Saturday, May 2, 2009

നിന്നോടെനിക്ക്

ടര്‍ന്നുമാറാന്‍ കൂട്ടാക്കാതെ വിദൂരതയില്‍ സന്ധിച്ച നിന്‍ വാക്കുകള്‍ വിതുമ്പിക്കരഞ്ഞു നില്‍ക്കുമ്പോഴും എന്റെ അനാഥത്വത്തിലേക്ക് സുബദ്ധമായൊരു മറുകുറിയായി നീ പടിയണഞ്ഞെത്തുമ്പോഴും നിന്നെ എനിക്ക് പേടിയായിരുന്നില്ല എന്റെ ഏകാന്തതയുടെ വിയര്‍ത്തചൂടില്‍ ‍മെല്ലെ കൈകളയച്ചെത്തിയൊരു വിരുന്നുകാറ്റ് എന്റെ നിശബ്ദതയിലെ വിഹ്വലതകളില്‍ ‍പതിയെ ഒഴുകിയെത്തിയൊരു ഹൃദ്യസംഗീതം എന്റെ വരള്‍ച്ചയുടെ ഹൃത്തടത്തില്‍ ‍കുളിരായ് പെയ്തിറങ്ങിയൊരു തെളിനീര്‍മഴ പിന്നെ... ചിതറിപ്പോയൊരെന്‍ ജീവിതം ചേര്‍ത്തുവെച്ചു നിന്റെ കാവല്‍ക്കണ്ണെന്നിലേക്ക് നിഴലായ് നീണ്ടപ്പോഴും ഒരു ജന്മദൂരം മുഴുവന്‍ നടന്നു തളരാന്‍ നിന്റെ കൈവിരല്‍ സ്നേഹമായ് നീട്ടിയപ്പോഴും നിന്നെ എനിക്ക് പേടിയായിരുന്നില്ല എന്റെ വിജനതയുടെ ഹൃദയതാഴ്വാരം തേടിയെത്തിയ ഏകാകിയായൊരു തീര്‍ത്ഥാടക നീറിപ്പിടഞ്ഞൊരാത്മാവിനെ പരിചരിക്കാനെത്തിയ പരിശുദ്ധയായൊരു ശുശ്രൂഷക എന്റെ അലയുന്ന സ്വപ്നങ്ങള്‍ക്കൊരു പച്ചപ്പിന്റെ ഒറ്റയടിപ്പാത ‍എന്നിട്ടും... ഇന്നെന്റെ കലഹം നിന്നോട് മാത്രമാണ് എന്റെ നോവും കണ്ണീരുമെനിക്ക് തിരിച്ചുതരിക എന്റെ വിയര്‍പ്പിന്റെ ദൂര ഗന്ധം നീ ഉപേക്ഷിച്ചു പോവുക ശ്വാസഗതിയുടെ വിള്ളലുകളെങ്കിലുമെനിക്ക് സ്വന്തമായി വിട്ടുതരിക എന്തെന്നാല്‍.... നിന്റെ വിരഹക്കടല്‍ മൂടാനൊരുങ്ങുന്ന പാഴ്ത്തുരുത്തായിരിക്കുന്നു ഞാന്‍

Friday, April 3, 2009

മഴമേഘം

രു പ്രണയ വിളിയുടെ പുഴമുറിച്ചു കടക്കെ അന്നൊരിക്കല്‍ നീ പറഞ്ഞു ഒരു നോവുകാറ്റ് കൈ നീട്ടി തൊടാന്‍ വരുമ്പോള്‍ സ്നേഹകവചമായ് നിന്നെയത് കാത്തുവെക്കുമെന്ന് സ്വപ്നങ്ങള്‍ പകുക്കുന്ന വിളിപ്പാടകലെയെന്ന് സാന്ത്വനത്തിന്റെ കവിതയും കനിവിന്റെ ഭാഷയുമാണതെന്ന് മുഖമേയില്ലെന്ന് രൂപമോ ഗന്ധമോയില്ലാത്ത നിന്റെ പ്രതിബിംബമാണെന്ന് എന്നിട്ടും എപ്പഴോ നീയാ പുഴയില്‍ വീണുപോയി ആഴങ്ങളില്‍ മുങ്ങിനിവര്‍ന്ന് കണ്ണുകള്‍ കലങ്ങി‍ ‍കൈപിടിച്ചു കരയണയവേ പിന്നെ നീ പറഞ്ഞു അതു നീ കണ്ടുവെന്നും അതിനെന്റെ മുഖമെന്നും അപ്പോഴാവണം നിന്റെ ആകാശച്ചെരുവില്‍ മഴമേഘമായ് ഞാനലഞ്ഞുപോയതും ഒരിക്കലും പെയ്തിറങ്ങാനാവില്ലെന്നറിഞ്ഞ് സൂര്യതാപമേറ്റൊടുങ്ങാന്‍ യാത്രയായതും

Friday, March 27, 2009

ബന്ധനം

മുറിയിലടച്ച കുട്ടീ.. ആരാണ് നക്ഷത്രങ്ങളെ കവര്‍ന്ന് നിന്റെയീ ആകാശം അനാഥമാക്കിയത് ഋതുക്കളെ തടഞ്ഞ് നിന്റെയീ കാലം അധീനമാക്കിയത് നീയറിയുമോ ഉച്ചരിക്കാത്ത നിന്റെ ആകൃതിയറ്റ വാക്കുകള്‍ക്കവള്‍ ‍വൃഥാ കാത്തിരിക്കുന്നു വിരിയാത്ത നിന്റെ സ്വപ്നമകന്ന ചിറകിന്‍ചലനങ്ങള്‍ക്കവള്‍ ‍സദാ കാതോര്‍ത്തിരിക്കുന്നു. എനിക്കറിയാം പ്രതിബിംബിക്കാനാവാത്ത നിന്റെ ഇളംദേഹത്തില്‍ എല്ലാ കാഴ്ച്ചകളും തട്ടിയുടഞ്ഞു കരയും മാറ്റൊലിയില്ലാത്ത നിന്റെ കുഞ്ഞുമനസ്സില്‍ എല്ലാ ശബ്ദവീചികളും വഴിമാറി വിതുമ്പും നിന്റെ കുരുന്നുശരീരത്തില്‍ ഉപേക്ഷിക്കപ്പെട്ട തിരുമറവിയെ ഞാനിന്ന് വെറുക്കുന്നു എനിക്കു തണുക്കുന്നു..എനിക്കു പേടിയാവുന്നു എന്നെങ്ങിനെയാണ് നീ പറയുക?

