മണവും ഞാന്‍ മനസ്സിലറിഞ്ഞു. അതിന്റെ നനുത്ത കവിളില്‍ മുഖം ചേര്‍ത്തുമ്മവെക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു. സവിതയുടെ മാറിടങ്ങള്‍ അവളുടെ കോട്ടന്‍ ബ്ലൌസില്‍ നനവിന്റെ വൃത്തങ്ങള്‍ വരക്കുന്നത് ഞാന്‍ മനകണ്ണുകളില്‍ അറിയാതെ നിറച്ചു.
ഇന്നിപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഞങ്ങളുടെ കുഞ്ഞാമിയാണ്. ഞങ്ങള്‍ക്കിടയില്‍ സ്നേഹക്കലഹങ്ങള്‍ പതിവാക്കിത്തരുന്നത് അവളാണ് . ഞങ്ങളുടെ മനസ്സില്‍ സുഖമുള്ള നോവുകള്‍ പടര്‍ത്താന്‍ എന്നും അവള്‍ കാരണമായി നിന്നു. വിവാഹപൂര്‍വ പ്രണയ കാലത്തെ സവിതയെ അപ്പോഴൊക്കെയും കുഞ്ഞാമി എനിക്കായി തിരിച്ചു തന്നു . പ്രിയവും ആശ്വാസവുമായിരുന്നു എനിക്കത്. അത്തരം കലഹങ്ങളില്‍ സവിത ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരമ്മയായി മാറുന്നത് ഞാന്‍ കണ്ടു. കുഞ്ഞാമിയെ ഞാന്‍ ശ്രദ്ധിക്കുന്നതെയില്ലെന്നതാണ് അവളുടെ പ്രധാന പരിഭവവും പരാതിയും. ഒരച്ഛന്റെ ശ്രദ്ധയുടെയും ലാളനയുടെയും നീണ്ട പാതകള്‍ അവള്‍ എനിക്ക് മുന്നില്‍ തുറന്നു വെച്ചു. "സച്ചൂ ഇതൊന്നും കാണുന്നില്ലേ?" അടുക്കളയില്‍ നിന്നും സവിത എപ്പോഴുമെന്റെ വായനയേയോ എഴുത്തിനെയോ മുറിച്ചു കൊണ്ടിരുന്നു. മുട്ടിലിഴഞ്ഞു കണ്ണില്‍ കണ്ടതെല്ലാം പെറുക്കി വായിലേക്ക് കൊണ്ടുപോവുന്ന കുഞ്ഞാമിയെ ഞാന്‍ കാണുന്നില്ല.. അവള്‍ ഉണക്കിയിട്ട വസ്ത്രങ്ങള്‍ വാരിവലിച്ച് ഒന്നൊന്നായി തറയിലിടുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. അടുക്കളയില്‍ ഇഴഞ്ഞെത്തി പാത്രങ്ങള്‍ ഉടക്കുന്നത്.. അവളുടെ സാരിത്തുമ്പില്‍ പിടിച്ചു നിന്നു ജോലി തടസ്സപ്പെടുത്തുന്നത് .. ഒന്നും ഞാനറിയുന്നില്ല... ജോലിക്കിടയിലും അവളെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതൃത്വത്തിന് ഒരു ആറാമിന്ദ്രിയമുണ്ടെന്നും അത് സ്വന്തം കുഞ്ഞിനു ചുറ്റും ശ്രദ്ധ തെറ്റാത്തൊരു കാവല്‍ കണ്ണായി സഞ്ചരിക്കുന്നുവെന്നും പലപ്പോഴും എനിക്ക് ബോധ്യപ്പെട്ടു. അരിശത്തോടെ എന്നെ ശകാരിക്കുമ്പോള്‍ തെറ്റ്ചെയ്ത ഒരു കുട്ടിയെപോലെ അവളെ ദയനീയമായി നോക്കി നില്‍ക്കുക മാത്രം ഒരു പതിവായി . "ഇങ്ങനെയൊരു ശ്രദ്ധയില്ലാത്ത സാധനം.. പറഞ്ഞിട്ടെന്തു കാര്യം " എന്ന് പിറുപിറുത്ത് അവള്‍ മുഖം വെട്ടിച്ച് കടന്നു പോവുകയും.
ഒരിക്കല്‍ ഈ ദയനീയത മറികടക്കാനും കുഞ്ഞാമിയെ ശ്രദ്ധിക്കുന്നുണ്ടെന്ന് വരുത്താനും ഞാനുരുപായം കണ്ടുപിടിച്ചു. ഇടയ്ക്കിടെ സവിതയെ നീട്ടിവിളിച്ച് " സവീ നീ മോള്‍ക്ക് പാല് കൊടുത്തോ ... ഉടുപ്പ് മാറ്റിക്കൊടുത്തോ എന്നൊക്കെ ഞാന്‍ വെറുതെ ചോദിക്കാന്‍ തുടങ്ങി. " ഓ എന്തൊരു നല്ല പപ്പ.. അതിനെ ഓര്‍മയുണ്ടല്ലോ .. സമാധാനം" ഒന്നാമുദ്യമത്തില്‍ തന്നെ സവിതയിലെ അമ്മ നിഷ്കരുണം എന്റെ ഉപായത്തിന്റെ മുനയൊടിച്ചു കളഞ്ഞു .
ജോലിയുടെ ഔദ്യോഗിക കെട്ടിയിരിപ്പുകളില്‍ ചിലപ്പോഴെല്ലാം സവിതയെയും കുഞ്ഞാമിയെയും ദിവസങ്ങളോളം എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. വിഹ്വലതയുടെ ഫോണ്‍ വിളികള്‍ അപ്പോഴൊക്കെയും എന്നെ തേടിവന്നു. ഒരിക്കല്‍ ഫോണ്‍ വിളിയുടെ അങ്ങേതലയ്ക്കല്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിറുത്താതെ വിതുമ്പുന്ന സവിതയെ കണ്ടു ഞാന്‍ വല്ലാതെ പരിഭ്രമിച്ചു. കുഞ്ഞാമിക്ക് കലശലായ പനി. നനച്ചിട്ട തുണിയിലും പനിചൂട് ഇറങ്ങിപ്പോവാതെ നില്‍ക്കുന്നു. അറിയാവുന്ന പീഡിയാട്രിക് മെഡിസിനുകള്‍ ഞാന്‍ ഫോണിലൂടെ പറഞ്ഞു കൊടുത്തു. ഇത്തരം അവസ്ഥകളിലെല്ലാം ഒരു നഗരത്തില്‍ തനിച്ചാവുന്ന സവിതയും കുഞ്ഞാമിയും എന്നെ വല്ലാതെ പരിഭ്രമപ്പെടുത്തുകയും ജോലി മുഴുമിപ്പിക്കാനാവാതെ വീട്ടില്‍ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു ഭര്‍ത്താവിനു ഭാര്യയോടുള്ള സ്നേഹത്തെക്കാള്‍ ഒരച്ഛന് മകളോടുള്ള സ്നേഹം കണ്ടെടുത്ത് അപ്പോഴൊക്കെ സവിതയെനിക്ക് ഈറനണിഞ്ഞ ഒരു ചുംബനം നല്‍കുമായിരുന്നു. അവളേക്കാള്‍ കുഞ്ഞാമിയെ സ്നേഹിക്കാനും പരിചരിക്കാനും എനിക്ക് കഴിയണമെന്ന ശാഠ്യം അവള്‍ വെച്ച് പുലര്‍ത്തി. അതിനായുള്ള സന്ദര്‍ഭങ്ങളില്‍ അവള്‍ സന്തോഷിക്കുകയും ചുണ്ടില്‍ ഒരു ഗൂഡസ്മിതം തെളിച്ചു വെക്കുകയും ചെയ്തു പോന്നു. സുഖമില്ലാതെ ഒരിക്കല്‍ ആദ്യമായി അവള്‍ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്ന ദിവസം അതിലൊന്നായിരുന്നു. കുഞ്ഞാമിക്ക് പനിപകരുമെന്നു പറഞ്ഞു കൂട്ടുനില്‍ക്കാന്‍ സമ്മതിക്കാതെ വീട്ടിലേക്ക് തള്ളിവിടുമ്പോള്‍ അവിടെ ചെയ്യേണ്ടുന്ന ഒരു നൂറു കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ അവള്‍ പറഞ്ഞു വെച്ചു. "സുഖിക്ക്യായിരുന്നില്ലേ ... ഒരു ദിവസം മോളെ പരിചരിച്ച് പഠിക്കൂ "' എന്ന് അവളെന്നോട് പറയാതെ പറഞ്ഞു.
ഇങ്ങനെയെല്ലാം കെടുതികളില്ലാത്ത ഞങ്ങളുടെ സ്നേഹക്കലഹങ്ങള്‍ക്ക് നടുവില്‍ കുഞ്ഞാമി വളര്‍ന്നു. അവളെ ഞങ്ങള്‍ കുറച്ചകലെയുള്ള നഴ്സറി സ്കൂളില്‍ ചേര്‍ത്തു. നീലയില്‍ വെള്ളച്ചതുരങ്ങളുള്ള ഫ്രോക്കും വെള്ളകാലുറകളും ഷൂസുമണിഞ്ഞു ഭംഗിയുള്ള ഒരു കൊച്ചുബാഗും പാല്‍ നിറച്ച ഫ്ലാസ്ക്കുമായി അവള്‍ സ്കൂളില്‍ പോയി തുടങ്ങി. കുഞ്ഞാമി കൂടെയില്ലാത്ത നേരങ്ങളില്‍ സവിത വീണ്ടും പഴയതുപോലെ വല്ലാതെ തനിച്ചാവുന്നെന്നും വിരസമായ നേരങ്ങള്‍ അക്ഷമയോടെയാണ് കഴിച്ചു കൂട്ടുന്നതെന്നും ഓഫീസിലെത്തുന്ന ഇടക്കിടെയുള്ള ഫോണ്‍ വിളികളിലൂടെ ഞാനറിഞ്ഞു. എന്തിനെന്നില്ലാത്ത ഒരു വിഹ്വലതയോളം അത് വളരുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്ന അപരിചിതരെ.. ഭിക്ഷാടകരെ.. നാടോടി സംഘങ്ങളെ.. എല്ലാം ഭയപ്പാടോടെയവള്‍ കണ്ടു തുടങ്ങി. അപ്പോഴൊക്കെയും ഫോണ്‍ വിളികള്‍ എന്നെത്തേടിയെത്തി. ഒരിക്കല്‍ സഹികെട്ട് ഞാന്‍ ദേഷ്യപ്പെട്ടു " നീയിനി മോളെ സ്കൂളിലയക്കണ്ട .... അവള്‍ പഠിക്കണ്ട.. കൊഞ്ചിച്ചിരുന്നോ.." സവിത ഒന്നും മിണ്ടാതെ വലിയ ശബ്ദത്തോടെ ഫോണ്‍ താഴെ വെച്ചു. എന്റെ ദേഷ്യത്തിന് നേരെ‍ നിശബ്ദമായി ശബ്ദമുണ്ടാക്കുക മാത്രമാണ് അവളുടെ പ്രതികരണ രീതി. അത്തരം സന്ദര്‍ഭങ്ങളില്‍ അടുക്കളയിലെ പാത്രങ്ങള്‍ തലതല്ലി കരയും ... .മേശമേല്‍ ചായക്കോപ്പ നിലവിളിച്ചു വന്നു തുളുമ്പി നില്‍ക്കും . അലക്കിയ വസ്ത്രങ്ങള്‍ ഇടിവെട്ടെന്നപോലെ മടങ്ങി നിവരും .. ഇപ്പോള്‍ ഫോണ്‍ മുഖം കുത്തി അതിന്റെ ഇരിപ്പിടത്തിലേക്ക് വീണതാണ് ഞാന്‍ കേട്ടത്.
"കുഞ്ഞാമി പഠിക്കുന്ന സ്കൂളില്‍ നൂറോളം കുട്ടികളുണ്ട്..ഏതാണ്ട് എല്ലാവരും അവളുടെ സമ പ്രായക്കാര്‍ തന്നെ. അവര്‍ക്കും നിന്നെ പോലെ അമ്മമാരുണ്ട് .. അവരൊക്കെ ഇങ്ങനെ വേവലാതിപ്പെട്ടിരിക്കയാണോ? " ഉറങ്ങാന്‍ കിടക്കെ അവളെ ചേര്‍ത്തുപിടിച്ചു ഞാന്‍ സൌമ്യമായി സമാധാനിപ്പിച്ചു. കുഞ്ഞാമിയുടെ ഗൃഹപാഠങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ലെന്ന സ്ഥിരമായ പരാതിയും പരിഭവവും ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നീടുള്ള ദിനങ്ങള്‍ ശാന്തമായി കടന്നുപോയി.

ഓഫീസിലെ തിരക്കുള്ള ഒരു പ്രഭാതത്തെ മെരുക്കി വൈകിപ്പോയ ഉച്ചഭക്ഷണത്തിനൊരുങ്ങു മ്പോഴാണ്‌ സവിതയുടെ ഫോണ്‍ വന്നത്. "സച്ചൂ മോളിതുവരെ സ്കൂള്‍വിട്ടെത്തീല്ല.. അരമണിക്കൂര്‍ അധികമായി " സവിത വല്ലാതെ കിതക്കുന്നതുപോലെ തോന്നി. അവളുടെ പരിഭ്രമത്തെ തടകെട്ടി നിര്‍ത്തിയില്ലെങ്കില്‍ അവള്‍ കരയാന്‍ തുടങ്ങുമെന്നതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഞാന്‍ ശാന്തനായി പറഞ്ഞു
"സ്കൂളില്‍ എന്തെങ്കിലും പ്രത്യേക ക്ലാസ്സുകളോ പരിപാടികളോ കാണും .. അവളിപ്പോള്‍ എത്തും .. നീ പേടിക്കാതെ.."
ഓരോ പത്തുമിനുട്ട് ഇടവിട്ടും പിന്നെ തുടരെ തുടരെയും അവളുടെ ഫോണ്‍ വിളികള്‍ പാഞ്ഞുവന്നപ്പോള്‍ പെട്ടെന്ന് മനസ്സില്‍ ആധി പെരുകി. 'കുഞ്ഞാമി എവിടെപോയി? അവള്‍ക്കെന്തു പറ്റി?' ഞാന്‍ വൈകാതെ ഓഫീസില്‍ നിന്നിറങ്ങി നേരെ സ്കൂളിലേക്ക് കാറോടിച്ചു. അവിടം വിജനവും ഗെയിറ്റ്അടഞ്ഞും കിടക്കുന്നു. പുറത്തെങ്ങും ആരെയും കാണാനില്ല. അല്‍പ സമയത്തിനു ശേഷം ഞാന്‍ കാര്‍ വീട്ടിലേക്ക് തിരിച്ചു വിട്ടു. സവിത പുറത്തെ വരാന്തയില്‍ പരിഭ്രമിച്ചു തളര്‍ന്നു നില്‍ക്കുന്നത് ദൂരെനിന്നുതന്നെ ഞാന്‍ കണ്ടു. എന്തുപറയും എന്നാലോചിക്കുമ്പോഴേക്കും അവള്‍ കാറിനരികെ ഓടിയെത്തി. "സച്ചൂ നമ്മുടെ മോള്‍" തിരിച്ചൊന്നും മിണ്ടാതെ ഞാന്‍ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തു.. അവളെയും കൂട്ടി തിരിച്ചു വിടുമ്പോള്‍ ഉള്ളിലുള്ള പരിഭ്രമം പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകംശ്രദ്ധിച്ചു. എന്നിട്ടും അവളുടെ മനസ്സിലെ പ്രക്ഷുബ്ധമായൊരു കടല്‍ എന്നെ വന്നു മൂടി. എന്തെങ്കിലുമൊക്കെ സംസാരിച്ചേ മതിയാകൂ എന്നോര്‍ത്ത് വാക്കുകള്‍ക്കായി ഞാന്‍ ഉഴറി. ഒരു കിന്റര്‍ ഗാര്‍ട്ടന്‍ കുട്ടി വീട്ടിലെത്താന്‍ വൈകുന്നതിന്റെ കാരണങ്ങള്‍ പരിമിതമാണ്. ഏതെങ്കിലും കാരണത്താല്‍ സ്കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് വൈകി പുറപ്പെടാം... വാഹനം കേടായി അതിന്റെ ഹൃദയം പ്രവര്‍ത്തിക്കാതെ വഴിയില്‍ അനക്കമറ്റു നിന്ന് പോവാം..‍ ഒരു കുട്ടിക്ക് പെട്ടെന്ന് അസുഖം വന്നപ്പോള്‍ നല്ലവനായ ഡ്രൈവര്‍ക്ക് കാത്തിരിപ്പിന്റെ വീടുകള്‍ ഉപേക്ഷിച്ച്‌ നേരെ ആശുപത്രിയിലേക്ക് പോകാം.... അതുമല്ലെങ്കില്‍ മദ്യപനായ ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാവാം....ഇങ്ങനെയെല്ലാം ചിന്തകളില്‍ വന്നു നിറഞ്ഞു. ഈ കാരണങ്ങളിലെല്ലാം കേന്ദ്ര കഥാപാത്രമായി വരുന്നത് ഡ്രൈവറാണെന്നും അയാള്‍ക്ക്‌ മാത്രമേ ഞങ്ങളുടെ നെഞ്ചിടിപ്പുകള്‍ മാറ്റി ഒരുത്തരം നല്‍കാന്‍ കഴിയൂവെന്നും പെട്ടെന്നെനിക്ക് തോന്നി. അയാളുടെ വീട് കണ്ടുപിടിക്കുകയെ നിര്‍വാഹമുള്ളു. ഉത്തരവാദിത്തമുള്ള ഒരു രക്ഷിതാവെന്ന നിലയില്‍ അയാളുടെതോ അധ്യാപികയുടെതോ ഫോണ്‍ നമ്പരുകള്‍ വാങ്ങി വെക്കാത്തതില്‍ ഞാന്‍ സ്വയം പഴിച്ചു.
സന്ധ്യയിലേക്ക്‌ പകല്‍ മൂകമായി നടന്നടുക്കുന്നു. സീറ്റില്‍ ഒന്നും മിണ്ടാതെ തളര്‍ന്നു കിടക്കുകയാണ് സവിത. പലരോടും അന്വേഷിച്ചു ഒടുക്കം ഡ്രൈവറുടെ വീട് ഞാന്‍ കണ്ടെത്തി. പടികടന്നു വരുന്ന ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ ഉമ്മറത്ത് നിന്നുമിറങ്ങി വന്നു. ഞാനെന്നെ അയാള്‍ക്ക്‌ പരിചയപ്പെടുത്തി കുഞ്ഞാമിയെ അന്വേഷിച്ചു. എല്ലാ കുട്ടികളെയും കൃത്യ സമയത്ത് തന്നെ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിച്ച് ഏകദേശം രണ്ടു മണിക്കൂര്‍ എങ്കിലും ആയെന്നു ഒറ്റശ്വാസത്തില്‍ അയാള്‍ മറുപടി പറഞ്ഞപ്പോള്‍ സവിത എന്റെ ചുമലില്‍ ശക്തിയായി താങ്ങി.
"കുട്ടീടെ പേരെന്താന്നാ പറഞ്ഞെ?" ഡ്രൈവര്‍ ചോദിച്ചു
"കുഞ്ഞാമി"
"കുഞ്ഞാമി" അയാളുടെ നെറ്റി ചുളിഞ്ഞു .." അങ്ങനെയൊരു പേരുള്ള കുട്ടി എന്റെ വാഹനത്തില്‍ വരാറില്ലല്ലോ.. " അയാള്‍ തെല്ലു സംശയത്തോടെ ഓര്‍മകളില്‍ പരതി. പിന്നെ താന്‍ പറയുന്നതില്‍ ഓര്‍മ പിശകില്ലെന്നു സ്വയം ബോധ്യപ്പെടുത്താനെന്നവണ്ണം അയാള്‍ ചോദിച്ചു.
"നിങ്ങളുടെ വീട്?"
"മൂന്നാം മൈലിലെ സ്പിന്നിംഗ് മില്ലിനടുത്ത്. റോഡരികില്‍ തന്നെയുള്ള.. ടെറസിട്ട..." പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ അയാളുടെ ഉത്തരം വന്നു.
" ആ സ്റ്റോപ്പില്‍ എനിക്ക് രണ്ടു കുട്ടികളെയുള്ളൂ..പക്ഷെ പേര് കുഞ്ഞാമി എന്നല്ല. ശ്വേത രാമന്‍ പിന്നെ ..അയാള്‍ ഞങ്ങളുടെ ഉദ്വേഗത്തെ ഉച്ചസ്ഥായില്‍ നിറുത്തി തെല്ലിട അയാള്‍ ഓര്‍മയില്‍ കയ്യെത്തിച്ചു...
"അതെ..മറ്റേ കുട്ടി നസിയ റഹ് മാന്‍.. എനിക്ക് സംശയമൊന്നുമില്ല നിങ്ങള്‍ക്ക് എവിടെയോ തെറ്റ് പറ്റിയെന്നു തോന്നുന്നു."

എല്ലാം കേട്ടുനിന്ന സവിത പെട്ടെന്ന് മുന്നിലേക്ക് കയറി നിന്ന് ക്രുദ്ധയായി..
"നിങ്ങള്‍ക്കെന്റെ മോളെ അറിയില്ലെന്നാണോ പറയുന്നത്?.. എന്നെയും നിങ്ങള്‍ കണ്ടിട്ടില്ലേ? എല്ലാ ദിവസവും ഞാനല്ലേ നിങ്ങളുടെ വാഹനത്തില്‍ എന്റെ കുട്ടിയെ കയറ്റി വിടുന്നത്.." സവിത നിന്നു കിതച്ചു.
ഡ്രൈവര്‍ ഒരല്‍പം പിറകോട്ടു മാറി ആശ്ചര്യത്തോടെ എന്ത് പറയണമെന്നറിയാതെ നിന്നു. പിന്നെ സവിതയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
"പെങ്ങളെ.. ഞാന്‍ നിങ്ങളെയെല്ലാം കാണുന്നത് തന്നെ ആദ്യമായിട്ടാണ്.. നിങ്ങള്‍ക്ക് ആള് തെറ്റിയതാ " അയാള്‍ തറപ്പിച്ചു പറഞ്ഞു.
"അല്ല എനിക്ക് ആള് തെറ്റിയിട്ടോന്നുമില്ല .. ഞാന്‍ നിങ്ങളെ ദിവസവും കാണുന്നതല്ലേ.. കഴിഞ്ഞൊരു ദിവസം ഒരല്‍പം വൈകിപ്പോയ ഞാന്‍ മോളെയും കൊണ്ട് ഓടി വന്നപ്പോള്‍ കല്ല് തട്ടി വീഴാന്‍ പോയത് കണ്ടു " പെങ്ങളെ സൂക്ഷിച്ചു .. ധൃതി വെക്കണ്ട" എന്ന് പറഞ്ഞത് നിങ്ങളല്ലേ ? നിങ്ങളത് മറന്നോ?
അയാള്‍ അസ്വസ്ഥനായി തലയൊന്നു കുടഞ്ഞു... " അതെ .. അത് ശരിയാണ് .. അങ്ങനെയൊരു സംഭവം ഞാനോര്‍ക്കുന്നു.. പക്ഷെ .. ഞാനത് നിങ്ങളോടല്ലല്ലോ പറഞ്ഞത്.. ശ്വേത മോളുടെ അമ്മ.. ബേങ്കില്‍ ജോലിചെയ്യുന്ന ആ മേഡത്തിനോടല്ലേ ‍ പറഞ്ഞത്.. " അയാള്‍ തന്റെ പ്രജ്ഞയെ ഒന്നുകൂടി ശരിയാക്കും വിധം തല തടവി അത്ഭുതത്തോടെ ഞങ്ങളെ മാറി മാറി നോക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ.. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നിശ്ചലനായി. ഇപ്പോള്‍ നിന്ന നില്‍പ്പില്‍ ഞങ്ങളെ പാടെ തിരസ്കരിക്കുകയാണ് ഒരാള്‍ .. അയാളുടെ ഓര്‍മകളിലോ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ എവിടെയുമോ ഞങ്ങളെന്ന മൂന്നു വ്യക്തികളില്ല. പൊടുന്നനെ പരിചിതനായ ഒരാള്‍ക്ക്‌ മുന്നില്‍ ഒരന്യഗ്രഹജീവികളായി ഞങ്ങള്‍ പരിണമിക്കുകയാണെന്നു തോന്നി. ഞാന്‍ നിസ്സഹായതയോടെ സവിതയുടെ കരം കവര്‍ന്നുകൊണ്ട് പറഞ്ഞു.. "നമുക്കിനി പോലിസ് സ്റ്റേഷനില്‍ പോകാം"

സന്ധ്യയിലേക്ക്‌ പകല്‍ ശാന്തമായി നടന്നടുത്തു കഴിഞ്ഞു .. വഴിയില്‍ ചെറുതായി ഇരുട്ട് പരന്നു തുടങ്ങി. നഗരം പതുക്കെ തണുക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. പോലിസ് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്പെക്ടറെ കാണാന്‍ ഒരല്പ നേരത്തെ കാത്തിരുപ്പിനു ശേഷം ഞങ്ങള്‍ക്കനുവാദം കിട്ടി.
"ഇരിക്കൂ ..." മുന്നിലെ കസേരകളില്‍ ഞങ്ങളിരുന്നു .
മിസ്സിംഗ്‌ കേസാണല്ലേ?... ചെറുപ്പക്കാരനായ ഇന്‍സ്പെക്ടര്‍ ഞങ്ങളുടെ വിഷമം പകുത്തെടുക്കുന്ന മുഖഭാവത്തോടെ ചോദിച്ചു.. കാര്യങ്ങള്‍ പോലീസുകാരന്‍ അയാളെ ധരിപ്പിച്ചിട്ടുണ്ടെന്ന് അപ്പോള്‍ എനിക്ക് തോന്നി. കൂടുതല്‍ വിസ്തരിച്ചു പറയേണ്ടല്ലോ എന്ന ആശ്വാസവും..
"അതെ" ഞാന്‍ പറഞ്ഞു
"വിഷമിക്കണ്ട ഞങ്ങള്‍ അന്വേഷിക്കാം .. കുട്ടിയുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ടോ ?..
ഞങ്ങള്‍ പെട്ടെന്ന് പരുങ്ങി …പറയേണ്ടുന്ന ഉത്തരമറിയാതെ ഞങ്ങള്‍ പരസ്പരം നോക്കി.. കുഞ്ഞാമിയുടെ ഫോട്ടോ എന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയൊരു പദമാണ്. അറിയാത്ത ഒന്ന് .. ഒരിക്കല്‍ പോലും ഞങ്ങള്‍ അതെക്കുറിച്ച് ചിന്തിക്കുകയുണ്ടായിട്ടില്ല. അല്ലെങ്കില്‍ ചിന്തിക്കേണ്ടി വന്നിട്ടില്ല.
"ഇല്ല......ഫോട്ടോ ഇല്ല .." ദയനീയമായി ഞാന്‍ ഉത്തരം നല്‍കി ..
വീട്ടിലും ഫോട്ടോ ഇല്ലെന്നാണോ? ..അയാള്‍ അസ്വഭാവികമായാതെന്തോ കേള്‍ക്കുന്നതുപോലെ ഞങ്ങളെ സൂക്ഷിച്ചു നോക്കി.
"ആട്ടെ .. നിങ്ങള്‍ കുട്ടിയുടെ അധ്യാപികയെ ബന്ധപ്പെട്ടോ?"
"ഇല്ല .. ഞങ്ങള്‍ പരിഭ്രമിച്ച് സ്കൂള്‍ വാന്‍ ഡ്രൈവറെ വീട്ടില്‍ പോയി നേരില്‍ കണ്ടതാണ്.. പക്ഷെ ഞങ്ങളുടെ കുഞ്ഞാമിയെ അയാള്‍ക്ക് അറിയില്ലെന്ന് പറയുന്നു:.. .
ഇന്‍സ്പെക്ടര്‍ ഒരല്‍പം നിവര്‍ന്നിരുന്നു. കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നെന്ന തോന്നലോ എന്തോ അയാള്‍ ഒരു പോലീസുകാരനെ വിളിച്ച് സ്കൂളിന്റെ പ്രധാനാധ്യാപികയുടെ ഫോണ്‍ നമ്പര്‍ തരപ്പെടുത്താന്‍ പറഞ്ഞു.. ‍
“നിങ്ങള്‍ പുറത്തു പോയിരിക്കൂ.. ഞാന്‍ വിളിക്കാം.. .”.
പുറത്തെ തണുത്ത ബെഞ്ചില്‍ അതിലും തണുത്ത് മൃതപ്രായരായി ഞങ്ങളിരുന്നു. സവിത കണ്ണീരിന്റെ നനവ് പടര്‍ത്തി എന്റെ ചുമലില്‍ തലചായ്ച്ചു. അവളെ ആശ്വസിപ്പിക്കുവാന്‍ അശക്തനായി ഞാന്‍ നിമിഷങ്ങളെണ്ണി കാത്തിരുന്നു. അകത്ത് ഫോണ്‍ വിളിയില്‍ മുഴുകിയ ഇന്‍സ്പെക്ടര്‍ ഏറെ നേരത്തിനു ശേഷം വീണ്ടും ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു.

നിങ്ങളുടെ കുട്ടി ഏത് സ്കൂളിലെന്നാണ് പറഞ്ഞത്? സംശയ നിവൃത്തി വരുത്താനെന്ന വണ്ണം അയാള്‍ ചോദിച്ചു.
ഞാന്‍ ഒരിക്കല്‍ കൂടി സ്കൂളിന്റെ പേര് പറഞ്ഞു കൊടുത്തു.
"കുട്ടിയുടെ യഥാര്‍ത്ഥ പേര് കുഞ്ഞാമിയെന്നു തന്നെയല്ലേ?"
'അതെ'
"ഞാന്‍ ചോദിച്ചത് കുട്ടിയെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ കൊടുത്ത പേര് ഇത് തന്നെയാണോ എന്നാണു?
"അതെ" എന്ന് ഞാന്‍ വീണ്ടും തലയാട്ടി.
"അങ്ങനെയൊരു പേരുള്ള കുട്ടി ആ സ്കൂളില്‍ പഠിക്കുന്നില്ലെന്നാണല്ലോ അവര്‍ പറയുന്നത്.."
അയാള്‍ പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു.
"ഡ്രൈവര്‍ക്ക് കുട്ടിയെ അറിയില്ല... കണ്ടിട്ടുമില്ല .. സ്കൂളിലും അങ്ങനെയൊരു കുട്ടി പഠിക്കുന്നില്ല .. ഇങ്ങനെ ആര്‍ക്കുമറിയാത്ത... ഇല്ലാത്തൊരു കുട്ടിയെ ഞങ്ങളെവിടെയാണ് അന്വേഷിക്കുക?...... വേറെ ആര്‍ക്കെങ്കിലും കുട്ടിയെ അറിയുമോ? " അയാളുടെ സൌമ്യ ഭാവം പതുക്കെ അപ്രത്യക്ഷമാവുന്നതുപോലെ തോന്നി.
ഞങ്ങളുടെ കുഞ്ഞാമിയെ വേറെ ആര്‍ക്കെങ്കിലും അറിയുമോ എന്നത് വലിയൊരു ചോദ്യമാണ്. സ്കൂളിലേക്ക് കൊണ്ടുപോവുന്ന ഡ്രൈവര്‍ക്ക് കുഞ്ഞാമിയെ അറിയേണ്ടതല്ലേ?.. പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ടീച്ചര്‍ക്ക് ..കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് …. അവര്‍ക്കാര്‍ക്കും അറിയില്ലെങ്കില്‍ ചൂണ്ടിപ്പറയാന്‍ ആരെയാണ് കണ്ടെത്തുക? ഞങ്ങള്‍ കണ്‍മിഴിച്ച് ഒന്നും മിണ്ടാതെ പകച്ചു നിന്നു.

കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ പ്രതീക്ഷ കൈവെടിയാതെ ചോദിച്ചു. .... "ഞങ്ങളുടെ കുഞ്ഞാമി..."

"ഒരു കാര്യം ചെയ്യു ..മതിയായ തെളിവുകളോടെ നാളെ വരൂ.. ഞങ്ങള്‍ അന്വേഷിക്കാം...."
അയാള്‍ ഞങ്ങളെ പാടെ കൈയ്യൊഴിഞ്ഞ പോലെ പറഞ്ഞു.

ശൂന്യമായ മനസ്സുമായി പുറത്തിറങ്ങുമ്പോള്‍ വരാന്തയില്‍ നിന്ന പോലീസുകാര്‍ സ്നേഹമില്ലാത്ത കണ്ണുകളോടെ ഞങ്ങളെ നോക്കി പരസ്പരം ചിരിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ പൂര്‍ണ്ണമായും തിരസ്കരിക്കപ്പെട്ട രണ്ടു മനുഷ്യാത്മാക്കളായി ഞങ്ങള്‍ മാറി.

തിരിച്ചു വീടിനു മുന്നിലെത്തി കാര്‍ നിര്‍ത്തുമ്പോഴും സവിതയുടെ നേര്‍ത്ത തേങ്ങല്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവള്‍ മെല്ലെ കാറില്‍ നിന്നിറങ്ങി വേച്ചു വേച്ച് വീട്ടിലേക്കു നടന്നു കയറി. ആരും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഇരുണ്ട ഒരു നിബിഡ വനത്തില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നതുപോലെ ഞാന്‍ കാറിനരികെ തന്നെ നിന്നു. പെട്ടെന്ന് സവിതയുടെ ഉച്ചത്തിലുള്ള വിളികേട്ടു ഞാന്‍ ഞെട്ടിത്തരിച്ചു... "സച്ചൂ ഇത് കണ്ടോ? ..." വാതില്‍ക്കല്‍ നിന്നു സ്വീകരണ മുറിയിലെ കുഞ്ഞാമിയുടെ സോഫയിലേക്ക് കൈചൂണ്ടി ഒരുന്മാദിനിയെപോലെ, ഓടിച്ചെന്ന എന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ടവള്‍ പറഞ്ഞു.. "കണ്ടോ സച്ചൂ.. എന്റെ കുഞ്ഞാമി...."

ഞാന്‍ കണ്ടു ...നിറവെളിച്ചത്തില്‍ ഞങ്ങളുടെ കുഞ്ഞാമി സോഫയില്‍ ചമ്രം പടിഞ്ഞിരുന്നു ഏതോ ചിത്ര പുസ്തകം ഒന്നൊന്നായി ധൃതിയില്‍ മറിച്ചു നോക്കുന്നു. അവളുടെ എണ്ണമയമില്ലാത്ത ചെമ്പിച്ച മുടിയിഴകള്‍ ജനലിലൂടെ അരിച്ചെത്തിയ കാറ്റില്‍ ചെറുതായി പാറിപ്പറന്നുകൊണ്ടിരുന്നു. നോക്കി നില്‍ക്കെ ഞങ്ങളുടെ കത്തിയമര്‍ന്ന മനസ്സിലേക്ക് അവള്‍ വീണ്ടുമൊരു തണുത്ത കുഞ്ഞുമഴയായി പെയ്തിറങ്ങി.

