Wednesday, January 28, 2009
ഒരു സ്വപ്നക്കുരുക്ക്
(ചെറുകഥ)
സൂനഗിരിയാണ് സാവിത്രിയുടെ പെറ്റനാട്. സാവിത്രിമാരുടെ നാടാണ് സുനഗിരിയെന്നുകൂടി ഇവിടെ പറഞ്ഞുവെക്കേണ്ടതായിട്ടുണ്ട്. എങ്ങിനെയാണ് സൂനഗിരി സാവിത്രിമാരുടെ മാത്രം നാടായതെന്ന് എനിക്കറിയില്ല. പെണ്ണായി പിറക്കുന്നവരെയെല്ലാം ആ ഗ്രാമീണര്‍ പേരിട്ട് വിളിക്കുന്നത് സാവിത്രിയെന്നാണ്. തിരിച്ചറിയപ്പെടലുകള്‍ക്കായി ഗണിതാക്ഷരങ്ങളെ അവര്‍ മുറയ്ക്ക് ആശ്രയിച്ചു. സാവിത്രി ഒന്ന്... സാവിത്രി രണ്ട്.... എന്നിങ്ങനെ അക്കങ്ങളുടെ അനന്തതയായി നീളുന്ന സാവിത്രിമാര്‍. തലമുറയായി പകര്‍ന്നു കിട്ടിയ എന്റെയൊരു അറിവാണത്. കഥകള്‍ പറഞ്ഞുതരാന്‍ എനിക്ക് മുത്തശ്ശിമാരില്ലാത്തതിനാല്‍ മുത്തച്ഛന്മാരിലൂടെയായിരുന്നു എന്നിലെ ഇത്തരം അറിവുകളുടെ ജനനം. അറിഞ്ഞത് സാവിത്രിമാരെ കുറിച്ചായതുകൊണ്ടും പറഞ്ഞുതന്നത് മുത്തച്ഛന്മാരായതുകൊണ്ടും ഞാനാകഥകളെ അപ്പടി വിശ്വസിച്ചു പോന്നിരുന്നു. മുതിര്‍ന്നവരുടെ സംസാരങ്ങളില്‍ സൂനഗിരി എല്ലായ്പോഴും ഒരു വിഷയമാണ്. അനുസരണക്കേട് കാട്ടുന്ന വല്യേച്ചിയെ ശകാരിക്കുമ്പോള്‍,ബാലേട്ടന്റെ വിവാഹക്കാര്യം ചര്‍ച്ചയാവുമ്പോള്‍ എന്നു തുടങ്ങി ഒട്ടെല്ലാ സ്ത്രീസംബന്ധിയായ കാര്യങ്ങളിലും മുത്തച്ഛനിലൂടെ, അച്ഛനിലൂടെ സൂനഗിരി സാവിത്രിമാര്‍ എനിക്കുമുന്നിലെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അമ്മയോ മറ്റുമുതിര്‍ന്ന സ്ത്രീകളോ അവരെ ഉദാഹരിക്കുന്നത് കേള്‍ക്കുകയുണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ഇന്നുമെനിക്കറിയില്ല. മനഃപൂര്‍വമാകാമെന്നാണ് മുതിര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചുപോന്നത്. സൂനഗിരി സാവിത്രിമാരുടെ സൗമ്യത, സൗശീല്യം,സൗകുമാര്യം എന്നിങ്ങനെ നാനാവിധത്തിലുള്ള മാഹാത്മ്യങ്ങള്‍ കേട്ടുവളര്‍ന്ന എനിക്കീ ഇരുപത്തെട്ടാം വയസ്സിലാണ് ഒടുക്കം ഒരു സൂനഗിരി സാവിത്രിയുണ്ടാവുന്നത്.