Wednesday, March 4, 2009

ഓര്‍‍മ്മപ്പുരയുടെ വാതില്‍

(ചെറുകഥ) നെഞ്ചോടു ചേര്‍ത്ത കൈക്കുഞ്ഞുമായി തീവണ്‍ടിയാപ്പീസിന്റെ സിമന്റ്പടവുകള്‍ കിതപ്പോടെ ചവിട്ടിക്കയറി രഘുവരന്‍ ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി.കവാടത്തിലെ ചവിട്ടുകല്ലില്‍ വ്യഗ്രത പടര്‍ന്ന മുഖമുള്ള യാത്രികരെ ജനിപ്പിച്ചുവിട്ട് വാഹനങ്ങള്‍ മാറിമറിയുന്നു. അവ ദൂരെ നഗരബഹളങ്ങളിലേക്ക് വീണ്ടും അലിഞ്ഞുചേരുന്നു. മുഖാമുഖം നിന്ന പ്ലാറ്റ്ഫോമുകളില്‍ എതിര്‍ദിശകളിലേക്ക് മുഖം തിരിച്ചു പച്ചവെളിച്ചം കാത്തുനില്‍ക്കുന്ന തീവണ്ടികള്‍. ചവിട്ടുകല്ലില്‍ നിന്നും ഒഴുകിത്തുടങ്ങുന്ന മുഖങ്ങള്‍ ഗോവണിച്ചുവട്ടിലെ കൗണ്‍ടറില്‍ നിന്നും യാത്രാടിക്കറ്റുകള്‍ കരസ്ഥമാക്കി സിമന്റുപടവുകള്‍ ഓടിക്കയറി രഘുവരനേയും കടന്ന് തീവണ്‍ടിമുറികളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. രഘുവരന്റെ കണ്ണുകള്‍ ഇപ്പോഴും പടര്‍ന്നൊഴുകുന്ന മുഖങ്ങളെ കൊത്തിവലിക്കയാണ്. അവയില്‍ വേവലാതിപൂണ്ട് പിടയ്ക്കുന്ന മനസ്സോടെ തന്നേയും കുഞ്ഞിനേയും തേടിത്തുടിക്കുന്ന കവിതയുടെ മുഖം രഘുവരന്‍ വെറുതെ പ്രതീക്ഷിക്കുന്നു.പാശ്ചാത്താപവിവശയായി ഉഴറിയടുക്കുന്ന തന്റെ കവിതയെ. തൊട്ടുമുന്നിലെ കറുത്തചില്ലില്‍ യാത്രാസമയം അധികരിച്ചെന്ന ചുവന്ന അറിയിപ്പുകണ്ടപ്പോള്‍ രഘുവരന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ട് തീവണ്ട് മുറിയിലേക്ക് കയറി. വിശ്രാന്തിയുടെ കുഞ്ഞോളങ്ങള്‍ തീവണ്ടിമുറിയിലെ മുഖങ്ങളില്‍ തഴുകിയിറങ്ങുന്നു. തീവണ്ടി ചലിച്ചപ്പോള്‍ യാത്രാമൊഴിചൊല്ലിപ്പിരിനഞ്ഞവരുടെ കൈകള്‍ ഒരിക്കല്‍കൂടി ഇളകിയാടി. സീറ്റില്‍ ചാരിയിരുന്ന് യാത്രയുടെ താളമാവാഹിച്ച് ഏവരും തെല്ലിട കണ്ണുകളടച്ച് ഏതെല്ലാമോ ചിത്രങ്ങള്‍ക്ക് പിന്നാലെ പോവുകയായി. സീറ്റില്‍ പടിഞ്ഞിരുന്ന് ഉറങ്ങുന്ന കുഞ്ഞിനെ മടിയില്‍ കിടത്തി രഘുവരന്‍ തെന്നിപ്പോവുന്ന പച്ചത്തലപ്പുകളിലൂടെ പിന്നോക്കം യാത്രയാകുന്നു. "വേണ്ട അങ്ങോട്ട് പോകരുത്" കല്‍പ്പനകേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ വാതില്‍പ്പുറക്കാഴ്ചകളില്‍ ജിജ്ഞാസപൂണ്ട ഒരു കുട്ടിയെ യുവതിയായ അവന്റെ അമ്മ ശാസിക്കുന്നു.പിന്നെ കവച്ചുവെച്ച കാലുകള്‍ക്കിടയിലായി അവനെ തളച്ച്, സഞ്ചി തുറന്ന് അവള്‍ മോഹിപ്പിക്കുന്നു. നാവില്‍ നുണഞ്ഞ മധുരപലഹാരങ്ങളില്‍ കാഴ്ചയുടെ കൗതുകം അവനെവിടെയോ മറന്നു. മുറിഞ്ഞുപോയ പച്ചത്തലപ്പുകളെവിട്ട് മടിയിലെ കുഞ്ഞുമുഖത്തെ കണ്ണുകളില്‍ നിറച്ചു. തീവണ്ടിമുറി സജീവമായിത്തുടങ്ങുന്നു. കുഞ്ഞിക്കൈകള്‍ മാറില്‍വെച്ചുറങ്ങുന്ന കുഞ്ഞുരൂപം എല്ലാശബ്ദങ്ങള്‍ക്കുംമേലെ ഒരു മറയായി രഘുവരന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു. കാഴ്ചയിലും മനസ്സിലും അവന്‍ നിറഞ്ഞുതുളുമ്പി. അവന്‍ തുളുമ്പിത്തുടങ്ങവെ മുന്നില്‍ പുഛം കലര്‍ന്ന മുഖവുമായി കവിത പൊട്ടിത്തെറിക്കുന്നത് രഘുവരന്‍ കണ്‍ടു."പേടിപ്പിക്കണ്ട..നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നതില്‍ എനിക്ക് ലജ്ജയേയുള്ളു"കുതിച്ചോടുന്ന തീവണ്‍ടി പുഴകള്‍ കടന്നു.തുരങ്കങ്ങളും നെല്‍പ്പാടങ്ങളും ജനപദങ്ങളും കടന്നു. തീവണ്‍ടിമുറിയില്‍ പെറ്റഭൂമികളെ കൊതിക്കുന്ന മനസ്സുകള്‍ ഏതോ ശാന്തി കൈവരിക്കുന്നു. തീവണ്ടിയെ പൊതിഞ്ഞ് ജനലഴികള്‍ക്കിടയിലൂടെ തത്രപ്പെട്ട് കയറുന്ന ഏതോ നദിക്കാറ്റ് തണുപ്പിന്റെ കൈകളുമായി രഘുവരനേയും കുഞ്ഞിനേയും വാരിപ്പുണര്‍ന്നു."അരുത്" രഘുവരന്‍ നദിക്കാറ്റിനോട് പറഞ്ഞു "എന്റെ കുഞ്ഞിന്റെ ഉറക്കം കെടുത്തരുത്" കാറ്റ് തണുപ്പിന്റെ കൈകളയച്ച് പതിയെ പിന്‍ വാങ്ങി. വീണ്ടും പച്ചത്തലപ്പുകളിലേക്ക് തന്നെ രഘുവരന്‍ ചെന്നുമുട്ടി.
ചലിക്കുന്ന ചുറ്റുചുമരുകള്‍ക്കുള്ളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരു കൊച്ചുലോകം. ആ ലോകത്തിലൊതുങ്ങി ശാന്തി കൈവരിക്കാന്‍ എന്തുകൊണ്ടോ രഘുവരനാവുന്നില്ല.പച്ചത്തലപ്പുകളിലൂടെ പിന്നോക്കം പായുകയാണ് മനസ്സ്. നോവുമാത്രം നല്‍കാനായി കയറിയിറങ്ങുന്ന ശപിക്കപ്പെട്ട കുറേ ചിത്രങ്ങള്‍. കാഴ്ചകള്‍ക്കപ്പുറമുള്ള നിറഞ്ഞ ഇരുട്ടില്‍ അവ തെളിഞ്ഞ് ചലിച്ചുകൊണ്ടിരിക്കുന്നു. മുന്നിലെ ചെറിയ ലോകത്തില്‍ മനസ്സുറപ്പിച്ചു നിര്‍ത്താന്‍ രഘുവരന്‍ തനിക്കിഷ്ടപ്പെട്ട ഏതോ ഈരടികളെ ചുണ്ടില്‍ വരുത്തി. ചുണ്ടനങ്ങാതെ ആരുമറിയാതെ തീവണ്ടിമുറിയില്‍ ഈണം നിറഞ്ഞുകൊണ്ടിരുന്നു. മനസ്സില്‍ നിറഞ്ഞ ഈണങ്ങള്‍ ദിശതെറ്റി സഞ്ചരിച്ചുതുടങ്ങിയിരുന്നു.അവ രഘുവരനേയും ചിറകിലൊതുക്കി മറക്കാന്‍ ശ്രമിക്കുന്ന നഗരപ്രാന്തത്തില്‍ വീണ്ടും വീണ്ടു നിക്ഷേപിക്കുന്നു.ഈരടികളും ഈണങ്ങളും രഘുവരനില്‍ ക്രൂരമായ ഒരു സ്മൃതിരൂപമായി നിറയുകയാണ്. ഈണങ്ങളെ കൂടി കൈയ്യൊഴിയേണ്ടിവരുമോ? അനിഷ്ടങ്ങള്‍ മാത്രമാവുന്ന സ്മൃതികളിലേക്ക് തള്ളിവിട്ട് കരുണയില്ലാതെ പൊട്ടിച്ചിരിക്കുന്നമനസ്സ്. എന്നാണീ വല്ലായ്മകളൊതുങ്ങുക? രഘുവരന്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നുപിടിച്ചു. പതുക്കെ..വളരെ പതുക്കെ തന്റെ കാഴ്ചകള്‍ എവിടെയോ അലിഞ്ഞില്ലാതാവുന്നത് അയാള്‍ അറിഞ്ഞു. പിന്നേയും പിന്നെയും മാടിവിളിക്കുന്ന പച്ചത്തലപ്പുകള്‍. രഘുവരന് അരിശം വന്നു.മുന്നിലെ സീറ്റിലിരിക്കുന്ന യുവതിയില്‍ കൗതുകക്കാരനായ കുട്ടിയില്‍ കാഴ്ചയുടക്കുമ്പോഴെല്ലാം അത് കവിതയായും അവളുടെ വശം കെടുത്തുന്ന സാമീപ്യം മാത്രമായും രഘുവരനു അനു‍ഭവപ്പെട്ടു. പോകൂ.. ശേഷിച്ച സ്വൈര്യമെങ്കിലും എനിക്ക് വിട്ടുതരൂ... പിന്നോക്കം യാത്രയാവുന്ന പച്ചത്തലപ്പുകളോട് രഘുവരന്‍ കേണു. ശാന്തി തേടിയുള്ള ഈ യാത്രയില്‍ അതിക്രമിച്ച് കൂട്ടു ചേരാന്‍ ഞാന്‍ സമ്മതിക്കില്ല. നിങ്ങളെ ഞാന്‍ വെറുക്കുന്നു. ഒന്നും അറിയാത്ത പാവം മനസ്സ്, എല്ലാം ഒരിടയ്ക്ക് വാരിവിഴുങ്ങുകയും മറ്റൊരിടയ്ക്ക് അനിഷ്ടങ്ങളായെടുത്ത് അയവിറക്കുകയും ചെയ്യുന്ന പൊട്ട മനസ്സിനു ഒന്നുമറിയില്ല. ഓര്‍ക്കാന്‍ ... യാത്ര തീരുന്ന മുന്നറ്റത്ത് സ്നേഹമയിയായ ഒരമ്മയില്ലേ?.. ചൊരിയാന്‍ ശാന്തികുംഭങ്ങളുമായി വഴക്കൈയിലെ കാക്കകളോട് മകനു മകനും എന്നുവരുമന്നന്വേഷിക്കുന്ന അമ്മയിലേക്ക് പൊടുന്നനെ അയാളുടെ ഓര്‍മ്മയുടെ മുഖം തിരിഞ്ഞു. "അമ്മിണി ഒരു പാവം കുട്ടിയാണ്. നിന്റെ നഗരത്തിന്റെ കാപട്യമറിയാത്ത ഒരു പാവം പെണ്ണ്. അവള്‍ വിഷമിക്കേണ്ടിവരുന്നതിലേ എനിക്ക് സങ്കടമുള്ളു.നിന്റെ കവിതയെ ഞന്‍ കണ്ടിട്ടില്ലെങ്കിലും നിനക്കൊന്നും പിഴക്കുകയില്ലെന്ന് അമ്മ വിശ്വസിക്കുന്നു. നിന്റെ ഇഷ്ടാനിഷ്ടങ്ങളെ ഈ പാവം അമ്മയ്ക്കുമുള്ളു." അമ്മയുടെ വാക്കുകള്‍ രഘുവരനില്‍ ഒരു മുറിവോടെ അരിച്ചിറങ്ങി.തെറ്റിയത് അമ്മയുടെ വിശ്വാസമായിരുന്നോ?.. നിനക്കൊന്നും പിഴക്കുകയില്ലെന്ന്...