(ചെറുകഥ)
നെഞ്ചോടു ചേര്‍ത്ത കൈക്കുഞ്ഞുമായി തീവണ്‍ടിയാപ്പീസിന്റെ സിമന്റ്പടവുകള്‍ കിതപ്പോടെ ചവിട്ടിക്കയറി രഘുവരന്‍ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി.കവാടത്തിലെ ചവിട്ടുകല്ലില്‍ വ്യഗ്രത പടര്‍ന്ന മുഖമുള്ള യാത്രികരെ ജനിപ്പിച്ചുവിട്ട് വാഹനങ്ങള്‍ മാറിമറിയുന്നു. അവ ദൂരെ നഗരബഹളങ്ങളിലേക്ക് വീണ്ടും അലിഞ്ഞുചേരുന്നു. മുഖാമുഖം നിന്ന പ്ലാറ്റ്ഫോമുകളില്‍ എതിര്‍ദിശകളിലേക്ക് മുഖം തിരിച്ചു പച്ചവെളിച്ചം കാത്തുനില്‍ക്കുന്ന തീവണ്ടികള്‍. ചവിട്ടുകല്ലില്‍ നിന്നും ഒഴുകിത്തുടങ്ങുന്ന മുഖങ്ങള്‍ ഗോവണിച്ചുവട്ടിലെ കൗണ്‍ടറില്‍ നിന്നും യാത്രാടിക്കറ്റുകള്‍ കരസ്ഥമാക്കി സിമന്റുപടവുകള്‍ ഓടിക്കയറി രഘുവരനേയും കടന്ന് തീവണ്‍ടിമുറികളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. രഘുവരന്റെ കണ്ണുകള്‍ ഇപ്പോഴും പടര്‍ന്നൊഴുകുന്ന മുഖങ്ങളെ കൊത്തിവലിക്കയാണ്. അവയില്‍ വേവലാതിപൂണ്ട് പിടയ്ക്കുന്ന മനസ്സോടെ തന്നേയും കുഞ്ഞിനേയും തേടിത്തുടിക്കുന്ന കവിതയുടെ മുഖം രഘുവരന്‍ വെറുതെ പ്രതീക്ഷിക്കുന്നു.പാശ്ചാത്താപവിവശയായി ഉഴറിയടുക്കുന്ന തന്റെ കവിതയെ.
തൊട്ടുമുന്നിലെ കറുത്തചില്ലില്‍ യാത്രാസമയം അധികരിച്ചെന്ന ചുവന്ന അറിയിപ്പുകണ്ടപ്പോള്‍ രഘുവരന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ട് തീവണ്ട് മുറിയിലേക്ക് കയറി. വിശ്രാന്തിയുടെ കുഞ്ഞോളങ്ങള്‍ തീവണ്ടിമുറിയിലെ മുഖങ്ങളില്‍ തഴുകിയിറങ്ങുന്നു. തീവണ്ടി ചലിച്ചപ്പോള്‍ യാത്രാമൊഴിചൊല്ലിപ്പിരിനഞ്ഞവരുടെ കൈകള്‍ ഒരിക്കല്‍കൂടി ഇളകിയാടി. സീറ്റില്‍ ചാരിയിരുന്ന് യാത്രയുടെ താളമാവാഹിച്ച് ഏവരും തെല്ലിട കണ്ണുകളടച്ച് ഏതെല്ലാമോ ചിത്രങ്ങള്‍ക്ക് പിന്നാലെ പോവുകയായി.
സീറ്റില്‍ പടിഞ്ഞിരുന്ന് ഉറങ്ങുന്ന കുഞ്ഞിനെ മടിയില്‍ കിടത്തി രഘുവരന്‍ തെന്നിപ്പോവുന്ന പച്ചത്തലപ്പുകളിലൂടെ പിന്നോക്കം യാത്രയാകുന്നു. "വേണ്ട അങ്ങോട്ട് പോകരുത്" കല്‍പ്പനകേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ വാതില്‍പ്പുറക്കാഴ്ചകളില്‍ ജിജ്ഞാസപൂണ്ട ഒരു കുട്ടിയെ യുവതിയായ അവന്റെ അമ്മ ശാസിക്കുന്നു.പിന്നെ കവച്ചുവെച്ച കാലുകള്‍ക്കിടയിലായി അവനെ തളച്ച്, സഞ്ചി തുറന്ന് അവള്‍ മോഹിപ്പിക്കുന്നു. നാവില്‍ നുണഞ്ഞ മധുരപലഹാരങ്ങളില്‍ കാഴ്ചയുടെ കൗതുകം അവനെവിടെയോ മറന്നു.
