Wednesday, February 4, 2009

ഒരുകൂട്ടം കുറിപ്പുകള്‍

ബഷീര്‍
ഒരു ജീവിത കാലഘട്ടത്തെ അനേകം തുണ്ടുകളായി പകുക്കുകയും വൈവിധ്യവും പരസ്പര വൈരുദ്ധ്യവുമാര്‍ന്ന അനേകം വേഷങ്ങളിലൂടെ അതിന്റെ അനുഭവജ്ഞാനത്തിലൂടെ കാലത്തിനുമുമ്പില്‍ സഞ്ചരിക്കുകയും ചെയ്ത ഒരു മനുഷ്യന്‍‍.ബഷീര്‍ "അയാളൊരു മനുഷ്യനാണ്' എന്ന് അപൂര്‍വമായേ മറ്റുള്ളവരെ കുറിച്ചു പറഞ്ഞിട്ടുള്ളു.‍ കാരണം മനുഷ്യനെന്നാല്‍ ബഷീറിന് സഹാനുഭൂതിയാണ്, സ്നേഹമാണ് അതിലുപരി തന്റെ ചുറ്റിലുമുള്ള പ്രകൃതിയെ തൊട്ടറിയുന്ന നന്മയാണ്. അദ്ദേഹത്തിന്റെ രചനകള്‍ അത് സാക് ഷ്യപ്പെടുത്തുന്നു. ബഷീര്‍സാഹിത്യത്തെ വിലയിരുത്താന്‍ സാഹിത്യത്തില്‍ പൂര്‍വ മാതൃകകള്‍ ഇല്ലെന്നത് ബഷീറിനു മുമ്പ് മറ്റൊരു ബഷീര്‍ ജനിച്ചിരുന്നില്ല എന്നതു കൊണ്ടാണ്. കഥയെഴുതാന്‍ മലയാളാക്ഷരങ്ങള്‍ ശരിയായി പഠിക്കാതിരിക്കുകയും മലയാളത്തെ തന്റെ ഭാഷ പഠിപ്പിക്കുകയും ചെയ്ത ഒരാള്‍. ബഷീറിനെ ഇന്നും വായിച്ചു തീരാത്തതിനൊരു കാരണവും അതു തന്നെ. കാലത്തെ അതിശയിപ്പിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന ഏതൊരു സാഹിത്യാന്വേഷണത്തിനും ബഷീറിനെ തൊടാതെ കടന്നു പോകാനാവുന്നില്ല. കാരണം പാത്തുമ്മയുടെ ആട് കാലത്തിന്റെ പ്ലാവില ചവച്ചരച്ചുകൊണ്ട് ഇന്നും മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നു. അരൂപിയായ നാരായണി മതിലിനപ്പുറം സ്നേഹത്തിന്റെ വിഹ്വലതയും തേങ്ങലുമായി കാലത്തോട് പിണങ്ങി നില്‍ക്കുന്നു. പിന്നെ വക്കില്‍ പൊടിഞ്ഞ ചോരയുള്ള ഒരേടായി സുഹറയും കപടനാട്യത്തെ പുറത്താക്കിയ കുറേ നാട്ടിന്‍‍പുറത്തുകാരും...