നിനക്കൊന്നും പിഴക്കുകയില്ലെന്ന്... കാറ്റിന്റെ കൈകള്‍ തഴുകിയിട്ടും രഘുവരന്റെ നെറ്റിയില്‍ വിയര്‍പ്പുചാലുകള്‍ ഒഴുകി. സ്വരുക്കൂട്ടിയ ജീവിത സങ്കല്‍പങ്ങള്‍ പിഴച്ചതെവിടെയാണ്? സാന്ത്വനമരുളേണ്ട പച്ചത്തലപ്പുകള്‍ വീണ്ടും വീണ്ടും ഗതിമാറ്റി കൂട്ടിക്കൊണ്‍ടുപോവുന്നു.ഒടുവില്‍ വിടുന്നതോ കത്തുന്ന ചൂടില്‍. ഗതിതെറ്റുന്ന പ്രയാണത്തെ കുറിച്ചോര്‍ക്കെ രഘുവരന് പേടിതോന്നുകയായി. ജീവിതത്തിന്റെ ഗണിതരൂപങ്ങളില്‍ അടിതെറ്റിവീണവന്‍ ശാന്തികൊതിക്കുന്നു. ഓര്‍മ്മപ്പുരയുടെ വാതില്‍ താനെ തുറക്കുന്നു. നെഞ്ചകത്തില്‍ വീണ്‍ടും വീണ്‍റ്റും ഒരു പൊള്ളലായി ആഴ്ന്നിറങ്ങുന്ന കവിത. "നിങ്ങളുടെ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്നതില്‍ എനിക്ക് ലജ്ജയേയുള്ളു. പെരുകിപ്പെരുകുന്ന ഒരേശബ്ദത്തില്‍ രഘുവരന്‍ നിസ്സഹായനായി. കൗതുകക്കാരനായ കുട്ടിയുടെ നുള്ളുകൊണ്ട് തുടവേദനിച്ചപ്പോള്‍ തീവണ്ടിക്കൂട്ടിലേക്ക് രഘുവരന്‍ വീണ്ടുമെടുത്തെറിയപ്പെട്ടു.അവന്‍ മടിയിലേക്ക് കൈചൂണ്ടി നിന്നു. അവന്റെ അമ്മ കുതറിപ്പോവുന്ന ചിരിയെ ഒതുക്കാന്‍ ശ്രമിക്കുന്നു. കാലുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ ചൂടുള്ള നനവ് കണ്ട് രഘുവരന്‍ ജാള്യതയോടെ എഴുനേറ്റു. കൈകളിലെ നനഞ്ഞ തുണിമെത്തയില്‍കിടന്ന് കുഞ്ഞ് ചിരിക്കുകയാണ് അവനെ സീറ്റിലേക്ക് കിടത്താനോങ്ങവെ യുവതിയുടെ കൈകള്‍ രഘുവരനു നേരെ നീണ്‍ടു. കൗതുകക്കാരന്റെ കൗതുകമപ്പോള്‍ അമ്മയുടെ കൈത്തൊട്ടിലില്‍ ചിരിക്കുന്ന കുഞ്ഞിലേക്കൊതുങ്ങുന്നതും അവന്‍ കണ്ണുകള്‍ വിടര്‍ത്തി കുനിഞ്ഞുനിന്ന് ചുംബിക്കുന്നതും തുണികളും പാല്‍ക്കുപ്പിയും എടുത്തുവെക്കുന്നതിനിടയില്‍ രഘുവരന്‍ കണ്ടു. നനഞ്ഞ വസ്ത്രം മാറാന്‍ അയാള്‍ മൂത്രപ്പുരയിലേക്ക് നടന്നു.
നേരം മങ്ങി തുടങ്ങുന്നു . പുറം കാഴ്ചകളുടെ നിറം കെട്ടുകെട്ടില്ലാതാകുന്നു . രഘുവരന്‍് വസ്ത്രം മാറി വാതിലിന്‍റെ കമ്പിയഴിയില്‍ പിടിച്ചു നിന്ന് വീശിയടിക്കുന്ന കാറ്റിന് തല വെച്ച് കൊടുത്തു. മുന്നിലൂടെ എതിര്‍ദിശയിലേക്ക് തെന്നിപോകുന്ന വെളിച്ച തുള്ളികള്‍ എവിടെയോ ചിതറി ഇല്ലാതാവുന്നുണ്ടു. കുഞ്ഞിനേയും യുവതിയേയുമോര്‍ക്കെ ഒരുപാടു ദൂരം താണ്ടിയിട്ടും അല്‍പ്പവും നീങ്ങാതെ എവിടെയുമെത്താതെ തുടങ്ങിയേടത്ത് തന്നെ നില്‍ക്കുന്നത് പോലെ. വല്ലാത്തോരവസ്ഥ തന്നെ, എന്തിനും എപ്പോഴും കടന്നു വരാമെന്നായിരിക്കുന്നു. യാത്രയിലെ കണികളില്‍ പോലും വല്ലായ്മ നിറയുന്നു. ശാന്തി ഭൂവിലേക്ക് ഒരിക്കലുമൊരിക്കലും എത്താനാവാത്ത ദൂരമാണന്നറിഞ്ഞു രഘുവരന് കരയണമെന്നു തോന്നി. അപ്പോള്‍് കൌതുകക്കാരന്‍ ഒച്ചയുണ്ടാക്കി മുന്നില്‍ വന്നു നിന്നു. 'അമ്മ വിളിക്കണ്' കുഞ്ഞു കരഞ്ഞു തുടങ്ങുന്നത് രഘുവരന്‍ കേട്ടു. കുട്ടിയുടെ പരിചിത ഭാവത്തില്‍ ആര്‍ദ്രമായ മനസ്സ് എവിടെയോ ഉടക്കി നിന്നു പോയതായിരുന്നു.അവനും അമ്മയും മാത്രം ജീര്‍ണിച്ച ഈ യാത്രയില്‍ രഘുവരന്‍െ സഹാനുഭൂതിയുള്ള സഹയാത്രികരാവുന്നു. 'നോക്കൂ.. കുഞ്ഞിന്റെ ദേഹം വല്ലാതെ പൊള്ളുന്നു' വേവലാതിയോടെ യുവതി പറഞ്ഞു. അവള്‍ സാരിത്തലപ്പ് കൊണ്ടു കുഞ്ഞിനെയാകെ മൂടിയിരുന്നു. മാതൃത്വത്തിന്റെ കനിവ് അയാള്‍ അവളില്‍ കണ്ടു. വേപധു പൂണ്ട മുഖവുമായി കരച്ചിലടക്കാന്‍ കൂട്ടാക്കാത്ത കുഞ്ഞിനേയും മാറോടു ചേര്‍ത്തവള്‍ നില്‍ക്കെ എന്ത് ചെയ്യണമെന്നറിയാതെ രഘുവരന്‍ കുഴങ്ങി. നീട്ടിയ കൈകളില്‍ ഉള്‍ക്കിടിലത്തോടെ കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോള്‍ പൊള്ളുന്ന ചൂട് അയാള്‍ കൈത്തണ്ടയിലറിഞ്ഞു. രഘുവരന്റെ മനസ്സ് ഇരമ്പിയാര്‍ക്കുന്ന ഒരു സമുദ്രമായി "എന്റെ മോന്‍"
വലിപ്പം വെച്ചു വന്ന തിരമാലകള്‍ രഘുവരനെ മൂടി. യുവതി അപ്പോഴേക്കും നനച്ച ശീലക്കഷ്ണം കുഞ്ഞിന്റെ നെറ്റിയില്‍ പതിച്ചു. അവളുടെ പരിഭ്രമത്തില്‍് രഘുവരന്‍ വല്ലാതെ വിയര്‍ത്തു തുടങ്ങി. നിങ്ങളാരാണ്? കുഞ്ഞിന്റെയമ്മ എവിടെ? എങ്ങോട്ട് പോകുന്നു ? എന്നൊക്കെ അവള്‍ ചോദിച്ചേക്കുമോയെന്നു അയാള്‍ ഭയന്നു. വേണ്ട, ഈ അനുതാപം എന്റെ ശേഷിച്ച സ്വാസ്ഥ്യവും കെടുത്തുകയേയുള്ളു. രഘുവരന്‍ മനസ്സില്‍ പറഞ്ഞു.കുഞ്ഞു കരച്ചിലടക്കി മയക്കം പൂണ്ടു. പൊള്ളുന്ന ചൂട് അച്ഛന്റെ നെഞ്ചിലേക്ക് പകര്‍ന്നു അവന്‍ തളര്‍ന്നുറങ്ങി.കുതിക്കുന്ന വണ്ടി ഇനിയുമെത്രയോ വേഗം ആവാഹിക്കേണ്ടിയിരിക്കുന്നു. ശാന്തി കുംഭങ്ങള്‍ വിരിമാറിലേന്തിയ അമ്മയുടെ സമീപ്യത്തിലേക്ക് തന്റെ മനസ്സ് പോലെയെത്താന്‍ ഈ വേഗം മതിയാവുമോ? രഘുവരന് അങ്ങനെ തോന്നി. ആയിരം കണ്ണുകളോടെ തന്റെ പിന്മുറക്കാരനെ സ്വീകരിക്കാന്‍ അമ്മ കണ്ണും നട്ടിരിക്കയാവും. "ഈയമ്മക്ക് നിന്റെ മകനെ കണ്ടു കണ്ണടയാനുള്ള ഭാഗ്യമുണ്ടാകുമോ? ശാഠ്യം ആര്‍ക്കാണ് ? നിനക്കോ? കവിതയ്ക്കോ?" മുറതെറ്റാതെ കൃത്യമായെത്തുന്ന എല്ലാ കത്തുകളിലും അമ്മ ദീര്‍്ഘ നിശ്വാസം പൊഴിക്കുന്നു. കടലാസ്സില്‍ വിടര്ന്നുലഞ്ഞു കിടക്കുന്ന സ്നേഹത്തിന്റെ വെളുത്ത പൂക്കള്‍. ശാഠ്യം എന്റേതായിരുന്നില്ലമ്മേ. നഗരത്തിന്റെ നിറമാര്‍ന്ന ചതിക്കുഴികളില്‍ സ്വയമില്ലാതാകവേ അമ്മയുടെ മകന് ശാഠ്യമെവിടെ? ഇന്നിപ്പോള്‍ എങ്ങനെയോ അമ്മയുടെ കണ്‍്വെളിച്ചത്തിലേക്ക് വരികയാണ്‌ അമ്മയുടെ മകനും മകനും. തീവണ്ടികൂട്ടിലെ വിലക്കുകളണഞു. കൌതുകക്കാരന്‍് ഉറങ്ങിപ്പോയിരിക്കുന്നു. ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ സീറ്റില്‍ ചാരിക്കിടക്കുകയാണ് അവന്റെയമ്മ. നീല വെളിച്ചം ദുഃഖ സാന്ദ്രമായ നിലാവ് പോലെ തീവണ്ടി മുറിയില്‍ നിറഞ്ഞു നിന്നു. രഘുവരന്‍ ഉറക്കം വെടിഞ്ഞു ഒരുപോള കണ്ണടക്കാതെ കുഞ്ഞിന്റെ പൊള്ളുന്ന ചൂട് നെഞ്ചിലാവാഹിച്ചു കലങ്ങിയ മനസ്സോടെയിരുന്നു. രാത്രിയേറെ ചെന്നപ്പോള്‍ കുഞ്ഞുണര്‍ന്നു വല്ലാതെ കരഞ്ഞു തുടങ്ങി. രഘുവരന്റെ കൈത്തണ്ടയില്‍ ചൂട് പെരുകി. യുവതി അപ്പോഴേക്കും ഉണര്‍ന്നു. അവള്‍ നിസ്സഹായതയോടെ വല്ലാത്ത മട്ടില്‍ അയാളെ നോക്കി. രഘുവരന്റെ കൈകളില്‍ കിടന്നു ഒരിറ്റു ശ്വാസത്തിനു വേണ്ടി അവന്‍ ആയാസപ്പെടുകയായിരുന്നു. പെട്ടെന്ന് അവള്‍ രഘുവരന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ അവള്‍ വേവലാതിയോടെ ശരിക്കും ഒരമ്മയുടെ ഭാവം പൂണ്ടു. ഇടയ്ക്കു കരച്ചില്‍ ഉച്ചത്തിലാവുകയും പതിയെപ്പതിയെ നേര്‍ത്തു വരികയും ചെയ്തു. യുവതിയുടെ കൈത്തൊ്ട്ടിലില്‍് അവന്റെ ചൂടിറങ്ങി വന്നു. പൊടുന്നനെ അവന്‍ തണുത്തു. തന്റെ കൈകളില്‍ നിന്നു അവനെങ്ങോ ഇറങ്ങി പോയതായി രഘുവരനറിയാതെ ഉല്ക്കിടിലത്തോടെ യുവതി അറിഞ്ഞു. "എന്റീശ്വരാ" രഘുവരനത് സത്യമായും കേട്ടു. തീവണ്ടി രഘുവരന്‍ മോഹിച്ച വേഗത കൈവരിച്ച് ഭ്രാന്തമായ ഒരാവേശത്തോടെ കുതിച്ചു പായുകയായിരുന്നു അപ്പോള്‍.