മുറിഞ്ഞുപോയ പച്ചത്തലപ്പുകളെവിട്ട് മടിയിലെ കുഞ്ഞുമുഖത്തെ കണ്ണുകളില്‍ നിറച്ചു. തീവണ്ടിമുറി സജീവമായിത്തുടങ്ങുന്നു. കുഞ്ഞിക്കൈകള്‍ മാറില്‍വെച്ചുറങ്ങുന്ന കുഞ്ഞുരൂപം എല്ലാശബ്ദങ്ങള്‍ക്കുംമേലെ ഒരു മറയായി രഘുവരന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു. കാഴ്ചയിലും മനസ്സിലും അവന്‍ നിറഞ്ഞുതുളുമ്പി.
അവന്‍ തുളുമ്പിത്തുടങ്ങവെ മുന്നില്‍ പുഛം കലര്‍ന്ന മുഖവുമായി കവിത പൊട്ടിത്തെറിക്കുന്നത് രഘുവരന്‍ കണ്‍ടു."പേടിപ്പിക്കണ്ട..നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നതില്‍ എനിക്ക് ലജ്ജയേയുള്ളു"കുതിച്ചോടുന്ന തീവണ്‍ടി പുഴകള്‍ കടന്നു.തുരങ്കങ്ങളും നെല്‍പ്പാടങ്ങളും ജനപദങ്ങളും കടന്നു. തീവണ്‍ടിമുറിയില്‍ പെറ്റഭൂമികളെ കൊതിക്കുന്ന മനസ്സുകള്‍ ഏതോ ശാന്തി കൈവരിക്കുന്നു. തീവണ്ടിയെ പൊതിഞ്ഞ് ജനലഴികള്‍ക്കിടയിലൂടെ തത്രപ്പെട്ട് കയറുന്ന ഏതോ നദിക്കാറ്റ് തണുപ്പിന്റെ കൈകളുമായി രഘുവരനേയും കുഞ്ഞിനേയും വാരിപ്പുണര്‍ന്നു."അരുത്" രഘുവരന്‍ നദിക്കാറ്റിനോട് പറഞ്ഞു "എന്റെ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്"
കാറ്റ് തണുപ്പിന്റെ കൈകളയച്ച് പതിയെ പിന്‍ വാങ്ങി. വീണ്ടും പച്ചത്തലപ്പുകളിലേക്ക് തന്നെ രഘുവരന്‍ ചെന്നുമുട്ടി.
ചലിക്കുന്ന ചുറ്റുചുമരുകള്‍ക്കുള്ളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരു കൊച്ചുലോകം. ആ ലോകത്തിലൊതുങ്ങി ശാന്തി കൈവരിക്കാന്‍ എന്തുകൊണ്ടോ രഘുവരനാവുന്നില്ല.പച്ചത്തലപ്പുകളിലൂടെ പിന്നോക്കം പായുകയാണ് മനസ്സ്. നോവുമാത്രം നല്‍കാനായി കയറിയിറങ്ങുന്ന ശപിക്കപ്പെട്ട കുറേ ചിത്രങ്ങള്‍. കാഴ്ചകള്‍ക്കപ്പുറമുള്ള നിറഞ്ഞ ഇരുട്ടില്‍ അവ തെളിഞ്ഞ് ചലിച്ചുകൊണ്ടിരിക്കുന്നു. മുന്നിലെ ചെറിയ ലോകത്തില്‍ മനസ്സുറപ്പിച്ചു നിര്‍ത്താന്‍ രഘുവരന്‍ തനിക്കിഷ്ടപ്പെട്ട ഏതോ ഈരടികളെ ചുണ്ടില്‍ വരുത്തി. ചുണ്ടനങ്ങാതെ ആരുമറിയാതെ തീവണ്ടിമുറിയില്‍ ഈണം നിറഞ്ഞുകൊണ്ടിരുന്നു.
