Saturday, January 24, 2009

ചാക്രികായനങ്ങളിലൊന്നില്‍

(ചെറുകഥ) ഋതുപ്പകര്‍ച്ചയുടെ നിയത കല്‍പനകളെ കൂസാതെ മഞ്ഞുമലകള്‍ ഹിമപാതം തുടര്‍ന്നു. സമതലങ്ങള്‍ പുഴയാവുകയും പുഴകള്‍ നിത്യവ്രണിതയുടെ കണ്ണീര്‍ച്ചാലുപോലെ മരുപ്പറമ്പ് തേടി ഇഴയുകയും ചെയ്തു. വിഭ്രാന്ത സൂര്യന്റെ കൊടുംതാപത്താല്‍ വിണ്ടുപോയ കായ്കനികളേയും കരിഞ്ഞ ഇലത്തളിരുകളേയും മാറത്തടുക്കി ഹരിത ഭൂമികള്‍ വിലാപം കൊള്ളുകയായി. തേര്‍വീഥികളില്‍ രഥചക്രങ്ങള്‍ വിറളിപൂണ്ടുരുണ്ടപ്പോള്‍ ചരിത്രത്തിന്റെ താളിയോലകളില്‍ എഴുത്താ​‍ണികള്‍ പതിവു തെറ്റി ആഴത്തില്‍ ചലിച്ചു.താളിയോലകളില്‍ ജനിക്കുന്ന വടുക്കളില്‍ ചാക്രികായനത്തിന്റെ തുടക്കം. ശയ്യവലംബയായ കാലം അമൂര്‍ത്തതയുടെ പച്ചമരുന്നുകള്‍ക്കുവേണ്ടി പിന്നേയും പിന്നേയും കേണു. ഇപ്പോള്‍.. ഒരുഷ്ണഭൂമിയില്‍, ഒരിടത്താവളത്തിലെ തണുപ്പിച്ച മുറികളിലൊന്നില്‍ ‍ കല്യാണിയെന്ന ഭാര്യ തന്റെ കാമുകന്റെ മാറില്‍ സുരതാലസ്യത്തിന്റെ പാതികൂമ്പിയ മിഴികളുമായി അരുമയോടെ കിടക്കുകയാണ്. അവളുടെ മനസ്സാകട്ടെ ഇന്നലെകളുടെ വര്‍ണ്ണതലങ്ങളിലേറി സ്മൃതിയുടെ മുനമ്പുകളില്‍ നിന്നു മുനമ്പുകളിലേക്ക് പാറിപ്പറന്ന് യാത്ര ചെയ്യുകയുമാണ്. യാത്രയിലെ ഒരിടയ്ക്ക് ഏതോ കിനാവള്ളികളില്‍ തടഞ്ഞു നിന്ന് അവള്‍ മൃദുവായി ചിരിച്ചു. പിന്നെ വര്‍ദ്ധിച്ച ഹര്‍ഷത്തോടെ അയാളുടെ മാറില്‍ മുഖമുരുമ്മി പൂണ്ടടക്കം പിടിച്ചു. അവളുടെ ചേഷ്ടകളില്‍ അര്‍ദ്ധനിദ്രയുണര്‍ന്ന അയാള്‍ അവളുടെ വിരുത്തിയ മുടിയിഴകളിലേക്ക് കണ്ണുകള്‍ തുറന്നു.പിന്നെ ചോദിച്ചു. "നീയെന്താ കാട്ടണേ.... നിനക്ക് പോകണ്‍ടെ?"ഒരു മറുപടിക്കുമുമ്പ് ഗോപുരമണി പലപാട് തവണ ചിലച്ചു. അയാളുടെ മാറില്‍ മുഖമാഴ്ത്തിക്കൊണ്ട് അസ്വസ്ഥയായി ഗോപുരമണിക്കെതിരെ അവളപ്പോള്‍ ചെവിപൊത്തിക്കിടന്നു. "നശിച്ച ഈ ഘടികാരം" അവള്‍ പിറുപുറുത്തു.നഗരത്തിലെ എല്ലാ ഭാര്യമാരും ഇതുപോലൊരാലസ്യ നിമിഷങ്ങളില്‍ കിടന്നുകൊണ്ട് കല്യാണിയെപോലെ പിറുപിറുക്കയായിരുന്നു. സമയനിഷ്ടകളില്‍ ചോര്‍ന്നു പോവുന്ന ഭാര്യാജീവിതങ്ങള്‍ക്കറുതിയായി സമയ നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിക്കൊണ്ടുള്ള നഗരാധിപന്റെ ഏറ്റവും നൂതനമായ ഒരു