വളരെ പെട്ടെന്നുളളതും വളരെ എളുപ്പം
ഗ്രഹിക്കാവുന്നതും, വളരെ എളുപ്പം വേര്‍തിരിച്ചറിയാവുന്നതുമായ
വികല ലൈംഗിക തൃഷ്ണയുടെ ശക്തമായ
ആക്രമണത്തിന്റെ കാരണം കുടികൊളളുന്നത് ഒരു ബാഹ്യഘടകത്തിലാണ്. ഇതിനെ നമ്മള്‍ പൊതുവെ
പറയുന്നത് മോഹഭംഗം എന്നാണ്.” - സിഗ്മണ്ട്
ഫ്രോയ്ഡ്
പ്രാചീന യുദ്ധത്തിന്റെയും നായാട്ടിന്റെയും രസതന്ത്ര സമസ്യകള്‍ എന്തുതന്നെയായിരുന്നാലും അവയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വ്യാപരിക്കുന്ന വീര്യത്തിന്റെ ആവിഷ്കാര ലഹരി ഒരു ഭ്രമമായി തന്നില്‍ ആവേശിപ്പിച്ചിരിക്കുന്നതിനാല്‍ ശിവരാമന്റെ കിടപ്പറയ്ക്കെന്നും ഒരേ ഭാവമായിരുന്നു. പ്രതിരോധ കരുതലുകളില്ലാത്ത ഒരന്യരാജ്യ സമ്പന്നതയോ വിജനവൃത്തത്തിലകപ്പെട്ട ഹരിണനിസ്സഹായതയോ ആണ് അപ്പോഴൊക്കെ ഭാര്യ രേണുക. അശ്വാരൂഢനായി ദിക്കുകള്‍ മുറിച്ചെറിഞ്ഞു മുന്നേറുന്ന അയാള്‍ രേണുകയുടെ യാമങ്ങളെ വീറോടെ മെതിക്കുമായിരുന്നു. വാള്‍ത്തലയുടെ സീല്‍ക്കാരങ്ങള്‍ക്കൊടുവില്‍ കബന്ധങ്ങള്ക്കിടയിലെ യോദ്ധാവായി കരുണയില്ലാത്ത കണ്ണുകളോടെ അയാള്‍ രേണുകയെ നോക്കി പൊട്ടിച്ചിരിക്കുമായിരുന്നു. എന്നന്നേക്കുമായി കൊണ്ടാടുന്ന ഒരു പകയുടെ ഈ മെയ്യുരുക്കം അയാള്‍ നന്നായി ആസ്വദിച്ചിരുന്നു. എന്നാല്‍ ഈയ്യിടെയായി മനസ്സില്‍ ആസക്തമാകുന്ന യുദ്ധ വേട്ടകളുടെ ആത്മവീര്യം പ്രതിപ്രവര്‍ത്തനമില്ലാത്ത രാസമൂലകമായി അയാളുടെ ശരീരത്തെ അവഗണിച്ചു നില്‍ക്കുന്നു. മദ്യ ലഹരിയില്‍ വലിഞ്ഞു മുറുകി പിന്നെ അയഞ്ഞു തുടങ്ങുന്ന ഏതൊരു തൃഷ്ണയില്‍ പോലും ആവാഹിച്ചെടുക്കാന്‍ കഴിഞ്ഞിരുന്ന ചുഴലിയൊട്ടുമേ ഇപ്പോള്‍ ശരീരത്തില്‍ ഉയിരെടുക്കുന്നില്ല. എടുക്കുമ്പോള് ഒന്നും തൊടുക്കുമ്പോള് നൂറും, കൊള്ളുമ്പോള് ആയിരവുമാകുന്ന ശരവേഗങ്ങള്‍ വിസ്മയജന്യമായ ഭൂതകാലമായി പരിണാമം കൊണ്ടതുപോലെ.. അതിനാല്‍ തന്നില്‍ നിന്നും എന്തോ ഒന്ന് വേര്‍പ്പെട്ടു നില്‍ക്കുന്നുവെന്നു മാത്രം പല രാത്രി അയാള്‍ അസ്വസ്ഥനായി.