മനസ്സില്‍ നിറഞ്ഞ ഈണങ്ങള്‍ ദിശതെറ്റി സഞ്ചരിച്ചുതുടങ്ങിയിരുന്നു.അവ രഘുവരനേയും ചിറകിലൊതുക്കി മറക്കാന്‍ ശ്രമിക്കുന്ന നഗരപ്രാന്തത്തില്‍ വീണ്ടും വീണ്ടു നിക്ഷേപിക്കുന്നു.ഈരടികളും ഈണങ്ങളും രഘുവരനില്‍ ക്രൂരമായ ഒരു സ്മൃതിരൂപമായി നിറയുകയാണ്. ഈണങ്ങളെ കൂടി കൈയ്യൊഴിയേണ്ടിവരുമോ? അനിഷ്ടങ്ങള്‍ മാത്രമാവുന്ന സ്മൃതികളിലേക്ക് തള്ളിവിട്ട് കരുണയില്ലാതെ പൊട്ടിച്ചിരിക്കുന്നമനസ്സ്. എന്നാണീ വല്ലായ്മകളൊതുങ്ങുക? രഘുവരന്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നുപിടിച്ചു. പതുക്കെ..വളരെ പതുക്കെ തന്റെ കാഴ്ചകള്‍ എവിടെയോ അലിഞ്ഞില്ലാതാവുന്നത് അയാള്‍ അറിഞ്ഞു.
പിന്നേയും പിന്നെയും മാടിവിളിക്കുന്ന പച്ചത്തലപ്പുകള്‍. രഘുവരന് അരിശം വന്നു.മുന്നിലെ സീറ്റിലിരിക്കുന്ന യുവതിയില്‍ കൗതുകക്കാരനായ കുട്ടിയില്‍ കാഴ്ചയുടക്കുമ്പോഴെല്ലാം അത് കവിതയായും അവളുടെ വശം കെടുത്തുന്ന സാമീപ്യം മാത്രമായും രഘുവരനു അനുഭവപ്പെട്ടു.
പോകൂ.. ശേഷിച്ച സ്വൈര്യമെങ്കിലും എനിക്ക് വിട്ടുതരൂ... പിന്നോക്കം യാത്രയാവുന്ന പച്ചത്തലപ്പുകളോട് രഘുവരന്‍ കേണു.
ശാന്തി തേടിയുള്ള ഈ യാത്രയില്‍ അതിക്രമിച്ച് കൂട്ടു ചേരാന്‍ ഞാന്‍ സമ്മതിക്കില്ല. നിങ്ങളെ ഞാന്‍ വെറുക്കുന്നു. ഒന്നും അറിയാത്ത പാവം മനസ്സ്, എല്ലാം ഒരിടയ്ക്ക് വാരിവിഴുങ്ങുകയും മറ്റൊരിടയ്ക്ക് അനിഷ്ടങ്ങളായെടുത്ത് അയവിറക്കുകയും ചെയ്യുന്ന പൊട്ട മനസ്സിനു ഒന്നുമറിയില്ല. ഓര്‍ക്കാന്‍ ... യാത്ര തീരുന്ന മുന്നറ്റത്ത് സ്നേഹമയിയായ ഒരമ്മയില്ലേ?.. ചൊരിയാന്‍ ശാന്തികുംഭങ്ങളുമായി വഴക്കൈയിലെ കാക്കകളോട് മകനു മകനും എന്നുവരുമന്നന്വേഷിക്കുന്ന അമ്മയിലേക്ക് പൊടുന്നനെ അയാളുടെ ഓര്‍മ്മയുടെ മുഖം തിരിഞ്ഞു.
"അമ്മിണി ഒരു പാവം കുട്ടിയാണ്. നിന്റെ നഗരത്തിന്റെ കാപട്യമറിയാത്ത ഒരു പാവം പെണ്ണ്. അവള്‍ വിഷമിക്കേണ്ടിവരുന്നതിലേ എനിക്ക് സങ്കടമുള്ളു.നിന്റെ കവിതയെ ഞന്‍ കണ്ടിട്ടില്ലെങ്കിലും നിനക്കൊന്നും പിഴക്കുകയില്ലെന്ന് അമ്മ വിശ്വസിക്കുന്നു. നിന്റെ ഇഷ്ടാനിഷ്ടങ്ങളെ ഈ പാവം അമ്മയ്ക്കുമുള്ളു."
അമ്മയുടെ വാക്കുകള്‍ രഘുവരനില്‍ ഒരു മുറിവോടെ അരിച്ചിറങ്ങി.തെറ്റിയത് അമ്മയുടെ വിശ്വാസമായിരുന്നോ?..
നിനക്കൊന്നും പിഴക്കുകയില്ലെന്ന്...നിനക്കൊന്നും പിഴക്കുകയില്ലെന്ന്...
