Friday, October 23, 2009

ചിത്രം

ശിരസ്സറ്റ് ചോരയില്‍ ചിതറിത്തെറിച്ച സ്വപ്നങ്ങളെ കണ്ടു വായിക്കെ
ഞാനെന്റെ കണ്ണുകളെ നിഷ്ക്കരുണം മായ്ച്ചുകളഞ്ഞു.‍

അസഹ്യമാം ഏകാന്തഗന്ധം ചുറ്റും വിലയിച്ചു തുടങ്ങെ
ഞാനെന്റെ നീണ്ട മൂക്കും മായ്ച്ചു.

ജീവിതത്തിന്റെ കയ്പ്പും കണ്ണുനീരിന്റെ ഉപ്പും മാത്രം രുചിയായി‍ നിറഞ്ഞപ്പോള്‍
പതിയെയെന്റെ ചുണ്ടും നാവും മായ്ക്കപ്പെട്ടു.

ഇരുണ്ട ഭാവിയിലേക്കുനീണ്ട നിസ്സഹായതയുടെ ഇടംവലങ്കയ്യുകളും
വിളര്‍ത്ത കാമനകളുടെ സ്ഥൂലമായൊരരക്കെട്ടും പിന്നെ ഞാന്‍ മായ്ച്ചു.

വേദനയാല്‍ നീറുന്നൊരോര്‍മ്മകളിലലയാന്‍ വിധിച്ച
കാലുകളും ഞാനൊടുക്കം വേണ്ടെന്നു വെച്ചു.

ഇന്നു നീ മുന്നില്‍ തുറക്കുന്ന ഉദ്യാന വാതിലും
ശിശിരവും വസന്തവും ആര്‍ദ്രമാം നറുനിലാവും

നിന്‍ സ്നിഗ്ദമാമദൃശ്യ സാന്നിദ്ധ്യ സുഗന്ധവും
പകുക്കാന്‍ ഒരുക്കൂട്ടിയ മധുരജീവിത വെളുത്ത പക്ഷവും

വാരിപ്പുണരേണ്ട‍ കുളിരുന്ന കിനാവോളങ്ങളും സ്വപ്നഗൃഹവും
ഇളങ്കാറ്റില്‍ മുഖം ചേര്‍ത്ത വയലറ്റ് ഫ്രോക്കിലെ കുഞ്ഞാമിയും

ഓര്‍മതന്‍ പൂക്കൂടകളില്‍ നിറച്ചുവെക്കാന്‍ കൊടുത്തയക്കുന്ന
സ്നേഹമാം വാടാത്ത തൂവെള്ളപ്പൂക്കളും

ഞാനെന്ന ചിത്രത്തെ പുനര്‍നിര്‍മ്മിക്കുമോ?
അലസമായെങ്കിലും എന്നെയെനിക്ക് മാറ്റിവരക്കാനുതകുമോ?

1 comment:

എം പി.ഹാഷിം said...

തകര്‍ത്ത് പോകുന്ന ഈ എഴുത്തില്‍
ഉള്ളില്‍ അസൂയ മുള പൊട്ടുന്നെന്നു പറയാന്‍ മടിയില്ല നാസൂ ...

അഭിനന്ദനങ്ങള്‍ !