Wednesday, February 4, 2009

ഒരുകൂട്ടം കുറിപ്പുകള്‍

ബഷീര്‍
ഒരു ജീവിത കാലഘട്ടത്തെ അനേകം തുണ്ടുകളായി പകുക്കുകയും വൈവിധ്യവും പരസ്പര വൈരുദ്ധ്യവുമാര്‍ന്ന അനേകം വേഷങ്ങളിലൂടെ അതിന്റെ അനുഭവജ്ഞാനത്തിലൂടെ കാലത്തിനുമുമ്പില്‍ സഞ്ചരിക്കുകയും ചെയ്ത ഒരു മനുഷ്യന്‍‍.ബഷീര്‍ "അയാളൊരു മനുഷ്യനാണ്' എന്ന് അപൂര്‍വമായേ മറ്റുള്ളവരെ കുറിച്ചു പറഞ്ഞിട്ടുള്ളു.‍ കാരണം മനുഷ്യനെന്നാല്‍ ബഷീറിന് സഹാനുഭൂതിയാണ്, സ്നേഹമാണ് അതിലുപരി തന്റെ ചുറ്റിലുമുള്ള പ്രകൃതിയെ തൊട്ടറിയുന്ന നന്മയാണ്. അദ്ദേഹത്തിന്റെ രചനകള്‍ അത് സാക് ഷ്യപ്പെടുത്തുന്നു. ബഷീര്‍സാഹിത്യത്തെ വിലയിരുത്താന്‍ സാഹിത്യത്തില്‍ പൂര്‍വ മാതൃകകള്‍ ഇല്ലെന്നത് ബഷീറിനു മുമ്പ് മറ്റൊരു ബഷീര്‍ ജനിച്ചിരുന്നില്ല എന്നതു കൊണ്ടാണ്. കഥയെഴുതാന്‍ മലയാളാക്ഷരങ്ങള്‍ ശരിയായി പഠിക്കാതിരിക്കുകയും മലയാളത്തെ തന്റെ ഭാഷ പഠിപ്പിക്കുകയും ചെയ്ത ഒരാള്‍. ബഷീറിനെ ഇന്നും വായിച്ചു തീരാത്തതിനൊരു കാരണവും അതു തന്നെ. കാലത്തെ അതിശയിപ്പിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന ഏതൊരു സാഹിത്യാന്വേഷണത്തിനും ബഷീറിനെ തൊടാതെ കടന്നു പോകാനാവുന്നില്ല. കാരണം പാത്തുമ്മയുടെ ആട് കാലത്തിന്റെ പ്ലാവില ചവച്ചരച്ചുകൊണ്ട് ഇന്നും മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നു. അരൂപിയായ നാരായണി മതിലിനപ്പുറം സ്നേഹത്തിന്റെ വിഹ്വലതയും തേങ്ങലുമായി കാലത്തോട് പിണങ്ങി നില്‍ക്കുന്നു. പിന്നെ വക്കില്‍ പൊടിഞ്ഞ ചോരയുള്ള ഒരേടായി സുഹറയും കപടനാട്യത്തെ പുറത്താക്കിയ കുറേ നാട്ടിന്‍‍പുറത്തുകാരും...

മാനവികത
മതദര്‍ശനങ്ങളെല്ലാം തന്നെ സൗമ്യവും ദീപ്തവുമാണെങ്കിലും അതണിയുന്നവരിലെങ്ങിനെയാണ് കിരാതത്വവും ഇരുട്ടും ഒറ്റക്കെട്ടായി സന്നിവേശിക്കപ്പെടുന്നതെന്നത് എക്കാലത്തേയും വലിയൊരു ചോദ്യമാണ്. നമ്മുടെയൊക്കെ അത്രയൊന്നും ശാന്തമല്ലാത്ത മനസ്സിലേക്ക് എപ്പോഴും ക്രൂരനായൊരു വന്യമൃഗത്തെ ആരോ കടത്തിവിടുന്നുണ്ട്. വിശപ്പകറ്റാന്‍ നീ മറ്റുമതക്കാരനെ കൊന്നുതിന്നുകയെന്ന് നിരന്തരം നമ്മെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പൂവെടുക്കുമ്പോള്‍ പാമ്പായിപ്പോവുന്ന ഒരു മുതുകാടന്‍ ജാലവിദ്യപോലെ മതദര്‍ശനങ്ങളെ തെരുവിലേക്കിറക്കുന്നത് ഈയൊരു മൃഗമാണ്.അങ്ങിനെ അന്യമതക്കാരെ മുഴുവന്‍ കൊന്നുതിന്നുകഴിയുമ്പോള്‍ നമ്മുടെയെല്ലാം വിശപ്പ് എന്നന്നേക്കുമായി ശമിക്കുമെന്നും നമ്മള്‍ വിശപ്പില്ലാത്ത ദൈവങ്ങളായി പരിവര്‍ത്തിക്കപ്പെടുമെന്നും സ്വപ്നം കാണുന്നു. ഇതൊരു മിഥ്യയാണ്. നമ്മെ ആവേശിച്ചിച്ചിരിക്കുന്ന ഈ മൃഗബാധയെ തിരിച്ചറിയാതെ അവസാനത്തെ ഇരയേയും കൊന്നുതിന്നെന്ന് വിചാരിക്കുമ്പോള്‍ ഇനിയും ശമിക്കാത്തത് വിശപ്പ് മാത്രമാണെന്നാണ് പിന്നേയും നാം തിരിച്ചറിയുന്നത്. അപ്പോള്‍ കൊന്നു തിന്നാന്‍ നമ്മുടെ ഉടപ്പിറപ്പുകള്‍ മാത്രമാണ് ശേഷിച്ചിട്ടുണ്ടാവുക. കുരുക്ഷേത്ര യുദ്ധവും, ആബേലും കായേനും, കാരമസോവ് സഹോദരന്മാരും,വടക്കേയിന്ത്യയിലെ സവര്‍ണ്ണാവര്‍ണ്ണയുദ്ധവും എന്തിന് AP-EP എന്നീ ആംഗലേയാക്ഷരങ്ങളുടെ ചേരിതിരിവും ഉദാഹരണങ്ങള്‍ മാത്രം.നമ്മുടെ അശാന്തിയിലേക്ക് വെളിച്ചമായ് കടന്നുവരേണ്ട മതങ്ങളെ മുന്നില്‍ നിര്‍ത്തി പരസ്പരം വിളക്കൂതിക്കെടുത്തുന്നത് ആരാണെന്ന തിരിച്ചറിവാണ് നമുക്കില്ലാതെ പോവുന്നത്. അത് സ്വയം കണ്ടെത്താത്തിടത്തോളംകാലം മാനവികതയെ നാമെന്നും തീയില്‍ എരിച്ചുകൊണ്ടേയിരിക്കും.സ്വന്തം ഉടയാടകളില്‍ തീപിടിച്ചൊടുങ്ങുന്നതുവരെ.

-----
(2)
മാനവികത എവിടെ നിന്ന് തുടങ്ങണം എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.എല്ലാവിധ മതപാഠശാലകളും പള്ളിക്കൂടങ്ങളും സ്വന്തം ഗൃഹവും മാനവികതയുടെ തുടക്കസ്ഥാനമായി മാറണം."ആ കുട്ടി ‌‌‌‌‌‌‌‌‌‌‌‌‌‌‌‌----- ആണോ" എന്നു ചോദിച്ച രണ്ടാം ക്ലാസുകാരനെ എന്തോ അശ്ലീലം പറഞ്ഞുപോയതായി തോന്നുന്ന രീതിയില്‍ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്ത ഒരു അച്ഛനെ എനിക്കറിയാം. കുട്ടി ഇങ്ങിനെയൊരു അശ്ലീല ചോദ്യം പഠിച്ചത് സ്കൂള്‍ അന്തരീക്ഷത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി. സ്കൂളിനെ തിരുത്തേണ്ട ഗതികേടിലാണിപ്പോള്‍ വീട്.


ഭീകരത
മുംബൈ ഭീകരാക്രമണ പ്രത്യാഘാതത്തിന്റെ ഇരകള്‍ വിപുലവും വ്യത്യസ്തവുമാണ്. വിശകലനത്തില്‍ അതിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും എന്തിന് മാനസികം പോലുമായ തരംതിരിവുകളില്‍ എന്തോ ഒരരുതാത്തത് കലരുന്നുണ്ട്. ദേശിയതാവാദം അതിദേശീയതാവാദമാകുന്ന മനോരോഗം അതിന്റെ സൃഷ്ടിയാണ്. അതിദേശീയതയുടെ ഈ വിജ്രുംഭണത്തില്‍ കാഴ്ചകള്‍ക്ക് മങ്ങലുണ്ടാവുകയും തിരിച്ചറിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. കക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ആദ്യം മോഷണ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അങ്ങിനെ ആരും പുറത്തിറങ്ങാതെയിരിക്കുമ്പോള്‍ അതിദേശീയതയെ ഉമ്മറത്തെ കുറ്റിയില്‍ കാവലിനായി തളച്ച് സ്വന്തം വീടുപോലും നിങ്ങള്‍ക്ക് കൊള്ളചെയ്യാം.


ആനന്ദ് പട് വര്‍ദ്ധന്‍
നിങ്ങള്‍ എന്തെല്ലാം അറിയണം എങ്ങിനെ ചിന്തിക്കണം എന്ന് നിങ്ങള്‍ പോലുമറിയാതെ നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മര്‍ഡോക്കുകളുടെ സാമ്രാജ്യം വികസിക്കുന്തോറും നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക ക്ലിപ്തപ്പെടുത്തിയവ മാത്രം. അവയോടു മാത്രം നിങ്ങള്‍ക്കിഷ്ടം തോന്നുകയും സത്യങ്ങളുമായി മുടന്തുന്നവയെ നിങ്ങള്‍ വെറുക്കുകയും ചെയ്യും. ഇത് ശുശ്രൂഷിച്ച് ഭേദപ്പെടുത്തുക എളുപ്പമല്ല. കാരണം നിങ്ങള്‍ നിങ്ങളുടെ ലോകത്തല്ല ജീവിക്കുന്നുണ്ടാവുക.ആനന്ദ് പട് വര്‍ദ്ധന്‍ ഇങ്ങിനെ തിരസ്കൃതനാവുന്നത് ഇതാദ്യമല്ല.


കമ്മ്യൂണിസവും ഇസ്ലാമും
ഒരു ഭൗതിക ശാസ്ത്രം പ്രത്യേകിച്ച് കമ്മ്യൂണിസത്തെ ഏതെങ്കിലും ഒരു ദൈവ ശാസ്ത്രവുമായി ബന്ധിപ്പിക്കുമ്പോള്‍ വിസ്ഫോടനമുണ്ടാവുമെന്നും അതുവഴികിട്ടുന്ന ഊര്‍ജ്ജമൂലകങ്ങളെ തങ്ങളുടെ ഇന്ധനമായി പരിവര്‍ത്തിപ്പിക്കാമെന്നുമുള്ളത് ഒരു പഴയ മുതലാളിത്ത കണ്ടുപിടുത്തമാണ്. കാകദൃഷ്ടി പതിഞ്ഞ ഈ വിഷയത്തില്‍ കൈകോര്‍ക്കുന്നവരും കൊമ്പ് കോര്‍‍ക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതൊരു പുതിയ ചര്‍ച്ചയേ അല്ലെന്നതാണ്. അതുകൊണ്ട് ഇപ്പോള്‍ മാത്രമായി ദൈവം ഇല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ക്കും ഏകദൈവ വിശ്വാസം ആയ ഇസ്ലാമിനും തമ്മില്‍ പുതുതായൊന്നും നടക്കുന്നില്ല. ചെഗുവരെയുടെ സിനിമ കാണാന്‍ മുസ്ലിങ്ങളായ അറബികള്‍ പോയത് ഈ നടക്കലിന്റെ ഭാഗമായല്ല. കൈരളിക്കത് വാര്‍‍ത്തയായതും അതുകൊണ്ടല്ല. മാര്‍ക്സിസം അതിന്റെ പ്രായോഗിക തലത്തില്‍ മതശക്തികളുമായി സമരസപ്പെടില്ലെന്ന് എങ്ങും പറഞ്ഞതായറിവില്ല. ശത്രുവിന്റെ ശത്രു മിത്രമാവുന്നത് അതുകൊണ്ടുതന്നെ അശ്ലീലവുമല്ല.