കാറ്റിന്റെ കൈകള്‍ തഴുകിയിട്ടും രഘുവരന്റെ നെറ്റിയില്‍ വിയര്‍പ്പുചാലുകള്‍ ഒഴുകി. സ്വരുക്കൂട്ടിയ ജീവിത സങ്കല്‍പങ്ങള്‍ പിഴച്ചതെവിടെയാണ്? സാന്ത്വനമരുളേണ്ട പച്ചത്തലപ്പുകള്‍ വീണ്ടും വീണ്ടും ഗതിമാറ്റി കൂട്ടിക്കൊണ്‍ടുപോവുന്നു.ഒടുവില്‍ വിടുന്നതോ കത്തുന്ന ചൂടില്‍. ഗതിതെറ്റുന്ന പ്രയാണത്തെ കുറിച്ചോര്‍ക്കെ രഘുവരന് പേടിതോന്നുകയായി.
ജീവിതത്തിന്റെ ഗണിതരൂപങ്ങളില്‍ അടിതെറ്റിവീണവന്‍ ശാന്തികൊതിക്കുന്നു. ഓര്‍മ്മപ്പുരയുടെ വാതില്‍ താനെ തുറക്കുന്നു. നെഞ്ചകത്തില്‍ വീണ്‍ടും വീണ്‍റ്റും ഒരു പൊള്ളലായി ആഴ്ന്നിറങ്ങുന്ന കവിത.
"നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നതില്‍ എനിക്ക് ലജ്ജയേയുള്ളു. പെരുകിപ്പെരുകുന്ന ഒരേശബ്ദത്തില്‍ രഘുവരന്‍ നിസ്സഹായനായി.
കൗതുകക്കാരനായ കുട്ടിയുടെ നുള്ളുകൊണ്ട് തുടവേദനിച്ചപ്പോള്‍ തീവണ്ടിക്കൂട്ടിലേക്ക് രഘുവരന്‍ വീണ്ടുമെടുത്തെറിയപ്പെട്ടു.അവന്‍ മടിയിലേക്ക് കൈചൂണ്ടി നിന്നു. അവന്റെ അമ്മ കുതറിപ്പോവുന്ന ചിരിയെ ഒതുക്കാന്‍ ശ്രമിക്കുന്നു. കാലുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചൂടുള്ള നനവ് കണ്ട് രഘുവരന്‍ ജാള്യതയോടെ എഴുനേറ്റു. കൈകളിലെ നനഞ്ഞ തുണിമെത്തയില്‍കിടന്ന് കുഞ്ഞ് ചിരിക്കുകയാണ് അവനെ സീറ്റിലേക്ക് കിടത്താനോങ്ങവെ യുവതിയുടെ കൈകള്‍ രഘുവരനു നേരെ നീണ്‍ടു. കൗതുകക്കാരന്റെ കൗതുകമപ്പോള്‍ അമ്മയുടെ കൈത്തൊട്ടിലില്‍ ചിരിക്കുന്ന കുഞ്ഞിലേക്കൊതുങ്ങുന്നതും അവന്‍ കണ്ണുകള്‍ വിടര്‍ത്തി കുനിഞ്ഞുനിന്ന് ചുംബിക്കുന്നതും തുണികളും പാല്‍ക്കുപ്പിയും എടുത്തുവെക്കുന്നതിനിടയില്‍ രഘുവരന്‍ കണ്ടു. നനഞ്ഞ വസ്ത്രം മാറാന്‍ അയാള്‍ മൂത്രപ്പുരയിലേക്ക് നടന്നു.