മാനവികത
മതദര്‍ശനങ്ങളെല്ലാം തന്നെ സൗമ്യവും ദീപ്തവുമാണെങ്കിലും അതണിയുന്നവരിലെങ്ങിനെയാണ് കിരാതത്വവും ഇരുട്ടും ഒറ്റക്കെട്ടായി സന്നിവേശിക്കപ്പെടുന്നതെന്നത് എക്കാലത്തേയും വലിയൊരു ചോദ്യമാണ്. നമ്മുടെയൊക്കെ അത്രയൊന്നും ശാന്തമല്ലാത്ത മനസ്സിലേക്ക് എപ്പോഴും ക്രൂരനായൊരു വന്യമൃഗത്തെ ആരോ കടത്തിവിടുന്നുണ്ട്. വിശപ്പകറ്റാന്‍ നീ മറ്റുമതക്കാരനെ കൊന്നുതിന്നുകയെന്ന് നിരന്തരം നമ്മെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൂവെടുക്കുമ്പോള്‍ പാമ്പായിപ്പോവുന്ന ഒരു മുതുകാടന്‍ ജാലവിദ്യപോലെ മതദര്‍ശനങ്ങളെ തെരുവിലേക്കിറക്കുന്നത് ഈയൊരു മൃഗമാണ്.അങ്ങിനെ അന്യമതക്കാരെ മുഴുവന്‍ കൊന്നുതിന്നുകഴിയുമ്പോള്‍ നമ്മുടെയെല്ലാം വിശപ്പ് എന്നന്നേക്കുമായി ശമിക്കുമെന്നും നമ്മള്‍ വിശപ്പില്ലാത്ത ദൈവങ്ങളായി പരിവര്‍ത്തിക്കപ്പെടുമെന്നും സ്വപ്നം കാണുന്നു. ഇതൊരു മിഥ്യയാണ്. നമ്മെ ആവേശിച്ചിച്ചിരിക്കുന്ന ഈ മൃഗബാധയെ തിരിച്ചറിയാതെ അവസാനത്തെ ഇരയേയും കൊന്നുതിന്നെന്ന് വിചാരിക്കുമ്പോള്‍ ഇനിയും ശമിക്കാത്തത് വിശപ്പ് മാത്രമാണെന്നാണ് പിന്നേയും നാം തിരിച്ചറിയുന്നത്. അപ്പോള്‍ കൊന്നു തിന്നാന്‍ നമ്മുടെ ഉടപ്പിറപ്പുകള്‍ മാത്രമാണ് ശേഷിച്ചിട്ടുണ്ടാവുക. കുരുക്ഷേത്ര യുദ്ധവും, ആബേലും കായേനും, കാരമസോവ് സഹോദരന്മാരും,വടക്കേയിന്ത്യയിലെ സവര്‍ണ്ണാവര്‍ണ്ണയുദ്ധവും എന്തിന് AP-EP എന്നീ ആംഗലേയാക്ഷരങ്ങളുടെ ചേരിതിരിവും ഉദാഹരണങ്ങള്‍ മാത്രം.നമ്മുടെ അശാന്തിയിലേക്ക് വെളിച്ചമായ് കടന്നുവരേണ്ട മതങ്ങളെ മുന്നില്‍ നിര്‍ത്തി പരസ്പരം വിളക്കൂതിക്കെടുത്തുന്നത് ആരാണെന്ന തിരിച്ചറിവാണ് നമുക്കില്ലാതെ പോവുന്നത്. അത് സ്വയം കണ്ടെത്താത്തിടത്തോളംകാലം മാനവികതയെ നാമെന്നും തീയില്‍ എരിച്ചുകൊണ്ടേയിരിക്കും.സ്വന്തം ഉടയാടകളില്‍ തീപിടിച്ചൊടുങ്ങുന്നതുവരെ.

-----
(2)
മാനവികത എവിടെ നിന്ന് തുടങ്ങണം എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.എല്ലാവിധ മതപാഠശാലകളും പള്ളിക്കൂടങ്ങളും സ്വന്തം ഗൃഹവും മാനവികതയുടെ തുടക്കസ്ഥാനമായി മാറണം."ആ കുട്ടി ‌‌‌‌‌‌‌‌‌‌‌‌‌‌‌‌----- ആണോ" എന്നു ചോദിച്ച രണ്ടാം ക്ലാസുകാരനെ എന്തോ അശ്ലീലം പറഞ്ഞുപോയതായി തോന്നുന്ന രീതിയില്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്ത ഒരു അച്ഛനെ എനിക്കറിയാം. കുട്ടി ഇങ്ങിനെയൊരു അശ്ലീല ചോദ്യം പഠിച്ചത് സ്കൂള്‍ അന്തരീക്ഷത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി. സ്കൂളിനെ തിരുത്തേണ്ട ഗതികേടിലാണിപ്പോള്‍ വീട്.


