കാലത്തിന്റെ വളരെ പുതുക്കിയ ഒരിടനാഴിയില്‍ രണ്ടു യുവനിഴലുകള് കണ്ടുമുട്ടി. പരസ്പരമുള്ള അപരിചിതത്വ പുഞ്ചിരിയില്‍ നിന്നും അവര്‍ പതുക്കെ കുശലാന്വേഷണത്തിലേക്ക് കടന്നു. ആധുനികതയാല്‍ പരിഷ്ക്കരിക്കപ്പെട്ടുപോയ നിഴലുകള്‍ക്ക് ഒരേ രൂപമായതിനാല്‍ തമ്മിലറിയാന്‍ വല്ലാതെ ക്ലേശിച്ചുവെങ്കിലും വിപരീത ദേഹങ്ങളുടെ ആകര്‍ഷണം ഒരു വലയമായി വളരെ പെട്ടെന്നു തന്നെ അവര്‍ക്കിടയില്‍ രൂപപ്പെട്ടു. ദിവസവും നാട്ടുവര്ത്തമാനവഴികളില് നിന്നും സ്വന്തം മനസ്സിലേക്കും പിന്നെ അതിന്റെ വര്‍ണ്ണാഭമായ പരിസരങ്ങളിലുമായി വാതോരാതെ മിണ്ടിപ്പറഞ്ഞ് മുട്ടിയുരുമ്മിയവര് നടന്നു. കാല്പനികതയുടെ നോവും കിനാവും അവരില്‍ മെല്ലെ നിറഞ്ഞു.പരസ്പരം മനസ്സില്‍ നഷ്ടപ്പെടുന്ന ചെറിയ ഇടവേളകളില്‍ പോലും അവര്‍ വിഷാദിച്ചുതുടങ്ങി. ഒടുക്കം ഏതോ നിശ്ചയം പോലെ തങ്ങള്‍ പ്രണയബദ്ധരായിരിക്കുന്നൂവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഈ അറിവുണര്ത്തിയ ആവേശത്തില്‍ ആണ്‍നിഴല്‍ സ്വയം മറക്കുകയും തന്റെ ജന്മ ശരീരത്തിലേക്ക് പെട്ടെന്നു തന്നെ മടങ്ങിച്ചെല്ലുകയും ചെയ്തു. പിന്നെ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളിലും ചിന്തകളിലും അവളെ നിറച്ചുവെക്കുക പതിവായി. അവന്റെ ദിനരാത്രങ്ങള്‍ വ്യത്യസ്ഥമായി അനുഭവപ്പെടാന്‍ തുടങ്ങി. കടിഞ്ഞൂല്‍ പ്രണയത്തിന്റെ നനുത്ത കാറ്റില്‍ മനസ്സുണര്ത്തിനിന്ന അവനെ നിറഞ്ഞ ക്ലാസുമുറിയിലെ പ്രശാന്തതയും ആരവവും ഒരുപോലെ ദേഹം തൊടാതെ കടന്നുപോയി. എന്നാല്‍ ജന്മ ശരീരത്തിലേക്ക് ഇനിയും മടങ്ങിയിട്ടില്ലാത്ത പെണ് നിഴല്‍ എപ്പോഴും പക്വതയോടെ പെരുമാറി.പ്രണയത്തില്‍ അങ്ങിനെയാണ്.. പെണ്‍ചിന്തകള്‍ പക്വവും ആണ്‍ചിന്തകള്‍ അപക്വവുമാണെപ്പോഴും. അതുകൊണ്ടുതന്നെ ജീവിതത്തെ അവള് പ്രണയത്തില്‍ നിന്നും അടര്‍ത്തി മാറ്റിനിര്‍ത്തിയിരുന്നു. തനിക്ക് മുന്നിലെ ഒരു വലിയ ജീവിതത്തിന്റെ ദൂരമത്രയും നടന്നു തീര്‍ക്കുമ്പോള്‍ ഈ പ്രണയ ജിജ്ഞാസയെ എവിടെ എങ്ങനെ അടയാളപ്പെടുത്തണമെന്നുപോലും അവള്‍ക്ക് നിശ്ചയമുണ്ട്. നിഴലുകളുടെ പരിമിതികളിലും പരാധീനതയിലും അവള് ബോധവതിയായിരുന്നു. വെളിച്ചത്തിന്റെ മാത്രം ദയയില്‍ കിട്ടുന്ന നിഴലുകളുടെ ജീവിതം സ്ഥായിയായ ഒന്നല്ലെന്നവള്ക്കറിയാം. അസ്തിത്വമില്ലാത്ത പ്രണയം ഒരു കൗതുകത്തിനപ്പുറം വളരാതെ മനസ്സിനരികെയവള് പിടിച്ചുനിര്‍ത്തി. പരസ്പരം സന്ധിക്കുന്ന ഇടവേളകളില്‍ പലപ്പോഴും അവള് അരൂപിയായി അവന്റെ വിഹ്വലതകള്‍ ആസ്വദിക്കാന്‍ തുടങ്ങിയതങ്ങനെയാണ്.