തീവ്രവാദത്തിന്റെ ഇരകള്‍
തീവ്രവാദികള്‍ ഇത്രയും തീവ്രമായി വാദിക്കുന്നതെന്താണെന്ന ചോദ്യം ഇന്ന് പ്രത്യക്ഷത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നത് ഏതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ ദുര്‍വായനയുടെ ചുട്ടുപോള്ളുന്ന പരിസരങ്ങളിലാണ്. ഈ ദുര്‍വായന ഒരിക്കലും ആകസ്മികമല്ല. അങ്ങിനെയാണെന്നു വരുത്തിയാലെ നിങ്ങള്‍ക്ക് ചുറ്റും എന്തും ചെയ്യാനായി കുറെ അനുയായികള്‍ ഉണ്ടാവുകയുള്ളു. ഈ പ്രപഞ്ചത്തെത്തന്നെ സംരക്ഷിക്കുന്ന ദൈവത്തിന്റെ മതം, സംരക്ഷിക്കപ്പെടെണ്‍ടതാണെന്നും അതിനു ബ്ലാക്ക് ക്യാറ്റുകള്‍ വേണമെന്നും നിങ്ങള്‍ സ്വയം തീരുമാനിക്കുന്ന പരിഹാസ്യമായ വൈപരീത്യം. ലോകത്തെവിടേയും കൊല്ലുന്ന മതങ്ങളില്ല. കൊള്ളുന്ന മതങ്ങളാണെല്ലാം. നന്മ തിന്മകളില്‍ പാപപുണ്യങ്ങളില്‍ നന്മയേയും പുണ്യത്തേയും മാത്രം ഉള്‍‍ക്കൊള്ളുന്ന മതങ്ങള്‍. പാപികള്‍ക്ക് പ്രായശ്ചിത്തത്തിനായ് പോലും അതൊരിടം നല്‍കുന്നു. അപ്പോള്‍ മതങ്ങളുടെ ദുര്‍ വായനയാണ് വാദങ്ങള്‍ ജീവനെടുക്കുന്ന അളവോളം തീവ്രമാക്കുന്നത്. ഇത് വായിക്കപ്പെടുന്ന മതങ്ങളുടെ കുറ്റം കൊണ്ടല്ല. മറിച്ച് മനുഷ്യന്റെ തന്നെ ചോദനകള്‍ ഹിംസാത്മകമായി വഴിതെറ്റുന്നത് കൊണ്ടാണ്. ദേശീയതയും മത ബോധവും അതിന്റെതായ സ്വരസ്ഥാനങ്ങളില്‍ ഉച്ഛരിക്കപ്പെടാതെ പോവുന്നു. നമ്മുടെ ഭാരതീയ പശ്ചാത്തലത്തില്‍ നാമിന്നഭിമുഖീകരിക്കുന്ന ഏറ്റവും ദുരന്തപൂര്‍ണ്ണമായ ഒന്ന് ദേശീയതയുടെ സ്വകാര്യവല്‍ക്കരണമാണ്. ദേശസ്നേഹം മൊത്തമായി ഏതെങ്കിലുമൊരു വിഭാഗം അല്ലെങ്കില്‍ അതിന്റെ രാഷ്ട്രീയപ്പാര്‍ട്ടി തങ്ങളുടേത് മാത്രമായി സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ദേശീയതയില്ലാത്ത ഒരു പുറമ്പോക്കുണ്ടാവുകയും അവിടെ ദേശസ്നേഹമില്ലാത്തവരെന്നു ചാപ്പകുത്തിയ ഒരു ജനപ്പാര്‍പ്പുണ്‍ടാവുകയും ചെയ്യുന്നു. അന്യരാജ്യം ക്രിക്കറ്റ് ജയിക്കുമ്പോള്‍ നിങ്ങള്‍ക്കതില്‍ ചിലരെകൊണ്ട് എളുപ്പം പടക്കത്തിനു തിരികൊളുത്തിക്കാനാവുന്നു. മതത്തിന്റേയും ദേശിയതയുടേയും ഇടയിലെ ഇല്ലാത്തൊരു നേര്‍രേഖയുണ്ടാക്കുന്ന ഈ മതിഭ്രമം അവരെ വീണ്‍ടും ആ പുറമ്പോക്കില്‍ തന്നെ തളച്ചിടുന്നു. ഇങ്ങിനെ ദേശസ്നേഹത്തിനൊരു ലിറ്റ്മസ് ടെസ്റ്റുവേണമെന്ന നില തീവ്രവാദത്തിലേക്ക് എളുപ്പത്തില്‍ എത്താവുന്ന അനേകം കൈവഴികളിലൊന്നായിമാറുന്നു. അതുകൊണ്ട് ദേശീയതയുടെ കളം വലുതായി ഉദാരതയോടെ വരക്കുകയാണു ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന്. ബുദ്ധി തെളിയാന്‍ അവരെ സ്കൂളിലയക്കുമ്പോള്‍ അവരുടെ വഴിയില്‍ കുപ്പിച്ചില്ലായി നില്‍ക്കയുമരുത് എന്നത് മറ്റൊരു മാര്‍ഗ്ഗം.

ആഗോള മാന്ദ്യം
വലിയ പ്രളയത്തില്‍ പാവപ്പെട്ടവനുമാത്രം രക്ഷക്കായി ഒരു നോഹയുടെ പേടകവും ഉണ്ടാവാന്‍ പോവുന്നില്ല.മുതലാളിമാരെല്ലാം ഒലിച്ചു പോവുകയും ഭൂമിയില്‍ തൊഴിലാളികളും പാവപ്പെട്ടവരും‍ മാത്രം ഒരു പോറലുമേല്‍ക്കാതെ ബാക്കിയാവുകയുമില്ല. ആഗോള ഉദാരവല്‍ക്കരണത്തിന്റെ കാറ്റു ചെന്നെത്തിയ ഇടമെല്ലാം തൂത്തുവാരപ്പെടും. ഇതൊരനിവാര്യമായ ശിക്ഷയാണ്. ആ ശിക്ഷയുടെ ഏഴയലത്തെങ്കിലും നിന്നു അതേറ്റു വാങ്ങാതെ പാവപ്പെട്ടവനു രക്ഷപ്പെടാനാവില്ല. അതുകൊണ്ട് നാളെ മുതല്‍ കറിക്കമ്പനികളെല്ലാം കറിക്കൂട്ടുകള്‍ക്ക് വിലകുറക്കുമെന്നും ഒരു കൂട്ടം കറികളുമായി തൊഴിലാളികള്‍ സുഭിക്ഷതയോടെ‍ ഊണുകഴിച്ചാമോദിക്കുമെന്നും ഞാന്‍ കരുതുന്നില്ല.

പട്ടാളഭരണം
അറ്റമില്ലാത്ത ആകുലതയും നൈരാശ്യവും പൂര്‍‍ണ്ണമായി കീഴടക്കുമ്പോഴാണ് നാം ചെകുത്താനിലും നന്മ തിരയാന്‍ തുടങ്ങുന്നത്. ഇതിന്റെ ശരിയായ അര്‍ത്ഥം നമ്മുടെ സാമൂഹ്യമായ പ്രത്യാശ കൊട്ടിക്കുടഞ്ഞു പുതുക്കാനാവാത്ത വിധം ചിതല്‍ തിന്നു പോകുന്നൂയെന്നുള്ളതാണ്. ജനാധിപത്യത്തിനു വന്നുപെട്ട ദീനം‍ നമ്മെ ചിലപ്പോഴെങ്കിലും മനോദീനങ്ങള്‍‍ക്കടിമയാക്കാറുണ്ട്. തലചൊറിയാന്‍ തീക്കൊള്ളിതന്നെ വേണമെന്ന് നാം തീരുമാനിക്കുന്നതപ്പോഴാണ്. ചികിത്സയും ശുശ്രൂഷയും വേണ്ടത് ജനാധിപത്യ വ്യവസ്ഥ്ക്കാണെങ്കില്‍ തുടങ്ങേണ്ടത് സ്വന്തം തലയില്‍നിന്നു തന്നെയാണെന്നതാണു സത്യം. 'യഥ പ്രജാ തഥ രാജ' . നീ അര്‍ഹിക്കുന്ന ഭരണകൂടം നിനക്കു വന്നു ചേരുന്നു.


ഹേമന്ദ് കര്‍ക്കരെ
ധീരതയേയും ചങ്കൂറ്റത്തേയും നമ്മുടെ സാമാന്യ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം അമാനുഷികമായ ഒരു തലത്തില്‍ എങ്ങിനെ പ്രതിഷ്ഠിക്കാമെന്ന് തന്റെ ജീവിതം കൊണ്ട് കാണിച്ചു തന്ന വീരനായകനായിരുന്നു കര്‍ക്കരെ.ജീവനെടുക്കുന്ന തോക്കിന്മുനയേയും ജീവന്‍ തരുന്ന പ്രലോഭനങ്ങളേയും ഒരുപോലെ നേരിട്ട് സത്യധര്‍മ്മങ്ങളുടെ കാവലാളായ ഒരാള്‍. നിങ്ങള്‍ക്കിടയില്‍ പൊട്ടുന്ന ബോംബ്ബുകളെല്ലാം ഉല്പ്പാദിപ്പിക്കുന്നത് ഒരേ ഫാക്ടറിയില്‍‍ നിന്നാണെന്ന 'ഗുരുത്വാകര്‍ഷണ സിദ്ധാന്തം' ഈയ്യിടെയാണയാള്‍ തിരുത്തിയത്. ഇങ്ങിനെ തിരുത്തപ്പെടലുകള്‍ക്ക് വിധേയമാകേണ്ടതാണ് എല്ലാ സാമാന്യ അറിവുകളും എന്ന് സൂര്യതേജസ്സാര്‍ന്ന മുഖമുള്ള ഈ മനുഷ്യന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അത് സാകഷ്യപ്പെടുത്തുകയും ചെയ്യുന്നു. ആ ജീവിതം പകുത്തയാള്‍ അതിന്റെ പൂരകമായില്ലെങ്കിലല്ലേ നാം അല്‍ഭുതപ്പെടേണ്ടതുള്ളു. ആ ശ്രേഷ്ഠതയെ നമിക്കാതെ വയ്യ.

അഗസ്റ്റിന്‍ മരണം
എല്ലാ മരണങ്ങളും എല്ലായ്പ്പോഴും ദുഖമുണര്‍‍ത്തുന്നില്ല. അങ്ങിനെയുണ്‍ടാവുമ്പോള്‍ അതൊരു രോഗാതുരമായ അവസ്തയാണ്. വിധേയന്‍ എന്നും എവിടേയും എപ്പോഴും പട്ടേലര്‍ വിധിക്കുന്ന ദുര്‍മരണങ്ങളുടെ ഇരയാവുന്നതാണ് ചരിത്രം. അതിജീവിക്കാന്‍ കൊതിക്കുന്ന വിധേയന്‍ പട്ടേലരുടെ ആയുസ്സെടുക്കുന്നത് സിനിമയില്‍ മാത്രമാണ്. സിനിമയുടെ രീതിശാസ്ത്രം അങ്ങിനെയായതും നമ്മുടെയെല്ലാം ഉള്ളിലെ വിധേയനെ നാം തന്നെ വകവരുത്താനാന്‍ ആഗ്രഹിക്കുന്നത് കൊണ്‍ടാണ്. ഇവിടെ ഷാജി കൈലാസിന്റെ രാഷ്ട്രീയ കുറ്റാന്വേഷണ സിനിമകളുടെ നേര്‍കാഴ്ചയില്‍ അതിഭാവുകത്വമൊട്ടുമില്ലാതെ വിധേയന്‍ വെറുമൊരു ഇരയായി ആയുസ്സൊടുങ്ങിയിരിക്കുന്നു. വകവരുത്തിയ പട്ടേലര്‍ ആ മനുഷ്യന്റെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നതോ അതോ പുറത്തുള്ളതോ എന്നതിനപ്പുറം ദൈവനീതിക്ക് ഒരിക്കലും ദാക്ഷിണ്യമുണ്ടായിട്ടില്ല എന്നതാണ് ഇതിലെ തിരുപാoം.