പരിഷ്കാരം പ്രാബല്യത്തില്‍ വന്നൂവെങ്കിലും നഗരഹൃദയത്തിലെ ഗോപുരമണി അപ്പോഴും മുറതെറ്റാതെ ഒരപായമുന്നറിയിപ്പെന്ന പോലെ അവരുടെ വിനോദ സന്ദര്‍ഭങ്ങള്‍ക്കുമേല്‍ വന്നു വീണുകൊണ്ടേയിരുന്നു. ഈ പരിഷ്കാരമുണ്ടാവുന്നതിനുമുമ്പു തന്നെ സമയസൂചികള്‍ ഉപേക്ഷിച്ചു തുടങ്ങിയവരായിരുന്നു പരിഷ്കാരപ്രിയരായ നഗരഭാര്യമാര്‍. 'സമയനിഷ്ടകളില്‍ തലതല്ലി മരിക്കാന്‍ ഞങ്ങളില്ല ..സമയ നിര്‍മാണശാലകള്‍ അടച്ചുപൂട്ടുക.' നഗരാധിപന്റെ മേശപ്പുറം അവരുടെ കത്തുകള്‍കൊണ്ട് കനത്തുപോയ ഒരു ദിവസമായിരുന്നു ഔദ്യോഗികമായ ഈ പരിഷ്കാര പ്രഖ്യാപനമുണ്ടായത്. പക്ഷെ അപ്പോഴും നഗരത്തിലെ ഗോപുരമണിയെ തന്റെ ഹൃദയസ്പന്ദനം പോലെ നഗരാധിപന്‍ കാത്തു. സ്പന്ദിക്കുന്ന ഗോപുരമണി സ്പന്ദിക്കുന്ന തന്റെ ഹൃദയമാണെന്നും ഗോപുരമണിയെ നിശ്ചലപ്പെടുത്തുന്നത് തന്റെ ഹൃദയസ്പന്ദനത്തെ നിശ്ചലപ്പെടുത്തുന്നതിനു തുല്യമാണെന്നുമാണ് ഏറ്റവുമൊടുവില്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ ഹൃദ്രോഗിയായ നഗരാധിപന്‍ വെളിപ്പെടുത്തിയത്. അതുകൊണ്ട് കൃത്യനിഷ്ടയുള്ള ഗോപുരമണി നഗരഭാര്യമാരുടെ മനസ്സില്‍ സുഖാലസ്യം കെടുത്തുകയും സമയബോധമുണര്‍ത്തുകയും ചെയ്യുന്ന ഒരു ഭയപ്പാടായിത്തീര്‍ന്നു. നുറുങ്ങിയ ആലസ്യനിമിഷങ്ങളുമായി കിടന്ന അവളുടെ കാതില്‍ നുരയിടുന്ന കാമുകന്റെ ഹൃദയതാളത്തിനൊപ്പം ഒരിടയ്ക്ക് കാളവണ്ടിയുടെ പതിഞ്ഞ കുളമ്പടി ശബ്ദവും കുടമണിയൊച്ചയും പടര്‍ന്നു. കെട്ടിടത്തിനു താഴെ അത് ചിലമ്പിച്ച് തീര്‍ന്നപ്പോള്‍ അവള്‍ മെല്ലെ എഴുനേറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. ശിരസ്സ് മുതല്‍ കാല്‍പാദം വരെ മൂടുന്ന ഒരു വേഷമായിരുന്നു അത്.കൈകാല്‍ വിരലുകളും മുഖവുമൊഴിച്ച് മറ്റെല്ലാ ശരീരഭാഗങ്ങളും ഒളിഞ്ഞു നില്‍ക്കുന്ന നഗരഭാര്യമാരുടെ ഒരു പതിവു വേഷം.അവള്‍ ഉടുത്തൊരുങ്ങി നിലക്കണ്ണാടിക്കുമുന്നില്‍ നിന്നപ്പോഴേക്കും മുറിക്കു പുറത്ത് കാല്‍പെരുമാറ്റം കേട്ടു.ഉറങ്ങിപ്പോയ കാമുകന്റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കി അവള്‍ വാതില്‍ക്കലേക്ക് നടന്നു.ഭര്‍ത്താവിന്റെ വരവാണ്. അനുവദിക്കപ്പെട്ട വിനോദസമയം കഴിഞ്ഞിരിക്കുന്നു.