ജീവിതത്തിലെ ഏറ്റവും സൂക്ഷ്മത വേണ്ട മുഹൂര്‍ത്തത്തില്‍ സന്ദിഗ്ദ്ധതയുടെ അലോസരപ്പെടുത്തലൊന്നുമില്ലാതെയാണ് ഞാന്‍ സാവിത്രിയെ ആദ്യമായി കണ്ടത്. അനേകം ഞൊറികളുള്ള ഇളം നീല വസ്ത്രങ്ങളണിഞ്ഞ് എന്നിലൊരുള്‍തുടിപ്പുപോലെ നടന്നെത്തിയ സാവിത്രി കൃത്യം മുപ്പതാം നാള്‍ എന്റെയൊരു ഭാഗമായി മാറുകയായി. നിറപറയും നിലവിളക്കും കടന്ന്..തോരണങ്ങളുടെ മര്‍മരങ്ങളിലൂടെ അഗ്നികുണ്ടം വലംവെച്ച് സാവിത്രിയുടെ ഹൃദയവിശുദ്ധി കൈവിരല്‍ത്തുമ്പുകളിലേറ്റുവാങ്ങി... ഒടുക്കം.. സുഗന്ധങ്ങള്‍ പുളയ്ക്കുന്ന നാലുചുറ്റുചുമരുകള്‍ക്കുള്ളില്‍ ഞാനും സാവിത്രിയും തനിച്ചായി.
ഞങ്ങളുടെ ആദ്യരാവ്!..
സാവിത്രിയെ കേള്‍ക്കാന്‍ ഞാന്‍ ആയിരം കാതുകള്‍ തുറന്നുവെക്കുകയും അവളെന്നില്‍ നിന്നൊരായിരം നാവുകള്‍ പ്രതീക്ഷിക്കുകയും ചെയ്തു. ഒരൊറ്റ രാത്രികൊണ്ട് ഒരു ജന്മം മുഴുവന്‍ ഞങ്ങള്‍ അനുഭവിച്ചു തീര്‍ന്നു. പിന്നേയും ജീവിച്ചുതീര്‍ക്കാന്‍ കുറേ ജന്മങ്ങളുടെ പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ മൂടിപ്പുതച്ചുകിടന്നു. സാവിത്രിയുടെ സ്നേഹതാപം പകര്‍ന്നുകിടക്കെ ഞാനെന്റെ പിതാമഹന്മാരെ മനസ്സാ സ്തുതിച്ചു. സൗഭാഗ്യഹേതുക്കളായ മുതുമുത്തച്ഛന്മാരില്ലായിരുന്നെങ്കില്‍ ഈ സാവിത്രി എനിക്കരികിലിങ്ങനെ വന്നുകിടക്കുമായിരുന്നില്ല. കിടന്ന കിടപ്പില്‍ മോഹങ്ങളാല്‍ മനോഹരങ്ങളായ കുറേ വലകള്‍ ഞാന്‍ നെയ്തുകൂട്ടി. മോഹം സാവിത്രിയിലൂടെ വെള്ളിനൂലുകളുമായി തലങ്ങും വിലങ്ങും ഓടിനടന്നുകൊണ്ടിരുന്നു ഉറക്കമുണ്ടാവുന്നതു വരെ.
അമ്മയുടെ അനുഗ്രഹം വാങ്ങി അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് സാവിത്രി പടിയിറങ്ങിവന്നു. ഞങ്ങള്‍ സൂനഗിരിയും എന്റെ പേരില്ലാഗ്രാമവും പിന്നിട്ട് പെരും പേരുള്ള എന്റെ പട്ടണത്തിലെത്തി. എന്റെ ജോലിസ്ഥലം ഇവിടെയാണ്. ഇവിടെയാണ് ഞാനുല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറി. ഇവിടെയാണ് എനിക്കും സാവിത്രിക്കും മാത്രമായി താമസിക്കാന്‍ ഒരു വീട്. സാവിത്രിയില്‍ അത്ഭുതവും കൗതുകവുമുണ്ടാക്കാനുള്ള നഗരസവിശേഷതകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചുവെച്ചിട്ടുണ്ട്. അവള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. കാരണം അവള്‍ നിഷ്കളങ്കയായ ഒരു ഗ്രാമപുത്രിയാണ്.