ഇന്ന് കട്ടിലിനു താഴെ ഒറ്റപ്പായയില്‍ പുതപ്പിനുള്ളില്‍ എല്ലാ ദിക്കുകളെയും നിര്‍വ്യാജമായി കവച്ചു മറച്ചുറങ്ങുന്ന രേണുകയില്‍ അയാളുടെ കാഴ്ച പലവുരു പോക്കുവരവ് നടത്തുകയും ഒടുക്കം അവളില്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു . പിന്നെ തന്റെ അയഞ്ഞ ബോധത്തെ ഏറെ പണിപ്പെട്ട് ഒരേ ദിശയില്‍ നിര്‍ത്തി പതുക്കെ.. വളരെ പതുക്കെ.. അവളുടെ നീണ്ട മുടിച്ചുരുളുകളെ കൈവെള്ളയില്‍ ചുറ്റി പെട്ടെന്ന് ശക്തിയോടെ മുകളിലേക്കുയര്‍ത്തി. അത്രയൊന്നും ഗാഡമല്ലാത്ത ഉറക്കത്തിന്റെ അടരില്‍ നിന്നും വേദനയോടെ ശിരസ്സും പൊത്തിപ്പിടിച്ച് രേണുക ഒട്ടും ഭയ ചകിതയാകാതെ ഉണര്‍ന്ന് കണ്ണുതുറന്നു. ഇതൊരു ശീലമാണ്. ശീലങ്ങള്‍ക്ക് ഭയമോ ഭയരാഹിത്യമോ ഇല്ല . അത് നിര്‍വികാരതയുടെ ഒറ്റയായി ഒരേ ആവേഗത്തില്‍ എന്നന്നേക്കുമായി സഞ്ചരിക്കുന്നു. രേണുക, തന്റെ നീണ്ട ചെവിയില്‍ പിടിവീണ ഒരു പെണ്‍മുയലിനെ പോലെ മുഖമുയര്‍ത്താതെ കുന്തിച്ചിരുന്നു. പിന്നെ മുടിക്കെട്ടിലെ പിടിയഴഞ്ഞപ്പോള്‍ ശേഷം പ്രതിക്രിയകള്‍ ദേഹമാസകലം ഏറ്റുവാങ്ങാന്‍ പതിവുപോലെയവള്‍ അയാള്‍ക്കായി അനുസരണയോടെ മച്ചില്‍ മിഴി നട്ടു കിടന്നു. ലഹരിക്ക് വശംവദമായ മദരാഗത്തിന്റെ ചൂടും ചൂരുമില്ലാത്ത ഇഴച്ചിലുകള്‍ ഉടലില്‍ ഒരു പരാജയമായി തുടങ്ങിയവസാനിക്കുമ്പോഴേക്കും അവള്‍ തിരിച്ചെടുക്കാത്ത ദൃഷ്ടിയോടെ തനിക്കിഷ്ടപ്പെട്ട ഒരു പ്രണയ കവിതയെ അന്നൊരിക്കല്‍ കൂടി ഓര്‍മിച്ചു.
ഒരു പകല്ത്തുടക്കം രേണുകയെ എന്നും തന്റേതു മാത്രമായ ഒരു ലോകത്തിലേക്ക് പ്രവേശിപ്പിക്കുന്നു. പതിവുപോലെ പ്രാതല്‍ ഒരുക്കിവെച്ചശേഷമുള്ള തണുത്ത കുളിയാല്‍ ഓരോ രാവിന്റെയും മാലിന്യങ്ങളടിഞ്ഞ മനസ്സിനെ ദേഹത്തോടൊപ്പം നിര്‍ത്തി അവള്‍ കഴുകി വെടുപ്പാക്കുന്നു. ആശുപത്രിയിലെത്തെണ്ടതായ സമയനിഷ്ടയില്‍ പ്രഭാതചര്യകളില്‍ മുഴുകുമ്പോഴും പുതിയ ഒരാളായി മടുപ്പ് തീണ്ടാതെ രേണുകയ്ക്ക് മൂളിപ്പാട്ട് പാടാനാകുന്നു. സ്ത്രീജന്മത്തിന്റെ അവസ്ഥാന്തര കാലങ്ങളിലൊന്നില്‍ അവള്‍ തനിക്ക് കല്പ്പിക്കപെട്ട പകല്‍കോയ്മയുടെ ഉദാരസ്വാതന്ത്ര്യം ശ്വസിക്കുകയും രാത്രിപെണ്മയുടെ യാമയാതനകള്‍ കുടിച്ചു വറ്റിക്കുകയും ചെയ്യുന്നു. വിവാഹ നാള്‍ തൊട്ടു