Saturday, August 15, 2009

നിഴലാള്‍

കാലത്തിന്റെ വളരെ പുതുക്കിയ ഒരിടനാഴിയില്‍ രണ്ടു യുവനിഴലുകള്‍ കണ്ടുമുട്ടി. പരസ്പരമുള്ള അപരിചിതത്വ പുഞ്ചിരിയില്‍ നിന്നും അവര്‍ പതുക്കെ കുശലാന്വേഷണത്തിലേക്ക് കടന്നു. ആധുനികതയാല്‍ പരിഷ്ക്കരിക്കപ്പെട്ടുപോയ നിഴലുകള്‍ക്ക് ഒരേ രൂപമായതിനാല്‍ തമ്മിലറിയാന്‍ വല്ലാതെ ക്ലേശിച്ചുവെങ്കിലും വിപരീത ദേഹങ്ങളുടെ ആകര്‍ഷണം ഒരു വലയമായി വളരെ പെട്ടെന്നു തന്നെ അവര്‍ക്കിടയില്‍ രൂപപ്പെട്ടു. ദിവസവും നാട്ടുവര്‍ത്തമാനവഴികളില്‍ നിന്നും സ്വന്തം മനസ്സിലേക്കും പിന്നെ അതിന്റെ വര്‍ണ്ണാഭമായ പരിസരങ്ങളിലുമായി വാതോരാ‍തെ മിണ്ടിപ്പറഞ്ഞ് മുട്ടിയുരുമ്മിയവര്‍ നടന്നു. കാല്‍പനികതയുടെ നോവും കിനാവും അവരില്‍ മെല്ലെ നിറഞ്ഞു.പരസ്പരം മനസ്സില്‍ നഷ്ടപ്പെടുന്ന ചെറിയ ഇടവേളകളില്‍ പോലും അവര്‍ വിഷാദിച്ചുതുടങ്ങി. ഒടുക്കം‍ ഏതോ നിശ്ചയം പോലെ തങ്ങള്‍ പ്രണയബദ്ധരായിരിക്കുന്നൂവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ അറിവുണര്‍ത്തിയ ആവേശത്തില്‍ ആണ്‍നിഴല്‍ സ്വയം മറക്കുകയും തന്റെ ജന്മ ശരീരത്തിലേക്ക് പെട്ടെന്നു തന്നെ മടങ്ങിച്ചെല്ലുകയും ചെയ്തു. പിന്നെ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളിലും ചിന്തകളിലും അവളെ നിറച്ചുവെക്കുക പതിവായി. അവന്റെ ദിനരാത്രങ്ങള്‍ വ്യത്യസ്ഥമായി അനുഭവപ്പെടാന്‍ തുടങ്ങി. കടിഞ്ഞൂല്‍ പ്രണയത്തിന്റെ നനുത്ത കാറ്റില്‍ മനസ്സുണര്‍ത്തിനിന്ന അവനെ നിറഞ്ഞ ക്ലാസുമുറിയിലെ പ്രശാന്തതയും ആരവവും ഒരുപോലെ ദേഹം തൊടാതെ കടന്നുപോയി. എന്നാല്‍ ജന്മ ശരീരത്തിലേക്ക് ഇനിയും മടങ്ങിയിട്ടില്ലാത്ത പെണ്‍ നിഴല്‍ എപ്പോഴും പക്വതയോടെ പെരുമാറി.പ്രണയത്തില്‍ അങ്ങിനെയാണ്.. പെണ്‍ചിന്തകള്‍ പക്വവും ആണ്‍ചിന്തകള്‍ അപക്വവുമാണെപ്പോഴും. അതുകൊണ്ടുതന്നെ ജീവിതത്തെ അവള്‍ പ്രണയത്തില്‍ നിന്നും അടര്‍ത്തി മാറ്റിനിര്‍ത്തിയിരുന്നു. തനിക്ക് മുന്നിലെ ഒരു വലിയ ജീവിതത്തിന്റെ ദൂരമത്രയും നടന്നു തീര്‍ക്കുമ്പോള്‍ ഈ പ്രണയ ജിജ്ഞാസയെ എവിടെ എങ്ങനെ അടയാളപ്പെടുത്തണമെന്നുപോലും അവള്‍ക്ക് നിശ്ചയമുണ്ട്. നിഴലുകളുടെ പരിമിതികളിലും പരാധീനതയിലും അവള്‍ ബോധവതിയായിരുന്നു. വെളിച്ചത്തിന്റെ മാത്രം ദയയില്‍ കിട്ടുന്ന നിഴലുകളുടെ ജീവിതം സ്ഥായിയായ ഒന്നല്ലെന്നവള്‍ക്കറിയാം. അസ്തിത്വമില്ലാത്ത പ്രണയം ഒരു കൗതുകത്തിനപ്പുറം വളരാതെ മനസ്സിനരികെയവള്‍ പിടിച്ചുനിര്‍ത്തി. പരസ്പരം സന്ധിക്കുന്ന ഇടവേളകളില്‍ പലപ്പോഴും അവള്‍ അരൂപിയായി അവന്റെ വിഹ്വലതകള്‍ ആസ്വദിക്കാന്‍ തുടങ്ങിയതങ്ങനെയാണ്.
പക്ഷെ സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന അവന്‍ അവളുടെ കരുതലില്‍ പൊടുന്നനെ വിജനതയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ പോലെ പരിഭ്രാന്തനായി. തന്നിലുണര്‍ന്ന ഉല്‍സവത്തിന്റെ പെട്ടെന്നുള്ള നിറപ്പകര്‍ച്ചയില്‍ അവന്‍ മറുവാക്കില്ലാതെ ഒറ്റപ്പെട്ടു.‍ ഒരു മരുഭൂമി അവനില്‍ ഉരുവായി. അവന്‍ പതിയെ പതിയെ അവളുടെ കണ്മറയല്‍ ഒരു സ്വയം പീഢനത്തിന്റെ ലഹരിയായി അനുഭവിച്ചു. തനിക്കുചുറ്റിലുമുള്ള ലോകത്തേയും തന്നെ തന്നെയും അവന്‍ വെറുത്തു തുടങ്ങി.അവന്‍ മൗനിയായി. ഒരു രാത്രിയില്‍.. അവളൊരിക്കലും അവളുടെ ജന്മദേഹത്തിലേക്ക് തന്നേയുംകൂട്ടി മടങ്ങില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ രാത്രിയില്‍ ..വീടിന്റെ മേല്‍ത്തട്ടിലെ തണുപ്പില്‍‍ കിടന്ന അവന്റെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പതുക്കെ ഓരോ വിളക്കണയുന്നതുപോലെ അപ്രത്യക്ഷമാവാന്‍ തുടങ്ങി. ഒരു തണുത്ത കാറ്റ് അവനെ തലോടി കടന്നുപോയി. പൊടുന്നനെ‍ തന്റെ നീളുന്ന ദൃഷ്ടികള്‍ക്കപ്പുറത്തെ ഇരുട്ടില്‍ നിന്നും വെളുത്ത ചിറകുകള്‍ വീശി ഒരു മാലാഖ അവനരികെ പറന്നുവന്നിറങ്ങുന്നതവന്‍ കണ്ടു.. അതു തന്റെ പ്രിയപ്പെട്ടവളെന്നു തിരിച്ചറിയാന്‍ അവനു പ്രയാസമുണ്ടായില്ല.. തനിക്കരികെയിരുന്ന തന്റെ പ്രണയിനിയുടെ മുഖം അവനന്നാദ്യമായി കണ്ണുകളില്‍ നിറച്ചു. ഉതിരുന്ന ശ്വാസ താപം ഏറ്റുവാങ്ങവെ അവളവന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ തണുത്ത മൃദുലമായ വിരലുകള്‍ അവന്റെ മുടിയിഴകളിലിഴഞ്ഞു. അലൗകികമായ ഒരു ശരീര ഗന്ധം പതിയെ അവനില്‍ നിറയാന്‍ തുടങ്ങി. അവള്‍ മെല്ലെ മെല്ലെ അവനിലേക്ക് പടര്‍ന്നുകയറി. ഒരു ചുടുകാറ്റിന്റെ കൈകളില്‍ അവന്‍ വിയര്‍ത്തു. അവന്‍ വിറക്കുകയും കിതക്കുകയും ചെയ്തു. ഒടുക്കം സ്വയം ഒരു നീര്‍ച്ചാലുപോലെ എങ്ങോ ഒഴുകുകയും എന്തെന്നില്ലാത്ത ശാന്തത കൈവരിക്കുകയും ചെയ്തു.
തികഞ്ഞ സംതൃപ്തിയോടെ കിതപ്പണച്ചു കിടന്ന അവന്‍ പിന്നെ ചെയതത്‍ തന്റെ കൈത്തണ്ടയിലെ ഉള്ളറകളിലെ അരുവികളെ കണ്ടെത്താനായി അവള്‍ക്കു നേരെ കൈനീട്ടിക്കൊടുക്കുകയായിരുന്നു. കൈത്തണ്ടയില്‍ തുടിക്കുന്ന ഇണകളായ രണ്ടരുവികളെ അവള്‍ പെട്ടെന്നു തന്നെ കണ്ടെത്തുകയും ചെയ്തു. അവയ്ക്കു കുറുകെ തന്റെ മൂര്‍ച്ചയേറിയ കൈനഖ‍ം ആഴത്തില്‍ കോറുക മാത്രമാണ് തന്റെ ഒടുവിലത്തെ ദൗത്യമെന്നതിനാല്‍ ഒട്ടും സമയം പാഴാക്കാതെ അവള്‍ അരുമയോടെ അതു ഭംഗിയായി നിര്‍വഹിച്ചു. പിന്നെ തന്റെ ചിറകുകള്‍ വിടര്‍ത്തി ഒരു പുഞ്ചിരി അവനു നേരെ എറിഞ്ഞുകൊണ്ട് ഒരുകാറ്റുപോലെ പറന്നു പോയി. തന്നിലെ ജീവനദി ഒരു തടങ്കലില്‍നിന്നു രക്ഷപ്പെട്ടതുപോലെ ചാലുമാറി തറയില്‍ പടരുന്നത് അവന്‍ നിര്‍ന്നിമേഷനാ‍യി നോക്കിനിന്നു. തന്നില്‍ നിന്നിറങ്ങിപ്പോവുന്ന കൊഴുത്ത ജലരൂപത്തില്‍‍ അവന്‍ വല്ലാതെ തണുത്തു. പിന്നെ പതിയെ ഒരു സുഖ നിദ്രയിലേക്കെന്നപോലെ കണ്ണുകള്‍ പതുക്കെയടച്ച് ആഴങ്ങളിലേക്ക് യാത്രയാകവെ അവസാന സ്വപ്നത്തിന്റെ രഥവേഗം അവന്റെ ചുണ്‍ടില്‍ ഒരു ചെറുമന്ദഹാസമായി വിരിഞ്ഞു.
ഇപ്പോള്‍ നിഴലുകള്‍ പിന്‍വാങ്ങിയ ലോകത്തിലാണവന്‍.. നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിന്റെ അങ്കണത്തില്‍ വെള്ളപുതച്ചുറങ്ങുന്ന അവനിലേക്ക് നനഞ്ഞ മിഴികള്‍ ശാന്തതയോടെ പടര്‍ന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. പുഷ്പചക്രങ്ങള്‍ അവനെ പൊതിഞ്ഞു തുടങ്ങുകയാണ്. മൂകമായ തേങ്ങലുകള്‍ അവിടമാകെ ഘനീഭവിച്ചു നിന്നു. ഈ നേരം കുറച്ചകലെ ഒരുമരച്ചുവട്ടില്‍ കണ്ണുകള്‍ ഇനിയും ‍ നനഞ്ഞിട്ടില്ലാത്ത രേഷ്മയെന്ന പെണ്‍കുട്ടി കണ്ണുനിറച്ചു നില്‍ക്കുന്ന തന്റെ കൂട്ടുകാരിയോട് ശബ്ദം താഴ്ത്തി മെല്ലെ ചോദിച്ചു... "അരുണ്‍ എന്തിനാണിത് ചെയ്തത്?. അവനു വട്ടായിരുന്നോ?". കൂട്ടുകാരി ഒന്നും മിണ്ടാതെ മറ്റു സഹപാഠികളെ പോലെ ദുഃഖമടക്കി നില്‍ക്കുകമാത്രം ചെയ്തു. അപ്പോള്‍ തലക്കു മുകളിലെ കത്തുന്ന സൂര്യന്റെ ദയയില്‍ രേഷ്മയുടെ നിഴല്‍ തന്റെ ജന്മദേഹത്തില്‍ തന്നെ പതുങ്ങിക്കൂടിനിന്നു. ഉറയുന്ന നിസ്സംഗതയില്‍ അതോര്‍മ്മകളെ മായ്ച്ചുകൊണ്‍ടിരുന്നു.
അന്നു രാത്രിയില്‍....... തെല്ലും സങ്കടമോ കുറ്റബോധമോ ഇല്ലാതെ പതിവുപോലെ അവള്‍ രേഷ്മയില്‍ നിന്നിറങ്ങി പതുക്കെ നിഴലുകള്‍ വാഴുന്ന ഇടനാഴിയില്‍ ഇനിയും വരാനിരിക്കുന്ന ഒരു ആണ്‍നിഴലിനെ പ്രതീക്ഷിച്ച് സുസ്മേരവദനയായി കാറ്റുകൊണ്‍ടു കാത്തുനിന്നു.

Friday, July 17, 2009

രണ്ടു പാവകള്‍

ഉല്‍സവപ്പറമ്പിലെ ആല്‍മരച്ചുവട്ടില്‍ മുളങ്കമ്പുകളും പഴകിയ ശീലകള്‍കൊണ്ടും കെട്ടിയുയര്‍ത്തിയ കളിത്തറയിലായിരുന്നു പ്രണയബദ്ധരാ​യ രണ്ടുപാവകള്‍ തങ്ങളുടെ യജമാനന്റെ വിരല്‍ചലനങ്ങളില്‍ വിരിയുന്ന ഒരു പ്രേമകഥ അരങ്ങേറിയിരുന്നത്. ആവര്‍ത്തന വിരസവും ദു:ഖപര്യവസായിയുമായ കഥയായിരുന്നിട്ടും കാണികള്‍ തടിച്ചുകൂടി ശ്രദ്ധയോടെ കഥയില്‍ മുഴുകിയിരുന്നു കാ​‍ണുകയും മനം നൊന്ത് കണ്ണീര്‍വാര്‍ത്ത് മടങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പ്രണയകഥയിലെ ഈ തനിയാവര്‍ത്തനത്തിലെല്ലാം വല്ലാതെ തോറ്റുപോവുന്നത് ഒരുമിക്കാനാവാത്ത സ്വന്തം ജീവിതങ്ങള്‍ മാത്രമാണല്ലോ എന്നത് പാവകളില്‍ അതിയായ ദു:ഖമുണ്ടാക്കി. ക്ലേശങ്ങളായ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയിട്ടും കഥയിലൊരിടത്തും പരസ്പരമൊന്നാലിംഗനം ചെയ്യാന്‍ പോലും ഇടം നല്‍കാതെ ചരടുകള്‍ വലിച്ചു മുറുക്കി തങ്ങള്‍ക്കിടയില്‍ എപ്പോഴുമൊരകലം സൃഷ്ടിക്കുന്ന യജമാനനെ അവര്‍ രണ്ടുപേരും ഒരുപോലെ വെറുത്തു. കഥാന്ത്യത്തില്‍ തന്റെ പ്രേയസിയെ നഷ്ടപ്പെടുത്തുകയും അതില്‍ മനം നൊന്ത് ആത്മഹത്യചെയ്യുകയും ചെയ്യുന്ന നായക പാത്രസൃഷ്ടിയില്‍ അയാള്‍ ഒരുക്കിവെച്ച ആകര്‍ഷണ തന്ത്രം എങ്ങിനെ തകര്‍ക്കുമെന്ന ചിന്ത ആണ്‍പാവയെ നിരന്തരം പിന്തുടര്‍ന്നുകൊണ്ടിരുന്നു. പിറക്കപ്പെട്ടുപോയ കഥയിലൊരിക്കലും തിരുത്തലുകള്‍ക്കിടമില്ലെന്ന സത്യം വിസ്മരിക്കുകയും കഥാനുബന്ധങ്ങള്‍കൊണ്ടൊരു പൊളിച്ചെഴുത്തിനായി അവന്‍ ഗാഢമായി ചിന്തിച്ചുതുടങ്ങുകയും ചെയ്തു. തുടിക്കുന്ന സ്വപ്നങ്ങളിലെല്ലാം ചേര്‍ത്തുവെച്ചിരുന്ന തന്റെ പ്രിയപ്പെട്ടവളെ ഇനിയും നഷ്ടപ്പെടുത്താ​‍നാവില്ലെന്ന നിശ്ചയത്തില്‍ അവന്‍ പതിയെ തന്റെ മനസ്സില്‍ പദ്ധതികള്‍ തയാറാക്കിത്തുടങ്ങി. ദൂരെയൊരിടത്ത് ഒരമമയുടെ തലോടല്‍ പോലെ ഒഴുകുന്ന പുഴയും അതിനരികെ കിളിക്കൂടുപോലുള്ളൊരു കൊച്ചുവീടും ജീവിതവും അവനെ തന്റെ ചിന്തകളിലെ അയുക്തികളെയെല്ലാം മറികടന്നു പോവാന്‍ പ്രേരിപ്പിച്ചു. അവളാകട്ടെ വിധിയെ പഴിച്ച് കണ്ണീര്‍പൊഴിക്കുകയും ഹൃദയത്തിന്റെ ഒരു കോണില്‍ തന്റെ പ്രിയനോടൊത്തുള്ള സ്നേഹസ്വപ്നങ്ങള്‍ ഇഴചേര്‍ത്തൊരു ജീവിതം ആരുമറിയാതെ കാത്തുവെക്കുകയും ചെയ്തു.