അടഞ്ഞ വാതിലില്‍ മുട്ടുയരാന്‍ കാത്തുനില്‍ക്കാതെ അവള്‍ വാതില്‍തുറന്ന് അയാളോടൊപ്പം നടന്നു. അയാളുടെ കണ്‍പോളകള്‍ വീര്‍ത്തു ചുവന്നിരുന്നു. നടക്കാന്‍ ആയാസപ്പെട്ട അയാള്‍ തന്റെ ഭാര്യയുടെ ചുമലില്‍ മെല്ലെ വലതുകൈ താങ്ങി. "നിങ്ങളിന്ന് പതിവിലും ഏറെ കുടിച്ചിട്ടുണ്ടല്ലേ?""എന്തേ നീയിന്നു കുടിച്ചില്ലേ?" അവളുടെ ചോദ്യത്തിനു ഒരു മറുചോദ്യമായിരുന്നു ഭര്‍ത്താവിന്റെ ഉത്തരം. 'ഇല്ല..ഇന്ന് കുടിക്കാനുള്ള മൂഡുണ്ടായിരുന്നില്ല. " ആട്ടെ.. ഇന്നന്തേ കൗസല്യയെ നിങ്ങള്‍ നേരത്തെ വിട്ടോ? അതോ വന്നില്ലേ? ചോദ്യം കേട്ട് അയാളൊന്നു കുലുങ്ങിചിരിച്ചു. 'വരാതിരിക്ക്യേ.. നല്ല കഥ. നമ്മുടെ പിതാമഹന്മാര്‍ ചോരയും നീരും നല്‍കി നൂറ്റാണ്ടുകളായ് കെട്ടിപ്പടുത്ത ഒരു മഹാസംസ്കൃതിയുടെ ലംഘനമാവില്ലേ... അവള്‍ വന്നു .. നേരത്തെ പോയി. ഇന്നവള്‍ക്ക് നഗരാധിപന്റെ കൊട്ടാരത്തില്‍ നടക്കുന്ന തേങ്ങിക്കരച്ചില്‍ മത്സരത്തില്‍ ഭര്‍ത്താവിനോടൊപ്പം പങ്കെടുക്കണമത്രെ. വേറെന്തോ പറഞ്ഞുതുടങ്ങുമ്പോഴേക്കും അയാള്‍ വല്ലാതെ ഉലഞ്ഞുതുടങ്ങിയിരുന്നു.ഭാര്യയുടെ ചുമലില്‍ താങ്ങി വരാന്തയിലെ ഒതുക്കുകല്ലുകളില്‍ വഴുതിയിറങ്ങിയ അയാള്‍ കാളവണ്ടിയുടെ മുന്നിലെ ഇരിപ്പിടത്തിലേക്ക് കയറാനൊരുങ്ങവെ അവള്‍ തടഞ്ഞുകൊണ്ടു പറഞ്ഞു. "വേണ്ട .. ഇന്ന് ഞാന്‍ തെളിക്കാം" ഭര്‍ത്താവിനെ കാളവണ്ടിയുടെ കുടുസ്സായ ഇരിപ്പിടത്തില്‍ കയറ്റിയിരുത്തിയ ശേഷം അവള്‍ മുന്നിലിരുന്ന് കാളകള്‍ക്ക് മേല്‍ ചാട്ടവാര്‍ വീശി. ഇടവഴി താണ്ടി കുണ്ടും കുഴിയും നിറഞ്ഞ പൊതുനിരത്തിലേക്ക് കടന്നപ്പോഴേക്കും നഗരത്തിലെ ഭാര്യാഭര്‍ത്താക്കന്മാരുടെ പേരുകള്‍ പതിച്ച അനേകം കാളവണ്ടികള്‍ മുന്നില്‍ പ്രത്യക്ഷമായി. എല്ലാവരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങുകയാണ്. നിരത്തിലെ ചിതറിയിട്ട കല്ലുകളിലും വലിയ കുഴികളിലും കാളകള്‍ നന്നേ വിഷമിച്ചു. ഈ പൊതുനിരത്ത് ഒരിക്കല്‍ വിസ്തൃതിയാര്‍ന്ന ഒരു കോണ്‍ക്രീറ്റ് റോഡായിരുന്നെന്ന് അവള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.മുതു മുത്തച്ഛന്മാരിലൂടെ പകര്‍ന്നുകിട്ടിയ അറിവ്.അന്നീ മിനുസ്സമായ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളാണത്രെ ഓടിയിരുന്നത്.