ഭീകരത
മുംബൈ ഭീകരാക്രമണ പ്രത്യാഘാതത്തിന്റെ ഇരകള്‍ വിപുലവും വ്യത്യസ്തവുമാണ്. വിശകലനത്തില്‍ അതിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും എന്തിന് മാനസികം പോലുമായ തരംതിരിവുകളില്‍ എന്തോ ഒരരുതാത്തത് കലരുന്നുണ്ട്. ദേശിയതാവാദം അതിദേശീയതാവാദമാകുന്ന മനോരോഗം അതിന്റെ സൃഷ്ടിയാണ്. അതിദേശീയതയുടെ ഈ വിജ്രുംഭണത്തില്‍ കാഴ്ചകള്‍ക്ക് മങ്ങലുണ്ടാവുകയും തിരിച്ചറിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. കക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ആദ്യം മോഷണ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അങ്ങിനെ ആരും പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ അതിദേശീയതയെ ഉമ്മറത്തെ കുറ്റിയില്‍ കാവലിനായി തളച്ച് സ്വന്തം വീടുപോലും നിങ്ങള്‍ക്ക് കൊള്ളചെയ്യാം.


ആനന്ദ് പട് വര്‍ദ്ധന്‍
നിങ്ങള്‍ എന്തെല്ലാം അറിയണം എങ്ങിനെ ചിന്തിക്കണം എന്ന് നിങ്ങള്‍ പോലുമറിയാതെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മര്‍ഡോക്കുകളുടെ സാമ്രാജ്യം വികസിക്കുന്തോറും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക ക്ലിപ്തപ്പെടുത്തിയവ മാത്രം. അവയോടു മാത്രം നിങ്ങള്‍ക്കിഷ്ടം തോന്നുകയും സത്യങ്ങളുമായി മുടന്തുന്നവയെ നിങ്ങള്‍ വെറുക്കുകയും ചെയ്യും. ഇത് ശുശ്രൂഷിച്ച് ഭേദപ്പെടുത്തുക എളുപ്പമല്ല. കാരണം നിങ്ങള്‍ നിങ്ങളുടെ ലോകത്തല്ല ജീവിക്കുന്നുണ്ടാവുക.ആനന്ദ് പട് വര്‍ദ്ധന്‍ ഇങ്ങിനെ തിരസ്കൃതനാവുന്നത് ഇതാദ്യമല്ല.


കമ്മ്യൂണിസവും ഇസ്ലാമും
ഒരു ഭൗതിക ശാസ്ത്രം പ്രത്യേകിച്ച് കമ്മ്യൂണിസത്തെ ഏതെങ്കിലും ഒരു ദൈവ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോള്‍ വിസ്ഫോടനമുണ്ടാവുമെന്നും അതുവഴികിട്ടുന്ന ഊര്‍ജ്ജമൂലകങ്ങളെ തങ്ങളുടെ ഇന്ധനമായി പരിവര്‍ത്തിപ്പിക്കാമെന്നുമുള്ളത് ഒരു പഴയ മുതലാളിത്ത കണ്ടുപിടുത്തമാണ്. കാകദൃഷ്ടി പതിഞ്ഞ ഈ വിഷയത്തില്‍ കൈകോര്‍ക്കുന്നവരും കൊമ്പ് കോര്‍‍ക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതൊരു പുതിയ ചര്‍ച്ചയേ അല്ലെന്നതാണ്. അതുകൊണ്ട് ഇപ്പോള്‍ മാത്രമായി ദൈവം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ക്കും ഏകദൈവ വിശ്വാസം ആയ ഇസ്ലാമിനും തമ്മില്‍ പുതുതായൊന്നും നടക്കുന്നില്ല. ചെഗുവരെയുടെ സിനിമ കാണാന്‍ മുസ്ലിങ്ങളായ അറബികള്‍ പോയത് ഈ നടക്കലിന്റെ ഭാഗമായല്ല. കൈരളിക്കത് വാര്‍‍ത്തയായതും അതുകൊണ്ടല്ല. മാര്‍ക്സിസം അതിന്റെ പ്രായോഗിക തലത്തില്‍ മതശക്തികളുമായി സമരസപ്പെടില്ലെന്ന് എങ്ങും പറഞ്ഞതായറിവില്ല. ശത്രുവിന്റെ ശത്രു മിത്രമാവുന്നത് അതുകൊണ്ടുതന്നെ അശ്ലീലവുമല്ല.


