മഴമേഘം
ഒരു പ്രണയ വിളിയുടെ
പുഴമുറിച്ചു കടക്കെ
അന്നൊരിക്കല്‍ നീ പറഞ്ഞു
ഒരു നോവുകാറ്റ് കൈ നീട്ടി
തൊടാന്‍ വരുമ്പോള്‍
സ്നേഹകവചമായ്
നിന്നെയത് കാത്തുവെക്കുമെന്ന്
സ്വപ്നങ്ങള്‍ പകുക്കുന്ന
വിളിപ്പാടകലെയെന്ന്
സാന്ത്വനത്തിന്റെ കവിതയും
കനിവിന്റെ ഭാഷയുമാണതെന്ന്
മുഖമേയില്ലെന്ന്
രൂപമോ ഗന്ധമോയില്ലാത്ത
നിന്റെ പ്രതിബിംബമാണെന്ന്
എന്നിട്ടും
എപ്പഴോ
നീയാ പുഴയില്‍ വീണുപോയി
ആഴങ്ങളില്‍ മുങ്ങിനിവര്‍ന്ന്
കണ്ണുകള്‍ കലങ്ങി
കൈപിടിച്ചു കരയണയവേ
പിന്നെ നീ പറഞ്ഞു
അതു നീ കണ്ടുവെന്നും
അതിനെന്റെ മുഖമെന്നും
അപ്പോഴാവണം
നിന്റെ ആകാശച്ചെരുവില്‍
മഴമേഘമായ് ഞാനലഞ്ഞുപോയതും
ഒരിക്കലും
പെയ്തിറങ്ങാനാവില്ലെന്നറിഞ്ഞ്
സൂര്യതാപമേറ്റൊടുങ്ങാന്‍ യാത്രയായതും
No comments:
Post a Comment