വിടര്‍ന്ന കണ്ണുകളുമായി സാവിത്രി കോണ്‍ക്രീറ്റ് മിനുസത്തിലൂടെ എനിക്കൊപ്പം എന്റെ പാര്‍പ്പിടത്തിലേക്ക് നടന്നുകയറി.ഞാനെന്റെ പാര്‍പ്പിടഭാഗങ്ങളെ അവള്‍ക്ക് വിസ്തരിച്ചുകൊടുത്തു. തൊട്ടടുത്ത വീട്ടിലെ ടെറസില്‍ കണ്ട വലിയ സാറ്റലൈറ്റ് കുട അവള്‍ക്കൊരു കൗതുകവസ്തുവായി. അപ്പുറത്തെ അര്‍പ്പിതയുടെ വേഷം കണ്ട് അവള്‍ അത്ഭുതപ്പെട്ടു. അല്ലെങ്കില്‍ അണിഞ്ഞിരുന്ന ഗ്രാമ്യവേഷം അവള്‍ സ്വയമൊന്ന് പരിശോധിക്കുമായിരുന്നില്ല. ഗേറ്റിനുപുറത്ത്, വീടിനുചുറ്റും അവള്‍ കണ്ണുകള്‍ തുറന്നു. തീരാത്ത അത്ഭുതങ്ങളുടെ നാട്ടില്‍ വന്നെത്തിയതല്ലേയുള്ളു എല്ലാം ഒറ്റനില്‍പില്‍ കണ്ടു തീര്‍ക്കേണ്ടെന്നു കരുതി ഞാനവളെ അകത്തേക്ക് വിളിച്ചു. എനിക്ക് വിശക്കുന്നൂവെന്നും വിശപ്പാണ് പ്രധാനമെന്നും ഞാനവളോട് പറഞ്ഞു. ചുണ്ടുകളില്‍ മൂളിപ്പാട്ടുമായി അഞ്ചുമിനുട്ട് കൊണ്ട് എനിക്കവള്‍ പൊടിയരിക്കഞ്ഞിയുണ്ടാക്കിത്തന്നു. എന്റെ വിശപ്പില്‍ പൊടിയരിക്കഞ്ഞി നിറഞ്ഞപ്പോള്‍ എനിക്കുറങ്ങണമെന്നാണ് തോന്നിയത്. ഞാന്‍ ക്ഷീണത്തോടെ സാവിത്രി കാണാതെ... സാവിത്രിയറിയാതെ.. കട്ടിലില്‍ കണ്ണുകളടച്ചു.
നേരെമേറെചെന്ന്.... ബോധം കൈവിരലുകളുടെ തണുത്ത മൃദുലത തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. മുന്നില്‍ സാവിത്രി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഉറക്കത്തില്‍ ഞാന്‍ വല്ലാത്ത ഒരസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഓര്‍മിച്ചു. അവളങ്ങിനെ നില്‍ക്കെ തന്നെ നിദ്രയില്‍ കണ്ട ഒരനിഷ്ടമായ സ്വപ്നത്തിന്റെ അത്യന്തം നേര്‍ത്ത ഇഴകളെ ഞാന്‍ വെറുതെയൊന്നു കൂട്ടിയിണക്കാന്‍ ശ്രമം നടത്തി. ഭീതിദവും അനിഷ്ടങ്ങളുമായ സ്വപ്നങ്ങളെ അബോധത്തിലെ ആ നിമിഷത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് എല്ലായ്പോഴും ഞാന്‍ ചെയ്യാറുള്ളത്. പക്ഷെ സ്വപ്നത്തില്‍ എന്നെ അലോസരപ്പെടുത്തിയ മുഖവും സാവിത്രിയുടെ മുഖവും ഒന്നായിരുന്നല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് മറഞ്ഞ സ്വപ്നദൃശ്യതക്ക് പിറകെ ഓര്‍മയെ പറഞ്ഞുവിട്ടത്. മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് നിയതമായ ഒരടുക്കും ചിട്ടയുമില്ലാതിരുന്നതിനാല്‍ സാവിത്രിക്കത് പറഞ്ഞുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലുമതൊരു നല്ല സ്വപ്നമായിരുന്നില്ലെന്ന് തീര്‍ച്ച. എന്റെ ഭാവപ്പകര്‍ച്ച കണ്ട അവളുടെ ഉദ്വേഗത്തിനുമുന്നില്‍ ഞാന്‍ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. സ്വപ്നങ്ങള്‍ പലപ്പോഴുമിങ്ങിനെയാണ്. ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവ ദൂരെയെങ്ങോ വിസ്മൃതിയുടെ അനന്തതയില്‍ തെന്നിത്തെന്നിപ്പോവും ഒട്ടും പിടിനല്‍കാതെ. ഏതായാലും ഈ സ്വപ്നം ബോധമണ്ടലത്തില്‍ അസ്വാസ്ഥ്യത്തിന്റെ ബീജം സ്രവിപ്പിച്ചാണ് കടന്നു പോയതെന്ന് ഞാന്‍ മനസ്സില്‍ കുറച്ചിട്ടു.