നേരം മങ്ങി തുടങ്ങുന്നു . പുറം കാഴ്ചകളുടെ നിറം കെട്ടുകെട്ടില്ലാതാകുന്നു . രഘുവരന്‍് വസ്ത്രം മാറി വാതിലിന്‍റെ കമ്പിയഴിയില്‍ പിടിച്ചു നിന്ന് വീശിയടിക്കുന്ന കാറ്റിന് തല വെച്ച് കൊടുത്തു. മുന്നിലൂടെ എതിര്‍ദിശയിലേക്ക് തെന്നിപോകുന്ന വെളിച്ച തുള്ളികള്‍ എവിടെയോ ചിതറി ഇല്ലാതാവുന്നുണ്ടു. കുഞ്ഞിനേയും യുവതിയേയുമോര്‍ക്കെ ഒരുപാടു ദൂരം താണ്ടിയിട്ടും അല്‍പ്പവും നീങ്ങാതെ എവിടെയുമെത്താതെ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നത് പോലെ. വല്ലാത്തോരവസ്ഥ തന്നെ, എന്തിനും എപ്പോഴും കടന്നു വരാമെന്നായിരിക്കുന്നു. യാത്രയിലെ കണികളില്‍ പോലും വല്ലായ്മ നിറയുന്നു. ശാന്തി ഭൂവിലേക്ക് ഒരിക്കലുമൊരിക്കലും എത്താനാവാത്ത ദൂരമാണന്നറിഞ്ഞു രഘുവരന് കരയണമെന്നു തോന്നി. അപ്പോള്‍് കൌതുകക്കാരന്‍ ഒച്ചയുണ്ടാക്കി മുന്നില്‍ വന്നു നിന്നു. 'അമ്മ വിളിക്കണ്' കുഞ്ഞു കരഞ്ഞു തുടങ്ങുന്നത് രഘുവരന്‍ കേട്ടു. കുട്ടിയുടെ പരിചിത ഭാവത്തില്‍ ആര്‍ദ്രമായ മനസ്സ് എവിടെയോ ഉടക്കി നിന്നു പോയതായിരുന്നു.അവനും അമ്മയും മാത്രം ജീര്‍ണിച്ച ഈ യാത്രയില്‍ രഘുവരന്‍െ സഹാനുഭൂതിയുള്ള സഹയാത്രികരാവുന്നു. 'നോക്കൂ.. കുഞ്ഞിന്റെ ദേഹം വല്ലാതെ പൊള്ളുന്നു' വേവലാതിയോടെ യുവതി പറഞ്ഞു. അവള്‍ സാരിത്തലപ്പ് കൊണ്ടു കുഞ്ഞിനെയാകെ മൂടിയിരുന്നു. മാതൃത്വത്തിന്റെ കനിവ് അയാള്‍ അവളില്‍ കണ്ടു. വേപധു പൂണ്ട മുഖവുമായി കരച്ചിലടക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞിനേയും മാറോടു ചേര്‍ത്തവള്‍ നില്‍ക്കെ എന്ത് ചെയ്യണമെന്നറിയാതെ രഘുവരന്‍ കുഴങ്ങി. നീട്ടിയ കൈകളില്‍ ഉള്‍ക്കിടിലത്തോടെ കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോള്‍ പൊള്ളുന്ന ചൂട് അയാള്‍ കൈത്തണ്ടയിലറിഞ്ഞു. രഘുവരന്റെ മനസ്സ് ഇരമ്പിയാര്‍ക്കുന്ന ഒരു സമുദ്രമായി "എന്റെ മോന്‍"
വലിപ്പം വെച്ചു വന്ന തിരമാലകള്‍ രഘുവരനെ മൂടി. യുവതി അപ്പോഴേക്കും നനച്ച ശീലക്കഷ്ണം കുഞ്ഞിന്റെ നെറ്റിയില്‍ പതിച്ചു. അവളുടെ പരിഭ്രമത്തില്‍് രഘുവരന്‍ വല്ലാതെ വിയര്‍ത്തു തുടങ്ങി. നിങ്ങളാരാണ്? കുഞ്ഞിന്റെയമ്മ എവിടെ? എങ്ങോട്ട് പോകുന്നു ? എന്നൊക്കെ അവള്‍ ചോദിച്ചേക്കുമോയെന്നു അയാള്‍ ഭയന്നു. വേണ്ട, ഈ അനുതാപം എന്റെ ശേഷിച്ച സ്വാസ്ഥ്യവും കെടുത്തുകയേയുള്ളു. രഘുവരന്‍ മനസ്സില്‍ പറഞ്ഞു.കുഞ്ഞു കരച്ചിലടക്കി മയക്കം പൂണ്ടു. പൊള്ളുന്ന ചൂട് അച്ഛന്റെ നെഞ്ചിലേക്ക് പകര്‍ന്നു അവന്‍ തളര്‍ന്നുറങ്ങി.