മറവിയും ഓര്‍മ്മയും
അനേകം മറവികളുടെ ദയയില്‍ തെളിമയുള്ളൊരോര്‍മ്മ ജനിക്കുന്നു.ഒരോര്‍മ്മയുടെ അസ്തിത്വം അനേകം മറവികളുടെ, ഒരു നിമഷാര്‍ദ്ധമെങ്കിലും, മരണവും.മറവിയുടെ പുസ്തകം എഴുതാനെ നമുക്ക് കഴിയൂ അത് വായിക്കാനാവുക മറ്റുള്ളവര്‍ക്ക് മാത്രം.


ടെലിവിഷന്‍ ഉപേക്ഷിക്കുമ്പോള്‍
സ്വയം നിയന്ത്രണം അസാധ്യമായവര്‍ക്ക് ഇത്തരം പരീക്ഷണങ്ങള്‍ ജീവിതം തിരികെ കൊണ്ടുവന്നു തരും. വകതിരിവോടെയോ കരുതലോടെയോ ഉള്ള ഉപഭോഗം നമ്മള്‍ക്കറിയാതാവുമ്പോഴാണ് ടിവിയും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം യജമാനനെ തിരിച്ചു കടിക്കുന്ന പട്ടിയായി രൂപാന്തരപ്പെടുന്നത്. അതുകൊണ്ട് അവയെയെല്ലാം ജീവിതത്തില്‍ നിന്നും തിരിച്ചെടുത്തുകൊള്ളാന്‍ ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുമ്പോള്‍ മറന്നു പോവുന്നത് അവ തിരിച്ചെടുക്കപ്പെടുന്നതോടെ ലോകമടഞ്ഞ ഒരു കിണറ്റിലാണ് നമ്മള്‍ അകപ്പെട്ടുപോവുന്നതെന്നാണ്. അരാഷ്ടീയം ഒരു രോഗമായി നമ്മെ ഗ്രസിക്കുകയും ഓരൊരുത്തരും സ്വയം തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ചുരുങ്ങുകയും ചെയ്യും. യഥാരീതിയിലുള്ള ഉപഭോഗം കണ്‍ വെളിച്ചത്തിനുമപ്പുറം ലോകത്തെ നമ്മില്‍ പ്രവേശിപ്പിക്കുകയും അവയോട് നിരന്തരം സംവദിക്കാനുമുതകുന്നു. എഴുനേറ്റു നടക്കുന്ന വെറും ജഢങ്ങളായിപ്പോവാതിരിക്കാന്‍ ഈ ആധുനികതയെ ഉപയോദിക്കുന്നതില്‍ വകതിരിവും കരുതലും നാം പരിശീലനത്തിലൂടെ സ്വായത്തമക്കേണ്ടിയിരിക്കുന്നു. അല്ലാതെ തൂങ്ങിച്ചാവാതിരിക്കാന്‍ വെള്ളംകോരിയുടെ കയറഴിച്ചൊളിപ്പിച്ചു വെച്ചിട്ട് കാര്യമൊന്നുമില്ല.