ഒരനുഷ്ടാന വിചാരം പോലെ മനസ്സ് പാകപ്പെടുത്തിയതാണത്. ആദ്യ നാളുകളിലെ അനുഭവങ്ങള്‍ അവളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒരു ചോദ്യചിന്ഹമോ പൂര്‍ണ്ണ വിരാമമോ നല്‍കിയിരുന്നു. നിത്യേനയെന്നോണമുള്ള ശകാരങ്ങള്‍ക്കുമൊടുവില്‍ ക്രൂര പീഡനങ്ങള്‍ നല്‍കി അയാളുടെ ലോകത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചതിനാല്‍ വ്യതിരിക്തമായ ഒരു വൃത്തത്തില്‍ ചുരുങ്ങി അവള്‍ തന്നില്‍ നിന്നുമാത്രമായി വേര്‍പെട്ടു മുറിഞ്ഞു. മറ്റൊരു മറുചിന്തകള്‍ക്കും ഇടം നല്‍കാതെ സ്നേഹം നിറഞ്ഞ അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖം മാത്രം മനസ്സില്‍ ചിത്രപ്പെടുത്തി ഇനിയും അവര്‍ക്കുള്ള നോവോ സങ്കടമോ ആവാതെ ജീവിതം ആവര്‍ത്തിച്ചു. ഇന്നത്തെ പകല്‍ മറ്റേതൊരു പകല്‍ പോലെയും അവള്‍ക്കു പ്രവചിതമാണ്. ആശുപത്രിയിലായിരിക്കുമ്പോള്‍ അയാളുടെ രണ്ടോ മൂന്നോ ഫോണ്‍ വിളികള്‍ അവളെ തേടിയെത്തും. നീ എവിടെയാണിപ്പോള്‍ .... എന്ത് ചെയ്യുന്നു ... എന്ന ആദ്യ ചോദ്യത്തിനപ്പുറം അവളൊന്നും കേള്‍ക്കാറില്ല. അല്ലെങ്കില്‍ കേള്‍ക്കേണ്ടതായ ഒരു കാര്യവും അതില്‍ ഉണ്ടാവുകയുമില്ല. തന്റെ ചലനങ്ങളെയും സ്ഥിതിവിശേഷങ്ങളെയും അടയാളപ്പെടുത്തി ശമിപ്പിക്കുന്ന സന്ദേഹങ്ങളുടെ നിലവിളിയാണതെന്ന് അവള്‍ക്കറിയാം. കൂടെ ജോലി ചെയ്യുന്നവരെല്ലാം അത് കുറേശ്ശ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. ബസ്സ് കിട്ടാതെ നേരം ഒരല്‍പം ഇരുളുമ്പോള്‍.. അവിചാരിതമായി ഓവര്‍ടൈം ചെയ്യേണ്ടി വരുമ്പോള്‍ തന്നിലെ വെപ്രാളങ്ങള്‍ ചിലതെല്ലാം അവരോടു പറയാതെ പറയുന്നുമുണ്ട്. “ഇങ്ങിനെ കൂടെ ജീവിക്കുന്നതിലും ഭേദം വേണ്ടെന്നു വെക്കുന്നതാ മോളെ നല്ലത”’. ഒരിക്കല്‍ റീത്താമ്മ സഹികെട്ടു സഹതാപത്തോടെ അവളോട് പറയുകയുമുണ്ടായി. പക്ഷെ പിന്തുടര്‍ന്നു വേട്ടയാടുന്ന ഭൂതകാലത്തിന്റെ, ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത ഒരിരയാണ് താനെന്നത് റീത്താമ്മക്കറിയില്ല. പരിണാമഗുപ്തിയിലെത്തിക്കാതെ ഒരു കഥയെ സ്വയം നടത്തിക്കൊണ്ടുപോകുന്ന ദൌത്യം പ്രായാധിക്യത്തിന്റെ ദീന സങ്കടങ്ങളുമായി ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ദുഃഖം