അങ്ങനെയൊരുനാള്‍.. കണ്ണാടിയിലെന്ന പോലെ പരസ്പരം കണ്ടുമുട്ടുന്ന വേളകളിലൊന്നില്‍ അവന്‍ തന്റെ മനസ്സിലെ നിശ്ചയങ്ങള്‍ അവളെ വിവരിച്ചു. തുടരുന്ന ഈ കഥാന്ത്യം നമുക്കൊരിക്കലുമൊരു ജീവിതം തരുമെന്ന പ്രത്യാശ വേണ്ടെന്നും ഇനിയും ഒന്നിനുമല്ലാതെയിങ്ങനെ ജീവന്‍ വെടിഞ്ഞുകൊണ്‍ടിരിക്കാന്‍ താനൊരുക്കമല്ലെന്നും അവന്‍ തീര്‍ത്തു പറഞ്ഞു. അടുത്ത കൂത്തുവേളയില്‍ മരണത്തിലേക്ക് തന്നെ നടത്തിക്കൊണ്‍ടുപോവുന്ന യജമാന വിരലിലെ ചരടുകള്‍ താന്‍ അറുത്തെറിയുമെന്നും നീയും നിന്റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞോടി വന്നാല്‍ ഈ കഥയെ ശുഭപര്യവസായിയാ​ക്കിമാറ്റി പുതിയൊരു ജീവിതം നേടാമെന്നും അവനവളെ അറിയിച്ചു. ഈ പുതിയ കഥാന്ത്യത്തോട് പ്രേക്ഷകര്‍ എങ്ങിനെ പ്രതികരിക്കും എന്ന വേവലാതിയായിരുന്നു അവള്‍ക്ക്. എന്നിട്ടും തന്റെ ഹൃദയത്തിലെ സ്വപ്ന സന്നിഭമായ ജീവിതത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ അവളും മനസ്സുകൊണ്ട് തയാറെടുക്കാന്‍ തീരുമാനിച്ചു.

അന്ന്... മനസ്സില്‍ ശീതക്കാറ്റുവീശിത്തുടങ്ങിയ ഒരു രാത്രിയില്‍ നിറഞ്ഞ സദസ്സിനുമുന്നില്‍ കൂത്തു തുടരവെ മരണത്തിലേക്ക് നടന്നു പോകേണ്ട അവന്‍ പെട്ടെന്ന് കുതറുകയും ചരടുകളെല്ലാം‍ പൊട്ടിച്ചെറിഞ്ഞു അവളുടെ കൈപിടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടുകയും ചെയ്തു. കഥയിലെ പൊടുന്നനെയുണ്ടായ ഈ മാറ്റം പ്രേക്ഷകരെ സ്തബ്ദരാക്കി. തങ്ങളുടെ കണ്ണുകള്‍ പരിചയിച്ച സാധാരണ ശീലങ്ങളില്‍ നിന്നും കഥാപാത്രങ്ങള്‍ വ്യത്യസ്ഥമായി പെരുമാറുന്നത് അവരാദ്യമായികാണുകയാണ്. അതവരെ അരിശം കൊള്ളിച്ചു. കൂക്കിവിളികളും അസഭ്യവര്‍ഷങ്ങളും കൊണ്ടവര്‍ രംഗം പ്രക്ഷുബ്ദമാക്കി. വിരലിലെ അയഞ്ഞ ചരടറ്റങ്ങളില്‍ നിന്നും കഥാപാത്രങ്ങള്‍ ഊര്‍ന്നു പോയിരിക്കുന്നു എന്ന തിരിച്ചറിവില്‍ യജമാനന്‍ തെല്ലിട പകച്ചെങ്കിലും ഉള്ളിലുറഞ്ഞ പുഞ്ചിരിയോടെ ഓടിപ്പോവുന്ന കമിതാക്കളെ അയാള്‍ സാകൂതം നോക്കിനില്‍ക്കുക മാത്രം ചെയ്തു. അരങ്ങിലെ കനത്ത മതില്‍ക്കവാടത്തിനരികെ മാത്രമെ അവരുടെ തുടിക്കുന്ന പ്രത്യാശയ്ക്ക് ഓടിയെത്താനാവൂ എന്നയാള്‍ക്കറിയാമായിരുന്നു.
പരസ്പരം കോര്‍ത്ത കൈവിരലുകളില്‍‍ തങ്ങളുടെ ജീവിതസ്വപ്നങ്ങളെ മുഴുവനുമാവാഹിച്ച് തളരാതെ രണ്ടുപേരും മുന്നോട്ട് കുതിക്കവെ അണയ്ക്കുന്ന കിതപ്പുകള്‍ക്കുമീതെ ഒരു വലിയ ജീവിത സത്യം പോലെ അവരത് കണ്ടു .ആകാശം മുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ മതില്‍ക്കവാടം. തങ്ങളുടെ ജീവിതത്തെ ചുറ്റി ഇങ്ങിനെയൊരു മതില്‍ അവരാദ്യമായി കാണുകയായിരുന്നു. തങ്ങളുടെ ചിന്തകളിലെ അയുക്തികളെല്ലാം ഘനീഭവിച്ചു നിന്ന ചുറ്റുമതിലില്‍‍ ഒരു ജീവിതത്തിന്റെ പഴുതുകള്‍ക്കായി അവരുടെ കണ്ണുകള്‍ ഉഴറി സഞ്ചരിച്ചു. ഒടുക്കം കാഴ്ചയിലെ ചുറ്റു‍മതില്‍ അവര്‍ക്കുമുന്നില്‍ ഒരു വൃത്തമായി കറങ്ങാ​‍ന്‍ തുടങ്ങിയപ്പോള്‍ അസ്തമിച്ച പ്രതീക്ഷകളും നുറുങ്ങിയ മോഹങ്ങളുമായി പരസ്പരം ചുമലുകളില്‍ തലചായ്ച് ആലിംഗനബദ്ധരായി അവര്‍ തളര്‍ന്നു നിന്നു. കൈനീട്ടി തൊടാമെന്നു കരുതിയ ജീവിതം മതിലിനപ്പുറം അകന്നകന്നു പോവുന്നത് അവരറിഞ്ഞു. പിന്നെ കഥയെ ഭേദിച്ച് പുറത്ത് പോവാനൊരുമ്പെടുന്നവര്‍ക്കുള്ള ശിക്ഷ മരണമാണെന്ന തിരിച്ചറിവില്‍ അവര്‍ തികഞ്ഞ ശാന്തതയോടെ യജമാനന്റെ കാലൊച്ചകള്‍ക്കായി ചെവിയോര്‍ത്തു നിന്നു.
രണ്ടു പാവകള്‍ എന്ന ഈ കഥ എങ്ങിനെ അവസാനിക്കുന്നു എന്നെനിക്കറിയില്ല. മരണത്തിന്റെ കാലൊച്ച കാത്തുനില്‍ക്കുന്ന ഈ പാവകളുടെ യജമാനന്‍ ഒരു ക്രൂരനാണെന്നും കനത്ത കാലടികളും ചുവന്ന കണ്ണുകളുമായി നടന്നെത്തി ആകാശം മുട്ടെ വളര്‍ന്നു പൊങ്ങി ഇവര്‍ക്കു മരണശിക്ഷ വിധിച്ചേക്കുമെന്ന് കരുതാം. എന്നാല്‍ പതിഞ്ഞ ശബ്ദത്തിലെ കാല്‍വെപ്പുകളോടെ ചുണ്ടില്‍ പുഞ്ചിരിയുമായി അവര്‍ക്കു മുന്നില്‍ തികഞ്ഞ അവധാനതയോടെ നടന്നെത്തുന്ന ഒരു കരുണാമയനാണ് ഈ യജമാനനെന്ന് ഞാന്‍ കരുതുന്നു. അയാള്‍ അവര്‍ക്കുമുന്നിലെ കൂറ്റന്‍ മതില്‍ കവാ​‍ടം ഒരു പുതിയ ജീവിത ലോകത്തിലേക്ക് മലര്‍ക്കെ തള്ളിത്തുറന്നുവെക്കുമെന്നും സ്നേഹം വഴിയുന്ന കണ്ണുകള്‍ പതിയെ തുറന്നടച്ച് ദയാവായ്പോടെ അനുഗ്രഹത്തിന്റെ കൈയ്യുയര്‍ത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

Friday, June 5, 2009

ജന്മവിധി

അഗ്നിനാമ്പുകള്‍ ആഴ്ന്നിറങ്ങി ഉരുകിയൊലിക്കുന്ന ശരീരത്തിന്റെ ജ്വലിക്കുന്ന വെട്ടത്തിലേക്ക് ഒരു ജന്മവിളികേട്ടെന്ന പോലെ പറന്നടുത്ത അവളെ ആംഗ്യത്താല്‍ ദൂരെ തടഞ്ഞുനിര്‍ത്തി അവന്‍ ചോദിച്ചു.
"നീയെന്തിനാണെപ്പോഴും എന്നിലേക്ക് പറന്നിങ്ങനെ സ്വയമറിയാതെ എരിഞ്ഞൊടുങ്ങുന്നത്?"
പൊടുന്നനെയുള്ള ഈ വിലക്കില്‍ അവള്‍ പകച്ചു. പിന്നെ പതിയെ തന്റെ കുഴയുന്ന ചിറകുകള്‍ വായുവിലൂന്നി പ്രേമപുരസ്സരം അവനെ നോക്കി മൃദുവായി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
"പ്രിയനെ.. സ്വയം ഉരുകിത്തീരുന്ന നിന്നിലേക്ക് ഞാന്‍ സ്വയമറിയാതെയാണ് പറന്നടുക്കുന്നതെന്ന കള്ളം ആരാണ് നിനക്ക് പറഞ്ഞുതന്നത്? ഞാന്‍ നിന്റെ വെളിച്ചത്തെ പ്രണയിക്കുന്നു. അതുവഴി നിന്നേയും. നീയത് അറിഞ്ഞിട്ടും അറിയുന്നില്ലെന്ന് ഭാവിക്കുന്നു. നിന്റെ പ്രഭയാര്‍ന്ന പ്രണയ വലയത്തില്‍ എത്തിച്ചേരുകയെന്നതാണ് എന്റെ ജന്മവിധി. നിന്റെ ഊഷ്മളമായ ഉച്ഛ്വാസാന്തരീക്ഷത്തില്‍ ഞാനെത്രമാത്രം ആഹ്ലാദവതിയാണെന്ന് നീ കണ്ടിട്ടില്ലേ?.. പാട്ടു പാടിയും നൃത്തം വെച്ചും വായുവില്‍ ചിത്രമെഴുതിയും നിന്റെ സ്നേഹവൃത്തത്തില്‍ പാറിനടക്കുമ്പോള്‍ ഞാന്‍ തിരയുന്നത് എന്റെ തന്നെ ജന്മസാഫല്യമാണ്.എല്ലാറ്റിനുമൊടുവില്‍ നിന്നിലലിഞ്ഞുചേരുമ്പോള്‍ ഞാന്‍ പ്രണയ സായൂജ്യമടയുന്നു.."

മിന്നിയും മങ്ങിയും കത്തിത്തീരാറായ അവന്‍ ‍തന്റെ എരിയുന്ന ശിരസ്സൊന്നുകുടഞ്ഞു നിസ്സഹായതയോടെ എന്തോ പറയാനാഞ്ഞപ്പോള്‍ പൊടുന്നനെ എങ്ങു നിന്നോ ഒരു കാറ്റ് വീശിയടിച്ചെത്തി. അവന്‍ എല്ലാ ശക്തിയുമെടുത്ത് തന്റെ നേര്‍ക്കെത്തിയ കാറ്റിനു നേരെ ഉലഞ്ഞുകൊണ്ട് പിടിച്ചു നിന്നു.

" നീ കാണുന്നില്ലേ എത്ര യാതനകള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയിലാണ് ഞാനെന്‍ ചെറുവെളിച്ചം ഇവിടെ ചൊരിയുന്നത്. ഈ വെളിച്ചത്തിന്റെ നന്മയും അതിന്റെ തുടക്കവുമാണ് ഞാന്‍ കാംക്ഷിക്കുന്നത്. അല്ലാതെ ഒന്നിന്റേയും ഒടുക്കമല്ല.നിനക്കെന്റെ വെളിച്ചത്തെ പ്രണയിക്കാം പക്ഷെ .. എന്നെ പുണരാന്‍ .. എന്നിലലിഞ്ഞുചേരാന്‍ നീയെന്തിനു വെമ്പുന്നു..നിന്റെ ചപലത എനിക്കുള്‍ക്കൊള്ളാനാവാത്തതാണ്.. നീ നിന്റെ ജന്മവിധിയെ മറികടക്കുക.. ദൂരേക്ക് പറന്നുപോവുക."

അവനെ സാകൂതം കേട്ടുനിന്ന അവളുടെ ചിറകുകള്‍ നിരാശയാല്‍ കുഴഞ്ഞു. സ്വന്തം ജന്മവിധി സ്വയം തിരുത്തുന്നതെങ്ങനെയെന്ന സന്നിഗ്ദതയില്‍ അവള്‍ തളര്‍ന്നു. ഒരു തിരിച്ചു പോക്കിന്റെ വാതില്‍ പോലുമന്വേഷിക്കാനാവാതെ അവള്‍ വായുവില്‍ പിടിയയഞ്ഞു താ​‍ഴേക്ക് പതിക്കാനായവെ അവന്‍ സ്വയമറിയാതെ പെട്ടെന്നുരുള്‍വിളിയാല്‍ അവളെ രക്ഷിക്കാനായ് തന്റെ കൈകള്‍ നീട്ടി. മരണത്തിന്റെ കൈകള്‍ അവള്‍ മുറുകെ പിടിച്ചു. ഞൊടിയിടയില്‍ എരിഞ്ഞൊടുങ്ങിയ അവള്‍ നിര്‍വൃതിയോടെ ആത്മാവിന്റെ നയനങ്ങള്‍ തുറന്നു അവസാനമാ​‍യി അവനോടിത്രയും പറഞ്ഞു.
"എന്റെ പ്രിയനെ.. ജന്മവിധികള്‍ക്ക് മരണമില്ലെന്നെങ്കിലും നീയറിയുക"

(അടിക്കുറിപ്പ്: ഇതിലെ അവന്‍ അവളും അവള്‍ അവനുമായിരിക്കാം)

