Sunday, January 25, 2009

ആത്മഹത്യ

മരണം ഒരു തണുപ്പുപോലെയാണ് എന്നിലേക്കിഴഞ്ഞുവന്നത്.ഇലകള്‍ വകഞ്ഞുമാറ്റി ഒരീറന്‍ കാറ്റിലേറി ആയിരം കൈകളുമായി അവനെന്നില്‍ അരിച്ചിറങ്ങി. ഒരു രാത്രി മുഴുവന്‍ ഞാനവന്റെ പദവിന്യാസത്തിനായി കാതോര്‍ത്തു കിടക്കുകയായിരുന്നു. ക്ഷണിച്ചിട്ടും വരാതിരിക്കുമോ എന്ന ആധിയില്‍ എന്റെ മരണശേഷകിനാക്കളെല്ലാം വെറും കിനാവായിപ്പോകുമോ എന്ന ആകുലതയില്‍ ഞാനാകെ നീറിക്കിടന്നു. ഒരിടയ്ക്ക് ഞാന്‍ കഴിച്ച ഗുളികകള്‍ മാറിപ്പോയോ എന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. നിത്യനിദ്രയുടെ ഗുളികകള്‍ തന്നെയാണവയെന്ന് ഞാന്‍ പിന്നെ പലവുരു തിട്ടപ്പെടുത്തുകയായിരുന്നു. എന്റെ മരണത്തെ കുറിച്ച് എനിക്ക് എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളാണുണ്ടായിരുന്നത്. എനിക്ക് മുമ്പേ ആത്മഹത്യ ചെയത പെണ്‍കുട്ടികളെപോലെ എന്റെ ആത്മഹത്യയും ഒരു കണ്ണീര്‍കഥയാവണം, കദനത്തിലാഴ്ത്തുന്ന സചിത്രലേഖനമാവണം, നടുക്കമുണര്‍ത്തുന്ന ഒരു കടങ്കവിതയോ ചരമഗീതമോ ആവണം. വാരികകളിലും ചാനലിലുമെല്ലാം മിസ് ക്ലാരാജോസഫിന്റെ ആത്മഹത്യ കുറേ ദിവസം നിറഞ്ഞുനില്‍ക്കണം. ഇങ്ങിനെ പോകുന്നവയാണ് എന്റെ സ്വപ്നങ്ങളേറെയും. ഒടുക്കം രാത്രിയുടെ ഏതോ യാമത്തില്‍ ഈ വക സ്വപ്നങ്ങളുടെ ഏതോ ഒരിടയ്ക്കാണ് പൊടുന്നനെ എന്റെ ഹൃദയസ്പന്ദനം നിലച്ചത്. പിറ്റേന്ന് കാപ്പിയുമായി വന്നുവിളിച്ച ആയമ്മ എന്റെ കിടപ്പുകണ്ട് ഒരല്‍പം പകച്ചുനില്‍ക്കുകയും പിന്നെ കാപ്പിപ്പാത്രം താഴെയിട്ട് നിലവിളിയേടെ മുറിവിട്ടോടുകയും ചെയ്തു.എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എന്റെ മരണം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞുതുടങ്ങാന്‍ പോകുന്നു.വിചാരിച്ചതുപോലെതന്നെ എന്റെ മുറിയിലേക്ക് പപ്പയും മമ്മയും വളരെ പെട്ടെന്നുതന്നെ ഓടിയെത്തി. എന്റെ മോളേയെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചുകൊണ്ട് എന്നരികിലേക്ക് വീണു.അപ്പോഴേക്കും ആരൊക്കെയോ ഓടിക്കിതച്ചെത്തിയിരുന്നു.അവര്‍ താങ്ങിയെടുക്കുമ്പോള്‍ പപ്പയും മമ്മയും എന്നരികിലേക്ക് വീണ്ടും വീണ്ടും കുതറുകയും പിന്നെ ബോധമറ്റ് വീഴുകയും ചെയ്തു. ഒരു ഗൂഢസ്മിതം അപ്പോഴെന്നില്‍ എങ്ങിനെയോ വിരിഞ്ഞു.ഒട്ടും വൈകാതെ വീടും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞുവന്നു. ഒരൊറ്റ നോക്കില്‍ തന്നെ എല്ലാവരും കണ്ണുനിറക്കുന്നത് കണ്ട് എന്റെ മനസ്സ് കുളിര്‍ന്നു. എന്നെ സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പപ്പയും മമ്മയും മുംബൈയില്‍നിന്നു വരാനിരിക്കുന്ന ഡേവിഡിച്ചായനും ഇനിയുമിനിയും കരഞ്ഞു കുതിരുമല്ലോയെന്നോര്‍ത്തപ്പോള്‍ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് എനിക്കു