Wednesday, January 28, 2009

ഒരു സ്വപ്നക്കുരുക്ക്

(ചെറുകഥ) സൂനഗിരിയാണ് സാവിത്രിയുടെ പെറ്റനാട്. സാവിത്രിമാരുടെ നാടാണ് സുനഗിരിയെന്നുകൂടി ഇവിടെ പറഞ്ഞുവെക്കേണ്ടതായിട്ടുണ്ട്. എങ്ങിനെയാണ് സൂനഗിരി സാവിത്രിമാരുടെ മാത്രം നാടായതെന്ന് എനിക്കറിയില്ല. പെണ്ണായി പിറക്കുന്നവരെയെല്ലാം ആ ഗ്രാമീണര്‍ പേരിട്ട് വിളിക്കുന്നത് സാവിത്രിയെന്നാണ്. തിരിച്ചറിയപ്പെടലുകള്‍ക്കായി ഗണിതാക്ഷരങ്ങളെ അവര്‍ മുറയ്ക്ക് ആശ്രയിച്ചു. സാവിത്രി ഒന്ന്... സാവിത്രി രണ്ട്.... എന്നിങ്ങനെ അക്കങ്ങളുടെ അനന്തതയായി നീളുന്ന സാവിത്രിമാര്‍. തലമുറയായി പകര്‍ന്നു കിട്ടിയ എന്റെയൊരു അറിവാണത്. കഥകള്‍ പറഞ്ഞുതരാന്‍ എനിക്ക് മുത്തശ്ശിമാരില്ലാത്തതിനാല്‍ മുത്തച്ഛന്മാരിലൂടെയായിരുന്നു എന്നിലെ ഇത്തരം അറിവുകളുടെ ജനനം. അറിഞ്ഞത് സാവിത്രിമാരെ കുറിച്ചായതുകൊണ്ടും പറഞ്ഞുതന്നത് മുത്തച്ഛന്മാരായതുകൊണ്ടും ഞാനാകഥകളെ അപ്പടി വിശ്വസിച്ചു പോന്നിരുന്നു. മുതിര്‍ന്നവരുടെ സംസാരങ്ങളില്‍ സൂനഗിരി എല്ലായ്പോഴും ഒരു വിഷയമാണ്. അനുസരണക്കേട് കാട്ടുന്ന വല്യേച്ചിയെ ശകാരിക്കുമ്പോള്‍,ബാലേട്ടന്റെ വിവാഹക്കാര്യം ചര്‍ച്ചയാവുമ്പോള്‍ എന്നു തുടങ്ങി ഒട്ടെല്ലാ സ്ത്രീസംബന്ധിയായ കാര്യങ്ങളിലും മുത്തച്ഛനിലൂടെ, അച്ഛനിലൂടെ സൂനഗിരി സാവിത്രിമാര്‍ എനിക്കുമുന്നിലെത്തിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അമ്മയോ മറ്റുമുതിര്‍ന്ന സ്ത്രീകളോ അവരെ ഉദാഹരിക്കുന്നത് കേള്‍ക്കുകയുണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ഇന്നുമെനിക്കറിയില്ല. മനഃപൂര്‍വമാകാമെന്നാണ് മുതിര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചുപോന്നത്. സൂനഗിരി സാവിത്രിമാരുടെ സൗമ്യത, സൗശീല്യം,സൗകുമാര്യം എന്നിങ്ങനെ നാനാവിധത്തിലുള്ള മാഹാത്മ്യങ്ങള്‍ കേട്ടുവളര്‍ന്ന എനിക്കീ ഇരുപത്തെട്ടാം വയസ്സിലാണ് ഒടുക്കം ഒരു സൂനഗിരി സാവിത്രിയുണ്ടാവുന്നത്. ജീവിതത്തിലെ ഏറ്റവും സൂക്ഷ്മത വേണ്ട മുഹൂര്‍ത്തത്തില്‍ സന്ദിഗ്ദ്ധതയുടെ അലോസരപ്പെടുത്തലൊന്നുമില്ലാതെയാണ് ഞാന്‍ സാവിത്രിയെ ആദ്യമായി കണ്ടത്. അനേകം ഞൊറികളുള്ള ഇളം നീല വസ്ത്രങ്ങളണിഞ്ഞ് എന്നിലൊരുള്‍തുടിപ്പുപോലെ നടന്നെത്തിയ സാവിത്രി കൃത്യം മുപ്പതാം നാള്‍ എന്റെയൊരു ഭാഗമായി മാറുകയായി. നിറപറയും നിലവിളക്കും കടന്ന്..തോരണങ്ങളുടെ മര്‍മരങ്ങളിലൂടെ അഗ്നികുണ്ടം വലംവെച്ച് സാവിത്രിയുടെ ഹൃദയവിശുദ്ധി കൈവിരല്‍ത്തുമ്പുകളിലേറ്റുവാങ്ങി... ഒടുക്കം.. സുഗന്ധങ്ങള്‍ പുളയ്ക്കുന്ന നാലുചുറ്റുചുമരുകള്‍ക്കുള്ളില്‍ ഞാനും സാവിത്രിയും തനിച്ചായി. ഞങ്ങളുടെ ആദ്യരാവ്!.. സാവിത്രിയെ കേള്‍ക്കാന്‍ ഞാന്‍ ആയിരം കാതുകള്‍ തുറന്നുവെക്കുകയും അവളെന്നില്‍ നിന്നൊരായിരം നാവുകള്‍ പ്രതീക്ഷിക്കുകയും ചെയ്തു. ഒരൊറ്റ രാത്രികൊണ്ട് ഒരു ജന്മം മുഴുവന്‍ ഞങ്ങള്‍ അനുഭവിച്ചു തീര്‍ന്നു. പിന്നേയും ജീവിച്ചുതീര്‍ക്കാന്‍ കുറേ ജന്മങ്ങളുടെ പ്രാര്‍ത്ഥനയുമായി ഞങ്ങള്‍ മൂടിപ്പുതച്ചുകിടന്നു. സാവിത്രിയുടെ സ്നേഹതാപം പകര്‍ന്നുകിടക്കെ ഞാനെന്റെ പിതാമഹന്മാരെ മനസ്സാ സ്തുതിച്ചു. സൗഭാഗ്യഹേതുക്കളായ മുതുമുത്തച്ഛന്മാരില്ലായിരുന്നെങ്കില്‍ ഈ സാവിത്രി എനിക്കരികിലിങ്ങനെ വന്നുകിടക്കുമായിരുന്നില്ല. കിടന്ന കിടപ്പില്‍ മോഹങ്ങളാല്‍ മനോഹരങ്ങളായ കുറേ വലകള്‍ ഞാന്‍ നെയ്തുകൂട്ടി. മോഹം സാവിത്രിയിലൂടെ വെള്ളിനൂലുകളുമായി തലങ്ങും വിലങ്ങും ഓടിനടന്നുകൊണ്ടിരുന്നു ഉറക്കമുണ്ടാവുന്നതു വരെ. മ്മയുടെ അനുഗ്രഹം വാങ്ങി അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് സാവിത്രി പടിയിറങ്ങിവന്നു. ഞങ്ങള്‍ സൂനഗിരിയും എന്റെ പേരില്ലാഗ്രാമവും പിന്നിട്ട് പെരും പേരുള്ള എന്റെ പട്ടണത്തിലെത്തി. എന്റെ ജോലിസ്ഥലം ഇവിടെയാണ്. ഇവിടെയാണ് ഞാനുല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫാക്ടറി. ഇവിടെയാണ് എനിക്കും സാവിത്രിക്കും മാത്രമായി താമസിക്കാന്‍ ഒരു വീട്. സാവിത്രിയില്‍ അത്ഭുതവും കൗതുകവുമുണ്ടാക്കാനുള്ള നഗരസവിശേഷതകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചുവെച്ചിട്ടുണ്ട്. അവള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. കാരണം അവള്‍ നിഷ്കളങ്കയായ ഒരു ഗ്രാ​മപുത്രിയാണ്. വിടര്‍ന്ന കണ്ണുകളുമായി സാവിത്രി കോണ്‍ക്രീറ്റ് മിനുസത്തിലൂടെ എനിക്കൊപ്പം എന്റെ പാര്‍പ്പിടത്തിലേക്ക് നടന്നുകയറി.ഞാനെന്റെ പാര്‍പ്പിടഭാഗങ്ങളെ അവള്‍ക്ക് വിസ്തരിച്ചുകൊടുത്തു. തൊട്ടടുത്ത വീട്ടിലെ ടെറസില്‍ കണ്ട വലിയ സാറ്റലൈറ്റ് കുട അവള്‍ക്കൊരു കൗതുകവസ്തുവായി. അപ്പുറത്തെ അര്‍പ്പിതയുടെ വേഷം കണ്ട് അവള്‍ അത്ഭുതപ്പെട്ടു. അല്ലെങ്കില്‍ അണിഞ്ഞിരുന്ന ഗ്രാമ്യവേഷം അവള്‍ സ്വയമൊന്ന് പരിശോധിക്കുമായിരുന്നില്ല. ഗേറ്റിനുപുറത്ത്, വീടിനുചുറ്റും അവള്‍ കണ്ണുകള്‍ തുറന്നു. തീരാത്ത അത്ഭുതങ്ങളുടെ നാട്ടില്‍ വന്നെത്തിയതല്ലേയുള്ളു എല്ലാം ഒറ്റനില്‍പില്‍ കണ്ടു തീര്‍ക്കേണ്ടെന്നു കരുതി ഞാനവളെ അകത്തേക്ക് വിളിച്ചു. എനിക്ക് വിശക്കുന്നൂവെന്നും വിശപ്പാണ് പ്രധാനമെന്നും ഞാനവളോട് പറഞ്ഞു. ചുണ്ടുകളില്‍ മൂളിപ്പാട്ടുമായി അഞ്ചുമിനുട്ട് കൊണ്ട് എനിക്കവള്‍ പൊടിയരിക്കഞ്ഞിയുണ്ടാക്കിത്തന്നു. എന്റെ വിശപ്പില്‍ പൊടിയരിക്കഞ്ഞി നിറഞ്ഞപ്പോള്‍ എനിക്കുറങ്ങണമെന്നാണ് തോന്നിയത്. ഞാന്‍ ക്ഷീണത്തോടെ സാവിത്രി കാണാതെ... സാവിത്രിയറിയാതെ.. കട്ടിലില്‍ കണ്ണുകളടച്ചു. നേരെമേറെചെന്ന്.... ബോധം കൈവിരലുകളുടെ തണുത്ത മൃദുലത തിരിച്ചറിഞ്ഞപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. മുന്നില്‍ സാവിത്രി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ഉറക്കത്തില്‍ ഞാന്‍ വല്ലാത്ത ഒരസ്വാസ്ഥ്യം അനുഭവിച്ചിരുന്നതായി ഓര്‍മിച്ചു. അവളങ്ങിനെ നില്‍ക്കെ തന്നെ നിദ്രയില്‍ കണ്ട ഒരനിഷ്ടമായ സ്വപ്നത്തിന്റെ അത്യന്തം നേര്‍ത്ത ഇഴകളെ ഞാന്‍ വെറുതെയൊന്നു കൂട്ടിയിണക്കാന്‍ ശ്രമം നടത്തി. ഭീതിദവും അനിഷ്ടങ്ങളുമായ സ്വപ്നങ്ങളെ അബോധത്തിലെ ആ നിമിഷത്തില്‍ തന്നെ ഉപേക്ഷിക്കുകയാണ് എല്ലായ്പോഴും ഞാന്‍ ചെയ്യാറുള്ളത്. പക്ഷെ സ്വപ്നത്തില്‍ എന്നെ അലോസരപ്പെടുത്തിയ മുഖവും സാവിത്രിയുടെ മുഖവും ഒന്നായിരുന്നല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് മറഞ്ഞ സ്വപ്നദൃശ്യതക്ക് പിറകെ ഓര്‍മയെ പറഞ്ഞുവിട്ടത്. മിന്നിമറയുന്ന ചിത്രങ്ങള്‍ക്ക് നിയതമായ ഒരടുക്കും ചിട്ടയുമില്ലാതിരുന്നതിനാല്‍ സാവിത്രിക്കത് പറഞ്ഞുകൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എങ്കിലുമതൊരു നല്ല സ്വപ്നമായിരുന്നില്ലെന്ന് തീര്‍ച്ച. എന്റെ ഭാവപ്പകര്‍ച്ച കണ്ട അവളുടെ ഉദ്വേഗത്തിനുമുന്നില്‍ ഞാന്‍ ചെറുതായൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു. സ്വപ്നങ്ങള്‍ പലപ്പോഴുമിങ്ങിനെയാണ്. ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവ ദൂരെയെങ്ങോ വിസ്മൃതിയുടെ അനന്തതയില്‍ തെന്നിത്തെന്നിപ്പോവും ഒട്ടും പിടിനല്‍കാതെ. ഏതായാലും ഈ സ്വപ്നം ബോധമണ്ടലത്തില്‍ അസ്വാസ്ഥ്യത്തിന്റെ ബീജം സ്രവിപ്പിച്ചാണ് കടന്നു പോയതെന്ന് ഞാന്‍ മനസ്സില്‍ കുറച്ചിട്ടു. സാവിത്രി ഒരുക്കിത്തന്ന തണുത്ത വെള്ളത്തില്‍ ഞാന്‍ കുളികഴിച്ചു. അപ്പോഴേക്കും സന്ധ്യയായിരുന്നു. ഒരു നല്ല സായാഹ്നം നഷ്ടപ്പെടുത്തിയതില്‍ നിരാശതോന്നി. ഉറങ്ങേണ്ടിയിരുന്നില്ല. ഒരു വല്ലായ്മയുടെ സമ്പാദ്യമാണ് ഉറക്കാത്താലുണ്ടായത്. സാ​‍വിത്രിയേയും കൂട്ടി ഈ നഗരത്തില്‍ ചുറ്റിനടക്കണമെന്ന് കരുതിയിരുന്നതാണ്. അവളിലെ കൗതുകത്തെ തടംകെട്ടിനിര്‍ത്തുമ്പോള്‍ ഈയൊരു സായാഹ്നമായിരുന്നു മനസ്സില്‍. ഞാന്‍ സാവിത്രിയെ വിളിച്ച് അടുത്തിരുത്തി. നഷ്ടപ്പെട്ട സായാഹ്നത്തെ മറക്കാന്‍, അബോധത്തിലുറഞ്ഞ ഒരു വല്ലായ്മയൊതുക്കാന്‍ അവള്‍ക്ക് തനിക്കുള്ളതും കേട്ടറിഞ്ഞതുമായ നഗരകഥകള്‍ പറഞ്ഞുകൊടുത്തു. ഒരഞ്ചുവയസ്സുകാരിയെപോലെ അവളെല്ലാം കേട്ടിരുന്നു. കഥകേട്ടുകേട്ടുറങ്ങിപ്പോയ സാവിത്രിക്കരികിലിരുന്ന് പകുതി പറഞ്ഞുനിര്‍ത്തിയ കഥയുമായി പതിയെ ഞാനും കണ്ണുകളടച്ചു. അടഞ്ഞ ഇമകള്‍ തുറന്ന് ബോധത്തിലെത്തി ശാന്തത വീണ്ടെടുക്കണമെന്ന് ഉല്‍ക്കടമായി ആഗ്രഹിച്ചുപോകാവുന്ന ഒരു സ്വപ്നക്കുരുക്കിലകപ്പെടുകയായിരുന്നു ഞാന്‍. പഴയതിന്റെ തുടര്‍ച്ചയോ പുതിയതിന്റെ തുടക്കമോയെന്ന് വേര്‍തിരിച്ചറിയാനാവാത്ത സന്ദിഗ്ദ്ധതയില്‍ ഞാന്‍ നടുങ്ങി. കാലമെന്തെന്നോ സ്ഥലമേതെന്നോ എനിക്ക് നിശ്ചയമില്ല. അതൊരാശുപത്രികെട്ടിടത്തിന്റെ ഇടനാഴിയോ ഒരു ദേവാലയത്തിന്റെ ഇടുങ്ങിയ അള്‍ത്താരയോ ആവാം. അതൊരു കോടതി വരാന്തയാണോയെന്നുപോലും എനിക്ക് സംശയമുണ്ട്. സാവിത്രി തേങ്ങലുമായി നില്‍ക്കുന്നു. തൊട്ടരികെ മൂങ്ങയുടെ മുഖസാദൃശ്യമുള്ള ഒരാള്‍. അയാള്‍ അവളെ തലോടുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുകയാണ്. സാവിത്രി വല്ലാതെ കരഞ്ഞുതുടങ്ങുകയാണ്. അവള്‍ കരയുന്നത് ഞാനാദ്യമായി കണ്ടു. അരൂപിയായി എല്ലാം കണ്ടു നില്‍ക്കുന്ന എന്റെ നെഞ്ചിടിപ്പേറിവന്നു. എന്തൊക്കെയോ പറയാനാഞ്ഞ എനിക്ക് നാവില്ലെന്നു മനസ്സിലായി. അവള്‍ അയാളുടെ കൈചേര്‍ത്തുപിടിക്കുകയും പതുക്കെ സംസാരിക്കുകയും ചെയ്തു. ശേഷം അവര്‍ നടന്നുതുടങ്ങി. കെട്ടിടത്തിനു പുറത്ത് ഇവരെ പ്രതീക്ഷിച്ചെന്നപോലെ ഒരു കുതിരവണ്ടി കാത്തുകിടന്നിരുന്നു. അവര്‍ അതില്‍ കയറുകയും എങ്ങോ യാത്രയാകുകയും ചെയ്തു. അകന്നകന്ന് പോകുന്ന സാവിത്രിയെ സര്‍വ ശക്തിയുമെടുത്ത് ഞാന്‍ വിളിച്ചുനോക്കി. പക്ഷേ ഒരു വീര്‍പ്പിന്റെ ശബ്ദം പോലും എന്നില്‍ നിന്നുയര്‍ന്നില്ല.എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.വളരെ ആയാസപ്പെട്ട് ഞാന്‍ ശ്വസിക്കാന്‍ ശ്രമിച്ചു. ഞെട്ടിയുണര്‍ന്ന ഞാന്‍ ഇരുട്ടില്‍ കണ്ണുതുറന്നു കുറേനേരം കിടന്നു. പിറ്റേന്നാണ് എനിക്കതനുഭവപ്പെട്ടത്. പ്രഭാതത്തില്‍ കാപ്പിയുമായി വന്നുവിളിച്ച സാവിത്രിക്ക് മുഖമില്ല. ഞാന്‍ കണ്ണുകള്‍ തിരുമ്മി വീണ്‍ടും വീണ്ടും നോക്കി. ഇല്ല.... സാവിത്രിയുടെ മുഖം മാത്രം എനിക്ക് കാണാനാവുന്നില്ല. തൊട്ടുമുന്നില്‍ കാപ്പി നീട്ടിപ്പിടിച്ച കറുത്ത കുപ്പിവളകളണിഞ്ഞ സാവിത്രിയുടെ വലതുകൈയ്യെനിക്ക് കാണാം. സാരിത്തുമ്പില്‍ ചേര്‍ത്തുപിടിച്ച നനഞ്ഞ ഇടതുകൈയ്യും ഞാന്‍ കാണുന്നുണ്ട്. അതെ... മുഖമൊഴിച്ച് മറ്റെല്ലാം എനിക്ക് നന്നായി കാണാം. അവളുടെ ശബ്ദംപോലും ഞാന്‍ കേള്‍ക്കുന്നുണ്ട്. പരിഭ്രാന്തിയാല്‍ ചാടിയെണീറ്റ ഞാന്‍ അവളുടെ കഴുത്തിനുമുകളില്‍ കൈയെത്തിച്ചു. ഞാനവളുടെ മുഖം തൊട്ടു.അവളുടെ ചുണ്ടില്‍, മൂക്കിന്‍ത്തുമ്പില്‍, നെറ്റിയില്‍, മുടിയിഴകളില്‍പോലും ഞാന്‍ കൈവിരലുകളോടിച്ചു. സാവിത്രിക്ക് മുഖമുണ്ട്. എന്റെ കണ്ണുകള്‍ക്ക് അവളുടെ മുഖം കാണാനാവുന്നില്ല. സാവിത്രി ഒന്നുമറിയാതെ എന്റെ കുസൃതിയെന്നു കരുതി ലാസ്യമായി കുതറുകയാണ് ചെയ്തത്. അവളോട് എന്റെയീ ഭാഗികമായ അന്ധത പറയാനൊരുങ്ങവെ, പെട്ടെന്ന് മനസ്സ് വിലക്കി. അല്ലെങ്കിലും എങ്ങിനെയാണ് "നിന്റെ മുഖമെനിക്ക് കാണാനാവുന്നില്ലെന്ന്" ഒന്നിച്ചു പൊറുക്കുന്ന ഭാര്യയോടു പറയുക?