Wednesday, March 4, 2009

ഓര്‍‍മ്മപ്പുരയുടെ വാതില്‍

(ചെറുകഥ) നെഞ്ചോടു ചേര്‍ത്ത കൈക്കുഞ്ഞുമായി തീവണ്‍ടിയാപ്പീസിന്റെ സിമന്റ്പടവുകള്‍ കിതപ്പോടെ ചവിട്ടിക്കയറി രഘുവരന്‍ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി.കവാടത്തിലെ ചവിട്ടുകല്ലില്‍ വ്യഗ്രത പടര്‍ന്ന മുഖമുള്ള യാത്രികരെ ജനിപ്പിച്ചുവിട്ട് വാഹനങ്ങള്‍ മാറിമറിയുന്നു. അവ ദൂരെ നഗരബഹളങ്ങളിലേക്ക് വീണ്ടും അലിഞ്ഞുചേരുന്നു. മുഖാമുഖം നിന്ന പ്ലാറ്റ്ഫോമുകളില്‍ എതിര്‍ദിശകളിലേക്ക് മുഖം തിരിച്ചു പച്ചവെളിച്ചം കാത്തുനില്‍ക്കുന്ന തീവണ്ടികള്‍. ചവിട്ടുകല്ലില്‍ നിന്നും ഒഴുകിത്തുടങ്ങുന്ന മുഖങ്ങള്‍ ഗോവണിച്ചുവട്ടിലെ കൗണ്‍ടറില്‍ നിന്നും യാത്രാടിക്കറ്റുകള്‍ കരസ്ഥമാക്കി സിമന്റുപടവുകള്‍ ഓടിക്കയറി രഘുവരനേയും കടന്ന് തീവണ്‍ടിമുറികളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. രഘുവരന്റെ കണ്ണുകള്‍ ഇപ്പോഴും പടര്‍ന്നൊഴുകുന്ന മുഖങ്ങളെ കൊത്തിവലിക്കയാണ്. അവയില്‍ വേവലാതിപൂണ്ട് പിടയ്ക്കുന്ന മനസ്സോടെ തന്നേയും കുഞ്ഞിനേയും തേടിത്തുടിക്കുന്ന കവിതയുടെ മുഖം രഘുവരന്‍ വെറുതെ പ്രതീക്ഷിക്കുന്നു.പാശ്ചാത്താപവിവശയായി ഉഴറിയടുക്കുന്ന തന്റെ കവിതയെ. തൊട്ടുമുന്നിലെ കറുത്തചില്ലില്‍ യാത്രാസമയം അധികരിച്ചെന്ന ചുവന്ന അറിയിപ്പുകണ്ടപ്പോള്‍ രഘുവരന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ട് തീവണ്ട് മുറിയിലേക്ക് കയറി. വിശ്രാന്തിയുടെ കുഞ്ഞോളങ്ങള്‍ തീവണ്ടിമുറിയിലെ മുഖങ്ങളില്‍ തഴുകിയിറങ്ങുന്നു. തീവണ്ടി ചലിച്ചപ്പോള്‍ യാത്രാമൊഴിചൊല്ലിപ്പിരിനഞ്ഞവരുടെ കൈകള്‍ ഒരിക്കല്‍കൂടി ഇളകിയാടി. സീറ്റില്‍ ചാരിയിരുന്ന് യാത്രയുടെ താളമാവാഹിച്ച് ഏവരും തെല്ലിട കണ്ണുകളടച്ച് ഏതെല്ലാമോ ചിത്രങ്ങള്‍ക്ക് പിന്നാലെ പോവുകയായി. സീറ്റില്‍ പടിഞ്ഞിരുന്ന് ഉറങ്ങുന്ന കുഞ്ഞിനെ മടിയില്‍ കിടത്തി രഘുവരന്‍ തെന്നിപ്പോവുന്ന പച്ചത്തലപ്പുകളിലൂടെ പിന്നോക്കം യാത്രയാകുന്നു. "വേണ്ട അങ്ങോട്ട് പോകരുത്" കല്‍പ്പനകേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ വാതില്‍പ്പുറക്കാഴ്ചകളില്‍ ജിജ്ഞാസപൂണ്ട ഒരു കുട്ടിയെ യുവതിയായ അവന്റെ അമ്മ ശാസിക്കുന്നു.പിന്നെ കവച്ചുവെച്ച കാലുകള്‍ക്കിടയിലായി അവനെ തളച്ച്, സഞ്ചി തുറന്ന് അവള്‍ മോഹിപ്പിക്കുന്നു. നാവില്‍ നുണഞ്ഞ മധുരപലഹാരങ്ങളില്‍ കാഴ്ചയുടെ കൗതുകം അവനെവിടെയോ മറന്നു. മുറിഞ്ഞുപോയ പച്ചത്തലപ്പുകളെവിട്ട് മടിയിലെ കുഞ്ഞുമുഖത്തെ കണ്ണുകളില്‍ നിറച്ചു. തീവണ്ടിമുറി സജീവമായിത്തുടങ്ങുന്നു. കുഞ്ഞിക്കൈകള്‍ മാറില്‍വെച്ചുറങ്ങുന്ന കുഞ്ഞുരൂപം എല്ലാശബ്ദങ്ങള്‍ക്കുംമേലെ ഒരു മറയായി രഘുവരന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു. കാഴ്ചയിലും മനസ്സിലും അവന്‍ നിറഞ്ഞുതുളുമ്പി. അവന്‍ തുളുമ്പിത്തുടങ്ങവെ മുന്നില്‍ പുഛം കലര്‍ന്ന മുഖവുമായി കവിത പൊട്ടിത്തെറിക്കുന്നത് രഘുവരന്‍ കണ്‍ടു."പേടിപ്പിക്കണ്ട..നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നതില്‍ എനിക്ക് ലജ്ജയേയുള്ളു"കുതിച്ചോടുന്ന തീവണ്‍ടി പുഴകള്‍ കടന്നു.തുരങ്കങ്ങളും നെല്‍പ്പാടങ്ങളും ജനപദങ്ങളും കടന്നു. തീവണ്‍ടിമുറിയില്‍ പെറ്റഭൂമികളെ കൊതിക്കുന്ന മനസ്സുകള്‍ ഏതോ ശാന്തി കൈവരിക്കുന്നു. തീവണ്ടിയെ പൊതിഞ്ഞ് ജനലഴികള്‍ക്കിടയിലൂടെ തത്രപ്പെട്ട് കയറുന്ന ഏതോ നദിക്കാറ്റ് തണുപ്പിന്റെ കൈകളുമായി രഘുവരനേയും കുഞ്ഞിനേയും വാരിപ്പുണര്‍ന്നു."അരുത്" രഘുവരന്‍ നദിക്കാറ്റിനോട് പറഞ്ഞു "എന്റെ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്" കാറ്റ് തണുപ്പിന്റെ കൈകളയച്ച് പതിയെ പിന്‍ വാങ്ങി. വീണ്ടും പച്ചത്തലപ്പുകളിലേക്ക് തന്നെ രഘുവരന്‍ ചെന്നുമുട്ടി.
ചലിക്കുന്ന ചുറ്റുചുമരുകള്‍ക്കുള്ളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരു കൊച്ചുലോകം. ആ ലോകത്തിലൊതുങ്ങി ശാന്തി കൈവരിക്കാന്‍ എന്തുകൊണ്ടോ രഘുവരനാവുന്നില്ല.പച്ചത്തലപ്പുകളിലൂടെ പിന്നോക്കം പായുകയാണ് മനസ്സ്. നോവുമാത്രം നല്‍കാനായി കയറിയിറങ്ങുന്ന ശപിക്കപ്പെട്ട കുറേ ചിത്രങ്ങള്‍. കാഴ്ചകള്‍ക്കപ്പുറമുള്ള നിറഞ്ഞ ഇരുട്ടില്‍ അവ തെളിഞ്ഞ് ചലിച്ചുകൊണ്ടിരിക്കുന്നു. മുന്നിലെ ചെറിയ ലോകത്തില്‍ മനസ്സുറപ്പിച്ചു നിര്‍ത്താന്‍ രഘുവരന്‍ തനിക്കിഷ്ടപ്പെട്ട ഏതോ ഈരടികളെ ചുണ്ടില്‍ വരുത്തി. ചുണ്ടനങ്ങാതെ ആരുമറിയാതെ തീവണ്ടിമുറിയില്‍ ഈണം നിറഞ്ഞുകൊണ്ടിരുന്നു. മനസ്സില്‍ നിറഞ്ഞ ഈണങ്ങള്‍ ദിശതെറ്റി സഞ്ചരിച്ചുതുടങ്ങിയിരുന്നു.അവ രഘുവരനേയും ചിറകിലൊതുക്കി മറക്കാന്‍ ശ്രമിക്കുന്ന നഗരപ്രാന്തത്തില്‍ വീണ്ടും വീണ്ടു നിക്ഷേപിക്കുന്നു.ഈരടികളും ഈണങ്ങളും രഘുവരനില്‍ ക്രൂരമായ ഒരു സ്മൃതിരൂപമായി നിറയുകയാണ്. ഈണങ്ങളെ കൂടി കൈയ്യൊഴിയേണ്ടിവരുമോ? അനിഷ്ടങ്ങള്‍ മാത്രമാവുന്ന സ്മൃതികളിലേക്ക് തള്ളിവിട്ട് കരുണയില്ലാതെ പൊട്ടിച്ചിരിക്കുന്നമനസ്സ്. എന്നാണീ വല്ലായ്മകളൊതുങ്ങുക? രഘുവരന്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നുപിടിച്ചു. പതുക്കെ..വളരെ പതുക്കെ തന്റെ കാഴ്ചകള്‍ എവിടെയോ അലിഞ്ഞില്ലാതാവുന്നത് അയാള്‍ അറിഞ്ഞു. പിന്നേയും പിന്നെയും മാടിവിളിക്കുന്ന പച്ചത്തലപ്പുകള്‍. രഘുവരന് അരിശം വന്നു.മുന്നിലെ സീറ്റിലിരിക്കുന്ന യുവതിയില്‍ കൗതുകക്കാരനായ കുട്ടിയില്‍ കാഴ്ചയുടക്കുമ്പോഴെല്ലാം അത് കവിതയായും അവളുടെ വശം കെടുത്തുന്ന സാമീപ്യം മാത്രമായും രഘുവരനു അനു‍ഭവപ്പെട്ടു. പോകൂ.. ശേഷിച്ച സ്വൈര്യമെങ്കിലും എനിക്ക് വിട്ടുതരൂ... പിന്നോക്കം യാത്രയാവുന്ന പച്ചത്തലപ്പുകളോട് രഘുവരന്‍ കേണു. ശാന്തി തേടിയുള്ള ഈ യാത്രയില്‍ അതിക്രമിച്ച് കൂട്ടു ചേരാന്‍ ഞാന്‍ സമ്മതിക്കില്ല. നിങ്ങളെ ഞാന്‍ വെറുക്കുന്നു. ഒന്നും അറിയാത്ത പാവം മനസ്സ്, എല്ലാം ഒരിടയ്ക്ക് വാരിവിഴുങ്ങുകയും മറ്റൊരിടയ്ക്ക് അനിഷ്ടങ്ങളായെടുത്ത് അയവിറക്കുകയും ചെയ്യുന്ന പൊട്ട മനസ്സിനു ഒന്നുമറിയില്ല. ഓര്‍ക്കാന്‍ ... യാത്ര തീരുന്ന മുന്നറ്റത്ത് സ്നേഹമയിയായ ഒരമ്മയില്ലേ?.. ചൊരിയാന്‍ ശാന്തികുംഭങ്ങളുമായി വഴക്കൈയിലെ കാക്കകളോട് മകനു മകനും എന്നുവരുമന്നന്വേഷിക്കുന്ന അമ്മയിലേക്ക് പൊടുന്നനെ അയാളുടെ ഓര്‍മ്മയുടെ മുഖം തിരിഞ്ഞു. "അമ്മിണി ഒരു പാവം കുട്ടിയാണ്. നിന്റെ നഗരത്തിന്റെ കാപട്യമറിയാത്ത ഒരു പാവം പെണ്ണ്. അവള്‍ വിഷമിക്കേണ്ടിവരുന്നതിലേ എനിക്ക് സങ്കടമുള്ളു.നിന്റെ കവിതയെ ഞന്‍ കണ്ടിട്ടില്ലെങ്കിലും നിനക്കൊന്നും പിഴക്കുകയില്ലെന്ന് അമ്മ വിശ്വസിക്കുന്നു. നിന്റെ ഇഷ്ടാനിഷ്ടങ്ങളെ ഈ പാവം അമ്മയ്ക്കുമുള്ളു." അമ്മയുടെ വാക്കുകള്‍ രഘുവരനില്‍ ഒരു മുറിവോടെ അരിച്ചിറങ്ങി.തെറ്റിയത് അമ്മയുടെ വിശ്വാസമായിരുന്നോ?.. നിനക്കൊന്നും പിഴക്കുകയില്ലെന്ന്...നിനക്കൊന്നും പിഴക്കുകയില്ലെന്ന്... കാറ്റിന്റെ കൈകള്‍ തഴുകിയിട്ടും രഘുവരന്റെ നെറ്റിയില്‍ വിയര്‍പ്പുചാലുകള്‍ ഒഴുകി. സ്വരുക്കൂട്ടിയ ജീവിത സങ്കല്‍പങ്ങള്‍ പിഴച്ചതെവിടെയാണ്? സാന്ത്വനമരുളേണ്ട പച്ചത്തലപ്പുകള്‍ വീണ്ടും വീണ്ടും ഗതിമാറ്റി കൂട്ടിക്കൊണ്‍ടുപോവുന്നു.ഒടുവില്‍ വിടുന്നതോ കത്തുന്ന ചൂടില്‍. ഗതിതെറ്റുന്ന പ്രയാണത്തെ കുറിച്ചോര്‍ക്കെ രഘുവരന് പേടിതോന്നുകയായി. ജീവിതത്തിന്റെ ഗണിതരൂപങ്ങളില്‍ അടിതെറ്റിവീണവന്‍ ശാന്തികൊതിക്കുന്നു. ഓര്‍മ്മപ്പുരയുടെ വാതില്‍ താനെ തുറക്കുന്നു. നെഞ്ചകത്തില്‍ വീണ്‍ടും വീണ്‍റ്റും ഒരു പൊള്ളലായി ആഴ്ന്നിറങ്ങുന്ന കവിത. "നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നതില്‍ എനിക്ക് ലജ്ജയേയുള്ളു. പെരുകിപ്പെരുകുന്ന ഒരേശബ്ദത്തില്‍ രഘുവരന്‍ നിസ്സഹായനായി. കൗതുകക്കാരനായ കുട്ടിയുടെ നുള്ളുകൊണ്ട് തുടവേദനിച്ചപ്പോള്‍ തീവണ്ടിക്കൂട്ടിലേക്ക് രഘുവരന്‍ വീണ്ടുമെടുത്തെറിയപ്പെട്ടു.അവന്‍ മടിയിലേക്ക് കൈചൂണ്ടി നിന്നു. അവന്റെ അമ്മ കുതറിപ്പോവുന്ന ചിരിയെ ഒതുക്കാന്‍ ശ്രമിക്കുന്നു. കാലുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചൂടുള്ള നനവ് കണ്ട് രഘുവരന്‍ ജാള്യതയോടെ എഴുനേറ്റു. കൈകളിലെ നനഞ്ഞ തുണിമെത്തയില്‍കിടന്ന് കുഞ്ഞ് ചിരിക്കുകയാണ് അവനെ സീറ്റിലേക്ക് കിടത്താനോങ്ങവെ യുവതിയുടെ കൈകള്‍ രഘുവരനു നേരെ നീണ്‍ടു. കൗതുകക്കാരന്റെ കൗതുകമപ്പോള്‍ അമ്മയുടെ കൈത്തൊട്ടിലില്‍ ചിരിക്കുന്ന കുഞ്ഞിലേക്കൊതുങ്ങുന്നതും അവന്‍ കണ്ണുകള്‍ വിടര്‍ത്തി കുനിഞ്ഞുനിന്ന് ചുംബിക്കുന്നതും തുണികളും പാല്‍ക്കുപ്പിയും എടുത്തുവെക്കുന്നതിനിടയില്‍ രഘുവരന്‍ കണ്ടു. നനഞ്ഞ വസ്ത്രം മാറാന്‍ അയാള്‍ മൂത്രപ്പുരയിലേക്ക് നടന്നു.
നേരം മങ്ങി തുടങ്ങുന്നു . പുറം കാഴ്ചകളുടെ നിറം കെട്ടുകെട്ടില്ലാതാകുന്നു . രഘുവരന്‍് വസ്ത്രം മാറി വാതിലിന്‍റെ കമ്പിയഴിയില്‍ പിടിച്ചു നിന്ന് വീശിയടിക്കുന്ന കാറ്റിന് തല വെച്ച് കൊടുത്തു. മുന്നിലൂടെ എതിര്‍ദിശയിലേക്ക് തെന്നിപോകുന്ന വെളിച്ച തുള്ളികള്‍ എവിടെയോ ചിതറി ഇല്ലാതാവുന്നുണ്ടു. കുഞ്ഞിനേയും യുവതിയേയുമോര്‍ക്കെ ഒരുപാടു ദൂരം താണ്ടിയിട്ടും അല്‍പ്പവും നീങ്ങാതെ എവിടെയുമെത്താതെ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നത് പോലെ. വല്ലാത്തോരവസ്ഥ തന്നെ, എന്തിനും എപ്പോഴും കടന്നു വരാമെന്നായിരിക്കുന്നു. യാത്രയിലെ കണികളില്‍ പോലും വല്ലായ്മ നിറയുന്നു. ശാന്തി ഭൂവിലേക്ക് ഒരിക്കലുമൊരിക്കലും എത്താനാവാത്ത ദൂരമാണന്നറിഞ്ഞു രഘുവരന് കരയണമെന്നു തോന്നി. അപ്പോള്‍് കൌതുകക്കാരന്‍ ഒച്ചയുണ്ടാക്കി മുന്നില്‍ വന്നു നിന്നു. 'അമ്മ വിളിക്കണ്' കുഞ്ഞു കരഞ്ഞു തുടങ്ങുന്നത് രഘുവരന്‍ കേട്ടു. കുട്ടിയുടെ പരിചിത ഭാവത്തില്‍ ആര്‍ദ്രമായ മനസ്സ് എവിടെയോ ഉടക്കി നിന്നു പോയതായിരുന്നു.അവനും അമ്മയും മാത്രം ജീര്‍ണിച്ച ഈ യാത്രയില്‍ രഘുവരന്‍െ സഹാനുഭൂതിയുള്ള സഹയാത്രികരാവുന്നു. 'നോക്കൂ.. കുഞ്ഞിന്റെ ദേഹം വല്ലാതെ പൊള്ളുന്നു' വേവലാതിയോടെ യുവതി പറഞ്ഞു. അവള്‍ സാരിത്തലപ്പ് കൊണ്ടു കുഞ്ഞിനെയാകെ മൂടിയിരുന്നു. മാതൃത്വത്തിന്റെ കനിവ് അയാള്‍ അവളില്‍ കണ്ടു. വേപധു പൂണ്ട മുഖവുമായി കരച്ചിലടക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞിനേയും മാറോടു ചേര്‍ത്തവള്‍ നില്‍ക്കെ എന്ത് ചെയ്യണമെന്നറിയാതെ രഘുവരന്‍ കുഴങ്ങി. നീട്ടിയ കൈകളില്‍ ഉള്‍ക്കിടിലത്തോടെ കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോള്‍ പൊള്ളുന്ന ചൂട് അയാള്‍ കൈത്തണ്ടയിലറിഞ്ഞു. രഘുവരന്റെ മനസ്സ് ഇരമ്പിയാര്‍ക്കുന്ന ഒരു സമുദ്രമായി "എന്റെ മോന്‍"
വലിപ്പം വെച്ചു വന്ന തിരമാലകള്‍ രഘുവരനെ മൂടി. യുവതി അപ്പോഴേക്കും നനച്ച ശീലക്കഷ്ണം കുഞ്ഞിന്റെ നെറ്റിയില്‍ പതിച്ചു. അവളുടെ പരിഭ്രമത്തില്‍് രഘുവരന്‍ വല്ലാതെ വിയര്‍ത്തു തുടങ്ങി. നിങ്ങളാരാണ്? കുഞ്ഞിന്റെയമ്മ എവിടെ? എങ്ങോട്ട് പോകുന്നു ? എന്നൊക്കെ അവള്‍ ചോദിച്ചേക്കുമോയെന്നു അയാള്‍ ഭയന്നു. വേണ്ട, ഈ അനുതാപം എന്റെ ശേഷിച്ച സ്വാസ്ഥ്യവും കെടുത്തുകയേയുള്ളു. രഘുവരന്‍ മനസ്സില്‍ പറഞ്ഞു.കുഞ്ഞു കരച്ചിലടക്കി മയക്കം പൂണ്ടു. പൊള്ളുന്ന ചൂട് അച്ഛന്റെ നെഞ്ചിലേക്ക് പകര്‍ന്നു അവന്‍ തളര്‍ന്നുറങ്ങി.കുതിക്കുന്ന വണ്ടി ഇനിയുമെത്രയോ വേഗം ആവാഹിക്കേണ്ടിയിരിക്കുന്നു. ശാന്തി കുംഭങ്ങള്‍ വിരിമാറിലേന്തിയ അമ്മയുടെ സമീപ്യത്തിലേക്ക് തന്റെ മനസ്സ് പോലെയെത്താന്‍ ഈ വേഗം മതിയാവുമോ? രഘുവരന് അങ്ങനെ തോന്നി. ആയിരം കണ്ണുകളോടെ തന്റെ പിന്മുറക്കാരനെ സ്വീകരിക്കാന്‍ അമ്മ കണ്ണും നട്ടിരിക്കയാവും. "ഈയമ്മക്ക് നിന്റെ മകനെ കണ്ടു കണ്ണടയാനുള്ള ഭാഗ്യമുണ്ടാകുമോ? ശാഠ്യം ആര്‍ക്കാണ് ? നിനക്കോ? കവിതയ്ക്കോ?" മുറതെറ്റാതെ കൃത്യമായെത്തുന്ന എല്ലാ കത്തുകളിലും അമ്മ ദീര്‍്ഘ നിശ്വാസം പൊഴിക്കുന്നു. കടലാസ്സില്‍ വിടര്ന്നുലഞ്ഞു കിടക്കുന്ന സ്നേഹത്തിന്റെ വെളുത്ത പൂക്കള്‍. ശാഠ്യം എന്റേതായിരുന്നില്ലമ്മേ. നഗരത്തിന്റെ നിറമാര്‍ന്ന ചതിക്കുഴികളില്‍ സ്വയമില്ലാതാകവേ അമ്മയുടെ മകന് ശാഠ്യമെവിടെ? ഇന്നിപ്പോള്‍ എങ്ങനെയോ അമ്മയുടെ കണ്‍്വെളിച്ചത്തിലേക്ക് വരികയാണ്‌ അമ്മയുടെ മകനും മകനും. തീവണ്ടികൂട്ടിലെ വിലക്കുകളണഞു. കൌതുകക്കാരന്‍് ഉറങ്ങിപ്പോയിരിക്കുന്നു. ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ സീറ്റില്‍ ചാരിക്കിടക്കുകയാണ് അവന്റെയമ്മ. നീല വെളിച്ചം ദുഃഖ സാന്ദ്രമായ നിലാവ് പോലെ തീവണ്ടി മുറിയില്‍ നിറഞ്ഞു നിന്നു. രഘുവരന്‍ ഉറക്കം വെടിഞ്ഞു ഒരുപോള കണ്ണടക്കാതെ കുഞ്ഞിന്റെ പൊള്ളുന്ന ചൂട് നെഞ്ചിലാവാഹിച്ചു കലങ്ങിയ മനസ്സോടെയിരുന്നു. രാത്രിയേറെ ചെന്നപ്പോള്‍ കുഞ്ഞുണര്‍ന്നു വല്ലാതെ കരഞ്ഞു തുടങ്ങി. രഘുവരന്റെ കൈത്തണ്ടയില്‍ ചൂട് പെരുകി. യുവതി അപ്പോഴേക്കും ഉണര്‍ന്നു. അവള്‍ നിസ്സഹായതയോടെ വല്ലാത്ത മട്ടില്‍ അയാളെ നോക്കി. രഘുവരന്റെ കൈകളില്‍ കിടന്നു ഒരിറ്റു ശ്വാസത്തിനു വേണ്ടി അവന്‍ ആയാസപ്പെടുകയായിരുന്നു. പെട്ടെന്ന് അവള്‍ രഘുവരന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ അവള്‍ വേവലാതിയോടെ ശരിക്കും ഒരമ്മയുടെ ഭാവം പൂണ്ടു. ഇടയ്ക്കു കരച്ചില്‍ ഉച്ചത്തിലാവുകയും പതിയെപ്പതിയെ നേര്‍ത്തു വരികയും ചെയ്തു. യുവതിയുടെ കൈത്തൊ്ട്ടിലില്‍് അവന്റെ ചൂടിറങ്ങി വന്നു. പൊടുന്നനെ അവന്‍ തണുത്തു. തന്റെ കൈകളില്‍ നിന്നു അവനെങ്ങോ ഇറങ്ങി പോയതായി രഘുവരനറിയാതെ ഉല്ക്കിടിലത്തോടെ യുവതി അറിഞ്ഞു. "എന്റീശ്വരാ" രഘുവരനത് സത്യമായും കേട്ടു. തീവണ്ടി രഘുവരന്‍ മോഹിച്ച വേഗത കൈവരിച്ച് ഭ്രാന്തമായ ഒരാവേശത്തോടെ കുതിച്ചു പായുകയായിരുന്നു അപ്പോള്‍.