തോന്നി. നേരം കടന്നു പോകവെ എനിക്ക് വല്ലാതെ തണുത്തുവന്നു. നിലവിളികള്‍ കുഴഞ്ഞുവീണു വെറും തേങ്ങലായി മാറിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും എന്നെ ആശുപത്രിയിലേക്കെടുക്കാന്‍ ആരൊക്കെയോ തയാറെടുത്തു. വീട്ടുമുറ്റത്ത് ആംബുലന്‍സ് വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു. കോളേജില്‍ നിന്നും സഹപാഠികളും അദ്ധ്യാപകരും കറുത്ത ബാഡ്ജുകളുമണിഞ്ഞ് പുഷ്പചക്രങ്ങളുമായി എപ്പോഴാണെത്തുകയെന്ന വേവലാതിയായിരുന്നു എനിക്കപ്പോള്‍. എന്റെ കൂട്ടുകാരികള്‍ എന്തുമാത്രം സങ്കടപ്പെടുമെന്ന് ഞാനോര്‍ത്തു. ക്ലാസില്‍ പലപ്പോഴും സ്നേഹപൂര്‍വം ഒളിക്കണ്ണിട്ടു നോക്കുന്ന മാത്യു സാറും എനിക്ക് പിന്നാലെ എന്നും ചുറ്റുന്ന പ്രകാശനും ഇനി വല്ലാതെ പൊട്ടിക്കരയുമെന്നോര്‍ക്കവേ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് വീണ്ടും വീണ്ടും എനിക്ക് തോന്നുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം മുറിയിലെ മാര്‍ബിള്‍മേശമേല്‍ ഏറെ നേരം ഞാന്‍ കിടന്നു. മുറിക്കുപുറത്തെ പന്തലിച്ചു നില്‍ക്കുന്ന വെയിലില്‍നിന്നും ഇടയ്ക്കാരോ കയറിവന്നു. അയാള്‍ ആശുപത്രിയിലെ ശവം സൂക്ഷിപ്പുകാരനോ മറ്റോ ആവണം. ഖേദത്തിന്റെ പരിതാപത്തിന്റെ ഒരു നേരിയ പാട അയാളുടെ കണ്ണുകളിലും ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അയാളുടെ കണ്ണുകളില്‍ പ്രത്യേകിച്ചൊരു ഭാവവും കാണാനുണ്ടായിരുന്നില്ല. എന്നെ പൊതിഞ്ഞിരുന്ന വെളുത്ത തുണി അയാള്‍ വളരെ അലസമായെടുത്തുമാറ്റുകയും എന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി സാവധാനം ഊരിയെടുക്കുകയും ചെയ്തു. അപ്പോള്‍ പുറത്തേക്ക് തുളുമ്പിവന്ന അയാളുടെ കണ്ണുകള്‍ എന്റെ നഗ്നശരീരത്തിലെവിടെയോ വീഴുന്നുണ്ടായിരുന്നു. അയാളെന്നെ ഡോക്ടറുടെ ക്രിയകള്‍ക്കായി പൂര്‍ണ്ണമായൊരുക്കിവെച്ചു. പിന്നേയും വീഴുന്ന കണ്ണുകളുമായി ഏറെനേരമയാള്‍ എനിക്കരികില്‍ തന്നെ നിന്നു. പിന്നെ ചുണ്ടില്‍ അശ്ലീലച്ചുവയുള്ള ഒരു മൂളിപ്പാട്ടുയര്‍ന്നു. എന്റെ മരണത്തില്‍ എനിക്കെന്തെന്നില്ലാത്ത ലജ്ജ തോന്നിച്ചത് അപ്പോള്‍ മാത്രമാണ്. എന്റെ തുറന്നുവെച്ച ശരീരം ഇനിയും തുറക്കാനായി ആരൊക്കെയോ വരാനിരിക്കുന്നതേയുള്ളു. ഈ മുറിയില്‍ കടന്നുവരേണ്ട ജീര്‍ണ്ണിച്ച കണ്ണുകള്‍ക്ക് ശവം സൂക്ഷിപ്പുകാരനില്‍നിന്നും വ്യത്യസ്ഥമായി മറ്റൊരു നിറവുമില്ലെന്ന് എനിക്ക് മനസ്സിലായി. മരണം ഈ മുറിയില്‍ വെറുമൊരു മരണം മാത്രമായിത്തീരുന്നല്ലോയെന്നറിയവെ മരിച്ചത് വെറുതെയായെന്നും ഒരിക്കലും മരിക്കേണ്ടിയിരുന്നില്ലെന്നും എനിക്കാദ്യമായി തോന്നിത്തുടങ്ങി.

1 comment:

റോസാപ്പൂക്കള്‍ said...

നന്നായിട്ടുണ്ട്..പക്ഷേ കുറച്ചുകൂടി എഴുതിയിട്ട് തീര്‍ക്കാമായിരുന്നു..