പക്ഷെ സ്വപ്നങ്ങളില്‍ നിന്നും സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന അവന് അവളുടെ കരുതലില്‍ പൊടുന്നനെ വിജനതയില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ പോലെ പരിഭ്രാന്തനായി. തന്നിലുണര്‍ന്ന ഉല്‍സവത്തിന്റെ പെട്ടെന്നുള്ള നിറപ്പകര്ച്ചയില് അവന് മറുവാക്കില്ലാതെ ഒറ്റപ്പെട്ടു. ഒരു മരുഭൂമി അവനില്‍ ഉരുവായി. അവന് പതിയെ പതിയെ അവളുടെ കണ്മറയല് ഒരു സ്വയം പീഢനത്തിന്റെ ലഹരിയായി അനുഭവിച്ചു. തനിക്കുചുറ്റിലുമുള്ള ലോകത്തേയും തന്നെ തന്നെയും അവന് വെറുത്തു തുടങ്ങി.അവന് മൗനിയായി.
ഒരു രാത്രിയില്‍.. അവളൊരിക്കലും അവളുടെ ജന്മദേഹത്തിലേക്ക് തന്നേയുംകൂട്ടി മടങ്ങില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ രാത്രിയില്‍ ..വീടിന്റെ മേല്‍ത്തട്ടിലെ തണുപ്പില്‍ കിടന്ന അവന്റെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പതുക്കെ ഓരോ വിളക്കണയുന്നതുപോലെ അപ്രത്യക്ഷമാവാന്‍ തുടങ്ങി. ഒരു തണുത്ത കാറ്റ് അവനെ തലോടി കടന്നുപോയി. പൊടുന്നനെ തന്റെ നീളുന്ന ദൃഷ്ടികള്ക്കപ്പുറത്തെ ഇരുട്ടില്‍ നിന്നും വെളുത്ത ചിറകുകള് വീശി ഒരു മാലാഖ അവനരികെ പറന്നുവന്നിറങ്ങുന്നതവന് കണ്ടു.. അതു തന്റെ പ്രിയപ്പെട്ടവളെന്നു തിരിച്ചറിയാന്‍ അവനു പ്രയാസമുണ്ടായില്ല.. തനിക്കരികെയിരുന്ന തന്റെ പ്രണയിനിയുടെ മുഖം അവനന്നാദ്യമായി കണ്ണുകളില്‍ നിറച്ചു. ഉതിരുന്ന ശ്വാസ താപം ഏറ്റുവാങ്ങവെ അവളവന്റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ തണുത്ത മൃദുലമായ വിരലുകള്‍ അവന്റെ മുടിയിഴകളിലിഴഞ്ഞു. അലൗകികമായ ഒരു ശരീര ഗന്ധം പതിയെ അവനില്‍ നിറയാന്‍ തുടങ്ങി. അവള് മെല്ലെ മെല്ലെ അവനിലേക്ക് പടര്‍ന്നുകയറി. ഒരു ചുടുകാറ്റിന്റെ കൈകളില്‍ അവന് വിയര്‍ത്തു. അവന് വിറക്കുകയും കിതക്കുകയും ചെയ്തു. ഒടുക്കം സ്വയം ഒരു നീര്‍ച്ചാലുപോലെ എങ്ങോ ഒഴുകുകയും എന്തെന്നില്ലാത്ത ശാന്തത കൈവരിക്കുകയും ചെയ്തു.