Wednesday, January 28, 2009

ഒരു സ്വപ്നക്കുരുക്ക്

(ചെറുകഥ) സൂനഗിരിയാണ് സാവിത്രിയുടെ പെറ്റനാട്. സാവിത്രിമാരുടെ നാടാണ് സുനഗിരിയെന്നുകൂടി ഇവിടെ പറഞ്ഞുവെക്കേണ്ടതായിട്ടുണ്ട്. എങ്ങിനെയാണ് സൂനഗിരി സാവിത്രിമാരുടെ മാത്രം നാടായതെന്ന് എനിക്കറിയില്ല. പെണ്ണായി പിറക്കുന്നവരെയെല്ലാം ആ ഗ്രാമീണര്‍ പേരിട്ട് വിളിക്കുന്നത് സാവിത്രിയെന്നാണ്. തിരിച്ചറിയപ്പെടലുകള്‍ക്കായി ഗണിതാക്ഷരങ്ങളെ അവര്‍ മുറയ്ക്ക് ആശ്രയിച്ചു. സാവിത്രി ഒന്ന്... സാവിത്രി രണ്ട്.... എന്നിങ്ങനെ അക്കങ്ങളുടെ അനന്തതയായി നീളുന്ന സാവിത്രിമാര്‍. തലമുറയായി പകര്‍ന്നു കിട്ടിയ എന്റെയൊരു അറിവാണത്. കഥകള്‍ പറഞ്ഞുതരാന്‍ എനിക്ക് മുത്തശ്ശിമാരില്ലാത്തതിനാല്‍ മുത്തച്ഛന്മാരിലൂടെയായിരുന്നു എന്നിലെ ഇത്തരം അറിവുകളുടെ ജനനം. അറിഞ്ഞത് സാവിത്രിമാരെ കുറിച്ചായതുകൊണ്ടും പറഞ്ഞുതന്നത് മുത്തച്ഛന്മാരായതുകൊണ്ടും ഞാനാകഥകളെ അപ്പടി വിശ്വസിച്ചു പോന്നിരുന്നു. മുതിര്‍ന്നവരുടെ സംസാരങ്ങളില്‍ സൂനഗിരി എല്ലായ്പോഴും ഒരു വിഷയമാണ്. അനുസരണക്കേട് കാട്ടുന്ന വല്യേച്ചിയെ ശകാരിക്കുമ്പോള്‍,ബാലേട്ടന്റെ വിവാഹക്കാര്യം ചര്‍ച്ചയാവുമ്പോള്‍ എന്നു തുടങ്ങി ഒട്ടെല്ലാ സ്ത്രീസംബന്ധിയായ കാര്യങ്ങളിലും മുത്തച്ഛനിലൂടെ, അച്ഛനിലൂടെ സൂനഗിരി സാവിത്രിമാര്‍ എനിക്കുമുന്നിലെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അമ്മയോ മറ്റുമുതിര്‍ന്ന സ്ത്രീകളോ അവരെ ഉദാഹരിക്കുന്നത് കേള്‍ക്കുകയുണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ഇന്നുമെനിക്കറിയില്ല. മനഃപൂര്‍വമാകാമെന്നാണ് മുതിര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചുപോന്നത്. സൂനഗിരി സാവിത്രിമാരുടെ സൗമ്യത, സൗശീല്യം,സൗകുമാര്യം എന്നിങ്ങനെ നാനാവിധത്തിലുള്ള മാഹാത്മ്യങ്ങള്‍ കേട്ടുവളര്‍ന്ന എനിക്കീ ഇരുപത്തെട്ടാം വയസ്സിലാണ് ഒടുക്കം ഒരു സൂനഗിരി സാവിത്രിയുണ്ടാവുന്നത്. ജീവിതത്തിലെ ഏറ്റവും സൂക്ഷ്മത വേണ്ട മുഹൂര്‍ത്തത്തില്‍ സന്ദിഗ്ദ്ധതയുടെ അലോസരപ്പെടുത്തലൊന്നുമില്ലാതെയാണ് ഞാന്‍ സാവിത്രിയെ ആദ്യമായി കണ്ടത്. അനേകം ഞൊറികളുള്ള ഇളം നീല വസ്ത്രങ്ങളണിഞ്ഞ് എന്നിലൊരുള്‍തുടിപ്പുപോലെ നടന്നെത്തിയ സാവിത്രി കൃത്യം മുപ്പതാം നാള്‍ എന്റെയൊരു ഭാഗമായി മാറുകയായി. നിറപറയും നിലവിളക്കും കടന്ന്..തോരണങ്ങളുടെ മര്‍മരങ്ങളിലൂടെ അഗ്നികുണ്ടം വലംവെച്ച് സാവിത്രിയുടെ ഹൃദയവിശുദ്ധി കൈവിരല്‍ത്തുമ്പുകളിലേറ്റുവാങ്ങി... ഒടുക്കം.. സുഗന്ധങ്ങള്‍ പുളയ്ക്കുന്ന നാലുചുറ്റുചുമരുകള്‍ക്കുള്ളില്‍ ഞാനും സാവിത്രിയും തനിച്ചായി. ഞങ്ങളുടെ ആദ്യരാവ്!.. സാവിത്രിയെ കേള്‍ക്കാന്‍ ഞാന്‍ ആയിരം കാതുകള്‍ തുറന്നുവെക്കുകയും അവളെന്നില്‍ നിന്നൊരായിരം നാവുകള്‍ പ്രതീക്ഷിക്കുകയും ചെയ്തു. ഒരൊറ്റ രാത്രികൊണ്ട് ഒരു ജന്മം മുഴുവന്‍ ഞങ്ങള്‍ അനുഭവിച്ചു തീര്‍ന്നു. പിന്നേയും ജീവിച്ചുതീര്‍ക്കാന്‍ കുറേ ജന്മങ്ങളുടെ പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ മൂടിപ്പുതച്ചുകിടന്നു. സാവിത്രിയുടെ സ്നേഹതാപം പകര്‍ന്നുകിടക്കെ ഞാനെന്റെ പിതാമഹന്മാരെ മനസ്സാ സ്തുതിച്ചു. സൗഭാഗ്യഹേതുക്കളായ മുതുമുത്തച്ഛന്മാരില്ലായിരുന്നെങ്കില്‍ ഈ സാവിത്രി എനിക്കരികിലിങ്ങനെ വന്നുകിടക്കുമായിരുന്നില്ല. കിടന്ന കിടപ്പില്‍ മോഹങ്ങളാല്‍ മനോഹരങ്ങളായ കുറേ വലകള്‍ ഞാന്‍ നെയ്തുകൂട്ടി. മോഹം സാവിത്രിയിലൂടെ വെള്ളിനൂലുകളുമായി തലങ്ങും വിലങ്ങും ഓടിനടന്നുകൊണ്ടിരുന്നു ഉറക്കമുണ്ടാവുന്നതു വരെ. അമ്മയുടെ അനുഗ്രഹം വാങ്ങി അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് സാവിത്രി പടിയിറങ്ങിവന്നു. ഞങ്ങള്‍ സൂനഗിരിയും എന്റെ പേരില്ലാഗ്രാമവും പിന്നിട്ട് പെരും പേരുള്ള എന്റെ പട്ടണത്തിലെത്തി. എന്റെ ജോലിസ്ഥലം ഇവിടെയാണ്. ഇവിടെയാണ് ഞാനുല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറി. ഇവിടെയാണ് എനിക്കും സാവിത്രിക്കും മാത്രമായി താമസിക്കാന്‍ ഒരു വീട്. സാവിത്രിയില്‍ അത്ഭുതവും കൗതുകവുമുണ്ടാക്കാനുള്ള നഗരസവിശേഷതകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചുവെച്ചിട്ടുണ്ട്. അവള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. കാരണം അവള്‍ നിഷ്കളങ്കയായ ഒരു ഗ്രാ​മപുത്രിയാണ്. വിടര്‍ന്ന കണ്ണുകളുമായി സാവിത്രി കോണ്‍ക്രീറ്റ് മിനുസത്തിലൂടെ എനിക്കൊപ്പം എന്റെ പാര്‍പ്പിടത്തിലേക്ക് നടന്നുകയറി.ഞാനെന്റെ പാര്‍പ്പിടഭാഗങ്ങളെ അവള്‍ക്ക് വിസ്തരിച്ചുകൊടുത്തു. തൊട്ടടുത്ത വീട്ടിലെ ടെറസില്‍ കണ്ട വലിയ സാറ്റലൈറ്റ് കുട അവള്‍ക്കൊരു കൗതുകവസ്തുവായി. അപ്പുറത്തെ അര്‍പ്പിതയുടെ വേഷം കണ്ട് അവള്‍ അത്ഭുതപ്പെട്ടു. അല്ലെങ്കില്‍ അണിഞ്ഞിരുന്ന ഗ്രാമ്യവേഷം അവള്‍ സ്വയമൊന്ന് പരിശോധിക്കുമായിരുന്നില്ല. ഗേറ്റിനുപുറത്ത്, വീടിനുചുറ്റും അവള്‍ കണ്ണുകള്‍ തുറന്നു. തീരാത്ത അത്ഭുതങ്ങളുടെ നാട്ടില്‍ വന്നെത്തിയതല്ലേയുള്ളു എല്ലാം ഒറ്റനില്‍പില്‍ കണ്ടു തീര്‍ക്കേണ്ടെന്നു കരുതി ഞാനവളെ അകത്തേക്ക് വിളിച്ചു. എനിക്ക് വിശക്കുന്നൂവെന്നും വിശപ്പാണ് പ്രധാനമെന്നും ഞാനവളോട് പറഞ്ഞു. ചുണ്ടുകളില്‍ മൂളിപ്പാട്ടുമായി അഞ്ചുമിനുട്ട് കൊണ്ട് എനിക്കവള്‍ പൊടിയരിക്കഞ്ഞിയുണ്ടാക്കിത്തന്നു. എന്റെ വിശപ്പില്‍ പൊടിയരിക്കഞ്ഞി നിറഞ്ഞപ്പോള്‍ എനിക്കുറങ്ങണമെന്നാണ് തോന്നിയത്. ഞാന്‍ ക്ഷീണത്തോടെ സാവിത്രി കാണാതെ... സാവിത്രിയറിയാതെ.. കട്ടിലില്‍ കണ്ണുകളടച്ചു. നേരെമേറെചെന്ന്.... ബോധം കൈവിരലുകളുടെ തണുത്ത മൃദുലത തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. മുന്നില്‍ സാവിത്രി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഉറക്കത്തില്‍ ഞാന്‍ വല്ലാത്ത ഒരസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഓര്‍മിച്ചു. അവളങ്ങിനെ നില്‍ക്കെ തന്നെ നിദ്രയില്‍ കണ്ട ഒരനിഷ്ടമായ സ്വപ്നത്തിന്റെ അത്യന്തം നേര്‍ത്ത ഇഴകളെ ഞാന്‍ വെറുതെയൊന്നു കൂട്ടിയിണക്കാന്‍ ശ്രമം നടത്തി. ഭീതിദവും അനിഷ്ടങ്ങളുമായ സ്വപ്നങ്ങളെ അബോധത്തിലെ ആ നിമിഷത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് എല്ലായ്പോഴും ഞാന്‍ ചെയ്യാറുള്ളത്. പക്ഷെ സ്വപ്നത്തില്‍ എന്നെ അലോസരപ്പെടുത്തിയ മുഖവും സാവിത്രിയുടെ മുഖവും ഒന്നായിരുന്നല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് മറഞ്ഞ സ്വപ്നദൃശ്യതക്ക് പിറകെ ഓര്‍മയെ പറഞ്ഞുവിട്ടത്. മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് നിയതമായ ഒരടുക്കും ചിട്ടയുമില്ലാതിരുന്നതിനാല്‍ സാവിത്രിക്കത് പറഞ്ഞുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലുമതൊരു നല്ല സ്വപ്നമായിരുന്നില്ലെന്ന് തീര്‍ച്ച. എന്റെ ഭാവപ്പകര്‍ച്ച കണ്ട അവളുടെ ഉദ്വേഗത്തിനുമുന്നില്‍ ഞാന്‍ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. സ്വപ്നങ്ങള്‍ പലപ്പോഴുമിങ്ങിനെയാണ്. ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവ ദൂരെയെങ്ങോ വിസ്മൃതിയുടെ അനന്തതയില്‍ തെന്നിത്തെന്നിപ്പോവും ഒട്ടും പിടിനല്‍കാതെ. ഏതായാലും ഈ സ്വപ്നം ബോധമണ്ടലത്തില്‍ അസ്വാസ്ഥ്യത്തിന്റെ ബീജം സ്രവിപ്പിച്ചാണ് കടന്നു പോയതെന്ന് ഞാന്‍ മനസ്സില്‍ കുറച്ചിട്ടു. സാവിത്രി ഒരുക്കിത്തന്ന തണുത്ത വെള്ളത്തില്‍ ഞാന്‍ കുളികഴിച്ചു. അപ്പോഴേക്കും സന്ധ്യയായിരുന്നു. ഒരു നല്ല സായാഹ്നം നഷ്ടപ്പെടുത്തിയതില്‍ നിരാശതോന്നി. ഉറങ്ങേണ്ടിയിരുന്നില്ല. ഒരു വല്ലായ്മയുടെ സമ്പാദ്യമാണ് ഉറക്കാത്താലുണ്ടായത്. സാ​‍വിത്രിയേയും കൂട്ടി ഈ നഗരത്തില്‍ ചുറ്റിനടക്കണമെന്ന് കരുതിയിരുന്നതാണ്. അവളിലെ കൗതുകത്തെ തടംകെട്ടിനിര്‍ത്തുമ്പോള്‍ ഈയൊരു സായാഹ്നമായിരുന്നു മനസ്സില്‍. ഞാന്‍ സാവിത്രിയെ വിളിച്ച് അടുത്തിരുത്തി. നഷ്ടപ്പെട്ട സായാഹ്നത്തെ മറക്കാന്‍, അബോധത്തിലുറഞ്ഞ ഒരു വല്ലായ്മയൊതുക്കാന്‍ അവള്‍ക്ക് തനിക്കുള്ളതും കേട്ടറിഞ്ഞതുമായ നഗരകഥകള്‍ പറഞ്ഞുകൊടുത്തു. ഒരഞ്ചുവയസ്സുകാരിയെപോലെ അവളെല്ലാം കേട്ടിരുന്നു. കഥകേട്ടുകേട്ടുറങ്ങിപ്പോയ സാവിത്രിക്കരികിലിരുന്ന് പകുതി പറഞ്ഞുനിര്‍ത്തിയ കഥയുമായി പതിയെ ഞാനും കണ്ണുകളടച്ചു. അടഞ്ഞ ഇമകള്‍ തുറന്ന് ബോധത്തിലെത്തി ശാന്തത വീണ്ടെടുക്കണമെന്ന് ഉല്‍ക്കടമായി ആഗ്രഹിച്ചുപോകാവുന്ന ഒരു സ്വപ്നക്കുരുക്കിലകപ്പെടുകയായിരുന്നു ഞാന്‍. പഴയതിന്റെ തുടര്‍ച്ചയോ പുതിയതിന്റെ തുടക്കമോയെന്ന് വേര്‍തിരിച്ചറിയാനാവാത്ത സന്ദിഗ്ദ്ധതയില്‍ ഞാന്‍ നടുങ്ങി. കാലമെന്തെന്നോ സ്ഥലമേതെന്നോ എനിക്ക് നിശ്ചയമില്ല. അതൊരാശുപത്രികെട്ടിടത്തിന്റെ ഇടനാഴിയോ ഒരു ദേവാലയത്തിന്റെ ഇടുങ്ങിയ അള്‍ത്താരയോ ആവാം. അതൊരു കോടതി വരാന്തയാണോയെന്നുപോലും എനിക്ക് സംശയമുണ്ട്. സാവിത്രി തേങ്ങലുമായി നില്‍ക്കുന്നു. തൊട്ടരികെ മൂങ്ങയുടെ മുഖസാദൃശ്യമുള്ള ഒരാള്‍. അയാള്‍ അവളെ തലോടുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുകയാണ്. സാവിത്രി വല്ലാതെ കരഞ്ഞുതുടങ്ങുകയാണ്. അവള്‍ കരയുന്നത് ഞാനാദ്യമായി കണ്ടു. അരൂപിയായി എല്ലാം കണ്ടു നില്‍ക്കുന്ന എന്റെ നെഞ്ചിടിപ്പേറിവന്നു. എന്തൊക്കെയോ പറയാനാഞ്ഞ എനിക്ക് നാവില്ലെന്നു മനസ്സിലായി. അവള്‍ അയാളുടെ കൈചേര്‍ത്തുപിടിക്കുകയും പതുക്കെ സംസാരിക്കുകയും ചെയ്തു. ശേഷം അവര്‍ നടന്നുതുടങ്ങി. കെട്ടിടത്തിനു പുറത്ത് ഇവരെ പ്രതീക്ഷിച്ചെന്നപോലെ ഒരു കുതിരവണ്ടി കാത്തുകിടന്നിരുന്നു. അവര്‍ അതില്‍ കയറുകയും എങ്ങോ യാത്രയാകുകയും ചെയ്തു. അകന്നകന്ന് പോകുന്ന സാവിത്രിയെ സര്‍വ ശക്തിയുമെടുത്ത് ഞാന്‍ വിളിച്ചുനോക്കി. പക്ഷേ ഒരു വീര്‍പ്പിന്റെ ശബ്ദം പോലും എന്നില്‍ നിന്നുയര്‍ന്നില്ല.എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.വളരെ ആയാസപ്പെട്ട് ഞാന്‍ ശ്വസിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന ഞാന്‍ ഇരുട്ടില്‍ കണ്ണുതുറന്നു കുറേനേരം കിടന്നു. പിറ്റേന്നാണ് എനിക്കതനുഭവപ്പെട്ടത്. പ്രഭാതത്തില്‍ കാപ്പിയുമായി വന്നുവിളിച്ച സാവിത്രിക്ക് മുഖമില്ല. ഞാന്‍ കണ്ണുകള്‍ തിരുമ്മി വീണ്‍ടും വീണ്ടും നോക്കി. ഇല്ല.... സാവിത്രിയുടെ മുഖം മാത്രം എനിക്ക് കാണാനാവുന്നില്ല. തൊട്ടുമുന്നില്‍ കാപ്പി നീട്ടിപ്പിടിച്ച കറുത്ത കുപ്പിവളകളണിഞ്ഞ സാവിത്രിയുടെ വലതുകൈയ്യെനിക്ക് കാണാം. സാരിത്തുമ്പില്‍ ചേര്‍ത്തുപിടിച്ച നനഞ്ഞ ഇടതുകൈയ്യും ഞാന്‍ കാണുന്നുണ്ട്. അതെ... മുഖമൊഴിച്ച് മറ്റെല്ലാം എനിക്ക് നന്നായി കാണാം. അവളുടെ ശബ്ദംപോലും ഞാന്‍ കേള്‍ക്കുന്നുണ്ട്. പരിഭ്രാന്തിയാല്‍ ചാടിയെണീറ്റ ഞാന്‍ അവളുടെ കഴുത്തിനുമുകളില്‍ കൈയെത്തിച്ചു. ഞാനവളുടെ മുഖം തൊട്ടു.അവളുടെ ചുണ്ടില്‍, മൂക്കിന്‍ത്തുമ്പില്‍, നെറ്റിയില്‍, മുടിയിഴകളില്‍പോലും ഞാന്‍ കൈവിരലുകളോടിച്ചു. സാവിത്രിക്ക് മുഖമുണ്ട്. എന്റെ കണ്ണുകള്‍ക്ക് അവളുടെ മുഖം കാണാനാവുന്നില്ല. സാവിത്രി ഒന്നുമറിയാതെ എന്റെ കുസൃതിയെന്നു കരുതി ലാസ്യമായി കുതറുകയാണ് ചെയ്തത്. അവളോട് എന്റെയീ ഭാഗികമായ അന്ധത പറയാനൊരുങ്ങവെ, പെട്ടെന്ന് മനസ്സ് വിലക്കി. അല്ലെങ്കിലും എങ്ങിനെയാണ് "നിന്റെ മുഖമെനിക്ക് കാണാനാവുന്നില്ലെന്ന്" ഒന്നിച്ചു പൊറുക്കുന്ന ഭാര്യയോടു പറയുക?

