Friday, June 5, 2009

ജന്മവിധി

ഗ്നിനാമ്പുകള്‍ ആഴ്ന്നിറങ്ങി ഉരുകിയൊലിക്കുന്ന ശരീരത്തിന്റെ ജ്വലിക്കുന്ന വെട്ടത്തിലേക്ക് ഒരു ജന്മവിളികേട്ടെന്ന പോലെ പറന്നടുത്ത അവളെ ആംഗ്യത്താല്‍ ദൂരെ തടഞ്ഞുനിര്‍ത്തി അവന്‍ ചോദിച്ചു.
"നീയെന്തിനാണെപ്പോഴും എന്നിലേക്ക് പറന്നിങ്ങനെ സ്വയമറിയാതെ എരിഞ്ഞൊടുങ്ങുന്നത്?"
പൊടുന്നനെയുള്ള ഈ വിലക്കില്‍ അവള്‍ പകച്ചു. പിന്നെ പതിയെ തന്റെ കുഴയുന്ന ചിറകുകള്‍ വായുവിലൂന്നി പ്രേമപുരസ്സരം അവനെ നോക്കി മൃദുവായി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
"പ്രിയനെ.. സ്വയം ഉരുകിത്തീരുന്ന നിന്നിലേക്ക് ഞാന്‍ സ്വയമറിയാതെയാണ് പറന്നടുക്കുന്നതെന്ന കള്ളം ആരാണ് നിനക്ക് പറഞ്ഞുതന്നത്? ഞാന്‍ നിന്റെ വെളിച്ചത്തെ പ്രണയിക്കുന്നു. അതുവഴി നിന്നേയും. നീയത് അറിഞ്ഞിട്ടും അറിയുന്നില്ലെന്ന് ഭാവിക്കുന്നു. നിന്റെ പ്രഭയാര്‍ന്ന പ്രണയ വലയത്തില്‍ എത്തിച്ചേരുകയെന്നതാണ് എന്റെ ജന്മവിധി. നിന്റെ ഊഷ്മളമായ ഉച്ഛ്വാസാന്തരീക്ഷത്തില്‍ ഞാനെത്രമാത്രം ആഹ്ലാദവതിയാണെന്ന് നീ കണ്ടിട്ടില്ലേ?.. പാട്ടു പാടിയും നൃത്തം വെച്ചും വായുവില്‍ ചിത്രമെഴുതിയും നിന്റെ സ്നേഹവൃത്തത്തില്‍ പാറിനടക്കുമ്പോള്‍ ഞാന്‍ തിരയുന്നത് എന്റെ തന്നെ ജന്മസാഫല്യമാണ്.എല്ലാറ്റിനുമൊടുവില്‍ നിന്നിലലിഞ്ഞുചേരുമ്പോള്‍ ഞാന്‍ പ്രണയ സായൂജ്യമടയുന്നു.."

മിന്നിയും മങ്ങിയും കത്തിത്തീരാറായ അവന്‍ ‍തന്റെ എരിയുന്ന ശിരസ്സൊന്നുകുടഞ്ഞു നിസ്സഹായതയോടെ എന്തോ പറയാനാഞ്ഞപ്പോള്‍ പൊടുന്നനെ എങ്ങു നിന്നോ ഒരു കാറ്റ് വീശിയടിച്ചെത്തി. അവന്‍ എല്ലാ ശക്തിയുമെടുത്ത് തന്റെ നേര്‍ക്കെത്തിയ കാറ്റിനു നേരെ ഉലഞ്ഞുകൊണ്ട് പിടിച്ചു നിന്നു.

" നീ കാണുന്നില്ലേ എത്ര യാതനകള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയിലാണ് ഞാനെന്‍ ചെറുവെളിച്ചം ഇവിടെ ചൊരിയുന്നത്. ഈ വെളിച്ചത്തിന്റെ നന്മയും അതിന്റെ തുടക്കവുമാണ് ഞാന്‍ കാംക്ഷിക്കുന്നത്. അല്ലാതെ ഒന്നിന്റേയും ഒടുക്കമല്ല.നിനക്കെന്റെ വെളിച്ചത്തെ പ്രണയിക്കാം പക്ഷെ .. എന്നെ പുണരാന്‍ .. എന്നിലലിഞ്ഞുചേരാന്‍ നീയെന്തിനു വെമ്പുന്നു..നിന്റെ ചപലത എനിക്കുള്‍ക്കൊള്ളാനാവാത്തതാണ്.. നീ നിന്റെ ജന്മവിധിയെ മറികടക്കുക.. ദൂരേക്ക് പറന്നുപോവുക."

അവനെ സാകൂതം കേട്ടുനിന്ന അവളുടെ ചിറകുകള്‍ നിരാശയാല്‍ കുഴഞ്ഞു. സ്വന്തം ജന്മവിധി സ്വയം തിരുത്തുന്നതെങ്ങനെയെന്ന സന്നിഗ്ദതയില്‍ അവള്‍ തളര്‍ന്നു. ഒരു തിരിച്ചു പോക്കിന്റെ വാതില്‍ പോലുമന്വേഷിക്കാനാവാതെ അവള്‍ വായുവില്‍ പിടിയയഞ്ഞു താ​‍ഴേക്ക് പതിക്കാനായവെ അവന്‍ സ്വയമറിയാതെ പെട്ടെന്നുരുള്‍വിളിയാല്‍ അവളെ രക്ഷിക്കാനായ് തന്റെ കൈകള്‍ നീട്ടി. മരണത്തിന്റെ കൈകള്‍ അവള്‍ മുറുകെ പിടിച്ചു. ഞൊടിയിടയില്‍ എരിഞ്ഞൊടുങ്ങിയ അവള്‍ നിര്‍വൃതിയോടെ ആത്മാവിന്റെ നയനങ്ങള്‍ തുറന്നു അവസാനമാ​‍യി അവനോടിത്രയും പറഞ്ഞു.
"എന്റെ പ്രിയനെ.. ജന്മവിധികള്‍ക്ക് മരണമില്ലെന്നെങ്കിലും നീയറിയുക"

(അടിക്കുറിപ്പ്: ഇതിലെ അവന്‍ അവളും അവള്‍ അവനുമായിരിക്കാം)