തീവ്രവാദത്തിന്റെ ഇരകള്‍
തീവ്രവാദികള്‍ ഇത്രയും തീവ്രമായി വാദിക്കുന്നതെന്താണെന്ന ചോദ്യം ഇന്ന് പ്രത്യക്ഷത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നത് ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ ദുര്‍വായനയുടെ ചുട്ടുപോള്ളുന്ന പരിസരങ്ങളിലാണ്. ഈ ദുര്‍വായന ഒരിക്കലും ആകസ്മികമല്ല. അങ്ങിനെയാണെന്നു വരുത്തിയാലെ നിങ്ങള്‍ക്ക് ചുറ്റും എന്തും ചെയ്യാനായി കുറെ അനുയായികള്‍ ഉണ്ടാവുകയുള്ളു. ഈ പ്രപഞ്ചത്തെത്തന്നെ സംരക്ഷിക്കുന്ന ദൈവത്തിന്റെ മതം, സംരക്ഷിക്കപ്പെടെണ്‍ടതാണെന്നും അതിനു ബ്ലാക്ക് ക്യാറ്റുകള്‍ വേണമെന്നും നിങ്ങള്‍ സ്വയം തീരുമാനിക്കുന്ന പരിഹാസ്യമായ വൈപരീത്യം. ലോകത്തെവിടേയും കൊല്ലുന്ന മതങ്ങളില്ല. കൊള്ളുന്ന മതങ്ങളാണെല്ലാം. നന്മ തിന്മകളില്‍ പാപപുണ്യങ്ങളില്‍ നന്മയേയും പുണ്യത്തേയും മാത്രം ഉള്‍‍ക്കൊള്ളുന്ന മതങ്ങള്‍. പാപികള്‍ക്ക് പ്രായശ്ചിത്തത്തിനായ് പോലും അതൊരിടം നല്‍കുന്നു. അപ്പോള്‍ മതങ്ങളുടെ ദുര്‍ വായനയാണ് വാദങ്ങള്‍ ജീവനെടുക്കുന്ന അളവോളം തീവ്രമാക്കുന്നത്. ഇത് വായിക്കപ്പെടുന്ന മതങ്ങളുടെ കുറ്റം കൊണ്ടല്ല. മറിച്ച് മനുഷ്യന്റെ തന്നെ ചോദനകള്‍ ഹിംസാത്മകമായി വഴിതെറ്റുന്നത് കൊണ്ടാണ്. ദേശീയതയും മത ബോധവും അതിന്റെതായ സ്വരസ്ഥാനങ്ങളില്‍ ഉച്ഛരിക്കപ്പെടാതെ പോവുന്നു. നമ്മുടെ ഭാരതീയ പശ്ചാത്തലത്തില്‍ നാമിന്നഭിമുഖീകരിക്കുന്ന ഏറ്റവും ദുരന്തപൂര്‍ണ്ണമായ ഒന്ന് ദേശീയതയുടെ സ്വകാര്യവല്‍ക്കരണമാണ്. ദേശസ്നേഹം മൊത്തമായി ഏതെങ്കിലുമൊരു വിഭാഗം അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയപ്പാര്‍ട്ടി തങ്ങളുടേത് മാത്രമായി സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ദേശീയതയില്ലാത്ത ഒരു പുറമ്പോക്കുണ്ടാവുകയും അവിടെ ദേശസ്നേഹമില്ലാത്തവരെന്നു ചാപ്പകുത്തിയ ഒരു ജനപ്പാര്‍പ്പുണ്‍ടാവുകയും ചെയ്യുന്നു. അന്യരാജ്യം ക്രിക്കറ്റ് ജയിക്കുമ്പോള്‍ നിങ്ങള്‍ക്കതില്‍ ചിലരെകൊണ്ട് എളുപ്പം പടക്കത്തിനു തിരികൊളുത്തിക്കാനാവുന്നു. മതത്തിന്റേയും ദേശിയതയുടേയും ഇടയിലെ ഇല്ലാത്തൊരു നേര്‍രേഖയുണ്ടാക്കുന്ന ഈ മതിഭ്രമം അവരെ വീണ്‍ടും ആ പുറമ്പോക്കില്‍ തന്നെ തളച്ചിടുന്നു. ഇങ്ങിനെ ദേശസ്നേഹത്തിനൊരു ലിറ്റ്മസ് ടെസ്റ്റുവേണമെന്ന നില തീവ്രവാദത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്ന അനേകം കൈവഴികളിലൊന്നായിമാറുന്നു. അതുകൊണ്ട് ദേശീയതയുടെ കളം വലുതായി ഉദാരതയോടെ വരക്കുകയാണു ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്. ബുദ്ധി തെളിയാന്‍ അവരെ സ്കൂളിലയക്കുമ്പോള്‍ അവരുടെ വഴിയില്‍ കുപ്പിച്ചില്ലായി നില്‍ക്കയുമരുത് എന്നത് മറ്റൊരു മാര്‍ഗ്ഗം.