Sunday, January 25, 2009

ആത്മഹത്യ

മരണം ഒരു തണുപ്പുപോലെയാണ് എന്നിലേക്കിഴഞ്ഞുവന്നത്.ഇലകള്‍ വകഞ്ഞുമാറ്റി ഒരീറന്‍ കാറ്റിലേറി ആയിരം കൈകളുമായി അവനെന്നില്‍ അരിച്ചിറങ്ങി. ഒരു രാത്രി മുഴുവന്‍ ഞാനവന്റെ പദവിന്യാസത്തിനായി കാതോര്‍ത്തു കിടക്കുകയായിരുന്നു. ക്ഷണിച്ചിട്ടും വരാതിരിക്കുമോ എന്ന ആധിയില്‍ എന്റെ മരണശേഷകിനാക്കളെല്ലാം വെറും കിനാവായിപ്പോകുമോ എന്ന ആകുലതയില്‍ ഞാനാകെ നീറിക്കിടന്നു. ഒരിടയ്ക്ക് ഞാന്‍ കഴിച്ച ഗുളികകള്‍ മാറിപ്പോയോ എന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. നിത്യനിദ്രയുടെ ഗുളികകള്‍ തന്നെയാണവയെന്ന് ഞാന്‍ പിന്നെ പലവുരു തിട്ടപ്പെടുത്തുകയായിരുന്നു. എന്റെ മരണത്തെ കുറിച്ച് എനിക്ക് എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളാണുണ്ടായിരുന്നത്. എനിക്ക് മുമ്പേ ആത്മഹത്യ ചെയത പെണ്‍കുട്ടികളെപോലെ എന്റെ ആത്മഹത്യയും ഒരു കണ്ണീര്‍കഥയാവണം, കദനത്തിലാഴ്ത്തുന്ന സചിത്രലേഖനമാവണം, നടുക്കമുണര്‍ത്തുന്ന ഒരു കടങ്കവിതയോ ചരമഗീതമോ ആവണം. വാരികകളിലും ചാനലിലുമെല്ലാം മിസ് ക്ലാരാജോസഫിന്റെ ആത്മഹത്യ കുറേ ദിവസം നിറഞ്ഞുനില്‍ക്കണം. ഇങ്ങിനെ പോകുന്നവയാണ് എന്റെ സ്വപ്നങ്ങളേറെയും. ഒടുക്കം രാത്രിയുടെ ഏതോ യാമത്തില്‍ ഈ വക സ്വപ്നങ്ങളുടെ ഏതോ ഒരിടയ്ക്കാണ് പൊടുന്നനെ എന്റെ ഹൃദയസ്പന്ദനം നിലച്ചത്. പിറ്റേന്ന് കാപ്പിയുമായി വന്നുവിളിച്ച ആയമ്മ എന്റെ കിടപ്പുകണ്ട് ഒരല്‍പം പകച്ചുനില്‍ക്കുകയും പിന്നെ കാപ്പിപ്പാത്രം താഴെയിട്ട് നിലവിളിയേടെ മുറിവിട്ടോടുകയും ചെയ്തു.എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എന്റെ മരണം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞുതുടങ്ങാന്‍ പോകുന്നു.വിചാരിച്ചതുപോലെതന്നെ എന്റെ മുറിയിലേക്ക് പപ്പയും മമ്മയും വളരെ പെട്ടെന്നുതന്നെ ഓടിയെത്തി. എന്റെ മോളേയെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചുകൊണ്ട് എന്നരികിലേക്ക് വീണു.അപ്പോഴേക്കും ആരൊക്കെയോ ഓടിക്കിതച്ചെത്തിയിരുന്നു.അവര്‍ താങ്ങിയെടുക്കുമ്പോള്‍ പപ്പയും മമ്മയും എന്നരികിലേക്ക് വീണ്ടും വീണ്ടും കുതറുകയും പിന്നെ ബോധമറ്റ് വീഴുകയും ചെയ്തു. ഒരു ഗൂഢസ്മിതം അപ്പോഴെന്നില്‍ എങ്ങിനെയോ വിരിഞ്ഞു.ഒട്ടും വൈകാതെ വീടും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞുവന്നു. ഒരൊറ്റ നോക്കില്‍ തന്നെ എല്ലാവരും കണ്ണുനിറക്കുന്നത് കണ്ട് എന്റെ മനസ്സ് കുളിര്‍ന്നു. എന്നെ സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പപ്പയും മമ്മയും മുംബൈയില്‍നിന്നു വരാനിരിക്കുന്ന ഡേവിഡിച്ചായനും ഇനിയുമിനിയും കരഞ്ഞു കുതിരുമല്ലോയെന്നോര്‍ത്തപ്പോള്‍ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് എനിക്കു തോന്നി. നേരം കടന്നു പോകവെ എനിക്ക് വല്ലാതെ തണുത്തുവന്നു. നിലവിളികള്‍ കുഴഞ്ഞുവീണു വെറും തേങ്ങലായി മാറിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും എന്നെ ആശുപത്രിയിലേക്കെടുക്കാന്‍ ആരൊക്കെയോ തയാറെടുത്തു. വീട്ടുമുറ്റത്ത് ആംബുലന്‍സ് വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു. കോളേജില്‍ നിന്നും സഹപാഠികളും അദ്ധ്യാപകരും കറുത്ത ബാഡ്ജുകളുമണിഞ്ഞ് പുഷ്പചക്രങ്ങളുമായി എപ്പോഴാണെത്തുകയെന്ന വേവലാതിയായിരുന്നു എനിക്കപ്പോള്‍. എന്റെ കൂട്ടുകാരികള്‍ എന്തുമാത്രം സങ്കടപ്പെടുമെന്ന് ഞാനോര്‍ത്തു. ക്ലാസില്‍ പലപ്പോഴും സ്നേഹപൂര്‍വം ഒളിക്കണ്ണിട്ടു നോക്കുന്ന മാത്യു സാറും എനിക്ക് പിന്നാലെ എന്നും ചുറ്റുന്ന പ്രകാശനും ഇനി വല്ലാതെ പൊട്ടിക്കരയുമെന്നോര്‍ക്കവേ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് വീണ്ടും വീണ്ടും എനിക്ക് തോന്നുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം മുറിയിലെ മാര്‍ബിള്‍മേശമേല്‍ ഏറെ നേരം ഞാന്‍ കിടന്നു. മുറിക്കുപുറത്തെ പന്തലിച്ചു നില്‍ക്കുന്ന വെയിലില്‍നിന്നും ഇടയ്ക്കാരോ കയറിവന്നു. അയാള്‍ ആശുപത്രിയിലെ ശവം സൂക്ഷിപ്പുകാരനോ മറ്റോ ആവണം. ഖേദത്തിന്റെ പരിതാപത്തിന്റെ ഒരു നേരിയ പാട അയാളുടെ കണ്ണുകളിലും ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അയാളുടെ കണ്ണുകളില്‍ പ്രത്യേകിച്ചൊരു ഭാവവും കാണാനുണ്ടായിരുന്നില്ല. എന്നെ പൊതിഞ്ഞിരുന്ന വെളുത്ത തുണി അയാള്‍ വളരെ അലസമായെടുത്തുമാറ്റുകയും എന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി സാവധാനം ഊരിയെടുക്കുകയും ചെയ്തു. അപ്പോള്‍ പുറത്തേക്ക് തുളുമ്പിവന്ന അയാളുടെ കണ്ണുകള്‍ എന്റെ നഗ്നശരീരത്തിലെവിടെയോ വീഴുന്നുണ്ടായിരുന്നു. അയാളെന്നെ ഡോക്ടറുടെ ക്രിയകള്‍ക്കായി പൂര്‍ണ്ണമായൊരുക്കിവെച്ചു. പിന്നേയും വീഴുന്ന കണ്ണുകളുമായി ഏറെനേരമയാള്‍ എനിക്കരികില്‍ തന്നെ നിന്നു. പിന്നെ ചുണ്ടില്‍ അശ്ലീലച്ചുവയുള്ള ഒരു മൂളിപ്പാട്ടുയര്‍ന്നു. എന്റെ മരണത്തില്‍ എനിക്കെന്തെന്നില്ലാത്ത ലജ്ജ തോന്നിച്ചത് അപ്പോള്‍ മാത്രമാണ്. എന്റെ തുറന്നുവെച്ച ശരീരം ഇനിയും തുറക്കാനായി ആരൊക്കെയോ വരാനിരിക്കുന്നതേയുള്ളു. ഈ മുറിയില്‍ കടന്നുവരേണ്ട ജീര്‍ണ്ണിച്ച കണ്ണുകള്‍ക്ക് ശവം സൂക്ഷിപ്പുകാരനില്‍നിന്നും വ്യത്യസ്ഥമായി മറ്റൊരു നിറവുമില്ലെന്ന് എനിക്ക് മനസ്സിലായി. മരണം ഈ മുറിയില്‍ വെറുമൊരു മരണം മാത്രമായിത്തീരുന്നല്ലോയെന്നറിയവെ മരിച്ചത് വെറുതെയായെന്നും ഒരിക്കലും മരിക്കേണ്ടിയിരുന്നില്ലെന്നും എനിക്കാദ്യമായി തോന്നിത്തുടങ്ങി.