Sunday, January 25, 2009

ആത്മഹത്യ

മരണം ഒരു തണുപ്പുപോലെയാണ് എന്നിലേക്കിഴഞ്ഞുവന്നത്.ഇലകള്‍ വകഞ്ഞുമാറ്റി ഒരീറന്‍ കാറ്റിലേറി ആയിരം കൈകളുമായി അവനെന്നില്‍ അരിച്ചിറങ്ങി. ഒരു രാത്രി മുഴുവന്‍ ഞാനവന്റെ പദവിന്യാസത്തിനായി കാതോര്‍ത്തു കിടക്കുകയായിരുന്നു. ക്ഷണിച്ചിട്ടും വരാതിരിക്കുമോ എന്ന ആധിയില്‍ എന്റെ മരണശേഷകിനാക്കളെല്ലാം വെറും കിനാവായിപ്പോകുമോ എന്ന ആകുലതയില്‍ ഞാനാകെ നീറിക്കിടന്നു. ഒരിടയ്ക്ക് ഞാന്‍ കഴിച്ച ഗുളികകള്‍ മാറിപ്പോയോ എന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. നിത്യനിദ്രയുടെ ഗുളികകള്‍ തന്നെയാണവയെന്ന് ഞാന്‍ പിന്നെ പലവുരു തിട്ടപ്പെടുത്തുകയായിരുന്നു. എന്റെ മരണത്തെ കുറിച്ച് എനിക്ക് എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളാണുണ്ടായിരുന്നത്. എനിക്ക് മുമ്പേ ആത്മഹത്യ ചെയത പെണ്‍കുട്ടികളെപോലെ എന്റെ ആത്മഹത്യയും ഒരു കണ്ണീര്‍കഥയാവണം, കദനത്തിലാഴ്ത്തുന്ന സചിത്രലേഖനമാവണം, നടുക്കമുണര്‍ത്തുന്ന ഒരു കടങ്കവിതയോ ചരമഗീതമോ ആവണം. വാരികകളിലും ചാനലിലുമെല്ലാം മിസ് ക്ലാരാജോസഫിന്റെ ആത്മഹത്യ കുറേ ദിവസം നിറഞ്ഞുനില്‍ക്കണം. ഇങ്ങിനെ പോകുന്നവയാണ് എന്റെ സ്വപ്നങ്ങളേറെയും. ഒടുക്കം രാത്രിയുടെ ഏതോ യാമത്തില്‍ ഈ വക സ്വപ്നങ്ങളുടെ ഏതോ ഒരിടയ്ക്കാണ് പൊടുന്നനെ എന്റെ ഹൃദയസ്പന്ദനം നിലച്ചത്. പിറ്റേന്ന് കാപ്പിയുമായി വന്നുവിളിച്ച ആയമ്മ എന്റെ കിടപ്പുകണ്ട് ഒരല്‍പം പകച്ചുനില്‍ക്കുകയും പിന്നെ കാപ്പിപ്പാത്രം താഴെയിട്ട് നിലവിളിയേടെ മുറിവിട്ടോടുകയും ചെയ്തു.എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. എന്റെ മരണം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞുതുടങ്ങാന്‍ പോകുന്നു.വിചാരിച്ചതുപോലെതന്നെ എന്റെ മുറിയിലേക്ക് പപ്പയും മമ്മയും വളരെ പെട്ടെന്നുതന്നെ ഓടിയെത്തി. എന്റെ മോളേയെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ നിലവിളിച്ചുകൊണ്ട് എന്നരികിലേക്ക് വീണു.അപ്പോഴേക്കും ആരൊക്കെയോ ഓടിക്കിതച്ചെത്തിയിരുന്നു.അവര്‍ താങ്ങിയെടുക്കുമ്പോള്‍ പപ്പയും മമ്മയും എന്നരികിലേക്ക് വീണ്ടും വീണ്ടും കുതറുകയും പിന്നെ ബോധമറ്റ് വീഴുകയും ചെയ്തു. ഒരു ഗൂഢസ്മിതം അപ്പോഴെന്നില്‍ എങ്ങിനെയോ വിരിഞ്ഞു.ഒട്ടും വൈകാതെ വീടും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞുവന്നു. ഒരൊറ്റ നോക്കില്‍ തന്നെ എല്ലാവരും കണ്ണുനിറക്കുന്നത് കണ്ട് എന്റെ മനസ്സ് കുളിര്‍ന്നു. എന്നെ സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പപ്പയും മമ്മയും മുംബൈയില്‍നിന്നു വരാനിരിക്കുന്ന ഡേവിഡിച്ചായനും ഇനിയുമിനിയും കരഞ്ഞു കുതിരുമല്ലോയെന്നോര്‍ത്തപ്പോള്‍ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് എനിക്കു തോന്നി. നേരം കടന്നു പോകവെ എനിക്ക് വല്ലാതെ തണുത്തുവന്നു. നിലവിളികള്‍ കുഴഞ്ഞുവീണു വെറും തേങ്ങലായി മാറിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും എന്നെ ആശുപത്രിയിലേക്കെടുക്കാന്‍ ആരൊക്കെയോ തയാറെടുത്തു. വീട്ടുമുറ്റത്ത് ആംബുലന്‍സ് വന്നുനില്‍ക്കുന്ന ശബ്ദം കേട്ടു. കോളേജില്‍ നിന്നും സഹപാഠികളും അദ്ധ്യാപകരും കറുത്ത ബാഡ്ജുകളുമണിഞ്ഞ് പുഷ്പചക്രങ്ങളുമായി എപ്പോഴാണെത്തുകയെന്ന വേവലാതിയായിരുന്നു എനിക്കപ്പോള്‍. എന്റെ കൂട്ടുകാരികള്‍ എന്തുമാത്രം സങ്കടപ്പെടുമെന്ന് ഞാനോര്‍ത്തു. ക്ലാസില്‍ പലപ്പോഴും സ്നേഹപൂര്‍വം ഒളിക്കണ്ണിട്ടു നോക്കുന്ന മാത്യു സാറും എനിക്ക് പിന്നാലെ എന്നും ചുറ്റുന്ന പ്രകാശനും ഇനി വല്ലാതെ പൊട്ടിക്കരയുമെന്നോര്‍ക്കവേ ഞാന്‍ മരിച്ചതെത്ര നന്നായെന്ന് വീണ്ടും വീണ്ടും എനിക്ക് തോന്നുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം മുറിയിലെ മാര്‍ബിള്‍മേശമേല്‍ ഏറെ നേരം ഞാന്‍ കിടന്നു. മുറിക്കുപുറത്തെ പന്തലിച്ചു നില്‍ക്കുന്ന വെയിലില്‍നിന്നും ഇടയ്ക്കാരോ കയറിവന്നു. അയാള്‍ ആശുപത്രിയിലെ ശവം സൂക്ഷിപ്പുകാരനോ മറ്റോ ആവണം. ഖേദത്തിന്റെ പരിതാപത്തിന്റെ ഒരു നേരിയ പാട അയാളുടെ കണ്ണുകളിലും ഞാന്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ അയാളുടെ കണ്ണുകളില്‍ പ്രത്യേകിച്ചൊരു ഭാവവും കാണാനുണ്ടായിരുന്നില്ല. എന്നെ പൊതിഞ്ഞിരുന്ന വെളുത്ത തുണി അയാള്‍ വളരെ അലസമായെടുത്തുമാറ്റുകയും എന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി സാവധാനം ഊരിയെടുക്കുകയും ചെയ്തു. അപ്പോള്‍ പുറത്തേക്ക് തുളുമ്പിവന്ന അയാളുടെ കണ്ണുകള്‍ എന്റെ നഗ്നശരീരത്തിലെവിടെയോ വീഴുന്നുണ്ടായിരുന്നു. അയാളെന്നെ ഡോക്ടറുടെ ക്രിയകള്‍ക്കായി പൂര്‍ണ്ണമായൊരുക്കിവെച്ചു. പിന്നേയും വീഴുന്ന കണ്ണുകളുമായി ഏറെനേരമയാള്‍ എനിക്കരികില്‍ തന്നെ നിന്നു. പിന്നെ ചുണ്ടില്‍ അശ്ലീലച്ചുവയുള്ള ഒരു മൂളിപ്പാട്ടുയര്‍ന്നു. എന്റെ മരണത്തില്‍ എനിക്കെന്തെന്നില്ലാത്ത ലജ്ജ തോന്നിച്ചത് അപ്പോള്‍ മാത്രമാണ്. എന്റെ തുറന്നുവെച്ച ശരീരം ഇനിയും തുറക്കാനായി ആരൊക്കെയോ വരാനിരിക്കുന്നതേയുള്ളു. ഈ മുറിയില്‍ കടന്നുവരേണ്ട ജീര്‍ണ്ണിച്ച കണ്ണുകള്‍ക്ക് ശവം സൂക്ഷിപ്പുകാരനില്‍നിന്നും വ്യത്യസ്ഥമായി മറ്റൊരു നിറവുമില്ലെന്ന് എനിക്ക് മനസ്സിലായി. മരണം ഈ മുറിയില്‍ വെറുമൊരു മരണം മാത്രമായിത്തീരുന്നല്ലോയെന്നറിയവെ മരിച്ചത് വെറുതെയായെന്നും ഒരിക്കലും മരിക്കേണ്ടിയിരുന്നില്ലെന്നും എനിക്കാദ്യമായി തോന്നിത്തുടങ്ങി.