ആഗോള മാന്ദ്യം
വലിയ പ്രളയത്തില്‍ പാവപ്പെട്ടവനുമാത്രം രക്ഷക്കായി ഒരു നോഹയുടെ പേടകവും ഉണ്ടാവാന്‍ പോവുന്നില്ല.മുതലാളിമാരെല്ലാം ഒലിച്ചു പോവുകയും ഭൂമിയില്‍ തൊഴിലാളികളും പാവപ്പെട്ടവരും‍ മാത്രം ഒരു പോറലുമേല്‍ക്കാതെ ബാക്കിയാവുകയുമില്ല. ആഗോള ഉദാരവല്‍ക്കരണത്തിന്റെ കാറ്റു ചെന്നെത്തിയ ഇടമെല്ലാം തൂത്തുവാരപ്പെടും. ഇതൊരനിവാര്യമായ ശിക്ഷയാണ്. ആ ശിക്ഷയുടെ ഏഴയലത്തെങ്കിലും നിന്നു അതേറ്റു വാങ്ങാതെ പാവപ്പെട്ടവനു രക്ഷപ്പെടാനാവില്ല. അതുകൊണ്ട് നാളെ മുതല്‍ കറിക്കമ്പനികളെല്ലാം കറിക്കൂട്ടുകള്‍ക്ക് വിലകുറക്കുമെന്നും ഒരു കൂട്ടം കറികളുമായി തൊഴിലാളികള്‍ സുഭിക്ഷതയോടെ‍ ഊണുകഴിച്ചാമോദിക്കുമെന്നും ഞാന്‍ കരുതുന്നില്ല.

പട്ടാളഭരണം
അറ്റമില്ലാത്ത ആകുലതയും നൈരാശ്യവും പൂര്‍‍ണ്ണമായി കീഴടക്കുമ്പോഴാണ് നാം ചെകുത്താനിലും നന്മ തിരയാന്‍ തുടങ്ങുന്നത്. ഇതിന്റെ ശരിയായ അര്‍ത്ഥം നമ്മുടെ സാമൂഹ്യമായ പ്രത്യാശ കൊട്ടിക്കുടഞ്ഞു പുതുക്കാനാവാത്ത വിധം ചിതല്‍ തിന്നു പോകുന്നൂയെന്നുള്ളതാണ്. ജനാധിപത്യത്തിനു വന്നുപെട്ട ദീനം‍ നമ്മെ ചിലപ്പോഴെങ്കിലും മനോദീനങ്ങള്‍‍ക്കടിമയാക്കാറുണ്ട്. തലചൊറിയാന്‍ തീക്കൊള്ളിതന്നെ വേണമെന്ന് നാം തീരുമാനിക്കുന്നതപ്പോഴാണ്. ചികിത്സയും ശുശ്രൂഷയും വേണ്ടത് ജനാധിപത്യ വ്യവസ്ഥ്ക്കാണെങ്കില്‍ തുടങ്ങേണ്ടത് സ്വന്തം തലയില്‍നിന്നു തന്നെയാണെന്നതാണു സത്യം. 'യഥ പ്രജാ തഥ രാജ' . നീ അര്‍ഹിക്കുന്ന ഭരണകൂടം നിനക്കു വന്നു ചേരുന്നു.


ഹേമന്ദ് കര്‍ക്കരെ
ധീരതയേയും ചങ്കൂറ്റത്തേയും നമ്മുടെ സാമാന്യ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം അമാനുഷികമായ ഒരു തലത്തില്‍ എങ്ങിനെ പ്രതിഷ്ഠിക്കാമെന്ന് തന്റെ ജീവിതം കൊണ്ട് കാണിച്ചു തന്ന വീരനായകനായിരുന്നു കര്‍ക്കരെ.ജീവനെടുക്കുന്ന തോക്കിന്മുനയേയും ജീവന്‍ തരുന്ന പ്രലോഭനങ്ങളേയും ഒരുപോലെ നേരിട്ട് സത്യധര്‍മ്മങ്ങളുടെ കാവലാളായ ഒരാള്‍. നിങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ബോംബ്ബുകളെല്ലാം ഉല്പ്പാദിപ്പിക്കുന്നത് ഒരേ ഫാക്ടറിയില്‍‍ നിന്നാണെന്ന 'ഗുരുത്വാകര്‍ഷണ സിദ്ധാന്തം' ഈയ്യിടെയാണയാള്‍ തിരുത്തിയത്. ഇങ്ങിനെ തിരുത്തപ്പെടലുകള്‍ക്ക് വിധേയമാകേണ്ടതാണ് എല്ലാ സാമാന്യ അറിവുകളും എന്ന് സൂര്യതേജസ്സാര്‍ന്ന മുഖമുള്ള ഈ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അത് സാകഷ്യപ്പെടുത്തുകയും ചെയ്യുന്നു. ആ ജീവിതം പകുത്തയാള്‍ അതിന്റെ പൂരകമായില്ലെങ്കിലല്ലേ നാം അല്‍ഭുതപ്പെടേണ്ടതുള്ളു. ആ ശ്രേഷ്ഠതയെ നമിക്കാതെ വയ്യ.

അഗസ്റ്റിന്‍ മരണം
എല്ലാ മരണങ്ങളും എല്ലായ്പ്പോഴും ദുഖമുണര്‍‍ത്തുന്നില്ല. അങ്ങിനെയുണ്‍ടാവുമ്പോള്‍ അതൊരു രോഗാതുരമായ അവസ്തയാണ്. വിധേയന്‍ എന്നും എവിടേയും എപ്പോഴും പട്ടേലര്‍ വിധിക്കുന്ന ദുര്‍മരണങ്ങളുടെ ഇരയാവുന്നതാണ് ചരിത്രം. അതിജീവിക്കാന്‍ കൊതിക്കുന്ന വിധേയന്‍ പട്ടേലരുടെ ആയുസ്സെടുക്കുന്നത് സിനിമയില്‍ മാത്രമാണ്. സിനിമയുടെ രീതിശാസ്ത്രം അങ്ങിനെയായതും നമ്മുടെയെല്ലാം ഉള്ളിലെ വിധേയനെ നാം തന്നെ വകവരുത്താനാന്‍ ആഗ്രഹിക്കുന്നത് കൊണ്‍ടാണ്. ഇവിടെ ഷാജി കൈലാസിന്റെ രാഷ്ട്രീയ കുറ്റാന്വേഷണ സിനിമകളുടെ നേര്‍കാഴ്ചയില്‍ അതിഭാവുകത്വമൊട്ടുമില്ലാതെ വിധേയന്‍ വെറുമൊരു ഇരയായി ആയുസ്സൊടുങ്ങിയിരിക്കുന്നു. വകവരുത്തിയ പട്ടേലര്‍ ആ മനുഷ്യന്റെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നതോ അതോ പുറത്തുള്ളതോ എന്നതിനപ്പുറം ദൈവനീതിക്ക് ഒരിക്കലും ദാക്ഷിണ്യമുണ്ടായിട്ടില്ല എന്നതാണ് ഇതിലെ തിരുപാoം.