Saturday, January 24, 2009

ചാക്രികായനങ്ങളിലൊന്നില്‍

(ചെറുകഥ) ഋതുപ്പകര്‍ച്ചയുടെ നിയത കല്‍പനകളെ കൂസാതെ മഞ്ഞുമലകള്‍ ഹിമപാതം തുടര്‍ന്നു. സമതലങ്ങള്‍ പുഴയാവുകയും പുഴകള്‍ നിത്യവ്രണിതയുടെ കണ്ണീര്‍ച്ചാലുപോലെ മരുപ്പറമ്പ് തേടി ഇഴയുകയും ചെയ്തു. വിഭ്രാന്ത സൂര്യന്റെ കൊടുംതാപത്താല്‍ വിണ്ടുപോയ കായ്കനികളേയും കരിഞ്ഞ ഇലത്തളിരുകളേയും മാറത്തടുക്കി ഹരിത ഭൂമികള്‍ വിലാപം കൊള്ളുകയായി. തേര്‍വീഥികളില്‍ രഥചക്രങ്ങള്‍ വിറളിപൂണ്ടുരുണ്ടപ്പോള്‍ ചരിത്രത്തിന്റെ താളിയോലകളില്‍ എഴുത്താ​‍ണികള്‍ പതിവു തെറ്റി ആഴത്തില്‍ ചലിച്ചു.താളിയോലകളില്‍ ജനിക്കുന്ന വടുക്കളില്‍ ചാക്രികായനത്തിന്റെ തുടക്കം. ശയ്യവലംബയായ കാലം അമൂര്‍ത്തതയുടെ പച്ചമരുന്നുകള്‍ക്കുവേണ്ടി പിന്നേയും പിന്നേയും കേണു. ഇപ്പോള്‍.. ഒരുഷ്ണഭൂമിയില്‍, ഒരിടത്താവളത്തിലെ തണുപ്പിച്ച മുറികളിലൊന്നില്‍ ‍ കല്യാണിയെന്ന ഭാര്യ തന്റെ കാമുകന്റെ മാറില്‍ സുരതാലസ്യത്തിന്റെ പാതികൂമ്പിയ മിഴികളുമായി അരുമയോടെ കിടക്കുകയാണ്. അവളുടെ മനസ്സാകട്ടെ ഇന്നലെകളുടെ വര്‍ണ്ണതലങ്ങളിലേറി സ്മൃതിയുടെ മുനമ്പുകളില്‍ നിന്നു മുനമ്പുകളിലേക്ക് പാറിപ്പറന്ന് യാത്ര ചെയ്യുകയുമാണ്. യാത്രയിലെ ഒരിടയ്ക്ക് ഏതോ കിനാവള്ളികളില്‍ തടഞ്ഞു നിന്ന് അവള്‍ മൃദുവായി ചിരിച്ചു. പിന്നെ വര്‍ദ്ധിച്ച ഹര്‍ഷത്തോടെ അയാളുടെ മാറില്‍ മുഖമുരുമ്മി പൂണ്ടടക്കം പിടിച്ചു. അവളുടെ ചേഷ്ടകളില്‍ അര്‍ദ്ധനിദ്രയുണര്‍ന്ന അയാള്‍ അവളുടെ വിരുത്തിയ മുടിയിഴകളിലേക്ക് കണ്ണുകള്‍ തുറന്നു.പിന്നെ ചോദിച്ചു. "നീയെന്താ കാട്ടണേ.... നിനക്ക് പോകണ്‍ടെ?"ഒരു മറുപടിക്കുമുമ്പ് ഗോപുരമണി പലപാട് തവണ ചിലച്ചു. അയാളുടെ മാറില്‍ മുഖമാഴ്ത്തിക്കൊണ്ട് അസ്വസ്ഥയായി ഗോപുരമണിക്കെതിരെ അവളപ്പോള്‍ ചെവിപൊത്തിക്കിടന്നു. "നശിച്ച ഈ ഘടികാരം" അവള്‍ പിറുപുറുത്തു.നഗരത്തിലെ എല്ലാ ഭാര്യമാരും ഇതുപോലൊരാലസ്യ നിമിഷങ്ങളില്‍ കിടന്നുകൊണ്ട് കല്യാണിയെപോലെ പിറുപിറുക്കയായിരുന്നു. സമയനിഷ്ടകളില്‍ ചോര്‍ന്നു പോവുന്ന ഭാര്യാജീവിതങ്ങള്‍ക്കറുതിയായി സമയ നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിക്കൊണ്ടുള്ള നഗരാധിപന്റെ ഏറ്റവും നൂതനമായ ഒരു പരിഷ്കാരം പ്രാബല്യത്തില്‍ വന്നൂവെങ്കിലും നഗരഹൃദയത്തിലെ ഗോപുരമണി അപ്പോഴും മുറതെറ്റാതെ ഒരപായമുന്നറിയിപ്പെന്ന പോലെ അവരുടെ വിനോദ സന്ദര്‍ഭങ്ങള്‍ക്കുമേല്‍ വന്നു വീണുകൊണ്ടേയിരുന്നു. ഈ പരിഷ്കാരമുണ്ടാവുന്നതിനുമുമ്പു തന്നെ സമയസൂചികള്‍ ഉപേക്ഷിച്ചു തുടങ്ങിയവരായിരുന്നു പരിഷ്കാരപ്രിയരായ നഗരഭാര്യമാര്‍. 'സമയനിഷ്ടകളില്‍ തലതല്ലി മരിക്കാന്‍ ഞങ്ങളില്ല ..സമയ നിര്‍മാണശാലകള്‍ അടച്ചുപൂട്ടുക.' നഗരാധിപന്റെ മേശപ്പുറം അവരുടെ കത്തുകള്‍കൊണ്ട് കനത്തുപോയ ഒരു ദിവസമായിരുന്നു ഔദ്യോഗികമായ ഈ പരിഷ്കാര പ്രഖ്യാപനമുണ്ടായത്. പക്ഷെ അപ്പോഴും നഗരത്തിലെ ഗോപുരമണിയെ തന്റെ ഹൃദയസ്പന്ദനം പോലെ നഗരാധിപന്‍ കാത്തു. സ്പന്ദിക്കുന്ന ഗോപുരമണി സ്പന്ദിക്കുന്ന തന്റെ ഹൃദയമാണെന്നും ഗോപുരമണിയെ നിശ്ചലപ്പെടുത്തുന്നത് തന്റെ ഹൃദയസ്പന്ദനത്തെ നിശ്ചലപ്പെടുത്തുന്നതിനു തുല്യമാണെന്നുമാണ് ഏറ്റവുമൊടുവില്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഹൃദ്രോഗിയായ നഗരാധിപന്‍ വെളിപ്പെടുത്തിയത്. അതുകൊണ്ട് കൃത്യനിഷ്ടയുള്ള ഗോപുരമണി നഗരഭാര്യമാരുടെ മനസ്സില്‍ സുഖാലസ്യം കെടുത്തുകയും സമയബോധമുണര്‍ത്തുകയും ചെയ്യുന്ന ഒരു ഭയപ്പാടായിത്തീര്‍ന്നു. നുറുങ്ങിയ ആലസ്യനിമിഷങ്ങളുമായി കിടന്ന അവളുടെ കാതില്‍ നുരയിടുന്ന കാമുകന്റെ ഹൃദയതാളത്തിനൊപ്പം ഒരിടയ്ക്ക് കാളവണ്ടിയുടെ പതിഞ്ഞ കുളമ്പടി ശബ്ദവും കുടമണിയൊച്ചയും പടര്‍ന്നു. കെട്ടിടത്തിനു താഴെ അത് ചിലമ്പിച്ച് തീര്‍ന്നപ്പോള്‍ അവള്‍ മെല്ലെ എഴുനേറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ശിരസ്സ് മുതല്‍ കാല്‍പാദം വരെ മൂടുന്ന ഒരു വേഷമായിരുന്നു അത്.കൈകാല്‍ വിരലുകളും മുഖവുമൊഴിച്ച് മറ്റെല്ലാ ശരീരഭാഗങ്ങളും ഒളിഞ്ഞു നില്‍ക്കുന്ന നഗരഭാര്യമാരുടെ ഒരു പതിവു വേഷം.അവള്‍ ഉടുത്തൊരുങ്ങി നിലക്കണ്ണാടിക്കുമുന്നില്‍ നിന്നപ്പോഴേക്കും മുറിക്കു പുറത്ത് കാല്‍പെരുമാറ്റം കേട്ടു.ഉറങ്ങിപ്പോയ കാമുകന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി അവള്‍ വാതില്‍ക്കലേക്ക് നടന്നു.ഭര്‍ത്താവിന്റെ വരവാണ്. അനുവദിക്കപ്പെട്ട വിനോദസമയം കഴിഞ്ഞിരിക്കുന്നു.അടഞ്ഞ വാതിലില്‍ മുട്ടുയരാന്‍ കാത്തുനില്‍ക്കാതെ അവള്‍ വാതില്‍തുറന്ന് അയാളോടൊപ്പം നടന്നു. അയാളുടെ കണ്‍പോളകള്‍ വീര്‍ത്തു ചുവന്നിരുന്നു. നടക്കാന്‍ ആയാസപ്പെട്ട അയാള്‍ തന്റെ ഭാര്യയുടെ ചുമലില്‍ മെല്ലെ വലതുകൈ താങ്ങി. "നിങ്ങളിന്ന് പതിവിലും ഏറെ കുടിച്ചിട്ടുണ്ടല്ലേ?""എന്തേ നീയിന്നു കുടിച്ചില്ലേ?" അവളുടെ ചോദ്യത്തിനു ഒരു മറുചോദ്യമായിരുന്നു ഭര്‍ത്താവിന്റെ ഉത്തരം. 'ഇല്ല..ഇന്ന് കുടിക്കാനുള്ള മൂഡുണ്ടായിരുന്നില്ല. " ആട്ടെ.. ഇന്നന്തേ കൗസല്യയെ നിങ്ങള്‍ നേരത്തെ വിട്ടോ? അതോ വന്നില്ലേ? ചോദ്യം കേട്ട് അയാളൊന്നു കുലുങ്ങിചിരിച്ചു. 'വരാതിരിക്ക്യേ.. നല്ല കഥ. നമ്മുടെ പിതാമഹന്മാര്‍ ചോരയും നീരും നല്‍കി നൂറ്റാണ്ടുകളായ് കെട്ടിപ്പടുത്ത ഒരു മഹാസംസ്കൃതിയുടെ ലംഘനമാവില്ലേ... അവള്‍ വന്നു .. നേരത്തെ പോയി. ഇന്നവള്‍ക്ക് നഗരാധിപന്റെ കൊട്ടാരത്തില്‍ നടക്കുന്ന തേങ്ങിക്കരച്ചില്‍ മത്സരത്തില്‍ ഭര്‍ത്താവിനോടൊപ്പം പങ്കെടുക്കണമത്രെ. വേറെന്തോ പറഞ്ഞുതുടങ്ങുമ്പോഴേക്കും അയാള്‍ വല്ലാതെ ഉലഞ്ഞുതുടങ്ങിയിരുന്നു.ഭാര്യയുടെ ചുമലില്‍ താങ്ങി വരാന്തയിലെ ഒതുക്കുകല്ലുകളില്‍ വഴുതിയിറങ്ങിയ അയാള്‍ കാളവണ്ടിയുടെ മുന്നിലെ ഇരിപ്പിടത്തിലേക്ക് കയറാനൊരുങ്ങവെ അവള്‍ തടഞ്ഞുകൊണ്ടു പറഞ്ഞു. "വേണ്ട .. ഇന്ന് ഞാന്‍ തെളിക്കാം" ഭര്‍ത്താവിനെ കാളവണ്ടിയുടെ കുടുസ്സായ ഇരിപ്പിടത്തില്‍ കയറ്റിയിരുത്തിയ ശേഷം അവള്‍ മുന്നിലിരുന്ന് കാളകള്‍ക്ക് മേല്‍ ചാട്ടവാര്‍ വീശി. ഇടവഴി താണ്ടി കുണ്ടും കുഴിയും നിറഞ്ഞ പൊതുനിരത്തിലേക്ക് കടന്നപ്പോഴേക്കും നഗരത്തിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ പേരുകള്‍ പതിച്ച അനേകം കാളവണ്ടികള്‍ മുന്നില്‍ പ്രത്യക്ഷമായി. എല്ലാവരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങുകയാണ്. നിരത്തിലെ ചിതറിയിട്ട കല്ലുകളിലും വലിയ കുഴികളിലും കാളകള്‍ നന്നേ വിഷമിച്ചു. ഈ പൊതുനിരത്ത് ഒരിക്കല്‍ വിസ്തൃതിയാര്‍ന്ന ഒരു കോണ്‍ക്രീറ്റ് റോഡായിരുന്നെന്ന് അവള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.മുതു മുത്തച്ഛന്മാരിലൂടെ പകര്‍ന്നുകിട്ടിയ അറിവ്.അന്നീ മിനുസ്സമായ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളാണത്രെ ഓടിയിരുന്നത്.അവയുടെ ബഹുവര്‍ണ്ണച്ചിത്രങ്ങള്‍ പഠിക്കുന്ന കാലത്തെന്നോ ചരിത്രപുസ്തകങ്ങളില്‍ കണ്ടിട്ടുള്ള ഓര്‍മയാണ് അവള്‍ക്ക്.ആ ചിത്രങ്ങളിലൂടെ വേഗതയുടെ മൂര്‍ദ്ധന്യം അനുഭവിച്ച പാവം മനുഷ്യരെകുറിച്ച് അവള്‍ ചിന്തിച്ചിരുന്നു.വേഗത്തില്‍ ലക് ഷ്യം പ്രാപിച്ച പാവങ്ങള്‍. ചീറിപ്പായുന്ന വാഹനങ്ങളില്‍നിന്ന് കാളവണ്ടിയിലെത്തിനില്‍ക്കുന്ന മുന്നേറ്റത്തിന്റെ ദൂരം എന്തുമാത്രമാണെന്ന് തെല്ലിട അവള്‍ വിസ്മയപ്പെട്ടു. വിളക്കുകള്‍ പ്രകാശിച്ചുനില്‍ക്കുന്ന മരുന്നുകട ദൂരെ പ്രത്യക്ഷമായപ്പോള്‍ അവള്‍ ഭര്‍ത്താവിനെ തട്ടിവിളിച്ചു. 'മക്കള്‍ക്കെന്തെങ്കിലും വാങ്ങണ്ടെ?' അയാള്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഒന്നമര്‍ത്തി മൂളി. മരുന്നുകടയുടെ ഒരരികില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന കാളവണ്ടികള്‍ക്ക് പിറകിലായി മെല്ലെ അവള്‍ കാളകളെ തെളിച്ചു നിര്‍ത്തി. മരുന്നുകടയില്‍ പതിവുപോലെ നല്ല തിരക്കുണ്ടായിരുന്നു. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി തിരക്കൊഴിയുന്നതും കാത്തുനിന്നു. ഏറെ നേരെമായിട്ടും തിരക്കൊഴിയുന്നില്ലെന്നായപ്പോള്‍ ആള്‍കൂട്ടത്തിലേക്ക് പതുക്കെയവള്‍ നുഴഞ്ഞു. തത്രപ്പെട്ട് മകന് ഒരു പൊതി കഞ്ചാവും മകള്‍ക്ക് ഫലവത്തായ കോണ്ട്രാസെപ്റ്റീവ് ഗുളികകളും വാങ്ങി പതുക്കെ പുറത്തേക്ക് ഊര്‍ന്നിറങ്ങിയപ്പോഴേക്കും അവള്‍ വല്ലാതെ വിയര്‍ത്തുപോയിരുന്നു. നേരെ കാളവണ്‍ടിയില്‍ ചെന്നിരുന്ന് ഒരല്‍പനേരം സാരിത്തലപ്പുകൊണ്ട് വീശി വിയര്‍പ്പാറ്റി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ യാത്ര തുടര്‍ന്നു. നിരത്തിലപ്പോള്‍ വരിയൊപ്പിച്ച് ഒരു മഹായാനത്തിലെന്ന പോലെ ഏതൊ ലക് ഷ്യത്തിലേക്ക് ഒച്ചിലിഴയുന്ന അറ്റം കാണാത്ത കാളവണ്ടികള്‍ . മുന്നിലും പിന്നിലുമായി നീങ്ങുന്ന അവയുടെ കുടമണിയൊച്ചകള്‍ ഒന്നായി കൂടിക്കലര്‍ന്നു ഒരു താളമായി മാറിയിരുന്നു. ആ താളത്തില്‍ കിടന്ന് 'അവളു'ടെ ഭര്‍ത്താവ് സുഖമായി കൂര്‍ക്കം വലിച്ചുറങ്ങി. അപ്പോള്‍ ആചരിക്കുന്ന സംസ്കൃതിയുടെ സൗഭാഗ്യങ്ങളില്‍ പൊടുന്നനെ മനസ്സുണര്‍ത്തി വര്‍ദ്ധിച്ച ആവേശത്തോടെ ചാട്ടവാര്‍ ചുഴറ്റുകയായിരുന്നു കല്യാണിയെന്ന ഭാര്യ.