തീണ്ടാത്ത രാപ്പകലുകള്‍ നിലനിര്‍ത്തുന്നുണ്ട്. അത്രയും മതി. അതിനാല്‍ തന്റെ വികാരങ്ങളെ അതിന്റെ എല്ലാ ഉടല്‍ഭംഗികളോടെയും അവള്‍ പരിത്യാഗപ്പെടാന്‍ ഉഴിഞ്ഞു വെച്ചതാണ്. എന്നിട്ടും ഈയ്യിടെയായി ഓരോ രാവുകളും തന്റെ ജീവിത സഞ്ചാരങ്ങളെല്ലാം അപഥങ്ങളായി സമര്‍ത്ഥിച്ച് ഓരോ കുരുതികള്‍ കാത്തു വെക്കുന്നു. അത് ചിലപ്പോള്‍ തപാല്‍ വഴിയുള്ള ഊമക്കത്തായും അജ്ഞാത ഫോണ്‍ വിളികളായും മുന്നില്‍ നിരത്തി അയാള്‍ വിചാരണ തുടരുന്നു. അപ്പോഴെല്ലാം സ്വയം സൃഷ്ടിച്ചെടുക്കുന്ന ഇമ്മട്ടിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളെ അവള്‍ മൌനം കൊണ്ട് സധൈര്യം നേരിടുന്നു. അയാളാകട്ടെ അവയില്‍ വിളയിച്ചെടുത്ത ആത്മഹര്‍ഷത്തോടെ തീര്‍ത്തും അക്ഷോഭ്യനായി കിടപ്പറയില്‍ വീറോടെ പടനയിച്ചു തളര്‍ന്നു കിടന്നുറങ്ങുകയും ചെയ്യുന്നു.
നിദ്രാവിഹീനമായ രാത്രികള്‍ ഒരു ദുശ്ശീലമായി തന്നെ ഗ്രസിക്കുമ്പോഴെല്ലാം അവള്‍ നകുലനെ കുറിച്ചോര്ക്കുന്നു. പൂര്‍വകാണ്ഠത്തില്‍ നഷ്ടപ്പെട്ട കാമുകന്‍. അവന്‍ അരൂപിയായി അവളോടൊപ്പം കൂട്ടിരിക്കുന്ന ഓര്‍മകളുടെ യാമമെന്നും ആ പരിചിത ഗന്ധം കൊണ്ട് അവളെ മൂടുന്നു. അവള്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദ വീചികള്‍ കൊണ്ട് ആകെ പൊതിയുന്നു. അവന്റെ സംസാര രീതി അവള്‍ക്കിഷ്ട മായിരുന്നു.. അത് കാണാന്‍ ഭംഗിയുള്ളതും കേള്‍ക്കാന്‍ ഇമ്പമാര്‍ന്നതും ഏറെ മോഹിപ്പിക്കുന്നതും... എത്ര നേരമെങ്കിലും കേട്ടിരിക്കാന്‍ സുഖമുള്ളത്. ഇങ്ങിനെ ഉന്മത്തമായ ഒരു രാത്രിയുടെ പുനരാവിഷ്കാരത്തില്‍ ലയിച്ചു അവള്‍ ഒരിക്കല്‍ കൂടി നകുലനായ് കാതോര്‍ക്കുന്നു. “ രേണു.. ...നമ്മള്‍ അതിജയിച്ച പ്രണയമെന്നാല്‍ ....രണ്ടു വ്യത്യസ്ത ലോകങ്ങളുടെ ചുറ്റിലും പാകപ്പെട്ട നിര്‍ണ്ണയ രേഖകള്‍ സ്വയമേവ മാഞ്ഞുപോയി യഥാതഥമായി ഉയിര്‍കൊണ്ട ഒന്ന്... അവിടെ നീയും ഞാനുമില്ല. ഞാനായി നീയും നീയായി ഞാനും രണ്ടു ഹൃദയത്തെ അലിയിച്ചെടുത്ത് നാം നമ്മെ തന്നെയും ജീവിതത്തെയും പുനര്നിര്മിക്കുന്നു . അപ്പോള്‍ മാത്രം ശരീരങ്ങള്‍ ഒരു കേവലവസ്തു വില്‍ നിന്നും ഉയര്‍ന്നു ജീവന്റെ അനുഗ്രഹീത പദാര്‍ത്ഥമാകും. നമ്മളൊറ്റയില്‍ കൂട് കൂട്ടപ്പെടും. നമുക്ക് കുഞ്ഞുങ്ങള്‍ ജനിക്കും. ഇതൊരു നിയോഗമാണ്.. അത് നമ്മള്‍ അനുസരിക്കുന്നു. അതിനാല്‍ പ്രണയ തരളിതമായ ഈ രാത്രിയില്‍ ഞാന്‍ നിന്റെ ശരീരത്തിന്റെ അതിരുകള്‍ എന്നന്നേക്കുമായി മായ്ച്ചുകളയുന്നു. നിന്നിലേക്ക് തുറക്കുന്ന വാതിലില്‍ ഞാന്‍ ഒരു കാറ്റായി വീശുകയും കടലായി ആര്‍ത്തലക്കുകയും ചെയ്യുന്നു”. ഒരു മഴപോലെ ഉതിര്‍ന്ന അവന്‍ പിന്നെ എപ്പഴോ പതിയെ വിരലുകളുടെ അന്വേഷണാത്മകമായ ചലനത്തില്‍ തുടങ്ങി പരസ്പര ചുംബനങ്ങളുടെ നേര്പകുതിയിലെക്ക് അവളെ ആനയിച്ചു. ഒടുക്കം ഒരു മഴക്കുളിരില്‍ ഒരിണയുടെ കര്‍മം ഉദരത്തില്‍ ആചരിച്ച് ആലസ്യത്തിലേക്കുറക്കുകയും ചെയ്തു. ജീവിതത്തെ ഒരുമിച്ചു പങ്കിടാന്‍ തിയതി തീരുമാനിക്കപ്പെട്ട ആ രാത്രി താല്‍ക്കാലികമായ ഒരു വേര്‍പിരിയലിന്റെ രാത്രി കൂടിയായിരുന്നു. മറ്റൊരു കാത്തിരിപ്പ് രേണുകയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാത്രി. പിറ്റേന്നാണ് നകുലന്‍ ദില്ലിയിലേക്ക് തിരികെ യാത്രയാവുന്നത്. മൂന്നു മാസത്തെ ഇടവേള. പ്രേമികളുടെ ജീവിതമെപ്പോഴും ഇങ്ങിനെ ഇടവേളകള്‍ നിറഞ്ഞതാകുന്നു. എണ്ണമറ്റതും നോവുകള്‍ പുരണ്ടതും. അവ ശൂന്യം ബാധിച്ച് കാത്തിരിപ്പിനോടുള്ള കലഹം പുലര്‍ത്തി പതുക്കെ മാത്രം തേഞ്ഞു തീരുന്നു. വരാനിരിക്കുന്ന ദിനങ്ങള്‍ കാഠിന്യമേറിയതാവുമെന്നു രേണുകയ്ക്കറിയാമായിരുന്നെന്കിലും ഒരു മാസം പിന്നിട്ടപ്പോഴേക്കും അത് ശരീരത്തെ കൂടി ബാധിച്ചതായി അവള്‍ അറിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യത്തിനു അവള്‍ക്കപ്പോഴും ഉത്തരമുണ്ടായിരുന്നു. പക്ഷെ മറ്റൊന്നായിരുന്നു വിധി കാത്തു വെച്ചത്. നകുലന്‍ ഒരിക്കലും തിരികെ വന്നില്ല. ഒരപകടത്തില്‍പെട്ട അവന്‍ കാത്തിരിപ്പിന്റെ ഇടവേളകള്‍ നല്‍കാത്ത ലോകത്തേക്ക് രേണുകയെ ഉപേക്ഷിച്ചു കടന്നു പോയി. പകരമായി പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ജീവിതം സ്വീകരിച്ച മറ്റൊരാള്‍. ഒന്നാം രാവില്‍ തന്നെ ദാമ്പത്യ നാട്യ ശാസ്ത്ര പ്രകാരം രേണുക തന്നിലെ നകുല ചരിതം കഥ സത്യസന്ധമായി കെട്ടിയാടി ലഘൂകരിച്ച മനസ്സിനെയും ഒപ്പം ജീവിതത്തെയും അയാള്‍ക്ക് മുന്നില്‍ തുറന്നിട്ടു. പ്രതീക്ഷിച്ചതുപോലെ തന്നെ സാത്വികാഭിനയത്തിന്റെ ഭാരമില്ലാതെ അയാള്‍ വെറുപ്പിന്റെ ഭാവരസങ്ങളെല്ലാം പ്രകടമാക്കി ചുവന്ന കണ്ണുകളുമായി തനിച്ചു കിടന്നുറങ്ങുകയാണ് ചെയ്തത്. തന്റെ കവന നൈപുണിയില്‍ പോകെ പോകെ പുതിയ പുതിയ കല്പനകള്‍ അയാള്‍ ചിന്തകളില്‍ നിറക്കുവാന്‍ തുടങ്ങിയതങ്ങിനെയായിരുന്നു. ഓരോ കെട്ടുകഥകളിലും സ്ഫുടം ചെയ്തെടുത്ത വിജിഗീഷുവായി യുദ്ധവേട്ടകള്‍ തുടങ്ങി അയാള്‍ ആകാശത്തോളം വളര്‍ന്നു. മനസ്സിന്റെ ഉത്തേജകമായ പരിപോഷിപ്പിച്ച കല്പനലീലകളില്‍ അപരനെ പ്രതിഷ്ടിച്ച് രേണുകയെ അയാള്‍ നിര്‍ദാക്ഷിണ്യം ഉലച്ചുകൊണ്ടെയിരുന്നു. പക്ഷെ ഈ പതിവുകളുടെ നിവര്‍ത്തനങ്ങളാണ് ഈയ്യിടെയായി ലക്‌ഷ്യം ഭേദിക്കാത്ത തമോരാത്രികളായി മാറി അയാളെ അലോസരപ്പെടുത്തുന്നത്.
അന്നും തന്റെ പുതുക്കിയ ശ്രമങ്ങളെല്ലാം ഒന്നൊന്നായി തകരുന്നതായി അയാള്‍ അറിഞ്ഞു. മനസ്സിന്റെ ആജ്ഞാപഥത്തില്‍ നിന്നും ദേഹവിധേയത്വം അകന്നു പോയിരിക്കുന്നു. മനസ്സില്‍ നിന്നും സ്വന്തം ശരീരത്തിന്റെ എന്നന്നേക്കുമായ വിടവാങ്ങല്‍. ഉയിര്‍ത്തെഴുനെല്‍ക്കാനാവാത്ത വിധം മരണം വരിച്ച ചേതനകള്‍....തന്നിലെ പകയുടെ നിര്‍ദ്ധാരണത്തിന്റെ തിരസ്കാരമായി അത് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നയാള്‍ക്ക് ബോധ്യമായി . അവളുടെ പുറം കാലുകൊണ്ടുള്ള ഒരു തൊഴിയില്‍ ഇല്ലാതാവുന്ന അധീശത്വം മാത്രമേ തന്നിലിനി പുരുഷത്വമായി അവശേഷിക്കുന്നുള്ളൂ . എന്നിട്ടും ഓരോ രാത്രിയും പേറുന്ന ഭീഷണമായ മൃഗയാ വിനോദത്തില്‍ അവള്‍ തന്റെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന അധീശത്വം ആത്മസമര്‍പ്പണത്തോടെ സ്വീകരിക്കുന്നതില്‍ അയാള്‍ അന്നാദ്യമായി അത്ഭുതം കൂറി. പ്രതിരോധത്തിന്റെ പൊരുതലുകള്‍ ഒരിക്കലും പ്രദര്‍ശിപ്പിക്കാതെ പോലും ഭീരുത്വത്തിന്റെ ചങ്ങലകളാല്‍ അവള്‍ തന്നെ എന്നന്നേക്കുമായി ബന്ധിച്ചിരിക്കുന്നു. തന്നില്‍ നിന്നും നിഷ്കരുണം ഇറങ്ങിപ്പോയതെന്തോ അത് അവളില്‍ കുടിയേറി മുമ്പൊരിക്കലും കാണാതിരുന്ന ആത്മവിശുദ്ധിയെ അനാവരണപ്പെടുത്തുന്നു. പീഡിതമായ ആത്മാവിന്റെ കണ്ണീരും നോവും കൊണ്ട് വിരചിച്ച സഹനത്തിന്റെ പൊരുള്‍ അങ്ങിനെ വായിച്ചറിയുന്നു. പതിവിനു വിപരീതമായി അയാള്‍ അവളുടെ ശരീരതാപത്തില്‍ നിന്നുമിറങ്ങി ജനലിലൂടെ അരിച്ചെത്തുന്ന