മറവിയും ഓര്‍മ്മയും
അനേകം മറവികളുടെ ദയയില്‍ തെളിമയുള്ളൊരോര്‍മ്മ ജനിക്കുന്നു.ഒരോര്‍മ്മയുടെ അസ്തിത്വം അനേകം മറവികളുടെ, ഒരു നിമഷാര്‍ദ്ധമെങ്കിലും, മരണവും.മറവിയുടെ പുസ്തകം എഴുതാനെ നമുക്ക് കഴിയൂ അത് വായിക്കാനാവുക മറ്റുള്ളവര്‍ക്ക് മാത്രം.


ടെലിവിഷന്‍ ഉപേക്ഷിക്കുമ്പോള്‍
സ്വയം നിയന്ത്രണം അസാധ്യമായവര്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ ജീവിതം തിരികെ കൊണ്ടുവന്നു തരും. വകതിരിവോടെയോ കരുതലോടെയോ ഉള്ള ഉപഭോഗം നമ്മള്‍ക്കറിയാതാവുമ്പോഴാണ് ടിവിയും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം യജമാനനെ തിരിച്ചു കടിക്കുന്ന പട്ടിയായി രൂപാന്തരപ്പെടുന്നത്. അതുകൊണ്ട് അവയെയെല്ലാം ജീവിതത്തില്‍ നിന്നും തിരിച്ചെടുത്തുകൊള്ളാന്‍ ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമ്പോള്‍ മറന്നു പോവുന്നത് അവ തിരിച്ചെടുക്കപ്പെടുന്നതോടെ ലോകമടഞ്ഞ ഒരു കിണറ്റിലാണ് നമ്മള്‍ അകപ്പെട്ടുപോവുന്നതെന്നാണ്. അരാഷ്ടീയം ഒരു രോഗമായി നമ്മെ ഗ്രസിക്കുകയും ഓരൊരുത്തരും സ്വയം തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ചുരുങ്ങുകയും ചെയ്യും. യഥാരീതിയിലുള്ള ഉപഭോഗം കണ്‍ വെളിച്ചത്തിനുമപ്പുറം ലോകത്തെ നമ്മില്‍ പ്രവേശിപ്പിക്കുകയും അവയോട് നിരന്തരം സംവദിക്കാനുമുതകുന്നു. എഴുനേറ്റു നടക്കുന്ന വെറും ജഢങ്ങളായിപ്പോവാതിരിക്കാന്‍ ഈ ആധുനികതയെ ഉപയോദിക്കുന്നതില്‍ വകതിരിവും കരുതലും നാം പരിശീലനത്തിലൂടെ സ്വായത്തമക്കേണ്ടിയിരിക്കുന്നു. അല്ലാതെ തൂങ്ങിച്ചാവാതിരിക്കാന്‍ വെള്ളംകോരിയുടെ കയറഴിച്ചൊളിപ്പിച്ചു വെച്ചിട്ട് കാര്യമൊന്നുമില്ല.

1 comment:

എം പി.ഹാഷിം said...

താങ്കള്‍ക്കു ചിന്തയുടെ കരുത്തുണ്ട് .
തുടരുക .....ഭാവുകങ്ങള്‍