സാവിത്രി ഒരുക്കിത്തന്ന തണുത്ത വെള്ളത്തില്‍ ഞാന്‍ കുളികഴിച്ചു. അപ്പോഴേക്കും സന്ധ്യയായിരുന്നു. ഒരു നല്ല സായാഹ്നം നഷ്ടപ്പെടുത്തിയതില്‍ നിരാശതോന്നി. ഉറങ്ങേണ്ടിയിരുന്നില്ല. ഒരു വല്ലായ്മയുടെ സമ്പാദ്യമാണ് ഉറക്കാത്താലുണ്ടായത്. സാവിത്രിയേയും കൂട്ടി ഈ നഗരത്തില്‍ ചുറ്റിനടക്കണമെന്ന് കരുതിയിരുന്നതാണ്. അവളിലെ കൗതുകത്തെ തടംകെട്ടിനിര്‍ത്തുമ്പോള്‍ ഈയൊരു സായാഹ്നമായിരുന്നു മനസ്സില്‍. ഞാന്‍ സാവിത്രിയെ വിളിച്ച് അടുത്തിരുത്തി. നഷ്ടപ്പെട്ട സായാഹ്നത്തെ മറക്കാന്‍, അബോധത്തിലുറഞ്ഞ ഒരു വല്ലായ്മയൊതുക്കാന്‍ അവള്‍ക്ക് തനിക്കുള്ളതും കേട്ടറിഞ്ഞതുമായ നഗരകഥകള്‍ പറഞ്ഞുകൊടുത്തു. ഒരഞ്ചുവയസ്സുകാരിയെപോലെ അവളെല്ലാം കേട്ടിരുന്നു. കഥകേട്ടുകേട്ടുറങ്ങിപ്പോയ സാവിത്രിക്കരികിലിരുന്ന് പകുതി പറഞ്ഞുനിര്‍ത്തിയ കഥയുമായി പതിയെ ഞാനും കണ്ണുകളടച്ചു.
അടഞ്ഞ ഇമകള്‍ തുറന്ന് ബോധത്തിലെത്തി ശാന്തത വീണ്ടെടുക്കണമെന്ന് ഉല്‍ക്കടമായി ആഗ്രഹിച്ചുപോകാവുന്ന ഒരു സ്വപ്നക്കുരുക്കിലകപ്പെടുകയായിരുന്നു ഞാന്‍. പഴയതിന്റെ തുടര്‍ച്ചയോ പുതിയതിന്റെ തുടക്കമോയെന്ന് വേര്‍തിരിച്ചറിയാനാവാത്ത സന്ദിഗ്ദ്ധതയില്‍ ഞാന്‍ നടുങ്ങി. കാലമെന്തെന്നോ സ്ഥലമേതെന്നോ എനിക്ക് നിശ്ചയമില്ല. അതൊരാശുപത്രികെട്ടിടത്തിന്റെ ഇടനാഴിയോ ഒരു ദേവാലയത്തിന്റെ ഇടുങ്ങിയ അള്‍ത്താരയോ ആവാം. അതൊരു കോടതി വരാന്തയാണോയെന്നുപോലും എനിക്ക് സംശയമുണ്ട്.