അവയുടെ ബഹുവര്‍ണ്ണച്ചിത്രങ്ങള്‍ പഠിക്കുന്ന കാലത്തെന്നോ ചരിത്രപുസ്തകങ്ങളില്‍ കണ്ടിട്ടുള്ള ഓര്‍മയാണ് അവള്‍ക്ക്.ആ ചിത്രങ്ങളിലൂടെ വേഗതയുടെ മൂര്‍ദ്ധന്യം അനുഭവിച്ച പാവം മനുഷ്യരെകുറിച്ച് അവള്‍ ചിന്തിച്ചിരുന്നു.വേഗത്തില്‍ ലക് ഷ്യം പ്രാപിച്ച പാവങ്ങള്‍. ചീറിപ്പായുന്ന വാഹനങ്ങളില്‍നിന്ന് കാളവണ്ടിയിലെത്തിനില്‍ക്കുന്ന മുന്നേറ്റത്തിന്റെ ദൂരം എന്തുമാത്രമാണെന്ന് തെല്ലിട അവള്‍ വിസ്മയപ്പെട്ടു. വിളക്കുകള്‍ പ്രകാശിച്ചുനില്‍ക്കുന്ന മരുന്നുകട ദൂരെ പ്രത്യക്ഷമായപ്പോള്‍ അവള്‍ ഭര്‍ത്താവിനെ തട്ടിവിളിച്ചു. 'മക്കള്‍ക്കെന്തെങ്കിലും വാങ്ങണ്ടെ?' അയാള്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഒന്നമര്‍ത്തി മൂളി. മരുന്നുകടയുടെ ഒരരികില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന കാളവണ്ടികള്‍ക്ക് പിറകിലായി മെല്ലെ അവള്‍ കാളകളെ തെളിച്ചു നിര്‍ത്തി. മരുന്നുകടയില്‍ പതിവുപോലെ നല്ല തിരക്കുണ്ടായിരുന്നു. അവള്‍ വണ്ടിയില്‍ നിന്നിറങ്ങി തിരക്കൊഴിയുന്നതും കാത്തുനിന്നു. ഏറെ നേരെമായിട്ടും തിരക്കൊഴിയുന്നില്ലെന്നായപ്പോള്‍ ആള്‍കൂട്ടത്തിലേക്ക് പതുക്കെയവള്‍ നുഴഞ്ഞു. തത്രപ്പെട്ട് മകന് ഒരു പൊതി കഞ്ചാവും മകള്‍ക്ക് ഫലവത്തായ കോണ്ട്രാസെപ്റ്റീവ് ഗുളികകളും വാങ്ങി പതുക്കെ പുറത്തേക്ക് ഊര്‍ന്നിറങ്ങിയപ്പോഴേക്കും അവള്‍ വല്ലാതെ വിയര്‍ത്തുപോയിരുന്നു. നേരെ കാളവണ്‍ടിയില്‍ ചെന്നിരുന്ന് ഒരല്‍പനേരം സാരിത്തലപ്പുകൊണ്ട് വീശി വിയര്‍പ്പാറ്റി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ അവള്‍ യാത്ര തുടര്‍ന്നു. നിരത്തിലപ്പോള്‍ വരിയൊപ്പിച്ച് ഒരു മഹായാനത്തിലെന്ന പോലെ ഏതൊ ലക് ഷ്യത്തിലേക്ക് ഒച്ചിലിഴയുന്ന അറ്റം കാണാത്ത കാളവണ്ടികള്‍ . മുന്നിലും പിന്നിലുമായി നീങ്ങുന്ന അവയുടെ കുടമണിയൊച്ചകള്‍ ഒന്നായി കൂടിക്കലര്‍ന്നു ഒരു താളമായി മാറിയിരുന്നു. ആ താളത്തില്‍ കിടന്ന് 'അവളു'ടെ ഭര്‍ത്താവ് സുഖമായി കൂര്‍ക്കം വലിച്ചുറങ്ങി. അപ്പോള്‍ ആചരിക്കുന്ന സംസ്കൃതിയുടെ സൗഭാഗ്യങ്ങളില്‍ പൊടുന്നനെ മനസ്സുണര്‍ത്തി വര്‍ദ്ധിച്ച ആവേശത്തോടെ ചാട്ടവാര്‍ ചുഴറ്റുകയായിരുന്നു കല്യാണിയെന്ന ഭാര്യ.

No comments: