(1)
പുറത്തെ നിശ്ശബ്ദമായ പൌര്‍ണ്ണമി യാമം അഴക് വിരിച്ച് നീണ്ടു നിവര്‍ന്നു കിടക്കുന്നത് ബാല്‍ക്കണിയിലെ ജനലഴികളില്‍ മുഖം ചേര്‍ത്ത് പൂര്‍ണ്ണിമ നിര്‍ന്നിമേഷയായി നോക്കി നിന്നു. വെണ്മയുടെ സൗന്ദര്യം ഗ്രസിച്ച ഇത്തരം രാത്രികളെ തളംകെട്ടി കിടക്കുന്ന മൂകതയിലിങ്ങനെ കണ്ടു നില്‍ക്കുന്നത് അവളിലെന്നും സ്വാസ്ഥ്യം നിറച്ചിരുന്നു. ഓര്‍മകളുടെ തെളിഞ്ഞ ആകാശത്തില്‍ മുമ്പെന്നോ തരളമുഖരിതമായി പൊലിഞ്ഞുപോയ അലയുന്ന വാക്മയചിത്രങ്ങളെ അപ്പോളവള്‍ക്ക് തൊടാം. എന്നാല്‍ ഈ രാത്രി ഒറ്റപ്പെട്ടവരുടെ വിഭിന്നമായ രാവുപോലെ അവള്‍ക്കനുഭവപ്പെട്ടു.
അകത്തെ കിടപ്പുമുറിയിലെ കട്ടിലില്‍ മേലാപ്പായി വലിച്ചു കെട്ടിയ അനേകം തിളങ്ങുന്ന തിരമാലകള്‍പോലെ തോന്നിച്ച പട്ടുവിതാനത്തിനു കീഴെ ജോണിയെന്നു വിളിക്കുന്ന ജോണ്‍ സക്കറിയ ശ്വാസഗതിയുടെ കയറ്റിറക്കങ്ങളില്‍ നിന്നെല്ലാം മുക്തനായി കിടന്നു തണുക്കുന്നുണ്ടെന്ന് അവള്‍ക്കറിയാം. ഇനിയെന്ത് എന്നത് ഒട്ടുമേ അവളെ അലോസരപ്പെടുത്തിയില്ല. ഒരു മഞ്ഞുകാറ്റ് അവളെ തലോടി ഉള്ളിലേക്ക് കടന്നു വന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ സാവധാനം ജനലഴികളുടെ തണുപ്പില്‍ നിന്നുമടര്‍ന്നു കിടപ്പുമുറിയുടെ അരണ്ട വെളിച്ചത്തിലേക്കും ജോണിയുടെ ഏകാന്തതയിലേക്കുമായി മെല്ലെയവള്‍ പ്രവേശിച്ചു. പിന്നെ കട്ടിലിനഭിമുഖമായി കിടന്ന കസേരയില്‍ കാലുകള്‍ കയറ്റിവെച്ചു കാല്‍മുട്ടുകളെ കൈകളില്‍ പൂട്ടി ചുരുണ്ടിരുന്ന് ജോണിയെ അവള്‍ സാകൂതം വീക്ഷിച്ചു. മുഖത്ത് കറുപ്പും വെളുപ്പുമായ താടി രോമങ്ങള്‍ ഭംഗിയില്ലാതെ വളര്‍ന്നിട്ടുണ്ട്. കറുത്ത തലമുടിയില്‍ അങ്ങിങ്ങായി നിലാനുറുങ്ങുകള്‍ പോലെ വെളുത്ത ചാലുകള്‍.. തുടച്ചു കഴിഞ്ഞിട്ടും ചുണ്ടിനരികുകളില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന വലുതും ചെറുതുമായ ചുവപ്പ് ഒലിച്ചിറങ്ങി ഉണങ്ങിപ്പോയ കറുത്ത പൊട്ടുകള്‍...ഛെ... അശ്രീകരം...അവള്‍ അനിഷ്ടത്തോടെ തല വെട്ടിച്ചു.
(2)
എന്നും ജോണിയുടെ ഔദ്യോഗികവും അല്ലാത്തതുമായ വേഷഭംഗികളെ ഏതുതരം പൊതുകാഴ്ചയ്ക്കുമുതകുന്ന വിധത്തില്‍ സൂക്ഷിച്ചും പരിലാളിച്ചും കാത്തുവെച്ചിരുന്നത് പൂര്‍ണ്ണിമയുടെ മാത്രം അഭിരുചികളായിരുന്നു. ഓരോ ദിവസത്തെയും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് മുതല്‍ ആഹാരത്തിലെ രുചികള്‍, ഓഫീസിലെ ഫര്‍ണിച്ചറുകള്‍, നിറങ്ങള്‍, എന്നുവേണ്ട ഗരിമയുടെ ചുവരലങ്കാരങ്ങളിലേക്കും വരെ അത് നീണ്ടു നീണ്ടു പോയിരുന്നു. ഒഴിവു ദിനങ്ങളൊഴികെ മറ്റെല്ലാ പ്രഭാതങ്ങളുടെയും തിരക്കുള്ള നേരങ്ങളില്‍ ഭര്‍ത്താവായ ജോണി അവള്‍ക്കൊരു സ്കൂള്‍കുട്ടിമാത്രമാണ്. സശ്രദ്ധം ഒരുക്കിവിടേണ്ട അനുസരണയുള്ള ഒരു വിദ്യാര്‍ഥി. ഇറങ്ങാന്‍ നേരം കാലില്‍ സോക്സ് പോലും അവളുടെ കൈകളെ അവഗണിച്ച് അയാള്‍ക്ക് ധരിക്കാനാവുമായിരുന്നില്ല. പൂര്‍ണ്ണിമയുടെ ഈ ഉന്മാദംപൂണ്ട സ്നേഹം കൈവശാവകാശത്തിന്റെ ആധിപെരുത്ത അധികാരം കൂടി പേറുന്നുവെന്നത് പ്രണയ കാലം തൊട്ടു തന്നെ ജോണിക്കറിയാവുന്നതാണ്. അത് മാറ്റിയെടുക്കാന്‍ മാത്രം മാര്‍ഗങ്ങള്‍ അയാള്‍ക്കറിവില്ലായിരുന്നു. പിന്നെയത് അനസ്യൂതം തുടര്‍ന്നുകൊണ്ടുമിരുന്നു.
അന്നൊരിക്കല്‍ ആദ്യമായി അതുവരെ രണ്ടുപേര്‍ക്കുമിടയില്‍ മാത്രം ഒതുങ്ങി നിവര്‍ത്തിച്ചു വന്ന ഈ സ്നേഹോന്മാദത്തിന്റെ വിനിമയം ഒത്തുതീര്‍പ്പുകള്‍ ലംഘിച്ചു പുറത്തെ ലോകത്തേക്കവള്‍ പറത്തിവിട്ടു. കമ്പനി ജീവനക്കാരുടെ വാര്‍ഷിക ഒത്തുചേരല്‍ ചടങ്ങില്‍ ‘കാത്തു’വെന്നു വിളിക്കുന്ന കത്രീനയെ ഒരു ശത്രുവായി അന്നാണവള്‍ കണ്ടെത്തിയത്. ആള്‍കൂട്ടത്തില്‍ ജോണി കാത്തുവിന്റെ ചുമലില്‍ കൈവെച്ചു കുറച്ചധികനേരം സംസാരിച്ചതും ഒരുമിച്ചു മദ്യം നുകര്‍ന്നതും ഇടയ്ക്കവളുടെ നാസികത്തുമ്പില്‍ സ്പര്ശിച്ചതും പിന്നെ ഒരുമിച്ചു ചിരിച്ചതും ഇടയ്ക്ക് പരസ്പരം ആലിംഗനം ചെയ്തതും അങ്ങനയങ്ങനെ ദൂരെ നിന്നും ഒപ്പിയെടുത്ത അനേകം പൂര്‍വ്വ നിര്‍വചിതമായ അരുതായ്കകളുടെ ചിത്രങ്ങള്‍ ഓരോന്നായെടുത്ത് അവള്‍ അയാള്‍ക്കെതിരെ മനസ്സില്‍ കുറ്റപത്രമൊരുക്കി.. അന്നവള്‍ ആരോടും യാത്ര പറയാതെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് തനിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ജോണിയുടെ സമയസംഹിതയാകെ പകയോടെയവള്‍ പരിഷ്കരിച്ചു. എല്ലാം ഇഴമുറിച്ചു കീറിയെറിഞ്ഞ് അവളുടെതായ സമയക്രമവും നിയമങ്ങളും പ്രതിഷ്ഠിച്ചു. ദിനങ്ങള്‍ പ്രക്ഷുബ്ധമാവാതെ കൊണ്ടുനടക്കാനുള്ള അവധാനതയ്ക്ക് വേണ്ടിയായിരുന്നു എല്ലാ തിരുത്തുകളും. എന്നിട്ടും.... ഇടക്കിടെ തനിച്ചാക്കിയുള്ള ബിസിനസ് യാത്രകള്‍...മീറ്റിങ്ങുകള്‍....തിരക്കുകള്‍ .. ചുരുക്കുന്ന എല്ലാ ഒറ്റകാഴ്ചയിലും കത്രീന.... അസ്വസ്ഥതകള്‍ അവളെ വരിഞ്ഞു മുറുക്കുന്നു..
(3)
നോക്കിയിരിക്കെ അവളുടെ കാഴ്ചയില്‍ നാളത്തെ നടക്കാനിരിക്കുന്ന വലിയ ആള്‍ബാഹുല്യമുള്ള ചടങ്ങുകളിലേക്കായി ഒട്ടും പാകമല്ലാത്തതായിരുന്നു ജോണിയുടെ മുഖവും വേഷവും. എല്ലാം എപ്പഴുമെന്നപോലെ അവള്‍ തന്നെ നന്നായി ഒരുക്കി വെക്കണമെന്ന ശാഠ്യത്തില്‍ കസേര വിട്ടെഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു. കണ്ണാടിയില്‍ സ്വയം പരിശോധിച്ച ശേഷം അടുക്കി വെച്ച വെള്ളതുണിക്കെട്ടുകളിലൊന്നെടുത്തു മേല്‍വസ്ത്രമായി മാറിടം മറച്ചുകെട്ടി. പിന്നെ ആവശ്യമായതെല്ലാം ഒരു താലത്തില്‍ പെറുക്കിയെടുത്തു കൊണ്ടുവന്നു ജോണിയുടെയരികിലിരുന്നു. ആദ്യം പ്രേമ പുരസ്സരം അയാളുടെ തലമുടികളില്‍ പതിയെ വിരലോടിച്ചു സൂക്ഷ്മതയോടെ ഇരു വശങ്ങളിലേക്കുമായവ ഭംഗിയായൊതുക്കി വെച്ചു. മുഖത്തു വളര്‍ന്നു നിന്ന കറുപ്പും വെളുപ്പുമായ കുറ്റിരോമങ്ങളെ ഈര്‍ഷ്യയോടെ സോപ്പുപതയില്‍ മുക്കി. മൂളിച്ചയുള്ള യന്ത്രകത്തിയുടെ മൂര്‍ച്ചയെ മുഖത്തെ നിമ്നോന്നതങ്ങളില്‍ ശ്രദ്ധയോടെ ചലിപ്പിച്ചുകൊണ്ട് എല്ലാം അപ്രത്യക്ഷമായെന്നുറപ്പാക്കി. പിന്നെ ഒരാവര്‍ത്തികൂടി ടവ്വല്‍ നനച്ചു മുഖം കഴുകിതോര്‍ത്തി മുഖം പ്രകാശമാനമാക്കി. ശേഷം പഴയ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റി പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് എല്ലാം തൃപ്തി വരുത്തി.
തിരിച്ചു വന്നു കസേരയില്‍ പൂര്‍വസ്ഥിതിയില്‍ ചുരുണ്ടുകൂടി ജോണിയെ പിന്നെയുമവള്‍ വീക്ഷിക്കുമ്പോഴാണ് തൊട്ടടുത്ത സോഫയില്‍ ഒരു സ്ത്രീരൂപം ഒരിട ഞെട്ടലോടെയവള്‍ കണ്ടത്. അവര്‍ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവള്‍ ഉദ്വേഗത്തോടെ അവരില്‍ നിന്നും കണ്ണെടുക്കാതെ നിന്നു. എങ്ങോ കണ്ടു മറന്ന പരിചിതമായ മുഖം.. അര്‍ദ്ധവൃത്തത്തില്‍ കമാനാകൃതി പൂണ്ട ബോഗന്‍വില്ലയുടെ പൂക്കുലകള്‍ പോലെ അടുക്കിവെച്ച തോളറ്റമെത്താത്ത കട്ടിയുള്ള കറുത്ത ചുരുളന്‍ മുടി.. അവ അരിച്ചെത്തുന്ന നിലാവെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. കുലീനവും അത്യാഡംബരവുമായ വേഷം.. അവരുടെ ഒരു പ്രത്യേക സുഗന്ധം മുറിയിലാകെ നിറഞ്ഞു നിന്നു.
“എന്നെ അറിയുമോ ?” പൂര്‍ണ്ണിമയുടെ നോട്ടത്തിലെ ജിജ്ഞാസയെ മുറിച്ച് അവര്‍ ചോദിച്ചു.
പോയകാലങ്ങളിലെ മുഖങ്ങള്‍ അവള്‍ ഒന്നാകെ പരതി.
മേശമേലിരുന്ന വായിച്ചു തീരാത്ത റോബിൻ മക്ഡൊണാൾഡിന്റെ ‘കറുത്ത വിധവ’യെന്ന തടിച്ച പുസ്തകത്തില്‍ കണ്ണെത്തിച്ചു കൊണ്ടവള്‍ ആശ്ച്ചര്യ പൂര്‍വം ചോദിച്ചു.
“മേരി ഹില്ലി !?” ഓര്‍മകളിലെ തിരച്ചിലിലവള്‍ ജേതാവായി.
“ അതെ...” അവര്‍ തലയാട്ടി പിന്നെ പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു...
.”കറുത്ത വിധവയെന്നു നിങ്ങള്‍ വിളിക്കുന്ന മേരി ഫ്രേസിയര്‍ അഥവാ മേരി ഹില്ലി തന്നെ”.
ഒരന്ധാളിപ്പോടെയിരുന്ന പൂര്‍ണ്ണിമയപ്പോള്‍ എന്തുകൊണ്ടോ പെട്ടെന്നോര്‍ത്തത് അവരുടെ ആദ്യഭര്‍ത്താവ് ഫ്രാങ്ക് ഹില്ലിയെ കുറിച്ചായിരുന്നു.
“നിനക്കറിയാം ....ഒരിക്കല്‍ ഫ്ലോറിഡയില്‍ റൊബ്ബി ഹൊമനായും മറ്റൊരിക്കല്‍ ടെക്സാസില്‍ ടെറി മാര്‍ട്ടിനായും ഞാന്‍ ജീവിച്ചിട്ടുണ്ട് . ഒരൊറ്റ ജീവിതത്തിന്റെ സ്വയം പകുത്തണിഞ്ഞ മൂന്നു മുറിജീവിതങ്ങള്‍ ”
അവര്‍ ഒരല്പം കുസൃതിയോടെ പുസ്തകത്തെ ചൂണ്ടി കുലുങ്ങി ചിരിച്ചു.
പൂര്‍ണ്ണിമ എന്തുപറയണമെന്നറിതെ കേട്ടിരുന്നു.
“നീ ചെയ്യുന്നതൊക്കെ ഇത്രയും നേരം ഞാന്‍ കണ്ടു നില്‍ക്കയായിരുന്നു.
ഈ തണുത്ത രാത്രിയിലും നീ വല്ലാതെ വിയര്‍ക്കുന്നല്ലോ..പേടിയുണ്ടോ?”
“ഇല്ല ഒട്ടും തന്നെ പേടിയില്ല.. നഷ്ടപ്പെടാനാവാത്തതെല്ലാം ഞാന്‍ ഇല്ലായ്മ ചെയ്യും.”
വാക്കുകളില്‍ ശപഥം നിറച്ച കുട്ടിയെ പോലെ പെട്ടെന്നവള്‍ പറഞ്ഞു.
അതുകേട്ട് മേരി ഹില്ലി ഉറക്കെ പൊട്ടിച്ചിരിച്ചു. പിന്നെ കയ്യിലെ പരന്ന മഞ്ഞലോഹക്കൂടില്‍ നിന്നും ഒരു സിഗരെറ്റെടുത്തു കത്തിച്ചു പുകയൂതി..
“എല്ലാം നേടാന്‍ വേണ്ടിയായിരുന്നു ഞാന്‍ ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നത്. എന്നാല്‍ നീയോ?.. നിനക്കെല്ലാമുണ്ട്...എന്താണ് നിനക്കില്ലാത്തത്? ” അവര്‍ ഉറക്കെയുള്ള ചിരി ആവര്‍ത്തിച്ചു.
“നിങ്ങളെ പോലെ ആഡംബര സുഖങ്ങളോ പണമോ സമ്പത്തോ ഞാനാഗ്രഹിച്ചിട്ടില്ല ഇന്നോളം... അപ്പോള്‍ നിങ്ങളുടെ അസഹ്യമായ ഈ അഹന്തമുറ്റിയ പരിഹാസചിരി വൃഥാവിലാണ്... ഞാന്‍ നിങ്ങളല്ല. നിങ്ങളാകുന്നുമില്ല.”
അവളുടെ മറുപടിയില്‍ നീരസം കലര്‍ന്നു.
“പക്ഷെ എനിക്കങ്ങിനെയല്ല തോന്നുന്നത്... നീ ഞാനായി കഴിഞ്ഞിരിക്കുന്നു. നിര്‍വഹിച്ച കര്‍മ്മങ്ങളുടെ പൊരുളുകളൊന്നും നിനക്ക് മാറ്റാനാവില്ല.
ഞാന്‍ ചെയ്തുകൂട്ടിയതൊക്കെ ഒരുപാട് സമയമെടുത്തായിരുന്നു.. മാസങ്ങളോളം... അൽപ്പാൽപ്പവും .... മാനസാന്തരത്തില്‍ പിൻവലിയാനുള്ള സമയത്തിന്റെ പഴുതുകളായിരുന്നു എനിക്കത്...എന്നാല്‍ നീയോ?”
“എനിക്ക് നിങ്ങളുടേയത്ര ക്ഷമയില്ല”
അടുക്കിവെച്ച വാക്കുകളുടെ മുനകളേറ്റ് അവള്‍ തെല്ലൊന്നുലഞ്ഞിരുന്നു. പിന്നെ ഒന്നും മിണ്ടിയില്ല.
“നീ പറഞ്ഞതില്‍ ഒന്ന് ശരിയാണ്.. എന്നെ ഭ്രമിപ്പിച്ചിരുന്നത് അതുമാത്രമായിരുന്നു .. ആഡംബര ജീവിതം, പണം... അവയിലൂടെ കൈവരുന്ന എല്ലാവിധ സുഖങ്ങളും . അതിന്റെ ഉന്മത്തതയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ എനിക്കാകുമായിരുന്നില്ല. പിൻവലിയാന്‍ സൃഷ്ടിച്ചു വെച്ചിരുന്ന പഴുതുകളെല്ലാം പാഴായിപ്പോവാന്‍ മാത്രം അത് ശക്തമായിരുന്നു.”
അവര്‍ ചിരി ഉപേക്ഷിച്ചു പതിഞ്ഞ ശബ്ദത്തില്‍ തുടരുമ്പോള്‍ അതില്‍ ആദ്യമായി കുറ്റബോധത്തിന്റെ വിഷാദം പുരളാന്‍ തുടങ്ങിയെന്നു പൂര്‍ണ്ണിമ തിരിച്ചറിഞ്ഞു.
“പുതുജീവിതത്തിനായുള്ള എന്റെയെല്ലാ ഒളിച്ചോട്ട ജീവിതങ്ങളും വലിയ തോല്‍വികളായിരുന്നു. ഞാന്‍ ആദ്യമേ തോറ്റിരുന്നുവെന്നു പിന്നീടാണെനിക്ക് മനസ്സിലായത്. ”
“ഏറ്റവുമൊടുവില്‍ ഒന്നും നേടാനാവാതെ.. ആരോരുമില്ലാതെ അനാഥമായി ....... മരം കോച്ചുന്ന തണുപ്പില്‍ മരവിച്ച്... ഒരിറ്റു ശ്വാസവായുവിനുവേണ്ടി പിടഞ്ഞ്...”
നേര്‍ത്തു നേര്‍ത്ത് വരുന്ന വാക്കുകള്‍ മുറിഞ്ഞൊടുവില്‍ അവര്‍ വിതുമ്പുകയാണോ എന്നു ശങ്കിച്ച് മൌനിയായി അവളിരുന്നു.
മേരി ഹില്ലിയുടെ ആകാശത്തില്‍ അവസാനമായി പെയ്ത കനത്ത മഞ്ഞില്‍ പൂര്‍ണ്ണിമ പുതഞ്ഞു. താന്‍ പതിയെ തണുത്തു മരവിക്കുന്നുണ്ടെന്ന് അവള്‍ക്കു ഭയം തോന്നി. പെട്ടെന്ന് എവിടെ നിന്നോ അവളുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു തുടങ്ങി. പകച്ചുകൊണ്ടവള്‍ ചുറ്റും നോക്കി. തേഞ്ഞു തീരാറായ പൌര്‍ണ്ണമിയെ മാത്രം അവള്‍ ദൂരെ കണ്ടു. ഉച്ചസ്ഥായിയില്‍ വളരുന്ന ശബ്ദവീചികള്‍ ഒരു കടല്‍ ചുഴലി പോലെ ഭ്രമണം ചെയ്യവേ അബോധലോകത്തെ എല്ലാ പൊയ്ക്കാഴ്ചകളേയും ശക്തിയോടെ വകഞ്ഞു മാറ്റി ധൃതിയോടെയവള്‍ ഫോണ്‍ തപ്പിയെടുത്തു ചെവിയോടു ചേര്‍ത്തു.
ഹലോ.?!.
ഹലോ.. ഫോണിന്റെ അങ്ങേത്തലക്കല്‍ ജോണി സംസാരിച്ചു തുടങ്ങി.
No comments:
Post a Comment