സാവിത്രി തേങ്ങലുമായി നില്‍ക്കുന്നു. തൊട്ടരികെ മൂങ്ങയുടെ മുഖസാദൃശ്യമുള്ള ഒരാള്‍. അയാള്‍ അവളെ തലോടുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുകയാണ്. സാവിത്രി വല്ലാതെ കരഞ്ഞുതുടങ്ങുകയാണ്. അവള്‍ കരയുന്നത് ഞാനാദ്യമായി കണ്ടു. അരൂപിയായി എല്ലാം കണ്ടു നില്‍ക്കുന്ന എന്റെ നെഞ്ചിടിപ്പേറിവന്നു. എന്തൊക്കെയോ പറയാനാഞ്ഞ എനിക്ക് നാവില്ലെന്നു മനസ്സിലായി. അവള്‍ അയാളുടെ കൈചേര്‍ത്തുപിടിക്കുകയും പതുക്കെ സംസാരിക്കുകയും ചെയ്തു. ശേഷം അവര്‍ നടന്നുതുടങ്ങി. കെട്ടിടത്തിനു പുറത്ത് ഇവരെ പ്രതീക്ഷിച്ചെന്നപോലെ ഒരു കുതിരവണ്ടി കാത്തുകിടന്നിരുന്നു. അവര്‍ അതില്‍ കയറുകയും എങ്ങോ യാത്രയാകുകയും ചെയ്തു. അകന്നകന്ന് പോകുന്ന സാവിത്രിയെ സര്‍വ ശക്തിയുമെടുത്ത് ഞാന്‍ വിളിച്ചുനോക്കി. പക്ഷേ ഒരു വീര്‍പ്പിന്റെ ശബ്ദം പോലും എന്നില്‍ നിന്നുയര്‍ന്നില്ല.എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.വളരെ ആയാസപ്പെട്ട് ഞാന്‍ ശ്വസിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന ഞാന്‍ ഇരുട്ടില്‍ കണ്ണുതുറന്നു കുറേനേരം കിടന്നു.
പിറ്റേന്നാണ് എനിക്കതനുഭവപ്പെട്ടത്. പ്രഭാതത്തില്‍ കാപ്പിയുമായി വന്നുവിളിച്ച സാവിത്രിക്ക് മുഖമില്ല. ഞാന്‍ കണ്ണുകള്‍ തിരുമ്മി വീണ്‍ടും വീണ്ടും നോക്കി. ഇല്ല.... സാവിത്രിയുടെ മുഖം മാത്രം എനിക്ക് കാണാനാവുന്നില്ല. തൊട്ടുമുന്നില്‍ കാപ്പി നീട്ടിപ്പിടിച്ച കറുത്ത കുപ്പിവളകളണിഞ്ഞ സാവിത്രിയുടെ വലതുകൈയ്യെനിക്ക് കാണാം. സാരിത്തുമ്പില്‍ ചേര്‍ത്തുപിടിച്ച നനഞ്ഞ ഇടതുകൈയ്യും ഞാന്‍ കാണുന്നുണ്ട്. അതെ... മുഖമൊഴിച്ച് മറ്റെല്ലാം എനിക്ക് നന്നായി കാണാം. അവളുടെ ശബ്ദംപോലും ഞാന്‍ കേള്‍ക്കുന്നുണ്ട്. പരിഭ്രാന്തിയാല്‍ ചാടിയെണീറ്റ ഞാന്‍ അവളുടെ കഴുത്തിനുമുകളില്‍ കൈയെത്തിച്ചു. ഞാനവളുടെ മുഖം തൊട്ടു.അവളുടെ ചുണ്ടില്‍, മൂക്കിന്‍ത്തുമ്പില്‍, നെറ്റിയില്‍, മുടിയിഴകളില്‍പോലും ഞാന്‍ കൈവിരലുകളോടിച്ചു. സാവിത്രിക്ക് മുഖമുണ്ട്. എന്റെ കണ്ണുകള്‍ക്ക് അവളുടെ മുഖം കാണാനാവുന്നില്ല.
സാവിത്രി ഒന്നുമറിയാതെ എന്റെ കുസൃതിയെന്നു കരുതി ലാസ്യമായി കുതറുകയാണ് ചെയ്തത്. അവളോട് എന്റെയീ ഭാഗികമായ അന്ധത പറയാനൊരുങ്ങവെ, പെട്ടെന്ന് മനസ്സ് വിലക്കി. അല്ലെങ്കിലും എങ്ങിനെയാണ് "നിന്റെ മുഖമെനിക്ക് കാണാനാവുന്നില്ലെന്ന്" ഒന്നിച്ചു പൊറുക്കുന്ന ഭാര്യയോടു പറയുക?
Subscribe to:
Post Comments (Atom)
No comments:
Post a Comment