നിലാവില്‍ ശാന്തതയോടെ മിഴിനട്ടു. കെട്ടുകഥകളുടെ രൌദ്രമില്ലാത്ത ആ രാത്രി തന്നെ നിര്മലീകരിക്കുമെന്ന തോന്നലില്‍ ഒരു ഉള്‍ വിളിയോടെ തന്നിലേക്ക്.. തന്റെ പൂര്‍വ നാളുകളുടെ ഇരുട്ടിലേക്ക് വെളിച്ചം തേടി. രാത്രി നീളെ ചിന്തകളില്‍ അലഞ്ഞു. ഒടുക്കം അവശേഷിക്കുന്ന ഏതൊക്കെയോ ശരികളുടെ പ്രത്യാശയില്‍ അയാള്‍ കട്ടില്‍ വിട്ടെഴുനേറ്റ് ഒരു സ്വപ്നാടകനെ പോലെ കിണറ്റിന്‍ കരയിലേക്ക് നടന്നു. തണുത്ത ജലധാരയില്‍ അയാള്‍ ഏറെ നേരം സ്നാനം ചെയ്തു. പിന്നെ തെളിഞ്ഞ മനസ്സോടെ തിരികെ വന്ന് കട്ടിലിനു താഴെ ഒറ്റപ്പായയില്‍ ഉറങ്ങുന്ന രേണുകയുടെ കാല്‍ച്ചുവട്ടില്‍ ഒരു യുദ്ധത്തടവുകാരന്റെ പരാജിത മനസ്സോടെ ചുരുണ്ടുകൂടി കിടന്നു.
ചിത്രം courtesy - ജോസ്ലെറ്റ് ജോസഫ്
5 comments:
ഗൌരവമുള്ള ഒരു വിഷയമായിരുന്നു.പക്ഷെ വാക്കുകളുടെ മടുപ്പിക്കുന്ന കസര്‍ത്ത്.ക്ഷമിക്കുക.നിരാശപ്പെടുത്തി.
എഴുത്തിലേക്ക് തിരികെ എത്തിയതില്‍ സന്തോഷം.
വളരെ ശ്രദ്ധയോടെ വായിക്കേണ്ട എഴുത്തായതിനാല്‍ സമയം എടുത്തു തന്നെ വായിച്ചു.ഒരു സാധാരണ വിഷയം എങ്ങനെ നല്ല കഥയാക്കം എന്നതിന് ഉദാഹരണം ഈ നല്ല കഥ.
സങ്കീര്‍ണ്ണമവും,വൈവിധ്യപൂര്‍ണ്ണവുമായ രതിയുടെ മേച്ചില്‍പ്പുറങ്ങളിലൂടെ വ്യാപരിച്ച്, ആസക്തികളെ ബാലഹീനതയുടെ ശവക്കുഴിയില്‍ നിക്ഷേപിക്കുന്ന ഒരു സാഡിസ്റ്റ്-ഹസ്‌ബന്റിന്‍റെയും, കീഴടങ്ങാന്‍ വിധിക്കപ്പെട്ട് കാലഹരണപ്പെട്ട സ്നേഹവായ്പ്പുകളുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഒരു പത്നിയുടെ മാനസികസമ്മര്‍ദ്ദങ്ങളെയും ഭാഷയുടെ ഔന്നത്യമാര്‍ന്ന വാക്കുകളിലൂടെ എഴുതിയിട്ട് വായനക്കാരനെ അനിര്‍വചനീയമായ ഒരു പാട് തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു കഥ. NA ZU ഭായി യുടെത് മാത്രമായി അവകാശപ്പെടാവുന്ന വ്യത്യസ്തമായ ഈ ശൈലി അഭിനന്ദനാര്‍ഹം. 'മൃഗയാമകം' എന്‍റെ വായനയിലൂടെ കടന്നുപോകുന്ന കഥകളില്‍ മറക്കാനാകാത്ത ഒരു അധ്യായമായിരിക്കും. .. ആശംസകള്‍...
katha vaayichu .....valare nannaayirikkunnu ....ezhuthu nirthiyo enna vishamathilaayirunnu...santhosham
വായനയൊരു പാഠവമാകുന്നൂ എന്നറിവൂ ഞാൻ..
നന്ദി അറിയിക്കട്ടെ..ആശംസകൾ
Post a Comment