തികഞ്ഞ സംതൃപ്തിയോടെ കിതപ്പണച്ചു കിടന്ന അവന് പിന്നെ ചെയതത് തന്റെ കൈത്തണ്ടയിലെ ഉള്ളറകളിലെ അരുവികളെ കണ്ടെത്താനായി അവള്‍ക്കു നേരെ കൈനീട്ടിക്കൊടുക്കുകയായിരുന്നു. കൈത്തണ്ടയില്‍ തുടിക്കുന്ന ഇണകളായ രണ്ടരുവികളെ അവള് പെട്ടെന്നു തന്നെ കണ്ടെത്തുകയും ചെയ്തു. അവയ്ക്കു കുറുകെ തന്റെ മൂര്‍ച്ചയേറിയ കൈനഖം ആഴത്തില്‍ കോറുക മാത്രമാണ് തന്റെ ഒടുവിലത്തെ ദൗത്യമെന്നതിനാല്‍ ഒട്ടും സമയം പാഴാക്കാതെ അവള് അരുമയോടെ അതു ഭംഗിയായി നിര്‍വഹിച്ചു. പിന്നെ തന്റെ ചിറകുകള് വിടര്‍ത്തി ഒരു പുഞ്ചിരി അവനു നേരെ എറിഞ്ഞുകൊണ്ട് ഒരുകാറ്റുപോലെ പറന്നു പോയി. തന്നിലെ ജീവനദി ഒരു തടങ്കലില്‍നിന്നു രക്ഷപ്പെട്ടതുപോലെ ചാലുമാറി തറയില്‍ പടരുന്നത് അവന് നിര്‍ന്നിമേഷനായി നോക്കിനിന്നു. തന്നില്‍ നിന്നിറങ്ങിപ്പോവുന്ന കൊഴുത്ത ജലരൂപത്തില്‍ അവന് വല്ലാതെ തണുത്തു. പിന്നെ പതിയെ ഒരു സുഖ നിദ്രയിലേക്കെന്നപോലെ കണ്ണുകള്‍ പതുക്കെയടച്ച് ആഴങ്ങളിലേക്ക് യാത്രയാകവെ അവസാന സ്വപ്നത്തിന്റെ രഥവേഗം അവന്റെ ചുണ്ടില്‍ ഒരു ചെറുമന്ദഹാസമായി വിരിഞ്ഞു.
ഇപ്പോള്‍ നിഴലുകള്‍ പിന്‍വാങ്ങിയ ലോകത്തിലാണവന്‍.. നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിന്റെ അങ്കണത്തില്‍ വെള്ളപുതച്ചുറങ്ങുന്ന അവനിലേക്ക് നനഞ്ഞ മിഴികള്‍ ശാന്തതയോടെ പടര്‍ന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. പുഷ്പചക്രങ്ങള്‍ അവനെ പൊതിഞ്ഞു തുടങ്ങുകയാണ്. മൂകമായ തേങ്ങലുകള്‍ അവിടമാകെ ഘനീഭവിച്ചു നിന്നു. ഈ നേരം കുറച്ചകലെ ഒരുമരച്ചുവട്ടില്‍ കണ്ണുകള്‍ ഇനിയും നനഞ്ഞിട്ടില്ലാത്ത രേഷ്മയെന്ന പെണ്‍കുട്ടി കണ്ണുനിറച്ചു നില്ക്കുന്ന തന്റെ കൂട്ടുകാരിയോട് ശബ്ദം താഴ്ത്തി മെല്ലെ ചോദിച്ചു... "അരുണ്‍ എന്തിനാണിത് ചെയ്തത്?. അവനു വട്ടായിരുന്നോ?". കൂട്ടുകാരി ഒന്നും മിണ്ടാതെ മറ്റു സഹപാഠികളെ പോലെ ദുഃഖമടക്കി നില്ക്കുകമാത്രം ചെയ്തു. അപ്പോള്‍ തലക്കു മുകളിലെ കത്തുന്ന സൂര്യന്റെ ദയയില്‍ രേഷ്മയുടെ നിഴല്‍ തന്റെ ജന്മദേഹത്തില് തന്നെ പതുങ്ങിക്കൂടിനിന്നു. ഉറയുന്ന നിസ്സംഗതയില്‍ അതോര്മ്മകളെ മായ്ച്ചുകൊണ്ടിരുന്നു.
അന്നു രാത്രിയില്‍....... തെല്ലും സങ്കടമോ കുറ്റബോധമോ ഇല്ലാതെ പതിവുപോലെ അവള് രേഷ്മയില്‍ നിന്നിറങ്ങി പതുക്കെ നിഴലുകള്‍ വാഴുന്ന ഇടനാഴിയില്‍ ഇനിയും വരാനിരിക്കുന്ന ഒരു ആണ്നിഴലിനെ പ്രതീക്ഷിച്ച് സുസ്മേരവദനയായി കാറ്റുകൊണ്ടു കാത്തുനിന്നു.
5 comments:
പ്രണയത്തില്‍ അങ്ങിനെയാണ്.. പെണ്‍ചിന്തകള്‍ പക്വവും ആണ്‍ചിന്തകള്‍ അപക്വവുമാണെപ്പോഴും.
varaan vaikiya nashttam hesthiyayilude arinju ezhthuka dharaalam iniyum iniyum ........
bhaavugangalode sabi..
after reading, feeling nostalgia.
remembering the college days.
Good, keep writin.
Best wishes,
Jose M.D.
Jeddah
Oh ..!! Really nice...!! apakwamaya pranayachinthakalil jeevanodukkunna yuvathwam...!
നല്ല എഴുത്തിനു ആശംസകൾ
Post a Comment