കുതിക്കുന്ന വണ്ടി ഇനിയുമെത്രയോ വേഗം ആവാഹിക്കേണ്ടിയിരിക്കുന്നു. ശാന്തി കുംഭങ്ങള്‍ വിരിമാറിലേന്തിയ അമ്മയുടെ സമീപ്യത്തിലേക്ക് തന്റെ മനസ്സ് പോലെയെത്താന്‍ ഈ വേഗം മതിയാവുമോ? രഘുവരന് അങ്ങനെ തോന്നി. ആയിരം കണ്ണുകളോടെ തന്റെ പിന്മുറക്കാരനെ സ്വീകരിക്കാന്‍ അമ്മ കണ്ണും നട്ടിരിക്കയാവും. "ഈയമ്മക്ക് നിന്റെ മകനെ കണ്ടു കണ്ണടയാനുള്ള ഭാഗ്യമുണ്ടാകുമോ? ശാഠ്യം ആര്‍ക്കാണ് ? നിനക്കോ? കവിതയ്ക്കോ?" മുറതെറ്റാതെ കൃത്യമായെത്തുന്ന എല്ലാ കത്തുകളിലും അമ്മ ദീര്‍്ഘ നിശ്വാസം പൊഴിക്കുന്നു. കടലാസ്സില്‍ വിടര്ന്നുലഞ്ഞു കിടക്കുന്ന സ്നേഹത്തിന്റെ വെളുത്ത പൂക്കള്‍. ശാഠ്യം എന്റേതായിരുന്നില്ലമ്മേ. നഗരത്തിന്റെ നിറമാര്‍ന്ന ചതിക്കുഴികളില്‍ സ്വയമില്ലാതാകവേ അമ്മയുടെ മകന് ശാഠ്യമെവിടെ? ഇന്നിപ്പോള്‍ എങ്ങനെയോ അമ്മയുടെ കണ്‍്വെളിച്ചത്തിലേക്ക് വരികയാണ് അമ്മയുടെ മകനും മകനും. തീവണ്ടികൂട്ടിലെ വിലക്കുകളണഞു. കൌതുകക്കാരന്‍് ഉറങ്ങിപ്പോയിരിക്കുന്നു. ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ സീറ്റില്‍ ചാരിക്കിടക്കുകയാണ് അവന്റെയമ്മ. നീല വെളിച്ചം ദുഃഖ സാന്ദ്രമായ നിലാവ് പോലെ തീവണ്ടി മുറിയില്‍ നിറഞ്ഞു നിന്നു. രഘുവരന്‍ ഉറക്കം വെടിഞ്ഞു ഒരുപോള കണ്ണടക്കാതെ കുഞ്ഞിന്റെ പൊള്ളുന്ന ചൂട് നെഞ്ചിലാവാഹിച്ചു കലങ്ങിയ മനസ്സോടെയിരുന്നു. രാത്രിയേറെ ചെന്നപ്പോള്‍ കുഞ്ഞുണര്‍ന്നു വല്ലാതെ കരഞ്ഞു തുടങ്ങി. രഘുവരന്റെ കൈത്തണ്ടയില്‍ ചൂട് പെരുകി. യുവതി അപ്പോഴേക്കും ഉണര്‍ന്നു. അവള്‍ നിസ്സഹായതയോടെ വല്ലാത്ത മട്ടില്‍ അയാളെ നോക്കി. രഘുവരന്റെ കൈകളില്‍ കിടന്നു ഒരിറ്റു ശ്വാസത്തിനു വേണ്ടി അവന്‍ ആയാസപ്പെടുകയായിരുന്നു. പെട്ടെന്ന് അവള്‍ രഘുവരന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ അവള്‍ വേവലാതിയോടെ ശരിക്കും ഒരമ്മയുടെ ഭാവം പൂണ്ടു. ഇടയ്ക്കു കരച്ചില്‍ ഉച്ചത്തിലാവുകയും പതിയെപ്പതിയെ നേര്‍ത്തു വരികയും ചെയ്തു. യുവതിയുടെ കൈത്തൊ്ട്ടിലില്‍് അവന്റെ ചൂടിറങ്ങി വന്നു. പൊടുന്നനെ അവന്‍ തണുത്തു. തന്റെ കൈകളില്‍ നിന്നു അവനെങ്ങോ ഇറങ്ങി പോയതായി രഘുവരനറിയാതെ ഉല്ക്കിടിലത്തോടെ യുവതി അറിഞ്ഞു. "എന്റീശ്വരാ" രഘുവരനത് സത്യമായും കേട്ടു. തീവണ്ടി രഘുവരന്‍ മോഹിച്ച വേഗത കൈവരിച്ച് ഭ്രാന്തമായ ഒരാവേശത്തോടെ കുതിച്ചു പായുകയായിരുന്നു അപ്പോള്‍.
No comments:
Post a Comment